ജീവിതകഥ
അതെ, യഹോവ എന്നെ സഹായിച്ചിരിക്കുന്നു!
കാനഡയിലെ, കുറ്റിക്കാടുകൾ നിറഞ്ഞ വടക്കൻ ഒണ്ടേറിയോ പ്രദേശത്തെ ഹോൺപാനിൽ ഞാൻ എന്റെ നവവധു എവ്ലീനുമായി ട്രെയിനിറങ്ങി. നേരം പുലരുന്നതേയുള്ളൂ, മരവിപ്പിക്കുന്ന തണുപ്പ്. അവിടെയുള്ള ഒരു സഹോദരൻ വന്ന് ഞങ്ങളെ കൂട്ടിക്കൊണ്ടുപോയി. അദ്ദേഹവും ഭാര്യയും മകനും ഒന്നിച്ച് ഞങ്ങൾ ഹൃദ്യമായ പ്രാതൽ കഴിച്ചു. പിന്നെ ഞങ്ങൾ വീടുതോറും സാക്ഷീകരിക്കാൻ പോയി, വഴിയെല്ലാം മഞ്ഞിൽ പുതഞ്ഞുകിടന്നു! സർക്കിട്ട് മേൽവിചാരകനായ ശേഷമുള്ള ആദ്യത്തെ പരസ്യപ്രസംഗം അന്നു വൈകുന്നേരം ഞാൻ നടത്തി. യോഗത്തിന് ഞങ്ങൾ അഞ്ച് പേർ മാത്രം, വേറെ ആരുമുണ്ടായിരുന്നില്ല!
ഞാൻ നടത്തിയ 1957-ലെ ആ പ്രസംഗത്തിന് ചെറിയൊരു സദസ്സേ ഉണ്ടായിരുന്നുള്ളൂ എന്നത് എനിക്കൊരു വിഷയമേ അല്ലായിരുന്നു. കാരണമുണ്ട്, ഞാൻ ഉൾവലിയുന്ന പ്രകൃതക്കാരനായിരുന്നു. ചെറുപ്പത്തിൽ, അതിഥികൾ വീട്ടിലെത്തുമ്പോൾ ഞാൻ ഒളിച്ചിരിക്കും, അവരെ എനിക്കു പരിചയമുണ്ടെങ്കിൽപ്പോലും.
രസകരമെന്നു പറയട്ടെ, യഹോവയുടെ സംഘടനയിൽ എനിക്കു ലഭിച്ചിട്ടുള്ള നിയമനങ്ങളിൽ മിക്കവയും ആളുകളുമായി ഇടപഴകേണ്ടിവരുന്നവയായിരുന്നു; അതും പരിചയം ഉള്ളവരും ഇല്ലാത്തവരും ആയ ഒട്ടേറെപ്പേരുമായി. ആത്മവിശ്വാസമില്ലായ്മയും ലജ്ജാശീലവും ഇന്നും എന്നെ പിന്തുടരുന്നു. അതുകൊണ്ട്, എന്റെ നിയമനങ്ങളിലുണ്ടായ വിജയങ്ങൾക്ക് ഒരു പുകഴ്ചയും എനിക്ക് അവകാശപ്പെടാനില്ല. പകരം, യഹോവയുടെ ഈ വാഗ്ദാനത്തിന്റെ സത്യത ഞാൻ എന്റെ ജീവിതത്തിലൂടെ കണ്ടിരിക്കുന്നു: “നീ ഭയപ്പെടേണ്ടാ; ഞാൻ നിന്നോടുകൂടെ ഉണ്ടു; ഭ്രമിച്ചുനോക്കേണ്ടാ, ഞാൻ നിന്റെ ദൈവം ആകുന്നു; ഞാൻ നിന്നെ ശക്തീകരിക്കും; ഞാൻ നിന്നെ സഹായിക്കും; എന്റെ നീതിയുള്ള വലങ്കൈകൊണ്ടു ഞാൻ നിന്നെ താങ്ങും.” (യെശ. 41:10) സഹവിശ്വാസികളുടെ പിന്തുണയിലൂടെയാണ് യഹോവ എന്നെ പ്രധാനമായും സഹായിച്ചത്. അവരിൽ ചിലരെക്കുറിച്ച് ഞാൻ പറയാം, എന്റെ കുട്ടിക്കാലംമുതൽ എനിക്കു ലഭിച്ച പിന്തുണയെക്കുറിച്ച്.
ഒരു ബൈബിളും ചെറിയൊരു കറുത്ത നോട്ടുബുക്കും
1940-കളിലെ തെളിഞ്ഞ ഒരു പ്രഭാതം. അന്നു ഞായറാഴ്ചയായിരുന്നു. എൽസി ഹണ്ടിങ്ഫേർഡ് എന്നൊരു വനിത തെക്കുപടിഞ്ഞാറൻ ഒണ്ടേറിയോയിലെ ഞങ്ങളുടെ ഫാം ഹൗസിൽ എത്തി. എന്റെ അമ്മ ചെന്ന് വാതിൽ തുറന്നു. എന്നെപ്പോലെതന്നെ ലജ്ജാലുവായ അച്ഛൻ അവർ പറയുന്നതു കേട്ടുകൊണ്ട് എന്റെകൂടെ അകത്തുതന്നെ ഇരുന്നു. എൽസി സഹോദരി സാധനങ്ങൾ വിൽക്കാൻ വന്ന ഏതോ സ്ത്രീയാണെന്നാണ് അച്ഛൻ വിചാരിച്ചത്. അമ്മ ആവശ്യമില്ലാത്ത എന്തെങ്കിലും വാങ്ങിച്ചേക്കുമോ എന്നു ഭയന്ന് അദ്ദേഹം ഒടുവിൽ വാതിൽക്കലേക്കു ചെന്ന് ‘ഞങ്ങൾക്ക് ഒന്നും വാങ്ങാൻ താത്പര്യമില്ല’ എന്നു പറഞ്ഞു. അതു കേട്ടതും സഹോദരി ചോദിച്ചു: “നിങ്ങൾ ബൈബിൾ പഠിക്കാനും താത്പര്യമില്ലാത്തവരാണോ?” “ഓ, അതിന് ഞങ്ങൾക്ക് താത്പര്യമാണ്,” അദ്ദേഹം പറഞ്ഞു.
പറ്റിയ സമയത്താണ് എൽസി സഹോദരി ഞങ്ങളുടെ വീട്ടിൽ വന്നത്. കാരണം, യുണൈറ്റഡ് ചർച്ച് ഓഫ് കാനഡ എന്ന സഭാവിഭാഗത്തിലെ സജീവയംഗങ്ങളായിരുന്ന എന്റെ മാതാപിതാക്കൾ ആ സഭ വിട്ടുപോരാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്തായിരുന്നു കാരണം? പള്ളിക്ക് സംഭാവന നൽകിയ ആളുകളുടെ പേരുകൾ അവരുടെ സംഭാവനത്തുകയുടെ വലുപ്പക്രമത്തിൽ പള്ളിയിൽ പ്രദർശിപ്പിക്കുമായിരുന്നു. സാധാരണക്കാരായിരുന്ന എന്റെ മാതാപിതാക്കളുടെ പേരുകൾ പലപ്പോഴും ലിസ്റ്റിൽ താഴെയായിട്ടായിരിക്കും. കൂടുതൽ കൊടുക്കാനായി പള്ളിയധികാരികൾ അവരെ നിർബന്ധിക്കുകയും ചെയ്തിരുന്നു. അതിനിടെ മറ്റൊരു സംഭവവുമുണ്ടായി. ഒരു മതശുശ്രൂഷകൻ, താൻ വിശ്വസിക്കുന്ന കാര്യങ്ങളല്ല സഭയിൽ പഠിപ്പിക്കുന്നതെന്നും തന്റെ ജോലി പോകാതിരിക്കാനാണ് ഇതു ചെയ്യുന്നതെന്നും തുറന്നുസമ്മതിച്ചു. പിന്നെ രണ്ടുവട്ടം ആലോചിച്ചില്ല, ഞങ്ങൾ പള്ളിവിട്ടു. പക്ഷേ, ആത്മീയകാര്യങ്ങളോടുള്ള ദാഹവും വാഞ്ഛയും ഞങ്ങളിൽ അപ്പോഴുമുണ്ടായിരുന്നു.
യഹോവയുടെ സാക്ഷികളുടെ പ്രവർത്തനങ്ങൾ അക്കാലത്ത് കാനഡയിൽ നിരോധിച്ചിരുന്നതിനാൽ എൽസി സഹോദരി, ബൈബിളും കറുത്തനിറമുള്ള ഒരു കൊച്ചുനോട്ടുബുക്കിലെ ചില കുറിപ്പുകളും മാത്രം ഉപയോഗിച്ചാണ് ഞങ്ങൾക്ക് അധ്യയനമെടുത്തിരുന്നത്. ഞങ്ങൾ സഹോദരിയെ അധികാരികൾക്ക് ഒറ്റിക്കൊടുക്കുകയില്ലെന്ന് ബോധ്യമായിക്കഴിഞ്ഞപ്പോൾ സഹോദരി ഞങ്ങൾക്ക് ബൈബിൾപ്രസിദ്ധീകരണങ്ങൾ നൽകിത്തുടങ്ങി. ഓരോ അധ്യയനവും കഴിയുമ്പോൾ ഞങ്ങൾ പ്രസിദ്ധീകരണങ്ങൾ ഒളിപ്പിച്ചുവെക്കുമായിരുന്നു. *
എതിർപ്പുകളും മറ്റു തടസ്സങ്ങളും എല്ലാമുണ്ടായിരുന്നിട്ടും എൽസി സഹോദരി തീക്ഷ്ണതയോടെ സുവാർത്ത പ്രസംഗിച്ചു. സഹോദരിയുടെ തീക്ഷ്ണത എന്നെ ആകർഷിക്കുകയും സത്യത്തിനുവേണ്ടി നടപടികൾ സ്വീകരിക്കാൻ എന്നെ പ്രചോദിപ്പിക്കുകയും ചെയ്തു. എന്റെ മാതാപിതാക്കൾ സ്നാനമേറ്റ് ഒരു വർഷം കഴിഞ്ഞപ്പോൾ ദൈവത്തോടുള്ള എന്റെ സമർപ്പണത്തിന്റെ തെളിവായി ഞാനും സ്നാനമേറ്റു. കന്നുകാലികൾക്ക് വെള്ളം നൽകാൻ ഉപയോഗിച്ചിരുന്ന വലിയൊരു ലോഹത്തൊട്ടിയിലായിരുന്നു എന്റെ സ്നാനം, 1949 ഫെബ്രുവരി 27-ന്. അന്ന് എനിക്ക് 17 വയസ്സായിരുന്നു. മുഴുസമയശുശ്രൂഷയിൽ പ്രവേശിക്കാൻ ഞാൻ തീരുമാനിച്ചുറച്ചു.
ധൈര്യമുള്ളവനായിരിക്കാൻ യഹോവ എന്നെ സഹായിക്കുന്നു
നേരേ പയനിയറിങ് തുടങ്ങാൻ എനിക്ക് അല്പം ധൈര്യക്കുറവു തോന്നി. പയനിയറിങ് ചെയ്യാൻ കുറച്ചു പണം കരുതിവെക്കേണ്ടതുണ്ടെന്ന് ചിന്തിച്ച ഞാൻ കുറച്ചുനാൾ ഒരു ബാങ്കിലും ഒരു ഓഫീസിലും ജോലി ചെയ്തു. പക്ഷേ, ഉണ്ടാക്കുന്ന പണമെല്ലാം ഞാൻ അപ്പോൾത്തന്നെ ചെലവഴിച്ചുതീർക്കുമായിരുന്നു. കാരണം പണം എങ്ങനെ ചെലവഴിക്കണമെന്ന് എനിക്ക് അറിയില്ലായിരുന്നു, പോരാത്തതിന് ചെറുപ്പവും. അങ്ങനെയിരിക്കെ, റ്റെഡ് സാർജെന്റ് സഹോദരൻ എനിക്കു ധൈര്യം പകർന്നു; യഹോവയിൽ വിശ്വാസമർപ്പിക്കാനും സഹോദരൻ എന്നോടു പറഞ്ഞു. (1 ദിന. 28:10) ആ പ്രോത്സാഹനവാക്കുകളാൽ ധൈര്യപ്പെട്ട് ഞാൻ 1951 നവംബറിൽ പയനിയറിങ് തുടങ്ങി. എനിക്ക് ആകെയുണ്ടായിരുന്നത് 40 ഡോളറും ഒരു പുതിയ ബ്രീഫ്കെയ്സും ഒരു പഴയ സൈക്കിളും ആയിരുന്നു. പക്ഷേ, യഹോവ എല്ലായ്പോഴും എനിക്ക് ആവശ്യമായതെല്ലാമുണ്ടെന്ന് ഉറപ്പുവരുത്തി. പയനിയർസേവനം ഏറ്റെടുക്കാൻ റ്റെഡ് എന്നെ പ്രോത്സാഹിപ്പിച്ചതിന് എനിക്ക് എത്ര നന്ദിയുണ്ടെന്നോ! കൂടുതലായ അനുഗ്രഹങ്ങൾ എന്നെ കാത്തിരിക്കുകയായിരുന്നു.
1952 ആഗസ്റ്റ് അവസാനം ഒരു വൈകുന്നേരം, എനിക്ക് ടൊറൊന്റോയിൽനിന്ന് ഒരു ഫോൺസന്ദേശം ലഭിച്ചു. സെപ്റ്റംബർമുതൽ ബെഥേൽസേവനത്തിന് എന്നെ ക്ഷണിച്ചുകൊണ്ട് യഹോവയുടെ സാക്ഷികളുടെ കാനഡ ബ്രാഞ്ചോഫീസിൽനിന്നുള്ള സന്ദേശമായിരുന്നു അത്. ഇതിനുമുമ്പ് ഞാൻ ബെഥേൽ സന്ദർശിച്ചിട്ടില്ല. പോരാത്തതിന്, ലജ്ജാലുവും. എന്നിട്ടും ഞാൻ ആവേശഭരിതനായി. കാരണം, മറ്റു പയനിയർമാർ ബെഥേലിനെപ്പറ്റി പറഞ്ഞ കാര്യങ്ങൾ എന്റെ മനസ്സിലേക്കുവന്നു. ബെഥേലുമായി ഞാൻ വേഗം ഇണങ്ങിച്ചേർന്നു.
“സഹോദരങ്ങളുടെ കാര്യത്തിൽ താത്പര്യമുണ്ടെന്ന് അവർ കാണട്ടെ”
ബെഥേലിലെത്തി രണ്ട് വർഷം കഴിഞ്ഞപ്പോൾ ഞാൻ ടൊറന്റോയിലെ ഷാ ‘യൂണിറ്റിൽ’ * സഭാദാസനായി (ഇന്ന്, മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ എന്ന് അറിയപ്പെടുന്നു) നിയമിക്കപ്പെട്ടു. മുമ്പ് ബിൽ യേക്കസായിരുന്നു കമ്പനി ദാസൻ. ഞാനാകട്ടെ, വെറും 23 വയസ്സുള്ള ഒരു പാവം കർഷകബാലൻ! എന്നാൽ ചെയ്യേണ്ടത് എന്താണെന്ന് യേക്കസ് സഹോദരൻ താഴ്മയോടും സ്നേഹത്തോടും കൂടെ എനിക്കു കാണിച്ചുതന്നു. അതെ, യഹോവ ഇവിടെയും എന്നെ സഹായിച്ചു!
പൊക്കം കുറഞ്ഞ് നന്നായി തടിച്ച യേക്കസ് സഹോദരൻ എപ്പോഴും പുഞ്ചിരിക്കുന്ന, ആളുകളിൽ ആത്മാർത്ഥതാത്പര്യമെടുക്കുന്ന ആളായിരുന്നു. അദ്ദേഹം സഹോദരങ്ങളെ സ്നേഹിച്ചു, അവർ അദ്ദേഹത്തെയും! സഹോദരങ്ങൾക്കു പ്രശ്നങ്ങളുള്ളപ്പോൾ മാത്രമല്ല മറ്റു സമയങ്ങളിലും അദ്ദേഹം അവരെ ക്രമമായി സന്ദർശിച്ചിരുന്നു. അങ്ങനെതന്നെ ചെയ്യാൻ യേക്കസ് സഹോദരൻ എന്നോടും പറഞ്ഞു; കൂടാതെ, സഹോദരീസഹോദരന്മാരോടൊപ്പം വയൽശുശ്രൂഷയിൽ ഒരുമിച്ചു പ്രവർത്തിക്കാനും. “കെൻ, നിനക്ക് സഹോദരങ്ങളുടെ കാര്യത്തിൽ താത്പര്യമുണ്ടെന്ന് അവർ കാണട്ടെ. നിന്റെ എല്ലാ പോരായ്മകളും അതിൽ മൂടിപ്പൊയ്ക്കൊള്ളും!” എന്ന് അദ്ദേഹം പറയുമായിരുന്നു.
ഭാര്യയുടെ സ്നേഹവും പിന്തുണയും
1957 മുതൽ യഹോവ എന്നെ ഒരു സവിശേഷവിധത്തിൽ സഹായിച്ചിരിക്കുന്നു. ഗിലെയാദ് സ്കൂളിന്റെ 14-ാമത്തെ ക്ലാസ്സിൽനിന്നും ബിരുദം നേടിയ എവ്ലീനെ ആ ജനുവരിയിലാണ് ഞാൻ വിവാഹം ചെയ്തത്. വിവാഹത്തിനു മുമ്പ് അവൾ ഫ്രഞ്ച് സംസാരിക്കുന്ന ക്യുബെക്ക് പ്രവിശ്യയിൽ സേവിച്ചുവരികയായിരുന്നു. അക്കാലങ്ങളിൽ ക്യുബെക്ക് മുഖ്യമായും റോമൻ കത്തോലിക്കാ സഭയുടെ നിയന്ത്രണത്തിലായിരുന്നു. വളരെ വിഷമംപിടിച്ച ഒരു നിയമനമായിരുന്നെങ്കിലും എവ്ലീൻ ആ നിയമനത്തോട് പറ്റിനിന്നു, യഹോവയോടും.
എവ്ലീൻ എന്നോടും ഇന്നുവരെ വിശ്വസ്തമായി പറ്റിനിന്നിരിക്കുന്നു. (എഫെ. 5:31) ഞങ്ങൾ വിവാഹിതരായ ഉടനെ ഒരു സാഹചര്യമുണ്ടായി. വിവാഹശേഷം യു.എസ്.എ.-യിലെ ഫ്ളോറിഡയിലേക്ക് യാത്ര പോകാൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. പക്ഷേ, വിവാഹത്തിന്റെ പിറ്റേന്ന് ബ്രാഞ്ച് എന്നോട് കാനഡയിലെ ബെഥേലിൽ ഒരാഴ്ചത്തെ ഒരു യോഗത്തിൽ സംബന്ധിക്കാൻ ആവശ്യപ്പെട്ടു. ഈ യോഗം ഞങ്ങളുടെ പദ്ധതികളെല്ലാം തടസ്സപ്പെടുത്തിയെങ്കിലും യഹോവ ഞങ്ങളോട് ആവശ്യപ്പെടുന്നത് എന്തായാലും അത് ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു. അതുകൊണ്ട് മധുവിധുയാത്ര ഞങ്ങൾ വേണ്ടെന്നുവെച്ചു. ആ ആഴ്ച എവ്ലീൻ ബ്രാഞ്ചിന് അടുത്തുള്ള പ്രദേശങ്ങളിൽ വയൽസേവനം ചെയ്തു. ക്യുബെക്കിനെ അപേക്ഷിച്ച് വളരെ വ്യത്യസ്തമായ പ്രദേശമായിരുന്നെങ്കിലും അവൾ ക്ഷമയോടെ പിടിച്ചുനിന്നു.
ആ വാരാന്തത്തിൽ ഒരു അപ്രതീക്ഷിതവാർത്ത എന്നെ തേടിയെത്തി. വടക്കൻ ഒണ്ടേറിയോയിൽ ഒരു സർക്കിട്ട് മേൽവിചാരകനായി എന്നെ നിയമിച്ചിരിക്കുന്നു! വെറും 25 വയസ്സുള്ള ഒരു നവവരൻ, അനുഭവപരിചയം ഒട്ടുമില്ല! എന്നിട്ടും യഹോവയിൽ ആശ്രയിച്ചുകൊണ്ട് ഞങ്ങൾ പുറപ്പെട്ടു. കാനഡയിലെ കനത്ത ശൈത്യത്തിൽ ഞങ്ങൾ ഒരു രാത്രിവണ്ടിയിൽ കയറി. ആ തീവണ്ടിയിൽ തങ്ങളുടെ നിയമനപ്രദേശത്തേക്ക് മടങ്ങുകയായിരുന്ന പരിചയസമ്പന്നരായ കുറെ സഞ്ചാര മേൽവിചാരകന്മാരുമുണ്ടായിരുന്നു. അവർ ഞങ്ങളെ എത്ര പ്രോത്സാഹിപ്പിച്ചെന്നോ! ഒരു സഹോദരൻ അദ്ദേഹത്തിന്റെ ബെർത്ത് ഞങ്ങൾക്കു തന്നു. അല്ലായിരുന്നെങ്കിൽ രാത്രി മുഴുവൻ ഞങ്ങൾ ഇരുന്ന് ഉറങ്ങേണ്ടിവന്നേനെ! പിറ്റേന്നു രാവിലെ, ഞങ്ങളുടെ വിവാഹം കഴിഞ്ഞ് 15-ാം ദിവസം, ഞാൻ തുടക്കത്തിൽ സൂചിപ്പിച്ച ഹോൺപാനിലെ ആ കൊച്ചുകൂട്ടത്തെ സന്ദർശിച്ചുകൊണ്ട് ഞങ്ങളുടെ സഞ്ചാരവേല തുടങ്ങി.
ഇനിയും പല മാറ്റങ്ങൾ ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു. 1960-ന്റെ അവസാനം ഞങ്ങൾ ഡിസ്ട്രിക്റ്റ് വേലയിലായിരിക്കെ ഗിലെയാദ് സ്കൂളിന്റെ 36-ാമത്തെ ക്ലാസ്സിൽ പങ്കെടുക്കാനുള്ള ക്ഷണം എനിക്കു കിട്ടി. ന്യൂയോർക്കിൽ ബ്രുക്ലിനിൽവെച്ച് 1961 ഫെബ്രുവരി ആദ്യം തുടങ്ങുന്ന പത്തുമാസത്തെ ഒരു കോഴ്സായിരുന്നു അത്. ഞാൻ ആവേശഭരിതനായെങ്കിലും എവ്ലീന് ക്ഷണം കിട്ടിയില്ലെന്ന് അറിഞ്ഞപ്പോൾ എന്റെ സന്തോഷം മങ്ങി. കുറഞ്ഞത് പത്ത് മാസമെങ്കിലും വേർപിരിഞ്ഞിരിക്കാൻ സമ്മതമാണെന്ന് അറിയിച്ചുകൊണ്ടുള്ള ഒരു കത്ത് എഴുതാൻ എവ്ലീനോട് ആവശ്യപ്പെട്ടു. ഇത്തരം സാഹചര്യങ്ങളിൽ ഭാര്യമാർ സാധാരണ ഇങ്ങനെ ചെയ്യേണ്ടതുണ്ടായിരുന്നു. എവ്ലീൻ ആദ്യം കരഞ്ഞെങ്കിലും പിന്നെ സമ്മതിച്ചു. അങ്ങനെ ഞാൻ ക്ലാസ്സിൽ പങ്കെടുക്കാൻ തീരുമാനിച്ചു. എനിക്ക് ഗിലെയാദിൽനിന്ന് മികച്ച പരിശീലനം ലഭിക്കുന്നത് അവൾക്കു സന്തോഷമായിരുന്നു.
ഞാൻ കൂടെയില്ലാതിരുന്ന കാലയളവിൽ, എവ്ലീൻ കാനഡ ബ്രാഞ്ചിൽ സേവിച്ചു. ആ സമയത്ത് മാർഗരറ്റ് ലവ്ൽ എന്ന ഒരു അഭിഷിക്തസഹോദരിയോടൊപ്പം ഒരേ മുറിയിൽ താമസിക്കാനുള്ള അവസരം എവ്ലീന് കിട്ടി. ഞാൻ അവളുടെയും അവൾ എന്റെയും സാമീപ്യം കൊതിച്ചു! എങ്കിലും യഹോവയുടെ സഹായത്താൽ ഞങ്ങളുടെ ഈ താത്കാലികനിയമനങ്ങളിൽ ഞങ്ങൾക്ക് മനസ്സുപതിപ്പിക്കാനായി. യഹോവയ്ക്കും അവന്റെ സംഘടനയ്ക്കും കൂടുതൽ പ്രയോജനമുള്ളവരായിത്തീരാൻ, ഞങ്ങൾക്ക് ഒന്നിച്ചായിരിക്കാനുള്ള അവസരങ്ങൾ വിട്ടുകൊടുക്കുന്നതിന് അവൾക്ക് മനസ്സായിരുന്നു. അത് എന്നെ ആഴത്തിൽ സ്പർശിച്ചു!
ഗിലെയാദ് ക്ലാസ്സ് തുടങ്ങി ഏകദേശം മൂന്ന് മാസം കഴിഞ്ഞപ്പോൾ അന്ന് ലോകവ്യാപക വേലയ്ക്ക് നേതൃത്വം കൊടുത്തിരുന്ന നേഥൻ എച്ച്. നോർ സഹോദരൻ എനിക്ക് ഒരു അസാധാരണമായ ക്ഷണം വെച്ചുനീട്ടി. ക്ലാസ്സ് അവിടെവെച്ച് അവസാനിപ്പിച്ച് കാനഡ ബ്രാഞ്ചിലേക്കു മടങ്ങിപ്പോയി, രാജ്യശുശ്രൂഷാ സ്കൂളിൽ അധ്യാപകനായുള്ള ഒരു താത്കാലിക നിയമനം സ്വീകരിക്കാമോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. ഞാൻ ആ ക്ഷണം സ്വീകരിക്കണമെന്ന് നിർബന്ധമൊന്നുമില്ലെന്ന് അദ്ദേഹം പറഞ്ഞു. വേണമെങ്കിൽ എനിക്ക് ഗിലെയാദ് കോഴ്സ് പൂർത്തീകരിച്ച് മിഷനറിവേലയിൽ പ്രവേശിക്കാം. എന്നാൽ, ഞാൻ കാനഡ ബ്രാഞ്ചിലേക്ക് പോകാൻ തീരുമാനിക്കുകയാണെങ്കിൽ പിന്നീട് ഒരിക്കലും ഗിലെയാദിൽ പങ്കെടുക്കാനായെന്നുവരില്ല എന്നും സാധ്യതയനുസരിച്ച് കാനഡയിലെ വയലിലേക്കുതന്നെ എന്നെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭാര്യയുമായി ആലോചിച്ചിട്ട് തീരുമാനിച്ചാൽ മതിയെന്നും സഹോദരൻ അറിയിച്ചു.
ദിവ്യാധിപത്യനിയമനങ്ങളെ താൻ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് എവ്ലീൻ നേരത്തെ എന്നോട് പറഞ്ഞിട്ടുണ്ടായിരുന്നതിനാൽ ഞാൻ നോർ സഹോദരനോട് ഉടൻതന്നെ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സംഘടന എന്തു ചെയ്യാനാണോ ഞങ്ങളോട് ആവശ്യപ്പെടുന്നത്, അതു ചെയ്യാൻ ഞങ്ങൾക്കു സന്തോഷമേ ഉള്ളൂ.” നമ്മുടെ താത്പര്യങ്ങൾ എന്തുതന്നെയായിക്കൊള്ളട്ടെ, യഹോവയുടെ സംഘടന പോകാൻ പറയുന്നിടത്തേക്കു പോകുക! ഞങ്ങൾ അതാണു ചെയ്തത്!
അങ്ങനെ, 1961 ഏപ്രിലിൽ ഞാൻ രാജ്യശുശ്രൂഷാ സ്കൂളിൽ പഠിപ്പിക്കുന്നതിനായി ബ്രുക്ലിനിൽനിന്ന് കാനഡയിലേക്കു പോയി. പിന്നീട് ഞങ്ങൾ ബെഥേലിൽ സേവിക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ, വീണ്ടും എന്നെ അതിശയിപ്പിച്ചുകൊണ്ട്, 1965-ൽ ആരംഭിക്കാനിരുന്ന 40-ാമത്തെ ഗിലെയാദ് ക്ലാസ്സിൽ പങ്കെടുക്കാനുള്ള ക്ഷണം എന്നെത്തേടിയെത്തി. പിരിഞ്ഞിരിക്കാൻ സമ്മതമാണെന്ന് അറിയിച്ചുകൊണ്ടുള്ള കത്ത് വീണ്ടും എവ്ലീന് എഴുതേണ്ടിവന്നു. എന്നാൽ, ഏതാനും ആഴ്ചകൾ കഴിഞ്ഞ്, ഞങ്ങളെ രണ്ടുപേരെയും സന്തോഷിപ്പിച്ചുകൊണ്ട് ഒരു ക്ഷണം വന്നു, ഗിലെയാദിലേക്ക് എവ്ലീനുള്ള ക്ഷണം!
ഞങ്ങൾ ഗിലെയാദ് ക്ലാസ്സിൽ ചെന്നപ്പോൾ, ഫ്രഞ്ച് ഭാഷാക്ലാസ്സുകളിൽ പേരുകൊടുത്തിട്ടുള്ള ഞങ്ങളെപ്പോലുള്ളവരെ ആഫ്രിക്കയിലേക്കായിരിക്കും നിയമിക്കുകയെന്ന് നോർ സഹോദരൻ ഞങ്ങളോടു പറഞ്ഞു. എന്നാൽ ബിരുദദാനച്ചടങ്ങിൽ ഞങ്ങളെ നിയമിച്ചതോ, കാനഡയിലേക്ക്; അതും, ബ്രാഞ്ച് മേൽവിചാരകനായിട്ട്! (ഇപ്പോൾ ബ്രാഞ്ച് കമ്മിറ്റി കോർഡിനേറ്റർ എന്നറിയപ്പെടുന്നു.) എനിക്ക് അപ്പോൾ 34 വയസ്സേ ഉണ്ടായിരുന്നുള്ളൂ. ഞാൻ നോർ സഹോദരനോടു പറഞ്ഞു: “എന്നാലും ഞാൻ ചെറുപ്പമല്ലേ സഹോദരാ!” പക്ഷേ അദ്ദേഹം എനിക്കു മനക്കരുത്ത് പകർന്നു. തുടക്കംമുതൽ, ഗൗരവമേറിയ തീരുമാനങ്ങൾ എടുക്കേണ്ടിവരുമ്പോൾ ബെഥേലിലെ പ്രായവും പരിചയവും ഉള്ള സഹോദരന്മാരോട് ഞാൻ ആലോചിക്കുമായിരുന്നു.
ബെഥേൽ, പഠിക്കാനും പഠിപ്പിക്കാനും ഉള്ള ഒരു സ്ഥലം
ബെഥേൽസേവനം മറ്റുള്ളവരിൽനിന്നു പഠിക്കാനുള്ള വിലയേറിയ അവസരങ്ങൾ എനിക്കു നൽകി. ബ്രാഞ്ച് കമ്മിറ്റിയിലെ മറ്റംഗങ്ങളെ ഞാൻ അങ്ങേയറ്റം ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നു. ബെഥേലിലെയും ഞങ്ങൾ സഹവസിച്ച സഭകളിലെയും നൂറുകണക്കിന് ക്രിസ്തീയ സഹോദരീസഹോദരന്മാർ ഞങ്ങൾക്ക് എന്നും പ്രചോദനമായിരുന്നിട്ടുണ്ട്. ഇവരിൽ ചെറുപ്പക്കാരും പ്രായമായവരും ഉൾപ്പെടുന്നു.
ബെഥേൽസേവനത്തിലൂടെ എനിക്ക് മറ്റുള്ളവരെ പഠിപ്പിക്കാനും അവരുടെ വിശ്വാസം ശക്തിപ്പെടുത്താനും കഴിഞ്ഞിരിക്കുന്നു. പൗലോസ് അപ്പൊസ്തലൻ തിമൊഥെയൊസിനോട് ഇങ്ങനെ പറഞ്ഞു: ‘നീ പഠിച്ച കാര്യങ്ങളിൽ നിലനിൽക്കുക.’ കൂടാതെ, അവൻ ഇങ്ങനെയും പറഞ്ഞു: “നീ എന്നിൽനിന്നു കേട്ടതും അനേകം സാക്ഷികളാൽ സ്ഥിരീകരിക്കപ്പെട്ടതുമായ കാര്യങ്ങൾ വിശ്വസ്തരായ പുരുഷന്മാർക്കു പകർന്നുകൊടുക്കുക; അങ്ങനെ അവരും മറ്റുള്ളവരെ പഠിപ്പിക്കാൻ സജ്ജരായിത്തീരും.” (2 തിമൊ. 2:2; 3:14) ചിലപ്പോൾ സഹോദരങ്ങൾ എന്നോടു ചോദിക്കാറുണ്ട്, 57 വർഷത്തെ ബെഥേൽസേവനത്തിൽനിന്ന് ഞാൻ എന്തു പഠിച്ചു എന്ന്. എനിക്ക് ഇത്രയേ പറയാനുള്ളൂ: “യഹോവയുടെ സംഘടന നിങ്ങളോട് ചെയ്യാൻ ആവശ്യപ്പെടുന്നത് മനസ്സോടെ ചെയ്യുക, അത് ഉടനടി ചെയ്യുക. സഹായത്തിനായി യഹോവയിൽ ആശ്രയിക്കുക.”
ജീവിതാനുഭവങ്ങളില്ലാത്ത, നാണംകുണുങ്ങിയായ ഒരു ചെറുപ്പക്കാരനായി ഞാൻ ബെഥേലിന്റെ പടികടന്നെത്തിയത് ഇന്നലെയെന്നോണം ഓർക്കുന്നു. കടന്നുപോയ വർഷങ്ങളിലെല്ലാം യഹോവ എന്റെ ‘വലങ്കൈ പിടിച്ചിരിക്കുകയായിരുന്നു.’ സഹോദരങ്ങളുടെ കരുതലും പരിഗണനയും സമയോചിതമായ സഹായവും വഴി യഹോവ ഇപ്പോഴും എന്നോട് ഇങ്ങനെ പറയുകയാണ്: “ഭയപ്പെടേണ്ടാ, ഞാൻ നിന്നെ സഹായിക്കും.”—യെശ. 41:13.