ജീവിതകഥ
പിതാവിനെ നഷ്ടപ്പെട്ട എനിക്ക് ഒരു പിതാവിനെ ലഭിക്കുന്നു
ഓസ്ട്രിയയിലെ ഗ്രാസ്സിൽ 1899-ലാണ് എന്റെ അച്ഛൻ ജനിച്ചത്. അദ്ദേഹത്തിന്റെ കൗമാരനാളുകളിലായിരുന്നു ഒന്നാം ലോകമഹായുദ്ധം. എന്നാൽ 1939-ൽ രണ്ടാം ലോകയുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ സൈനികസേവനം നിർബന്ധിതമായിരുന്നതിനാൽ അദ്ദേഹത്തിന് ജർമൻ പട്ടാളത്തിൽ ചേരേണ്ടിവന്നു. പക്ഷേ, റഷ്യയിൽവെച്ച് 1943-ൽ അദ്ദേഹം യുദ്ധത്തിൽ കൊല്ലപ്പെട്ടു. അങ്ങനെ, വെറും രണ്ടു വയസ്സുള്ളപ്പോൾ എനിക്കെന്റെ അച്ഛനെ നഷ്ടമായി. എനിക്ക് അദ്ദേഹത്തെ ഒരിക്കലും അടുത്തറിയാനായിട്ടില്ല. അച്ഛനില്ലാത്തതിന്റെ വിഷമം എന്നും എന്നെ അലട്ടിയിരുന്നു; വിശേഷിച്ചും സ്കൂളിൽ എല്ലാ കുട്ടികൾക്കുംതന്നെ അച്ഛനുണ്ടെന്ന് അറിഞ്ഞപ്പോൾ. എന്നാൽ പിന്നീട്, ഒരിക്കലും മരിക്കാത്ത ശ്രേഷ്ഠപിതാവായ നമ്മുടെ സ്വർഗീയപിതാവിനെക്കുറിച്ച് പഠിക്കാനായത് കൗമാരപ്രായത്തിൽ എനിക്ക് വലിയ ആശ്വാസം പ്രദാനം ചെയ്തു.—ഹബ. 1:12, പി.ഒ.സി.
സ്കൗട്ട്സ് പ്രസ്ഥാനത്തിൽ അംഗമാകുന്നു
ഏഴു വയസ്സുള്ളപ്പോൾ, ബോയ് സ്കൗട്ട്സ് യുവജനപ്രസ്ഥാനത്തിൽ ഞാൻ അംഗമായി. ബ്രിട്ടീഷ് സൈന്യത്തിലെ ഒരു ലെഫ്റ്റനന്റ് ജനറലായിരുന്ന റോബർട്ട് സ്റ്റീഫൻസൺ സ്മിത്ത് ബേഡൻ-പവ്വൽ 1908-ൽ ഗ്രേറ്റ് ബ്രിട്ടനിൽ സ്ഥാപിച്ച ഒരു ആഗോളസംഘടനയാണ് ബോയ് സ്കൗട്ട്സ്. എന്റെ പ്രായത്തിലുള്ള ബാലന്മാർക്കായി 1916-ൽ അദ്ദേഹം വൂൾഫ് കബ്സ് (കബ്സ് സ്കൗട്ട്സ്) എന്നൊരു സംഘടനയും സ്ഥാപിച്ചിരുന്നു.
നാട്ടിൻപുറങ്ങളിലെ വാരാന്തക്യാമ്പുകൾ എനിക്ക് വലിയ ഹരമായിരുന്നു. കൂടാരങ്ങളിൽ കിടന്ന് ഉറങ്ങാനും യൂണിഫോമിട്ട് നടക്കാനും പെരുമ്പറമുഴക്കത്തിൽ മാർച്ചുചെയ്യാനും ഒക്കെ എനിക്ക് ഇഷ്ടമായിരുന്നു. വിശേഷിച്ചും, കാട്ടുപ്രദേശത്ത് കളികളിൽ ഏർപ്പെടുന്നതും വൈകിട്ട് തീകൂട്ടി ചുറ്റുമിരുന്ന് പാട്ടുപാടുന്നതും ഉൾപ്പെടെ മറ്റു സ്കൗട്ടുകളോടൊപ്പം ചെലവഴിച്ച സമയങ്ങൾ ഞാൻ ആസ്വദിച്ചിരുന്നു. അന്ന് പ്രകൃതിയെക്കുറിച്ചും ധാരാളം കാര്യങ്ങൾ ഞങ്ങൾ പഠിച്ചു. അതൊക്കെ നമ്മുടെ സ്രഷ്ടാവിന്റെ കരവേലകളിൽ എന്റെ വിലമതിപ്പ് വർധിപ്പിച്ചു.
ദിവസവും ഒരു സത്പ്രവൃത്തി ചെയ്യാൻ ബോയ് സ്കൗട്ടുകളെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇതായിരുന്നു അവരുടെ ആദർശസൂക്തം. “സദാ സജ്ജർ” എന്നു പറഞ്ഞുകൊണ്ടായിരുന്നു ഞങ്ങൾ പരസ്പരം അഭിവാദ്യം ചെയ്തിരുന്നത്! ഇത് എന്നെ ആകർഷിച്ചു. ഞങ്ങളുടെ ട്രൂപ്പിൽ നൂറിലധികം പയ്യന്മാരുണ്ടായിരുന്നു. പകുതി കത്തോലിക്കരും പകുതി പ്രൊട്ടസ്റ്റന്റുകാരും ഒരു ബുദ്ധമതക്കാരനും.
1920 മുതൽ, ജംബുരി എന്ന് വിളിക്കപ്പെടുന്ന അന്തർദേശീയ സ്കൗട്ട് സമ്മേളനങ്ങൾ ഏതാനും വർഷങ്ങൾ കൂടുമ്പോൾ നടത്തിയിരുന്നു. 1951 ആഗസ്റ്റിൽ ഓസ്ട്രിയയിലെ ബാറ്റ് ഇഷ്ലിൽ നടന്ന ഏഴാമത് ലോക സ്കൗട്ട് ജംബുരിയിലും, 1957 ആഗസ്റ്റിൽ ഇംഗ്ലണ്ടിലെ ബർമിങ്ഹാമിനു സമീപമുള്ള സറ്റൺ പാർക്കിൽവെച്ചു നടന്ന ഒൻപതാമത് ലോക സ്കൗട്ട് ജംബുരിയിലും ഞാൻ പങ്കെടുക്കുകയുണ്ടായി. രണ്ടാമതു പറഞ്ഞ ജംബുരിയിൽ 85 രാജ്യങ്ങളിലും ദേശങ്ങളിലും നിന്നുള്ള 33,000-ത്തോളം സ്കൗട്ടുകൾ ഹാജരുണ്ടായിരുന്നു. കൂടാതെ, ഇംഗ്ലണ്ടിലെ എലിസബെത്ത് രാജ്ഞി ഉൾപ്പെടെ ഏകദേശം 7,50,000 പേർ ജംബുരിയിൽ ഞങ്ങളെ സന്ദർശിക്കുകയും ചെയ്തു. അത് ഒരു ആഗോള സഹോദരവർഗം പോലെ എനിക്കു തോന്നി. എന്നാൽ പെട്ടെന്നുതന്നെ ഞാൻ, അതിനെയെല്ലാം നിഷ്പ്രഭമാക്കുന്ന മറ്റൊരു സഹോദരവർഗത്തെ പരിചയപ്പെടാൻ പോകുകയാണെന്ന് അന്ന് എനിക്ക് ഒട്ടുംതന്നെ അറിയില്ലായിരുന്നു. അത് ഒരു ആത്മീയ സഹോദരവർഗമായിരുന്നു.
യഹോവയുടെ സാക്ഷികളിൽ ഒരാളെ കണ്ടുമുട്ടുന്നു
1958 വസന്തകാലത്ത് ഓസ്ട്രിയയിലെ ഗ്രാസ്സിലുള്ള വീസ്ലെ ഗ്രാന്റ് ഹോട്ടലിൽ വെയിറ്ററായുള്ള എന്റെ
തൊഴിൽപരിശീലനം പൂർത്തിയാകാൻ പോകുകയായിരുന്നു. അതേ ഹോട്ടലിൽ പേസ്ട്രി ഷെഫ് ആയി ജോലി ചെയ്തിരുന്ന റൂഡോൾഫ് ചിഗ്ഗേൾ അനൗപചാരികമായി എന്നോട് സാക്ഷീകരിച്ചു. സത്യത്തെക്കുറിച്ച് അന്നേവരെ ഞാൻ ഒന്നുംതന്നെ കേട്ടിട്ടുണ്ടായിരുന്നില്ല. അദ്ദേഹം ആദ്യംതന്നെ ത്രിത്വോപദേശം എടുത്തിട്ടു. അത് ബൈബിൾ പഠിപ്പിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം പറയുന്നത് തെറ്റാണെന്നും ത്രിത്വോപദേശം ശരിയാണെന്നും തെളിയിക്കാനായി ഞാനും വാദിച്ചു. അദ്ദേഹത്തെ എനിക്ക് ഇഷ്ടമായിരുന്നതുകൊണ്ട് എങ്ങനെയും അദ്ദേഹത്തെ കത്തോലിക്കാ സഭയിലേക്കു തിരികെക്കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിച്ചു.റൂഡോൾഫ്—അദ്ദേഹത്തെ റൂഡി എന്നാണ് ഞങ്ങൾ വിളിച്ചിരുന്നത്—എനിക്ക് ഒരു ബൈബിൾ കൊണ്ടുവന്നുതന്നു. അത് ഒരു കത്തോലിക്കാ ബൈബിൾതന്നെ ആയിരിക്കണമെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നു. ഞാനത് വായിക്കാൻ തുടങ്ങിയപ്പോൾ, അതിനുള്ളിൽ വാച്ച്ടവർ സൊസൈറ്റി അച്ചടിച്ച ഒരു ലഘുലേഖ റൂഡി വെച്ചിരുന്നതായി ഞാൻ കണ്ടെത്തി. എനിക്ക് അത് അത്ര ഇഷ്ടമായില്ല. കാരണം, അത്തരം പ്രസിദ്ധീകരണങ്ങൾ സത്യത്തെ വളച്ചൊടിച്ച്, ശരിയെന്നു തോന്നിപ്പിക്കുംവിധം എഴുതിയതായിരിക്കുമെന്ന് ഞാൻ കരുതി. എങ്കിലും അദ്ദേഹത്തോടൊപ്പം ബൈബിൾ ചർച്ച ചെയ്യാൻ ഞാൻ ഒരുക്കമായിരുന്നു. റൂഡിയാകട്ടെ, അച്ചടിച്ച മറ്റു സാഹിത്യങ്ങൾ ഒന്നുംതന്നെ എനിക്കു തരാതിരുന്നുകൊണ്ട് വിവേകം കാണിച്ചു. തുടർന്ന് ഏതാണ്ട് മൂന്നു മാസത്തേക്ക് ഇടയ്ക്കിടെ ഞങ്ങൾ ബൈബിൾവിഷയങ്ങൾ ചർച്ച ചെയ്യുമായിരുന്നു. മിക്കപ്പോഴും അത് രാത്രിവരെ നീണ്ടു.
സ്വന്തം പട്ടണമായ ഗ്രാസ്സിലുള്ള ഹോട്ടലിൽ തൊഴിൽപരിശീലനം പൂർത്തിയായശേഷം മറ്റൊരു ഹോട്ടൽ മാനേജ്മെന്റ് സ്കൂളിൽ ഉപരിപഠനത്തിനു പോകാൻ അമ്മ എന്നെ പണം തന്ന് സഹായിച്ചു. ഒരു ആൽപ്സ് താഴ്വരപ്പട്ടണമായ ബാറ്റ് ഹോഫ്ഗാസ്റ്റൈനിലായിരുന്നു ആ സ്കൂൾ. അങ്ങനെ, ഞാൻ അങ്ങോട്ട് താമസം മാറി. ബാറ്റ് ഹോഫ്ഗാസ്റ്റൈനിലുള്ള ഗ്രാന്റ് ഹോട്ടലുമായി സ്കൂളിന് ബന്ധമുണ്ടായിരുന്നതിനാൽ ക്ലാസിൽ പഠിക്കുന്ന കാര്യങ്ങൾക്കു പുറമേ കൂടുതലായ തൊഴിൽപരിചയം നേടാനായി ഞാൻ ഇടയ്ക്കിടെ അവിടെ ജോലി ചെയ്യുമായിരുന്നു.
രണ്ട് മിഷനറി സഹോദരിമാർ സന്ദർശിക്കുന്നു
വിയന്നയിലുള്ള ബ്രാഞ്ചോഫീസിലേക്ക് റൂഡി എന്റെ പുതിയ മേൽവിലാസം അയച്ചിരുന്നു. അവർ അത്, ഇൽസെ അൺറ്റെർഡോർഫെർ, എൽഫ്രീഡെ ലോർ എന്നീ മിഷനറി സഹോദരിമാർക്ക് അയച്ചുകൊടുത്തു. * ഒരു ദിവസം ഹോട്ടലിലെ റിസപ്ഷനിസ്റ്റ് എന്നെ വിളിച്ച് രണ്ട് സ്ത്രീകൾ പുറത്ത് ഒരു കാറിൽ ഇരിപ്പുണ്ടെന്നും എന്നോട് സംസാരിക്കാൻ അവർ ആഗ്രഹിക്കുന്നെന്നും പറഞ്ഞു. ഞാൻ അമ്പരന്നുപോയി. കാരണം അവരെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഏതായാലും, അവർ ആരാണെന്നു കാണാൻ ഞാൻ വെളിയിലേക്കു ചെന്നു. രണ്ടാം ലോകയുദ്ധത്തിന് മുമ്പ് വേല നിരോധിക്കപ്പെട്ട കാലത്ത് നാസി ജർമനിയിൽ സാക്ഷികൾക്ക് സാഹിത്യം കടത്തിക്കൊണ്ടുവന്ന് നൽകുന്ന വേലയിൽ അവർ ഏർപ്പെട്ടിരുന്നെന്ന് പിന്നീട് ഞാൻ മനസ്സിലാക്കി. യുദ്ധം തുടങ്ങുന്നതിനു മുമ്പുതന്നെ ജർമൻ രഹസ്യപ്പോലീസ് (ഗസ്റ്റപ്പോ) അവരെ അറസ്റ്റു ചെയ്ത് ലിച്ച്റ്റെൻബുർഗ് തടങ്കൽപ്പാളയത്തിലേക്ക് അയച്ചിരുന്നു. പിന്നീട് യുദ്ധകാലത്ത് അവരെ ബർലിന് സമീപമുള്ള റാവൻസ്ബ്രൂക് പാളയത്തിലേക്ക് മാറ്റി.
എന്റെ അമ്മയോളം പ്രായമുള്ളവരായിരുന്നു ആ സഹോദരിമാർ, അതുകൊണ്ടുതന്നെ എനിക്ക് അവരോട് ആദരവു തോന്നി. ഏതാനും ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം, ചർച്ച തുടരാൻ താത്പര്യമില്ലെന്ന് ഞാൻ അവരോട് പറയുമെന്നാണ് ഞാൻ ചിന്തിച്ചത്. അതുകൊണ്ട് കുറെ ചർച്ചകൾ നടത്തി വെറുതെ അവരുടെ സമയം പാഴാക്കിക്കളയാൻ ഞാൻ ആഗ്രഹിച്ചില്ല. കത്തോലിക്കാ സഭയുടെ, ‘അപ്പൊസ്തലിക പിന്തുടർച്ച’ എന്ന പഠിപ്പിക്കലിനോട് ബന്ധപ്പെട്ട കുറെ തിരുവെഴുത്തുകൾ കുറിച്ചു തന്നാൽ ധാരാളം, പ്രദേശത്തുള്ള വൈദികന്റെ അടുക്കൽ പോയി അത് ചർച്ച ചെയ്തുകൊള്ളാം എന്ന് ഞാൻ പറഞ്ഞു. അങ്ങനെയാകുമ്പോൾ സത്യമെന്താണെന്ന് മനസ്സിലാക്കാമല്ലോ എന്നാണ് ഞാൻ കരുതിയത്.
സ്വർഗത്തിലുള്ള യഥാർഥ പരിശുദ്ധ പിതാവിനെ അടുത്തറിയുന്നു
അപ്പൊസ്തലനായ പത്രോസ് വരെ എത്തുന്ന പാപ്പാമാരുടെ ഇടമുറിയാത്ത ഒരു ശൃംഖലയുണ്ടെന്നാണ് ‘അപ്പൊസ്തലിക പിന്തുടർച്ച’ എന്ന പഠിപ്പിക്കലിലൂടെ റോമൻ കത്തോലിക്കാ സഭ അവകാശപ്പെടുന്നത്. (മത്തായി 16:18, 19-ലെ യേശുവിന്റെ വാക്കുകളെ സഭ തെറ്റായി വ്യാഖ്യാനിക്കുന്നു.) ഔദ്യോഗികപദവിയിൽ ഇരിക്കുമ്പോൾ (ex cathedra) വിശ്വാസസംബന്ധിയായ വിഷയങ്ങളിൽ പോപ്പിന് അപ്രമാദിത്വമുണ്ടെന്നും തന്മൂലം ഒരു പ്രകാരത്തിലും തെറ്റുപറ്റില്ലെന്നും കത്തോലിക്കാസഭ പഠിപ്പിക്കുന്നു. ഞാൻ ഇത് വിശ്വസിച്ചിരുന്നു. അതുകൊണ്ട്, കത്തോലിക്കർ ‘പരിശുദ്ധപിതാവ്’ എന്ന് സംബോധന ചെയ്യുന്ന പോപ്പിന് തെറ്റാവരമുണ്ടെങ്കിൽ, അദ്ദേഹം ത്രിത്വത്തെ സത്യമെന്ന് പ്രഖ്യാപിച്ചാൽ അത് സത്യമായിരിക്കണമല്ലോ എന്ന് ഞാൻ ഉറച്ച് വിശ്വസിച്ചു. പക്ഷേ അദ്ദേഹത്തിന് തെറ്റാവരമില്ലെങ്കിൽ ആ ഉപദേശം തെറ്റായിരുന്നേക്കാം. അതുകൊണ്ട് മിക്ക കത്തോലിക്കരെയും സംബന്ധിച്ചിടത്തോളം അപ്പൊസ്തലിക പിന്തുടർച്ച എന്നത് നിർണായകമായ ഒരു ഉപദേശമാണ്, കാരണം കത്തോലിക്കാസഭയുടെ ഇതര പഠിപ്പിക്കലുകൾ ശരിയാണോ തെറ്റാണോ എന്നത് അതിനെ ആശ്രയിച്ചാണിരിക്കുന്നത്!
എന്റെ ചോദ്യങ്ങൾക്ക് തൃപ്തികരമായി ഉത്തരം പറയാൻ പുരോഹിതനായില്ല; പകരം അദ്ദേഹം അപ്പൊസ്തലിക പിന്തുടർച്ചയെപ്പറ്റി പറയുന്ന, കത്തോലിക്കാസഭയുടെ പഠിപ്പിക്കലുകളടങ്ങിയ ഒരു പുസ്തകം ഷെൽഫിൽനിന്ന് പുറത്തെടുത്തു. അദ്ദേഹം പറഞ്ഞതുപോലെ ഞാൻ അത് വീട്ടിൽ കൊണ്ടുപോയി വായിച്ചു. പൂർവാധികം സംശയങ്ങളുമായാണ് ഞാൻ തിരികെച്ചെന്നത്! ഉത്തരംമുട്ടിയ അദ്ദേഹം ഒടുവിൽ ഇങ്ങനെ പറഞ്ഞു: “എനിക്ക് നിന്നെ പറഞ്ഞുബോധ്യപ്പെടുത്താനാകില്ല, നിനക്ക് എന്നെയും. . . . നിനക്ക് നല്ലതു വരട്ടെ!” എന്നോടൊപ്പം മറ്റൊരു ചർച്ചയ്ക്ക് അദ്ദേഹം തയ്യാറല്ലായിരുന്നു.
അതോടെ, ഇൽസെയോടും എൽഫ്രീഡെയോടും ഒപ്പം ബൈബിൾ പഠിക്കാൻ ഞാൻ തയ്യാറായി. സ്വർഗത്തിലുള്ള യഥാർഥ പരിശുദ്ധപിതാവായ യഹോവയാം ദൈവത്തെക്കുറിച്ച് അവർ എന്നെ പലതും പഠിപ്പിച്ചു. (യോഹ. 17:11) അന്ന് ആ പ്രദേശത്ത് സഭയുണ്ടായിരുന്നില്ല. ഒരു താത്പര്യക്കാരന്റെ വീട്ടിൽവെച്ച് ആ രണ്ടു സഹോദരിമാരാണ് യോഗങ്ങൾ നടത്തിയിരുന്നത്. വിരലിൽ എണ്ണാവുന്നവർ മാത്രമാണ് ഹാജരായിരുന്നത്. നേതൃത്വമെടുക്കാൻ സ്നാനപ്പെട്ട സഹോദരന്മാർ ഇല്ലായിരുന്നതിനാൽ നിർദിഷ്ടവിവരങ്ങൾ സഹോദരിമാർ തമ്മിൽ ചർച്ച ചെയ്യുകയായിരുന്നു പതിവ്. വല്ലപ്പോഴുമൊക്കെ, മറ്റ് എവിടെനിന്നെങ്കിലുമുള്ള ഒരു സഹോദരൻ വന്ന് വാടകയ്ക്കെടുത്ത സ്ഥലത്ത് ഒരു പരസ്യപ്രസംഗം നടത്തുമായിരുന്നു.
ശുശ്രൂഷയിൽ ഏർപ്പെട്ടുതുടങ്ങുന്നു
ഇൽസെയോടും എൽഫ്രീഡെയോടും ഒപ്പം ഞാൻ ബൈബിൾ പഠിക്കാൻ തുടങ്ങിയത് 1958 ഒക്ടോബറിലാണ്. മൂന്നു മാസത്തിനു ശേഷം 1959 ജനുവരിയിൽ ഞാൻ സ്നാനമേറ്റു. സ്നാനമേൽക്കുന്നതിനു മുമ്പ്, പ്രസംഗവേല നിർവഹിക്കുന്നത് എങ്ങനെയാണെന്നു കാണാൻ അവരോടൊപ്പം വീടുതോറും പോരട്ടേ എന്ന് ഞാൻ ചോദിച്ചു. (പ്രവൃ. 20:20) ഒരു പ്രാവശ്യം അവരുടെ കൂടെ പോയതിനു ശേഷം, പ്രവർത്തിക്കാൻ സ്വന്തമായി ഒരു പ്രദേശം ഞാൻ അവരോട് ആവശ്യപ്പെട്ടു. അവർ എനിക്ക് ഒരു ഗ്രാമപ്രദേശം നിയമിച്ചുതന്നു. ഞാൻ ഒറ്റയ്ക്ക് അവിടെ പോയി പ്രസംഗിക്കുകയും താത്പര്യക്കാർക്ക് മടക്കസന്ദർശനം നടത്തുകയും ചെയ്യുമായിരുന്നു. ആദ്യമായി ഏതെങ്കിലും ഒരു സഹോദരന്റെ കൂടെ എനിക്കു പ്രവർത്തിക്കാനായത് പിന്നീട് സർക്കിട്ട് മേൽവിചാരകൻ ഞങ്ങളെ സന്ദർശിക്കാൻ വന്നപ്പോഴായിരുന്നു.
1960-ൽ ഹോട്ടൽ മാനേജ്മെന്റ് പഠനം പൂർത്തിയായപ്പോൾ, എന്റെ കുടുംബാംഗങ്ങളെ ബൈബിൾ പഠിക്കാൻ സഹായിക്കാനായി ഞാൻ നാട്ടിലേക്കു തിരിച്ചുപോയി. അവരിൽ ആരുംതന്നെ ഇന്നോളം സത്യത്തിൽ വന്നിട്ടില്ലെങ്കിലും ചിലരൊക്കെ ചെറിയതോതിൽ താത്പര്യം കാണിക്കുന്നുണ്ട്.
മുഴുസമയ സേവനത്തിൽ ജീവിതം ചെലവിടുന്നു
1961-ൽ, പയനിയറിങ്ങിന് പ്രോത്സാഹിപ്പിച്ചുകൊണ്ട് ബ്രാഞ്ചോഫീസിൽ നിന്നുള്ള കത്തുകൾ സഭകളിൽ വായിച്ചു. അവിവാഹിതനും ആരോഗ്യവാനും ആയിരുന്നതിനാൽ പയനിയറിങ് ചെയ്യാതിരിക്കാൻ എനിക്ക് യാതൊരു ഒഴികഴിവുമില്ലെന്ന് ഞാൻ ചിന്തിച്ചു. സർക്കിട്ട് മേൽവിചാരകനായ കുർട്ട് കൂണിനോട് ഞാൻ സംസാരിച്ചു. പയനിയറിങ് ചെയ്യാനായി ഒരു കാർ വാങ്ങുന്നതിന് ഏതാനും മാസംകൂടെ ഞാൻ ജോലി ചെയ്യുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായമെന്ന് ഞാൻ അദ്ദേഹത്തോട് ആരാഞ്ഞു. “മുഴുസമയശുശ്രൂഷ ചെയ്യാൻ യേശുവിനും അപ്പൊസ്തലന്മാർക്കും കാർ വേണ്ടിയിരുന്നോ?” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. അതെന്റെ കണ്ണുതുറപ്പിച്ചു! എത്രയും പെട്ടെന്ന് പയനിയറിങ് തുടങ്ങാൻ ഞാൻ പദ്ധതിയിട്ടു. പക്ഷേ, ആഴ്ചയിൽ 72
മണിക്കൂർ വീതം ഞാൻ ഒരു ഹോട്ടലിൽ ജോലി ചെയ്യുകയായിരുന്നതുകൊണ്ട് ആദ്യംതന്നെ അതിൽ ഒരു മാറ്റം അനിവാര്യമായിരുന്നു.ജോലിസമയം 60 മണിക്കൂറായിട്ട് കുറച്ചുതരാമോ എന്ന് ഞാൻ മേലധികാരിയോട് ചോദിച്ചു. അദ്ദേഹം അങ്ങനെ ചെയ്തെന്നു മാത്രമല്ല അതേ ശമ്പളം തന്നെ തരികയും ചെയ്തു. കുറച്ചുനാൾ കഴിഞ്ഞ്, 48 മണിക്കൂർ മാത്രം ജോലി ചെയ്യാൻ എന്നെ അനുവദിക്കാമോ എന്ന് ഞാൻ ചോദിച്ചു. അതും അദ്ദേഹം അനുവദിച്ചു; ശമ്പളം പഴയതുതന്നെ! അടുത്തതായി, ആഴ്ചയിൽ 36 മണിക്കൂർ അല്ലെങ്കിൽ 6 മണിക്കൂർവെച്ച് 6 ദിവസം ജോലി ചെയ്യാൻ അനുവദിക്കാമോ എന്നായി ഞാൻ. അതിനും അദ്ദേഹം വഴങ്ങി. എന്നെ അതിശയിപ്പിച്ചുകൊണ്ട്, പഴയ ശമ്പളംതന്നെ അദ്ദേഹം എനിക്ക് നിലനിറുത്തി! എന്നെ നഷ്ടപ്പെടുത്താൻ ബോസിന് മനസ്സില്ലായിരുന്നെന്ന് തോന്നുന്നു. ഇങ്ങനെ സമയം ക്രമീകരിച്ചതുകൊണ്ട് എനിക്ക് സാധാരണ പയനിയറിങ് തുടങ്ങാൻ കഴിഞ്ഞു. അന്നൊക്കെ സാധാരണ പയനിയർമാർ മാസംതോറും 100 മണിക്കൂർ പ്രവർത്തിക്കണമായിരുന്നു.
നാലു മാസത്തിനു ശേഷം, കരിന്തിയ പ്രവിശ്യയിലെ സ്പിറ്റാൾ ആൻ ഡേർ ഡ്രൗ എന്ന പട്ടണത്തിലുള്ള ഒരു ചെറിയ സഭയിൽ പ്രത്യേക പയനിയറും സഭാദാസനും ആയി എനിക്കു നിയമനം ലഭിച്ചു. അക്കാലത്ത്, പ്രത്യേക പയനിയർമാരുടെ മണിക്കൂർ വ്യവസ്ഥ മാസം 150 മണിക്കൂറായിരുന്നു. എനിക്ക് പയനിയർ പങ്കാളിയായി ആരുമുണ്ടായിരുന്നില്ല. ഗർട്രൂഡ് ലോബ്നെർ എന്നു പേരുള്ള ഒരു സഹോദരി ശുശ്രൂഷയിൽ എനിക്ക് നൽകിയ പിന്തുണ ഞാൻ അതിയായി വിലമതിച്ചു. സഭാദാസന്റെ സഹായിയായും ആ സഹോദരി സേവിച്ചിരുന്നു. *
പെട്ടെന്നുള്ള നിയമനമാറ്റങ്ങൾ
1963-ൽ സർക്കിട്ട് വേല ചെയ്യാൻ എനിക്ക് ക്ഷണം ലഭിച്ചു. ഭാരിച്ച സ്യൂട്ട്കേസുകളുമായി സഭകൾ തോറുമുള്ള എന്റെ യാത്ര ചിലപ്പോഴെല്ലാം തീവണ്ടിയിലായിരുന്നു. സഹോദരങ്ങളിൽ ആർക്കുംതന്നെ സ്വന്തമായി കാർ ഇല്ലായിരുന്നതിനാൽ സ്റ്റേഷനിൽവന്ന് എന്നെ കൂട്ടിക്കൊണ്ടുപോകാൻ ആർക്കും കഴിഞ്ഞിരുന്നില്ല. ‘ഡംഭ്’ കാട്ടുന്നതായി സഹോദരങ്ങൾക്ക് തോന്നാതിരിക്കാൻ, താമസം ക്രമീകരിച്ചിരിക്കുന്ന വീട്ടിലേക്ക് ടാക്സി പിടിക്കാതെ നടന്നാണ് ഞാൻ പോയിരുന്നത്.
1965-ൽ, അപ്പോഴും അവിവാഹിതനായിരുന്ന എനിക്ക് ഗിലെയാദ് സ്കൂളിന്റെ 41-ാം ക്ലാസ്സിലേക്ക് ക്ഷണം ലഭിച്ചു. എന്റെ സഹപാഠികളിൽ അനേകരും അവിവാഹിതരായിരുന്നു. ബിരുദം നേടിയശേഷം, സ്വന്തം നാടായ ഓസ്ട്രിയയിൽത്തന്നെ സർക്കിട്ട് വേലയിൽ തുടരാൻ എനിക്ക് നിയമനം ലഭിച്ചത് എന്നെ അത്ഭുതപ്പെടുത്തി. എന്നിരുന്നാലും, ഐക്യനാടുകൾ വിട്ടുപോകുന്നതിനു മുമ്പ്, ഒരു സർക്കിട്ട് മേൽവിചാരകനോടൊപ്പം നാല് ആഴ്ച സേവിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ആന്തണി കോണ്ടി സഹോദരനോടൊപ്പമായിരുന്നു അത്. സ്നേഹോദാരനായ അദ്ദേഹം വയൽസേവനം വളരെ ഇഷ്ടപ്പെട്ടിരുന്നു, അതിൽ വളരെ നിപുണനുമായിരുന്നു. അദ്ദേഹത്തോടൊപ്പം സേവിച്ചത് ഞാൻ വളരെയധികം ആസ്വദിച്ചു. വടക്കൻ ന്യൂയോർക്കിലെ കോൺവോൾ പ്രദേശത്താണ് ഞങ്ങൾ ഒരുമിച്ച് പ്രവർത്തിച്ചത്.
ഓസ്ട്രിയയിൽ തിരികെയെത്തിയപ്പോൾ, എന്നെ നിയമിച്ച സർക്കിട്ടിൽ റ്റോവ് മെരേറ്റെ എന്ന സുന്ദരിയായ ഒരു സഹോദരിയെ ഞാൻ കണ്ടുമുട്ടി. അഞ്ചു വയസ്സുള്ളപ്പോൾ മുതൽ സത്യത്തിലാണ് അവൾ വളർത്തപ്പെട്ടത്. ഞങ്ങൾ എങ്ങനെയാണ് കണ്ടുമുട്ടിയതെന്ന് സഹോദരങ്ങൾ ചോദിക്കുമ്പോൾ, “അതൊക്കെ ബ്രാഞ്ചോഫീസ് ക്രമീകരിച്ചതാണ്” എന്ന് തമാശയായി ഞങ്ങൾ പറയാറുണ്ട്. ഒരു വർഷത്തിനു ശേഷം, 1967 ഏപ്രിലിൽ ഞങ്ങൾ വിവാഹിതരായി. ഒരുമിച്ച് സഞ്ചാരവേലയിൽ തുടരാൻ ഞങ്ങൾക്ക് അനുമതി ലഭിച്ചു.
തൊട്ടടുത്ത വർഷം, യഹോവ തന്റെ അനർഹദയയാൽ എന്നെ അവന്റെ ഒരു ആത്മീയപുത്രനായി ദത്തെടുത്തെന്ന് എനിക്ക് തിരിച്ചറിയാനായി. അങ്ങനെ, എന്റെ സ്വർഗീയ പിതാവിനോടും റോമർ 8:15 പറയുന്നതുപോലെ “അബ്ബാ, പിതാവേ” എന്ന് അവനെ വിളിക്കുന്നവരോടും ഉള്ള ഒരു സവിശേഷബന്ധം അവിടെനിന്ന് ആരംഭിച്ചു.
ഞാനും മെരേറ്റെയും 1976 വരെ ഒരുമിച്ച് സർക്കിട്ട്/ഡിസ്ട്രിക്റ്റ് വേലയിൽ തുടർന്നു. മഞ്ഞുകാലത്ത് ചിലപ്പോഴൊക്കെ, ചൂടുപിടിപ്പിക്കാനുള്ള സംവിധാനങ്ങളൊന്നുമില്ലാത്ത കിടപ്പുമുറികളിലായിരുന്നു ഞങ്ങൾ ഉറങ്ങിയിരുന്നത്,
ഊഷ്മാവാണെങ്കിൽ ഖരാങ്കത്തിനു താഴെയും. ഒരിക്കൽ ഉറക്കമുണർന്ന് നോക്കിയപ്പോൾ പുതപ്പിന്റെ മേലറ്റം തകിടുപോലെ കട്ടിപിടിച്ചിരിക്കുന്നു; ഞങ്ങളുടെ നിശ്വാസത്തിലെ ജലാംശം തണുത്തുറഞ്ഞ് വെള്ളനിറത്തിൽ അതിൽ പറ്റിപ്പിടിച്ചിരിക്കുകയാണ്! അങ്ങനെ ഒടുവിൽ, രാത്രിയിലെ തണുപ്പ് സഹിക്കവയ്യാതെ ഒരു ഇലക്ട്രിക് ഹീറ്റർ കൊണ്ടുനടക്കാൻ ഞങ്ങൾ തീരുമാനിച്ചു. ചില സ്ഥലങ്ങളിൽ, രാത്രിക്ക് കുളിമുറി ഉപയോഗിക്കണമെങ്കിൽ മഞ്ഞിലൂടെ നടന്ന് പുറത്തുള്ള തുറന്ന മറപ്പുരയിൽ എത്തണമായിരുന്നു. താമസിക്കാൻ സ്വന്തം ഇടമില്ലാഞ്ഞതുകൊണ്ട്, പോയവാരം താമസിച്ചിരുന്ന വീട്ടിൽത്തന്നെ തിങ്കളാഴ്ചകൂടി കഴിച്ചുകൂട്ടിയിട്ട് ചൊവ്വാഴ്ച രാവിലെ അടുത്ത സഭയിലേക്ക് നീങ്ങുമായിരുന്നു.കാലമിന്നോളം എന്റെ പ്രിയഭാര്യ എനിക്ക് വലിയ പിന്തുണ നൽകിയിരിക്കുന്നു. വയൽസേവനമാണ് അവൾക്ക് ഏറ്റവും പ്രിയപ്പെട്ട കാര്യം. അതുകൊണ്ടുതന്നെ ഒരിക്കലും എനിക്ക് അവളെ അതിന് നിർബന്ധിക്കേണ്ടിവന്നിട്ടില്ല. സുഹൃത്തുക്കളെ സ്നേഹിക്കുകയും മറ്റുള്ളവർക്കുവേണ്ടി കരുതുകയും ചെയ്യുന്ന ഒരു രീതിയാണ് അവൾക്കുള്ളത്. ഇത് എനിക്ക് വളരെ സഹായമായിരുന്നിട്ടുണ്ട്.
1976-ൽ വിയന്നയിലുള്ള ഓസ്ട്രിയ ബ്രാഞ്ചോഫീസിൽ സേവിക്കാൻ ഞങ്ങൾക്ക് ക്ഷണം ലഭിച്ചു. ഞാൻ ബ്രാഞ്ച് കമ്മിറ്റി അംഗമായി നിയമിതനായി. ആ സമയത്ത്, പല പൂർവയൂറോപ്യൻ രാജ്യങ്ങളിലുമുള്ള വേലയ്ക്ക് മേൽനോട്ടം വഹിച്ചിരുന്നത് ഓസ്ട്രിയ ബ്രാഞ്ചായിരുന്നു. അതിൽ ബൈബിൾസാഹിത്യം രഹസ്യമായി ആ രാജ്യങ്ങളിലേക്ക് അയച്ചുകൊടുക്കുന്നതും ഉൾപ്പെട്ടിരുന്നു. യൂർഗെൻ റണ്ഡൽ സഹോദരനായിരുന്നു ആ പ്രവർത്തനങ്ങളുടെ അമരത്ത്. അദ്ദേഹം അക്കാര്യത്തിൽ വളരെയധികം മുൻകൈ എടുത്ത് പ്രവർത്തിച്ചിരുന്നു. എനിക്ക് അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനുള്ള അവസരം ലഭിച്ചു. തുടർന്ന് പത്ത് പൂർവയൂറോപ്യൻ ഭാഷകളിലേക്ക് സാഹിത്യം വിവർത്തനം ചെയ്യുന്നതിൽ മേൽനോട്ടം വഹിക്കാൻ എന്നോട് ആവശ്യപ്പെട്ടു. യൂർഗെനും ഭാര്യ ഗർട്രൂഡും ജർമനിയിൽ പ്രത്യേക പയനിയർമാർ എന്ന നിലയിൽ ഇന്നും വിശ്വസ്തമായി സേവിക്കുന്നു. 1978 മുതൽ ഓസ്ട്രിയ ബ്രാഞ്ച്, മാസികകൾ ഫോട്ടോടൈപ്പ്സെറ്റ് ചെയ്യാനും ചെറിയ ഒരു ഓഫ്സെറ്റ് പ്രസ്സിൽ ആറു ഭാഷകളിൽ അവ അച്ചടിക്കാനും തുടങ്ങി. മാസികാവരിസംഖ്യ ആവശ്യപ്പെട്ടിരുന്ന വ്യത്യസ്ത രാജ്യങ്ങളിലേക്ക് ഞങ്ങൾ അവയും ക്രമമായി അയച്ചുപോന്നു. ഓറ്റോ കുശ്ളിച്ച് സഹോദരനായിരുന്നു ഇതിനെല്ലാം നേതൃത്വം വഹിച്ചിരുന്നത്. ഭാര്യ ഇങ്ഗ്രിറ്റിനൊപ്പം അദ്ദേഹം ഇപ്പോൾ ജർമനിയിലുള്ള ബ്രാഞ്ചോഫീസിൽ സേവിക്കുകയാണ്.
പൂർവയൂറോപ്പിലെ സഹോദരന്മാർ മിമിയോഗ്രാഫ് യന്ത്രങ്ങൾ ഉപയോഗിച്ചോ ഫിലിമിൽനിന്ന് നേരിട്ട് പകർപ്പെടുത്തോ തദ്ദേശീയമായും സാഹിത്യം ഉത്പാദിപ്പിച്ചിരുന്നു. എങ്കിലും, മറ്റു രാജ്യങ്ങളിൽനിന്നുള്ള സഹായം അവർക്ക് ആവശ്യമായിരുന്നു. യഹോവയുടെ പരിരക്ഷ ഈ പ്രവർത്തനങ്ങളുടെ മേൽ ഉണ്ടായിരുന്നു. നിരോധനത്തിൻ മധ്യേ നിരവധി വർഷങ്ങൾ ക്ലേശപൂർണമായ സാഹചര്യങ്ങളിൽ സേവിച്ച ആ സഹോദരങ്ങളെ ബ്രാഞ്ചിലുണ്ടായിരുന്ന ഞങ്ങൾ അതിയായി സ്നേഹിക്കാനിടയായി.
റൊമാനിയയിലേക്ക് ഒരു സവിശേഷയാത്ര
ഭരണസംഘത്തിലെ ഒരു അംഗമായിരുന്ന തിയോഡർ ജാരറ്റ്സ് സഹോദരനോടൊപ്പം 1989-ൽ റൊമാനിയ
സന്ദർശിക്കാൻ എനിക്ക് പദവി ലഭിച്ചു. സംഘടനയിൽനിന്ന് അകന്നുപോയിരുന്ന കുറെ സഹോദരങ്ങളെ തിരികെക്കൊണ്ടുവരിക എന്നതായിരുന്നു ആ യാത്രയുടെ ലക്ഷ്യം. 1949 മുതൽ പലവിധ കാരണങ്ങളാൽ അവർ സംഘടന വിട്ടുപോകുകയും സ്വന്തമായി സഭകൾ രൂപീകരിക്കുകയും ചെയ്തിരുന്നു. എന്നുവരികിലും അവർ പ്രസംഗവേല തുടരുകയും സ്നാനപ്പെടുത്തുകയും ചെയ്തുപോന്നു. യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനം അംഗീകരിച്ചിരുന്ന സംഘടനയിലുണ്ടായിരുന്ന സഹോദരങ്ങളെപ്പോലെതന്നെ അവരും തങ്ങളുടെ ക്രിസ്തീയ നിഷ്പക്ഷതയെപ്രതി ജയിലിൽ പോയിരുന്നു. റൊമാനിയയിലെ നിരോധനം അപ്പോഴും തുടരുകയായിരുന്നതിനാൽ, ഞങ്ങൾ പാംഫിൽ ആൽബു സഹോദരന്റെ വീട്ടിൽ നാലു പ്രമുഖ മൂപ്പന്മാരോടും റൊമാനിയയിലെ അംഗീകൃത കൺട്രി കമ്മിറ്റിയുടെ പ്രതിനിധികളോടും ഒപ്പം ഒരു യോഗം രഹസ്യമായി വിളിച്ചുകൂട്ടി. റോൾഫ് കെലൻ എന്ന ദ്വിഭാഷിയെയും ഞങ്ങൾ ഓസ്ട്രിയയിൽനിന്ന് കൂടെക്കൂട്ടിയിരുന്നു.ചർച്ച നടന്ന രണ്ടാമത്തെ രാത്രിയിൽ, ആൽബു സഹോദരൻ തന്റെ നാല് സഹമൂപ്പന്മാരെ സംഘടനയോട് ചേരാൻ പ്രേരിപ്പിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇപ്പോൾ നമ്മൾ ഇത് ചെയ്തില്ലെങ്കിൽ നമുക്ക് ഇനി ഒരു അവസരം കിട്ടിയെന്നു വരില്ല.” അങ്ങനെ, 5,000-ത്തോളം സഹോദരങ്ങൾ സംഘടനയിലേക്ക് തിരികെയെത്തി. സാത്താന് എത്ര കനത്ത പ്രഹരം! യഹോവയ്ക്ക് എത്ര വലിയ വിജയം!
1989 അവസാനം, പൂർവയൂറോപ്പിൽ കമ്മ്യൂണിസം തകരുന്നതിനു മുമ്പ്, എന്നെയും ഭാര്യയെയും ന്യൂയോർക്കിലെ ലോകാസ്ഥാനത്തേക്ക് ഭരണസംഘം ക്ഷണിച്ചു. ഇതു ഞങ്ങളെ വിസ്മയഭരിതരാക്കി. 1990 ജൂലൈ മുതൽ ഞങ്ങൾ ബ്രുക്ലിൻ ബെഥേലിൽ സേവിക്കാൻ തുടങ്ങി. 1992-ൽ ഭരണസംഘത്തിന്റെ സർവീസ് കമ്മിറ്റിയുടെ ഒരു സഹായിയായി എന്നെ നിയമിച്ചു. 1994 ജൂലൈ മുതൽ ഭരണസംഘാംഗം എന്ന നിലയിലുള്ള സേവനപദവി ഞാൻ ആസ്വദിച്ചുവരുന്നു.
ഗതകാലസ്മരണകളും ഭാവിപ്രത്യാശയും
ഞാൻ ഹോട്ടലിൽ ഭക്ഷണം വിളമ്പിയിരുന്ന ആ നാളുകൾ ഇന്ന് ഏറെ പിന്നിലാണ്. ഇന്ന് നമ്മുടെ ലോകവ്യാപക സഹോദരവർഗത്തിന് ആത്മീയഭക്ഷണം തയ്യാറാക്കി വിളമ്പുന്നതിൽ പങ്കുപറ്റാനുള്ള പദവി ഞാൻ ആസ്വദിക്കുന്നു. (മത്താ. 24:45-47) അര നൂറ്റാണ്ടിലേറെക്കാലത്തെ പ്രത്യേക മുഴുസമയ സേവനത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, ലോകവ്യാപക സഹോദരവർഗത്തിന്മേലുള്ള യഹോവയുടെ അനുഗ്രഹത്തെപ്രതി എന്റെ ഹൃദയം ആഴമായ വിലമതിപ്പും സന്തോഷവും കൊണ്ട് നിറയുകയാണ്! നമ്മുടെ സ്വർഗീയ പിതാവായ യഹോവയെയും ബൈബിൾസത്യത്തെയും കുറിച്ചുള്ള പഠനത്തിന് പ്രാധാന്യം നൽകുന്ന, നമ്മുടെ അന്തർദേശീയ കൺവെൻഷനുകളിൽ സംബന്ധിക്കുന്നത് എനിക്ക് അതിരറ്റ ആഹ്ലാദം പകരുന്നു.
മനുഷ്യരാശിയിൽ ഇനിയും ദശലക്ഷങ്ങൾ ബൈബിൾ പഠിക്കാനും സത്യം സ്വീകരിച്ച് നമ്മുടെ ലോകവ്യാപക ക്രിസ്തീയ സഹോദരവർഗത്തോടൊപ്പം ഐക്യത്തിൽ യഹോവയെ സേവിക്കാനും ഇടയാകേണമേ എന്നാണ് എന്റെ പ്രാർഥന. (1 പത്രോ. 2:17) സ്വർഗത്തിൽനിന്ന് ഭൂമിയിലെ പുനരുത്ഥാനങ്ങൾ നോക്കിക്കാണാനും, അങ്ങനെ ഒടുവിൽ, അവരുടെ ഇടയിൽ എന്റെ അച്ഛനെ കണ്ടെത്താനും ആയി ഞാൻ നോക്കിപ്പാർത്തിരിക്കുകയാണ്. അദ്ദേഹവും എന്റെ അമ്മയും ഞങ്ങളുടെ പ്രിയപ്പെട്ട മറ്റു ബന്ധുക്കളും പറുദീസയിൽ ഉണർന്നെണീക്കുമ്പോൾ, അവരെല്ലാം യഹോവയെ സേവിക്കാൻ ആഗ്രഹിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു.
സ്വർഗത്തിൽനിന്ന് ഭൂമിയിലെ പുനരുത്ഥാനങ്ങൾ നോക്കിക്കാണാനും, അങ്ങനെ ഒടുവിൽ, അവരുടെ ഇടയിൽ എന്റെ അച്ഛനെ കണ്ടെത്താനും ആയി ഞാൻ നോക്കിപ്പാർത്തിരിക്കുകയാണ്