നിങ്ങളുടെ സംസാരം—“ഒരേസമയം ‘ഉവ്വ്’ എന്നും ‘ഇല്ല’ എന്നും” ആണോ?
ഈ രംഗം വിഭാവന ചെയ്യുക: ഒരു മൂപ്പൻ ഞായറാഴ്ച രാവിലെ ഒരു യുവസഹോദരനുമൊത്ത് വയൽസേവനത്തിനു പോകാൻ ക്രമീകരിച്ചിരിക്കുകയാണ്. എന്നാൽ ആശുപത്രി ഏകോപന സമിതിയിലെ അംഗമായ അദ്ദേഹത്തിന് അന്നേ ദിവസം രാവിലെ അടിയന്തിരമായി ഒരു ഫോൺസന്ദേശം ലഭിക്കുന്നു. ഒരു സഹോദരന്റെ ഭാര്യ വാഹനാപകടത്തിൽപ്പെട്ടുപോലും; ആ സഹോദരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നു. രക്തത്തിന്റെ ഉപയോഗം സംബന്ധിച്ച നമ്മുടെ നിലപാടുമായി സഹകരിക്കുന്ന ഒരു ഡോക്ടറെ കണ്ടെത്താൻ സഹായം ആവശ്യപ്പെട്ടുകൊണ്ട് സഹോദരിയുടെ ഭർത്താവാണു വിളിച്ചത്. അടിയന്തിരസഹായം ആവശ്യമുള്ള പ്രസ്തുത കുടുംബത്തെ സഹായിക്കുന്നതിനായി ആ മൂപ്പൻ യുവസഹോദരനുമൊത്ത് ക്രമീകരിച്ചിരുന്ന വയൽസേവനം മാറ്റിവെക്കുന്നു.
ഇനി, മറ്റൊരു സാഹചര്യം: ഒറ്റയ്ക്കുള്ള ഒരു മാതാവിനെയും രണ്ടു കുട്ടികളെയും സഭയിലെ ഒരു ദമ്പതികൾ തങ്ങളുടെ വീട്ടിലേക്കു ക്ഷണിക്കുന്നു. അതേക്കുറിച്ച് അറിഞ്ഞപ്പോൾ കുട്ടികൾക്കും വലിയ സന്തോഷമായി. അവർ ആ ദിവസത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്! എന്നാൽ, തലേദിവസം ആ ദമ്പതികൾ അവരെ വിളിച്ചിട്ട് അപ്രതീക്ഷിതമായ ഒരു കാരണത്താൽ പരിപാടി മാറ്റിവെക്കേണ്ടതായി വന്നിരിക്കുന്നെന്നു പറയുന്നു. എന്നാൽ അങ്ങനെ ചെയ്തതിന്റെ കാരണം ആ മാതാവു പിന്നീടു മനസ്സിലാക്കുന്നു. അവരെ ക്ഷണിച്ചിരുന്ന അതേ ദിവസംതന്നെ ആ ദമ്പതികളെ അവരുടെ സുഹൃത്തുക്കൾ തങ്ങളുടെ വീട്ടിലേക്കു ക്ഷണിക്കുകയും അവർ ആ ക്ഷണം സ്വീകരിക്കുകയും ചെയ്തുവത്രേ.
ക്രിസ്ത്യാനികളെന്നനിലയിൽ നാം തീർച്ചയായും വാക്കു പാലിക്കണം. നമ്മുടെ “വാക്കുകൾ ഒരേസമയം ‘ഉവ്വ്’ എന്നും ‘ഇല്ല’ എന്നും” ആയിരിക്കരുത്. (2 കൊരി. 1:18) എന്നാൽ, മേൽപ്പറഞ്ഞ രണ്ട് ഉദാഹരണങ്ങൾ കാണിക്കുന്നതുപോലെ എല്ലാ സാഹചര്യങ്ങളും ഒരുപോലെയല്ല. ചിലപ്പോൾ മുൻകൂട്ടി നിശ്ചയിച്ചിരുന്ന ചില കാര്യങ്ങൾക്കു മാറ്റംവരുത്താതെ മറ്റു മാർഗമൊന്നുമില്ലെന്നു നമുക്കു തോന്നിയേക്കാം. അപ്പൊസ്തലനായ പൗലോസിന് അതുപോലൊരു സാഹചര്യം ഉണ്ടായി.
പൗലോസ് വാക്കു പാലിക്കാത്തവനോ?
എ.ഡി. 55-ൽ മൂന്നാം മിഷനറി യാത്രയുടെ ഭാഗമായി പൗലോസ് എഫെസൊസിലാണ്. അവിടെനിന്ന് ഈജിയൻ കടൽ കടന്ന് കൊരിന്തിൽ ചെന്നിട്ട് മാസിഡോണിയയിലേക്കു പോകാനാണ് അവന്റെ പരിപാടി. എന്നിട്ട്, യെരുശലേമിലേക്കുള്ള തന്റെ മടക്കയാത്രയിൽ കൊരിന്തിലെ സഭ രണ്ടാം വട്ടം സന്ദർശിക്കാനും യെരുശലേമിലെ സഹോദരങ്ങൾക്കായി അവർ മനസ്സറിഞ്ഞു നൽകുന്ന ദാനം കൈപ്പറ്റാനും അവൻ ഉദ്ദേശിച്ചിരുന്നു. (1 കൊരി. 16:3) 2 കൊരിന്ത്യർ 1:15, 16-ൽനിന്ന് ഇതു വ്യക്തമാണ്. അവിടെ നാം ഇങ്ങനെ വായിക്കുന്നു: “ഈ ബോധ്യമുള്ളതുകൊണ്ടാണ് നിങ്ങൾക്കു രണ്ടാമതും സന്തോഷിക്കാൻ കാരണമുണ്ടാകേണ്ടതിനു നിങ്ങളുടെ അടുക്കൽ വരണമെന്നു ഞാൻ നേരത്തേ ഉദ്ദേശിച്ചത്. മാസിഡോണിയയിലേക്കു പോകുന്നവഴി നിങ്ങളെ സന്ദർശിക്കണമെന്നും മാസിഡോണിയയിൽനിന്നുള്ള മടക്കയാത്രയിൽ വീണ്ടും നിങ്ങളുടെ അടുത്തെത്തണമെന്നും അവിടെനിന്ന് നിങ്ങൾ എന്നെ യെഹൂദ്യയിലേക്കു യാത്ര അയയ്ക്കണമെന്നും ഞാൻ ആഗ്രഹിച്ചിരുന്നു.”
തന്റെ യാത്രാപരിപാടിയെക്കുറിച്ചു പൗലോസ് മുമ്പ് കൊരിന്തിലെ സഹോദരങ്ങളെ എഴുതി അറിയിച്ചിരുന്നതായി തോന്നുന്നു. (1 കൊരി. 5:9) എന്നാൽ ആ കത്തെഴുതി അധികം താമസിയാതെ കൊരിന്തിലെ സഭയിൽ ഭിന്നിപ്പുള്ളതായി ക്ലോവയുടെ ഭവനക്കാരിൽനിന്ന് അവൻ അറിഞ്ഞു. (1 കൊരി. 1:10, 11) അതുകൊണ്ട്, പൗലോസ് തന്റെ യാത്രാപരിപാടിയിൽ ഒരു മാറ്റം വരുത്തുകയും അങ്ങോട്ട് ഒരു കത്ത് എഴുതുകയും ചെയ്തു. ബൈബിളിൽ കാണുന്ന, കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനമാണത്. അതിലൂടെ അവൻ അവർക്ക് സ്നേഹപൂർവം ബുദ്ധിയുപദേശവും തിരുത്തലും നൽകി. കൂടാതെ, തന്റെ യാത്രാപരിപാടിയിൽ മാറ്റം വരുത്തിയെന്നും ആദ്യം മാസിഡോണിയ സന്ദർശിച്ചിട്ട് പിന്നീട് കൊരിന്ത് സന്ദർശിക്കുമെന്നും അവരെ അറിയിക്കുകയും ചെയ്തു.—1 കൊരി. 16:5, 6. *
പൗലോസിന്റെ എഴുത്തു ലഭിച്ചപ്പോൾ കൊരിന്ത്യസഭയിലെ ചില ‘അതികേമന്മാരായ അപ്പൊസ്തലന്മാർ’ പൗലോസിനെ വാക്കു പാലിക്കാത്തവനെന്നും വാക്കിൽ സ്ഥിരതയില്ലാത്തവനെന്നും കുറ്റപ്പെടുത്തിയിരിക്കണം. അവർക്കുള്ള മറുപടിയെന്നോണം പൗലോസ് ചോദിച്ചു: “ഞാൻ ഇങ്ങനെ തീരുമാനിച്ചത് ലാഘവബുദ്ധിയോടെയോ? ‘ഉവ്വ്’ എന്നും ‘ഇല്ല’ എന്നും ഒരേസമയം പറയത്തക്കവിധം ജഡികരീതിയിലോ ഞാൻ കാര്യങ്ങൾ ക്രമീകരിക്കുന്നത്?”—2 കൊരി. 1:17; 11:5.
പൗലോസ് അപ്പൊസ്തലൻ ഇവിടെ യഥാർഥത്തിൽ കാര്യങ്ങളെ “ലാഘവബുദ്ധിയോടെ” കാണുകയായിരുന്നോ? ഒരിക്കലുമല്ല! “ലാഘവബുദ്ധിയോടെ” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന പദത്തിനു സ്ഥിരതയില്ലാത്ത എന്നൊരു അർഥമുണ്ട്; ആശ്രയയോഗ്യനല്ലാത്ത, വാക്കു പാലിക്കാത്ത വ്യക്തികളെ കുറിക്കാൻ ഈ വാക്ക് ഉപയോഗിച്ചേക്കാം. “ജഡികരീതിയിലാണോ ഞാൻ കാര്യങ്ങൾ ക്രമീകരിക്കുന്നത്” എന്ന പൗലോസിന്റെ ചോദ്യം, താൻ ആശ്രയയോഗ്യനല്ലാത്തതുകൊണ്ടല്ല തന്റെ യാത്രാപരിപാടിയിൽ മാറ്റംവരുത്തിയതെന്ന കാര്യം കൊരിന്തിലെ ക്രിസ്ത്യാനികൾക്കു വ്യക്തമാക്കിക്കൊടുക്കേണ്ടതായിരുന്നു.
തനിക്കെതിരെയുള്ള ആരോപണത്തെ ശക്തമായി ഖണ്ഡിച്ചുകൊണ്ട് പൗലോസ് എഴുതി: “നിങ്ങളോടുള്ള ഞങ്ങളുടെ വാക്കുകൾ ഒരേസമയം ‘ഉവ്വ്’ എന്നും ‘ഇല്ല’ എന്നും ആയിരുന്നില്ല; ദൈവം വിശ്വസ്തനാണെന്നത് എത്ര തീർച്ചയാണോ അത്രതന്നെ തീർച്ചയാണത്.” (2 കൊരി. 1:18) വാസ്തവത്തിൽ, കൊരിന്തിലെ തന്റെ സഹോദരീസഹോദരന്മാരുടെ നന്മയെ കരുതിയാണ് അവൻ തന്റെ യാത്രാപരിപാടിയിൽ പൊരുത്തപ്പെടുത്തൽ വരുത്തിയത്. അവരെ “കൂടുതൽ വിഷമിപ്പിക്കരുതെന്നു കരുതിയാണ്” അവൻ അങ്ങനെ ചെയ്തതെന്ന് 2 കൊരിന്ത്യർ 1:23-ൽ നാം വായിക്കുന്നു. അവരെ നേരിൽ കാണുന്നതിനു മുമ്പ് കാര്യങ്ങൾ നേരെയാക്കാൻ അവർക്ക് ഒരവസരം നൽകുകയായിരുന്നു അവൻ. പ്രതീക്ഷിച്ചതുപോലെതന്നെ തന്റെ കത്ത് അവരെ അനുതാപത്തിലേക്കു നയിച്ചെന്ന് മാസിഡോണിയയിൽ ആയിരുന്നപ്പോൾ തീത്തൊസിൽനിന്ന് പൗലോസ് അറിഞ്ഞു; അത് അവനെ ഏറെ സന്തോഷിപ്പിക്കുകയും ചെയ്തു.—2 കൊരി. 6:11; 7:5-7.
യഹോവയുടെ വാഗ്ദാനങ്ങളുടെ ഉറപ്പ്
ദൈനംദിന ജീവിതത്തിൽ പൗലോസ് വാക്കു പാലിക്കാത്തവനാണെങ്കിൽ അവൻ പ്രസംഗിക്കുന്ന കാര്യങ്ങളിലും അവനെ വിശ്വസിക്കാനാവില്ലെന്ന് അവനെതിരെയുള്ള ആരോപണം വരുത്തിത്തീർക്കുമായിരുന്നു. എന്നാൽ താൻ പ്രസംഗിച്ചതു യേശുക്രിസ്തുവിനെക്കുറിച്ചാണെന്ന് അവൻ കൊരിന്ത്യരെ ഓർമിപ്പിച്ചു. “ഞാനും സില്വാനൊസും തിമൊഥെയൊസും നിങ്ങളുടെ ഇടയിൽ പ്രസംഗിച്ച ദൈവപുത്രനായ ക്രിസ്തുയേശു ഒരേസമയം ഉവ്വ് എന്നും ഇല്ല എന്നും ആയിരുന്നില്ല. അവനിൽ ഉവ്വ് എന്നത് എപ്പോഴും ഉവ്വ് എന്നുതന്നെയാണ്.” (2 കൊരി. 1:19) പൗലോസിന്റെ മാതൃകാപുരുഷനായിരുന്ന യേശുക്രിസ്തു ഏതെങ്കിലും വിധത്തിൽ ആശ്രയിക്കാൻ കൊള്ളാത്തവനായിരുന്നോ? അല്ല! തന്റെ ജീവിതത്തിലും ശുശ്രൂഷയിലും ഉടനീളം അവൻ സത്യം മാത്രമേ സംസാരിച്ചുള്ളൂ. (യോഹ. 14:6; 18:37) യേശു പ്രസംഗിച്ചതു പൂർണമായും സത്യവും ആശ്രയയോഗ്യവും ആയിരുന്നെങ്കിൽ പൗലോസിന്റെ പ്രസംഗവും ആശ്രയയോഗ്യമായിരുന്നു. കാരണം, പൗലോസ് പ്രസംഗിച്ചതും അതേ സന്ദേശംതന്നെയാണ്.
യഹോവ “സത്യത്തിന്റെ ദൈവ”മാണ്. (സങ്കീ. 31:5, ന്യൂ ഇൻഡ്യ ഭാഷാന്തരം) പൗലോസിന്റെ തുടർന്നുള്ള വാക്കുകളിൽ നാം കാണുന്നത് അതാണ്: “ദൈവത്തിന്റെ വാഗ്ദാനങ്ങൾ എത്രയുണ്ടെങ്കിലും അവയെല്ലാം അവൻ മുഖാന്തരം” അതായത്, ക്രിസ്തു മുഖാന്തരം “ഉവ്വ് എന്നായിരിക്കുന്നു.” ഭൂമിയിലായിരുന്നപ്പോളത്തെ യേശുവിന്റെ കറയറ്റ നിർമലത, യഹോവയുടെ വാഗ്ദാനങ്ങളിൽ സംശയം തോന്നാനുള്ള ഏതൊരു സാധ്യതയും നീക്കിക്കളഞ്ഞു. പൗലോസ് തുടർന്ന് ഇങ്ങനെ പറഞ്ഞു: “അതുകൊണ്ടത്രേ ദൈവമഹത്ത്വത്തിനായി നാം അവനിലൂടെ (യേശുവിലൂടെ) ദൈവത്തോട് ‘ആമേൻ’ എന്നു പറയുന്നത്.” (2 കൊരി. 1:20) യഹോവയുടെ എല്ലാ വാഗ്ദാനങ്ങളും നിറവേറും എന്നതിന്റെ ഉറപ്പ് അഥവാ “ആമേൻ” ആണ് യേശു.
യഹോവയും യേശുവും എല്ലായ്പോഴും സത്യം സംസാരിക്കുന്നു. പൗലോസിന്റെ കാര്യത്തിലും അത് അങ്ങനെതന്നെയായിരുന്നു. (2 കൊരി. 1:19) അവൻ വാക്കുകളിൽ സ്ഥിരതയില്ലാത്തവൻ അഥവാ, “ജഡികരീതിയി”ൽ വാഗ്ദാനങ്ങൾ നടത്തുന്നവൻ, അല്ലായിരുന്നു. (2 കൊരി. 1:17) പകരം, അവൻ ‘ആത്മാവിനെ അനുസരിച്ചു നടന്നു.’ (ഗലാ. 5:16) മറ്റുള്ളവരുടെ നന്മ മുൻനിറുത്തിയാണ് അവൻ എല്ലായ്പോഴും അവരോട് ഇടപെട്ടത്. അതെ, അവന്റെ ഉവ്വ് എന്നത് ഉവ്വ് എന്നുതന്നെയായിരുന്നു!
നിങ്ങളുടെ ഉവ്വ് എന്നത് ഉവ്വ് എന്നുതന്നെയാണോ?
നിസ്സാരമായ എന്തെങ്കിലും പ്രശ്നങ്ങളുടെയോ കൂടുതൽ ആകർഷകമായ എന്തിന്റെയെങ്കിലുമോ പേരിൽ വാഗ്ദാനങ്ങൾ ലംഘിക്കുന്നതു ബൈബിൾതത്വങ്ങൾക്ക് അനുസൃതമായി ജീവിക്കാത്തവർക്കിടയിൽ ഇന്നു പതിവാണ്. വ്യവസ്ഥകളൊക്കെ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളപ്പോൾപ്പോലും ബിസിനെസ്സിൽ ഉവ്വ് എന്നത് മിക്കപ്പോഴും ഉവ്വ് എന്നാകാറില്ല. ഇനി വിവാഹത്തിന്റെ കാര്യത്തിലും, രണ്ടു വ്യക്തികൾ തമ്മിലുള്ള ഒരു ആജീവനാന്തബന്ധമായി പലരും അതിനെ വീക്ഷിക്കുന്നില്ല. കുതിച്ചുയരുന്ന വിവാഹമോചന നിരക്കു സൂചിപ്പിക്കുന്നത് എളുപ്പം ഉപേക്ഷിക്കാവുന്ന, ഒരു താത്കാലിക ബന്ധമായിട്ടാണ് അനേകരും അതിനെ കാണുന്നത് എന്നാണ്.—2 തിമൊ. 3:1, 2.
നിങ്ങളുടെ കാര്യമോ? നിങ്ങളുടെ ഉവ്വ് എന്നത് ഉവ്വ് എന്നുതന്നെയാണോ? ഈ ലേഖനത്തിന്റെ തുടക്കത്തിൽ കണ്ടതുപോലെ, പറഞ്ഞ വാക്കു പാലിക്കാൻ പറ്റാത്ത ഒരു സാഹചര്യം ചിലപ്പോഴെങ്കിലും സംജാതമായേക്കാം; നിങ്ങൾ വാക്കിൽ സ്ഥിരതയില്ലാത്തവനായതുകൊണ്ടല്ല, മറിച്ച് നിങ്ങളുടെ നിയന്ത്രണത്തിനതീതമായ സാഹചര്യങ്ങൾ നിമിത്തം. എന്നാൽ ഒരു ക്രിസ്ത്യാനിയെന്ന നിലയിൽ, നൽകുന്ന ഏതൊരു വാഗ്ദാനവും പാലിക്കാൻ നിങ്ങൾ നിങ്ങളാലാവുന്നതെല്ലാം ചെയ്യണം. (സങ്കീ. 15:4; മത്താ. 5:37) അങ്ങനെ ചെയ്യുന്നെങ്കിൽ, ആശ്രയയോഗ്യനായ, വാക്കു പാലിക്കുന്ന, എല്ലായ്പോഴും സത്യം സംസാരിക്കുന്ന ഒരുവനായി നിങ്ങൾ അറിയപ്പെടും. (എഫെ. 4:15, 25; യാക്കോ. 5:12) അനുദിന ജീവിതത്തിലെ ചെറിയ കാര്യങ്ങളിൽപ്പോലും നിങ്ങളെ വിശ്വസിക്കാമെന്നു കണ്ടാൽ, നിങ്ങൾ ദൈവരാജ്യത്തെക്കുറിച്ചുള്ള സത്യം പങ്കുവെക്കുമ്പോൾ അതു ശ്രദ്ധിക്കാൻ ആളുകൾ കൂടുതൽ മനസ്സൊരുക്കം കാണിക്കും. അതുകൊണ്ട് നിങ്ങളുടെ ഉവ്വ് എല്ലായ്പോഴും ഉവ്വ് എന്നുതന്നെ ആയിരിക്കട്ടെ!
^ ഖ. 7 കൊരിന്ത്യർക്കുള്ള ഒന്നാം ലേഖനം എഴുതി അധികം വൈകാതെ പൗലോസ് ത്രോവാസ് വഴി മാസിഡോണിയയിലേക്കു പോയി. അവിടെവെച്ച് അവൻ കൊരിന്ത്യർക്കുള്ള രണ്ടാം ലേഖനം എഴുതി. (2 കൊരി. 2:12; 7:5) പിന്നീട് അവൻ കൊരിന്ത് സന്ദർശിച്ചു.