മഹിമാധനനാം രാജാവായ ക്രിസ്തുവിനെ വാഴ്ത്തുവിൻ!
“പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറുക.”—സങ്കീ. 45:4, പി.ഒ.സി.
1, 2. നാൽപ്പത്തഞ്ചാം സങ്കീർത്തനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ നമുക്ക് താത്പര്യമുള്ളത് എന്തുകൊണ്ട്?
മഹിമാധനനായ ഒരു രാജാവ് സത്യവും നീതിയും നടപ്പിലാക്കാൻ അശ്വാരൂഢനായിജൈത്രയാത്ര നടത്തുന്നു. ശത്രുക്കളെ കീഴടക്കാനായി അവൻ മുന്നേറുകയാണ്. അന്തിമവിജയം നേടിയശേഷം മനോഹരിയായ ഒരു വധുവിനെ അവൻ വിവാഹം കഴിക്കുന്നു. തലമുറകൾ ചിരകാലം രാജാവിനെ അനുസ്മരിക്കുകയും വാഴ്ത്തുകയും ചെയ്യുന്നു. ചുരുക്കത്തിൽ ഇതാണ് 45-ാം സങ്കീർത്തനത്തിന്റെ ഇതിവൃത്തം.
2 മംഗളകരമായി പര്യവസാനിക്കുന്ന കേവലമൊരു കഥയല്ല 45-ാം സങ്കീർത്തനം. അതിൽ അരങ്ങേറുന്ന സംഭവങ്ങൾ നമ്മെ സംബന്ധിച്ചിടത്തോളം തികച്ചും അർഥപൂർണമാണ്; നമ്മുടെ ഇപ്പോഴത്തെ ജീവിതത്തെയും ഭാവിയെയും അവ ബാധിക്കുന്നു. അതുകൊണ്ട്, തികഞ്ഞ ശ്രദ്ധയോടെ നമുക്ക് ഈ സങ്കീർത്തനം പരിചിന്തിക്കാം.
“എന്റെ ഹൃദയം ശുഭവചനത്താൽ കവിയുന്നു”
3, 4. (എ) നമുക്ക് താത്പര്യമുള്ള ‘ശുഭവചനം’ എന്താണ്, നമ്മുടെ ഹൃദയത്തിൽ അത് എന്ത് പ്രഭാവം ചെലുത്തുന്നു? (ബി) നമ്മുടെ ഗീതം ഏതു വിധത്തിലാണ് ‘രാജാവിനെക്കുറിച്ചുള്ളതായിരിക്കുന്നത്,’ നമ്മുടെ നാവ് എഴുത്തുകോൽപോലെയായിരിക്കുന്നത് എങ്ങനെ?
3 സങ്കീർത്തനം 45:1 വായിക്കുക. സങ്കീർത്തനക്കാരന്റെ ഹൃദയത്തെ സ്പർശിക്കുന്നതും അതു നിറഞ്ഞു‘കവിയാൻ’ ഇടയാക്കുന്നതുമായ ‘ശുഭവചനം’ ഒരു രാജാവിനെക്കുറിച്ചുള്ളതാണ്. ‘കവിയുക’ എന്ന് പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായ ക്രിയയുടെ അർഥം “നുരഞ്ഞുപൊന്തുക,” “തിളയ്ക്കുക” എന്നൊക്കെയായിരുന്നു. സങ്കീർത്തനക്കാരന്റെ ഹൃദയം ഉത്സാഹഭരിതമാകുന്നതിനും അവന്റെ നാവ് “സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ”പോലെയാകുന്നതിനും ഈ ‘ശുഭവചനം’ ഇടയാക്കി.
4 ഇന്ന് നമ്മെ സംബന്ധിച്ചോ? നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന ശുഭവചനമാണ് മിശിഹൈകരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത. രാജ്യസന്ദേശം 1914-ൽ ഒരു സവിശേഷ അർഥത്തിൽ ‘ശുഭവചനം’ ആയിത്തീർന്നു. അന്നുവരെ പ്രസ്തുത സന്ദേശം, വരാനിരുന്ന ഒരു രാജ്യത്തെക്കുറിച്ചുള്ളതായിരുന്നു. എന്നാൽ ഇന്ന് അത് സ്വർഗത്തിൽ വാഴ്ച ആരംഭിച്ചിരിക്കുന്ന ഒരു യഥാർഥ ഭരണകൂടത്തെക്കുറിച്ചുള്ളതാണ്. “രാജ്യത്തിന്റെ ഈ സുവിശേഷം” ആണ് നാം “സകല ജനതകൾക്കും ഒരു സാക്ഷ്യത്തിനായി ഭൂലോകത്തിലെങ്ങും പ്രസംഗി”ക്കുന്നത്. (മത്താ. 24:14) ഈ രാജ്യസന്ദേശത്താൽ നമ്മുടെ ഹൃദയം നിറഞ്ഞു“കവിയു”ന്നില്ലേ? ഉത്സാഹത്തോടെ നാം അത് ഘോഷിക്കുന്നുണ്ടോ? സങ്കീർത്തനക്കാരന്റേതുപോലെ നമ്മുടെ സ്തുതിഗീതവും യേശുക്രിസ്തുവെന്ന സ്വർഗീയ “രാജാവിന്നു വേണ്ടി” അവനെ വാഴ്ത്തിക്കൊണ്ടുള്ളതാണ്; മിശിഹൈകരാജ്യത്തിന്റെ സിംഹാസനസ്ഥനായ രാജാവാണ് അവൻ എന്ന് നാം ഘോഷിക്കുന്നു. അവന്റെ ഭരണാധിപത്യത്തിനു കീഴ്പെടാൻ നാം സകലരെയും, ഭരണകർത്താക്കളെയും പ്രജകളെയും, ആഹ്വാനം ചെയ്യുന്നു. (സങ്കീ. 2:1, 2, 4-12) പ്രസംഗവേലയിൽ നാംദൈവവചനം നിർലോഭം ഉപയോഗിക്കുന്നതുകൊണ്ട് നമ്മുടെ നാവും “സമർത്ഥനായ ലേഖകന്റെ എഴുത്തുകോൽ”പോലെയാണെന്ന് പറയാനാകും.
രാജാവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സുവാർത്ത നാം സന്തോഷപൂർവം പ്രസംഗിക്കുന്നു
“ലാവണ്യം നിന്റെ അധരങ്ങളിന്മേൽ പകർന്നിരിക്കുന്നു”
5. (എ) ഏതൊക്കെ വിധങ്ങളിലാണ് യേശു “അതിസുന്ദരൻ” ആയിരുന്നത്? (ബി) ‘ലാവണ്യം രാജാവിന്റെ അധരങ്ങളിന്മേൽ പകർന്നിരുന്നു’ എന്ന് പറയാനാകുന്നത് എന്തുകൊണ്ട്, അവന്റെ മാതൃക നമുക്ക് എങ്ങനെ അടുത്ത് പിൻപറ്റാനാകും?
5 സങ്കീർത്തനം 45:2 വായിക്കുക. യേശുവിന്റെ ആകാരം സംബന്ധിച്ച് തിരുവെഴുത്തുകൾ വളരെ കുറച്ചേ പറയുന്നുള്ളൂ. “അതിസുന്ദരൻ” എന്ന പ്രാവചനികപ്രസ്താവന സൂചിപ്പിക്കുന്നതുപോലെ പൂർണമനുഷ്യനെന്ന നിലയിൽ അവൻ സുമുഖനായിരുന്നു എന്നതിൽ സംശയമില്ല. എന്നിരുന്നാലും, യഥാർഥത്തിൽ യേശുവിനെ “അതിസുന്ദരൻ” ആക്കിയത് അവന്റെ അചഞ്ചലമായ നിർമലതയും യഹോവയോടുള്ള അവന്റെ വിശ്വസ്തതയും ആണ്. കൂടാതെ, അവൻ രാജ്യസന്ദേശം പ്രസംഗിച്ചപ്പോൾ “ലാവണ്യവാക്കുകൾ” ഉപയോഗിച്ച് ഹൃദ്യമായി സംസാരിച്ചു. (ലൂക്കോ. 4:22; യോഹ. 7:46) ആളുകളുടെ ഹൃദയത്തെ സ്പർശിക്കുന്ന വിധത്തിൽ വാക്കുകൾ ഉപയോഗിച്ചുകൊണ്ട് പ്രസംഗവേലയിൽ അവന്റെ മാതൃക പകർത്താൻ നാം വ്യക്തിപരമായി ശ്രമിക്കാറുണ്ടോ?—കൊലോ. 4:6.
6. ദൈവം യേശുവിനെ “എന്നേക്കും അനുഗ്രഹിച്ചിരിക്കു”ന്നത് എങ്ങനെ?
6 യേശുവിന്റെ സമ്പൂർണഭക്തി നിമിത്തം, യഹോവ അവന്റെ ഭൗമികശുശ്രൂഷയെ അനുഗ്രഹിക്കുകയും അവന്റെ ബലിമരണത്തിനു ശേഷം അവന് പ്രതിഫലം നൽകുകയും ചെയ്തു. അപ്പൊസ്തലനായ പൗലോസ് എഴുതി: “മനുഷ്യരൂപത്തിൽ ആയിരിക്കെ അവൻ (യേശു) തന്നെത്തന്നെ താഴ്ത്തി മരണത്തോളം, ദണ്ഡനസ്തംഭത്തിലെ മരണത്തോളംതന്നെ അനുസരണമുള്ളവനായിത്തീർന്നു. അതുകൊണ്ട്ദൈവവും അവനെ മുമ്പത്തെക്കാൾ ഉന്നതമായ സ്ഥാനത്തേക്ക് ഉയർത്തി അവന് മറ്റെല്ലാ നാമങ്ങൾക്കും മേലായ ഒരു നാമം കനിഞ്ഞു നൽകി; യേശുവിന്റെ നാമത്തിങ്കൽ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലുമുള്ള സകലരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും യേശുക്രിസ്തു കർത്താവ് ആകുന്നുവെന്ന് പിതാവായ ദൈവത്തിന്റെ മഹത്ത്വത്തിനായി ഏറ്റുപറയുകയും ചെയ്യേണ്ടതിനുതന്നെ.” (ഫിലി. 2:8-11) യേശുവിനെ അമർത്യജീവനിലേക്ക് ഉയിർപ്പിച്ചുകൊണ്ട് യഹോവ അവനെ “എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.”—റോമ. 6:9.
“കൂട്ടുകാരിൽ പരമായി” രാജാവിനെ ഉന്നതനാക്കിയിരിക്കുന്നു
7. ഏതു വിധങ്ങളിലാണ് യേശുവിനെ ദൈവം “കൂട്ടുകാരിൽ പരമായി” അഭിഷേകം ചെയ്തത്?
7 സങ്കീർത്തനം 45: 7 വായിക്കുക. നീതിയോടുള്ള യേശുവിന്റെ ആഴമായ സ്നേഹവും തന്റെ പിതാവിനെ അപ്രീതിപ്പെടുത്തുന്ന കാര്യങ്ങളോടുള്ള വെറുപ്പും നിമിത്തം യഹോവ അവനെ മിശിഹൈകരാജ്യത്തിന്റെ രാജാവായി അഭിഷേകം ചെയ്തു. “കൂട്ടുകാരിൽ പരമായി,” അതായത് ദാവീദിന്റെ വംശത്തിലുള്ള യഹൂദാരാജാക്കന്മാരെക്കാൾ അധികമായി, യേശുവിനെ “ആനന്ദതൈലംകൊണ്ട്” അഭിഷേകം ചെയ്തിരിക്കുന്നു. അത് എങ്ങനെയാണ്? ഒരു സംഗതി, യഹോവ നേരിട്ട് അഭിഷേകം ചെയ്ത വ്യക്തിയാണ് യേശു. മാത്രമല്ല, അവനെ അഭിഷേകം ചെയ്തത് രാജാവും മഹാപുരോഹിതനും ആയിട്ടാണ്. (സങ്കീ. 2:2; എബ്രാ. 5:5, 6) കൂടാതെ, യേശുവിനെ അഭിഷേകം ചെയ്തത് അഭിഷേകതൈലംകൊണ്ടല്ല, മറിച്ച് പരിശുദ്ധാത്മാവിനാലാണ്. അതിലുപരി, അവന്റെ രാജത്വം സ്വർഗീയമാണ്, ഭൗമികമല്ല.
8. ‘ദൈവമാണ് യേശുവിന്റെ സിംഹാസനം’ എന്ന് പറയാനാകുന്നത് എങ്ങനെ, അവന്റെ രാജത്വം നീതിയുള്ളതായിരിക്കുമെന്ന് നമുക്ക് ഉറപ്പുള്ളവരായിരിക്കാനാകുന്നത് എന്തുകൊണ്ട്?
8 സങ്കീർത്തനം 45:6 (NW) വായിക്കുക. * യഹോവ 1914-ൽ, മിശിഹൈക രാജാവെന്നനിലയിൽ തന്റെ പുത്രനെ സ്വർഗത്തിൽ അവരോധിച്ചു. അവന്റെ “രാജത്വത്തിന്റെ ചെങ്കോൽ നീതിയുള്ള ചെങ്കോലാകുന്നു.” തന്നിമിത്തം അവന്റെ വാഴ്ചയിൽ നീതിയും ന്യായവും പുലരുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും. ‘ദൈവം അവന്റെ സിംഹാസനം ആയിരിക്കുന്നതിനാൽ’ അവന്റെ അധികാരത്തിന് പൂർണമായ നിയമസാധുതയുണ്ട്. അതായത് അവന്റെ രാജത്വത്തിന്റെ ആധാരശിലതന്നെ യഹോവയാണ്. മാത്രവുമല്ല, യേശുവിന്റെ സിംഹാസനം “എന്നും എന്നേക്കും” നിലനിൽക്കും. ദൈവനിയുക്തനും പ്രഭാവശാലിയുമായ ഒരു രാജാവിന്റെ കീഴിൽ യഹോവയെ സേവിക്കുന്നതിൽ നിങ്ങൾക്ക് അഭിമാനം തോന്നുന്നില്ലേ?
രാജാവ് ‘തന്റെ വാൾ അരെക്കു കെട്ടുന്നു’
9, 10. (എ) എന്നാണ് ക്രിസ്തു തന്റെ വാൾ അരയ്ക്കു കെട്ടിയത്, പെട്ടെന്നുതന്നെ അവൻ അത് ഉപയോഗിച്ചത് എങ്ങനെയാണ്? (ബി) ക്രിസ്തു ഭാവിയിൽ തന്റെ വാൾ എങ്ങനെ ഉപയോഗിക്കും?
9 സങ്കീർത്തനം 45:3 വായിക്കുക. ‘വാൾ അരെക്കു കെട്ടാനുള്ള’ നിർദേശം യഹോവ തന്റെ രാജാവിന് നൽകുന്നു. ആ കല്പനയിലൂടെ, ദൈവത്തിന്റെ പരമാധികാരത്തെ എതിർക്കുന്ന ഏവർക്കുമെതിരെ യുദ്ധം ചെയ്യാനും അവന്റെ ന്യായവിധികൾ നടപ്പാക്കാനും യഹോവ യേശുവിനെ അധികാരപ്പെടുത്തുകയാണ്. (സങ്കീ. 110:2) ക്രിസ്തു അജയ്യനായ ഒരു രാജയോദ്ധാവായതിനാൽ, “വീരനായുള്ളോവേ” എന്ന് അവനെ അഭിസംബോധന ചെയ്തിരിക്കുന്നു. 1914-ലാണ് അവൻ തന്റെ വാൾ അരയ്ക്കുകെട്ടിയത്; ഉടൻതന്നെ സാത്താനെയും ഭൂതങ്ങളെയും സ്വർഗത്തിൽനിന്ന് ഭൗമപരിസരത്തേക്ക് തള്ളിയിട്ടുകൊണ്ട് അവൻ അവരുടെമേൽ വിജയം വരിച്ചു.—വെളി. 12:7-9.
10 രാജാവിന്റെ ജൈത്രയാത്രയുടെ കേവലമൊരു നാന്ദികുറിക്കൽ മാത്രമായിരുന്നു അത്. അവൻ തന്റെ “സമ്പൂർണജയം നേടാ”നിരിക്കുന്നതേ ഉള്ളൂ. (വെളി. 6:2) സാത്താന്റെ ഭൗമികവ്യവസ്ഥിതിയുടെ സകല ഘടകങ്ങളിന്മേലും യഹോവയുടെ ന്യായത്തീർപ്പുകൾ നടപ്പിലാക്കേണ്ടതുണ്ട്; സാത്താനെയും ഭൂതങ്ങളെയും നിഷ്ക്രിയരാക്കുകയും വേണം. വ്യാജമത ലോകസാമ്രാജ്യമായ മഹതിയാം ബാബിലോൺ ആണ് ആദ്യം നശിപ്പിക്കപ്പെടുക. ഈ ദുഷ്ട“വേശ്യ”യെ നശിപ്പിക്കാൻ രാഷ്ട്രീയഭരണാധികാരികളെ ഉപയോഗിക്കുക എന്നത് യഹോവയുടെ ഉദ്ദേശ്യമാണ്. (വെളി. 17:16, 17) അതേത്തുടർന്ന്, രണവീരനായ രാജാവ് സാത്താന്റെ രാഷ്ട്രീയവ്യവസ്ഥിതിയെ ഉന്മൂലനം ചെയ്യാൻ നടപടി സ്വീകരിക്കും. “അഗാധത്തിന്റെ ദൂതൻ” എന്നു വിളിച്ചിരിക്കുന്ന ക്രിസ്തു, സാത്താനെയും അവന്റെ ഭൂതങ്ങളെയും അഗാധത്തിൽ തള്ളിയിട്ടുകൊണ്ട് സമ്പൂർണജയം നേടും. (വെളി. 9:1, 11; 20:1-3) ഉദ്വേഗജനകമായ ഈ സംഭവങ്ങളെക്കുറിച്ച് 45-ാം സങ്കീർത്തനം പ്രവചിച്ചിരിക്കുന്നത് എങ്ങനെയെന്നു നമുക്കു നോക്കാം.
‘സത്യം പാലിക്കേണ്ടതിന്ന്’ രാജാവ് പോരാടുന്നു
11. ‘സത്യം പാലിക്കേണ്ടതിനായി’ ക്രിസ്തു പടയോട്ടം നടത്തുന്നത് എങ്ങനെ?
11 സങ്കീർത്തനം 45:4 വായിക്കുക. ദേശങ്ങൾ വെട്ടിപ്പിടിച്ചും ജനങ്ങളെ കീഴടക്കിയും കൊണ്ട് അധിനിവേശം നടത്തുന്നതിനുവേണ്ടിയല്ല രണശൂരനായ ഈ രാജാവ് പട പൊരുതുന്നത്. ഉദാത്തലക്ഷ്യങ്ങളുള്ള നീതിനിഷ്ഠമായ ഒരു യുദ്ധമാണ് അത്. “സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതി”ന്നായാണ് അവൻ പടയോട്ടം നടത്തുന്നത്. സംസ്ഥാപിക്കപ്പെടേണ്ട ഏറ്റവും വലിയ സത്യം യഹോവയുടെ സാർവത്രികപരമാധികാരത്തെ സംബന്ധിച്ചുള്ളതാണ്. യഹോവയ്ക്കെതിരെ മത്സരിക്കുകവഴി അവന്റെ ഭരിക്കാനുള്ള അവകാശത്തെ സാത്താൻ വെല്ലുവിളിച്ചു. അന്നുമുതൽ, മനുഷ്യരും ഭൂതങ്ങളും ഈ അടിസ്ഥാനസത്യം അംഗീകരിക്കാൻ കൂട്ടാക്കിയിട്ടില്ല. എന്നാൽ, യഹോവയുടെ പരമാധികാരത്തെ സംബന്ധിച്ചുള്ള സത്യം എന്നെന്നേക്കുമായി സംസ്ഥാപിക്കുന്നതിനുവേണ്ടി അശ്വാരൂഢനായ അവന്റെ അഭിഷിക്തരാജാവ് മുന്നോട്ട് കുതിക്കാനുള്ള സമയം സമാഗതമായിരിക്കുകയാണ്.
12. താഴ്മ പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനായി ഏതുവിധത്തിലാണ് രാജാവ് പടയോട്ടം നടത്തുന്നത്?
12 ‘സൗമ്യത (താഴ്മ, NW) പാലിക്കപ്പെടുന്നു’ എന്ന് ഉറപ്പുവരുത്തുകകൂടിയാണ് രാജാവിന്റെ പടയോട്ടത്തിന്റെ മറ്റൊരു ലക്ഷ്യം. ദൈവത്തിന്റെ ഏകജാതപുത്രനെന്ന നിലയിൽ തന്റെ പിതാവിന്റെ പരമാധികാരത്തോട് വിശ്വസ്തമായ കീഴ്പെടൽ പ്രകടമാക്കിക്കൊണ്ട് യേശു താഴ്മയുടെ ഒരു മികച്ച മാതൃക പ്രദാനം ചെയ്തിരിക്കുന്നു. (യെശ. 50:4, 5; യോഹ. 5:19) രാജാവിന്റെ എല്ലാ വിശ്വസ്തപ്രജകളും അവന്റെ മാതൃക പിൻപറ്റിക്കൊണ്ട് സകല കാര്യങ്ങളിലും യഹോവയുടെ പരമാധികാരത്തിന് താഴ്മയോടെ കീഴ്പെട്ടിരിക്കേണ്ട ആവശ്യമുണ്ട്. അങ്ങനെ ചെയ്യുന്നവരെ മാത്രമേ ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന പുതിയ ലോകത്തിൽ ജീവിക്കാൻ അനുവദിക്കുകയുള്ളൂ.—സെഖ. 14:16, 17.
13. ‘നീതി പാലിക്കേണ്ടതിനായി’ ക്രിസ്തു മുന്നേറുന്നത് എങ്ങനെ?
13 ‘നീതി പാലിക്കേണ്ടതിനും’കൂടിയാണ് രാജാവിന്റെജൈത്രയാത്ര. രാജാവ് ഉയർത്തിപ്പിടിക്കുന്ന നീതി ദൈവികനീതിയാണ്. അതായത്, ശരിയും തെറ്റും സംബന്ധിച്ച യഹോവയുടെ നിലവാരങ്ങൾ. (റോമ. 3:21; ആവ. 32:4) യേശുക്രിസ്തു എന്ന രാജാവിനെക്കുറിച്ച് യെശയ്യാവ് ഇങ്ങനെ പ്രവചിച്ചു: “ഒരു രാജാവു നീതിയോടെ വാഴും.” (യെശ. 32:1) ‘നീതി വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും’ ആനയിച്ചുകൊണ്ട് യേശുവിന്റെ ഭരണം ദിവ്യവാഗ്ദാനങ്ങൾ നിറവേറ്റും. (2 പത്രോ. 3:13) ആ പുതിയ ലോകത്തിലെ ഓരോ നിവാസിയും യഹോവയുടെ നിലവാരങ്ങൾ അടുത്തു പിൻപറ്റേണ്ടത് ആവശ്യമായിരിക്കും.—യെശ. 11:1-5.
രാജാവ് ‘ഭീതി വിതയ്ക്കുന്നു’
14. ക്രിസ്തുവിന്റെ വലങ്കൈ ‘ഭീതി വിതയ്ക്കുന്നത്’ എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
14 സവാരി ചെയ്യുന്ന രാജാവ് അരയ്ക്ക് വാൾ കെട്ടിയിട്ടുണ്ട്. (സങ്കീ. 45:3) എന്നാൽ അവൻ തന്റെ വലങ്കൈകൊണ്ട് വാൾ എടുത്ത് പ്രയോഗിക്കാനുള്ള സമയം അടുത്തുവരുകയാണ്. സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രവചിക്കുന്നു: “നിന്റെ വലത്തുകയ്യ് ഭീതി വിതയ്ക്കട്ടെ!” (സങ്കീ. 45:4, പി.ഒ.സി.) അർമ്മഗെദ്ദോനിൽ യഹോവയുടെ ന്യായവിധികൾ നടപ്പിലാക്കിക്കൊണ്ട് മുന്നേറുമ്പോൾ യേശുക്രിസ്തു തന്റെ ശത്രുക്കളുടെ മധ്യേ ‘ഭീതി വിതയ്ക്കും.’ സാത്താന്റെ വ്യവസ്ഥിതിയെ നിർമൂലമാക്കുന്നതിന് അവൻ എന്തു മാർഗമാണ് അവലംബിക്കാൻ പോകുന്നതെന്ന് നമുക്കറിയില്ല. എന്നിരുന്നാലും രാജാവിന്റെ ഭരണത്തിന് കീഴടങ്ങാനുള്ള ദിവ്യമുന്നറിയിപ്പിന് ചെവികൊടുത്തിട്ടില്ലാത്ത ഭൂമിയിലെ നിവാസികളുടെ ഹൃദയങ്ങളിൽ ആ നടപടി കൊടുംഭീതി വിതയ്ക്കും. (സങ്കീർത്തനം 2:11, 12 വായിക്കുക.) “ആകാശത്തിലെ ശക്തികൾ ഉലയുന്നതുകൊണ്ട് ഭൂലോകത്തിന് എന്തു ഭവിക്കാൻ പോകുന്നു എന്ന ഭീതിയും ആശങ്കയും നിമിത്തം മനുഷ്യർ ചേതനയറ്റു നിൽക്കും” എന്ന് അന്ത്യത്തെക്കുറിച്ചുള്ള തന്റെ പ്രവചനത്തിൽ യേശു പറഞ്ഞു. അവൻ ഇങ്ങനെ തുടർന്നു: “അപ്പോൾ മനുഷ്യപുത്രൻ ശക്തിയോടും വലിയ മഹത്ത്വത്തോടുംകൂടെ മേഘത്തിൽ വരുന്നത് അവർ കാണും.”—ലൂക്കോ. 21:26, 27.
15, 16. യുദ്ധത്തിൽ ക്രിസ്തുവിനെ അനുഗമിക്കുന്ന ‘സൈന്യത്തിൽ’ ആരെല്ലാം ഉൾപ്പെടും?
15 ന്യായവിധി നടപ്പിലാക്കാനായി രാജാവ് “ശക്തിയോടും വലിയ മഹത്ത്വത്തോടുംകൂടെ” എഴുന്നള്ളുന്നതിനെക്കുറിച്ച് വെളിപാട് പുസ്തകം ഇങ്ങനെ വർണിക്കുന്നു: “പിന്നെ ഞാൻ നോക്കിയപ്പോൾ സ്വർഗം തുറന്നിരിക്കുന്നതു കണ്ടു. അതാ, ഒരു വെള്ളക്കുതിര! കുതിരപ്പുറത്തിരിക്കുന്നവന് വിശ്വസ്തനും സത്യവാനും എന്നു പേര്. അവൻ നീതിയോടെ വിധിക്കുകയും പോരാടുകയും ചെയ്യുന്നു. സ്വർഗത്തിലെ സൈന്യം ശുദ്ധവും ശുഭ്രവുമായ വിശേഷവസ്ത്രങ്ങൾ ധരിച്ച് വെള്ളക്കുതിരപ്പുറത്തു കയറി അവനെ അനുഗമിച്ചിരുന്നു. ജനതകളെ വെട്ടാൻ മൂർച്ചയേറിയ നീണ്ട വാൾ അവന്റെ വായിൽനിന്നു പുറപ്പെട്ടിരുന്നു; അവൻ ഇരുമ്പുകോൽകൊണ്ട് അവരെ മേയ്ക്കും. സർവശക്തനായ ദൈവത്തിന്റെ മഹാക്രോധത്തിന്റെ മുന്തിരിച്ചക്ക് അവൻ മെതിക്കുന്നു.”—വെളി. 19:11, 14, 15.
16 യുദ്ധം ചെയ്യാനായി ക്രിസ്തുവിനു പിന്നിൽ അണിനിരക്കുന്ന സ്വർഗീയ‘സൈന്യത്തിൽ’ അവന്റെ സഹയോദ്ധാക്കളായി ആരെല്ലാം ഉണ്ടായിരിക്കും? സ്വർഗത്തിൽ നിന്ന് സാത്താനെയും അവന്റെ ഭൂതങ്ങളെയും നിഷ്കാസനം ചെയ്യാനായി യേശു ആദ്യവട്ടം തന്റെ വാൾ ഏന്തിയപ്പോൾ അവനോടൊപ്പം ‘ദൂതന്മാർ’ ഉണ്ടായിരുന്നു. (വെളി. 12:7-9) അതുകൊണ്ട്, അർമ്മഗെദ്ദോൻ യുദ്ധത്തിൽ അടരാടാനായി ക്രിസ്തുവിന്റെസൈന്യത്തിൽ വിശുദ്ധദൂതന്മാർ ഉണ്ടായിരിക്കുമെന്ന് ന്യായമായും നിഗമനം ചെയ്യാവുന്നതാണ്. അവരെക്കൂടാതെ അവന്റെസൈന്യത്തിൽ മറ്റാരെങ്കിലും ഉണ്ടായിരിക്കുമോ? തന്റെ അഭിഷിക്തസഹോദരങ്ങൾക്ക് യേശു ഈ വാഗ്ദാനം നൽകി: “ജയിക്കുകയും അവസാനത്തോളം എന്റെ വഴികൾ പിൻപറ്റുകയും ചെയ്യുന്നവന് എന്റെ പിതാവ് എനിക്കു തന്നതുപോലെ ഞാൻ ജനതകളുടെമേൽ അധികാരം നൽകും. അവൻ ഇരുമ്പുകോൽകൊണ്ട് ജനതകളെ മേയ്ക്കും; മൺപാത്രങ്ങൾപോലെ അവർ നുറുങ്ങിപ്പോകും.” (വെളി. 2:26, 27) അതുകൊണ്ട് ക്രിസ്തുവിന്റെ അഭിഷിക്തസഹോദരങ്ങളും അവന്റെ സ്വർഗീയസൈന്യത്തിൽ ഉൾപ്പെടും. അപ്പോഴേക്കും അവർക്കെല്ലാം സ്വർഗീയപ്രതിഫലം ലഭിച്ചുകഴിഞ്ഞിരിക്കും. ജനതകളെ ഇരുമ്പുകോൽകൊണ്ട് മേയ്ക്കവേ, അവൻ ‘ഭീതി വിതയ്ക്കുമ്പോൾ’ അഭിഷിക്തസഹഭരണാധിപന്മാരും അവനോടൊപ്പം ഉണ്ടായിരിക്കും.
രാജാവ് ജയിച്ചടക്കൽ പൂർത്തിയാക്കുന്നു
17. (എ) ക്രിസ്തു എഴുന്നള്ളുന്ന വെള്ളക്കുതിര എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (ബി) വാളും വില്ലും എന്തിനെ അർഥമാക്കുന്നു?
17 സങ്കീർത്തനം 45:5 വായിക്കുക. രാജാവ് ഒരു വെള്ളക്കുതിരപ്പുറത്താണ് എഴുന്നള്ളുന്നത്. യഹോവയുടെ വീക്ഷണത്തിൽ ശുദ്ധവും നീതിയുക്തവുമായ യുദ്ധത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത്. (വെളി. 6:2; 19:11) വാൾ കൂടാതെ ഒരു വില്ലും അവന്റെ പക്കലുണ്ട്. നാം ഇങ്ങനെ വായിക്കുന്നു: “അനന്തരം ഞാൻ നോക്കിയപ്പോൾ അതാ, ഒരു വെള്ളക്കുതിര! കുതിരപ്പുറത്തിരിക്കുന്നവന്റെ കൈയിൽ ഒരു വില്ല് ഉണ്ടായിരുന്നു. അവന് ഒരു കിരീടം ലഭിച്ചു. സമ്പൂർണജയം നേടാനായി അവൻ തന്റെജൈത്രയാത്ര ആരംഭിച്ചു.” ശത്രുക്കളുടെ മേൽ ന്യായവിധി നടപ്പിലാക്കാൻ ക്രിസ്തു സ്വീകരിക്കുന്ന ഉപാധികളെയാണ് വാളും വില്ലും ചിത്രീകരിക്കുന്നത്.
18. ക്രിസ്തുവിന്റെ ‘അസ്ത്രങ്ങൾ’ എത്രത്തോളം മൂർച്ചയുള്ളതായിരിക്കും?
18 കാവ്യഭാഷയിൽ സങ്കീർത്തനക്കാരൻ ഇങ്ങനെ പ്രവചിക്കുന്നു: “നിന്റെ അസ്ത്രങ്ങൾ മൂർച്ചയുള്ളവയാകുന്നു; ജാതികൾ നിന്റെ കീഴിൽ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.” സംഹാരം ഭൂവിസ്തൃതമായിരിക്കും. യിരെമ്യാവ് ഇങ്ങനെ മുൻകൂട്ടിപ്പറയുന്നു: “അന്നാളിൽ യഹോവയുടെ നിഹതന്മാർ ഭൂമിയുടെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ വീണുകിടക്കും.” (യിരെ. 25:33) മറ്റൊരു സമാന്തരപ്രവചനം ഇങ്ങനെയും പറയുന്നു: ‘ഒരു ദൂതൻ സൂര്യനിൽ നിൽക്കുന്നതു ഞാൻ കണ്ടു. അവൻ ആകാശമധ്യേ പറക്കുന്ന സകല പക്ഷികളോടും ഉച്ചത്തിൽ വിളിച്ചു പറഞ്ഞത്: “ദൈവത്തിന്റെ വലിയ അത്താഴവിരുന്നിനു വന്നുകൂടുവിൻ! രാജാക്കന്മാരുടെയും സഹസ്രാധിപന്മാരുടെയും വീരന്മാരുടെയും കുതിരകളുടെയും കുതിരപ്പുറത്തിരിക്കുന്നവരുടെയും സ്വതന്ത്രരും അടിമകളും ചെറിയവരും വലിയവരുമായ എല്ലാവരുടെയും മാംസം തിന്നുവാൻ വന്നുകൂടുവിൻ.”’—വെളി. 19:17, 18.
19. ‘വിജയത്തിലേക്ക് മുന്നേറിക്കൊണ്ട്’ ക്രിസ്തു ജയിച്ചടക്കൽ പൂർത്തിയാക്കുന്നത് എങ്ങനെ?
19 സാത്താൻ ഭൂമിയിൽ കെട്ടിപ്പടുത്തിരിക്കുന്ന ദുഷ്ടവ്യവസ്ഥിതിയെ നശിപ്പിച്ചശേഷം ക്രിസ്തു ‘പ്രതാപത്തോടെ വിജയത്തിലേക്കു മുന്നേറും.’ (സങ്കീ. 45:4, പി.ഒ.സി.) ‘സഹസ്രാബ്ദ വാഴ്ച’ തീരുവോളം സാത്താനെയും അവന്റെ ഭൂതങ്ങളെയും അഗാധത്തിൽ അടച്ചുകൊണ്ട് അവൻ തന്റെ ജയിച്ചടക്കൽ പൂർത്തിയാക്കും. (വെളി. 20:2, 3) പിശാചിനെയും അവന്റെ ഭൂതഗണങ്ങളെയും മരണസമാന നിഷ്ക്രിയാവസ്ഥയിൽ ബന്ധിച്ചിരിക്കുന്നതിനാൽ സാത്താന്യസ്വാധീനത്തിൽനിന്ന് സകല ഭൗമനിവാസികളും സ്വതന്ത്രരായിത്തീരും; വിജയശ്രീലാളിതനും മഹിമാധനനുമായ തങ്ങളുടെ രാജാവിന് പൂർണമായി കീഴ്പെടാൻ യാതൊന്നും അവർക്ക് തടസ്സമായിരിക്കയില്ല. ഭൂമി ക്രമാനുഗതമായി ഒരു ആഗോളപറുദീസയായി രൂപാന്തരപ്പെടുന്നതിന് അവർ സാക്ഷ്യംവഹിക്കും. എന്നാൽ അതിനു മുമ്പ് രാജാവിനോടും അവന്റെ സ്വർഗീയസഹകാരികളോടും ഒപ്പം ആനന്ദിക്കാൻ ഭൂമിയിലെ നിവാസികൾക്ക് മറ്റൊരു കാരണം കൂടി ലഭിക്കും. ആഹ്ലാദനിർഭരമായ ആ സംഭവത്തെക്കുറിച്ച് അടുത്ത ലേഖനം വിശദീകരിക്കും.
^ ഖ. 8 “ദൈവം എന്നുമെന്നേക്കും നിന്റെ സിംഹാസനം; നിന്റെ രാജത്വത്തിന്റെ ചെങ്കോൽ നീതിയുടെ ചെങ്കോൽ.”