വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘സുബോധം വിട്ട്‌ വേഗത്തിൽ ചഞ്ചലപ്പെട്ടുപോകരുത്‌!’

‘സുബോധം വിട്ട്‌ വേഗത്തിൽ ചഞ്ചലപ്പെട്ടുപോകരുത്‌!’

‘സഹോദരന്മാരേ, നിങ്ങൾ സുബോധം വിട്ട്‌ വേഗത്തിൽ ചഞ്ചലപ്പെട്ടുപോകരുത്‌.’—2 തെസ്സ. 2:1, 2.

1, 2. ഇന്ന്‌ വഞ്ചന ഇത്ര വ്യാപകമായിരിക്കുന്നത്‌ എന്തുകൊണ്ട്‌, അത്‌ ഏതെല്ലാം രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടേക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)

 തട്ടിപ്പും വഞ്ചനയും കുംഭകോണങ്ങളും ഈ വ്യവസ്ഥിതിയിൽ സർവസാധാരണമാണ്‌. ഇത്‌ നമ്മെ അതിശയിപ്പിക്കേണ്ടതില്ല. പിശാചായ സാത്താൻ സമർഥനായ വഞ്ചകനാണെന്നും ഈ ലോകത്തിന്റെ ഭരണാധികാരി അവനാണെന്നും ബൈബിൾ വ്യക്തമാക്കുന്നു. (1 തിമൊ. 2:14; 1 യോഹ. 5:19) നാം ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനത്തോട്‌ അടുക്കവെ സാത്താന്റെ ക്രോധം അടിക്കടി വർധിച്ചുവരുകയാണ്‌. കാരണം തനിക്ക്‌ “അൽപ്പകാലമേയുള്ളൂ” എന്ന്‌ അവന്‌ അറിയാം. (വെളി. 12:12) അതുകൊണ്ടുതന്നെ സാത്താന്റെ സ്വാധീനത്തിലുള്ളവർ, വിശേഷിച്ചും സത്യാരാധകർക്കെതിരെ, ഭോഷ്‌കും വഞ്ചനയും പ്രയോഗിക്കുന്നതിൽ മുതിർന്നുവരുമെന്ന്‌ നമുക്കു ന്യായമായും പ്രതീക്ഷിക്കാം.

2 യഹോവയുടെ ദാസരെയും അവരുടെ വിശ്വാസങ്ങളെയും കുറിച്ച്‌ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്‌താവനകളും കല്ലുവെച്ച നുണകളും മാധ്യമങ്ങളിൽ പലപ്പോഴും പ്രത്യക്ഷപ്പെടാറുണ്ട്‌. വർത്തമാനപ്പത്രങ്ങൾ, ടെലിവിഷൻ പരിപാടികൾ, ഇന്റർനെറ്റ്‌ എന്നിവയിലൂടെ അത്തരം അസത്യങ്ങൾ പ്രചരിക്കുന്നു. ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന ചിലർ ഇവ എളുപ്പത്തിൽ വിശ്വസിച്ച്‌ അസ്വസ്ഥരാകുന്നു.

3. നമുക്ക്‌ എങ്ങനെ വഞ്ചനയെ പ്രതിരോധിക്കാനാകും?

3 നമ്മുടെ ആത്മവീര്യം കെടുത്താനായി ശത്രു ഉപയോഗിക്കുന്ന ഈ കുതന്ത്രത്തെ പ്രതിരോധിക്കുന്നതിന്‌, ‘കാര്യങ്ങൾ നേരെയാക്കാൻ’ സഹായിക്കുന്ന ദൈവവചനം നമുക്കുള്ളതിൽ നാം നന്ദിയുള്ളവരാണ്‌. (2 തിമൊ. 3:16) ഒന്നാം നൂറ്റാണ്ടിൽ തെസ്സലോനിക്യയിലുണ്ടായിരുന്ന ക്രിസ്‌ത്യാനികളിൽ ചിലർ അസത്യത്തിനു ചെവികൊടുത്ത്‌ വഴിതെറ്റിപ്പോയതായി അപ്പൊസ്‌തലനായ പൗലോസിന്റെ ലേഖനങ്ങളിൽനിന്ന്‌ നാം മനസ്സിലാക്കുന്നു. “സുബോധം വിട്ട്‌ വേഗത്തിൽ ചഞ്ചലപ്പെട്ടു”പോകരുതെന്ന്‌ അവൻ അവരെ ഉദ്‌ബോധിപ്പിച്ചു. (2 തെസ്സ. 2:1, 2) പൗലോസിന്റെ സ്‌നേഹപൂർവമായ ഈ ബുദ്ധിയുപദേശത്തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാനാകും, ഇന്നത്തെ സാഹചര്യത്തിൽ നമുക്ക്‌ അത്‌ എങ്ങനെ ബാധകമാക്കാം?

കാലോചിതമായ മുന്നറിയിപ്പുകൾ

4. യഹോവയുടെ ദിവസത്തിന്റെ വരവിനെപ്പറ്റി തെസ്സലോനിക്യയിലെ ക്രിസ്‌ത്യാനികൾക്ക്‌ മുന്നറിയിപ്പ്‌ ലഭിച്ചത്‌ എങ്ങനെ, ഇന്ന്‌ നമുക്ക്‌ മുന്നറിയിപ്പ്‌ ലഭിക്കുന്നത്‌ എങ്ങനെ?

4 തെസ്സലോനിക്യസഭയ്‌ക്കുള്ള തന്റെ ആദ്യലേഖനത്തിൽ, “യഹോവയുടെ ദിവസം” വരുന്നുവെന്ന വസ്‌തുതയിലേക്ക്‌ പൗലോസ്‌ ശ്രദ്ധ ക്ഷണിച്ചു. തന്റെ സഹോദരങ്ങൾ മുന്നൊരുക്കമില്ലാതെ അന്ധകാരത്തിലായിരിക്കാൻ അവൻ ആഗ്രഹിച്ചില്ല. പകരം, ‘വെളിച്ചത്തിന്റെ മക്കൾ’ എന്ന നിലയിൽ “ഉണർന്നും സുബോധത്തോടെയും” ഇരിക്കാൻ അവൻ അവരെ പ്രബോധിപ്പിച്ചു. (1 തെസ്സലോനിക്യർ 5:1-6 വായിക്കുക.) ഇന്ന്‌, വ്യാജമതലോകസാമ്രാജ്യമായ മഹതിയാം ബാബിലോണിന്റെ നാശം കാത്തിരിക്കുകയാണ്‌ നാം. ആ സംഭവം യഹോവയുടെ മഹാദിവസത്തിനു തുടക്കം കുറിക്കും. സന്തോഷകരമെന്നു പറയട്ടെ, യഹോവയുടെ ഉദ്ദേശ്യത്തിന്റെ സാക്ഷാത്‌കാരത്തെക്കുറിച്ച്‌ ഇന്ന്‌ നമുക്കു വർധിച്ച ഗ്രാഹ്യമുണ്ട്‌. കൂടാതെ, സുബോധം കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന കാലോചിതമുന്നറിയിപ്പുകൾ സഭയിലൂടെ നമുക്കു ക്രമമായി ലഭിക്കുകയും ചെയ്യുന്നു. ആവർത്തിച്ച്‌ ലഭിക്കുന്ന ഈ മുന്നറിയിപ്പുകൾ, “കാര്യബോധത്തോടെ” ദൈവത്തിന്‌ “വിശുദ്ധസേവനം” അർപ്പിക്കാനുള്ള നമ്മുടെ നിശ്ചയത്തെ ദൃഢതരമാക്കുന്നു.—റോമ. 12:1.

പൗലോസിന്റെ ലേഖനങ്ങൾ ക്രിസ്‌ത്യാനികൾക്ക്‌ കാലോചിതമായ മുന്നറിയിപ്പുകൾ നൽകി (4, 5 ഖണ്ഡികകൾ കാണുക)

5, 6. (എ) തെസ്സലോനിക്യർക്കുള്ള രണ്ടാം ലേഖനത്തിൽ പൗലോസ്‌ ഏതു വിഷയമാണ്‌ കൈകാര്യം ചെയ്‌തത്‌? (ബി) യേശു മുഖാന്തരം യഹോവ പെട്ടെന്നുതന്നെ എന്തു ചെയ്യും, നാം സ്വയം ഏതെല്ലാം ചോദ്യങ്ങൾ ചോദിക്കണം?

5 തെസ്സലോനിക്യയിലെ ക്രിസ്‌ത്യാനികൾക്കുള്ള തന്റെ ആദ്യലേഖനം എഴുതി അധികം വൈകാതെ രണ്ടാമത്‌ ഒരു ലേഖനംകൂടി പൗലോസ്‌ അവർക്ക്‌ എഴുതി. ഇതിൽ, കർത്താവായ യേശു ‘ദൈവത്തെ അറിയാത്തവരുടെയും സുവിശേഷം അനുസരിക്കാത്തവരുടെയും’ ദിവ്യന്യായവിധി നടപ്പിലാക്കുന്ന, വരാനിരുന്ന കഷ്ടനാളിലേക്ക്‌ പൗലോസ്‌ ശ്രദ്ധ ക്ഷണിച്ചു. (2 തെസ്സ. 1:6-8) യഹോവയുടെ ദിവസം അന്ന്‌ വളരെ സമീപമാണെന്നു വിശ്വസിച്ചുകൊണ്ട്‌ സഭയിലുള്ള ചിലർ “ആവേശം”കൊണ്ടെന്ന്‌ ലേഖനത്തിന്റെ രണ്ടാം അധ്യായം സൂചിപ്പിക്കുന്നു. (2 തെസ്സലോനിക്യർ 2:1, 2 വായിക്കുക.) ആ ആദിമക്രിസ്‌ത്യാനികൾക്ക്‌ യഹോവയുടെ ഉദ്ദേശ്യത്തിന്റെ സാക്ഷാത്‌കാരത്തെക്കുറിച്ച്‌ പരിമിതമായ ഗ്രാഹ്യമേ ഉണ്ടായിരുന്നുള്ളൂ. പ്രവചനങ്ങളെക്കുറിച്ച്‌ പൗലോസ്‌ പോലും പിന്നീട്‌ ഇങ്ങനെ സമ്മതിച്ചു പറഞ്ഞു: “നാം ഭാഗികമായിമാത്രം അറിയുന്നു; ഭാഗികമായിമാത്രം പ്രവചിക്കുന്നു. എന്നാൽ പൂർണമായതു വരുമ്പോൾ ഭാഗികമായതു നീങ്ങിപ്പോകും.” (1 കൊരി. 13:9, 10) എന്നിരുന്നാലും, പൗലോസും അപ്പൊസ്‌തലനായ പത്രോസും അക്കാലത്തെ വിശ്വസ്‌തരായ മറ്റ്‌ അഭിഷിക്തസഹോദരങ്ങളും എഴുതിയ നിശ്വസ്‌തമുന്നറിയിപ്പുകൾ വിശ്വാസം കാത്തുസൂക്ഷിക്കാൻ അവരെ സജ്ജരാക്കുമായിരുന്നു.

6 കാര്യങ്ങൾ എങ്ങനെ നേരെയാക്കാനാകുമായിരുന്നു? യഹോവയുടെ ദിവസം വരുന്നതിനു മുമ്പ്‌ ഒരു വലിയ വിശ്വാസത്യാഗം സംഭവിക്കുകയും “അധർമമനുഷ്യൻ” വെളിപ്പെടുകയും ചെയ്യേണ്ടതാണെന്ന്‌ പൗലോസ്‌ നിശ്വസ്‌തതയിൽ വിശദീകരിച്ചു. * വഞ്ചിക്കപ്പെട്ട്‌ വഴിതെറ്റിപ്പോയ എല്ലാവരെയും അതിനു ശേഷം കർത്താവായ യേശു തന്റെ തക്കസമയത്ത്‌ “ഒടുക്കിക്കളയും.” അവർക്ക്‌ ഇങ്ങനെയൊരു ന്യായവിധി ലഭിക്കുന്നത്‌ എന്തുകൊണ്ടാണ്‌? “അവർ സത്യത്തെ സ്‌നേഹിച്ചു കൈക്കൊള്ളാത്തതിനാൽത്തന്നെ” എന്ന്‌ അപ്പൊസ്‌തലൻ ചൂണ്ടിക്കാണിച്ചു. (2 തെസ്സ. 2:3, 8-10) അതുകൊണ്ട്‌, നാം ഒരു ആത്മപരിശോധന നടത്തുന്നത്‌ നല്ലതാണ്‌: ‘സത്യത്തോട്‌ എനിക്ക്‌ എത്രമാത്രം സ്‌നേഹമുണ്ട്‌? ദൈവജനത്തിന്റെ ലോകവ്യാപക സഭയ്‌ക്കുവേണ്ടി തയ്യാറാക്കപ്പെടുന്ന ഈ മാസികയിലൂടെയും മറ്റു ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളിലൂടെയും ലഭിക്കുന്ന ഏറ്റവും പുതിയ ഗ്രാഹ്യവുമായി ഞാൻ പരിചിതനാണോ?’

നിങ്ങളുടെ സഹചാരികളെ ജ്ഞാനപൂർവം തിരഞ്ഞെടുക്കുക

7, 8. (എ) ആദിമക്രിസ്‌ത്യാനികൾ ഏത്‌ അപകടങ്ങൾക്കെതിരെ ജാഗ്രത പാലിക്കേണ്ടിയിരുന്നു? (ബി) ഇന്ന്‌ സത്യക്രിസ്‌ത്യാനികൾക്ക്‌ വിശേഷാൽ അപകടഭീഷണി ഉയർത്തുന്നത്‌ എന്താണ്‌?

7 വിശ്വാസത്യാഗികൾക്കും അവരുടെ പഠിപ്പിക്കലുകൾക്കും പുറമേ മറ്റ്‌ അപകടഭീഷണികളും ക്രിസ്‌ത്യാനികൾ നേരിടുമായിരുന്നു എന്നത്‌ ശരിയാണ്‌. “പണസ്‌നേഹം സകലവിധ ദോഷങ്ങൾക്കും മൂലമല്ലോ” എന്ന്‌ പൗലോസ്‌ തിമൊഥെയൊസിന്‌ എഴുതി. “ഈ സ്‌നേഹം ഏറിയിട്ട്‌ ചിലർ വിശ്വാസം വിട്ടകന്ന്‌ പലവിധ വ്യഥകളാൽ തങ്ങളെ ആസകലം കുത്തിമുറിപ്പെടുത്താൻ ഇടയായിരിക്കുന്നു” എന്ന്‌ അപ്പൊസ്‌തലൻ ചൂണ്ടിക്കാണിച്ചു. (1 തിമൊ. 6:10) കൂടാതെ, ‘ജഡത്തിന്റെ പ്രവൃത്തികളും’ അവർക്ക്‌ സദാ ഭീഷണി ഉയർത്തുമായിരുന്നു.—ഗലാ. 5:19-21.

8 എന്നിരുന്നാലും, ‘കള്ളയപ്പൊസ്‌തലന്മാർ’ എന്നു പൗലോസ്‌ മറ്റൊരിടത്ത്‌ വിശേഷിപ്പിച്ച വ്യക്തികൾ ഉയർത്തിയ ഗുരുതരമായ ഭീഷണിക്കെതിരെ അവൻ തെസ്സലോനിക്യർക്ക്‌ ശക്തമായ മുന്നറിയിപ്പ്‌ നൽകിയത്‌ എന്തുകൊണ്ടാണെന്ന്‌ നമുക്കു മനസ്സിലാക്കാനാകും. “ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി ഉപദേശങ്ങളെ വളച്ചൊടിക്കുന്ന” പുരുഷന്മാർ അക്കൂട്ടത്തിലുണ്ടായിരുന്നു. (2 കൊരി. 11:4, 13; പ്രവൃ. 20:30) “കൊള്ളരുതാത്തവരെ നിനക്കു സഹിച്ചുകൂടാ” എന്നു പ്രസ്‌താവിച്ചുകൊണ്ട്‌ യേശു പിന്നീട്‌ എഫെസൊസിലെ സഭയെ അഭിനന്ദിച്ചു. അപ്പൊസ്‌തലന്മാർ എന്ന്‌ അവകാശപ്പെട്ടിരുന്ന ചിലരെ “ശോധനചെയ്‌ത്‌” വാസ്‌തവത്തിൽ അവർ നുണയന്മാരായിരുന്നെന്ന്‌ എഫെസ്യർ മനസ്സിലാക്കി. (വെളി. 2:2) തെസ്സലോനിക്യർക്കുള്ള തന്റെ രണ്ടാമത്തെ ലേഖനത്തിൽ പൗലോസ്‌ ഈ ഉദ്‌ബോധനം നൽകി: “സഹോദരന്മാരേ, . . . ക്രമംകെട്ടുനടക്കുന്ന ഏതു സഹോദരനിൽനിന്നും അകന്നുമാറണമെന്ന്‌ കർത്താവായ യേശുക്രിസ്‌തുവിന്റെ നാമത്തിൽ ഞങ്ങൾ നിങ്ങളോടു കൽപ്പിക്കുന്നു.” അതിനു ശേഷം, “വേല ചെയ്യാൻ മനസ്സില്ലാത്ത” ക്രിസ്‌ത്യാനികളെക്കുറിച്ച്‌ അവൻ എടുത്തുപറയുകയുണ്ടായി. (2 തെസ്സ. 3:6, 10) അത്തരക്കാരെപ്പോലും ക്രമംകെട്ടവർ എന്നു വിളിച്ചെങ്കിൽ മനഃപൂർവം വിശ്വാസത്യാഗത്തിലേക്കു തിരിയുന്നവരെക്കുറിച്ച്‌ അത്‌ എത്രയധികം സത്യമായിരിക്കും! അതെ, അന്ന്‌ അത്തരം വ്യക്തികളുമായുള്ള അടുത്ത സഹവാസം വലിയ അപകടത്തിലേക്ക്‌ നയിക്കുമായിരുന്നു. അതുകൊണ്ടുതന്നെ അവർ അത്‌ ഒഴിവാക്കണമായിരുന്നു. ഇന്ന്‌ നമ്മെ സംബന്ധിച്ചും അതു സത്യമാണ്‌.—സദൃ. 13:20.

9. ആരെങ്കിലും സ്വന്തം ഊഹാപോഹങ്ങൾ ചർച്ച ചെയ്യാനോ വിമർശനമനോഭാവത്തോടെ സംസാരിക്കാനോ തുടങ്ങുന്നെങ്കിൽ നാം ജാഗ്രത പാലിക്കേണ്ടത്‌ എന്തുകൊണ്ട്‌?

9 മഹാകഷ്ടവും ഈ ദുഷ്ടവ്യവസ്ഥിതിയുടെ അവസാനവും സത്വരം സമീപിച്ചുവരുന്നതിനാൽ ഒന്നാം നൂറ്റാണ്ടിൽ നൽകിയ ആ നിശ്വസ്‌തമുന്നറിയിപ്പുകൾക്ക്‌ നമ്മെ സംബന്ധിച്ചിടത്തോളം പ്രസക്തി വർധിച്ചിരിക്കുകയാണ്‌. യഹോവയുടെ അനർഹദയ “വ്യർഥമാക്കിക്കള”യാനും അങ്ങനെ, സ്വർഗത്തിലായാലും ഭൂമിയിലായാലും, നിത്യജീവന്റെ വാഗ്‌ദാനനിവൃത്തി നഷ്ടപ്പെടുത്താനും നാം ഒരിക്കലും ആഗ്രഹിക്കുകയില്ല. (2 കൊരി. 6:1) സഭായോഗങ്ങൾക്കു ഹാജരാകുന്ന ആരെങ്കിലും സ്വന്തം ഊഹാപോഹങ്ങൾ ചർച്ച ചെയ്യാനോ വിമർശനമനോഭാവത്തോടെ സംസാരിക്കാനോ ശ്രമിക്കുന്നെങ്കിൽ നാം നിശ്ചയമായും ജാഗ്രത പാലിക്കണം.—2 തെസ്സ. 3:13-15.

“ഞങ്ങൾ ഉപദേശിച്ചുതന്ന കാര്യങ്ങൾ മുറുകെപ്പിടിക്കുക”

10. ഏത്‌ പഠിപ്പിക്കലുകളോടു പറ്റിനിൽക്കാനാണ്‌ പൗലോസ്‌ തെസ്സലോനിക്യയിലെ ക്രിസ്‌ത്യാനികളെ ബുദ്ധിയുപദേശിച്ചത്‌?

10 ‘ഉറച്ചുനിൽക്കാനും’ പഠിച്ച കാര്യങ്ങൾ മുറുകെപ്പിടിക്കാനും പൗലോസ്‌ തെസ്സലോനിക്യയിലെ തന്റെ സഹോദരങ്ങളെ ബുദ്ധിയുപദേശിച്ചു. (2 തെസ്സലോനിക്യർ 2:15 വായിക്കുക.) ഏത്‌ പഠിപ്പിക്കലുകൾ മുറുകെപ്പിടിക്കാനാണ്‌ പൗലോസ്‌ അവരോട്‌ പറഞ്ഞത്‌? വ്യാജമതങ്ങൾ തിരുവെഴുത്തുസത്യങ്ങളെപ്പോലെതന്നെ അമൂല്യമായി വീക്ഷിക്കുകയും മുറുകെപ്പിടിക്കുകയും ചെയ്‌തിരുന്ന പഠിപ്പിക്കലുകളായിരുന്നില്ല അവ. പകരം, തനിക്കും മറ്റുള്ളവർക്കും യേശുവിൽനിന്നു ലഭിച്ചതും തന്നിലൂടെ ദൈവം വെളിപ്പെടുത്തിയതും ആയ ഉപദേശങ്ങളെയാണ്‌ പൗലോസ്‌ അർഥമാക്കിയത്‌. അവയിലേറെയും നിശ്വസ്‌തതിരുവെഴുത്തുകളുടെ ഭാഗമായിത്തീരുകയും ചെയ്‌തു. കൊരിന്ത്യസഭയിലെ സഹോദരങ്ങളോട്‌, “നിങ്ങൾ എല്ലാ കാര്യങ്ങളിലും എന്നെ ഓർക്കുന്നതിനാലും ഞാൻ കൈമാറിത്തന്ന കീഴ്‌വഴക്കങ്ങൾ അങ്ങനെതന്നെ പിൻപറ്റുന്നതിനാലും ഞാൻ നിങ്ങളെ അനുമോദിക്കുന്നു” എന്ന്‌ പൗലോസ്‌ പറയുകയുണ്ടായി. (1 കൊരി. 11:2) അത്തരം പഠിപ്പിക്കലുകൾ ആശ്രയയോഗ്യമായ ഉറവിൽനിന്നുള്ളതും തന്മൂലം വിശ്വാസയോഗ്യവും ആയിരുന്നു.

11. ഏതൊക്കെ വിധങ്ങളിൽ ചിലർ വഞ്ചനയിൽ പെട്ടുപോയേക്കാം?

11 എബ്രായർക്കെഴുതിയ ലേഖനത്തിൽ, ഒരു ക്രിസ്‌ത്യാനി വിശ്വാസം നഷ്ടപ്പെട്ട്‌ ഉറച്ചുനിൽക്കുന്നതിൽ പരാജയപ്പെടാൻ ഇടയാക്കിയേക്കാവുന്ന രണ്ടു സാഹചര്യങ്ങളിലേക്കു പൗലോസ്‌ വിരൽചൂണ്ടി. (എബ്രായർ 2:1; 3:12 വായിക്കുക.) ‘ഒഴുകിപ്പോകുന്നതിനെക്കുറിച്ചും’ ‘വിട്ടുമാറുന്നതിനെക്കുറിച്ചും’ അവൻ പറഞ്ഞു. തീരത്തുനിന്ന്‌ തന്നെത്താൻ ഒഴുകിനീങ്ങുന്ന ഒരു തോണിയുടെ സാവധാനസഞ്ചാരം ആദ്യമൊന്നും അത്ര തിരിച്ചറിയാവുന്ന തോതിലായിരിക്കില്ല. ക്രമേണ തോണി അകന്നുപോകുന്നു. അതേസമയം, തോണി തള്ളിനീക്കുന്ന ഒരു വ്യക്തി സ്വന്തം പ്രവർത്തനങ്ങളാൽ അതിനെ തീരത്തുനിന്ന്‌ അകറ്റുകയാണ്‌. സത്യത്തിലുളള തങ്ങളുടെ വിശ്വാസം ക്ഷയിച്ചുപോകാൻ അനുവദിച്ചുകൊണ്ട്‌ വഞ്ചനയിൽ പെട്ടുപോകുന്നവരുടെ സാഹചര്യത്തെ ഇവ രണ്ടും നന്നായി വർണിക്കുന്നു.

12. ആധുനികകാലത്തെ എന്തെല്ലാം കാര്യങ്ങൾക്ക്‌ നമ്മുടെ ആത്മീയതയെ ഹനിക്കാനാകും?

12 തെസ്സലോനിക്യരിൽ ചിലർക്ക്‌ അതായിരുന്നിരിക്കാം സംഭവിച്ചത്‌. നമ്മുടെ കാലത്തോ? ആധുനികലോകം സമയം പാഴാക്കുന്ന കാര്യങ്ങൾകൊണ്ട്‌ നിറഞ്ഞിരിക്കുന്നു. സോഷ്യൽ നെറ്റ്‌വർക്കിലൂടെ മറ്റുള്ളവരുമായി സംവദിച്ചും ഇലക്‌ട്രോണിക്‌ സന്ദേശങ്ങൾ വായിച്ചും മറുപടി അയച്ചും ഹോബികളിൽ മുഴുകിയും കായികരംഗത്തെ അനുദിന സംഭവവികാസങ്ങൾ ആരാഞ്ഞും എത്രമാത്രം സമയം പാഴായിപ്പോകുന്നുവെന്നു ചിന്തിക്കുക. ഒരു ക്രിസ്‌ത്യാനിയുടെ ശ്രദ്ധ പതറിക്കാനും തീക്ഷ്‌ണത കെടുത്തിക്കളയാനും പോന്നതാണ്‌ ഇവയിൽ ഏതും. ഫലമോ? ഉള്ളുതുറന്ന പ്രാർഥന, ദൈവവചനത്തിന്റെ പഠനം, യോഗഹാജർ, സുവാർത്താപ്രസംഗവേല ഒക്കെ മുടങ്ങാൻതുടങ്ങുന്നു. അപ്രകാരം വേഗത്തിൽ സുബോധം വിട്ട്‌ ചഞ്ചലപ്പെട്ടുപോകുന്നത്‌ ഒഴിവാക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും?

ചഞ്ചലപ്പെട്ടുപോകുന്നതിനെതിരെ സംരക്ഷണം

13. മുൻകൂട്ടിപ്പറഞ്ഞതുപോലെ അനേകരുടെ മനോഭാവം എങ്ങനെയുള്ളതാണ്‌, വിശ്വാസം കടപുഴകാതിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാനാകും?

13 നാം ജീവിക്കുന്ന കാലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇത്‌ ‘അന്ത്യകാലം’ ആണെന്ന്‌ അംഗീകരിക്കാൻ വിസമ്മതിക്കുന്നവരുമായുള്ള സഹവാസത്തിന്റെ അപകടങ്ങളെക്കുറിച്ചും നാം സദാ ബോധവാന്മാരായിരിക്കണം. അപ്പൊസ്‌തലനായ പത്രോസ്‌ ഇക്കാലത്തെക്കുറിച്ച്‌ ഇങ്ങനെ എഴുതി: ‘സ്വന്തം മോഹങ്ങൾ അനുസരിച്ചുനടക്കുന്ന പരിഹാസികൾ പരിഹാസത്തോടെ വരുമെന്ന്‌ ആദ്യംതന്നെ അറിഞ്ഞുകൊള്ളുവിൻ. “തന്റെ ആഗമനത്തെക്കുറിച്ച്‌ അവൻ വാഗ്‌ദാനം ചെയ്‌തിട്ടെന്ത്‌? നമ്മുടെ പിതാക്കന്മാരുടെ കാലംമുതലേ സകലതും സൃഷ്ടിയുടെ ആരംഭത്തിൽ ഇരുന്നതുപോലെതന്നെ ഇരിക്കുന്നുവല്ലോ” എന്ന്‌ അവർ പറയും.’ (2 പത്രോ. 3:3, 4) ദൈവവചനത്തിന്റെ അനുദിനവായനയും ക്രമമായ പഠനവും, കാലപ്രവാഹത്തിൽ നാം എവിടെയാണെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നമ്മെ പ്രാപ്‌തരാക്കും. നാം ജീവിക്കുന്നത്‌ ‘അന്ത്യകാലത്ത്‌’ ആണെന്ന്‌ എല്ലായ്‌പോഴും മനസ്സിൽപ്പിടിക്കാൻ അതു നമ്മെ സഹായിക്കുന്നു. മുൻകൂട്ടിപ്പറഞ്ഞ വിശ്വാസത്യാഗം ദീർഘനാൾമുമ്പേ പ്രത്യക്ഷമാകുകയും നമ്മുടെ കാലത്തോളം നിലനിൽക്കുകയും ചെയ്‌തിരിക്കുന്നു. “അധർമമനുഷ്യൻ” ഇന്നും രംഗത്തുണ്ട്‌; ദൈവദാസരെ എതിർക്കുന്നതിൽ തുടരുകയും ചെയ്യുന്നു. ഇക്കാരണത്താൽ, യഹോവയുടെ ദിവസം അടുത്തെത്തിയിരിക്കുന്നുവെന്ന്‌ തിരിച്ചറിഞ്ഞുകൊണ്ട്‌ നാം മുമ്പെന്നത്തെക്കാൾ അധികം ജാഗരൂകരായി നിലകൊള്ളണം.—സെഫ. 1:7.

നന്നായി തയ്യാറാകുന്നതും ശുശ്രൂഷയിൽ പങ്കുപറ്റുന്നതും സുബോധം വിട്ട്‌ ‘വേഗത്തിൽ ചഞ്ചലപ്പെട്ടുപോകാതിരിക്കാൻ’ നമ്മെ സഹായിക്കും (14, 15 ഖണ്ഡികകൾ കാണുക)

14. ദൈവസേവനത്തിൽ തിരക്കോടെ ഏർപ്പെടുന്നത്‌ ഒരു സംരക്ഷണമായിരിക്കുന്നത്‌ എങ്ങനെ?

14 രാജ്യസുവാർത്ത പ്രസംഗിക്കുന്നതിൽ ക്രമമായി പങ്കുപറ്റുന്നതാണ്‌ ജാഗ്രത കാത്തുസൂക്ഷിക്കാനും സുബോധം വിട്ട്‌ വേഗത്തിൽ ചഞ്ചലപ്പെട്ടുപോകാതിരിക്കാനും ഉള്ള ഒരു മുഖ്യസഹായം എന്ന്‌ അനുഭവം തെളിയിച്ചിരിക്കുന്നു. സഭയുടെ ശിരസ്സായ യേശു, താൻ ഉപദേശിച്ച കാര്യങ്ങൾ പ്രമാണിക്കാൻ തക്കവണ്ണം സകല ജനതകളിലുമുള്ളവരെ പഠിപ്പിച്ച്‌ ശിഷ്യരാക്കാൻ കല്‌പിച്ചെന്ന്‌ നമുക്ക്‌ അറിയാം. അത്‌ അനുസരിക്കുന്നത്‌ അവന്റെ അനുഗാമികൾക്ക്‌ ഒരു സംരക്ഷണമായി ഉതകുമായിരുന്നു. (മത്താ. 28:19, 20) ആ മാർഗനിർദേശത്തിനു ചേർച്ചയിൽ പ്രവർത്തിക്കുന്നതിന്‌ പ്രസംഗവേലയിൽ നാം തീക്ഷ്‌ണമതികളായിരിക്കേണ്ടതുണ്ട്‌. കേവലം ചടങ്ങെന്നപോലെ യാന്ത്രികമായി പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്‌തുകൊണ്ട്‌ തെസ്സലോനിക്യയിലുണ്ടായിരുന്ന നമ്മുടെ സഹോദരങ്ങൾ തൃപ്‌തിയടയുമായിരുന്നെന്ന്‌ നിങ്ങൾക്കു തോന്നുന്നുണ്ടോ? പൗലോസ്‌ അവരോടു പറഞ്ഞത്‌ ഓർക്കുക: “ആത്മാവിന്റെ അഗ്നി കെടുത്തരുത്‌. പ്രവചനങ്ങളെ തുച്ഛീകരിക്കരുത്‌.” (1 തെസ്സ. 5:19, 20) എത്ര വിസ്‌മയകരമായ പ്രവചനങ്ങളാണ്‌ നാം പഠിക്കുകയും ആളുകളുമായി പങ്കുവെക്കുകയും ചെയ്യുന്നത്‌!

15. കുടുംബാരാധനയിൽ ഏതെല്ലാം പ്രയോജനകരമായ കാര്യങ്ങൾ നമുക്കു പരിചിന്തിക്കാനാകും?

15 വയൽസേവനത്തിലെ പ്രാപ്‌തികൾ മെച്ചപ്പെടുത്താൻ നമ്മുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ നമുക്കെല്ലാം ആഗ്രഹമുണ്ട്‌. അതിനുള്ള ഒരു വിധം കുടുംബാരാധനയിൽ കുറച്ചു സമയം ശുശ്രൂഷയോടു ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതാണെന്ന്‌ അനേകം സഹോദരങ്ങൾ കണ്ടെത്തിയിരിക്കുന്നു. ശുശ്രൂഷയിൽ തങ്ങൾ കണ്ടെത്തിയ താത്‌പര്യക്കാരെ ഓരോ കുടുംബാംഗത്തിനും തുടർന്ന്‌ എങ്ങനെ സഹായിക്കാനാകും എന്നു ചർച്ച ചെയ്യുന്നത്‌ പ്രയോജനകരമായിരിക്കും. അടുത്ത സന്ദർശനത്തിൽ എന്തായിരിക്കും സംസാരിക്കാനാകുക? ഏതൊക്കെ വിഷയങ്ങൾ ചർച്ച ചെയ്യുന്നതായിരിക്കാം വീട്ടുകാരുടെ താത്‌പര്യം ജ്വലിപ്പിക്കുന്നത്‌? ഏതാണ്‌ മടങ്ങിച്ചെല്ലാൻ ഏറ്റവും ഉചിതമായ സമയം? കൂടാതെ, കുടുംബാരാധനയുടെ മറ്റൊരു ഭാഗം സഭായോഗങ്ങൾക്കു തയ്യാറാകാനായി പലരും മാറ്റിവെക്കുന്നു. ഇത്‌ സഭായോഗങ്ങളിൽ പരിചിന്തിക്കാനിരിക്കുന്ന വിവരങ്ങളുമായി പരിചിതരാകാൻ അവരെ സഹായിക്കുന്നു. യോഗങ്ങളിലെ പങ്കുപറ്റൽ ലക്ഷ്യംവെച്ച്‌ നിങ്ങൾക്കു കുറെക്കൂടെ നന്നായി തയ്യാറാകാനാകുമോ? അത്തരം പങ്കുപറ്റൽ നിങ്ങളുടെ വിശ്വാസം ബലിഷ്‌ഠമാക്കും. സുബോധം വിട്ട്‌ ചഞ്ചലപ്പെട്ടുപോകാതിരിക്കാൻ അതു നിങ്ങളെ സഹായിക്കും. (സങ്കീ. 35:18) അതെ, ക്രമമായ കുടുംബാരാധന അഭ്യൂഹങ്ങളിൽനിന്നും സംശയങ്ങളിൽനിന്നും നിങ്ങളെ സംരക്ഷിക്കും.

16. തങ്ങളുടെ കാര്യബോധം കാത്തുസൂക്ഷിക്കാൻ അഭിഷിക്തക്രിസ്‌ത്യാനികളെ എന്തു പ്രോത്സാഹിപ്പിക്കുന്നു?

16 ബൈബിൾപ്രവചനത്തിന്റെ വർധിതമായ ഗ്രാഹ്യത്തിലൂടെ യഹോവ വർഷങ്ങളിലുടനീളം തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്ന വിധത്തെക്കുറിച്ച്‌ ചിന്തിക്കുമ്പോൾ, നമ്മെ കാത്തിരിക്കുന്നത്‌ എത്ര അത്ഭുതാവഹമായ പ്രതിഫലമാണെന്ന്‌ നമുക്ക്‌ തിരിച്ചറിയാനാകും. അഭിഷിക്തർക്ക്‌ സ്വർഗത്തിൽ ക്രിസ്‌തുവിനോടൊപ്പം ചേരാനുള്ള പ്രത്യാശയുണ്ട്‌. തങ്ങളുടെ കാര്യബോധം കാത്തുസൂക്ഷിക്കാൻ അത്‌ അവർക്ക്‌ എത്ര വലിയ പ്രോത്സാഹനമാണ്‌ നൽകുന്നത്‌! പൗലോസ്‌ തെസ്സലോനിക്യർക്ക്‌ എഴുതിയ വാക്കുകൾ അവരുടെ കാര്യത്തിൽ നമുക്ക്‌ ഉചിതമായും ബാധകമാക്കാനാകും: “യഹോവയ്‌ക്കു പ്രിയരായ സഹോദരന്മാരേ, ആത്മാവിനാലുള്ള വിശുദ്ധീകരണം, സത്യത്തിലുള്ള നിങ്ങളുടെ വിശ്വാസം എന്നിവയാൽ . . . ദൈവം നിങ്ങളെ . . . തിരഞ്ഞെടുത്തിരിക്കുന്നതുകൊണ്ട്‌ നിങ്ങൾക്കുവേണ്ടി ദൈവത്തിനു സദാ നന്ദി നൽകാൻ ഞങ്ങൾ കടപ്പെട്ടിരിക്കുന്നു.”—2 തെസ്സ. 2:13.

17. എന്തു പ്രോത്സാഹനമാണ്‌ 2 തെസ്സലോനിക്യർ 3:1-5-ൽ നിങ്ങൾ കണ്ടെത്തുന്നത്‌?

17 സമാനമായി, ഭൂമിയിൽ നിത്യം ജീവിക്കാൻ പ്രത്യാശിക്കുന്നവരും സുബോധം വിട്ട്‌ വേഗത്തിൽ ചഞ്ചലപ്പെട്ടുപോകാതിരിക്കാൻ കഠിനമായി യത്‌നിക്കണം. നിങ്ങൾക്കു ഭൗമികപ്രത്യാശയാണുള്ളതെങ്കിൽ, തെസ്സലോനിക്യയിലുണ്ടായിരുന്ന തന്റെ സഹ അഭിഷിക്തർക്ക്‌ പൗലോസ്‌ നൽകിയ സ്‌നേഹപൂർവമായ പ്രോത്സാഹനം ഹൃദയാ സ്വീകരിക്കുക. (2 തെസ്സലോനിക്യർ 3:1-5 വായിക്കുക.) ആ വാക്കുകളിൽ അന്തർലീനമായ സ്‌നേഹവായ്‌പ്‌ നാം ഓരോരുത്തരും തീർച്ചയായും വിലമതിക്കണം. അതെ, തെസ്സലോനിക്യർക്കുള്ള ലേഖനങ്ങൾ ഊഹാപോഹങ്ങൾക്കും ചോദ്യംചെയ്യത്തക്ക ആശയങ്ങൾക്കും എതിരെ ജീവരക്ഷാകരമായ മുന്നറിയിപ്പുകൾ നൽകുന്നു. വ്യവസ്ഥിതിയുടെ അന്ത്യത്തോട്‌ നാം ഏറ്റവും അടുത്തിരിക്കയാൽ ക്രിസ്‌ത്യാനികളെന്ന നിലയിൽ ഈ മുന്നറിയിപ്പുകൾ നാം അതിയായി വിലമതിക്കുന്നു.

^ പ്രവൃത്തികൾ 20:29, 30 വാക്യങ്ങളിൽ കാണാനാകുന്നതുപോലെ ക്രിസ്‌തീയസഭയ്‌ക്കുള്ളിൽ നിന്നുതന്നെ, “ശിഷ്യന്മാരെ തങ്ങളുടെ പിന്നാലെ വശീകരിച്ചുകൊണ്ടുപോകാനായി ഉപദേശങ്ങളെ വളച്ചൊടിക്കുന്ന പുരുഷന്മാർ . . . എഴുന്നേൽക്കും” എന്നു പൗലോസ്‌ ചൂണ്ടിക്കാണിച്ചു. കാലാന്തരത്തിൽ വൈദിക-അൽമായ വേർതിരിവ്‌ വികാസം പ്രാപിച്ചെന്നു ചരിത്രം സ്ഥിരീകരിക്കുന്നു. എ.ഡി. മൂന്നാം നൂറ്റാണ്ടായപ്പോഴേക്കും “അധർമമനുഷ്യൻ” പ്രത്യക്ഷനായിക്കഴിഞ്ഞിരുന്നു, ക്രൈസ്‌തവലോകത്തിലെ വൈദികവർഗത്തിന്റെ രൂപത്തിൽ.—1991 സെപ്‌റ്റംബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ 12-16 പേജുകൾ കാണുക.