വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾ യ​ഹോവ​യുടെ സംഘ​ടന​യോ​ടൊത്ത്‌ മു​ന്നേറു​ന്നു​വോ?

നിങ്ങൾ യ​ഹോവ​യുടെ സംഘ​ടന​യോ​ടൊത്ത്‌ മു​ന്നേറു​ന്നു​വോ?

“യ​ഹോവ​യുടെ കണ്ണ് നീതി​മാന്മാ​രു​ടെമേൽ ഉണ്ട്.”—1 പത്രോ. 3:12.

1. വിശ്വാ​സത്യാ​ഗം ഭവിച്ച ഇസ്രാ​യേ​ലിനു പകരം യ​ഹോവ​യുടെ നാമം വഹിക്കുന്ന ജന​തയാ​യി ഏതു സം​ഘടന​യാണ്‌ നിലവിൽ വന്നത്‌? (ലേഖ​നാരം​ഭത്തി​ലെ ചിത്രം കാണുക.)

ഒന്നാം നൂ​റ്റാ​ണ്ടിൽ ക്രിസ്‌തീ​യസഭ സ്ഥാപിച്ചതിന്‍റെയും ആധു​നി​കകാ​ലത്ത്‌ സത്യാ​രാ​ധന പുനഃസ്ഥാപിച്ചതിന്‍റെയും എല്ലാ ബഹു​മതി​യും യ​ഹോ​വയ്‌ക്കുള്ള​താണ്‌! വിശ്വാ​സത്യാ​ഗം ഭവിച്ച ഇ​സ്രാ​യേൽ ജന​തയ്‌ക്കു പകരം യേശുവിന്‍റെ ആദ്യ​കാ​ലശി​ഷ്യർ ഉൾപ്പെട്ട സംഘടന യ​ഹോവ​യുടെ നാമം വഹിക്കുന്ന ജന​മാ​യിത്തീർന്ന​തി​നെക്കു​റിച്ച് മുൻലേഖ​നത്തിൽ നാം കണ്ടു. ദൈവത്തിന്‍റെ പ്രീ​തി​യും പി​ന്തുണ​യും വേ​ണ്ടു​വോ​ളമു​ണ്ടായി​രുന്ന ഈ പുതിയ സംഘടന എ.ഡി. 70-ലെ യെരുശലേമിന്‍റെ നാശത്തെ അതി​ജീ​വിച്ചു. (ലൂക്കോ. 21:20, 21) ഒന്നാം നൂ​റ്റാണ്ടി​ലെ ആ സംഭവങ്ങൾ ഇന്നത്തെ ദൈവ​ജനം ഉൾപ്പെ​ടുന്ന സം​ഭവ​വികാ​സങ്ങ​ളുടെ മുൻനി​ഴലാ​യി​രുന്നു. സാത്താന്‍റെ ഈ വ്യ​വസ്ഥി​തിക്ക് പെ​ട്ടെന്നു​തന്നെ തിരശ്ശീല വീഴും! എന്നാൽ ദൈവത്തിന്‍റെ സംഘടന അന്ത്യ​നാളു​കളെ അതി​ജീവി​ക്കും. (2 തിമൊ. 3:1) ഇക്കാ​ര്യ​ത്തിൽ നമുക്ക് ഉറപ്പു​ണ്ടാ​യിരി​ക്കാൻ കഴി​യു​ന്നത്‌ എങ്ങനെ?

2. “മഹാകഷ്ട”ത്തെ​ക്കുറിച്ച് യേശു എന്തു പറഞ്ഞു, അതിന്‍റെ തുടക്കം എങ്ങ​നെയാ​യിരി​ക്കും?

2 തന്‍റെ അദൃശ്യസാന്നിധ്യത്തെയും വ്യവ​സ്ഥി​തിയു​ടെ സമാ​പന​ത്തെയും കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “ലോ​കാരം​ഭം​മുതൽ ഇന്നുവരെ സംഭ​വിച്ചി​ട്ടില്ലാ​ത്തതും മേലാൽ സം​ഭവി​ക്കുക​യില്ലാ​ത്തതു​മായ മഹാകഷ്ടം അന്നു​ണ്ടാ​കും.” (മത്താ. 24:3, 21) സമാ​നത​കളി​ല്ലാത്ത ഈ മഹാകഷ്ടത്തിന്‍റെ  തുടക്കം രാഷ്‌ട്രീ​യശക്തി​കളെ ഉപ​യോ​ഗിച്ച് യഹോവ വ്യാജമത ലോ​ക​സാ​മ്രാജ്യ​മായ ‘മഹ​തി​യാം ബാബി​ലോണി​നെ’ നശി​പ്പിക്കു​ന്ന​തോ​ടെയാ​യിരി​ക്കും. (വെളി. 17:3-5, 16) അതിനു ശേഷം എന്തു സം​ഭവി​ക്കും?

സാത്താന്‍റെ ആക്രമണം അർമ്മ​ഗെദ്ദോ​നി​ലേക്കു നയിക്കുന്നു

3. വ്യാജമതത്തിന്‍റെ നാ​ശത്തി​നു ശേഷം യ​ഹോവ​യുടെ ജന​ത്തി​ന്മേൽ ഏത്‌ ആക്ര​മണമു​ണ്ടാ​കും?

3 വ്യാജമതത്തിന്‍റെ നാ​ശത്തി​നു ശേഷം സാ​ത്താ​നും അവന്‍റെ വ്യവ​സ്ഥിതി​യും യ​ഹോവ​യുടെ ദാ​സന്മാ​രെ ആ​ക്രമി​ക്കും. ഉദാ​ഹരണ​ത്തിന്‌, “മാ​ഗോഗ്‌ദേശ​ത്തിലെ ഗോഗി”നെ​ക്കുറിച്ച് തിരു​വെ​ഴുത്തു​കൾ ഇങ്ങനെ പറഞ്ഞി​രി​ക്കുന്നു: “നീ മഴ​ക്കോൾപോ​ലെ കയ​റിവ​രും; നീയും നിന്‍റെ എല്ലാ പട​ക്കൂട്ട​ങ്ങളും നി​ന്നോ​ടു​കൂ​ടെയുള്ള പല ജാ​തിക​ളും മേ​ഘം​പോലെ ദേശത്തെ മൂടും.” സൈന്യ​ബലം ഇല്ലാ​ത്തവ​രും ഭൂ​മിയി​ലെ ഏറ്റവും സമാ​ധാന​പ്രി​യരും ആയ ആളു​കളാണ്‌ യ​ഹോവ​യുടെ സാക്ഷികൾ. അതു​കൊണ്ട് അവരെ അനാ​യാ​സം തോൽപ്പി​ക്കാം എന്ന് എതി​രാ​ളികൾക്കു തോ​ന്നി​യേക്കാം. എന്നാൽ ദൈവ​ജനത്തി​നെ​തിരെ തി​രിയു​ന്നത്‌ എത്ര വലിയ അബദ്ധ​മായി​രി​ക്കും!—യെഹെ. 38:1, 2, 9-12.

4, 5. തന്‍റെ ദാ​സന്മാ​രെ നശി​പ്പിക്കാ​നുള്ള സാത്താന്‍റെ ശ്ര​മങ്ങ​ളോട്‌ യഹോവ എങ്ങനെ പ്രതി​കരി​ക്കും?

4 തന്‍റെ ജനത്തെ നശി​പ്പിക്കാ​നുള്ള സാത്താന്‍റെ ശ്ര​മങ്ങ​ളോട്‌ ദൈവം എങ്ങനെ പ്രതി​കരി​ക്കും? യഹോവ അ​പ്പോൾത്തന്നെ തന്‍റെ ജനത്തിന്‍റെ രക്ഷയ്‌ക്കെത്തും; സാർവ​ത്രിക​പരമാ​ധി​കാരി​യെന്ന തന്‍റെ അധി​കാ​രം അവൻ അവിടെ ഉപ​യോഗി​ക്കും! തന്‍റെ ദാ​സന്മാ​രുടെ നേ​രെ​യുള്ള ആക്രമണം തനിക്കു നേ​രെ​യുള്ള പോ​രാട്ട​മായാണ്‌ അവൻ കണ​ക്കാക്കു​ന്നത്‌. (സെഖര്യാവു 2:8 വായിക്കുക.) അതു​കൊണ്ട് നമ്മുടെ സ്വർഗീയ​പിതാവ്‌ നമ്മെ വിടു​വി​ക്കാ​നുള്ള നട​പടി​കൾ സത്വരം സ്വീ​കരി​ക്കും! “സർവ്വശക്ത​നായ ദൈവത്തിന്‍റെ മഹാ​ദി​വസത്തി​ലെ യുദ്ധ”മായ അർമ്മ​ഗെ​ദ്ദോ​നിൽ സാത്താന്‍റെ ലോകം നശി​പ്പിക്ക​പ്പെടു​ന്ന​തോടെ നമ്മുടെ ആ വിടുതൽ പൂർണമാ​കും!—വെളി. 16:14, 16.

5 അർമ്മ​ഗെ​ദ്ദോ​നെക്കു​റിച്ച് ബൈ​ബിൾപ്രവ​ചനം ഇങ്ങനെ പറയുന്നു: “യ​ഹോ​വെക്കു ജാതി​ക​ളോടു ഒരു വ്യ​വഹാ​രം ഉണ്ടു; അവൻ സകല​ജഡ​ത്തോ​ടും വ്യ​വഹരി​ച്ചു ദു​ഷ്ടന്മാ​രെ വാളിന്നു ഏല്‌പി​ക്കും എന്നു യ​ഹോവ​യുടെ അരു​ളപ്പാ​ടു. സൈ​ന്യങ്ങ​ളുടെ യഹോവ ഇ​പ്രകാ​രം അരു​ളി​ച്ചെയ്യു​ന്നു: അനർത്ഥം ജാതി​യിൽനി​ന്നു ജാതി​യി​ലേക്കു പു​റപ്പെ​ടുന്നു; ഭൂ​മിയു​ടെ അറ്റങ്ങ​ളിൽനിന്നു വലിയ കൊ​ടു​ങ്കാറ്റു ഇള​കിവ​രും. അന്നാളിൽ യ​ഹോവ​യുടെ നി​ഹത​ന്മാർ ഭൂ​മിയു​ടെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ വീണു​കി​ടക്കും; അവ​രെക്കു​റിച്ചു ആരും വി​ലപി​ക്കയില്ല; അവരെ എടുത്തു കുഴി​ച്ചി​ടുക​യില്ല; അവർ നി​ലത്തി​ന്നു വളമാ​യി​ത്തീ​രും.” (യിരെ. 25:31-33) അർമ്മഗെ​ദ്ദോൻ ഈ ദുഷ്ട​വ്യവ​സ്ഥിതിക്ക് അന്ത്യം കു​റി​ക്കും. സാത്താന്‍റെ ലോകം നാമാ​വ​ശേഷമാ​കും! എന്നാൽ യ​ഹോവ​യുടെ സം​ഘടന​യുടെ ഭൗ​മിക​ഭാഗം ഇവിടെ ശേ​ഷി​ക്കും.

ഇന്ന് യ​ഹോവ​യുടെ സംഘടന അനു​സ്യൂ​തം വളരുന്നതിന്‍റെ കാരണം

6, 7 (എ) “മഹാ​പുരു​ഷാര”മായി​ത്തീ​രു​ന്നവർ എവി​ടെ​നിന്നു വരുന്നു? (ബി) സമീപവർഷങ്ങളിൽ ഏതു വർധന ദർശി​ക്കാനാ​യി​ട്ടുണ്ട്?

6 യ​ഹോവ​യുടെ അംഗീ​കാ​രമുള്ള ആളു​കളാണ്‌ അവന്‍റെ സംഘ​ടനയി​ലു​ള്ളവ​രെല്ലാം. ഈ സംഘടന നില​നിൽക്കുന്ന​തും അനു​സ്യൂ​തം വള​രുന്ന​തും അതു​കൊ​ണ്ടാണ്‌. “യ​ഹോവ​യുടെ കണ്ണ് നീതി​മാന്മാ​രു​ടെമേൽ ഉണ്ട്; അവന്‍റെ ചെവി അവരുടെ യാ​ചനയ്‌ക്കു തുറ​ന്നി​രിക്കു​ന്നു” എന്നു ബൈബിൾ ഉറ​പ്പുത​രുന്നു. (1 പത്രോ. 3:12) ഈ നീതി​മാ​ന്മാ​രിൽ ‘മഹാ​ക​ഷ്ടത്തെ’ അതി​ജീവി​ക്കുന്ന ഒരു “മഹാ​പു​രുഷാ​രം” ഉൾപ്പെടു​ന്നു. (വെളി. 7:9, 14) ഈ അതി​ജീ​വകർ വെ​റു​മൊരു ‘പു​രുഷാ​രം’ അഥവാ ജനക്കൂട്ടം അല്ല; അവർ ഒരു “മഹാപുരുഷാരം”ത​ന്നെയാണ്‌! അതായത്‌, വലി​യൊ​രു ജനതതി! ‘മഹാ​ക​ഷ്ടത്തെ’ അതി​ജീവി​ച്ചു​വരുന്ന ആ വൻപു​രു​ഷാര​ത്തിൽ ഒരാ​ളാ​യി നിങ്ങളെ ഒന്നു സങ്കല്‌പി​ച്ചു​നോക്കൂ!

7 മഹാ​പു​രുഷാ​രമാ​യി​ത്തീരു​ന്നവർ എവി​ടെ​നിന്നാണ്‌ വരുന്നത്‌? തന്‍റെ സാന്നിധ്യത്തിന്‍റെ അടയാളത്തിന്‍റെ ഭാ​ഗമാ​യി യേശു മുൻകൂട്ടി​പ്പറഞ്ഞ വാ​ക്കുക​ളിൽ അതിനുള്ള ഉത്ത​രമുണ്ട്. അവൻ പറഞ്ഞു: “രാജ്യത്തിന്‍റെ ഈ സു​വി​ശേഷം സകല ജന​തകൾക്കും ഒരു സാക്ഷ്യ​ത്തി​നായി ഭൂ​ലോക​ത്തി​ലെങ്ങും പ്രസം​ഗി​ക്കപ്പെ​ടും; അപ്പോൾ അന്ത്യം വരും.” (മത്താ. 24:14) ഈ അന്ത്യ​നാ​ളുക​ളിൽ ദൈവത്തിന്‍റെ സം​ഘടന​യുടെ സു​പ്രധാ​നവേല ഇതാണ്‌. യ​ഹോവ​യുടെ സാ​ക്ഷിക​ളുടെ ഗോ​ളവ്യാ​പക​മായ പ്രസംഗ, പഠി​പ്പി​ക്കൽ വേ​ലയി​ലൂടെ ദശല​ക്ഷക്കണ​ക്കിന്‌ ആളുകൾ ദൈവത്തെ “ആത്മാ​വി​ലും സത്യ​ത്തി​ലും” ആരാ​ധി​ക്കാൻ പഠി​ച്ചി​രിക്കു​ന്നു. (യോഹ. 4:23, 24) ഉദാ​ഹരണ​മായി കഴിഞ്ഞ പത്ത്‌ വർഷ​ക്കാ​ലയള​വിൽ, അതായത്‌ 2003-2012 സേവ​നവർഷങ്ങ​ളിൽ, 27,07,000-ലേ​റെ​പ്പേർ ദൈവത്തിന്‌ സമർപ്പി​ച്ചു സ്‌നാ​നമേൽക്കു​കയു​ണ്ടായി. ലോ​കവ്യാ​പക​മായി ഇപ്പോൾ 79 ലക്ഷ​ത്തിൽപ്പരം സാ​ക്ഷിക​ളുണ്ട്. കൂടാതെ, വാർഷിക സ്‌മാ​രകാ​ചരണ സമയത്തും മറ്റു​മാ​യി അവ​രോ​ടൊപ്പം  സഹവസിക്കുന്ന ദശലക്ഷങ്ങൾ വേ​റെയു​മുണ്ട്. എണ്ണ​ത്തി​ലും കണക്കു​കളി​ലും നമ്മൾ അഹങ്ക​രിക്കു​ന്നില്ല. കാരണം, ‘​ദൈവമ​ത്രേ വളരു​മാ​റാക്കു​ന്നത്‌.’ (1 കൊരി. 3:5-7) എന്നാൽ, ഈ കണക്കുകൾ തെളി​യി​ക്കു​ന്നത്‌ ഓരോ വർഷവും ഈ ‘പു​രുഷാ​രം’ വളർന്നുവ​ളർന്ന് ഒരു മഹാ​പുരു​ഷാ​രമാ​യി​ക്കൊണ്ടി​രി​ക്കുന്നു എന്നാണ്‌!

8. ഈ ആധു​നി​കകാ​ലത്ത്‌ യ​ഹോവ​യുടെ സംഘടന ശ്ര​ദ്ധേയമാം​വി​ധം വളരുന്നതിന്‍റെ കാ​രണ​മെന്ത്?

8 ദൈ​വദാ​സരു​ടെ അതി​ശയക​രമായ വർധനയു​ടെ മറ്റൊരു കാരണം യഹോവ തന്‍റെ സാ​ക്ഷി​കളെ പിന്തു​ണയ്‌ക്കു​ന്നു എന്നതാണ്‌. (യെശയ്യാവു 43:10-12 വായിക്കുക.) ഈ വർധ​നയെ​ക്കുറിച്ച് ഇങ്ങനെ മുൻകൂട്ടി​പ്പറഞ്ഞി​രുന്നു: “കുറഞ്ഞവൻ ആയി​ര​വും ചെ​റി​യവൻ മഹാ​ജാതി​യും ആയി​ത്തീ​രും; യ​ഹോവ​യായ ഞാൻ തക്ക സമയത്തു അതിനെ ശീ​ഘ്രമാ​യി നി​വർത്തി​ക്കും.” (യെശ. 60:22) അഭി​ഷിക്ത​ശേഷിപ്പ് “കുറഞ്ഞവൻ” ആയിരുന്ന ഒരു കാല​മുണ്ടാ​യി​രുന്നു. എന്നാൽ ആത്മീ​യയി​സ്രായേ​ലിലെ മറ്റ്‌ അം​ഗങ്ങ​ളും ദൈവത്തിന്‍റെ സംഘ​ടന​യി​ലേക്ക് കൂട്ടി​ച്ചേർക്ക​പ്പെട്ട​തോടെ അവരുടെ എണ്ണം വർധിച്ചു. (ഗലാ. 6:16) മഹാ​പുരു​ഷാ​രത്തെ കൂട്ടി​ച്ചേർക്കാൻ തുട​ങ്ങി​യതോ​ടെ ദൈ​വദാ​സരു​ടെ വർധന തുട​രുക​യാണ്‌! കഴി​ഞ്ഞു​പോയ ദശക​ങ്ങളി​ലുട​നീളം ഇങ്ങനെ യഹോവ തന്‍റെ ജനത്തെ അനു​ഗ്രഹി​ച്ചിരി​ക്കുന്നു!

നാം എന്തു ചെയ്യാൻ യഹോവ ആ​ഗ്രഹി​ക്കുന്നു?

9. ദൈവവ​ചനം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന ശോ​ഭന​മായ ഭാവി​യനു​ഗ്ര​ഹങ്ങൾ നമ്മു​ടേതാ​കണ​മെങ്കിൽ നാം എന്തു ചെയ്യണം?

9 നാം അഭി​ഷി​ക്തക്രിസ്‌ത്യാ​നിക​ളിൽപ്പെട്ട​വരോ മഹാ​പു​രു​ഷാര​ത്തിൽപ്പെട്ട​വരോ ആയി​ക്കൊ​ള്ളട്ടെ, ദൈവവ​ചനം വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന മഹത്തായ ഭാവി​യനു​ഗ്ര​ഹങ്ങൾ നമുക്ക് അനു​ഭവി​ക്കാനാ​കും! അതിനു പക്ഷേ യ​ഹോവ​യുടെ നി​ബന്ധ​നകൾ നാം അനു​സരി​ക്കേണ്ട​തുണ്ട്. (യെശ. 48:17, 18) മോ​ശൈ​കന്യാ​യ​പ്രമാ​ണത്തിൻകീ​ഴിലെ ഇസ്രാ​യേ​ല്യരു​ടെ കാര്യ​മെടു​ക്കാം. ന്യായപ്രമാണത്തിന്‍റെ ഒരു ലക്ഷ്യം ഇ​സ്രാ​യേൽ ജനതയെ സം​രക്ഷി​ക്കുക എന്നു​ള്ളതാ​യിരു​ന്നു! അതി​നാ​യി ലൈം​ഗിക​സദാ​ചാരം, വ്യാ​പാരയി​ടപാ​ടുകൾ, കു​ട്ടി​കളെ അഭ്യ​സി​പ്പിക്കൽ, സഹമ​നുഷ്യ​നോ​ടുള്ള മാ​ന്യ​മായ പെ​രുമാ​റ്റം എന്നി​വയെ​ക്കുറി​ച്ചുള്ള ഉന്നത​നില​വാരം പു​ലർത്തുന്ന ചട്ടങ്ങളും നി​ബന്ധന​കളും ദൈവം നൽകി. (പുറ. 20:14; ലേവ്യ. 19:18, 35-37; ആവ. 6:6-9) ദൈവി​കനി​ലവാ​രങ്ങൾ അനു​സരിച്ച് പ്രവർത്തി​ക്കു​ന്നത്‌ നമുക്കും ഇതേ വി​ധങ്ങ​ളിൽ പ്ര​യോ​ജനം ചെയ്യും. ദൈ​വേഷ്ടം ചെ​യ്യു​ന്നത്‌ വാസ്‌ത​വത്തിൽ ബു​ദ്ധിമു​ട്ടുള്ള ഒരു കാ​ര്യമാ​യി നമുക്കു തോ​ന്നുന്നി​ല്ലതാ​നും. (1 യോഹന്നാൻ 5:3 വായിക്കുക.) ഇ​സ്രാ​യേൽ ജന​തയ്‌ക്ക് ന്യാ​യപ്ര​മാണം ഒരു സംരക്ഷണം ആയി​രുന്ന​തു​പോലെ യ​ഹോവ​യാം ദൈവത്തിന്‍റെ നി​യമങ്ങ​ളും തത്ത്വ​ങ്ങ​ളും അനു​സരി​ക്കു​ന്നത്‌ നമുക്കും ഒരു സം​രക്ഷണ​മാണ്‌. ഒപ്പം, നമ്മെ “വി​ശ്വാ​സത്തിൽ ആ​രോ​ഗ്യമു​ള്ളവ​രായി” നില​നിറു​ത്താ​നും അത്‌ ഉപ​കരി​ക്കുന്നു.—തീത്തൊ. 1:14, അടി​ക്കു​റിപ്പ്.

10. ബൈബിൾപ​ഠനത്തി​നും വാര​ന്തോ​റു​മുള്ള സാ​യാഹ്ന​കുടും​ബാ​രാ​ധനയ്‌ക്കും നാം സമയം മാറ്റി​വെക്കേ​ണ്ടത്‌ എന്തു​കൊണ്ട്?

10 യ​ഹോവ​യുടെ സം​ഘടന​യുടെ ഭൗ​മിക​ഭാഗം നാനാ​വി​ധങ്ങ​ളിൽ മു​ന്നേ​റി​ക്കൊണ്ടി​രി​ക്കുക​യാണ്‌. ഉദാ​ഹരണ​ത്തിന്‌, ബൈ​ബിൾസത്യ​ങ്ങളെ​ക്കുറി​ച്ചുള്ള നമ്മുടെ ഗ്രാഹ്യം ഒന്നി​നൊന്ന് തെ​ളി​ച്ചമു​ള്ളതാ​യി​ക്കൊണ്ടി​രി​ക്കുന്നു. അത്‌ അങ്ങനെ സംഭ​വി​ക്കേണ്ടതാണ്‌. കാരണം ബൈബിൾ ഇ​പ്രകാ​രം പറഞ്ഞി​രി​ക്കുന്നു: “നീതി​മാ​ന്മാരു​ടെ പാതയോ പ്രഭാതത്തിന്‍റെ വെളി​ച്ചം​പോ​ലെ; അതു നട്ടു​ച്ച​വരെ അധി​കമ​ധികം ശോ​ഭി​ച്ചു വരുന്നു.” (സദൃ. 4:18) എന്നാൽ ഇപ്പോൾ നാം ചോ​ദി​ക്കേണ്ട ചില ചോ​ദ്യങ്ങ​ളുണ്ട്: ‘തി​രു​വെഴു​ത്തു​സത്യ​ങ്ങളെ​ക്കുറി​ച്ചുള്ള ഗ്രാ​ഹ്യ​ത്തിൽ പൊ​രുത്ത​പ്പെടുത്ത​ലുകൾ വരു​മ്പോൾ ഞാൻ അതി​നൊ​പ്പം ഗ്രാഹ്യം വർധി​പ്പി​ക്കുന്നു​ണ്ടോ? ബൈബിൾ ദി​വസ​വും വാ​യി​ക്കുന്ന ഒരു ശീലം എനി​ക്കു​ണ്ടോ? നമ്മുടെ പ്രസി​ദ്ധീക​രണങ്ങൾക്കായി ആകാം​ക്ഷ​യോടെ നോ​ക്കിയി​രിക്കു​കയും അത്‌ ആ​വേശ​ത്തോടെ വായി​ക്കു​കയും ചെ​യ്യാറു​ണ്ടോ? എന്‍റെ കുടും​ബ​വു​മൊത്ത്‌ ഞാൻ കു​ടും​ബാ​രാധ​നയ്‌ക്കായി ഒരു സായാഹ്നം മാറ്റി​വെ​ച്ചിട്ടു​ണ്ടോ?’ ഇവ​യൊ​ക്കെ വിചാ​രി​ക്കു​ന്നത്ര ബു​ദ്ധിമു​ട്ടുള്ള കാര്യ​ങ്ങള​ല്ലെന്ന് നമ്മിൽ മി​ക്കവ​രും സമ്മ​തി​ക്കും. ഓ​രോ​ന്നി​നും​വേണ്ടി സമയം പട്ടി​ക​പ്പെടു​ത്തുക, അതാണു വേണ്ടത്‌. തി​രു​വെഴു​ത്തു​കളെ​ക്കുറി​ച്ചുള്ള സൂക്ഷ്മ​ഗ്രാ​ഹ്യം നേടുക, അതു ജീ​വിത​ത്തിൽ അനു​വർത്തി​ക്കുക, ആത്മീ​യമാ​യി പു​രോ​ഗതി​വരു​ത്തി​ക്കൊ​ണ്ടിരി​ക്കുക ഇവ​യൊ​ക്കെ എത്ര പ്ര​ധാന​മാണ്‌! പ്ര​ത്യേകി​ച്ചും മഹാകഷ്ടം അടു​ത്തടു​ത്തുവ​രുന്ന ഈ നാ​ളുക​ളിൽ!

11. പുരാ​ത​നകാ​ലത്തെ ഉത്സവങ്ങൾ ദൈ​വജന​ത്തിന്‌ എങ്ങനെ പ്ര​യോ​ജനം ചെയ്‌തു, ഇന്നത്തെ കൂടി​വര​വുകൾ എങ്ങനെ പ്ര​യോ​ജനം ചെയ്യുന്നു?

11 പൗ​ലോസ്‌ അപ്പൊസ്‌തലന്‍റെ പിൻവ​രുന്ന ആഹ്വാനം അനു​സരി​ക്കാൻ യ​ഹോവ​യുടെ സംഘടന പറ​യു​മ്പോൾ നമ്മുടെ ക്ഷേ​മമാണ്‌ സം​ഘടന​യുടെ ലക്ഷ്യം. അ​പ്പൊസ്‌തലൻ ഇങ്ങനെ പറഞ്ഞു: “സ്‌നേഹത്തി​നും സത്‌പ്രവൃത്തികൾക്കും ഉത്സാ​ഹിപ്പി​ക്കാൻ തക്കവിധം നമുക്കു പരസ്‌പരം കരുതൽ കാ​ണി​ക്കാം. ചിലർ ശീ​ലമാ​ക്കിയി​രി​ക്കുന്ന​തു​പോലെ  നാം സഭാ​യോ​ഗങ്ങൾ ഉപേ​ക്ഷി​ക്കരുത്‌; പകരം, ഒരു​മിച്ചു​കൂ​ടിവ​ന്നു​കൊണ്ട് നമുക്ക് അ​ന്യോ​ന്യം പ്രോ​ത്സാ​ഹിപ്പി​ക്കാം; നാൾ സമീ​പി​ക്കുന്നു എന്നു കാണു​ന്തോ​റും നാം ഇത്‌ അധി​കമ​ധികം ചെ​യ്യേണ്ട​താകു​ന്നു.” (എബ്രാ. 10:24, 25) ഇ​സ്രാ​യേൽ ജന​തയു​ടെ കാ​ര്യ​ത്തിൽ, വാർഷി​കോ​ത്സവ​ങ്ങളും ആരാ​ധനയ്‌ക്കാ​യുള്ള മറ്റു കൂടി​വര​വുക​ളും എല്ലാം അവരെ ആത്മീ​യമാ​യി പ്രബു​ദ്ധരാ​ക്കിയി​രുന്നു. നെഹെമ്യാവിന്‍റെ കാലത്തു നടന്ന കൂടാ​ര​പ്പെരു​ന്നാൾ പോലുള്ള പ്രത്യേക ആഘോ​ഷ​വേളകൾ വലിയ ആഹ്ലാദത്തിന്‍റെ സമയ​വുമാ​യി​രുന്നു. (പുറ. 23:15, 16; നെഹെ. 8:9-18) ഇന്നും അതു​പോ​ലെ യോഗങ്ങൾ, സ​മ്മേള​നങ്ങൾ, കൺ​വെൻ​ഷ​നുകൾ ഇവയിൽനി​ന്നെ​ല്ലാം നാമും അതേ പ്ര​യോ​ജനങ്ങൾ നേടുന്നു. നമ്മുടെ ആത്മീ​യാരോ​ഗ്യത്തി​നും സന്തു​ഷ്ടി​ക്കും ആയി ഒരു​ക്കിയി​രി​ക്കുന്ന ഈ കരു​തലു​കളിൽ ഒന്നു​പോ​ലും നമുക്ക് നഷ്ട​പ്പെടുത്താ​തിരി​ക്കാം!—തീത്തൊ. 2:2, അടി​ക്കു​റിപ്പ്.

12. രാ​ജ്യ​പ്രസം​ഗ​വേലയെ നാം എങ്ങനെ കാണണം?

12 ദൈവത്തിന്‍റെ സംഘ​ടന​യുമാ​യി സഹവ​സിക്കു​ന്നവ​രായ നമുക്ക് “ദൈവത്തിന്‍റെ സു​വി​ശേഷം ഘോ​ഷി​ക്കുക​യെന്ന വിശു​ദ്ധ​വേല​യിൽ” പങ്കെടുക്കുന്നതിന്‍റെ സ​ന്തോഷ​മുണ്ട്. (റോമ. 15:16) ഈ “വിശു​ദ്ധ​വേല​യിൽ” പ​ങ്കെടു​ക്കു​ന്നതി​ലൂടെ നാം “വിശുദ്ധ”​ദൈവ​മായ യ​ഹോവ​യുടെ “കൂട്ടു​വേ​ലക്കാർ” ആയി​ത്തീരു​കയാണ്‌! (1 കൊരി. 3:9; 1 പത്രോ. 1:15) സു​വാർത്താ​പ്രസം​ഗത്തി​ലൂടെ യ​ഹോവ​യുടെ പവിത്രനാമത്തിന്‍റെ വിശു​ദ്ധീ​കരണ​ത്തിൽ ഒരു പങ്കു​വഹി​ക്കാ​നും നമു​ക്കാ​കുന്നു. ‘സന്തു​ഷ്ട​നായ ദൈവം മഹ​ത്ത്വമാർന്ന സുവി​ശേഷമാണ്‌’ നമ്മെ ഭര​മേൽപ്പി​ച്ചി​രിക്കു​ന്നത്‌! അത്‌ എത്ര മഹനീ​യമാ​യൊ​രു പദ​വിയാണ്‌!—1 തിമൊ. 1:11, അടി​ക്കു​റിപ്പ്.

13. നല്ല ആത്മീ​യാ​രോഗ്യ​വും നമ്മുടെ ജീവനും എന്തിനെ ആശ്ര​യിച്ചി​രി​ക്കുന്നു?

13 നാം ആത്മീ​യമാ​യി ആ​രോ​ഗ്യമു​ള്ളവ​രായി നി​ലനിൽക്കാൻ യഹോവ ആ​ഗ്രഹി​ക്കുന്നു. അതി​നാ​യി നാം അവ​നോ​ടു പറ്റി​നിൽക്കാ​നും അവന്‍റെ സം​ഘടന​യുടെ ബഹു​മു​ഖമായ പ്ര​വർത്ത​നങ്ങളെ പിന്തു​ണയ്‌ക്കാ​നും അവൻ പ്രതീ​ക്ഷി​ക്കുന്നു. മോശ ഇസ്രാ​യേ​ല്യ​രോടു പറഞ്ഞു: “ജീവനും മരണവും, അനു​ഗ്ര​ഹവും ശാപവും നി​ങ്ങളു​ടെ മുമ്പിൽ വെച്ചി​രി​ക്കുന്നു എന്നതിന്നു ഞാൻ ആകാ​ശ​ത്തെയും ഭൂ​മി​യെയും ഇന്നു സാക്ഷി വെക്കുന്നു; അതു​കൊ​ണ്ടു നീയും നിന്‍റെ സന്ത​തി​യും ജീവി​ച്ചി​രി​ക്കേണ്ടതി​ന്നും യഹോവ നിന്‍റെ പിതാ​ക്കന്മാ​രായ അബ്രാ​ഹാ​മി​ന്നും യിസ്‌ഹാ​ക്കി​ന്നും യാ​ക്കോബി​ന്നും കൊ​ടു​ക്കു​മെന്നു സത്യം​ചെയ്‌ത ദേശത്തു നീ പാർപ്പാൻ തക്കവണ്ണം നിന്‍റെ ദൈവ​മായ യ​ഹോ​വയെ സ്‌നേഹി​ക്കയും അവന്‍റെ വാക്കു കേട്ട​നുസ​രിക്ക​യും അവ​നോ​ടു ചേർന്നി​രിക്ക​യും ചെ​യ്യേണ്ടതി​ന്നും ജീവനെ തി​ര​ഞ്ഞെടു​ത്തു​കൊൾക; അതല്ലോ നിനക്കു ജീവനും ദീർഘായു​സ്സും ആകുന്നു.” (ആവ. 30:19, 20) അതു​കൊണ്ട് യ​ഹോവ​യുടെ ഇഷ്ടം ചെയ്യുക, അവനെ സ്‌നേഹി​ക്കുക, അവന്‍റെ വാക്കു കേട്ട​നു​സരി​ക്കുക, അവ​നോ​ടു ചേർന്നിരി​ക്കുക. എന്തു​കൊ​ണ്ടെ​ന്നാൽ നമ്മുടെ ജീവൻ ആ​ശ്രയി​ച്ചി​രിക്കു​ന്നത്‌ അതി​ലാണ്‌!

14. ദൈവത്തിന്‍റെ സം​ഘടന​യുടെ ദൃശ്യഭാഗത്തെക്കുറിച്ച് ഒരു സ​ഹോ​ദരൻ അനു​ഭവത്തിൽനിന്ന് എന്തു പറഞ്ഞു?

14 യഹോ​വ​യോട്‌ അച​ഞ്ചലമാ​യി പറ്റി​നിൽക്കുക​യും അവന്‍റെ സംഘ​ടന​യോ​ടൊപ്പം ചേർന്നുന​ടക്കു​കയും ചെയ്‌ത പ്രൈസ്‌ ഹ്യൂസ്‌ സ​ഹോ​ദരൻ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “1914-നു തൊ​ട്ടുമു​മ്പുള്ള ആ വർഷങ്ങൾമുതൽ . . . യ​ഹോവ​യുടെ ഉദ്ദേശം മന​സ്സിലാ​ക്കി ആ ഗ്രാ​ഹ്യ​ത്തിനു ചേർച്ചയിൽത്തന്നെ ജീവി​ക്കാ​നായ​തിൽ ഞാൻ അങ്ങേയറ്റം കൃതാർഥനാണ്‌! എന്നെ സംബ​ന്ധിച്ചി​ട​ത്തോളം ഏറ്റവും പ്രധാ​ന​പ്പെട്ടതാ​യി എ​ന്തെങ്കി​ലു​മു​ണ്ടെങ്കിൽ അത്‌ യ​ഹോവ​യുടെ ദൃശ്യസംഘടനയോട്‌ ചേർന്നു​പ്ര​വർത്തി​ക്കുക എന്നതു മാ​ത്രമാണ്‌. മാ​നുഷി​കന്യാ​യ​വാദ​ങ്ങളിൽ ആശ്രയം വെ​ക്കു​ന്നത്‌ എത്ര മൗഢ്യ​മാ​ണെന്ന് എന്‍റെ ആദ്യ​കാ​ലാനു​ഭവ​ങ്ങളി​ലൂടെ ഞാൻ പഠിച്ചു. അതു സം​ബന്ധിച്ച് എനിക്ക് ബോ​ധ്യം​വ​ന്നുക​ഴിഞ്ഞ​പ്പോൾ, എന്തു​വന്നാ​ലും ഈ വി​ശ്വസ്‌ത​സംഘ​ടന​യോ​ടൊപ്പം നിൽക്കു​മെന്ന് ഞാൻ മനസ്സി​ലു​റപ്പി​ച്ചു. യ​ഹോവ​യുടെ പ്രീ​തി​യും അനു​ഗ്ര​ഹവും ലഭി​ക്കാ​നുള്ള വേറെ ഏതു മാർഗമാ​ണു​ള്ളത്‌?”

ദൈവത്തിന്‍റെ സംഘ​ടന​യോ​ടൊപ്പം മുന്നേറിക്കൊണ്ടിരിക്കുക

15. ഗ്രാ​ഹ്യ​ത്തിൽ വരുന്ന മാറ്റ​ങ്ങളോ​ടുള്ള നമ്മുടെ മ​നോഭാ​വം എന്താ​യിരി​ക്കണം? ഉദാ​ഹരി​ക്കുക.

15 വ്യ​ക്തിക​ളെന്ന നിലയിൽ ദൈവത്തിന്‍റെ പ്രീ​തി​യും അനു​ഗ്ര​ഹവും നേ​ടണ​മെങ്കിൽ നാം അവന്‍റെ സം​ഘട​നയെ പിന്തു​ണയ്‌ക്കു​കയും തി​രു​വെഴു​ത്തു​ഗ്രാഹ്യ​ത്തിൽ വരുന്ന മാറ്റങ്ങൾ സ്വീ​കരി​ക്കുക​യും ചെയ്‌തേ മതി​യാ​കൂ. യേശുവിന്‍റെ മര​ണ​ശേഷം ഉരു​ത്തി​രിഞ്ഞ ഒരു സാ​ഹച​ര്യം നോക്കാം: അന്നു​ണ്ടായി​രുന്ന ആയി​രക്കണ​ക്കിന്‌ യഹൂ​ദക്രിസ്‌ത്യാ​നികൾ ന്യാ​യപ്ര​മാണം ആചരി​ക്കു​ന്നതിൽ ശുഷ്‌കാന്തി​യുള്ള​വരും അത്‌ ഉ​പേക്ഷി​ക്കാൻ ബുദ്ധി​മു​ട്ടുള്ള​വരും ആയി​രു​ന്നു. (പ്രവൃ. 21:17-20) എന്നാൽ, പൗ​ലോസ്‌ എബ്രാ​യ​ക്രിസ്‌ത്യാ​നി​കൾക്ക് എഴുതിയ ലേഖനം ചിന്താ​ഗതി​യിൽ മാറ്റം വരുത്താൻ അവരെ  സഹായിച്ചു. “ന്യാ​യപ്രമാ​ണപ്ര​കാരം കഴി​ച്ചു​വരുന്ന യാഗ”ങ്ങളാൽ അല്ല, “യേശു​ക്രിസ്‌തു ഒരി​ക്കലാ​യി കഴിച്ച ശരീ​രയാ​ഗത്താൽ” ആണ്‌ തങ്ങൾ വി​ശുദ്ധീ​കരി​ക്ക​പ്പെട്ടി​രിക്കു​ന്നത്‌ എന്ന വസ്‌തുത അവർ അം​ഗീക​രിച്ചു. (എബ്രാ. 10:5-10) യഹൂ​ദപശ്ചാ​ത്തല​മുള്ള ക്രി​സ്‌ത്യാ​നി​കളിൽ മി​ക്കവ​രും തങ്ങളുടെ ചി​ന്താഗ​തിക്ക് മാറ്റം വരു​ത്തു​കയും ആത്മീ​യമാ​യി അഭിവൃദ്ധിപ്പെടുകയും ചെയ്‌തു. നാമും ഇതു​പോ​ലെ, തി​രു​വെഴു​ത്തു​ഗ്രാ​ഹ്യത്തി​ലോ ശു​ശ്രൂ​ഷയോ​ടു ബന്ധ​പ്പെ​ട്ടോ വരുന്ന മാറ്റങ്ങളെ തുറന്ന മന​സ്സോ​ടെ കാണാൻ തയ്യാ​റാ​കണം. അത്ത​രത്തി​ലുള്ള മാറ്റ​ങ്ങളെ​ക്കുറിച്ച് നന്നായി പഠി​ക്കു​കയും അവ താഴ്‌മ​യോടെ സ്വീ​കരി​ക്കുക​യും വേണം.

16. (എ) ഏതെല്ലാം അനു​ഗ്ര​ഹങ്ങൾ പുതിയ ലോ​കത്തി​ലെ ജീവിതം വിസ്‌മയ​കരമാ​ക്കും? (ബി) പുതിയ ലോ​കത്തി​ലെ ഏത്‌ അനു​ഗ്രഹത്തി​നാ​യാണ്‌ നിങ്ങൾ കാത്തി​രി​ക്കു​ന്നത്‌?

16 യഹോ​വ​യോ​ടും അവന്‍റെ സംഘ​ടന​യോ​ടും എക്കാ​ല​വും വി​ശ്വസ്‌ത​രായി​രി​ക്കുന്ന​വർക്ക് അവന്‍റെ അനു​ഗ്രഹം എന്നു​മുണ്ടാ​കും. വിശ്വസ്‌തരായ അഭി​ഷി​ക്തർ യേ​ശു​വി​നോ​ടൊപ്പം സ്വർഗ​ത്തിൽ കൂട്ട​വകാ​ശിക​ളെന്ന നിലയിൽ മഹത്തായ പദവികൾ ആസ്വ​ദി​ക്കും. (റോമ. 8:16, 17) നമ്മു​ടേത്‌ ഭൗ​മി​കപ്ര​ത്യാ​ശയാ​ണെങ്കി​ലോ? പറു​ദീസ​യിലെ ജീവിതം എത്ര ആനന്ദ​പൂർണമാ​യിരി​ക്കു​മെന്ന് വിഭാവന ചെയ്യുക! യ​ഹോവ​യുടെ സം​ഘടന​യുടെ ഭാഗമായ നമുക്ക് പുതിയ ലോ​കത്തെ​ക്കുറി​ച്ചുള്ള ദൈവത്തിന്‍റെ വാഗ്‌ദാ​നത്തെ​പ്പറ്റി ഇന്ന് മറ്റു​ള്ളവ​രോടു പറയാൻ കഴി​യു​ന്നത്‌ എത്ര സ​ന്തോഷ​മുള്ള കാ​ര്യമാണ്‌! (2 പത്രോ. 3:13) “സൌ​മ്യ​തയു​ള്ളവർ ഭൂമിയെ കൈ​വശമാ​ക്കും; സമാധാനസമൃദ്ധിയിൽ അവർ ആന​ന്ദി​ക്കും” എന്നതാണ്‌ സങ്കീർത്തനം 37:11-ലെ ദിവ്യ​വാഗ്‌ദാ​നം. മാത്രമല്ല, ആളുകൾ “വീ​ടു​കളെ പണിതു പാർക്കും” എന്നും, “തങ്ങളുടെ അദ്ധ്വാ​ന​ഫലം” അവർ അനു​ഭവി​ക്കും എന്നും തിരു​വെ​ഴുത്തു പറയുന്നു. (യെശ. 65:21, 22) അടി​ച്ചമർത്തലില്ല, ദാരി​ദ്ര്യ​മോ വിശപ്പോ ഇല്ല. (സങ്കീ. 72:13-16) മഹ​തി​യാം ബാ​ബി​ലോൺ മേലിൽ ആരെയും വഞ്ചിക്കില്ല, കാരണം അവൾ മൺമ​റഞ്ഞി​രി​ക്കും! (വെളി. 18:8, 21) മരി​ച്ചു​പോ​യവർ ഉയിർത്തെഴു​ന്നേൽക്കും, എന്നേക്കും ജീ​വിക്കാ​നുള്ള അവസരം അവർക്കു ലഭിക്കും. (യെശ. 25:8; പ്രവൃ. 24:15) യ​ഹോവയ്‌ക്കു സമർപ്പിച്ചി​രി​ക്കുന്ന ദശ​ലക്ഷ​ങ്ങളെ കാത്തി​രി​ക്കു​ന്നത്‌ എത്ര ആവേ​ശോ​ജ്ജ്വല​മായ ഒരു ഭാ​വിയാണ്‌! എന്നാൽ ഈ തിരു​വെ​ഴുത്തു​വാഗ്‌ദാ​നങ്ങൾ നമ്മുടെ ഓ​രോ​രു​ത്തരു​ടേതു​മാ​കണ​മെങ്കിൽ നാം എന്തു ചെയ്യണം? ആത്മീ​യപു​രോ​ഗതി വരു​ത്തു​ന്നതിൽ തുടരുക, ദൈവത്തിന്‍റെ സംഘ​ടന​യോ​ടൊപ്പം അതേ വേഗത്തിൽ മു​ന്നേ​റുക.

നിങ്ങൾ പറു​ദീ​സയി​ലായി​രി​ക്കുന്ന​തായി സങ്കൽപ്പിക്കാ​നാ​കുന്നു​ണ്ടോ? (16-‍ാ‍ം ഖണ്ഡിക കാണുക)

17. യ​ഹോവ​യുടെ സംഘ​ടന​യോ​ടും സത്യാ​രാധ​നയോ​ടും ഉള്ള നമ്മുടെ മ​നോഭാ​വം എന്താ​യിരി​ക്കണം?

17 ഈ വ്യ​വസ്ഥി​തിക്ക് തിര​ശ്ശീ​ലവീ​ഴാൻ ഏതാനും നാ​ഴി​കകൾ മാത്രം ബാ​ക്കിനിൽക്കെ, നമുക്ക് വി​ശ്വാ​സത്തിൽ ഉറപ്പു​ള്ളവ​രായി തുടരാം. ദൈവത്തിന്‍റെ ആരാ​ധനാ​ക്ര​മീക​രണ​ത്തോട്‌ ആഴമായ വി​ലമതി​പ്പും ഉള്ളവ​രായി​രി​ക്കാം. സങ്കീർത്തന​ക്കാര​നായ ദാവീദിന്‍റെ മ​നോഭാ​വം അതാ​യി​രുന്നു. അവൻ പാടി: “ഞാൻ യഹോ​വ​യോടു ഒരു കാര്യം അ​പേക്ഷി​ച്ചു; അതു തന്നേ ഞാൻ ആ​ഗ്രഹി​ക്കുന്നു; യ​ഹോവ​യുടെ മ​നോഹ​രത്വം കാ​ണ്മാ​നും അവന്‍റെ മന്ദി​ര​ത്തിൽ ധ്യാ​നിപ്പാ​നും എന്‍റെ ആയുഷ്‌കാ​ല​മൊ​ക്കെയും ഞാൻ യ​ഹോവ​യുടെ ആലയത്തിൽ പാർക്കേണ്ട​തിന്നു തന്നേ.” (സങ്കീ. 27:4) നമുക്ക് ഓ​രോരു​ത്തർക്കും യഹോ​വ​യോടു ചേർന്നു​നിൽക്കാം. അവന്‍റെ ജന​ത്തോ​ടൊപ്പം അണി​ചേർന്ന്, അവന്‍റെ സംഘ​ടന​യോ​ടൊത്ത്‌ മു​ന്നേ​റാം!