വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഇത്‌ നിങ്ങൾക്ക്‌ ഒരു ഓർമനാളായിരിക്കേണം’

‘ഇത്‌ നിങ്ങൾക്ക്‌ ഒരു ഓർമനാളായിരിക്കേണം’

“ഈ ദിവസം നിങ്ങൾക്കു ഓർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവെക്കു ഉത്സവമായി ആചരിക്കേണം.”—പുറ. 12:14.

1, 2. ഏത്‌ വാർഷികാഘോഷം ക്രിസ്‌ത്യാനികളുടെ സവിശേഷശ്രദ്ധ അർഹിക്കുന്നു, എന്തുകൊണ്ട്‌?

 വാർഷികം, ആനിവേഴ്‌സറി എന്നൊക്കെ കേൾക്കുമ്പോൾ എന്താണ്‌ നിങ്ങളുടെ മനസ്സിലേക്ക്‌ ഓടിയെത്തുന്നത്‌? വിവാഹിതർ ഒരുപക്ഷേ തങ്ങളുടെ വിവാഹവാർഷികത്തെക്കുറിച്ച്‌ ഓർത്തേക്കാം. മറ്റു ചിലരാകട്ടെ, ദേശത്തിന്റെ സ്വാതന്ത്ര്യദിനംപോലെ വ്യാപകമായി ആഘോഷിക്കുന്ന ഏതെങ്കിലും ചരിത്രസംഭവത്തിന്റെ വാർഷികത്തെക്കുറിച്ച്‌ ചിന്തിച്ചേക്കാം. എന്നാൽ 3,500-ലധികം വർഷങ്ങളായി ആചരിക്കപ്പെടുന്ന ഒരു ദേശീയവാർഷികോത്സവത്തെക്കുറിച്ച്‌ നിങ്ങൾക്ക്‌ അറിയാമോ?

2 പെസഹായാണ്‌ ആ വാർഷികോത്സവം. ഈജിപ്‌തിന്റെ അടിമത്തത്തിൽനിന്നുള്ള പുരാതന ഇസ്രായേലിന്റെ വിടുതലിന്‌ നാന്ദികുറിച്ചതായിരുന്നു ആദ്യപെസഹാ. ഇന്ന്‌ ആ സംഭവം നിങ്ങളുടെ സവിശേഷശ്രദ്ധ അർഹിക്കുന്നു. എന്തുകൊണ്ട്‌? ഇത്‌ നിങ്ങളുടെ ജീവിതത്തിലെ ചില സുപ്രധാനസംഗതികളുമായി ബന്ധപ്പെട്ടിരിക്കുന്നു. പക്ഷേ, ‘യഹൂദന്മാരല്ലേ പെസഹാ ആഘോഷിക്കുന്നത്‌, ഞാൻ ഒരു യഹൂദനല്ലല്ലോ. പിന്നെ ഞാൻ എന്തിനാണ്‌ ഈ വാർഷികാചരണത്തിൽ താത്‌പര്യമെടുക്കുന്നത്‌’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. അതിനുള്ള ഉത്തരമാണ്‌ അർഥഗർഭമായ ഈ പ്രസ്‌താവനയിലുള്ളത്‌: “നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്‌തു അറുക്കപ്പെട്ടിരിക്കുന്നു.” (1 കൊരി. 5:7) ഈ സത്യത്തിന്റെ അർഥവ്യാപ്‌തി മനസ്സിലാക്കാൻ നാം യഹൂദന്മാരുടെ പെസഹായെക്കുറിച്ച്‌ പഠിക്കുകയും ക്രിസ്‌ത്യാനികൾക്കുള്ള ഒരു കല്‌പനയുടെ വെളിച്ചത്തിൽ അതിനെ പരിശോധിക്കുകയും വേണം.

പെസഹായുടെ ഉദ്ദേശ്യം

3, 4. ആദ്യപെസഹായുടെ പശ്ചാത്തലം വിവരിക്കുക.

3 ലോകമെങ്ങുമുള്ള കോടിക്കണക്കിന്‌ ആളുകൾക്ക്‌, യഹൂദന്മാരല്ലാത്തവർക്കുപോലും, ആദ്യപെസഹായുടെ പശ്ചാത്തലം കുറച്ചൊക്കെ അറിയാം. അവർ അതേപ്പറ്റി ബൈബിളിലെ പുറപ്പാട്‌ പുസ്‌തകത്തിൽ വായിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ അത്‌ കഥാരൂപേണ കേട്ടിട്ടുണ്ടാകാം, അതുമല്ലെങ്കിൽ അതിനെ മുൻനിറുത്തിയുള്ള ഏതെങ്കിലും ചലച്ചിത്രം കണ്ടിട്ടുണ്ടാകാം.

4 അനവധി വർഷങ്ങളായി ഇസ്രായേല്യർ ഈജിപ്‌തിൽ അടിമകളായി കഴിയുകയായിരുന്നു. തന്റെ ജനത്തെ വിട്ടയയ്‌ക്കാൻ ആവശ്യപ്പെട്ടുകൊണ്ട്‌ യഹോവ മോശയെയും അവന്റെ സഹോദരനായ അഹരോനെയും ഫറവോന്റെ അടുക്കൽ അയച്ചു. ഈജിപ്‌തിലെ ഗർവിഷ്‌ഠനായ ആ ഭരണാധികാരിക്ക്‌ ഇസ്രായേല്യരെ വിട്ടയയ്‌ക്കാൻ മനസ്സില്ലായിരുന്നു. തന്നിമിത്തം, ഒന്നിനു പുറകെ ഒന്നായി ബാധകൾകൊണ്ട്‌ യഹോവ ആ ദേശത്തെ പ്രഹരിച്ചു. ഈജിപ്‌തിലെ ആദ്യജാതന്മാരെ സംഹരിച്ചുകൊണ്ട്‌ യഹോവ ഒടുവിൽ പത്താമത്തെ ബാധ അയച്ചു. ഇസ്രായേല്യരെ വിട്ടയയ്‌ക്കാൻ അങ്ങനെ ഫറവോൻ നിർബന്ധിതനായി.—പുറ. 1:11; 3:9, 10; 5:1, 2; 11:1, 5.

5. വിമോചിതരാകുന്നതിനു മുമ്പ്‌ ഇസ്രായേല്യർ എന്തെല്ലാം ഒരുക്കങ്ങൾ നടത്തണമായിരുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

5 എന്നാൽ വിമോചിതരാകുന്നതിനു മുമ്പ്‌ ഇസ്രായേല്യർ എന്തെല്ലാം ചെയ്യണമായിരുന്നു? ബി.സി. 1513-ലെ വസന്തവിഷുവത്തോട്‌ * (spring equinox) അടുത്ത സമയം. പിൽക്കാലത്ത്‌ നീസാൻ എന്നു വിളിക്കപ്പെട്ട എബ്രായമാസമായ ആബീബ്‌ ആയിരുന്നു അത്‌. * നീസാൻ 14-ാം തീയതി അനുവർത്തിക്കേണ്ട ചില നടപടികൾക്കായി ആ മാസം പത്താം തീയതിമുതൽ ഒരുക്കം ആരംഭിക്കാൻ ദൈവം അവരോട്‌ പറഞ്ഞു. എബ്രായരുടെ ഒരു ദിവസം സൂര്യാസ്‌തമയംമുതൽ സൂര്യാസ്‌തമയംവരെ ആയതിനാൽ ആ ദിവസം സൂര്യാസ്‌തമയത്തോടെ ആരംഭിച്ചു. നീസാൻ മാസം 14-ാം തീയതി ഓരോ കുടുംബവും ഓരോ ആട്ടുകൊറ്റനെ (ചെമ്മരിയാടോ കോലാടോ ആകാം) അറുത്ത്‌ അതിന്റെ രക്തം കുറെ എടുത്ത്‌ വീടിന്റെ കട്ടളക്കാലുകളിലും കുറുമ്പടിമേലും പുരട്ടണമായിരുന്നു. (പുറ. 12:3-7, 22, 23) തീയിൽ ചുട്ടെടുത്ത ആട്ടിറച്ചി പുളിപ്പില്ലാത്ത അപ്പവും കൈപ്പുചീരയും കൂട്ടി മുഴുകുടുംബവും ഭക്ഷിക്കണമായിരുന്നു. ദൈവത്തിന്റെ ദൂതൻ ദേശത്തുകൂടി കടന്ന്‌ മിസ്രയീമ്യരുടെ ആദ്യജാതന്മാരെ സംഹരിക്കുമായിരുന്നു. എന്നാൽ അനുസരണമുള്ള ഇസ്രായേല്യർ സംരക്ഷിക്കപ്പെടുകയും വിമോചിതരാകുകയും ചെയ്യുമായിരുന്നു.—പുറ. 12:8-13, 29-32.

6. ദൈവജനം പിൽക്കാലത്ത്‌ പെസഹായെ എങ്ങനെ വീക്ഷിക്കണമായിരുന്നു?

6 കാര്യങ്ങൾ അങ്ങനെതന്നെ ഉരുത്തിരിഞ്ഞു. വരാനിരുന്ന വർഷങ്ങളിലുടനീളം ഇസ്രായേല്യർ തങ്ങളുടെ വിടുതൽ അനുസ്‌മരിക്കണമായിരുന്നു. ദൈവം അവരോട്‌ ഇങ്ങനെ പറഞ്ഞു: “ഈ ദിവസം നിങ്ങൾക്കു ഓർമ്മനാളായിരിക്കേണം; നിങ്ങൾ അതു യഹോവെക്കു ഉത്സവമായി ആചരിക്കേണം. തലമുറതലമുറയായും നിത്യനിയമമായും നിങ്ങൾ അതു ആചരിക്കേണം.” 14-ാം തീയതിയിലെ ആഘോഷത്തിനു ശേഷം ഏഴു ദിവസത്തെ ഒരു ഉത്സവവും അവർ ആചരിക്കണമായിരുന്നു. യഥാർഥത്തിൽ പെസഹാ നീസാൻ 14-നായിരുന്നെങ്കിലും എട്ടു ദിവസത്തെ ഉത്സവത്തെ കുറിക്കാനും പെസഹാ എന്ന പേര്‌ ഉപയോഗിക്കാനാകും. (പുറ. 12:14-17; ലൂക്കോ. 22:1; യോഹ. 18:28; 19:14) എബ്രായർ വർഷന്തോറും ആചരിക്കാൻ നിർദേശിച്ചിരുന്ന ഉത്സവങ്ങളിൽ (‘വാർഷികോത്സവങ്ങളിൽ,’ പി.ഒ.സി.) ഒന്നായിരുന്നു പെസഹാ.—2 ദിന. 8:13.

7. സാധുവായിരുന്ന അവസാന പെസഹായ്‌ക്ക്‌ യേശു എന്ത്‌ ഏർപ്പെടുത്തി?

7 മോശൈകന്യായപ്രമാണത്തിൻകീഴിലായിരുന്ന യഹൂദന്മാർ എന്ന നിലയിൽ യേശുവും അപ്പൊസ്‌തലന്മാരും വാർഷികപെസഹാ ആചരിച്ചിരുന്നു. (മത്താ. 26:17-19) അവസാനമായി അവർ അത്‌ ആചരിച്ചപ്പോൾ, തന്റെ അനുഗാമികൾ മേലാൽ വർഷന്തോറും ആചരിക്കേണ്ട ഒരു പുതിയ ആചരണം യേശു ഏർപ്പെടുത്തി—കർത്താവിന്റെ അത്താഴം. എന്നാൽ, അവർ അത്‌ ഏതു ദിവസമായിരുന്നു ആചരിക്കേണ്ടിയിരുന്നത്‌?

കർത്താവിന്റെ അത്താഴം ആചരിക്കേണ്ട ദിവസം

8. പെസഹായെയും കർത്താവിന്റെ അത്താഴത്തെയും കുറിച്ച്‌ പരിചിന്തിക്കുമ്പോൾ ഏതു ചോദ്യം ഉയർന്നുവരുന്നു?

8 സാധുവായിരുന്ന അവസാന പെസഹാ ആചരിച്ചശേഷം ഉടൻതന്നെയായിരുന്നു യേശു ‘കർത്താവിന്റെ അത്താഴം’ ഏർപ്പെടുത്തിയത്‌. അതുകൊണ്ട്‌ പെസഹാ ആചരിച്ചിരുന്ന ദിവസംതന്നെയാണ്‌ ഈ പുതിയ ആചരണവും വരുന്നത്‌. എന്നാൽ ചില ആധുനികകലണ്ടറുകൾ കാണിക്കുന്ന യഹൂദപെസഹാദിനവും നാം ക്രിസ്‌തുവിന്റെ മരണത്തിന്റെ സ്‌മാരകം ആചരിക്കുന്ന തീയതിയും തമ്മിൽ ഒന്നോ അതിലധികമോ ദിവസങ്ങളുടെ വ്യത്യാസം നിങ്ങൾ നിരീക്ഷിച്ചിട്ടുണ്ടാകും. എന്തുകൊണ്ടാണ്‌ ഈ വ്യത്യാസം? ദൈവം ഇസ്രായേല്യർക്കു നൽകിയ കല്‌പനയിൽ അതിനുള്ള ഉത്തരം ഭാഗികമായി കാണാനാകും. “യിസ്രായേൽസഭയുടെ കൂട്ടമെല്ലാം” പെസഹാക്കുഞ്ഞാടിനെ “അറുക്കേണം” എന്നു പറഞ്ഞപ്പോൾ, നീസാൻ 14-ാം തീയതി കൃത്യമായി ഏതു നേരത്താണ്‌ അതു ചെയ്യേണ്ടതെന്ന്‌ മോശ വ്യക്തമാക്കി.—പുറപ്പാടു 12:5, 6 വായിക്കുക.

9. പുറപ്പാടു 12:6 അനുസരിച്ച്‌ പെസഹാക്കുഞ്ഞാടിനെ അറുക്കേണ്ടത്‌ എപ്പോഴായിരുന്നു? (“ ദിവസത്തിന്റെ ഏതു ഭാഗത്ത്‌?” എന്ന ചതുരവും കാണുക.)

9 പെസഹാക്കുഞ്ഞാടിനെ അറുക്കേണ്ടത്‌ ‘രണ്ട്‌ സന്ധ്യകൾക്കിടയിൽ’ ആയിരുന്നെന്ന്‌ പുറപ്പാടു 12:6 പറയുന്നതായി ഒരു ആധികാരികപ്രസിദ്ധീകരണം (The Pentateuch and Haftorahs) ചൂണ്ടിക്കാണിക്കുന്നു. സത്യവേദപുസ്‌തകത്തിൽ “സന്ധ്യാസമയത്ത്‌” എന്നു കാണുന്നത്‌, ചില ബൈബിൾഭാഷാന്തരങ്ങൾ ‘രണ്ടു സന്ധ്യകൾക്കിടയിൽ’ എന്നുതന്നെ പരിഭാഷപ്പെടുത്തുന്നു. യഹൂദന്മാരുടെ താനാക്ക്‌ ഉൾപ്പെടെയുള്ള ചില ഭാഷാന്തരങ്ങൾ അതിനെ “അസ്‌തമയശേഷമുള്ള മങ്ങിയ വെളിച്ചത്തിൽ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നു. മറ്റുചിലവ “സന്ധ്യമയങ്ങുമ്പോൾ,” “അരണ്ട അന്തിവെളിച്ചത്തിൽ,” “സൂര്യാസ്‌തമയത്തിങ്കൽ” എന്നിങ്ങനെയുള്ള പദപ്രയോഗങ്ങൾ ഉപയോഗിക്കുന്നു. അതുകൊണ്ട്‌ പെസഹാക്കുഞ്ഞാടിനെ അറുക്കേണ്ടത്‌ സൂര്യൻ അസ്‌തമിച്ചശേഷം അരണ്ട വെളിച്ചമുള്ളപ്പോൾ അഥവാ നീസാൻ 14-ന്റെ ആരംഭത്തിങ്കൽ ആയിരുന്നു.

10. പെസഹാക്കുഞ്ഞാടിനെ അറുത്തിരുന്ന സമയം സംബന്ധിച്ച്‌ ചിലർ എന്തു കരുതുന്നു, എന്നാൽ അത്‌ ഏത്‌ ചോദ്യം ഉയർത്തുന്നു?

10 ആലയത്തിലേക്ക്‌ കൊണ്ടുവരുന്ന ആടുകളെയെല്ലാം അറുക്കാൻ മണിക്കൂറുകൾതന്നെ വേണ്ടിവന്നിരിക്കാമെന്ന്‌ പിൽക്കാലത്ത്‌ ചില യഹൂദന്മാർ ചിന്തിച്ചു. അതുകൊണ്ട്‌, പുറപ്പാടു 12:6 പരാമർശിക്കുന്നത്‌ നീസാൻ 14-ന്റെ ദിനാന്തത്തിൽ സൂര്യൻ (ഉച്ചതിരിഞ്ഞ്‌) ചായാൻ തുടങ്ങുന്ന സമയത്തിനും സൂര്യാസ്‌തമയത്തിനും മധ്യേയുള്ള സമയത്തെയാണെന്ന്‌ അവർ കരുതി. എന്നാൽ അങ്ങനെയാണ്‌ അതിന്റെ അർഥമെങ്കിൽ പെസഹാ ഭക്ഷിക്കുന്നത്‌ എപ്പോഴായിരിക്കുമായിരുന്നു? പുരാതനയഹൂദമതത്തെക്കുറിച്ച്‌ ഗവേഷണം നടത്തുന്ന പ്രൊഫസർ ജോനഥൻ ക്ലവാൻസ്‌ ഇങ്ങനെ പറയുന്നു: “സൂര്യാസ്‌തമയത്തോടെയാണ്‌ പുതിയ ദിവസം ആരംഭിക്കുന്നത്‌. അതുകൊണ്ട്‌, യാഗാർപ്പണം 14-ാം തീയതിയാണ്‌. എന്നാൽ, പെസഹാചരണവും ഭക്ഷണവും ആരംഭിക്കുന്നത്‌ വാസ്‌തവത്തിൽ 15-ാം തീയതിയും. എന്നിരുന്നാലും തീയതികൾ കണക്കാക്കുന്നതിലെ ഈ രീതി പുറപ്പാട്‌ പുസ്‌തകത്തിൽ കൃത്യമായി നൽകിയിട്ടുള്ളതല്ല.” എ.ഡി. 70-ലെ ആലയത്തിന്റെ നാശത്തിനു മുമ്പ്‌ സെയ്‌ഡർ (പെസഹാഭക്ഷണം) എങ്ങനെയാണ്‌ നടത്തിയിരുന്നതെന്ന്‌ റബ്ബിമാരുടെ ലിഖിതങ്ങളിൽ വിശദീകരിച്ചിട്ടില്ല എന്നും അദ്ദേഹം എഴുതി.—ചെരിച്ചെഴുതിയിരിക്കുന്നതു ഞങ്ങൾ.

11. (എ) എ.ഡി. 33-ലെ പെസഹാദിനത്തിൽ യേശു എന്തിലൂടെയെല്ലാം കടന്നുപോയി? (ബി) എ.ഡി. 33-ലെ നീസാൻ 15-ാം തീയതിയെ “വലിയ” ശബത്തുനാൾ എന്നു വിശേഷിപ്പിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌? (അടിക്കുറിപ്പ്‌ കാണുക.)

11 അങ്ങനെയെങ്കിൽ, എ.ഡി. 33-ലെ പെസഹാഭക്ഷണം ഏതു ദിവസമായിരുന്നു? “പെസഹാക്കുഞ്ഞാടിനെ അറുക്കുന്ന” ദിവസം അടുത്തുവരവെ, നീസാൻ 13-ാം തീയതി, ക്രിസ്‌തു പത്രോസിനോടും യോഹന്നാനോടും ഇങ്ങനെ പറഞ്ഞു: “പോയി നമുക്കു പെസഹാ ഭക്ഷിക്കാനുള്ള ഒരുക്കങ്ങൾ നടത്തുക.” (ലൂക്കോ. 22:7, 8) സൂര്യാസ്‌തമയശേഷം നീസാൻ 14 ആരംഭിക്കവെ, അതായത്‌ വ്യാഴാഴ്‌ച സന്ധ്യക്ക്‌, പെസഹാ ഭക്ഷിക്കേണ്ട “സമയമായപ്പോൾ” യേശു അപ്പൊസ്‌തലന്മാരോടൊപ്പം അതു ഭക്ഷിച്ചു. അതിനു ശേഷം അവൻ ‘കർത്താവിന്റെ അത്താഴം’ ഏർപ്പെടുത്തി. (ലൂക്കോ. 22:14, 15) ആ രാത്രിതന്നെ യേശുവിനെ പിടിച്ചുകൊണ്ടുപോയി വിചാരണ ചെയ്‌തു. നീസാൻ 14-ാം തീയതി ഉച്ചയോടടുത്ത്‌ അവനെ സ്‌തംഭത്തിലേറ്റി. ഉച്ചതിരിഞ്ഞ്‌ അവൻ മരിച്ചു. (യോഹ. 19:14) അങ്ങനെ, പെസഹാക്കുഞ്ഞാടിനെ അറുത്ത ദിവസംതന്നെ ‘നമ്മുടെ പെസഹാക്കുഞ്ഞാടായ ക്രിസ്‌തുവും അറുക്കപ്പെട്ടു.’ (1 കൊരി. 5:7; 11:23; മത്താ. 26:2) ആ യഹൂദദിനത്തിന്റെ അന്ത്യഭാഗത്ത്‌—നീസാൻ 15 തുടങ്ങുന്നതിനു മുമ്പ്‌—യേശുവിന്റെ ശരീരം കല്ലറയിൽ അടക്കി. *ലേവ്യ. 23:5-7; ലൂക്കോ. 23:54.

നിങ്ങളെ സംബന്ധിച്ച്‌ അർഥപൂർണമായ ഒരു ഓർമനാൾ

12, 13. പെസഹാചരണത്തിൽ ഇസ്രായേല്യരുടെ കുട്ടികൾ വിശേഷാൽ ഉൾപ്പെട്ടിരുന്നത്‌ എങ്ങനെ?

12 നമുക്ക്‌ വീണ്ടും ഈജിപ്‌തിലെ സംഭവത്തിലേക്ക്‌ തിരിച്ചുപോകാം. ഭാവിയിൽ ദൈവജനം ഒരു “നിത്യനിയമമായി” പെസഹാ ആചരിക്കേണ്ടതാണെന്ന്‌ മോശ പറഞ്ഞു. ആ വാർഷികാചരണത്തിന്റെ ഭാഗമായി, പെസഹായുടെ അർഥം സംബന്ധിച്ച്‌ കുട്ടികൾ മാതാപിതാക്കളോട്‌ ചോദിക്കുമായിരുന്നു. (പുറപ്പാടു 12:24-27 വായിക്കുക; ആവ. 6:20-23) അതുകൊണ്ട്‌, ഒരു ‘ഓർമനാൾ’ എന്ന നിലയിൽ പെസഹാചരണം കുട്ടികൾക്കുപോലും അർഥപൂർണം ആയിരിക്കുമായിരുന്നു.—പുറ. 12:14.

13 തലമുറതലമുറയായി ഇസ്രായേല്യർ തങ്ങളുടെ മക്കളെ പെസഹായെക്കുറിച്ചുള്ള സുപ്രധാനപാഠങ്ങൾ പഠിപ്പിച്ചു. അതിലൊന്ന്‌ തന്റെ ആരാധകരെ സംരക്ഷിക്കാൻ യഹോവ പ്രാപ്‌തനാണ്‌ എന്നതായിരുന്നു. അവൻ അമൂർത്തനായ ഒരു നിഗൂഢദേവനല്ലെന്ന്‌ അവരുടെ കുട്ടികൾ പഠിച്ചു. മറിച്ച്‌, തന്റെ ജനത്തിന്റെ കാര്യത്തിൽ താത്‌പര്യമുള്ള, അവർക്കുവേണ്ടി പ്രവർത്തിക്കുന്ന, ജീവനുള്ള ഒരു യഥാർഥദൈവമാണ്‌ യഹോവ. “മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ” ഇസ്രായേല്യരുടെ ആദ്യജാതന്മാരെ സംരക്ഷിച്ചുകൊണ്ട്‌ അവൻ ഇതു തെളിയിച്ചു. അതെ, അവരുടെ ആദ്യജാതന്മാരെ യഹോവ ജീവനോടെ സംരക്ഷിച്ചു.

14. പെസഹായെക്കുറിച്ചുള്ള വിവരണത്തിൽനിന്ന്‌ എന്തു പാഠം ഉൾക്കൊള്ളാൻ ക്രിസ്‌തീയമാതാപിതാക്കൾക്ക്‌ തങ്ങളുടെ കുട്ടികളെ സഹായിക്കാനാകും?

14 പഴയ പെസഹാചരണത്തിന്റെ അർഥം സംബന്ധിച്ച്‌ ക്രിസ്‌തീയമാതാപിതാക്കൾ വർഷന്തോറും തങ്ങളുടെ കുട്ടികളോട്‌ വിവരിക്കേണ്ടതില്ല. എന്നിരുന്നാലും, ദൈവം തന്റെ ജനത്തെ സംരക്ഷിക്കുന്നു എന്ന അതിലെ പാഠം നിങ്ങൾ മക്കളെ പഠിപ്പിക്കുന്നുണ്ടോ? അതുപോലെ, യഹോവ ഇപ്പോഴും തന്റെ ജനത്തിന്റെ യഥാർഥസംരക്ഷകനാണ്‌ എന്ന നിങ്ങളുടെ ദൃഢമായ ബോധ്യം നിങ്ങൾ മക്കളിലേക്ക്‌ കൈമാറുന്നുണ്ടോ? (സങ്കീ. 27:11; യെശ. 12:2) വിരസമായ പ്രഭാഷണങ്ങൾക്കു പകരം രസകരമായ സംഭാഷണങ്ങളിലൂടെ ഇക്കാര്യങ്ങൾ അവരെ പഠിപ്പിക്കാൻ നിങ്ങൾ ശ്രമിക്കുന്നുണ്ടോ? കുടുംബത്തെ ആത്മീയമായി ബലിഷ്‌ഠമാക്കുക എന്ന ലക്ഷ്യത്തിൽ അവ സംഭാഷണത്തിൽ ഉൾപ്പെടുത്താൻ ബോധപൂർവം ശ്രമിക്കുക.

പെസഹായെക്കുറിച്ച്‌ ചർച്ച ചെയ്യുമ്പോൾ നിങ്ങൾ എന്തു പാഠങ്ങൾ മക്കളുടെ മനസ്സിൽ പതിപ്പിക്കും? (14-ാം ഖണ്ഡിക കാണുക)

15, 16. പെസഹായെയും ഇസ്രായേല്യരുടെ ഈജിപ്‌തിൽനിന്നുള്ള പുറപ്പാടിനെയും കുറിച്ചുള്ള വിവരണങ്ങൾ യഹോവയെക്കുറിച്ച്‌ എന്തു പഠിപ്പിക്കാൻ ഉപയോഗിക്കാനാകും?

15 തന്റെ ജനത്തെ സംരക്ഷിക്കാൻ യഹോവ പ്രാപ്‌തനാണ്‌ എന്നതു മാത്രമല്ല പെസഹാവിവരണത്തിൽനിന്ന്‌ നമുക്കു പഠിക്കാനാകുന്നത്‌. ഇസ്രായേലിനെ “മിസ്രയീമിൽനിന്നു . . . പുറപ്പെടുവിച്ചു”കൊണ്ട്‌ അവൻ അവരെ വിടുവിക്കുകയും ചെയ്‌തു. ആ രംഗങ്ങൾ ഒന്നു ഭാവനയിൽ കാണുക. ഒരു മേഘസ്‌തംഭവും അഗ്നിസ്‌തംഭവും അവരെ വഴിനയിച്ചു. ചെങ്കടലിലെ വെള്ളം വേർപിരിഞ്ഞ്‌ കുത്തനെയുള്ള മതിലുകൾപോലെ ഇരുവശവും നിന്നു, ഉണങ്ങിയ കടൽത്തട്ടിലൂടെ നടന്ന്‌ അവർ അപ്പുറം കടന്നു. സുരക്ഷിതരായി മറുകര കടന്നശേഷം അവർ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത്‌, ആ ജലമതിലുകൾ മിസ്രയീമ്യസൈന്യത്തിനുമേൽ തകർന്നുവീഴുന്നതാണ്‌. വിമോചിതരായ ഇസ്രായേല്യർ ആനന്ദഘോഷം മുഴക്കി: “ഞാൻ യഹോവെക്കു പാട്ടുപാടും, . . . കുതിരയെയും അതിന്മേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു. എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്‌തീർന്നു.”—പുറ. 13:14, 21, 22; 15:1, 2; സങ്കീ. 136:11-15.

16 നിങ്ങൾക്ക്‌ മക്കളുണ്ടെങ്കിൽ, വിമോചകനായ ദൈവമെന്ന നിലയിൽ യഹോവയിൽ ആശ്രയിക്കാൻ നിങ്ങൾ അവരെ പഠിപ്പിക്കുന്നുണ്ടോ? നിങ്ങളുടെ സംഭാഷണങ്ങളിലും തീരുമാനങ്ങളിലും ആ ബോധ്യം പ്രതിഫലിക്കുന്നത്‌ കുട്ടികൾക്കു കാണാനാകുന്നുണ്ടോ? പുറപ്പാടു 12 മുതൽ 15 വരെയുള്ള അധ്യായങ്ങളിലെ സംഭവങ്ങൾ കുടുംബാരാധനയിൽ ഉൾപ്പെടുത്തിക്കൊണ്ട്‌, യഹോവ തന്റെ ജനത്തെ വിടുവിച്ച വിധം അവരുടെ മനസ്സിൽ പതിപ്പിക്കുക. മറ്റു സന്ദർഭങ്ങളിൽ, പ്രവൃത്തികൾ 7:30-36, ദാനീയേൽ 3:16-18, 26-28 എന്നീ വേദഭാഗങ്ങളും ഇതേ ആശയം ഊന്നിപ്പറയാൻ നിങ്ങൾക്ക്‌ ഉപയോഗിക്കാനാകും. അതെ, യഹോവ തന്റെ ജനത്തിന്റെ ഒരു ‘മുൻകാലവിമോചകൻ’ മാത്രമല്ല എന്ന്‌ കുട്ടികൾക്കും മുതിർന്നവർക്കും ബോധ്യമുണ്ടായിരിക്കണം. മോശയുടെ കാലത്ത്‌ അവൻ തന്റെ ജനത്തെ വിടുവിച്ചതുപോലെ ഭാവിയിൽ അവൻ നമ്മെയും വിടുവിക്കും.1 തെസ്സലോനിക്യർ 1:9, 10 വായിക്കുക.

നാം അനുസ്‌മരിക്കേണ്ട ദിനം

17, 18. പെസഹാക്കുഞ്ഞാടിന്റെ രക്തത്തെക്കാൾ യേശുവിന്റെ രക്തം വിലയേറിയതായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

17 ഇന്ന്‌ സത്യാരാധകർ യഹൂദന്മാരുടെ പെസഹാ ആചരിക്കുന്നില്ല. ആ വാർഷികാചരണം മോശൈകന്യായപ്രമാണത്തിന്റെ ഭാഗമായിരുന്നു. എന്നാൽ, ഇന്ന്‌ നാം ന്യായപ്രമാണത്തിൻകീഴിലല്ല. (റോമ. 10:4; കൊലോ. 2:13-16) പകരം, ദൈവപുത്രന്റെ മരണത്തിന്റെ സ്‌മാരകമാണ്‌ നാം ആചരിക്കുന്നത്‌. എങ്കിലും, ഈജിപ്‌തിൽവെച്ച്‌ സമാരംഭിച്ച പെസഹാചരണത്തിൽനിന്ന്‌ നമുക്ക്‌ പലതും പഠിക്കാനുണ്ട്‌.

18 കട്ടളക്കാലുകളിലും കുറുമ്പടിമേലും ഇസ്രായേല്യർ പെസഹാക്കുഞ്ഞാടിന്റെ രക്തം തളിച്ചത്‌ അവരുടെ ആദ്യജാതന്മാരുടെ ജീവൻ സംരക്ഷിച്ചു. ഇന്ന്‌, പെസഹാദിനത്തിലോ മറ്റേതെങ്കിലും സമയത്തോ നാം ദൈവത്തിന്‌ മൃഗയാഗങ്ങൾ അർപ്പിക്കുന്നില്ല. എന്നാൽ, നമ്മുടെ ജീവനെ എന്നേക്കുമായി സംരക്ഷിക്കാൻ കഴിയുന്ന ഏറെ ശ്രേഷ്‌ഠമായ മറ്റൊരു യാഗമുണ്ട്‌. “സ്വർഗത്തിൽ പേരുചാർത്തപ്പെട്ടിരിക്കുന്ന ആദ്യജാതന്മാരുടെ സഭയെ”ക്കുറിച്ച്‌ അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി. ഈ അഭിഷിക്തക്രിസ്‌ത്യാനികളുടെ ജീവൻ സംരക്ഷിക്കാനാകുന്നത്‌ യേശുവിന്റെ “തളിക്കപ്പെട്ട രക്ത”ത്താലാണ്‌. (എബ്രാ. 12:23, 24) ഭൂമിയിൽ എന്നേക്കും ജീവിക്കാൻ പ്രത്യാശിക്കുന്ന ക്രിസ്‌ത്യാനികളും രക്ഷയ്‌ക്കായി അതേ രക്തത്തിൽ വിശ്വാസമർപ്പിക്കുന്നു. പിൻവരുന്ന വാഗ്‌ദാനത്തെക്കുറിച്ച്‌ നാമെല്ലാം ഇടയ്‌ക്കിടെ ധ്യാനിക്കണം: “ദൈവത്തിന്റെ സമൃദ്ധമായ കൃപാധനത്തിനൊത്തവിധം ക്രിസ്‌തു മുഖാന്തരം അവന്റെ രക്തത്താലുള്ള മറുവിലയിലൂടെ നമുക്കു വിടുതൽ കൈവന്നിരിക്കുന്നു; നമ്മുടെ അതിക്രമങ്ങളുടെ മോചനംതന്നെ.”—എഫെ. 1:7.

19. പെസഹാക്കുഞ്ഞാടിനെ തയ്യാറാക്കിയിരുന്നതിലെ ഏതു വിശദാംശം, പ്രവചനങ്ങളിലുള്ള നമ്മുടെ വിശ്വാസം ബലപ്പെടുത്തുന്നു?

19 പെസഹാക്കുഞ്ഞാടിനെ അറുക്കുമ്പോൾ ഇസ്രായേല്യർ അതിന്റെ അസ്ഥികളൊന്നും ഒടിക്കരുതായിരുന്നു. (പുറ. 12:46; സംഖ്യാ. 9:11, 12) മറുവില പ്രദാനംചെയ്യാൻ വന്ന “ദൈവത്തിന്റെ കുഞ്ഞാ”ടിന്റെ കാര്യമോ? (യോഹ. 1:29) ഇരുവശത്തും ഓരോ കുറ്റവാളികൾക്കൊപ്പമാണ്‌ യേശുവിനെ സ്‌തംഭത്തിലേറ്റിയത്‌. സ്‌തംഭത്തിൽ കിടന്നവരുടെ അസ്ഥികൾ ഒടിക്കണമെന്ന്‌ യഹൂദന്മാർ പീലാത്തോസിനോട്‌ ആവശ്യപ്പെട്ടു. അവർ പെട്ടെന്നു മരിക്കാൻവേണ്ടിയായിരുന്നു അത്‌. അങ്ങനെയാകുമ്പോൾ, ഇരട്ട ശബത്തായ നീസാൻ 15-നു മുമ്പുതന്നെ അവരുടെ ശരീരങ്ങൾ സ്‌തംഭങ്ങളിൽനിന്ന്‌ മാറ്റാമായിരുന്നു. സ്‌തംഭത്തിൽ കിടന്ന കുറ്റവാളികൾ ഇരുവരുടെയും കാലുകൾ പടയാളികൾ ഒടിച്ചെങ്കിലും “അവർ യേശുവിന്റെ അടുക്കൽ വന്നപ്പോൾ അവൻ മരിച്ചുകഴിഞ്ഞു എന്നു കണ്ടിട്ട്‌ അവന്റെ കാലുകൾ ഒടിച്ചില്ല.” (യോഹ. 19:31-34) അങ്ങനെ, പെസഹാക്കുഞ്ഞാടിന്റെ അസ്ഥികൾ ഒടിക്കാതിരുന്നതുപോലെതന്നെ യേശുവിന്റെ കാര്യത്തിലും സംഭവിച്ചു. ഈ അർഥത്തിൽ, എ.ഡി. 33 നീസാൻ 14-ന്‌ രക്തം ചൊരിഞ്ഞ യേശുവിന്റെ “നിഴലാ”യിരുന്നു പെസഹാക്കുഞ്ഞാട്‌. (എബ്രാ. 10:1) കൂടാതെ, ഈ സംഭവിച്ചത്‌ സങ്കീർത്തനം 34:20-ലെ വാക്കുകളുടെ നിവൃത്തിയുമായിരുന്നു. പ്രവചനങ്ങളുടെ നിവൃത്തിയിലുള്ള നമ്മുടെ വിശ്വാസം ഇത്‌ ഊട്ടിയുറപ്പിക്കുന്നു.

20. പെസഹായും കർത്താവിന്റെ അത്താഴവും തമ്മിൽ എന്ത്‌ ശ്രദ്ധേയമായ വ്യത്യാസമുണ്ട്‌?

20 എന്നിരുന്നാലും, പെസഹായും കർത്താവിന്റെ അത്താഴവും തമ്മിൽ ചില വ്യത്യാസങ്ങളുണ്ട്‌. അത്‌ സൂചിപ്പിക്കുന്നത്‌ യഹൂദന്മാർ അനുസ്‌മരിക്കേണ്ടിയിരുന്ന പെസഹാ, ക്രിസ്‌തു തന്റെ മരണത്തിന്റെ ഓർമയ്‌ക്കായി തന്റെ അനുഗാമികളോട്‌ ചെയ്യാൻ കല്‌പിച്ച ആചരണത്തിന്റെ ഒരു മുൻനിഴൽ ആയിരുന്നില്ല എന്നാണ്‌. ഈജിപ്‌തിൽവെച്ച്‌ ഇസ്രായേല്യർ പെസഹാക്കുഞ്ഞാടിന്റെ മാംസം ഭക്ഷിച്ചെങ്കിലും രക്തം ഭക്ഷിച്ചില്ല. അത്‌ യേശു തന്റെ അനുഗാമികളോട്‌ കല്‌പിച്ചതിൽനിന്ന്‌ വ്യത്യസ്‌തമാണ്‌. “ദൈവരാജ്യത്തിൽ” ഭരിക്കാനുള്ളവർ തന്റെ മാംസത്തിന്റെയും രക്തത്തിന്റെയും പ്രതീകങ്ങളായ അപ്പത്തിലും വീഞ്ഞിലും പങ്കുപറ്റണം എന്ന്‌ യേശു പറഞ്ഞു. അടുത്ത ലേഖനത്തിൽ ഇതിന്റെ കൂടുതൽ വിശദാംശങ്ങൾ നാം പരിചിന്തിക്കും.—മർക്കോ. 14:22-25.

21. പെസഹായെപ്പറ്റി പഠിക്കുന്നത്‌ പ്രയോജനകരമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

21 ദൈവജനത്തിന്റെ ചരിത്രത്തിലെ ഒരു സുപ്രധാനസംഭവമായിരുന്നു പെസഹാ. അതിൽനിന്ന്‌ നമുക്ക്‌ ഓരോരുത്തർക്കും നിരവധി പാഠങ്ങൾ പഠിക്കാനുണ്ട്‌. അതുകൊണ്ട്‌, യഹൂദന്മാർ ആചരിച്ചിരുന്ന ഒരു ‘ഓർമനാൾ’ ആയിരുന്നു പെസഹായെങ്കിലും അതെക്കുറിച്ച്‌ പഠിക്കുന്നതിൽനിന്ന്‌ ക്രിസ്‌ത്യാനികളായ നമുക്ക്‌ പ്രയോജനം നേടാൻ കഴിയും. കാരണം, “എല്ലാ തിരുവെഴുത്തും ദൈവനിശ്വസ്‌തമാണ്‌.”—2 തിമൊ. 3:16.

^ ദിനരാത്രങ്ങൾക്ക്‌ തുല്യദൈർഘ്യമുള്ള ദിവസമാണ്‌ വിഷുവം. മാർച്ച്‌, സെപ്‌റ്റംബർ മാസങ്ങളിലായി വർഷന്തോറും രണ്ട്‌ വിഷുവങ്ങളുണ്ട്‌. വസന്തവിഷുവം സാധാരണമായി മാർച്ച്‌ 21-നോട്‌ അടുത്ത ദിവസമായിരിക്കും.

^ നീസാൻ എന്നത്‌ യഹൂദന്മാരുടെ എബ്രായകലണ്ടറിലെ ആദ്യമാസമായ ആബീബിന്റെ പ്രവാസാനന്തരനാമം ആയിരുന്നെങ്കിലും എളുപ്പത്തിനുവേണ്ടി ആ മാസത്തെ നീസാൻ എന്നുതന്നെ പരാമർശിച്ചിരിക്കുന്നു.

^ സൂര്യാസ്‌തമയത്തോടെ നീസാൻ 15 ആരംഭിച്ചു. അത്‌ ഒരു വാരാന്ത ശബത്തുദിനമായിരുന്നു (വെള്ളിയാഴ്‌ച സന്ധ്യമുതൽ ശനിയാഴ്‌ച സന്ധ്യവരെ). അന്നുതന്നെയായിരുന്നു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിന്റെ ഒന്നാം ദിവസവും. അതാകട്ടെ എപ്പോഴും ഒരു ശബത്തായി ആചരിച്ചിരുന്നു. ആ വർഷം ഈ രണ്ട്‌ ശബത്തുകളും ഒരേ ദിവസം വന്നതുകൊണ്ട്‌ അത്‌ ഒരു “വലിയ” ശബത്തുനാളായിരുന്നു.—യോഹന്നാൻ 19:31, 42 വായിക്കുക.