യുവപ്രായത്തിൽ ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്തുക
“യുവാക്കളും യുവതികളും . . . യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.”—സങ്കീ. 148:12, 13.
1. അനേകം യുവക്രിസ്ത്യാനികൾ ഏതെല്ലാം മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കുന്നു?
ചരിത്രപ്രധാനമായ ഒരു കാലത്താണ് നാം ജീവിക്കുന്നത്. മുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒരു വിധത്തിൽ സകല ജനതകളിലുംനിന്നുള്ള ദശലക്ഷങ്ങൾ ഇന്ന് സത്യാരാധനയിലേക്ക് ഒഴുകിയെത്തുകയാണ്. (വെളി. 7:9, 10) ജീവരക്ഷാകരമായ ബൈബിൾസത്യങ്ങൾ മനസ്സിലാക്കാൻ മറ്റുള്ളവരെ സഹായിക്കുന്ന അനേകം യുവജനങ്ങൾക്ക് ആവേശകരമായ പല നല്ല അനുഭവങ്ങളും ആസ്വദിക്കാനാകുന്നു. (വെളി. 22:17) മെച്ചപ്പെട്ട ജീവിതം നയിക്കാൻ അനേകരെ സഹായിച്ചുകൊണ്ട് ചില യുവജനങ്ങൾ ആളുകൾക്ക് ബൈബിളധ്യയനങ്ങൾ നടത്തുന്നു. അന്യഭാഷാപ്രദേശങ്ങളിൽ സുവാർത്ത എത്തിക്കാനായി മറ്റുചില ചെറുപ്പക്കാർ തീക്ഷ്ണതയോടെ പ്രവർത്തിക്കുന്നു. (സങ്കീ. 110:3; യെശ. 52:7) യഹോവയുടെ ജനത്തിന്റെ ആസ്വാദ്യകരമായ ഈ വേലയിൽ ഏറെ സംതൃപ്തികരമായ ഒരു പങ്കുണ്ടായിരിക്കാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?
2. യുവാക്കളെ ഉത്തരവാദിത്വങ്ങൾ ഭരമേൽപ്പിക്കാൻ യഹോവ സന്നദ്ധനാണെന്ന് തിമൊഥെയൊസിന്റെ ദൃഷ്ടാന്തം വ്യക്തമാക്കുന്നത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
2 ചെറുപ്പക്കാരേ, ഭാവിയിൽ ദൈവസേവനത്തിന്റെ പല മണ്ഡലങ്ങളിലേക്കും അവസരത്തിന്റെ വാതിൽ തുറന്നുതന്നേക്കാവുന്ന തിരഞ്ഞെടുപ്പുകൾ നിങ്ങൾക്ക് ഇപ്പോൾത്തന്നെ നടത്താൻ കഴിയും. ഉദാഹരണത്തിന്, ലുസ്ത്രയിൽനിന്നുള്ള തിമൊഥെയൊസ് ജ്ഞാനപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്തി. അത് അവന് കൗമാരപ്രായത്തിന്റെ ഒടുവിലോ ഇരുപതുകളുടെ തുടക്കത്തിലോതന്നെ ഒരു മിഷനറിനിയമനം ലഭിക്കുന്നതിലേക്ക് നയിച്ചു. (പ്രവൃ. 16:1-3) ഒരുപക്ഷേ അതിനു ശേഷം ഏതാനും മാസങ്ങൾക്കുള്ളിൽത്തന്നെ, വിരോധികളുടെ ശക്തമായ എതിർപ്പുനിമിത്തം പൗലോസിന് പുതുതായി രൂപംകൊണ്ട തെസ്സലോനിക്യസഭ വിട്ടുപോരേണ്ടിവന്നപ്പോൾ അവിടേക്ക് മടങ്ങിച്ചെന്ന് സഹോദരങ്ങളെ ബലപ്പെടുത്താനുള്ള ദൗത്യം പൗലോസ് യുവാവായ തിമൊഥെയൊസിനെ ഭരമേൽപ്പിച്ചു. (പ്രവൃ. 17:5-15; 1 തെസ്സ. 3:1, 2, 6) ആ നിയമനം ലഭിച്ചപ്പോഴുള്ള തിമൊഥെയൊസിന്റെ വികാരങ്ങൾ നിങ്ങൾക്ക് ഊഹിക്കാനാകുമോ?
നിങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ്
3. ജീവിതത്തിൽ നിങ്ങൾ നടത്തേണ്ട ഏറ്റവും പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് ഏതാണ്, എപ്പോഴാണ് നിങ്ങൾക്ക് ആ തീരുമാനമെടുക്കാനാകുന്നത്?
3 നിർണായകമായ പല തിരഞ്ഞെടുപ്പുകളും നടത്തേണ്ട സമയമാണ് യൗവനകാലം. ആ തിരഞ്ഞെടുപ്പുകളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നുണ്ട്—യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ തീരുമാനം. ആ തീരുമാനമെടുക്കാനുള്ള ഏറ്റവും അനുയോജ്യസമയം ഏതാണ്? യഹോവ പറയുന്നു: “നിന്റെ യൌവനകാലത്തു നിന്റെ സ്രഷ്ടാവിനെ ഓർത്തുകൊൾക.” (സഭാ. 12:1) യഹോവയെ ‘ഓർത്തുകൊള്ളാനുള്ള’ സ്വീകാര്യമായ ഏകവിധം പൂർണഹൃദയത്തോടെ അവനെ സേവിക്കുക എന്നതാണ്. (ആവ. 10:12, 13) നിങ്ങളുടെ ജീവിതത്തിലെ എക്കാലത്തെയും ഏറ്റവും പ്രധാനപ്പെട്ട തീരുമാനമാണ് അത്. നിങ്ങളുടെ മുഴുഭാവിജീവിതത്തെയും അത് രൂപപ്പെടുത്തും.—സങ്കീ. 71:5.
4. ദൈവത്തെ സേവിക്കാനുള്ള തീരുമാനത്തിനു പുറമേ മറ്റെന്തെല്ലാം തീരുമാനങ്ങൾ നിങ്ങളുടെ ദൈവസേവനത്തെ ബാധിക്കും?
4 എന്നിരുന്നാലും, യഹോവയെ സേവിക്കാനുള്ള തീരുമാനം മാത്രമല്ല നിങ്ങളുടെ ഭാവിയെ ബാധിക്കുന്ന ഏകതിരഞ്ഞെടുപ്പ്. ഉദാഹരണത്തിന്, ‘ഞാൻ വിവാഹം കഴിക്കണമോ, ആരെയായിരിക്കും ഞാൻ വിവാഹം കഴിക്കുക, ഞാൻ എന്ത് ഉപജീവനമാർഗം കണ്ടെത്തും’ എന്നൊക്കെ നിങ്ങൾ ചിന്തിച്ചേക്കാം. ഇവയെല്ലാം പ്രധാനപ്പെട്ട തീരുമാനങ്ങളാണ് എന്നത് ശരിതന്നെ. എന്നാൽ യഹോവയെ സാധ്യമായത്ര പൂർണമായി സേവിക്കാനുള്ള തീരുമാനം ഏറ്റവും ആദ്യം എടുത്തുകൊണ്ട് നിങ്ങൾക്ക് ജ്ഞാനപൂർവം പ്രവർത്തിക്കാനാകും. (ആവ. 30:19, 20) എന്തുകൊണ്ട്? കാരണം ഈ തിരഞ്ഞെടുപ്പുകളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. വിവാഹത്തെയും തൊഴിലിനെയും കുറിച്ച് നിങ്ങൾ എടുക്കുന്ന തീരുമാനങ്ങൾ നിങ്ങളുടെ ദൈവസേവനത്തെ അനുകൂലമായോ പ്രതികൂലമായോ ബാധിക്കും. (ലൂക്കോസ് 14:16-20 താരതമ്യം ചെയ്യുക.) തിരിച്ചും അത് അങ്ങനെതന്നെയാണ്. യഹോവയെ സേവിക്കാനുള്ള നിങ്ങളുടെ ആഗ്രഹം വിവാഹത്തെയും തൊഴിലിനെയും സംബന്ധിച്ചുള്ള നിങ്ങളുടെ തിരഞ്ഞെടുപ്പുകളെയും ബാധിക്കും. അതുകൊണ്ട്, പ്രാധാന്യമേറിയ കാര്യങ്ങളിൽ ആദ്യം തീരുമാനമെടുക്കുക.—ഫിലി. 1:10.
യൗവനകാലം നിങ്ങൾ എങ്ങനെ ചെലവഴിക്കും?
5, 6. ശരിയായ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് പിന്നീട് നല്ല അനുഭവങ്ങൾ ആസ്വദിക്കുന്നതിലേക്ക് നയിക്കുന്നത് എങ്ങനെയെന്ന് ദൃഷ്ടാന്തീകരിക്കുക. (ഈ ലക്കത്തിലുള്ള, “ചെറുപ്പത്തിലേ ഞാൻ അത് തിരഞ്ഞെടുത്തു” എന്ന ലേഖനവും കാണുക.)
5 ദൈവത്തെ സേവിക്കാനുള്ള തീരുമാനമെടുത്തുകഴിഞ്ഞാൽപ്പിന്നെ, നിങ്ങൾ എന്ത് ചെയ്യാനാണ് അവൻ ആഗ്രഹിക്കുന്നത് എന്നതിനെക്കുറിച്ച് ചിന്തിക്കാനാകും. കൂടാതെ, നിങ്ങൾ എങ്ങനെ അവനെ സേവിക്കുമെന്നും നിങ്ങൾക്ക് തീരുമാനിക്കാനാകും. ജപ്പാൻകാരനായ ഒരു സഹോദരൻ എഴുതുന്നു: “എനിക്ക് 14 വയസ്സുണ്ടായിരുന്നപ്പോൾ സഭയിലെ ഒരു മൂപ്പനോടൊപ്പം പ്രസംഗവേലയിലായിരിക്കെ ശുശ്രൂഷ ഞാൻ ഒട്ടും ആസ്വദിക്കുന്നില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. സൗമ്യമായി അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു: ‘യൂയ്ചിറോ, നീ വീട്ടിൽപ്പോയി എവിടെയെങ്കിലും സ്വസ്ഥമായി ഇരുന്നിട്ട് യഹോവ നിനക്കുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ച് ഒന്ന് ചിന്തിച്ചുനോക്കുക.’ അദ്ദേഹം പറഞ്ഞതുപോലെതന്നെ ഞാൻ ചെയ്തു. വാസ്തവത്തിൽ, ദിവസങ്ങളോളം ഞാൻ അതെക്കുറിച്ച് ചിന്തിക്കുകയും പ്രാർഥിക്കുകയും ചെയ്തു. ക്രമേണ എന്റെ മനോഭാവത്തിന് മാറ്റം വന്നു. അധികം വൈകാതെ യഹോവയെ സേവിക്കുന്നത് ഞാൻ ആസ്വദിച്ച് തുടങ്ങി. മിഷനറിമാരെക്കുറിച്ച് വായിക്കുന്നത് എനിക്ക് ഇഷ്ടമായിരുന്നു. ദൈവത്തെ കൂടുതൽ തികവോടെ സേവിക്കുന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കാൻ തുടങ്ങി.
6 “എന്നെങ്കിലും ഒരുനാൾ ഒരു വിദേശരാജ്യത്ത് പോയി യഹോവയെ സേവിക്കുന്നതിന് എന്നെ സഹായിക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്താൻ ഞാൻ തീരുമാനിച്ചു,” യൂയ്ചിറോ തുടരുന്നു. “ഉദാഹരണത്തിന്, ഞാൻ ഒരു ഇംഗ്ലീഷ് കോഴ്സിന് ചേർന്നു. പയനിയറിങ് നടത്തുക എന്ന ലക്ഷ്യത്തിൽ സ്കൂൾപഠനത്തിനു ശേഷം ഇംഗ്ലീഷ് അധ്യാപകനായി ഒരു അംശകാലജോലി ഞാൻ തിരഞ്ഞെടുത്തു. 20 വയസ്സായപ്പോൾ ഞാൻ മംഗോളിയൻ ഭാഷ പഠിക്കാൻ തുടങ്ങി. കൂടാതെ, മംഗോളിയൻ ഭാഷ സംസാരിക്കുന്ന ഒരുകൂട്ടം പ്രസാധകരെ സന്ദർശിക്കാനും എനിക്ക് അവസരം ലഭിച്ചു. രണ്ടു വർഷത്തിനു ശേഷം, 2007-ൽ ഞാൻ മംഗോളിയ സന്ദർശിച്ചു. ചില പയനിയർമാരോടൊപ്പം പ്രസംഗവേലയ്ക്കു പോയപ്പോൾ അവിടെ ധാരാളം സത്യാന്വേഷികളുണ്ടെന്ന് എനിക്കു മനസ്സിലായി. അവിടേക്കു മാറിത്താമസിച്ച് അവരെ സഹായിക്കാൻ ഞാൻ ആഗ്രഹിച്ചു. അതിനുള്ള ആസൂത്രണങ്ങൾ നടത്താനായി ഞാൻ ജപ്പാനിലേക്ക് തിരിച്ചുപോയി. 2008 ഏപ്രിൽ മുതൽ ഞാൻ മംഗോളിയയിൽ പയനിയറിങ് ചെയ്യുകയാണ്. ഇവിടെ ജീവിതം അത്ര സുഗമമല്ല. പക്ഷേ, ആളുകൾ സുവാർത്തയോട് നന്നായി പ്രതികരിക്കുന്നുണ്ട്. യഹോവയോട് അടുത്തുചെല്ലാൻ അവരെ സഹായിക്കാനും എനിക്കാകുന്നു. ജീവിതം നയിക്കാൻ ഏറ്റവും മെച്ചമായ മാർഗംതന്നെയാണ് ഞാൻ തിരഞ്ഞെടുത്തത് എന്ന് എനിക്ക് ഉറപ്പുണ്ട്.”
7. ഓരോ വ്യക്തിയും തനിക്കായിത്തന്നെ എടുക്കേണ്ട ചില തീരുമാനങ്ങൾ ഏവ, മോശ നമുക്ക് എന്തു മാതൃക വെച്ചു?
7 യഹോവയുടെ ഒരു സാക്ഷി എന്ന നിലയിൽ സ്വന്തം ജീവിതനാളുകൾ എങ്ങനെ വിനിയോഗിക്കും എന്ന് ഓരോരുത്തരും വ്യക്തിപരമായി തീരുമാനിക്കണം. (യോശു. 24:15) നിങ്ങൾ വിവാഹം കഴിക്കണമോ വേണ്ടയോ, ആരെ വിവാഹം കഴിക്കണം, ഏത് തൊഴിൽ സമ്പാദിക്കണം എന്നൊക്കെ ഞങ്ങൾക്ക് പറയാനാവില്ല. അധികം പരിശീലനം ആവശ്യമില്ലാത്ത ഒരു ജോലി നിങ്ങൾക്ക് തിരഞ്ഞെടുക്കാനാകുമോ? ക്രിസ്തീയചെറുപ്പക്കാരായ നിങ്ങളിൽ ചിലർ ദരിദ്രഗ്രാമങ്ങളിലും മറ്റുചിലർ സമ്പന്നനഗരങ്ങളിലും ആയിരിക്കും ജീവിക്കുന്നത്. ലോകവ്യാപകമായി നിങ്ങൾ വ്യക്തിത്വം, പ്രാപ്തി, അനുഭവപരിചയം, അഭിരുചി, വിശ്വാസം എന്നീ കാര്യങ്ങളിൽ വ്യത്യസ്തരായിരുന്നേക്കാം. പുരാതന ഈജിപ്തിലെ എബ്രായയുവാക്കൾ യുവാവായ മോശയിൽനിന്ന് വ്യത്യസ്തരായിരുന്നതുപോലെ നിങ്ങളും വ്യത്യസ്തമായ സാഹചര്യങ്ങളിലുള്ളവരായിരുന്നേക്കാം. മോശ രാജകൊട്ടാരത്തിലെ സൗഭാഗ്യങ്ങൾക്കു നടുവിലായിരുന്നപ്പോൾ മറ്റ് എബ്രായയുവാക്കളാകട്ടെ ഈജിപ്തിൽ അടിമകളായിരുന്നു. (പുറ. 1:13, 14; പ്രവൃ. 7:21, 22) നിങ്ങളെപ്പോലെ അവരും ചരിത്രപ്രധാനമായ ഒരു കാലഘട്ടത്തിലാണ് ജീവിച്ചിരുന്നത്. (പുറ. 19:4-6) സ്വന്തം ജീവിതനാളുകൾ എങ്ങനെ വിനിയോഗിക്കണമെന്ന് ഓരോരുത്തരും തീരുമാനിക്കണമായിരുന്നു. മോശ ശരിയായ തിരഞ്ഞെടുപ്പ് നടത്തി.—എബ്രായർ 11:24-27 വായിക്കുക.
8. ജീവിതത്തിലെ തിരഞ്ഞെടുപ്പുകളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുന്ന യുവാക്കൾക്ക് എന്ത് സഹായം ലഭ്യമാണ്?
8 യുവപ്രായത്തിൽ ജ്ഞാനപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്താൻ യഹോവ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ഓരോരുത്തരുടെയും വ്യതിരിക്തമായ സാഹചര്യങ്ങളിൽ തീരുമാനമെടുക്കാൻ നിങ്ങളെ സഹായിക്കുന്ന ബുദ്ധിയുപദേശം ബൈബിൾതത്ത്വങ്ങളുടെ രൂപത്തിൽ അവൻ പ്രദാനം ചെയ്യുന്നു. (സങ്കീ. 32:8) കൂടാതെ, ഈ തത്ത്വങ്ങൾ ബാധകമാകുന്നത് എങ്ങനെയെന്ന് വിവേചിച്ച് തീരുമാനങ്ങളെടുക്കാൻ വിശ്വാസികളായ മാതാപിതാക്കൾക്കും സഭയിലെ മൂപ്പന്മാർക്കും നിങ്ങളെ സഹായിക്കാനാകും. (സദൃ. 1:8, 9) ഭാവിജീവിതം ഭാസുരമാക്കുന്ന ജ്ഞാനപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്താൻ നിങ്ങളെ സഹായിക്കുന്ന മൂന്ന് അടിസ്ഥാന ബൈബിൾതത്ത്വങ്ങൾ നമുക്ക് പരിചിന്തിക്കാം.
നിങ്ങളെ വഴിനയിക്കാൻ മൂന്ന് ബൈബിൾതത്ത്വങ്ങൾ
9. (എ) തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിക്കൊണ്ട് യഹോവ നമ്മെ മാനിച്ചിരിക്കുന്നത് എങ്ങനെ? (ബി) ‘ഒന്നാമത് രാജ്യം അന്വേഷിക്കുന്നത്’ നമുക്ക് ഏത് അവസരങ്ങൾ തുറന്നുതരുന്നു?
9 ഒന്നാമത് രാജ്യവും അവന്റെ നീതിയും അന്വേഷിക്കുവിൻ. (മത്തായി 6:19-21, 24-26, 31-34 വായിക്കുക.) തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകിക്കൊണ്ട് യഹോവ നമ്മെ മാനിച്ചിരിക്കുന്നു. രാജ്യപ്രസംഗവേലയ്ക്കുവേണ്ടി നിങ്ങളുടെ യൗവനം എത്രത്തോളം ചെലവിടണമെന്ന് അവൻ പറയുന്നില്ല. എന്നാൽ, ഒന്നാമത് രാജ്യം അന്വേഷിക്കുവിൻ എന്ന സഹായകമായ തത്ത്വം യേശു നമുക്ക് നൽകിയിട്ടുണ്ട്. ആ വാക്കുകളോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നുവോ അതനുസരിച്ചായിരിക്കും ദൈവത്തോട് സ്നേഹവും അയൽക്കാരോട് കരുതലും നിത്യജീവന്റെ പ്രത്യാശയോട് വിലമതിപ്പും കാണിക്കാൻ നിങ്ങൾക്ക് അവസരങ്ങൾ ലഭിക്കുന്നത്. വിവാഹത്തോടും തൊഴിലിനോടും ബന്ധപ്പെട്ട നിങ്ങളുടെ തിരഞ്ഞെടുപ്പുകൾ എന്തു വെളിപ്പെടുത്തുന്നു എന്ന് ചിന്തിക്കുക. ദൈവത്തിന്റെ രാജ്യവും നീതിയും സംബന്ധിച്ചുള്ള നിങ്ങളുടെ തീക്ഷ്ണതയെക്കാൾ ഭൗതികാവശ്യങ്ങൾ സംബന്ധിച്ചുള്ള നിങ്ങളുടെ ഉത്കണ്ഠയാണോ അവ പ്രതിഫലിപ്പിക്കുന്നത്?
10. യേശുവിനെ സന്തുഷ്ടനാക്കിയത് എന്താണ്, ഏതു തിരഞ്ഞെടുപ്പുകൾ നിങ്ങളെ സന്തുഷ്ടരാക്കും?
10 മറ്റുള്ളവരെ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്തുക. (പ്രവൃത്തികൾ 20:20, 21, 24, 35 വായിക്കുക.) ജീവിതത്തിലെ ഈ അടിസ്ഥാനതത്ത്വം യേശു ദയാപൂർവം നമ്മെ പഠിപ്പിച്ചു. സ്വന്തം ഇഷ്ടത്തെക്കാൾ പിതാവിന്റെ ഇഷ്ടം ചെയ്യുന്നതിന് പ്രാധാന്യം കൊടുത്തതു നിമിത്തം യേശു വളരെ സന്തുഷ്ടനായ ഒരു വ്യക്തിയായിരുന്നു. സൗമ്യരായ ആളുകൾ സുവാർത്തയോടു പ്രതികരിച്ചതു കണ്ടപ്പോൾ യേശു ആഹ്ലാദിച്ചു. (ലൂക്കോ. 10:21; യോഹ. 4:34) മറ്റുള്ളവരെ സഹായിക്കുന്നതിന്റെ സന്തോഷം ഒരുപക്ഷേ നിങ്ങൾ ഇതിനോടകംതന്നെ അനുഭവിച്ചിട്ടുണ്ടാകും. നിങ്ങളുടെ ജീവിതത്തിലെ സുപ്രധാനമായ തിരഞ്ഞെടുപ്പുകൾ യേശു പഠിപ്പിച്ച തത്ത്വങ്ങളെ അടിസ്ഥാനമാക്കി നടത്തുന്നെങ്കിൽ അത് നിങ്ങൾക്ക് വളരെയേറെ സന്തോഷം കൈവരുത്തും. തീർച്ചയായും അത് യഹോവയുടെ ഹൃദയത്തെയും സന്തോഷിപ്പിക്കും.—സദൃ. 27:11.
11. ബാരൂക്കിന് സന്തോഷം നഷ്ടപ്പെട്ടത് എന്തുകൊണ്ട്, യഹോവ അവന് എന്തു ബുദ്ധിയുപദേശം നൽകി?
11 യഹോവയെ സേവിക്കുന്നതിൽനിന്നാണ് ഏറ്റവും വലിയ സന്തോഷം ഉളവാകുന്നത്. (സദൃ. 16:20) യിരെമ്യാവിന്റെ സെക്രട്ടറിയായിരുന്ന ബാരൂക്ക് അത് വിസ്മരിച്ചതായി തോന്നുന്നു. ഒരു ഘട്ടത്തിൽ അവൻ യഹോവയുടെ സേവനത്തിൽ സന്തോഷം ആസ്വദിക്കാതായി. യഹോവ അവനോട് ഇങ്ങനെ പറഞ്ഞു: “നീ നിനക്കായിട്ടു വലിയകാര്യങ്ങളെ ആഗ്രഹിക്കുന്നുവോ? ആഗ്രഹിക്കരുതു; ഞാൻ സർവ്വജഡത്തിന്നും അനർത്ഥം വരുത്തും . . . എങ്കിലും നീ പോകുന്ന എല്ലാ ഇടത്തും ഞാൻ നിന്റെ ജീവനെ നിനക്കു കൊള്ളപോലെ തരും.” (യിരെ. 45:3, 5) നിങ്ങൾക്ക് എന്തു തോന്നുന്നു? തനിക്കായിത്തന്നെ വലിയ കാര്യങ്ങൾ തേടുന്നതായിരുന്നോ, അതോ ദൈവത്തിന്റെ വിശ്വസ്തദാസനെന്ന നിലയിൽ യെരുശലേമിന്റെ നാശത്തെ അതിജീവിക്കുന്നതായിരുന്നോ ബാരൂക്കിനെ സന്തുഷ്ടനാക്കുമായിരുന്നത്?—യാക്കോ. 1:12.
12. ഏത് തിരഞ്ഞെടുപ്പാണ് റാമീറോയെ ഒരു സന്തുഷ്ടജീവിതത്തിലേക്ക് നയിച്ചത്?
12 മറ്റുള്ളവരെ സേവിക്കുന്നതിൽ സന്തോഷം കണ്ടെത്തിയ ഒരു സഹോദരനാണ് റാമീറോ. അദ്ദേഹം പറയുന്നു: “ആൻഡിസ് പർവതനിരകളിലുള്ള ഒരു ഗ്രാമത്തിൽ ഒരു നിർധനകുടുംബത്തിലാണ് ഞാൻ ജനിച്ചത്. യൂണിവേഴ്സിറ്റി വിദ്യാഭ്യാസം നേടാനുള്ള പണം ജ്യേഷ്ഠൻ നൽകാമെന്ന് ഏറ്റപ്പോൾ എനിക്ക് അതൊരു സുവർണാവസരമായിരുന്നു. പക്ഷേ, ആയിടെ യഹോവയുടെ സാക്ഷിയായി സ്നാനമേറ്റ എനിക്കു മുമ്പിൽ അവസരത്തിന്റെ മറ്റൊരു വാതിലും തുറന്നുകിടന്നു. ഒരു ചെറിയ പട്ടണത്തിൽ പ്രസംഗവേലയ്ക്കായി കൂടെപ്പോരാൻ താത്പര്യമുണ്ടോ എന്ന് ഒരു പയനിയർ എന്നോടു ചോദിച്ചു. ഞാൻ ആ ക്ഷണം സ്വീകരിച്ചു. അവിടെച്ചെന്ന് മുടിവെട്ട് പഠിച്ച്, ഉപജീവനമാർഗം എന്നനിലയിൽ ഞാൻ ഒരു ബാർബർഷോപ്പ് തുടങ്ങി. ഞങ്ങൾ ബൈബിൾ പഠിപ്പിക്കാമെന്നു പറഞ്ഞപ്പോൾ പലരും വിലമതിപ്പോടെ പ്രതികരിച്ചു. ഒരു തദ്ദേശഭാഷയിൽ പുതുതായി രൂപംകൊണ്ട ഒരു സഭയിലേക്ക് പിന്നീട് ഞാൻ മാറി. ഇപ്പോൾ പത്തു വർഷമായി ഞാൻ ഒരു മുഴുസമയശുശ്രൂഷകനാണ്. ആളുകളെ അവരുടെ സ്വന്തം ഭാഷയിൽ സുവാർത്ത പഠിക്കാൻ സഹായിക്കുമ്പോൾ ലഭിക്കുന്ന ആ സന്തോഷം ഒന്നു വേറെതന്നെയാണ്. അതു നൽകാൻ മറ്റൊരു ജോലിക്കും കഴിയില്ല.”
13. യഹോവയെ തികവോടെ സേവിക്കാൻ യൗവനകാലം അനുയോജ്യമായ ഒരു സമയമായിരിക്കുന്നത് എന്തുകൊണ്ട്?
13 യുവപ്രായത്തിൽ യഹോവയെ സേവിക്കുന്നത് ആസ്വദിക്കുക. (സഭാപ്രസംഗി 12:1 വായിക്കുക.) ആദ്യംതന്നെ ഒരു നല്ല ജോലി സമ്പാദിക്കണം, എങ്കിൽ മാത്രമേ പിൽക്കാലത്ത് സ്വസ്ഥമായി യഹോവയെ സേവിക്കാനാകൂ എന്ന് നിങ്ങൾ വിചാരിക്കേണ്ടതില്ല. യഹോവയെ പൂർണമായി സേവിച്ച് തുടങ്ങാൻ ഏറ്റവും മികച്ച ഒരു സമയമാണ് യുവപ്രായം. ഈ പ്രായത്തിൽ കുടുംബോത്തരവാദിത്വങ്ങൾ കുറവായിരിക്കുമെന്നു മാത്രമല്ല വെല്ലുവിളി നിറഞ്ഞ നിയമനങ്ങൾ ഏറ്റെടുക്കാനുള്ള ആരോഗ്യവും ചുറുചുറുക്കും ഉണ്ടായിരിക്കുകയും ചെയ്യും. നിങ്ങളുടെ യൗവനകാലത്ത് യഹോവയ്ക്കുവേണ്ടി എന്തു ചെയ്യാനാണ് നിങ്ങൾ ആഗ്രഹിക്കുന്നത്? ഒരു പയനിയറാകാൻ ഒരുപക്ഷേ നിങ്ങൾ ലക്ഷ്യംവെച്ചിട്ടുണ്ടാകും. അല്ലെങ്കിൽ ഒരു അന്യഭാഷാപ്രദേശത്ത് സേവിക്കാനായിരിക്കും നിങ്ങളുടെ ആഗ്രഹം. അതുമല്ലെങ്കിൽ സ്വന്തം സഭയിൽത്തന്നെ ഏറെ തികവോടെ സേവിക്കാനുള്ള അവസരങ്ങൾ നിങ്ങൾ കാണുന്നുണ്ടാകും. ദൈവസേവനത്തിൽ നിങ്ങളുടെ ലാക്കുകൾ എന്തുതന്നെയായാലും ഒരു ഉപജീവനമാർഗം നിങ്ങൾക്ക് ആവശ്യമാണ്. നിങ്ങൾ ഏത് തൊഴിൽ തിരഞ്ഞെടുക്കും? അതിന് നിങ്ങൾക്ക് എന്തുമാത്രം പരിശീലനം വേണ്ടിവരും?
ബൈബിൾതത്ത്വങ്ങൾ മാർഗദീപമാക്കി ജ്ഞാനപൂർവം തിരഞ്ഞെടുപ്പുകൾ നടത്തുക
14. ഭാവിയിലേക്ക് പദ്ധതികൾ തയ്യാറാക്കുമ്പോൾ എന്തു ജാഗ്രത പുലർത്തണം?
14 നാം പരിചിന്തിച്ച മൂന്ന് ബൈബിൾതത്ത്വങ്ങൾ, തിരഞ്ഞെടുക്കേണ്ട തൊഴിൽ ഏതെന്ന് വിലയിരുത്താൻ നിങ്ങളെ സഹായിക്കും. പ്രാദേശികതൊഴിലവസരങ്ങളെക്കുറിച്ച് നിങ്ങളുടെ സ്കൂൾ-ഉപദേഷ്ടാക്കൾക്ക് അറിയാമായിരിക്കും. നിങ്ങളുടെ പ്രദേശത്തോ നിങ്ങൾ സേവിക്കാൻ ആഗ്രഹിക്കുന്ന പ്രദേശത്തോ ലഭ്യമായ തൊഴിലുകളെക്കുറിച്ച് വിവരങ്ങൾ നൽകാൻ ചില സർക്കാർ ഏജൻസികൾക്കു കഴിഞ്ഞേക്കാം. ഇത്തരം ഉറവിടങ്ങളിൽനിന്നുള്ള വിവരങ്ങൾ സഹായകമായിരുന്നേക്കാമെങ്കിലും നിങ്ങൾ ജാഗ്രത പുലർത്തേണ്ട ആവശ്യമുണ്ട്. യഹോവയെ സ്നേഹിക്കാത്ത ആളുകൾ നിങ്ങളുടെ ഹൃദയത്തിൽ ലോകത്തോടുള്ള സ്നേഹം ഉൾനടാൻ ശ്രമിച്ചേക്കാം. (1 യോഹ. 2:15-17) ലോകം വെച്ചുനീട്ടുന്ന അവസരങ്ങളിലേക്ക് കണ്ണുപായിച്ചാൽ ഹൃദയത്തിന് നിങ്ങളെ എളുപ്പം വഞ്ചിക്കാൻ കഴിയും.—സദൃശവാക്യങ്ങൾ 14:15 വായിക്കുക; യിരെ. 17:9.
15, 16. തൊഴിൽ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ ആർക്കാണ് നിങ്ങളെ ഏറ്റവും നന്നായി സഹായിക്കാൻ കഴിയുന്നത്?
15 തൊഴിൽസാധ്യതകൾ മനസ്സിലാക്കിക്കഴിഞ്ഞാൽപ്പിന്നെ ശരിയായ മാർഗനിർദേശം നിങ്ങൾക്ക് ആവശ്യമാണ്. (സദൃ. 1:5) ബൈബിൾതത്ത്വങ്ങളുടെ വെളിച്ചത്തിൽ തൊഴിൽസാധ്യതകൾ വിലയിരുത്താൻ ആർക്ക് നിങ്ങളെ സഹായിക്കാനാകും? യഹോവയെ സ്നേഹിക്കുന്ന, നിങ്ങളെ സ്നേഹിക്കുന്ന, നിങ്ങളെയും നിങ്ങളുടെ സാഹചര്യത്തെയും നന്നായി മനസ്സിലാക്കുന്ന വ്യക്തികൾ പറയുന്നത് ശ്രദ്ധിക്കുക. നിങ്ങളുടെ അഭിരുചിയും ആന്തരവും വിശകലനം ചെയ്യാൻ അവർ നിങ്ങളെ സഹായിക്കും. നിങ്ങളുടെ ലാക്കുകൾ പുനഃപരിശോധിക്കാൻ അവരുടെ വാക്കുകൾ സഹായിച്ചേക്കാം. യഹോവയെ സ്നേഹിക്കുന്ന മാതാപിതാക്കളാണ് നിങ്ങൾക്കുള്ളതെങ്കിൽ അത് എത്ര വലിയ ഒരു അനുഗ്രഹമാണ്! അതുപോലെ, നിങ്ങളെ വഴിനയിക്കാൻ കഴിയുന്ന ആത്മീയയോഗ്യതയുള്ള പുരുഷന്മാരാണ് സഭയിലെ മൂപ്പന്മാർ. കൂടാതെ, പയനിയർമാരോടും സഞ്ചാര മേൽവിചാരകന്മാരോടും സംസാരിക്കുക. അവർ മുഴുസമയസേവനം തിരഞ്ഞെടുക്കാൻ തീരുമാനിച്ചത് എന്തുകൊണ്ടായിരുന്നു? എങ്ങനെയാണ് അവർക്ക് പയനിയറിങ് തുടങ്ങാൻ കഴിഞ്ഞത്? ഉപജീവനത്തിനായി അവർ എന്താണ് ചെയ്യുന്നത്? ശുശ്രൂഷ അവർക്ക് സംതൃപ്തി പകർന്നിരിക്കുന്നത് എങ്ങനെ?—സദൃ. 15:22.
16 നിങ്ങൾക്ക് വിവേകപൂർവം ബുദ്ധിയുപദേശം നൽകാൻ നിങ്ങളെ നന്നായി അറിയാവുന്നവർക്ക് സാധിക്കും. ഉദാഹരണത്തിന്, സ്കൂൾവിദ്യാഭ്യാസത്തിൽ ഉൾപ്പെടുന്ന കഠിനാധ്വാനം നിങ്ങൾക്ക് അത്ര താത്പര്യമില്ലാത്തതുകൊണ്ട് സ്കൂൾപഠനം നിറുത്തിക്കളഞ്ഞ് പയനിയറിങ് തുടങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നു എന്നു കരുതുക. നിങ്ങളെ സ്നേഹിക്കുന്ന ഒരു വ്യക്തി നിങ്ങളുടെ ഉള്ളിലെ ആ ചിന്ത വിവേചിച്ചറിയുകയും, പെട്ടെന്ന് മടുത്തു പിന്മാറാതെ സ്ഥിരോത്സാഹം നട്ടുവളർത്താൻ സ്കൂൾവിദ്യാഭ്യാസകാലഘട്ടം നിങ്ങളെ പ്രാപ്തനാക്കും എന്നു തിരിച്ചറിയാൻ നിങ്ങളെ സഹായിക്കുകയും ചെയ്തേക്കാം. ഓർക്കുക: യഹോവയെ പൂർണമായി സേവിക്കാൻ ആ സുപ്രധാനഗുണം നിങ്ങൾക്ക് കൂടിയേ തീരൂ.—സങ്കീ. 141:5; സദൃ. 6:6-10.
17. നാം ഏതുതരം തീരുമാനങ്ങൾ ഒഴിവാക്കണം?
17 യഹോവയെ സേവിക്കുന്ന എല്ലാവരുംതന്നെ ആത്മീയ അപകടങ്ങളെ—യഹോവയിൽനിന്ന് ഒരുവനെ അകറ്റിക്കളഞ്ഞേക്കാവുന്ന സ്വാധീനങ്ങളെ—നേരിടും. (1 കൊരി. 15:33; കൊലോ. 2:8) എന്നാൽ ചില തൊഴിലുകളിൽ മറ്റുള്ളവയെക്കാൾ ആത്മീയാപകടങ്ങൾ പതിയിരിപ്പുണ്ട്. ഒരു പ്രത്യേകതരം തൊഴിൽ സ്വീകരിച്ചശേഷം നിങ്ങളുടെ പ്രദേശത്തെ ആരുടെയെങ്കിലും “വിശ്വാസക്കപ്പൽ തകർന്നുപോയ”തായി നിങ്ങൾക്ക് അറിയാമോ? (1 തിമൊ. 1:19) ദൈവവുമായുള്ള നിങ്ങളുടെ ബന്ധത്തെ അപകടപ്പെടുത്തുന്ന തീരുമാനങ്ങൾ ഒഴിവാക്കുന്നത് തീർച്ചയായും ബുദ്ധിയായിരിക്കും.—സദൃ. 22:3.
ഒരു യുവക്രിസ്ത്യാനിയായിരിക്കുന്നത് ആസ്വദിക്കുക
18, 19. യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനുള്ള താത്പര്യം ഇതുവരെയും ഒരാൾക്ക് തോന്നുന്നില്ലെങ്കിൽ അയാൾ എന്തു ചെയ്യണം?
18 യഹോവയെ സേവിക്കാനുള്ള ആഗ്രഹം നിങ്ങൾ ഹൃദയത്തിൽ നട്ടുവളർത്തിയിട്ടുണ്ടോ? എങ്കിൽ, യഹോവയുടെ ഒരു യുവദാസനായിരിക്കുന്നതുകൊണ്ടു മാത്രം നിങ്ങൾക്ക് ലഭ്യമാകുന്ന അവസരങ്ങൾ പൂർണമായി ആസ്വദിക്കുക. ഈ ആവേശജനകമായ നാളുകളിൽ യഹോവയെ സേവിക്കുന്നത് ആസ്വദിക്കാൻ നിങ്ങളെ പ്രാപ്തരാക്കുന്ന തിരഞ്ഞെടുപ്പുകൾ നടത്തുക.—സങ്കീ. 148:12, 13.
19 എന്നാൽ, യഹോവയുടെ സേവനത്തിൽ കൂടുതൽ ചെയ്യാനുള്ള ഒരു താത്പര്യം ഇതുവരെയും നിങ്ങൾക്ക് തോന്നുന്നില്ലെങ്കിൽ നിങ്ങൾ എന്തു ചെയ്യണം? നിങ്ങളുടെ വിശ്വാസം ബലിഷ്ഠമാക്കാനുള്ള ശ്രമങ്ങൾ ഒരിക്കലും നിറുത്തിക്കളയരുത്. ദൈവത്തിന്റെ അനുഗ്രഹമുണ്ടായിരിക്കുന്ന തരത്തിലുള്ള ഒരു ജീവിതഗതി പിൻപറ്റാനുള്ള തന്റെ ശ്രമങ്ങൾ വിവരിച്ചശേഷം അപ്പൊസ്തലനായ പൗലോസ് ഇങ്ങനെ എഴുതി: “മറ്റൊരു മനോഭാവമാണു നിങ്ങൾക്കുള്ളതെങ്കിൽ ശരിയായ വീക്ഷണം ദൈവം നിങ്ങൾക്കു വെളിപ്പെടുത്തിത്തരും. എന്തുതന്നെയായാലും, നാം പ്രാപിച്ച പുരോഗതിക്കൊത്തവിധം അതേ ചര്യയിൽ നമുക്കു നിഷ്ഠയോടെ തുടരാം.” (ഫിലി. 3:15, 16) യഹോവ നിങ്ങളെ സ്നേഹിക്കുന്നുവെന്ന് ഒരിക്കലും മറക്കരുത്. അവന്റെ മാർഗനിർദേശമാണ് ഏറ്റവും മികച്ചത്. അതുകൊണ്ട്, നിങ്ങളുടെ യുവപ്രായത്തിൽ ജ്ഞാനപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്താൻ മറ്റാരെക്കാളും മെച്ചമായി നിങ്ങളെ സഹായിക്കാൻ യഹോവയ്ക്കാകും.