വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാനു​ഷിക​ബലഹീ​നതയെ യ​ഹോവ​യുടെ കണ്ണി​ലൂ​ടെ നോ​ക്കിക്കാ​ണുക

മാനു​ഷിക​ബലഹീ​നതയെ യ​ഹോവ​യുടെ കണ്ണി​ലൂ​ടെ നോ​ക്കിക്കാ​ണുക

“ദുർബല​മായി കാ​ണപ്പെ​ടുന്ന അവയവങ്ങൾ ഒഴി​ച്ചുകൂ​ടാ​നാവാ​ത്തവ​യത്രേ.” —1 കൊരി. 12:22.

1, 2. ദുർബല​രോട്‌ സഹാ​നു​ഭൂതി കാ​ണി​ക്കാൻ പൗ​ലോ​സിന്‌ കഴി​യു​മാ​യിരു​ന്നത്‌ എന്തു​കൊണ്ട്?

നമുക്കെല്ലാം ഇടയ്‌ക്കൊക്കെ ക്ഷീണം തോ​ന്നാ​റുണ്ട്. ഒരു ജല​ദോ​ഷമോ അലർജി​യോ അനു​ദി​നകാ​ര്യങ്ങൾപോ​ലും ചെ​യ്യാനാ​കാത്ത വിധം നമ്മെ തളർത്തി​യേക്കാം. എന്നാൽ, കേവലം ഒന്നോ രണ്ടോ ആഴ്‌ചയല്ല, മാ​സങ്ങ​ളോളം നിങ്ങൾക്ക് അവശത അനു​ഭവ​പ്പെടു​ന്നെന്നു കരുതുക. അങ്ങനെ ഒരു സാ​ഹചര്യ​ത്തിൽ മറ്റുള്ളവർ നി​ങ്ങളോട്‌ സമാ​നു​ഭാവം കാണി​ക്കു​ന്നെ​ങ്കിൽ നിങ്ങൾ അതു വില​മതി​ക്കില്ലേ?

2 സഭയ്‌ക്ക് അകത്തും പുറത്തും നിന്നുള്ള സമ്മർദങ്ങൾ ഒരാളെ എങ്ങനെ ബാ​ധി​ച്ചേക്കാം എന്ന് അപ്പൊസ്‌തല​നായ പൗ​ലോസ്‌ സ്വാ​നുഭ​വത്തി​ലൂടെ തിരി​ച്ചറി​ഞ്ഞി​രുന്നു. അങ്ങ​നെ​യുള്ള സാ​ഹചര്യ​ങ്ങൾ അവ​നെ​യും ചില ഘട്ടങ്ങളിൽ തളർത്തിക്ക​ളഞ്ഞി​ട്ടുണ്ട്. ഇനി തനിക്ക് പിടി​ച്ചു​നിൽക്കാനാ​വി​ല്ലെന്നു​പോ​ലും ഒന്നി​ലധി​കം തവണ പൗ​ലോ​സിന്‌ തോന്നി. (2 കൊരി. 1:8; 7:5) ഒരു വി​ശ്വസ്‌ത​ക്രിസ്‌ത്യാ​നി എന്ന​നില​യിൽ ജീ​വിത​ത്തിൽ തനിക്കു കടന്നു​പോ​കേ​ണ്ടിവന്ന ക്ലേശ​പൂർണമായ സാഹ​ചര്യ​ങ്ങളി​ലേക്ക് മനസ്സു​പായി​ച്ചു​കൊണ്ട് പൗ​ലോസ്‌ ഇങ്ങനെ പറഞ്ഞു: “ആർ ബലഹീ​ന​നായി​ട്ടു ഞാൻ ബലഹീ​ന​നാകാ​തെ ഇരി​ക്കു​ന്നു?” (2 കൊരി. 11:29, സത്യവേദപുസ്‌തകം) ക്രിസ്‌തീ​യസഭ​യിലെ വ്യ​ത്യസ്‌ത അംഗങ്ങളെ മനു​ഷ്യശ​രീര​ത്തിലെ അവയ​വങ്ങ​ളോട്‌ താ​രത​മ്യം ചെയ്‌തു​കൊണ്ട്, “ദുർബല​മായി കാ​ണപ്പെ​ടുന്ന അവയവങ്ങൾ ഒഴി​ച്ചുകൂ​ടാ​നാവാ​ത്തവ​യത്രേ” എന്ന് പൗ​ലോസ്‌ പ്രസ്‌താ​വിച്ചു. (1 കൊരി. 12:22) അവൻ എന്താണ്‌ അർഥ​മാക്കി​യത്‌? ദുർബല​രായി കാണ​പ്പെ​ടുന്ന​വരെ യഹോവ വീ​ക്ഷി​ക്കുന്ന​തു​പോലെ നാം വീ​ക്ഷി​ക്കേണ്ടത്‌ എന്തു​കൊണ്ട്? അത്‌ നമുക്ക് എങ്ങനെ പ്ര​യോ​ജനം ചെയ്യും?

 മാനുഷികബലഹീനതയെ യഹോവ വീ​ക്ഷി​ക്കുന്ന വിധം

3. സഭയിൽ സഹായം ആവ​ശ്യ​മുള്ള​വരോ​ടുള്ള നമ്മുടെ വീക്ഷണത്തെ എന്തു സ്വാ​ധീനി​ച്ചേ​ക്കാം?

3 കയ്യൂ​ക്കി​നും ചെറുപ്പത്തിന്‍റെ ചോ​രത്തി​ളപ്പി​നും പ്രാ​ധാ​ന്യം നൽകുന്ന, മത്സ​രബു​ദ്ധി നിറഞ്ഞ ഒരു ലോ​കത്താണ്‌ നാം ജീ​വിക്കു​ന്നത്‌. സ്വന്തം അഭീ​ഷ്ടസി​ദ്ധിക്കാ​യി എന്തും ചെയ്യാൻ മടി​യില്ലാ​ത്തവ​രാണ്‌ പലരും. അത്തരക്കാർ മി​ക്കപ്പോ​ഴും ദുർബല​രുടെ വി​കാര​ങ്ങളെ ചവി​ട്ടി​മെതി​ക്കുന്നു. നമ്മൾ ഒരി​ക്ക​ലും അത്തരം പെ​രുമാ​റ്റത്തെ അനു​കൂ​ലി​ക്കുക​യി​ല്ലെന്നതു നേരാണ്‌. എങ്കിലും, നിരന്തരം സഹായം ആവ​ശ്യ​മുള്ള ബല​ഹീന​രുടെ നേർക്ക്, ഒരുപക്ഷേ സഭയിൽപ്പോ​ലും, നാമ​റിയാ​തെ​തന്നെ നമ്മുടെ ഉള്ളിൽ ഒരു നി​ഷേധാ​ത്മക മ​നോഭാ​വം വളർന്നു​വരാൻ ഇടയുണ്ട്. എന്നാൽ ദൈവത്തെ അനു​കരി​ച്ചു​കൊണ്ട് കൂടുതൽ സമ​നില​യുള്ള ഒരു വീക്ഷണം നമുക്ക് നട്ടു​വളർത്താനാ​കും.

4, 5. (എ) മാനു​ഷിക​ബലഹീ​നതയെ യഹോവ വീ​ക്ഷി​ക്കുന്ന വിധം ഗ്ര​ഹി​ക്കാൻ 1 കൊരിന്ത്യർ 12:21-23-ൽ കാണുന്ന ദൃഷ്ടാന്തം നമ്മെ സഹാ​യിക്കു​ന്നത്‌ എങ്ങനെ? (ബി) ബലഹീനരെ സഹാ​യിക്കു​ന്നതിൽനിന്ന് നമുക്ക് എങ്ങനെ പ്ര​യോ​ജനം നേ​ടാനാ​കും?

4 മാനു​ഷിക​ബലഹീ​നതയെ യഹോവ വീ​ക്ഷിക്കു​ന്നത്‌ എങ്ങ​നെയാ​ണെ​ന്നതു സം​ബന്ധിച്ച് ഉൾക്കാഴ്‌ച നേടാൻ, കൊ​രിന്ത്യർക്ക് എഴുതിയ ഒന്നാമത്തെ ലേ​ഖന​ത്തിൽ പൗ​ലോസ്‌ ഉപ​യോ​ഗിച്ച ഒരു ദൃഷ്ടാന്തം നമ്മെ സഹാ​യി​ക്കുന്നു. മനു​ഷ്യശ​രീര​ത്തിൽ അഴകു കുറഞ്ഞോ ദുർബലമാ​യോ കാ​ണപ്പെ​ടുന്ന ഒരു അവ​യവ​ത്തിനു​പോ​ലും ഒരു നിശ്ചിത ധർമം നിറ​വേറ്റാ​നു​ണ്ടെന്ന് 12-‍ാ‍ം അധ്യാ​യ​ത്തിൽ പൗ​ലോസ്‌ ഓർമി​പ്പിക്കു​ന്നു. (1 കൊരിന്ത്യർ 12:12, 18, 21-23 വായിക്കുക.) മനു​ഷ്യശ​രീര​ത്തിൽ ദർശി​ക്കാ​നാ​കുന്ന ഈ തത്ത്വം പല പരി​ണാ​മവാ​ദി​കളും ചോദ്യം ചെയ്‌തി​ട്ടുണ്ട്. എന്നി​രുന്നാ​ലും, ഉപ​യോ​ഗശൂ​ന്യ​മെന്ന് ഒരിക്കൽ കരു​തിയി​രുന്ന ചില ശരീ​രാവ​യവങ്ങൾ വാസ്‌ത​വത്തിൽ മർമ​പ്ര​ധാന​മായ ധർമങ്ങൾ നിർവ​ഹിക്കു​ന്നു​ണ്ടെന്ന് ശരീ​രഘ​ടനയെ കു​റി​ച്ചുള്ള പഠനം വെളി​പ്പെ​ടുത്തു​ന്നു. * ഉദാ​ഹരണ​ത്തിന്‌, കാലിലെ ചെറു​വി​രലിന്‌ എന്ത് ഉപ​യോ​ഗമി​രിക്കു​ന്നു​വെന്ന് ചിലർക്കു തോ​ന്നി​യിട്ടുണ്ട്. എന്നാൽ എഴു​ന്നേറ്റു നിൽക്കു​മ്പോൾ മുഴുശരീരത്തിന്‍റെയും സമതു​ലി​താവസ്ഥ നില​നിറു​ത്തു​ന്നതിൽ അത്‌ ഗണ്യമായ ഒരു പങ്കു​വ​ഹിക്കു​ന്നു​ണ്ടെന്ന് ഇന്ന് തിരി​ച്ചറി​ഞ്ഞിരി​ക്കുന്നു.

5 ക്രിസ്‌തീ​യസഭ​യിലെ എല്ലാ അം​ഗങ്ങ​ളും ഉപ​യോഗ​മുള്ള​വരാ​ണെന്ന് പൗലോസിന്‍റെ ദൃഷ്ടാന്തം എടു​ത്തുകാ​ണി​ക്കുന്നു. മനുഷ്യർ വില​കെട്ട​വരാ​ണെന്ന ധാരണ കു​ത്തി​വെക്കുന്ന സാത്താ​നിൽനിന്ന് വ്യത്യസ്‌തനാ​യി, ദുർബല​രായി കാണ​പ്പെ​ടുന്ന​വരെ ഉൾപ്പെടെ തന്‍റെ സകല ദാ​സരെ​യും “ഒഴി​ച്ചുകൂ​ടാനാ​വാത്തവ”രാ​യിട്ടാണ്‌ യഹോവ വീ​ക്ഷിക്കു​ന്നത്‌. (ഇയ്യോ. 4:18, 19) ഈ തി​രിച്ച​റിവ്‌, പ്രാ​ദേശി​കസ​ഭയിൽ നമുക്കുള്ള പങ്കി​നെ​യും ദൈവജനത്തിന്‍റെ ആഗോ​ളസ​ഭയിൽ നമുക്കുള്ള ഭാഗ​ധേ​യത്തെ​യും പ്രതി നമ്മുടെ ഓ​രോരു​ത്തരു​ടെയും ഹൃദയത്തിൽ സന്തോഷം നിറയ്‌ക്കേണ്ടതാണ്‌. ദൃഷ്ടാന്തത്തിന്‌, പ്രാ​യ​മുള്ള ഒരു വ്യക്തിക്ക് നിങ്ങൾ സഹാ​യഹസ്‌തം നീട്ടിയ ഒരു സാ​ഹച​ര്യ​ത്തെക്കു​റിച്ചു ചി​ന്തി​ക്കുക. അദ്ദേ​ഹത്തോ​ടൊ​പ്പം നീ​ങ്ങുന്ന​തിന്‌ നിങ്ങൾ സാ​വധാ​നം നട​ക്കേ​ണ്ടിവ​ന്നിരി​ക്കാം. പക്ഷേ, അങ്ങനെ സഹാ​യിച്ച​തുമൂ​ലം അദ്ദേഹത്തിന്‍റെ ഒരു കാര്യം സാധിച്ചു എന്നതു​കൂ​ടാതെ നി​ങ്ങൾക്കു​തന്നെ അത്‌ ചാരി​താർഥ്യം പക​രുക​യും ചെയ്‌തി​ല്ലേ? അതെ, മറ്റു​ള്ളവ​രുടെ ആവ​ശ്യങ്ങ​ളിൽ നാം അവരെ സഹാ​യി​ക്കു​മ്പോൾ അവർക്കാ​യി കരുതുന്നതിന്‍റെ സന്തോഷം ആസ്വ​ദിക്കാ​നും അ​തോ​ടൊപ്പം ദീർഘക്ഷ​മയി​ലും സ്‌നേഹത്തി​ലും പക്വ​തയി​ലും വളർന്നു​വരാ​നും നമു​ക്കാ​കുന്നു. (എഫെ. 4:15, 16) അം​ഗങ്ങളു​ടെ പരി​മി​തികൾ ഗണ്യ​മാ​ക്കാതെ അവരെ എല്ലാ​വ​രെയും മൂല്യ​മു​ള്ളവരാ​യി വീ​ക്ഷി​ക്കുന്ന ഒരു സഭ സമ​നില​യും സ്‌നേഹ​വും പ്രദർശിപ്പി​ക്കുക​യാണ്‌. നമ്മുടെ സ്‌നേഹവാ​നായ സ്വർഗീയ പിതാവ്‌ തീർച്ചയാ​യും അത്‌ വില​മതി​ക്കുന്നു.

6. ‘ബല​ഹീന​രായ,’ “ശക്തരായ” എന്നീ പദങ്ങൾ ചില സമ​യങ്ങ​ളിൽ പൗ​ലോസ്‌ ഉപ​യോഗി​ച്ചത്‌ ഏത്‌ അർഥത്തി​ലാണ്‌?

6 കൊ​രിന്ത്യർക്ക് എഴുതവെ, “ബല​ഹീന​മായ,” “ബലഹീനത” എന്നീ പദങ്ങൾ പൗ​ലോസ്‌ ഉപ​യോഗി​ച്ചത്‌, അവി​ശ്വാ​സികൾ ഒന്നാം നൂ​റ്റാണ്ടി​ലെ ക്രിസ്‌ത്യാ​നി​കളെ വീക്ഷിച്ച വി​ധത്തെ​യും തന്നെ​ക്കുറി​ച്ചു​തന്നെ അവന്‌ അനു​ഭവപ്പെ​ട്ടതി​നെയും ആധാ​രമാ​ക്കിയാ​യി​രുന്നു എന്നതാണ്‌ രസ​കര​മായ വസ്‌തുത. (1 കൊരി. 1:26, 27; 2:3, സത്യവേദപുസ്‌തകം) “ശക്തരായ” ചില​രെക്കു​റി​ച്ചും പൗ​ലോസ്‌ പറഞ്ഞു. (റോമ. 15:1) എന്നാൽ അതുവഴി ചില ക്രിസ്‌ത്യാ​നി​കളിൽ ഒരു ഉന്ന​തഭാ​വം ഉള​വാ​ക്കാൻ പൗ​ലോസ്‌ ആ​ഗ്രഹി​ച്ചില്ല. പകരം, കൂടുതൽ അനു​ഭവപ​രിച​യമുള്ള ക്രിസ്‌ത്യാ​നി​കൾ, സത്യത്തിൽ ദൃഢമായി വേരൂ​ന്നി​യിട്ടി​ല്ലാ​ത്തവ​രോട്‌ ക്ഷമ കാ​ണി​ക്കണം എന്ന് അവൻ പറയു​കയാ​യി​രുന്നു.

നമ്മുടെ ചി​ന്താഗ​തിക്ക് മാറ്റം വരു​ത്തേ​ണ്ടതു​ണ്ടോ?

7. ക്ലേ​ശി​തരെ സഹാ​യിക്കു​ന്നതിൽനിന്ന് എന്ത് നമ്മെ പിന്തി​രി​പ്പി​ച്ചേക്കാം?

7 “എളി​യ​വനെ” താ​ങ്ങു​മ്പോൾ നാം യ​ഹോ​വയെ അനു​കരി​ക്കുക മാത്രമല്ല അവന്‍റെ അം​ഗീകാ​രം നേ​ടുക​യും ചെയ്യുന്നു. (സങ്കീ. 41:1; എഫെ. 5:1) എങ്കിൽത്ത​ന്നെയും സഹായം ആവ​ശ്യ​മുള്ള​വരെ​ക്കുറി​ച്ചുള്ള നി​ഷേധാ​ത്മക​മായ ഒരു മ​നോഭാ​വം അവർക്ക് ആവ​ശ്യ​മായ സഹായം നൽകു​ന്നതിൽനിന്ന്  നമ്മെ പിന്തി​രി​പ്പി​ച്ചേക്കാം. അതു​മ​ല്ലെങ്കിൽ എന്തു പറ​യണ​മെന്ന് അറി​യാ​തെ കു​ഴങ്ങി​യിട്ട് ക്ലേശം അനു​ഭവി​ക്കുന്ന വ്യക്തി​യിൽനിന്ന് നാം അകന്നു മാ​റുക​യും ചെയ്‌തേക്കാം. ഭർത്താവ്‌ ഉപേ​ക്ഷി​ച്ചു​പോയ സിന്തിയ * എന്ന സ​ഹോ​ദരി ഇങ്ങനെ പറയുന്നു: “സ​ഹോദ​രങ്ങൾ നിങ്ങളെ അവഗ​ണി​ക്കുക​യോ ഉറ്റസുഹൃത്തുക്കളിൽനിന്ന് നിങ്ങൾ പ്ര​തീക്ഷി​ക്കുന്ന വിധത്തിൽ അവർ നി​ങ്ങളോട്‌ പെ​രുമാ​റാ​തിരി​ക്കു​കയോ ചെ​യ്യു​മ്പോൾ അത്‌ മനസ്സിനെ മുറി​പ്പെടു​ത്തി​യേക്കാം. പരി​ശോധ​നകളി​ലൂടെ കടന്നു​പോ​കു​മ്പോൾ മറ്റുള്ളവർ നിങ്ങ​ളോ​ടൊ​പ്പം ഉണ്ടാ​യിരി​ക്കാൻ നിങ്ങൾ ആ​ഗ്രഹി​ക്കും.” അവഗണിക്കപ്പെടുന്നതിന്‍റെ വേദന പുരാ​ത​നകാ​ലത്തെ ദാവീദ്‌ രാജാവ്‌ മന​സ്സി​ലാക്കി​യി​രുന്നു.—സങ്കീ. 31:12.

8. കൂടുതൽ സമാ​നു​ഭാവം ഉള്ളവ​രായി​രി​ക്കാൻ നമ്മെ എന്തു സഹാ​യി​ക്കും?

8 പ്ര​തി​കൂല സാ​ഹച​ര്യങ്ങൾനി​മിത്തം നമ്മുടെ പ്രി​യ​പ്പെട്ട ചില സഹോ​ദരീ​സ​ഹോദ​രന്മാ​രുടെ ശക്തി ചോർന്നു​പോ​യി​ട്ടുണ്ടാ​കാം എന്ന് ഓർക്കു​ന്നെങ്കിൽ നാം അവ​രോട്‌ കൂടുതൽ സമാ​നുഭാ​വ​ത്തോടെ ഇട​പെ​ടാൻ സാ​ധ്യത​യുണ്ട്. മോ​ശ​മായ ആ​രോ​ഗ്യം, വിഭ​ജിത​കുടും​ബ​ത്തിലെ ജീവിതം, വിഷാദം എന്നിങ്ങനെ പലവിധ പ്രാ​തികൂ​ല്യ​ങ്ങളു​മായി മല്ലി​ട്ടു​കൊണ്ടാണ്‌ പലരും മു​ന്നോട്ടു​നീ​ങ്ങുന്ന​തെന്ന് നാം മറന്നു​പോ​കരുത്‌. ഒരുനാൾ അത്ത​രമൊ​രു സാഹ​ചര്യ​ത്തിലൂ​ടെ നമ്മളും കടന്നു​പോ​യേ​ക്കാം. ഒരു​കാ​ലത്ത്‌ ഈ​ജിപ്‌റ്റിൽ ദരി​ദ്ര​രും ദുർബല​രുമാ​യി ജീ​വിച്ച​വരായ ഇ​സ്രാ​യേല്യർ, കഷ്ടത അനു​ഭവി​ക്കുന്ന തങ്ങളുടെ സഹോ​ദര​ങ്ങളോട്‌ ഒരി​ക്ക​ലും “ഹൃദയം കഠിനമാ”ക്കരു​തെന്ന് വാഗ്‌ദ​ത്തദേ​ശത്ത്‌ പ്ര​വേശി​ക്കുന്ന​തിനു മുമ്പ് യഹോവ അവരെ ഓർമി​പ്പിച്ചു. ദരി​ദ്രരാ​യവർക്ക് അവർ മന​സ്സോ​ടെ കൈ തുറന്നു കൊ​ടു​ക്കാൻ യഹോവ പ്ര​തീക്ഷി​ച്ചു.—ആവ. 15:7, 11; ലേവ്യ. 25:35-38.

9. ക്ലേശങ്ങൾ അനു​ഭവി​ക്കുന്ന​വരെ സഹാ​യി​ക്കു​മ്പോൾ നാം എന്തി​നാണ്‌ പ്രാ​ധാ​ന്യം കൊ​ടു​ക്കേണ്ടത്‌? ദൃഷ്ടാന്തീകരിക്കുക.

9 ക്ലേശ​പൂർണമായ സാഹ​ചര്യ​ങ്ങളി​ലൂടെ കടന്നു​പോ​കു​ന്നവരെ കു​റ്റം​വിധി​ക്കു​കയോ സംശയദൃഷ്ട്യാ വീക്ഷി​ക്കു​കയോ ചെ​യ്യുന്ന​തിനു പകരം അവർക്ക് നമ്മൾ ആത്മീ​യമാ​യി ആശ്വാസം പ്രദാനം ചെ​യ്യുക​യാണ്‌ വേണ്ടത്‌. (ഇയ്യോ. 33:6, 7; മത്താ. 7:1) ദൃഷ്ടാന്തത്തിന്‌, വാ​ഹനാ​പക​ടത്തിൽപ്പെട്ട ഒരു ബൈക്കു​യാ​ത്രക്കാ​രനെ അത്യാ​ഹിത​വിഭാ​ഗത്തിൽ പ്ര​വേ​ശിപ്പി​ക്കു​ന്നെന്ന് കരുതുക. അപ​കടത്തിന്‌ കാ​രണക്കാ​രൻ അയാ​ളായി​രു​ന്നോ എന്ന് തി​ട്ട​പ്പെടു​ത്താനാ​യി​രിക്കു​മോ അങ്ങ​നെ​യൊരു സാ​ഹചര്യ​ത്തിൽ അവിടത്തെ ഡോക്‌ടർമാ​രും നഴ്‌സുമാ​രും തു​നി​യുക? ഒരി​ക്കലു​മല്ല, മറിച്ച് അയാൾക്ക് അടി​യ​ന്തിര വൈ​ദ്യസ​ഹായം നൽകാ​നാ​യിരി​ക്കും അവർ ശ്ര​മിക്കു​ന്നത്‌. സമാ​നമാ​യി, ഒരു സഹ​വിശ്വാ​സി വ്യ​ക്തിപ​രമായ പ്രശ്‌നങ്ങ​ളിൽപ്പെട്ട് ഉഴലു​കയാ​ണെ​ങ്കിൽ അ​ദ്ദേഹത്തിന്‌ ആവ​ശ്യ​മായ ആത്മീ​യപി​ന്തുണ നൽകു​ന്നതി​നാ​യിരി​ക്കണം നാം മുൻഗണന കൊ​ടു​ക്കേണ്ടത്‌.—1 തെസ്സലോനിക്യർ 5:14 വായിക്കുക.

10. ഒറ്റ​നോ​ട്ടത്തിൽ ബല​ഹീന​രെന്ന് തോ​ന്നി​യേക്കാ​വുന്ന ചിലർ വാസ്‌ത​വത്തിൽ “വി​ശ്വാ​സത്തിൽ സമ്പന്ന”രായി​രു​ന്നേക്കാവു​ന്നത്‌ എങ്ങനെ?

10 നമ്മുടെ സഹോ​ദ​രങ്ങളു​ടെ സാഹ​ചര്യങ്ങ​ളെക്കു​റിച്ച് ചി​ന്തി​ക്കാൻ നാം സമ​യ​മെടു​ക്കു​ന്നെങ്കിൽ ബാ​ഹ്യമാ​യി അവരിൽ കാ​ണപ്പെ​ടുന്ന ദുർബലാ​വസ്ഥ വാസ്‌ത​വത്തിൽ ഒരു ബലഹീ​നത​യേയ​ല്ലെന്ന് തിരി​ച്ചറി​യാൻ നമു​ക്കാ​യേക്കും. കാ​ലങ്ങളാ​യി കു​ടും​ബത്തിൽനി​ന്നുള്ള എതിർപ്പ് സഹി​ച്ചു​നിൽക്കുന്ന സഹോ​ദരി​മാ​രുടെ കാര്യ​മെടു​ക്കുക. അവരിൽ ചിലർ എളി​യവ​രോ ദുർബല​രോ ആയി കാണ​പ്പെ​ട്ടേക്കാ​മെങ്കി​ലും അന്യാദൃശമായ വി​ശ്വാ​സവും ആന്തരി​ക​കരു​ത്തും അല്ലേ അവർ പ്രക​ടമാ​ക്കു​ന്നത്‌? ഒറ്റയ്‌ക്കുള്ള ഒരു മാതാവ്‌ കൊ​ച്ചു​കു​ഞ്ഞുമാ​യോ കുട്ടി​കളു​മാ​യോ ഒരു മുട​ക്കവും​കൂ​ടാതെ യോ​ഗങ്ങൾക്ക് വരുന്നത്‌ കാ​ണു​മ്പോൾ അവരുടെ വി​ശ്വാ​സവും നിശ്ച​യദാർഢ്യ​വും നിങ്ങളിൽ മതി​പ്പു​ളവാ​ക്കു​ന്നില്ലേ? സ്‌കൂളി​ലെ മോ​ശ​മായ സ്വാ​ധീ​നങ്ങളെ ചെറുത്ത്‌ സത്യ​ത്തോട്‌ പറ്റി​നിൽക്കുന്ന കൗമാ​ര​പ്രായ​ക്കാ​രെക്കു​റിച്ച് നിങ്ങൾക്ക് എന്തു തോ​ന്നു​ന്നു? ബല​ഹീന​രെന്ന് തോ​ന്നിപ്പോ​യേക്കാ​വുന്ന ഇവ​രെ​ല്ലാം നമു​ക്കി​ടയിൽ ഏറെ അനു​കൂ​ലമായ സാ​ഹചര്യ​ങ്ങൾ ഉള്ളവ​രെ​പ്പോ​ലെതന്നെ “വി​ശ്വാ​സത്തിൽ സമ്പന്ന”രാണെന്ന് എളി​മ​യോടെ നമ്മൾ അംഗീ​ക​രിക്കു​ന്നു.—യാക്കോ. 2:5.

യഹോവയുടെ വീ​ക്ഷണ​ത്തോട്‌ അനുരൂപപ്പെടുക

11, 12. (എ) മാനു​ഷിക​ബലഹീ​നതയെ നോ​ക്കിക്കാ​ണുന്ന വി​ധത്തിന്‌ മാറ്റം​വരു​ത്താൻ നമ്മെ എന്തു സഹാ​യി​ക്കും? (ബി) യഹോവ അഹ​രോ​നോട്‌ ഇടപെട്ട വിധ​ത്തിൽനിന്ന് നമ്മൾ എന്തു പഠി​ക്കു​ന്നു?

11 തന്‍റെ ചില ദാ​സരോ​ടുള്ള ബന്ധത്തിൽ യഹോവ കാര്യങ്ങൾ കൈകാ​ര്യം ചെയ്‌ത വിധം പരി​ചിന്തി​ക്കു​ന്നത്‌ നമ്മുടെ വീക്ഷണം യഹോ​വയു​ടേ​തി​നോട്‌ അനു​രൂപ​പ്പെടു​ത്താൻ നമ്മെ സഹാ​യി​ക്കും. (സങ്കീർത്തനം 130:3 വായിക്കുക.) ഉദാ​ഹരണ​ത്തിന്‌, അഹരോൻ സ്വർണക്കാ​ളക്കു​ട്ടിയെ ഉണ്ടാ​ക്കിയ​പ്പോൾ നിങ്ങൾ മോ​ശയോ​ടൊ​പ്പം ഉണ്ടാ​യിരു​ന്നെ​ങ്കിൽ അഹരോന്‍റെ മു​ടന്തൻന്യാ​യങ്ങ​ളെക്കു​റിച്ച് നിങ്ങൾക്ക് എന്തു തോ​ന്നുമാ​യി​രുന്നു? (പുറ. 32:21-24) അല്ലെങ്കിൽ, മോശ ഒരു വി​ജാ​തീയസ്‌ത്രീയെ വിവാഹം കഴി​ച്ചതിന്‌ തന്‍റെ സഹോ​ദരി​യായ മിരിയാമിന്‍റെ സ്വാ​ധീന​ത്തിന്‌ വഴി​പ്പെട്ട് അഹരോൻ മോശയെ വി​മർശിച്ച സന്ദർഭ​ത്തിൽ നിങ്ങൾ അവിടെ ഉണ്ടാ​യിരു​ന്നു​വെന്ന് കരുതുക. അഹരോന്‍റെ ആ മ​നോഭാ​വത്തെ നിങ്ങൾ എങ്ങനെ കാണു​മാ​യിരു​ന്നു? (സംഖ്യാ. 12:1, 2) ഇ​സ്രാ​യേൽ ജനത്തിന്‌ യഹോവ മെരീ​ബാ​യിൽവെച്ച് അത്ഭു​തകര​മായി വെള്ളം നൽകിയ​പ്പോൾ അഹ​രോ​നും മോ​ശ​യും അവനെ  മഹത്ത്വീകരിക്കാതിരിക്കുന്നതു കണ്ടി​രു​ന്നെങ്കിൽ നിങ്ങൾ എങ്ങനെ പ്ര​തി​കരി​ക്കുമാ​യി​രുന്നു?—സംഖ്യാ. 20:10-13.

12 മേൽപ്പറഞ്ഞ ഓരോ സന്ദർഭത്തി​ലും യ​ഹോവയ്‌ക്ക് അഹ​രോ​നെ തത്‌ക്ഷണം ശി​ക്ഷി​ക്കാമാ​യി​രുന്നു. എന്നാൽ, അഹരോൻ ഒരു ദു​ഷ്ടന​ല്ലെന്നും അവൻ മനഃ​പൂർവം തെറ്റു​വരു​ത്തി​യത​ല്ലെന്നും യഹോവ വി​വേചി​ച്ചറി​ഞ്ഞു. അഹരോൻ സാഹ​ചര്യ​ങ്ങൾക്കോ മറ്റു​ള്ളവ​രുടെ സ്വാ​ധീ​നത്തി​നോ വഴി​പ്പെട്ടാ​യിരി​ക്കാം ശരിയായ ഗതി​യിൽനിന്ന് വഴു​തി​പ്പോ​യത്‌. എങ്കിലും, സ്വന്തം പി​ശകു​കൾ തിരി​ച്ചറി​ഞ്ഞ​പ്പോൾ ഉടനടി അവൻ അത്‌ അംഗീ​കരി​ക്കു​കയും യ​ഹോവ​യുടെ ന്യാ​യത്തീർപ്പു​കളെ പിന്തു​ണയ്‌ക്കു​കയും ചെയ്‌തു. (പുറ. 32:26; സംഖ്യാ. 12:11; 20:23-27) അഹരോന്‍റെ വിശ്വാ​സത്തി​ലും മാന​സാന്ത​രത്തി​ലും ആണ്‌ യഹോവ ശ്രദ്ധ കേ​ന്ദ്രീ​കരി​ച്ചത്‌. നൂറ്റാ​ണ്ടു​കൾക്കു ശേഷം​പോ​ലും അഹ​രോ​നും അവന്‍റെ സന്തതി​പര​മ്പരക​ളും യഹോ​വാ​ഭക്തരാ​യി അറി​യ​പ്പെട്ടു.—സങ്കീ. 115:10-12; 135:19, 20.

13. മാനു​ഷിക​ബലഹീ​നതയെ നമ്മൾ എങ്ങനെ വീ​ക്ഷിക്കു​ന്നു എന്നതു സം​ബന്ധിച്ച് നമുക്ക് എന്ത് ആത്മ​വിശ​കലനം നട​ത്താനാ​കും?

13 യ​ഹോവ​യുടെ വീക്ഷ​ണഗതി​യു​മായി നമ്മുടെ ചി​ന്താഗ​തിയെ സമര​സപ്പെടു​ത്തണ​മെങ്കിൽ ദുർബല​രായി കാണ​പ്പെ​ടുന്ന​വരെ നാം എങ്ങ​നെയാ​ണു വീക്ഷി​ക്കു​ന്ന​തെന്ന് സ്വയം ചോ​ദി​ക്കേണ്ടതുണ്ട്. (1 ശമൂ. 16:7) ഉദാ​ഹരണ​ത്തിന്‌, ഒരു കൗമാ​ര​പ്രായ​ക്കാരൻ വി​വേചന​യില്ലാ​തെ വി​നോ​ദം തിര​ഞ്ഞെടു​ക്കു​കയോ അലക്ഷ്യ​മ​നോഭാ​വം കാണി​ക്കു​കയോ ചെ​യ്യു​മ്പോൾ നാം എങ്ങനെ പ്രതി​കരി​ക്കും? അതി​രു​കടന്ന് വിമർശി​ക്കുന്ന​തിനു പകരം പക്വ​തയി​ലേക്കു വളരാൻ അവനെ സഹാ​യിക്കു​ന്നതിന്‌ നമുക്ക് എന്തു ചെ​യ്യാനാ​കും എന്നു ചിന്തി​ക്കരു​തോ? അതെ, സഹായം ആവശ്യ​മു​ള്ളവർക്ക് അതു നൽകാൻ നമുക്ക് മുൻകൈ എടുക്കാം. അങ്ങനെ ചെ​യ്യു​മ്പോൾ മറ്റു​ള്ളവ​രോട്‌ പരിഗണന കാണി​ക്കു​ന്നതി​ലും അവരെ സ്‌നേ​ഹിക്കു​ന്നതി​ലും നാം പു​രോ​ഗതി പ്രാ​പി​ക്കും.

14, 15. (എ) ഏലി​യാ​വിന്‌ താത്‌കാ​ലിക​മായി ധൈര്യം ചോർന്നതു കണ്ടപ്പോൾ യ​ഹോവയ്‌ക്ക് എന്തു തോന്നി? (ബി) ഏലിയാവിന്‍റെ അനു​ഭവത്തിൽനിന്ന് നമുക്ക് എന്തു പഠി​ക്കാനാ​കും?

14 നമ്മുടെ ചിന്താ​ഗതി​യും നിരു​ത്സാ​ഹിത​രായ തന്‍റെ ചില ദാ​സരോട്‌ യഹോവ ഇടപെട്ട രീ​തി​യും തമ്മിൽ താ​രത​മ്യം ചെ​യ്യു​ന്നത്‌ മറ്റു​ള്ള​വരെ​ക്കുറി​ച്ചുള്ള നമ്മുടെ വീക്ഷണം വിശാ​ലമാ​ക്കാൻ നമ്മെ സഹാ​യി​ക്കും. നി​രു​ത്സാഹി​തനാ​യി​ത്തീർന്ന ഒരു ദൈ​വദാസ​നായി​രുന്നു ഏലി​യാവ്‌. ബാലിന്‍റെ 450 പ്രവാ​ചക​ന്മാരെ നിർഭയം വെ​ല്ലുവി​ളിച്ച ഏലി​യാവ്‌ പക്ഷേ, ഇസബേൽ രാജ്ഞി തന്നെ വക​വരു​ത്താൻ പദ്ധതി​യി​ടു​ന്നെന്നു കേ​ട്ട​പ്പോൾ ദൂരേക്ക് ഓ​ടി​പ്പോയി. ബേർ-ശേ​ബയി​ലേക്ക് ഏകദേശം 150 കി​ലോ​മീറ്റർ  കാൽനടയായി യാത്ര ചെയ്‌ത​ശേഷം അവൻ ഒരു മരുപ്രദേശത്തിന്‍റെ ഉൾഭാഗ​ത്തേക്ക് പോയി. ചുട്ടു​പൊ​ള്ളുന്ന വെ​യി​ലത്ത്‌ യാ​ത്രചെയ്‌ത്‌ ക്ഷീണിച്ച് അവശനായ പ്ര​വാ​ചകൻ ഒരു മര​ത്തണ​ലിൽ പോ​യി​രുന്ന് തന്‍റെ “പ്രാണനെ എടു​ത്തു​കൊ​ള്ളേണമേ” എന്ന് അ​പേക്ഷി​ച്ചു.—1 രാജാ. 18:19; 19:1-4.

ഏലിയാവിന്‍റെ പരി​മി​തികൾ കണ​ക്കി​ലെടുത്ത യഹോവ അവനെ ശക്തീ​കരി​ക്കാൻ ഒരു ദൂതനെ അയച്ചു (14, 15 ഖണ്ഡികകൾ കാണുക)

15 സ്വർഗത്തിൽനിന്ന് നോ​ക്കിയ​പ്പോൾ, തന്‍റെ വി​ശ്വസ്‌ത​പ്രവാ​ചകൻ നി​രു​ത്സാഹി​തനാ​യി​രിക്കു​ന്നതു കണ്ട യ​ഹോവയ്‌ക്ക് എന്തു തോ​ന്നിക്കാ​ണും? താത്‌കാ​ലിക​മായി വീര്യം ചോർന്ന് വി​ഷാദ​ത്തിന്‌ അടിപ്പെട്ട അവനെ യഹോവ തള്ളി​ക്കള​ഞ്ഞോ? ഒരി​ക്കലു​മില്ല! ഏലിയാവിന്‍റെ പരി​മി​തികൾ കണ​ക്കി​ലെടുത്ത യഹോവ അവനെ സഹാ​യി​ക്കാനാ​യി ഒരു ദൂതനെ അയച്ചു. ഭക്ഷണം കഴിക്കാൻ ആ ദൂതൻ അവനെ രണ്ടു തവണ പ്രോ​ത്സാ​ഹിപ്പി​ച്ചു. വീണ്ടും ഒരു “ദൂ​രയാ​ത്ര” നടത്താൻ അത്‌ അവനെ ശക്ത​നാ​ക്കുമാ​യി​രുന്നു. (1 രാജാക്കന്മാർ 19:5-8 വായിക്കുക.) അതെ, മാർഗനിർദേശം നൽകാൻ മുതി​രു​ന്നതി​നു മുമ്പ് യഹോവ തന്‍റെ പ്ര​വാച​കനെ ശ്രദ്ധി​ക്കു​കയും അവന്‌ സഹി​ച്ചു​നിൽക്കാൻ ആവ​ശ്യ​മായ പ്രാ​യോ​ഗിക സഹായം നൽകുക​യും ചെയ്‌തു.

16, 17. ഏലി​യാവി​നു​വേണ്ടി യഹോവ കരുതിയ വിധം നമുക്ക് എങ്ങനെ പകർത്താനാ​കും?

16 കരു​ത​ലുള്ള നമ്മുടെ ദൈവത്തെ നമുക്ക് എങ്ങനെ അനു​കരി​ക്കാനാ​കും? ഉപദേശം നൽകാൻ നാം തിടുക്കം കൂ​ട്ടരുത്‌. (സദൃ. 18:13) വ്യ​ക്തിപ​രമായ സാ​ഹചര്യ​ങ്ങൾ നിമിത്തം തങ്ങൾ “മാനം കുറ”ഞ്ഞവ​രാ​ണെന്ന് ചി​ന്തി​ക്കുന്ന ചില​രുണ്ടാ​കാം. (1 കൊരി. 12:23) അങ്ങ​നെയു​ള്ളവ​രോട്‌ സംസാ​രി​ക്കു​മ്പോൾ, ആദ്യം​തന്നെ അവ​രോട്‌ സമാ​നു​ഭാവം പ്രക​ടിപ്പി​ക്കാൻ അല്‌പസ​മയം ഉപ​യോഗി​ക്കു​ന്നത്‌ നല്ലതാ​യി​രി​ക്കും. അങ്ങ​നെയാ​കു​മ്പോൾ അവരുടെ യഥാർഥ ആവശ്യങ്ങൾ മന​സ്സിലാ​ക്കി വേ​ണ്ടപോ​ലെ പ്ര​വർത്തി​ക്കാൻ നമു​ക്കാ​കും.

17 ഉദാ​ഹരണ​ത്തിന്‌, നേരത്തേ പരാ​മർശിച്ച സി​ന്തിയ​യുടെ കാര്യ​മെടു​ക്കുക. അവളുടെ ഭർത്താവ്‌ അവ​ളെ​യും രണ്ടു പെൺമക്ക​ളെയും ഉ​പേക്ഷി​ച്ചു പോയി. പെട്ടെന്ന് നി​രാ​ലംബ​രായ​തായി അവർക്ക് തോന്നി. എങ്ങ​നെയാണ്‌ ചില സഹവി​ശ്വാ​സി​കൾ അവരുടെ തുണയ്‌ക്കെത്തി​യത്‌? അവൾ വിശ​ദീക​രിക്കു​ന്നു: “സംഭ​വിച്ച​തി​നെക്കു​റിച്ച് ഫോൺവി​ളിച്ച് അറി​യിച്ച​പ്പോൾ 45 മി​നിട്ടി​നകം അവ​രെ​ല്ലാം വീ​ട്ടി​ലെത്തി. അവ​രു​ടെയും കണ്ണു നി​റഞ്ഞി​രുന്നു. ആദ്യത്തെ രണ്ടു മൂന്നു ദിവസം ആ​രെങ്കി​ലും എ​പ്പോ​ഴും ഞങ്ങ​ളോ​ടൊപ്പ​മുണ്ടാ​യി​രുന്നു. ഞങ്ങൾ ആവ​ശ്യത്തിന്‌ ഭക്ഷണം കഴി​ക്കാ​തെയും വൈ​കാരി​കമാ​യി തളർന്നും ഇരു​ന്നതു​കൊണ്ട് കു​റെനാ​ള​ത്തേക്ക് അവർ ഞങ്ങളെ അവരുടെ വീ​ട്ടി​ലേക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോയി.” ഇപ്പോൾ, യാ​ക്കോബ്‌ പറഞ്ഞത്‌ നി​ങ്ങളു​ടെ മന​സ്സി​ലേക്ക് ഓടി​യെത്തു​ന്നുണ്ടാ​കും: ‘ഉണ്ണാനും ഉടു​ക്കാ​നും വക​യി​ല്ലാത്ത ഒരു സ​ഹോദ​രനോ സഹോ​ദരി​യോ നിങ്ങൾക്കി​ടയിൽ ഉണ്ടെ​ന്നിരി​ക്കട്ടെ. നിങ്ങളിൽ ഒരുവൻ അവ​രോട്‌, “സമാ​ധാ​നത്തോ​ടെ പോയി തീ കായുക; ഭക്ഷിച്ചു തൃപ്‌തരാകുക” എന്നു പറയു​ന്നത​ല്ലാതെ അവർക്കു ശാരീ​രി​കമാ​യി ആവശ്യ​മു​ള്ളതൊ​ന്നും കൊ​ടു​ക്കു​ന്നി​ല്ലെങ്കിൽ എന്തു പ്ര​യോ​ജനം? അങ്ങനെ, വി​ശ്വാ​സവും പ്രവൃത്തികളില്ലാത്തതായാൽ നിർജീവമാ​യിരി​ക്കും.’ (യാക്കോ. 2:15-17) മാനസിക പ്രഹ​രമേൽപ്പിച്ച ആ സം​ഭവത്തിന്‌ ആറു മാ​സത്തി​നു ശേഷം സി​ന്തിയ​യും രണ്ടു പെൺമക്ക​ളും സഹായ പയനി​യർമാരാ​യി സേ​വിക്കാ​നുള്ള ശക്തി ആർജി​ച്ചെ​ടുത്തു. അതെ, പ്രാ​ദേശി​കസഭ​യിലെ സഹോ​ദരീ​സ​ഹോദ​രന്മാർ സമ​യോചി​തമാ​യി നൽകിയ പി​ന്തുണ​യാണ്‌ അവരെ നില​നിറു​ത്തി​യത്‌.—2 കൊരി. 12:10.

അനേകർക്ക് പ്ര​യോ​ജനം കൈവരുത്തുന്നു

18, 19. (എ) താത്‌കാ​ലിക​മായി ബലഹീ​ന​രായ​വരെ നമുക്ക് എങ്ങനെ സഹാ​യിക്കാ​നാ​കും? (ബി) നാം ദുർബ​ലരെ താ​ങ്ങു​മ്പോൾ വാസ്‌ത​വത്തിൽ ആ​രെല്ലാ​മാണ്‌ അതിൽനിന്ന് പ്ര​യോ​ജനം നേ​ടു​ന്നത്‌?

18 തളർത്തിക്ക​ളയുന്ന ഒരു ശാരീ​രി​കരോ​ഗം ഭേ​ദമാ​കാൻ സമയം എടു​ത്തേ​ക്കാം എന്ന് അനു​ഭവത്തിൽനിന്ന് നിങ്ങൾക്ക് അറി​യാ​മാ​യിരി​ക്കാം. സമാ​നമാ​യി, വ്യ​ക്തിപ​രമായ ബു​ദ്ധി​മുട്ടു​കളാ​ലോ പരി​ശോധ​നാക​രമായ സാഹ​ചര്യ​ങ്ങളാ​ലോ ശക്തി ചോർന്നു​പോയ ഒരു ക്രിസ്‌ത്യാ​നിക്ക് ആത്മീ​യാ​രോ​ഗ്യം വീ​ണ്ടെടു​ക്കാൻ സമയം വേണ്ടി​വ​ന്നേക്കാം. വ്യ​ക്തിപ​രമായ പഠനം, പ്രാർഥന, ഇതര ക്രിസ്‌തീയ പ്ര​വർത്ത​നങ്ങൾ എന്നി​വയിലൂ​ടെ​യെല്ലാം അദ്ദേഹം സ്വന്തം വി​ശ്വാ​സം ബലിഷ്‌ഠമാ​ക്കേണ്ട​തുണ്ട് എന്നത്‌ വസ്‌തുത​യാണ്‌. എന്നാൽ ചോ​ദ്യ​മിതാണ്‌: അദ്ദേഹം സമനില വീ​ണ്ടെ​ടുക്കു​ന്നതു​വരെ നാം അ​ദ്ദേഹ​ത്തോട്‌ ക്ഷമ കാ​ണിക്കു​മോ? ആത്മീ​യമാ​യി ശക്തി പുന​രാർജി​ക്കുന്ന ആ കാ​ലയള​വിൽ നാം തു​ടർന്നും അദ്ദേഹത്തെ സ്‌നേഹി​ക്കു​മോ? നമ്മുടെ ചില സ​ഹോദ​രങ്ങൾ താത്‌കാ​ലിക​മായി ക്ഷീ​ണി​തരാ​ണെങ്കി​ലും, നമുക്ക് അവർ വേ​ണ്ട​പ്പെട്ടവ​രാ​ണെന്നും നമ്മൾ അവരെ സ്‌നേഹിക്കു​ന്നു​ണ്ടെന്നും അവർക്ക് ബോ​ധ്യ​പ്പെ​ടും​വിധം പ്ര​വർത്തി​ക്കാൻ നമ്മൾ ശ്രമം ചെയ്യണം.—2 കൊരി. 8:8.

19 സ​ഹോദ​രങ്ങളെ സഹാ​യി​ക്കു​മ്പോൾ കൊ​ടു​ക്കു​ന്നതി​ലൂടെ മാത്രം ലഭിക്കുന്ന അതിരറ്റ സന്തോഷം നമുക്ക് അനു​ഭവി​ക്കാനാ​കും എന്ന് ഒരി​ക്ക​ലും വിസ്‌മരി​ക്കരുത്‌. സമാ​നു​ഭാവ​വും ക്ഷമയും കാ​ണിക്കാ​നുള്ള പ്രാപ്‌തി​യും നമുക്ക് അങ്ങനെ വി​കസി​പ്പി​ച്ചെടു​ക്കാനാ​കും. എന്നാൽ അതു മാത്രമല്ല അതിന്‍റെ പ്ര​യോ​ജനം. മുഴു​സ​ഭയി​ലും സ്‌നേഹ​വും ഊഷ്‌മള​തയും തഴ​ച്ചുവ​ളരും. എല്ലാ​റ്റിലു​മു​പരി, ഓരോ വ്യ​ക്തി​യെയും തന്‍റെ അമൂല്യ സ്വത്തായി വീ​ക്ഷി​ക്കുന്ന യ​ഹോ​വയെ നാം അനു​കരി​ക്കുക​യാണ്‌. അതെ, “ബല​ഹീ​നരെ താ​ങ്ങണ​മെന്ന” ആഹ്വാ​ന​ത്തിന്‌ ചേർച്ച​യിൽ പ്ര​വർത്തി​ക്കാൻ നമു​ക്കേവർക്കും നിരവധി കാ​രണങ്ങ​ളുണ്ട്.—പ്രവൃ. 20:35.

^ ഖ. 4 മനുഷ്യൻ വന്ന വഴി (ഇംഗ്ലീഷ്‌) എന്ന പുസ്‌ത​കത്തിൽ ചാൾസ്‌ ഡാർവിൻ പല ശരീ​രാ​വയ​വങ്ങ​ളെയും “ഉപ​യോ​ഗശൂ​ന്യം” എന്ന് വിളി​ച്ചി​ട്ടുണ്ട്. അദ്ദേഹത്തിന്‍റെ അനു​കൂ​ലിക​ളിൽ ഒരാൾ, അപ്പെൻഡിക്‌സും തൈമസ്‌ ഗ്ര​ന്ഥി​യും ഉൾപ്പെടെ മനു​ഷ്യശ​രീര​ത്തിൽ പ്ര​യോ​ജന​രഹി​തമായ നിരവധി “അവശി​ഷ്ടാ​വയ​വങ്ങൾ” ഉണ്ടെന്ന് വാദി​ക്കു​കയു​ണ്ടായി.

^ ഖ. 7 പേരു മാറ്റി​യി​ട്ടുണ്ട്.