നിങ്ങൾ “അദൃശ്യനായവനെ” കാണുന്നുണ്ടോ?
“അവൻ അദൃശ്യനായവനെ കണ്ടാലെന്നപോലെ ഉറച്ചുനിന്നു.”—എബ്രാ. 11:27.
1, 2. (എ) മോശ അപകടത്തിലായതുപോലെ കാണപ്പെട്ടത് എങ്ങനെ? വിശദീകരിക്കുക. (ലേഖനാരംഭത്തിലെ ചിത്രം കാണുക.) (ബി) മോശ രാജാവിന്റെ ക്രോധം വകവെക്കാതിരുന്നത് എന്തുകൊണ്ട്?
പ്രബലനും പ്രതാപിയുമായ ഒരു ഭരണാധികാരിയായിരുന്നു ഫറവോൻ. ഈജിപ്റ്റുകാർക്ക് അവൻ കൺകണ്ട ദൈവമായിരുന്നു. അവരുടെ കണ്ണിൽ, “ജ്ഞാനത്തിലും ശക്തിയിലും സാമാന്യജനത്തെ വെല്ലുന്നവനായിരുന്നു ഫറവോൻ” എന്ന്, ഈജിപ്റ്റ് കിഴക്കിനെ അടക്കിവാണപ്പോൾ (ഇംഗ്ലീഷ്) എന്ന ഗ്രന്ഥം പറയുന്നു. പ്രജകളിൽ ഭയാദരവ് ഉണർത്തുക എന്ന ലക്ഷ്യത്തിൽ, ഫറവോന്റെ കിരീടത്തിൽ ഫണമുയർത്തിനിൽക്കുന്ന ഒരു മൂർഖന്റെ രൂപം ഉണ്ടായിരുന്നു. രാജാവിന്റെ ഏതൊരു ശത്രുവും നൊടിയിടയിൽ നിർമൂലമാക്കപ്പെടും എന്നുള്ള ഒരു മുന്നറിയിപ്പു കൂടിയായിരുന്നു അത്. “നീ എന്റെ ജനമായ യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കേണ്ടതിന്നു ഞാൻ നിന്നെ ഫറവോന്റെ അടുക്കൽ അയക്കും” എന്ന് യഹോവ മോശയോടു പറഞ്ഞപ്പോൾ അവന്റെ ഉള്ളിലൂടെ കടന്നുപോയ ചിന്തകൾ നിങ്ങൾക്ക് ഊഹിക്കാനാകുമോ?—പുറ. 3:10.
2 മോശ ഈജിപ്റ്റിലേക്ക് ചെന്നു; ദൈവത്തിന്റെ സന്ദേശം പ്രഖ്യാപിച്ചു; ഫറവോന്റെ ക്രോധം ആളിക്കത്തി. ഒൻപത് ബാധകൾ ദേശത്തെ ആഞ്ഞടിച്ചശേഷം ഫറവോൻ മോശയ്ക്ക് ഇങ്ങനെ താക്കീത് നൽകി: “ഇനി എന്റെ മുഖം കാണാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ മുഖം കാണുന്ന നാളിൽ നീ മരിക്കും.” (പുറ. 10:28) എന്നാൽ ഫറവോന്റെ ആദ്യജാതനാണ് മരിക്കാൻപോകുന്നതെന്ന് രാജസന്നിധി വിട്ടുപോരുന്നതിനു മുമ്പ് മോശ മുന്നറിയിച്ചു. (പുറ. 11:4-8) തുടർന്ന്, ഓരോ ഇസ്രായേല്യകുടുംബവും ഓരോ കോലാട്ടുകൊറ്റനെ (അല്ലെങ്കിൽ ആട്ടുകൊറ്റനെ) അറുക്കുകയും അതിന്റെ രക്തം കട്ടിളക്കാലുകളിൽ പുരട്ടുകയും ചെയ്യണമെന്ന് മോശ നിർദേശം നൽകി. (പുറ. 12:5-7) ഇത് ഈജിപ്ഷ്യൻദൈവമായ ‘റാ’യ്ക്ക് പവിത്രമായ മൃഗമായിരുന്നു. ഇതിനോട് ഫറവോൻ എങ്ങനെ പ്രതികരിക്കുമായിരുന്നു? മോശ അതോർത്ത് ഭയചകിതനായില്ല. എന്തുകൊണ്ട്? കാരണം, ‘അവൻ അദൃശ്യനായവനെ കണ്ടാലെന്നപോലെ ഉറച്ചുനിന്നു.’ അങ്ങനെ, ‘രാജകോപം ഭയക്കാതെ’ അവൻ വിശ്വാസത്താൽ യഹോവയെ അനുസരിച്ചു.—എബ്രായർ 11:27, 28 വായിക്കുക.
3. “അദൃശ്യനായവ”നിലുള്ള മോശയുടെ വിശ്വാസത്തെക്കുറിച്ച് നാം എന്തു പരിചിന്തിക്കും?
3 ‘ദൈവത്തെ കണ്ടാൽ’ എന്നപോലെ ശക്തമാണോ നിങ്ങളുടെ വിശ്വാസം? (മത്താ. 5:8) “അദൃശ്യനായവനെ” കാണാനാകുംവിധം നമ്മുടെ ആത്മീയവീക്ഷണം തെളിവുറ്റതാക്കാൻ നമുക്ക് മോശയുടെ ദൃഷ്ടാന്തം പരിചിന്തിക്കാം. യഹോവയിലുള്ള അവന്റെ വിശ്വാസം മാനുഷഭയത്തിൽനിന്ന് അവനെ സംരക്ഷിച്ചത് എങ്ങനെയാണ്? ദൈവികവാഗ്ദാനങ്ങളിൽ എപ്രകാരമാണ് അവൻ വിശ്വാസം പ്രകടമാക്കിയത്? “അദൃശ്യനായവനെ” വിശ്വാസനേത്രങ്ങളാൽ കാണാൻ മോശയ്ക്കുണ്ടായിരുന്ന പ്രാപ്തി, അവനും അവന്റെ ജനവും അനർഥത്തിലായപ്പോൾ അവനെ എങ്ങനെയാണ് ശക്തിപ്പെടുത്തിയത്?
അവൻ ‘രാജകോപം ഭയന്നില്ല’
4. മാനുഷികകാഴ്ചപ്പാടിൽ ഫറവോന്റെ മുമ്പാകെ മോശയുടെ നില എന്തായിരുന്നു?
4 മാനുഷകാഴ്ചപ്പാടിൽ ഫറവോന്റെ മുന്നിൽ മോശ ഒന്നുമല്ലായിരുന്നു. മോശയുടെ ജീവനും ക്ഷേമവും ഭാവിയും എല്ലാം ഫറവോന്റെ കൈയിലാണെന്ന് ആർക്കും തോന്നാം. തുടക്കത്തിൽ മോശതന്നെ യഹോവയോട് ഇങ്ങനെ ചോദിച്ചിരുന്നു: “ഫറവോന്റെ അടുക്കൽപോകുവാനും യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാനും ഞാൻ എന്തു മാത്രമുള്ളൂ?” (പുറ. 3:11) 40-ഓളം വർഷം മുമ്പ് മോശ ഈജിപ്റ്റിൽനിന്ന് ഒരു അഭയാർഥിയായി ഓടിപ്പോയതാണ്. ഇപ്പോൾ, ‘ജീവൻ പണയപ്പെടുത്തി ഈജിപ്റ്റിലേക്കു തിരികെച്ചെന്ന് അവിടത്തെ രാജാവിനെ ചൊടിപ്പിക്കുന്നത് ബുദ്ധിയായിരിക്കുമോ’ എന്ന് ഒരുപക്ഷേ മോശ ചിന്തിച്ചിട്ടുണ്ടാകാം.
5, 6. ഫറവോനെ ഭയപ്പെടാതെ യഹോവയെ ഭയപ്പെടാൻ മോശയെ സഹായിച്ചത് എന്ത്?
5 ഈജിപ്റ്റിലേക്ക് മടങ്ങിപ്പോകുന്നതിനു മുമ്പ് യഹോവ മോശയെ സുപ്രധാനമായ ഒരു തത്ത്വം പഠിപ്പിച്ചു. പിൽക്കാലത്ത്, ഇയ്യോബിന്റെ പുസ്തകത്തിൽ മോശ അതിങ്ങനെ രേഖപ്പെടുത്തി: “യഹോവയോടുള്ള ഭയം തന്നേ ജ്ഞാനം.” (ഇയ്യോ. 28:28, NW) അത്തരം ഭയം നട്ടുവളർത്താനും അങ്ങനെ ജ്ഞാനപൂർവം പ്രവർത്തിക്കാനും യഹോവ മോശയെ സഹായിച്ചു. സർവശക്തനായദൈവവും മനുഷ്യരും തമ്മിലുള്ള വലിയ അന്തരം എടുത്തുകാട്ടിക്കൊണ്ട് അവൻ ഇങ്ങനെ ചോദിച്ചു: “മനുഷ്യന്നു വായി കൊടുത്തതു ആർ? അല്ല, ഊമനെയും ചെകിടനെയും കാഴ്ചയുള്ളവനെയും കുരുടനെയും ഉണ്ടാക്കിയതു ആർ? യഹോവയായ ഞാൻ അല്ലയോ?”—പുറ. 4:11.
6 എന്തായിരുന്നു അതിൽനിന്നുള്ള പാഠം? മോശ ഭയന്നുവിറയ്ക്കേണ്ട യാതൊരാവശ്യവുമില്ലായിരുന്നു. യഹോവയാണ് അവനെ അയച്ചത്! അതുകൊണ്ടുതന്നെ ഫറവോന്റെ അടുക്കൽ ദിവ്യസന്ദേശം അറിയിക്കാൻ ആവശ്യമായതെന്തും യഹോവ അവന് പ്രദാനംചെയ്യുമായിരുന്നു. മാത്രമോ? അഖിലാണ്ഡ പരമാധികാരിയായ യഹോവയുടെ മുന്നിൽ ഇത്തിരിപ്പോന്ന ഫറവോൻ എന്തുള്ളൂ! മിസ്രയീമ്യഭരണത്തിൻകീഴിൽദൈവജനം അനർഥം നേരിടുന്നത് ഇത് ആദ്യമായിട്ടൊന്നും ആയിരുന്നില്ല. മുൻകാല ഫറവോന്മാരുടെ കാലത്ത് അബ്രാഹാമിനെയും യോസേഫിനെയും, എന്തിന് തന്നെപ്പോലും യഹോവ സംരക്ഷിച്ചതിനെപ്പറ്റി മോശ ഒരുപക്ഷേ ധ്യാനിച്ചിട്ടുണ്ടാകാം. (ഉല്പ. 12:17-19; 41:14, 39-41; പുറ. 1:22–2:10) “അദൃശ്യനായ” യഹോവയിലുള്ള അടിയുറച്ച വിശ്വാസത്തോടെ ഫറവോന്റെ സന്നിധിയിൽ ധൈര്യസമേതം കയറിച്ചെന്ന് യഹോവ കല്പിച്ചിരുന്ന സകല വാക്കുകളും മോശ പ്രഖ്യാപിച്ചു.
7. യഹോവയിലുള്ള വിശ്വാസം ഒരു സഹോദരിയെ സംരക്ഷിച്ചത് എങ്ങനെ?
7 സമാനമായി യഹോവയിലുള്ള വിശ്വാസം, എല്ല എന്നു പേരുള്ള ഒരു സഹോദരിയെ മാനുഷഭയത്തിന് വഴിപ്പെടാതെ സംരക്ഷിച്ചു. 1949-ൽ എസ്റ്റോണിയയിൽവെച്ച് കെജിബി അവളെ അറസ്റ്റു ചെയ്തു. അവിടെവെച്ച് യുവാക്കളായ കുറെ പോലീസുകാർ നോക്കിനിൽക്കെ അവർ അവളുടെ വസ്ത്രമുരിഞ്ഞു. അവൾ ഇങ്ങനെ പറയുന്നു: “അങ്ങേയറ്റം അപമാനിതയായതായി എനിക്കു തോന്നി. എന്നിരുന്നാലും യഹോവയോടു പ്രാർഥിച്ചപ്പോൾ എനിക്ക് സമാധാനവും ശാന്തതയും അനുഭവപ്പെട്ടു.” തുടർന്ന്, എല്ലയെ മൂന്നു ദിവസത്തേക്ക് ഏകാന്തതടവിലാക്കി. അവൾ തുടരുന്നു: “അധികാരികൾ എന്റെ നേരെ ആക്രോശിച്ചു: ‘നോക്കിക്കോ, എസ്റ്റോണിയയിൽ യഹോവ എന്ന പേരുപോലും ആരും ഒരുകാലത്തും ഇനി ഓർക്കാൻ പോകുന്നില്ല. തടങ്കൽപ്പാളയത്തിലേക്കാണ് നിന്നെ വിടാൻ പോകുന്നത്, മറ്റുള്ളവരെ സൈബീരിയയിലേക്കും!’ പിന്നെ, അപഹസിച്ചുകൊണ്ട് അവർ ഇങ്ങനെ പറഞ്ഞു: ‘നിന്റെ യഹോവ ഇപ്പോൾ എവിടെപ്പോയി?’” എന്തായിരുന്നു എല്ലയുടെ പ്രതികരണം? അവൾ മാനുഷഭയത്തിനു വഴിപ്പെട്ടോ? അതോ യഹോവയിൽ തന്റെ ആശ്രയം വെച്ചോ? ചോദ്യം ചെയ്തപ്പോൾ, പരിഹാസികളുടെ മുന്നിൽ പതറാതെ അവൾ ധൈര്യപൂർവം ഇങ്ങനെ പറഞ്ഞു: ‘ഞാൻ ഇതേപ്പറ്റി വേണ്ടുവോളം ചിന്തിച്ചതാണ്,’ “സ്വതന്ത്രയായിത്തീരുകയും ദൈവത്തിന്റെ അംഗീകാരം നഷ്ടപ്പെടുകയും ചെയ്യുന്നതിനെക്കാൾ ദൈവവുമായുള്ള എന്റെ ബന്ധത്തിന് ഉലച്ചിൽ തട്ടാതെ തടവിലായിരിക്കാനാണു ഞാൻ ആഗ്രഹിക്കുന്നത്.” തന്റെ മുമ്പിൽ നിൽക്കുന്ന മനുഷ്യരെപ്പോലെതന്നെ യഥാർഥമായിരുന്നു എല്ലയ്ക്ക് യഹോവ. അതെ, അടിപതറാത്ത വിശ്വാസത്താൽ അവൾ തന്റെ നിർമലത കാത്തു.
8, 9. (എ) മാനുഷഭയത്തിനുള്ള മറുമരുന്ന് എന്താണ്? (ബി) മാനുഷഭയത്തിനു വഴിപ്പെടാനുള്ള സമ്മർദം നേരിടുമ്പോൾ, നിങ്ങൾ ആരിൽ ശ്രദ്ധ കേന്ദ്രീകരിക്കണം?
8 ഭയാശങ്കകൾ തരണം ചെയ്യാൻ യഹോവയിലുള്ള വിശ്വാസം നിങ്ങളെ സഹായിക്കും. ശക്തരായ ലൗകികാധികാരികൾ നിങ്ങളുടെ ആരാധനാസ്വാതന്ത്ര്യത്തിനു തടയിടാൻ ശ്രമിക്കുമ്പോൾ നിങ്ങളുടെ ജീവനും ക്ഷേമവും ഭാവിയുമൊക്കെ അവരുടെ കൈകളിലാണെന്നു ഒരുപക്ഷേ തോന്നിപ്പോയേക്കാം. അധികാരികളുടെ ക്രോധം വിളിച്ചുവരുത്തിക്കൊണ്ട് യഹോവയെ സേവിക്കുന്നതിൽ തുടരുന്നത് ജ്ഞാനമാണോ എന്നുപോലുമുള്ള ചിന്തകൾ നിങ്ങളുടെ മനസ്സിലൂടെ കടന്നുവന്നേക്കാം. എന്നാൽ ഓർക്കുക: മാനുഷഭയത്തിന് മറുമരുന്ന്ദൈവത്തിലുള്ള വിശ്വാസമാണ്. (സദൃശവാക്യങ്ങൾ 29:25 വായിക്കുക.) ‘മരിച്ചുപോകുന്ന മർത്യനെയും പുല്ലുപോലെ ആയിത്തീരുന്ന മനുഷ്യനെയും നീ പേടിക്കുന്നതെന്ത്’ എന്ന് യഹോവ ചോദിക്കുന്നു.—യെശ. 51:12, 13.
9 നിങ്ങളുടെ സർവശക്തനായ പിതാവിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നീതിരഹിതമായി പെരുമാറുന്ന ഭരണാധികാരികൾക്കു കീഴിൽ യാതന അനുഭവിക്കുന്നവരെ അവൻ കാണുകയും അവർക്കായി അവന്റെ ഹൃദയം തുടിക്കുകയും അവർക്കുവേണ്ടി അവൻ പ്രവർത്തിക്കുകയും ചെയ്യുന്നു. (പുറ. 3:7-10) ശക്തരായ അധികാരികൾക്കു മുമ്പാകെ വിശ്വാസത്തിനായി പ്രതിവാദം ചെയ്യേണ്ടിവന്നാൽപ്പോലും “എന്തു പറയണം, എങ്ങനെ പറയണം എന്നു ചിന്തിച്ച് ആകുലപ്പെടരുത്. നിങ്ങൾക്കു പറയാനുള്ളത് ആ സമയത്തു നിങ്ങൾക്കു നൽകപ്പെടും.” (മത്താ. 10:18-20) മാനുഷഭരണാധിപന്മാരും ലൗകികാധികാരികളും യഹോവയുടെ മുമ്പാകെ ഏതുമില്ല. അതുകൊണ്ട്, നിങ്ങളുടെ വിശ്വാസം വർധിപ്പിക്കേണ്ടത് ഇപ്പോഴാണ്. അങ്ങനെചെയ്യുകവഴി, സദാ സഹായസന്നദ്ധനായ ഒരു യഥാർഥവ്യക്തിയായി യഹോവയെ കാണാൻ നിങ്ങൾക്കു സാധ്യമാകും.
അവൻ ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ വിശ്വാസം പ്രകടമാക്കി
10. (എ) ബി.സി. 1513 നീസാൻ മാസം യഹോവ ഇസ്രായേൽ ജനതയ്ക്ക് എന്തു നിർദേശങ്ങൾ നൽകി? (ബി) ദൈവം നൽകിയ നിർദേശങ്ങൾ മോശ അനുസരിച്ചത് എന്തുകൊണ്ട്?
10 ബി.സി. 1513 നീസാൻ മാസം, അസാധാരണമായ ചില നിർദേശങ്ങൾ ഇസ്രായേൽ ജനത്തിനു നൽകാൻ യഹോവ മോശയോടും അഹരോനോടും ആവശ്യപ്പെട്ടു: ഊനമില്ലാത്ത ഒരു ചെമ്മരിയാടിനെയോ കോലാടിനെയോ തിരഞ്ഞെടുത്ത്, അതിനെ അറുത്ത്, അതിന്റെ രക്തം വാതിലിന്റെ കട്ടളക്കാൽ രണ്ടിന്മേലും കുറുമ്പടിമേലും പുരട്ടുക. (പുറ. 12:3-7) മോശ എങ്ങനെയാണ് പ്രതികരിച്ചത്? അപ്പൊസ്തലനായ പൗലോസ് അവനെക്കുറിച്ച് പിന്നീട് ഇങ്ങനെ എഴുതി: “വിശ്വാസത്താൽ അവൻ, സംഹാരകൻ തങ്ങളുടെ കടിഞ്ഞൂലുകളെ തൊടാതിരിക്കേണ്ടതിന് പെസഹാ ആചരിക്കുകയും രക്തം തളിക്കുകയും ചെയ്തു.” (എബ്രാ. 11:28) യഹോവ ആശ്രയയോഗ്യനാണെന്ന് മോശയ്ക്ക് അറിയാമായിരുന്നു, അതുകൊണ്ട് ഈജിപ്റ്റിലെ ആദ്യജാതന്മാരെ സംഹരിക്കുമെന്നുള്ള യഹോവയുടെ വാക്ക് അവൻ വിശ്വസിച്ചു.
11. മോശ മറ്റുള്ളവർക്ക് മുന്നറിയിപ്പ് നൽകിയത് എന്തുകൊണ്ട്?
11 സാധ്യതയനുസരിച്ച് മോശയുടെ സ്വന്തം പുത്രന്മാർ ആ സമയത്ത് “സംഹാരക”നിൽനിന്നും അകലെ മിദ്യാനിലായിരുന്നു. * (പുറ. 18:1-6) എങ്കിൽപ്പോലും, മറ്റ് ഇസ്രായേല്യകുടുംബങ്ങളിലെ ആദ്യജാതന്മാരുടെ ജീവൻ അപകടത്തിലായിരുന്നതിനാൽ, ദൈവം നൽകിയ നിർദേശങ്ങൾ മോശ അനുസരണപൂർവം അവർക്ക്കൈമാറി. അതെ, അനേകരുടെ ജീവൻ അപകടത്തിലായിരുന്നു; മോശ സഹമനുഷ്യരെ സ്നേഹിച്ചു. അതുകൊണ്ട്, “താമസംവിനാ,” (NW) “മോശെ യിസ്രായേൽമൂപ്പന്മാരെ ഒക്കെയും വിളിച്ചു അവരോടു . . . പെസഹയെ അറുപ്പിൻ” എന്ന് നിർദേശിച്ചതായി ബൈബിൾ പ്രസ്താവിക്കുന്നു.—പുറ. 12:21.
12. ഏത് സുപ്രധാനമായ സന്ദേശം അറിയിക്കാൻ യഹോവ നമുക്ക് നിർദേശം നൽകിയിരിക്കുന്നു?
12 ദൂതവഴിനടത്തിപ്പിൻ കീഴിൽ യഹോവയുടെ ജനം സുപ്രധാനമായ ഒരു സന്ദേശം അറിയിച്ചുകൊണ്ടിരിക്കുകയാണ്: “ദൈവത്തെ ഭയപ്പെട്ട് അവനു മഹത്ത്വം കൊടുക്കുവിൻ. അവന്റെ ന്യായവിധിയുടെ സമയം വന്നിരിക്കുന്നു. ആകാശവും ഭൂമിയും സമുദ്രവും നീരുറവകളും ഉണ്ടാക്കിയവനെ ആരാധിക്കുവിൻ.” (വെളി. 14:7) ആ സന്ദേശം പ്രഘോഷിക്കുന്നതിനുള്ള സമയം ഇപ്പോഴാണ്. മഹതിയാം ബാബിലോണിന്റെ “ബാധകളിൽ ഓഹരിക്കാരാകാതെ” അവളെ വിട്ട് പുറത്ത് കടക്കാൻ നമ്മുടെ അയൽക്കാർക്ക് കഴിയേണ്ടതിന് നാം അവർക്ക് മുന്നറിയിപ്പ് നൽകേണ്ടത് വളരെ പ്രധാനമാണ്. (വെളി. 18:4) ദൈവത്തിൽനിന്ന് അകന്നുപോയിരിക്കുന്ന ആളുകളോട് “ദൈവവുമായി അനുരഞ്ജനപ്പെടുവിൻ” എന്ന് അഭിഷിക്തക്രിസ്ത്യാനികളോട് ചേർന്ന് ‘വേറെ ആടുകൾ’ അപേക്ഷിക്കുന്നു.—യോഹ. 10:16; 2 കൊരി. 5:20.
13. സുവാർത്ത പങ്കുവെക്കാനുള്ള നിങ്ങളുടെ ആഗ്രഹം ഊട്ടിവളർത്താൻ എന്തിനു കഴിയും?
13 “ന്യായവിധിയുടെ സമയം” വന്നെത്തിയിരിക്കുന്നു എന്ന് നമുക്ക് പൂർണബോധ്യമുണ്ട്. പ്രസംഗ-ശിഷ്യരാക്കൽ വേലയുടെ അടിയന്തിരത യഹോവ ഒട്ടുംതന്നെ പെരുപ്പിച്ച് കാണിച്ചിട്ടില്ല എന്ന വിശ്വാസവും നമുക്കുണ്ട്. ‘ഭൂമിയിലെ നാലുകാറ്റും പിടിച്ചുനിറുത്തിക്കൊണ്ട്’ “നാലുദൂതന്മാർ ഭൂമിയുടെ നാലുകോണിൽ നിൽക്കുന്ന”തായി അപ്പൊസ്തലനായ യോഹന്നാൻ ഒരു ദർശനത്തിൽ കണ്ടു. (വെളി. 7:1) ഈ ലോകത്തിന്റെ മേൽ ആഞ്ഞുവീശാനിരിക്കുന്ന മഹാകഷ്ടത്തിന്റെ വിനാശകരമായ കാറ്റ് ഏതുനിമിഷവും അഴിച്ചുവിടാൻ തയ്യാറായി നിൽക്കുന്ന ആ ദൂതന്മാരെ വിശ്വാസനേത്രങ്ങളാൽ നിങ്ങൾ കാണുന്നുണ്ടോ? വിശ്വാസത്തിന്റെ വിവേചനക്കണ്ണാൽ നിങ്ങൾ ആ ദൂതന്മാരെ കാണുന്നുണ്ടെങ്കിൽ മറ്റുള്ളവരുമായി ആത്മവിശ്വാസത്തോടെ സുവാർത്ത പങ്കുവെക്കാൻ നിങ്ങൾക്ക് സാധിക്കും.
14. ‘ദുർമ്മാർഗ്ഗം വിട്ടുതിരിയാനായി ദുഷ്ടനെ ഓർമിപ്പിക്കാൻ’ നമ്മെ പ്രചോദിപ്പിക്കുന്നത് എന്ത്?
14 സത്യക്രിസ്ത്യാനികൾ ഇപ്പോൾത്തന്നെ യഹോവയുമായി ഒരു സുഹൃദ്ബന്ധവും നിത്യജീവന്റെ പ്രത്യാശയും ആസ്വദിക്കുന്നു. എന്നിരുന്നാലും, “ദുഷ്ടനെ ജീവനോടെ രക്ഷിക്കേണ്ടതിന്നു അവൻ തന്റെ ദുർമ്മാർഗ്ഗം വിടുവാൻ അവനെ ഓർപ്പി”ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമായി നാം തിരിച്ചറിയുന്നു. (യെഹെസ്കേൽ 3:17-19 വായിക്കുക.) നാം പ്രസംഗിക്കുന്നത് കേവലം രക്തപാതകത്തിൽനിന്ന് ഒഴിഞ്ഞിരിക്കുക എന്ന ഉദ്ദേശ്യത്തിലല്ല. പകരം, നാം യഹോവയെയും നമ്മുടെ അയൽക്കാരെയും സ്നേഹിക്കുന്നു. അയൽസ്നേഹം കാണിച്ച ശമര്യക്കാരന്റെ ഉപമയിൽ കരുണയും സ്നേഹവും യഥാർഥത്തിൽ എന്താണെന്ന് യേശു വരച്ചുകാട്ടി. അതുകൊണ്ട് നമുക്ക് ഇങ്ങനെ ആത്മവിചാരം നടത്താം: ‘ആ നല്ല ശമര്യക്കാരനെപ്പോലെയാണോ ഞാൻ? മറ്റുള്ളവരോട് “മനസ്സലി”വ് തോന്നിയിട്ട് ഞാൻ സുവാർത്ത പങ്കുവെക്കാറുണ്ടോ?’ ഏതായാലും, ഉപമയിലെ പുരോഹിതനെയും ലേവ്യനെയും പോലെ ഒഴികഴിവുകൾ കണ്ടെത്തി “മറുവശത്തുകൂടെ” കടന്നുപോകാൻ നാം ഒരിക്കലും ശ്രമിക്കുകയില്ല. (ലൂക്കോ. 10:25-37) സമയം തീർന്നുപോകുംമുമ്പ് പ്രസംഗവേലയിൽ ഒരു പൂർണപങ്കുണ്ടായിരിക്കാൻ ദൈവത്തിന്റെ വാഗ്ദാനങ്ങളിലുള്ള വിശ്വാസവും അയൽക്കാരോടുള്ള സ്നേഹവും നമ്മെ പ്രചോദിപ്പിക്കും.
“അവർ . . . ചെങ്കടൽ കടന്നു”
15. തങ്ങൾ വലിയൊരു കുടുക്കിൽ അകപ്പെട്ടതായി ഇസ്രായേല്യർക്ക് തോന്നിയത് എന്തുകൊണ്ട്?
15 ഈജിപ്റ്റ് വിട്ടശേഷം ഇസ്രായേല്യർ ഒരു കടുത്ത പ്രതിസന്ധിയെ നേരിട്ടപ്പോൾ “അദൃശ്യനായവ”നിലുള്ള മോശയുടെ വിശ്വാസം ഉറച്ചുനിൽക്കാൻ അവനെ സഹായിച്ചു. ബൈബിൾ വിവരണം ഇങ്ങനെ പറയുന്നു: “യിസ്രായേൽമക്കൾ തല ഉയർത്തു മിസ്രയീമ്യർ പിന്നാലെ വരുന്നതു കണ്ടു ഏററവും ഭയപ്പെട്ടു; യിസ്രായേൽമക്കൾ യഹോവയോടു നിലവിളിച്ചു.” (പുറ. 14:10-12) ഈ വിഷമസന്ധി അപ്രതീക്ഷിതമായിരുന്നോ? ഒരിക്കലുമല്ല. യഹോവ അത് മുൻകൂട്ടിപ്പറഞ്ഞിരുന്നു: “ഫറവോൻ അവരെ പിന്തുടരുവാൻ തക്കവണ്ണം ഞാൻ അവന്റെ ഹൃദയം കഠിനമാക്കും. ഞാൻ യഹോവ ആകുന്നു എന്നു മിസ്രയീമ്യർ അറിയേണ്ടതിന്നു ഫറവോനിലും അവന്റെ സകലസൈന്യങ്ങളിലും ഞാൻ എന്നെ തന്നേ മഹത്വപ്പെടുത്തും.” (പുറ. 14:4) എന്നിരുന്നാലും, ഇസ്രായേൽ ജനം അക്ഷരീയകണ്ണുകൾക്ക് ഗോചരമായതു മാത്രമാണ് കണ്ടത്. മുമ്പിൽ മുറിച്ചുകടക്കാനാകാത്ത ചെങ്കടൽ; പിമ്പിൽ പാഞ്ഞടുക്കുന്ന ഫറവോന്റെ യുദ്ധരഥങ്ങൾ; വഴിനയിക്കാനാണെങ്കിലോ? ആടുമേച്ചുനടന്ന 80 വയസ്സുള്ള ഒരു വൃദ്ധൻ. ‘ഞങ്ങൾ പെട്ടുപോയതുതന്നെ!’ അവർ ഉറപ്പിച്ചു.
16. ചെങ്കടലിങ്കൽ വിശ്വാസം മോശയെ ശക്തനാക്കിയത് എങ്ങനെ?
16 പക്ഷേ, മോശ പരിഭ്രാന്തനോ ഭയചകിതനോ ആയില്ല. എന്തുകൊണ്ടില്ല? കാരണം, സൈന്യത്തെയും സാഗരത്തെയും നിഷ്പ്രഭമാക്കാൻപോന്ന ഒന്ന് അവന്റെ വിശ്വാസനയനങ്ങൾ നോക്കിക്കണ്ടു. ‘യഹോവ ചെയ്വാനിരുന്ന രക്ഷ’ അവന് കാണാനായി. അതെ, യഹോവ ഇസ്രായേല്യർക്കുവേണ്ടി യുദ്ധം ചെയ്യുമെന്ന് അവന് അറിയാമായിരുന്നു. (പുറപ്പാടു 14:13, 14 വായിക്കുക.) മോശയുടെ അചഞ്ചലമായ വിശ്വാസം ദൈവജനത്തിന് കരുത്തു പകർന്നു. “വിശ്വാസത്താൽ അവർ ഉണങ്ങിയ നിലത്തുകൂടെ എന്നപോലെ ചെങ്കടൽ കടന്നു” എന്ന് ബൈബിൾ പറയുന്നു. എന്നാൽ, “അങ്ങനെചെയ്യാൻ ഒരുമ്പെട്ട ഈജിപ്റ്റുകാരോ മുങ്ങിപ്പോയി.” (എബ്രാ. 11:29) ആ മഹാസംഭവത്തെത്തുടർന്ന് “ജനം യഹോവയെ ഭയപ്പെട്ടു, യഹോവയിലും അവന്റെ ദാസനായ മോശെയിലും വിശ്വസിച്ചു.”—പുറ. 14:31.
17. ഏത് ഭാവിസംഭവം നമ്മുടെ വിശ്വാസത്തിന്റെ മാറ്റുരയ്ക്കും?
17 നമ്മുടെ ജീവൻതന്നെ അപകടത്തിലാണെന്നു തോന്നിയേക്കാവുന്ന സാഹചര്യങ്ങൾ സമീപഭാവിയിൽ ഉടലെടുക്കാൻ പോകുകയാണ്. മഹാകഷ്ടം അതിന്റെ പാരമ്യത്തിലെത്തുമ്പോഴേക്കും, നമ്മെക്കാൾ അംഗബലമുള്ളതും അതിബൃഹത്തും ആയ മതസ്ഥാപനങ്ങളെ ഈ ലോകത്തിലെ ഭരണകൂടങ്ങൾ തകർത്ത് തരിപ്പണമാക്കിയിരിക്കും. (വെളി. 17:16) ദൈവജനത്തിന്റെ ദുർബലാവസ്ഥയെ “ഓടാമ്പലും കതകും” ‘മതിലും ഇല്ലാത്ത ഗ്രാമങ്ങൾ ഉള്ള ദേശത്തോട്’ ഒരു പ്രാവചനികവർണനയിൽ യഹോവ ഉപമിക്കുന്നു. (യെഹെ. 38:10-12, 14-16) മാനുഷികവീക്ഷണകോണിൽ, നമ്മൾ രക്ഷപെടാൻ യാതൊരു സാധ്യതയുമില്ലെന്ന് തോന്നിപ്പോകുന്ന ഒരു സാഹചര്യം അന്നുണ്ടാകും. എങ്ങനെയായിരിക്കും നിങ്ങൾ പ്രതികരിക്കുക?
18. മഹാകഷ്ടത്തിന്റെ സമയത്ത് നമുക്ക് ഉറച്ചുനിൽക്കാനാകും. എന്തുകൊണ്ട്? വിശദീകരിക്കുക.
18 നാം പരിഭ്രാന്തരോ ഭയചകിതരോ ആകേണ്ടതില്ല. എന്തുകൊണ്ടില്ല? കാരണം, ദൈവജനത്തിന്മേലുള്ള ആ ആക്രമണത്തെക്കുറിച്ച് യഹോവ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. അതിന്റെ അനന്തരഫലവും അവൻ മുൻകണ്ടിരിക്കുന്നു. സാർവത്രിക പരമാധികാരി ഇങ്ങനെ പ്രഖ്യാപിക്കുന്നു: “യിസ്രായേൽദേശത്തിന്നു വിരോധമായി ഗോഗ് വരുന്ന അന്നാളിൽ എന്റെ ക്രോധം എന്റെ മൂക്കിൽ ഉജ്ജ്വലിക്കും . . . ഞാൻ എന്റെ തീക്ഷ്ണതയിലും എന്റെ കോപാഗ്നിയിലും അരുളിച്ചെ”യ്യും. (യെഹെ. 38:18-23) തന്റെ ജനത്തിന് ഹാനിവരുത്താൻ ശ്രമിക്കുന്ന സകലരെയും യഹോവ നിർമൂലമാക്കും. “യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസ”ത്തിന്റെ ഒടുവിൽ കാര്യങ്ങൾ എങ്ങനെ പരിണമിക്കും എന്നതിലുള്ള നിങ്ങളുടെ വിശ്വാസം, “യഹോവ . . . ചെയ്വാനിരിക്കുന്ന രക്ഷ” കാണാനും നിർമലത കാത്തുസൂക്ഷിക്കാനും നിങ്ങളെ സഹായിക്കും.—യോവേ. 2:31, 32.
19. (എ) എത്രത്തോളം ഗാഢമായ ഒരു ബന്ധമായിരുന്നു യഹോവയും മോശയും തമ്മിലുണ്ടായിരുന്നത്? (ബി) എല്ലാ വഴികളിലും യഹോവയെ നിനയ്ക്കുന്നുവെങ്കിൽ നിങ്ങൾ എന്ത് അനുഗ്രഹം ആസ്വദിക്കും?
19 “അദൃശ്യനായവനെ കണ്ടാലെന്നപോലെ” തുടർന്നും ‘ഉറച്ചുനിന്നുകൊണ്ട്’ ആവേശഭരിതമായ ആ സംഭവങ്ങൾക്കായി ഇപ്പോഴേ ഒരുങ്ങുക! പതിവായ പഠനത്തിലൂടെയും പ്രാർഥനയിലൂടെയും യഹോവയുമായുള്ള നിങ്ങളുടെ സുഹൃദ്ബന്ധം സുശക്തമാക്കുക. യഹോവയുമായി അത്തരം ഒരു ഗാഢബന്ധം മോശയ്ക്കുണ്ടായിരുന്നു. ഭയങ്കരകാര്യങ്ങൾ പ്രവർത്തിക്കാൻ യഹോവ അവനെ ഉപയോഗിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ യഹോവ മോശയെ “അഭിമുഖമായി” അറിഞ്ഞിരുന്നു എന്ന് ബൈബിൾ പറയുന്നു. (ആവ. 34:12) അനന്യനായ ഒരു പ്രവാചകനായിരുന്നു മോശ. എങ്കിലും, വിശ്വാസമുണ്ടെങ്കിൽ നിങ്ങൾക്കും യഹോവയെ കണ്ടാലെന്നപോലെ അവനെ അത്ര അടുത്തറിയാൻ സാധിക്കും.ദൈവവചനം പ്രോത്സാഹിപ്പിക്കുന്നതുപോലെ, നിങ്ങളുടെ “എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക;” അവൻ നിങ്ങളുടെ “പാതകളെ നേരെയാക്കും.”—സദൃ. 3:6.
^ ഖ. 11 മിസ്രയീമ്യരുടെ മേൽ ന്യായവിധി നടപ്പിലാക്കാൻ യഹോവ ദൂതന്മാരെ അയച്ചതായി തെളിവു സൂചിപ്പിക്കുന്നു.—സങ്കീ. 78:49-51.