വിവാഹമോചിതരായ സഹവിശ്വാസികളെ എങ്ങനെ പിന്തുണയ്ക്കാം?
വിവാഹമോചിതരായ ആരെയെങ്കിലും നിങ്ങൾക്ക് അറിയാമോ? ഒരുപക്ഷേ, പലരെയും അറിയുമായിരിക്കും. കാരണം വിവാഹമോചനം ഇന്ന് സർവസാധാരണമാണ്. വിവാഹിതരായിട്ട് മൂന്നുമുതൽ ആറുവരെ വർഷങ്ങൾ കഴിഞ്ഞ 30-കളിലുള്ളവരാണ് വിവാഹമോചനം നേടാൻ കൂടുതൽ സാധ്യതയുള്ളവരെന്ന് പോളണ്ടിൽ നടന്ന ഒരു പഠനം വെളിപ്പെടുത്തി. എന്നാൽ ഈ പ്രായത്തിലുള്ളവർ മാത്രമല്ല വിവാഹമോചനം നേടുന്നത്.
സ്പെയിനിലെ കുടുംബങ്ങളെക്കുറിച്ചുള്ള ഒരു സ്ഥാപനം റിപ്പോർട്ടു ചെയ്യുന്നു: “സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് (യൂറോപ്പിൽ) വിവാഹിതരാകുന്നവരിൽ പകുതിപ്പേരും വിവാഹമോചനം നേടും.” മറ്റു വികസിതരാജ്യങ്ങളിലും സ്ഥിതി ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെയാണ്.
വൈകാരികസംഘർഷങ്ങളുടെ കുത്തൊഴുക്ക്
സർവസാധാരണമായിരിക്കുന്ന ഈ സംഭവത്തിന്റെ ഉൾക്കാമ്പിൽ എന്താണുള്ളത്? പൂർവയൂറോപ്പിലെ പ്രശസ്തയായ ഒരു വിവാഹോപദേഷ്ടാവ് ഇങ്ങനെ പറയുന്നു: “വിവാഹമോചനം, സംഭവിച്ചുകഴിഞ്ഞ ഒന്നിനെ, അതായത് ബന്ധങ്ങളിലെ തകർച്ചയെയും അതിന്റെ ഫലമായുണ്ടാകുന്ന വേർപിരിയലിനെയും, പിന്നീട് ഔപചാരികമാക്കുന്നെന്നേ ഉള്ളൂ. വൈകാരികമായി വളരെയധികം വേദനയുളവാക്കുന്നതാണ് ബന്ധത്തിലെ ഈ തകർച്ച.” കൂടാതെ, “ദേഷ്യം, കുറ്റബോധം, നിരാശ, ആശാഭംഗം, നാണക്കേട് എന്നീ ശക്തമായ അനിയന്ത്രിതവികാരങ്ങൾ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്നു” എന്ന് അവർ കൂട്ടിച്ചേർക്കുന്നു. ചിലപ്പോൾ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തകളും മനസ്സിലേക്ക് വന്നേക്കാം. “ഒടുവിൽ കോടതിവിധി വന്നുകഴിഞ്ഞാൽ അടുത്ത ഘട്ടം ആരംഭിക്കുകയായി—ശൂന്യതാബോധവും ഒറ്റപ്പെട്ടുവെന്ന തോന്നലും. വിവാഹമോചിതരായ ഇണകൾ ഇങ്ങനെ ചിന്തിച്ചേക്കാം: ‘ഞാൻ ശരിക്കും ഇനി ആരാണ്? ഞാൻ ആർക്കുവേണ്ടിയാണ് ഇനി ജീവിക്കുന്നത്?’”
കുറച്ചു വർഷങ്ങൾക്കു മുമ്പുണ്ടായ സ്വന്തം അനുഭവത്തെക്കുറിച്ച് ഈവ ഇങ്ങനെ പറയുന്നു: “ഒടുവിൽ കോടതിവിധി വന്നപ്പോൾ, ‘വിവാഹമോചിതയായ സ്ത്രീ’ എന്ന് അയൽക്കാരും സഹപ്രവർത്തകരും ഇനി മുദ്രകുത്തുമല്ലോ എന്നോർത്ത് എനിക്ക് ആകെ നാണക്കേട് തോന്നി. എന്തിനും ഏതിനും എനിക്ക് ദേഷ്യം വരും. എന്റെ രണ്ട് കൊച്ചുകുട്ടികൾക്ക് ഞാൻ അച്ഛനും അമ്മയും ആയിത്തീരണമായിരുന്നു.” * 12 വർഷമായി ഒരു മൂപ്പനെന്നനിലയിൽ സഹോദരങ്ങളുടെ ആദരവ് നേടിയ ഒരാളായിരുന്നു ആഡം. എന്നാൽ വിവാഹമോചനത്തിനു ശേഷം അദ്ദേഹം ഇങ്ങനെ പറയുന്നു: “എന്റെ ആത്മാഭിമാനം ആകെ വ്രണപ്പെട്ടു. ചിലപ്പോൾ ഞാൻ കോപംകൊണ്ടു നിറയുമായിരുന്നു. എപ്പോഴും എല്ലാവരിൽനിന്നും അകന്നുമാറാൻ ഞാൻ ആഗ്രഹിച്ചു.”
സമചിത്തത കൈവരിക്കാനുള്ള കഠിനശ്രമം
ഭാവിയെക്കുറിച്ചുള്ള ആകുലതകൾ മൂലം പലർക്കും സമചിത്തത കൈവരിക്കാൻ കഠിനശ്രമം ചെയ്യേണ്ടിവരുന്നു, വിവാഹമോചനത്തിന് വർഷങ്ങൾക്കു ശേഷംപോലും. മറ്റുള്ളവർക്ക് തങ്ങളിൽ താത്പര്യമില്ലെന്ന് അവർക്കു തോന്നിയേക്കാം. തന്നെയുമല്ല, ഈ മേഖലയിലെ ഒരു കോളമെഴുത്തുകാരൻ പറയുന്നതുപോലെ അവർക്ക് ഇനിമുതൽ “അവരുടെ ശീലങ്ങൾ മാറ്റേണ്ടിവരും, പ്രശ്നങ്ങൾ സ്വയം നേരിടാൻ പഠിക്കേണ്ടിവരും.”
സ്റ്റാനീസ്വാഫ് എന്ന സഹോദരൻ ഓർമിക്കുന്നു: “വിവാഹമോചനത്തിനു ശേഷം എന്റെ മുൻഭാര്യ എന്റെ രണ്ടു കൊച്ചുപെണ്മക്കളെയും കാണാൻ എന്നെ അനുവദിച്ചില്ല. എനിക്കുവേണ്ടി കരുതാൻ ഇനി ആരുമില്ലെന്ന് അപ്പോൾ ഞാൻ ചിന്തിച്ചു. മാത്രമല്ല, യഹോവ എന്നെ ഉപേക്ഷിച്ചിരിക്കും എന്നുപോലും എനിക്കു തോന്നി. ജീവിക്കാനുള്ള എന്റെ ആശ നശിച്ചു. പക്ഷേ, എന്റെ ചിന്ത എത്രമാത്രം തെറ്റായിരുന്നുവെന്ന് ഞാൻ പിന്നീട് തിരിച്ചറിഞ്ഞു.” ഭാവിയെക്കുറിച്ചുള്ള അനിശ്ചിതത്വം നിമിത്തം ആശങ്കയിലായ വാൻഡ എന്നു പേരുള്ള വിവാഹമോചിതയായ ഒരു സഹോദരി ഇങ്ങനെ പറയുന്നു: “കുറച്ചു കഴിഞ്ഞാൽ സഹോദരങ്ങൾ ഉൾപ്പെടെ ആരും എന്റെയും കുട്ടികളുടെയും കാര്യത്തിൽ ഒരു താത്പര്യവും കാണിക്കില്ലെന്നുതന്നെ ഞാൻ വിചാരിച്ചു. എന്നിരുന്നാലും, സഹോദരങ്ങളെല്ലാം ഞങ്ങളോടൊപ്പം നിന്നതും, കുട്ടികളെ യഹോവയുടെ ആരാധകരായി വളർത്തിക്കൊണ്ടുവരാനുള്ള എന്റെ ശ്രമങ്ങളെ പിന്തുണച്ചതും ഇപ്പോൾ എനിക്കു കാണാൻ കഴിയുന്നു.”
വിവാഹമോചനത്തിനു ശേഷം ചിലർ നിഷേധാത്മകചിന്തകളിൽ മുങ്ങിപ്പോകുന്നതായി മേൽപ്പറഞ്ഞ അഭിപ്രായങ്ങളിൽനിന്ന് നമുക്കു മനസ്സിലാക്കാം. തങ്ങൾ വിലകെട്ടവരാണെന്നും ഒന്നിനും കൊള്ളാത്തവരാണെന്നും ഒക്കെ ചിന്തിച്ചുകൊണ്ട് മോശമായ ഒരു കാഴ്ചപ്പാട് അവർ വളർത്തിയെടുത്തേക്കാം. അതോടൊപ്പം അവർ ചുറ്റുമുള്ളവരെക്കുറിച്ച് വിമർശനമനോഭാവമുള്ളവർ ആയിത്തീരാനും ഇടയുണ്ട്. തത്ഫലമായി, സഭാംഗങ്ങൾ തങ്ങളോടു സഹതാപമില്ലാത്തവരും നിർവികാരരും ആണെന്ന് അവർ ചിന്തിച്ചേക്കാം. പക്ഷേ, തങ്ങളുടെ കാര്യത്തിൽ സഹോദരീസഹോദരന്മാർക്കു യഥാർഥതാത്പര്യമുണ്ടെന്ന് വിവാഹമോചിതരായവർക്ക് തിരിച്ചറിയാനാകും. സ്റ്റാനീസ്വാഫിന്റെയും വാൻഡയുടെയും പോലുള്ളവരുടെ അനുഭവങ്ങൾ അതാണ് കാണിക്കുന്നത്. സഹക്രിസ്ത്യാനികൾ വിവാഹമോചിതർക്കു സവിശേഷശ്രദ്ധ നൽകിയിട്ടുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്; ആദ്യമൊക്കെ അത് അവരുടെ ശ്രദ്ധയിൽപ്പെടാതെ പോയേക്കാമെങ്കിലും!
ഏകാന്തതയും ഉപേക്ഷിക്കപ്പെട്ടെന്ന തോന്നലും കടന്നുകൂടുമ്പോൾ
നാം എത്ര നന്നായി പിന്തുണച്ചാലും വിവാഹമോചിതരായ നമ്മുടെ സഹവിശ്വാസികൾക്ക് ഇടയ്ക്കിടെ ഏകാന്തതയുമായി മല്ലിടേണ്ടിവന്നേക്കാമെന്ന് മനസ്സിൽപ്പിടിക്കുക. പ്രത്യേകിച്ച് സഹോദരിമാർക്കാണെങ്കിൽ തങ്ങൾക്ക് ആരുമില്ലെന്ന തോന്നലും ഉണ്ടായേക്കാം. അലീറ്റ്സ്യ ഇങ്ങനെ സമ്മതിച്ചു പറയുന്നു: “ഞാൻ വിവാഹമോചിതയായിട്ട് എട്ടു വർഷം കഴിഞ്ഞിരിക്കുന്നു. ഇപ്പോഴും എനിക്കെന്തോ കുറവുള്ളതായി എനിക്കു തോന്നാറുണ്ട്. അത്തരം നിമിഷങ്ങളിൽ ഞാൻ ഒറ്റയ്ക്കായിരിക്കാൻ ആഗ്രഹിക്കും, കരയുകയും സ്വയം പരിതപിക്കുകയും ചെയ്യും.”
വിവാഹമോചനം നേടിയ ഒരു വ്യക്തി നാം ഇപ്പോൾ പരിചിന്തിച്ച വികാരങ്ങളിലൂടെ കടന്നുപോകുന്നത് സ്വാഭാവികമാണ്. പക്ഷേ, സ്വയം ഒറ്റപ്പെടുത്തുന്നതിനെതിരെ, അതായത് കൂട്ടംവിട്ട് നടക്കുന്നതിനെതിരെ, ബൈബിൾ മുന്നറിയിപ്പു നൽകുന്നു. ഈ മുന്നറിയിപ്പ് അവഗണിക്കുന്നവർ “സകലജ്ഞാനത്തോടും” മത്സരിക്കുകയാണ്. (സദൃ. 18:1) എതിർലിംഗവർഗത്തിൽപ്പെട്ട ഒരാളിൽനിന്ന് തുടർച്ചയായി ബുദ്ധിയുപദേശമോ ആശ്വാസമോ തേടുന്നത് ഒഴിവാക്കുന്നതാണ് ജ്ഞാനം. ഇക്കാര്യം ഏകാന്തത അനുഭവപ്പെടുന്ന ഒരു വ്യക്തി തിരിച്ചറിയേണ്ടതുണ്ട്. അങ്ങനെയാകുമ്പോൾ അനുചിതമായ പ്രണയവികാരങ്ങൾ വളർന്നുവരാൻ ഇടയാകുകയില്ല.
വിവാഹമോചിതരായ നമ്മുടെ സഹവിശ്വാസികൾ കഠിനമായ വൈകാരികസംഘർഷങ്ങളുടെ തിരമാലകളാൽ പ്രഹരിക്കപ്പെട്ടേക്കാം. ഭാവിയെക്കുറിച്ചുള്ള ആകുലതയും ഏകാന്തതയും ഉപേക്ഷിക്കപ്പെട്ടെന്ന തോന്നലും ഒക്കെ അതിൽ ഉൾപ്പെടാം. അത്തരം വികാരങ്ങൾ സ്വാഭാവികമാണെന്നും അതേസമയം നേരിടാൻ ബുദ്ധിമുട്ടുള്ളവയാണെന്നും നമ്മൾ മനസ്സിലാക്കുന്നു. അതുകൊണ്ട്, അങ്ങനെയുള്ള സഹോദരീസഹോദരന്മാരെ ആത്മാർഥമായി പിന്തുണച്ചുകൊണ്ട് നാം യഹോവയെ അനുകരിക്കണം. (സങ്കീ. 55:22; 1 പത്രോ. 5:6, 7) അവർക്കായി നമ്മൾ ചെയ്യുന്ന ഏതു സഹായവും അവർ വിലമതിക്കുമെന്ന കാര്യത്തിൽ നമുക്ക് സംശയം വേണ്ടാ. തീർച്ചയായും, അവർക്ക് സഭയിലെ യഥാർഥസുഹൃത്തുക്കളിൽനിന്നു സഹായം ലഭിക്കുകതന്നെ ചെയ്യും!—സദൃ. 17:17; 18:24.
^ ഖ. 6 ചില പേരുകൾ മാറ്റിയിട്ടുണ്ട്.