പർവതങ്ങളുടെ നിഴലിൽ യഹോവ അവരെ സംരക്ഷിച്ചു
അതിരാവിലെ വാതിൽ തുറന്ന ആ സ്‌ത്രീ കണ്ടത് ഉമ്മറപ്പടിക്കൽ ഒരു പൊതിക്കെട്ട് കിടക്കുന്നതാണ്. അവൾ അത് കൈയിൽ എടുത്ത് ചുറ്റും നോക്കി. വിജനമായ തെരുവീഥി. ഏതോ അജ്ഞാതസന്ദർശകൻ രാത്രിയിൽ അത് അവിടെ കൊണ്ടുവെച്ചതായിരിക്കണം. പൊതി പാതി തുറന്ന് നോക്കിയ അവൾ പെട്ടെന്ന് അകത്തുകയറി കതകടച്ചു. അതിശയിക്കാനൊന്നുമില്ല! നിരോധിച്ച ബൈബിൾസാഹിത്യമായിരുന്നു അത്! പൊതിക്കെട്ട് നെഞ്ചോടു ചേർത്തുവെച്ച് അവൾ നിശ്ശബ്ദമായി പ്രാർഥിച്ചു. അമൂല്യമായ ആത്മീയാഹാരത്തിനായി അവൾ യഹോവയോട് നന്ദി പറയുകയാണ്.
സമാനമായ രംഗങ്ങൾ 1930-കളിൽ ജർമനിയിൽ പലയിടത്തും അരങ്ങേറി. 1933-ൽ നാസികൾ അധികാരത്തിലേറിയതിനെ തുടർന്ന് ആ രാജ്യത്ത് മിക്കവാറും എല്ലായിടത്തും യഹോവയുടെ സാക്ഷികളുടെ പ്രവർത്തനം നിരോധനത്തിൻകീഴിലായി. “യഹോവയെയും അവന്റെ നാമത്തെയും കുറിച്ചുള്ള പ്രഘോഷണത്തിനു തടയിടാൻ മനുഷ്യന്റെ അത്തരം അനുശാസനങ്ങൾക്കു കഴിയില്ല എന്ന് ഞങ്ങൾക്ക് ഉറപ്പായിരുന്നു,” ഇപ്പോൾ 100 വയസ്സ് പിന്നിട്ട റിസ്‌ച്ചാർറ്റ് റൂഡോൾഫ് പറയുന്നു. * “പഠനത്തിനും ശുശ്രൂഷയ്‌ക്കും ഉള്ള ഞങ്ങളുടെ ഒരു മുഖ്യോപാധി ബൈബിൾസാഹിത്യമായിരുന്നു. പക്ഷേ, നിരോധനം നിമിത്തം അവ ദുർലഭമായിത്തീർന്നു. വേല എങ്ങനെ മുന്നോട്ടു നീങ്ങും എന്നതായിരുന്നു ഞങ്ങളുടെ ആശങ്ക.” ഈ ആവശ്യം നിറവേറ്റുന്നതിൽ അസാധാരണമായ ഒരു വിധത്തിൽ തനിക്ക് സഹായിക്കാനാകും എന്ന് അദ്ദേഹം വൈകാതെ തിരിച്ചറിഞ്ഞു. പർവതങ്ങളുടെ നിഴലിലായിരുന്നു അത് അരങ്ങേറാനിരുന്നത്.—ന്യായാ. 9:36.
കള്ളക്കടത്തുകാരുടെ കാട്ടുപാതയിലൂടെ
എൽബ് (അഥവാ ലാബെ) നദിയുടെ ഉത്ഭവസ്ഥാനത്തേക്ക് സഞ്ചരിച്ചാൽ ഒടുവിൽ നമ്മൾ ‘ഭീമൻ പർവതനിര’കളിൽ (കർക്കൊനോഷെ) എത്തിച്ചേരും. ഇന്ന് ചെക് റിപ്പബ്ലിക്കിന്റെയും പോളണ്ടിന്റെയും അതിർത്തിയിലാണ് ഈ പർവതനിര. 5,250 അടി (1,600 മീ.) മാത്രമേ ഉയരമുള്ളൂ എങ്കിലും ‘യൂറോപ്പിന്റെ നടുവിലെ ആർട്ടിക് ദ്വീപ്’ എന്നാണ് ഈ പർവതങ്ങൾ വിളിക്കപ്പെടുന്നത്. വർഷത്തിൽ പകുതിയും ഗിരിശൃംഗങ്ങൾ പത്തടി (3 മീ.) വരെ കനത്തിൽ മഞ്ഞ് മൂടിയിരിക്കും. പ്രവചനാതീതമാണ് അവിടങ്ങളിലെ കാലാവസ്ഥ. അത് കണക്കിലെടുക്കാത്തവർ, കൊടുമുടികളെ പൊടുന്നനെ വന്ന് മൂടുന്ന കോടമഞ്ഞിൽ പെട്ടുപോയതുതന്നെ.
നൂറ്റാണ്ടുകളിലുടനീളം ഈ പർവതനിരകൾ പ്രവിശ്യകൾക്കും രാജ്യങ്ങൾക്കും സംസ്ഥാനങ്ങൾക്കും പ്രകൃതിദത്തമായ അതിരു തീർത്തിട്ടുണ്ട്. ദുർഘടമായ ഈ ഭൂപ്രകൃതിയിൽ പാറാവ് ഏർപ്പെടുത്തുക അതീവ ദുഷ്‌കരമായിരുന്നു. അതുകൊണ്ട് പണ്ടൊക്കെ പ്രദേശവാസികൾ ഇതുവഴി
പലതും കള്ളക്കടത്ത് നടത്തിയിരുന്നു. 1930-കളിൽ ചെക്കോസ്ലൊവാക്യയെയും ജർമനിയെയും വേർതിരിച്ചിരുന്നത് ഈ പർവതനിരകളായിരുന്നു. പണ്ടത്തെ കള്ളക്കടത്തുകാർ ബാക്കിവെച്ച കാട്ടുപാതകൾക്ക് ദൃഢചിത്തരായ സാക്ഷികൾ അന്ന് പുതിയ ഒരു ഉപയോഗം കണ്ടെത്തി. എന്തായിരുന്നു അത്? അമൂല്യമായ ബൈബിൾസാഹിത്യം സുലഭമായിരുന്ന ഇടങ്ങളിൽനിന്ന് അവ കടത്തിക്കൊണ്ടുവരുക. യുവാവായ റിസ്‌ച്ചാർറ്റായിരുന്നു ആ സാക്ഷികളിൽ ഒരാൾ.അപകടംപിടിച്ച ‘ഉല്ലാസയാത്രകൾ’
റിസ്‌ച്ചാർറ്റ് പറയുന്നു: “വാരാന്തങ്ങളിൽ ഞങ്ങൾ യുവസഹോദരന്മാർ വിനോദയാത്രക്കാരെപ്പോലെ വേഷം ധരിച്ച് ഏഴെട്ടു പേരടങ്ങിയ കൂട്ടങ്ങളായി മലമുകളിലേക്ക് യാത്രതിരിക്കും.” ചെക് അതിർത്തിയിൽനിന്ന് 10 മൈൽ (16.5 കി.മീ.) അകലെയുള്ള സുഖവാസകേന്ദ്രമായ “ഷ്‌പിൻഡെൽറൂവ് മലിനിൽ എത്താൻ ജർമൻഭാഗത്തുനിന്ന് പർവതങ്ങൾ താണ്ടി ഏകദേശം മൂന്ന് മണിക്കൂർ ഞങ്ങൾക്ക് യാത്ര ചെയ്യണമായിരുന്നു.” അന്ന് ആ പ്രദേശത്ത് ധാരാളം ജർമൻകാർ താമസിച്ചിരുന്നു. അതിൽ ഒരു കർഷകൻ സഹോദരങ്ങളുമായി സഹകരിക്കാമെന്ന് സമ്മതിച്ചു. സാഹിത്യം അടങ്ങിയ പെട്ടികൾ പ്രാഗിൽനിന്ന് റെയിൽമാർഗം അദ്ദേഹത്തിന്റെ അടുത്തുള്ള ഒരു പട്ടണത്തിൽ എത്തിച്ചിരുന്നു. വിനോദസഞ്ചാരികളെ കൊണ്ടുപോയിരുന്ന ഒരു കുതിരവണ്ടിയിൽ അദ്ദേഹം അത് അവിടെനിന്ന് എടുത്തുകൊണ്ടുപോരും. എന്നിട്ട്, ജർമനിയിലേക്ക് സാഹിത്യം കൊണ്ടുപോകാൻ എത്തുന്നവരെ കാത്ത് അദ്ദേഹം ആ പെട്ടികൾ തന്റെ കൃഷിയിടത്തിലെ കച്ചിപ്പുരയിൽ ഒളിപ്പിച്ചുവെക്കും.
റിസ്‌ച്ചാർറ്റ് തുടരുന്നു: “ഞങ്ങൾ ആ കൃഷിയിടത്തിൽ ചെന്ന് പുറത്തുപേറുന്ന ബാഗുകളിൽ സാഹിത്യം നിറയ്‌ക്കുമായിരുന്നു. വലിയ ഭാരം വഹിക്കാൻപറ്റിയ രീതിയിലായിരുന്നു ആ ബാഗുകൾ ഉണ്ടാക്കിയിരുന്നത്. ഓരോരുത്തരും ഏകദേശം 50 കിലോഗ്രാം വരെ കൊണ്ടുപോയിരുന്നു.” പിടിക്കപ്പെടാതിരിക്കാൻ ഇരുളിന്റെ മറവിലായിരുന്നു അവരുടെ സഞ്ചാരം. സൂര്യാസ്‌തമയശേഷം പുറപ്പെടും, ഉദയത്തിനുമുമ്പേ തിരികെയെത്തും. അക്കാലത്ത് ജർമനിയിലെ ഒരു സർക്കിട്ട് മേൽവിചാരകനായിരുന്ന എർണസ്റ്റ് വിസ്‌നർ അന്നത്തെ ചില സുരക്ഷാ നടപടികളെക്കുറിച്ച് ഇങ്ങനെ വിശദീകരിച്ചു: “രണ്ട് സഹോദരന്മാർ മുമ്പേ നടക്കും. വഴിയിൽ ആരെയെങ്കിലും കണ്ടാൽ ടോർച്ച് ഉപയോഗിച്ച് അവർ അടയാളം നൽകും. ഏകദേശം 100 മീറ്റർ പുറകിലായി വലിയ ഭാണ്ഡങ്ങളുംപേറി അനുഗമിച്ചിരുന്ന സഹോദരന്മാർക്ക് ഇത് കുറ്റിക്കാട്ടിൽ ഒളിക്കാനുള്ള ഒരു അടയാളമായിരുന്നു. രണ്ടുപേരും തിരികെ വന്ന് ഒരു രഹസ്യവാക്ക് ഉച്ചരിക്കുന്നതുവരെ അവർ കുറ്റിക്കാട്ടിൽ മറഞ്ഞിരിക്കും. ഈ രഹസ്യവാക്ക് ആഴ്‌ചതോറും മാറ്റിയിരുന്നു.” എന്നിരുന്നാലും നീലക്കുപ്പായധാരികളായ ജർമൻ പോലീസ് മാത്രമായിരുന്നില്ല അവർക്ക് ഭീഷണി ഉയർത്തിയിരുന്നത്.
“ഒരു ദിവസം വൈകുന്നേരം താമസിച്ചാണ് എന്റെ ജോലി തീർന്നത്,” റിസ്‌ച്ചാർറ്റ് ഓർക്കുന്നു. “അതുകൊണ്ട് സഹോദരന്മാർ പോയിക്കഴിഞ്ഞാണ് ഞാൻ ചെക് അതിർത്തിയിലേക്ക്
പുറപ്പെട്ടത്. കൂരിരുട്ടും കനത്ത മഞ്ഞും. മരംകോച്ചുന്ന തണുത്ത മഴയിൽ ഞാൻ വിറയ്‌ക്കാൻ തുടങ്ങി. ചെറിയ പൈൻമരങ്ങൾ നിറഞ്ഞ ഒരു പ്രദേശത്ത് മണിക്കൂറുകൾ ഞാൻ വഴിതെറ്റി അലഞ്ഞു. അനേകം വിനോദസഞ്ചാരികൾ ഇങ്ങനെ മരിച്ചിട്ടുണ്ട്. സഹോദരന്മാർ അതിരാവിലെ തിരിച്ചുവരുന്ന വഴിക്കാണ് പിന്നെ ഞാൻ അവരെ കണ്ടുമുട്ടുന്നത്.”ധൈര്യശാലികളായ സഹോദരന്മാരുടെ ഈ ചെറിയ കൂട്ടം മൂന്നു വർഷത്തോളം ആഴ്‌ചതോറും ഇങ്ങനെ മലകൾ കടന്ന് പോയിവരുമായിരുന്നു. മഞ്ഞുകാലത്ത്, പാദത്തിൽ ഘടിപ്പിക്കുന്ന സ്‌കീസ് ഉപയോഗിച്ച് മഞ്ഞിലൂടെ തെന്നിനീങ്ങിയാണ് അവർ തങ്ങളുടെ വിലപ്പെട്ട ‘ഭാണ്ഡങ്ങൾ’ എത്തിച്ചിരുന്നത്. ഇടയ്‌ക്കൊക്കെ പകൽസമയത്ത്, 20-ഓളം വരുന്ന സഹോദരന്മാരുടെ കൂട്ടങ്ങൾ വിനോദസഞ്ചാരികളുടെ വഴിയിലൂടെ അതിർത്തി കടക്കുമായിരുന്നു. അവർ സാധാരണ വിനോദയാത്രക്കാരാണെന്ന ധാരണ ഉളവാക്കാനായി ചില സഹോദരിമാരും ഒപ്പം പോയിരുന്നു. അവരിൽ ചിലർ മുമ്പേ നടക്കും. എന്തെങ്കിലും അപകടം മണത്താൽ അവർ തങ്ങളുടെ തൊപ്പികൾ മുകളിലേക്ക് എറിഞ്ഞ് അടയാളം നൽകും.
രാത്രികാലയാത്രകൾ കഴിഞ്ഞ് സഹോദരന്മാർ തിരിച്ചെത്തിയ ശേഷം എന്തു സംഭവിക്കുമായിരുന്നു? ഉടനടി സാഹിത്യം വിതരണം ചെയ്യുന്നുവെന്ന് ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ അവിടെ ഏർപ്പെടുത്തിയിരുന്നു. എങ്ങനെ? പ്രസിദ്ധീകരണങ്ങൾ സോപ്പുപാക്കറ്റുകൾപോലെ പൊതിഞ്ഞ് ഹിർഷ്‌ബെർക്കിലെ റെയിൽവേ സ്റ്റേഷനിൽ എത്തിക്കും. ജർമനിയുടെ വിവിധ ഭാഗങ്ങളിലേക്ക് ഈ പൊതിക്കെട്ടുകൾ അയച്ചിട്ട് അവിടെനിന്ന് സഹോദരങ്ങൾ, ആമുഖത്തിൽ വർണിച്ചതുപോലെ, അവ വിവേചനയോടെ സഹവിശ്വാസികൾക്ക് എത്തിച്ചുകൊടുക്കുമായിരുന്നു. രഹസ്യത്തിലുള്ള ഈ വിതരണശൃംഖല വളരെ പരസ്‌പരബന്ധിതം ആയിരുന്നതുകൊണ്ട് ഒരു ചെറിയ അശ്രദ്ധപോലും ദൂരവ്യാപകമായ പരിണതഫലം ഉളവാക്കുമായിരുന്നു. ഒരു ദിവസം അപ്രതീക്ഷിതമായ ഒരു തിരിച്ചടി ഉണ്ടാകുകയും ചെയ്‌തു.
1936-ൽ ബർലിന് അടുത്ത് സാഹിത്യം സൂക്ഷിച്ചിരുന്ന ഒരു സ്ഥലം അധികാരികൾ കണ്ടുപിടിച്ചു. പിടിച്ചെടുത്തവയുടെ കൂട്ടത്തിൽ ഹിർഷ്‌ബെർക്കിൽനിന്ന് ഒരു അജ്ഞാതവ്യക്തി അയച്ച മൂന്ന് പൊതിക്കെട്ടുകളും ഉണ്ടായിരുന്നു. സാഹിത്യം കടത്തിയിരുന്ന കൂട്ടത്തിൽ പ്രമുഖപങ്കുവഹിച്ചിരുന്ന ഒരു വ്യക്തിയെ പോലീസുകാർ കൈയക്ഷരവിശകലനത്തിലൂടെ പിടികൂടി. പിന്നാലെ, റിസ്‌ച്ചാർറ്റ് റൂഡോൾഫ് ഉൾപ്പെടെ സംശയമുണ്ടായിരുന്ന രണ്ട് പേരെക്കൂടെ അവർ അറസ്റ്റ് ചെയ്‌തു. ആ സഹോദരന്മാർ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുത്തതുകൊണ്ട് കുറച്ചുകാലത്തേക്ക് മറ്റുള്ളവർക്ക്—അപകടസാധ്യത വർധിച്ചിരുന്നെങ്കിലും—അത്തരം യാത്രകൾ തുടരാൻ കഴിയുമായിരുന്നു.
നമുക്കുള്ള പാഠം
കർക്കൊനോഷെ പർവതനിരകളിലൂടെ സഹോദരങ്ങൾ ചുമന്നുകടത്തിയ പ്രസിദ്ധീകരണങ്ങളായിരുന്നു കുറെക്കാലത്തേക്ക് ജർമനിയിലെ സാക്ഷികൾക്ക് ബൈബിൾസാഹിത്യത്തിന്റെ ഒരു സുപ്രധാനസ്രോതസ്സായി വർത്തിച്ചത്. എന്നാൽ ഈ വഴിക്ക് മാത്രമായിരുന്നില്ല സാഹിത്യം എത്തിയിരുന്നത്. 1939-ൽ ജർമൻ സൈന്യം ചെക്കോസ്ലൊവാക്യ പിടിച്ചടക്കുന്നതുവരെ ആ രാജ്യത്തിന്റെ അതിർത്തിയിലൂടെയും സമാനമായ മാർഗങ്ങൾ നിലവിലുണ്ടായിരുന്നു. കൂടാതെ, പീഡനം അനുഭവിച്ചിരുന്ന തങ്ങളുടെ സഹവിശ്വാസികൾക്ക് ആത്മീയഭക്ഷണം എത്തിച്ചുകൊടുക്കാനായി ജർമനിയിലെയും അയൽരാജ്യങ്ങളായിരുന്ന ഫ്രാൻസ്, നെതർലൻഡ്‌സ്, സ്വിറ്റ്‌സർലൻഡ് എന്നിവിടങ്ങളിലെയും സാക്ഷികൾ ജീവൻ പണയംവെച്ചുകൊണ്ടുപോലും പ്രവർത്തിച്ചു.
ഇന്ന് നമ്മിൽ മിക്കവർക്കും ആവശ്യമായ അളവിലും വ്യത്യസ്‌ത ഫോർമാറ്റുകളിലും ബൈബിൾ സാഹിത്യം ലഭ്യമാണ്. പുതിയ ഒരു പ്രസിദ്ധീകരണം രാജ്യഹാളിൽനിന്നോ jw.org വെബ്‌സൈറ്റിൽനിന്നോ ലഭിക്കുമ്പോൾ അത് നിങ്ങൾക്ക് ലഭ്യമാക്കിയതിനു പിന്നിലെ അധ്വാനത്തെക്കുറിച്ച് ഒന്നു ചിന്തിക്കരുതോ? അർധരാത്രിക്കും മറ്റും മഞ്ഞുമലകൾ താണ്ടുന്നത്ര നാടകീയമല്ലെങ്കിലും, നിസ്സ്വാർഥമായി നിങ്ങളെ സേവിക്കുന്ന അനേകം സഹവിശ്വാസികളുടെ പക്ഷത്തെ അശ്രാന്തപരിശ്രമം അതിൽ ഉൾപ്പെടുന്നു.
^ സൈലിഷ്യയിലെ ഹിർഷ്‌ബെർക്ക് സഭയിലായിരുന്നു അദ്ദേഹം സേവിച്ചിരുന്നത്. ഇന്ന് ഹിർഷ്‌ബെർക്ക് പട്ടണം തെക്കുപടിഞ്ഞാറൻ പോളണ്ടിൽ യെലെൻയോ ഗൂരോ എന്ന പേരിൽ അറിയപ്പെടുന്നു.