നിങ്ങൾക്ക് “തക്കസമയത്ത് ഭക്ഷണം” ലഭിക്കുന്നുണ്ടോ?
മാനവചരിത്രത്തിലെ ഏറ്റവും ദുർഘടമായ കാലത്താണ് നാം ജീവിക്കുന്നത്. (2 തിമൊ. 3:1-5) യഹോവയോടുള്ള നമ്മുടെ സ്നേഹവും അവന്റെ നീതിയുള്ള നിലവാരങ്ങൾക്ക് ചേർച്ചയിൽ ജീവിക്കാനുള്ള നമ്മുടെ നിശ്ചയദാർഢ്യവും അനുദിനം മാറ്റുരയ്ക്കപ്പെടുന്നു. ഈ ദുഷ്കരമായ നാളുകൾ യേശു മുൻകൂട്ടിക്കണ്ടു. തന്റെ അനുഗാമികൾക്ക് അവസാനത്തോളം സഹിച്ചുനിൽക്കാൻ ആവശ്യമായ പ്രോത്സാഹനം താൻ ലഭ്യമാക്കുമെന്ന് അവൻ അവർക്ക് ഉറപ്പ് കൊടുത്തു. (മത്താ. 24:3, 13; 28:20) അവരെ ബലിഷ്ഠരായി നിലനിറുത്താൻ “തക്കസമയത്ത് ഭക്ഷണം” പ്രദാനം ചെയ്യുന്ന വിശ്വസ്തനായ ഒരു അടിമയെ അവൻ നിയമിച്ചു.—മത്താ. 24:45, 46.
1919-ൽ വിശ്വസ്തനായ അടിമയെ നിയമിച്ചാക്കിയതുമുതൽ സകല ഭാഷകളിൽനിന്നുമായി ദശലക്ഷങ്ങൾവരുന്ന “വീട്ടുകാർ” ദൈവത്തിന്റെ സംഘടനയിലേക്ക് വന്നുചേർന്നിരിക്കുന്നു. അവർക്കെല്ലാംതന്നെ ആത്മീയപരിപോഷണം ലഭിക്കുകയും ചെയ്യുന്നു. (മത്താ. 24:14; വെളി. 22:17) എങ്കിലും, എല്ലാ ഭാഷകളിലും ഒരേ അളവിൽ വിവരങ്ങൾ ലഭ്യമല്ല, അതുപോലെ എല്ലാ വ്യക്തികൾക്കും ഇലക്ട്രോണിക് രൂപത്തിലുള്ള നമ്മുടെ പ്രസിദ്ധീകരണങ്ങൾ എത്തുപാടിലല്ലതാനും. ഉദാഹരണത്തിന്, jw.org വെബ്സൈറ്റിൽ മാത്രം പ്രസിദ്ധീകരിക്കുന്ന വീഡിയോകളും ലേഖനങ്ങളും അനേകർക്കും അപ്രാപ്യമാണ്. അതിന്റെ അർഥം, ആത്മീയമായി ബലിഷ്ഠരായി നിലനിൽക്കാൻ വേണ്ടത്ര ആഹാരം ചിലർക്കെങ്കിലും ലഭിക്കുന്നില്ല എന്നാണോ? ഉത്തരങ്ങൾക്കായി നമുക്ക് നാലു സുപ്രധാനചോദ്യങ്ങൾ പരിചിന്തിക്കാം.
1 യഹോവ നൽകുന്ന ഭക്ഷണത്തിന്റെ മുഖ്യചേരുവ എന്താണ്?
കല്ല് അപ്പമാക്കാൻ സാത്താൻ യേശുവിനെ പ്രലോഭിപ്പിച്ചപ്പോൾ യേശു ഇങ്ങനെ മറുപടി പറഞ്ഞു: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, യഹോവയുടെ വായിൽനിന്നു വരുന്ന സകല വചനംകൊണ്ടും ജീവിക്കേണ്ടതാകുന്നു.” (മത്താ. 4:3, 4) യഹോവയുടെ വചനങ്ങൾ ബൈബിളിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. (2 പത്രോ. 1:20, 21) അതുകൊണ്ട്, നമ്മുടെ ആത്മീയഭക്ഷണത്തിലെ പ്രധാനചേരുവ ബൈബിളാണ്.—2 തിമൊ. 3:16, 17.
വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം പൂർണമായോ ഭാഗികമായോ 120-ലധികം ഭാഷകളിൽ യഹോവയുടെ സംഘടന പ്രസിദ്ധീകരിച്ചിരിക്കുന്നു. വർഷന്തോറും കൂടുതൽ ഭാഷകളിലേക്ക് അത് വിവർത്തനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. ഈ പരിഭാഷയ്ക്കു പുറമേ മറ്റു ബൈബിൾഭാഷാന്തരങ്ങളുടെ കോടിക്കണക്കിന് പ്രതികൾ ആയിരക്കണക്കിന് ഭാഷകളിൽ പൂർണമായോ ഭാഗികമായോ ലഭ്യമാണ്. വിസ്മയകരമായ ഈ നേട്ടം, “സകലതരം മനുഷ്യരും രക്ഷ പ്രാപിക്കണമെന്നും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തണമെ”ന്നും ഉള്ള യഹോവയുടെ ഹിതത്തിനു ചേർച്ചയിലാണ്. (1 തിമൊ. 2:3, 4) “(യഹോവയുടെ) ദൃഷ്ടിയിൽനിന്നു മറഞ്ഞിരിക്കുന്നതായി ഒരു സൃഷ്ടിപോലുമില്ല” എന്നതിനാൽ, “ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ള” സകലരെയും അവൻ തന്റെ സംഘടനയിലേക്ക് ആകർഷിക്കുമെന്നും അവർക്ക് ആത്മീയാഹാരം പ്രദാനം ചെയ്യുമെന്നും നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.—എബ്രാ. 4:13; മത്താ. 5:3, 6; യോഹ. 6:44; 10:14.
2 ആത്മീയാഹാരം നൽകുന്നതിൽ നമ്മുടെ പ്രസിദ്ധീകരണങ്ങൾ എന്ത് പങ്കു വഹിക്കുന്നു?
ശക്തമായ വിശ്വാസം നട്ടുവളർത്തുന്നതിന് ബൈബിൾ വായിക്കുന്നതുമാത്രം മതിയാകുകയില്ല. അതിലുപരി, താൻ വായിക്കുന്നത് എന്താണെന്ന് ഒരു വ്യക്തി മനസ്സിലാക്കുകയും പഠിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കുകയും വേണം. (യാക്കോ. 1:22-25) ഒന്നാം നൂറ്റാണ്ടിലെ ഒരു എത്യോപ്യൻ ഷണ്ഡൻ ഈ വസ്തുത തിരിച്ചറിഞ്ഞു. അദ്ദേഹം ദൈവവചനം വായിച്ചുകൊണ്ടിരുന്നപ്പോൾ സുവിശേഷകനായ ഫിലിപ്പോസ് ഇങ്ങനെ ചോദിച്ചു: “വായിക്കുന്നതു നീ ഗ്രഹിക്കുന്നുവോ?” ഷണ്ഡന്റെ മറുപടി ഇതായിരുന്നു: “ആരെങ്കിലും പൊരുൾ തിരിച്ചുതരാതെ ഞാൻ എങ്ങനെ ഗ്രഹിക്കും?” (പ്രവൃ. 8:26-31) തുടർന്ന്, ദൈവവചനത്തിന്റെ സൂക്ഷ്മപരിജ്ഞാനം നേടാൻ ഫിലിപ്പോസ് ഷണ്ഡനെ സഹായിച്ചു. മനസ്സിലാക്കിയ കാര്യങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തെ സ്പർശിച്ചു; അദ്ദേഹം സ്നാനമേറ്റു. (പ്രവൃ. 8:32-38) സമാനമായി, നമ്മുടെ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ സത്യത്തിന്റെ സൂക്ഷ്മപരിജ്ഞാനം നേടാൻ നമ്മെയും സഹായിച്ചിരിക്കുന്നു. അവ നമ്മുടെ അന്തരംഗങ്ങളെ തൊട്ടുണർത്തുകയും പഠിച്ച കാര്യങ്ങൾ പ്രാവർത്തികമാക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്തിരിക്കുന്നു.—കൊലോ. 1:9, 10.
തന്റെ ദാസർക്ക് ഭക്ഷിക്കാനും പാനംചെയ്യാനും സമൃദ്ധമായ ആത്മീയവിഭവങ്ങൾ നമ്മുടെ പ്രസിദ്ധീകരണങ്ങളിലൂടെ യഹോവ ഉദാരമായി നൽകിയിരിക്കുന്നു. (യെശ. 65:13) ഉദാഹരണത്തിന്, 210-ലധികം ഭാഷകളിൽ പ്രസിദ്ധീകരിക്കുന്ന വീക്ഷാഗോപുരം മാസിക ബൈബിൾപ്രവചനങ്ങൾ വിശദീകരിക്കുകയും ആഴമേറിയ ആത്മീയസത്യങ്ങളെക്കുറിച്ചുള്ള നമ്മുടെ ഗ്രാഹ്യം വർധിപ്പിക്കുകയും ബൈബിൾതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കാൻ നമ്മെ പ്രചോദിപ്പിക്കുകയും ചെയ്യുന്നു. 100-ഓളം ഭാഷകളിലുള്ള ഉണരുക! മാസിക യഹോവയുടെ സൃഷ്ടിക്രിയകളെക്കുറിച്ചുള്ള നമ്മുടെ ജ്ഞാനം വിശാലമാക്കുകയും ബൈബിളിലെ പ്രായോഗിക ബുദ്ധിയുപദേശം എങ്ങനെ ബാധകമാക്കാം എന്നു കാണിച്ചുതരികയും ചെയ്യുന്നു. (സദൃ. 3:21-23; റോമ. 1:20) വിശ്വസ്തനായ അടിമ 680-ലധികം ഭാഷകളിൽ ബൈബിളധിഷ്ഠിത വിവരങ്ങൾ ലഭ്യമാക്കുന്നു! ബൈബിൾ വായിക്കാൻ ദിവസവും നിങ്ങൾ സമയം മാറ്റിവെക്കുന്നുണ്ടോ? ഓരോ പുതിയ മാസികയും, വർഷാവർഷം നിങ്ങളുടെ ഭാഷയിൽ പ്രകാശനം ചെയ്യപ്പെടുന്ന എല്ലാ പുതിയ പ്രസിദ്ധീകരണങ്ങളും നിങ്ങൾ വായിക്കുന്നുണ്ടോ?
പ്രസിദ്ധീകരണങ്ങൾ ഉത്പാദിപ്പിക്കുന്നതിനു പുറമേ, നമ്മുടെ യോഗങ്ങളിലും സമ്മേളനങ്ങളിലും കൺവെൻഷനുകളിലും നടത്താനുള്ള പ്രസംഗങ്ങളുടെ ബൈബിളധിഷ്ഠിത ബാഹ്യരേഖകളും യഹോവയുടെ സംഘടന തയ്യാറാക്കുന്നു. ഈ കൂടിവരവുകളിൽ അവതരിപ്പിക്കപ്പെടുന്ന പ്രസംഗങ്ങൾ, നാടകങ്ങൾ, അവതരണങ്ങൾ, അഭിമുഖങ്ങൾ എന്നിവ നിങ്ങൾ ആസ്വദിക്കാറുണ്ടോ? അതെ, സമൃദ്ധമായ ഒരു ആത്മീയവിരുന്നുതന്നെയാണ് യഹോവ നമുക്ക് നൽകുന്നത്!—യെശ. 25:6.
3 സംഘടന പുറത്തിറക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും നിങ്ങളുടെ ഭാഷയിൽ ലഭ്യമല്ലെങ്കിൽ അതിന്റെ അർഥം ആവശ്യമായ ആത്മീയപോഷണം നിങ്ങൾക്ക് കിട്ടാതെ പോകുന്നു എന്നാണോ?
അല്ല എന്നാണ് ഉത്തരം. യഹോവയുടെ ദാസരിൽ ചിലർക്ക് ചില സമയങ്ങളിൽ മറ്റുള്ളവരെക്കാൾ കൂടുതൽ ആത്മീയാഹാരം ലഭ്യമായേക്കാം എന്നത് നമ്മെ ആശ്ചര്യപ്പെടുത്തേണ്ടതില്ല. എന്തുകൊണ്ടില്ല? അപ്പൊസ്തലന്മാരുടെ കാര്യമെടുക്കുക. ഒന്നാം നൂറ്റാണ്ടിലെ മറ്റുപല ശിഷ്യന്മാർക്കും ലഭിച്ചതിനെക്കാൾ കൂടുതൽ പ്രബോധനം അവർക്കു ലഭിച്ചു. (മർക്കോ. 4:10; 9:35-37) അപ്പോൾപ്പോലും മറ്റു ശിഷ്യന്മാർക്ക് പോഷണം കുറഞ്ഞുപോയില്ല; അവർക്കും ആവശ്യമായത് ലഭിക്കുകതന്നെ ചെയ്തു.—എഫെ. 4:20-24; 1 പത്രോ. 1:8.
യേശു ഭൂമിയിലായിരുന്നപ്പോൾ പറഞ്ഞതും ചെയ്തതും ആയ ഒട്ടനവധി കാര്യങ്ങൾ സുവിശേഷവിവരണങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അപ്പൊസ്തലനായ യോഹന്നാൻ എഴുതി: “യേശു ചെയ്ത മറ്റു പല കാര്യങ്ങളുമുണ്ട്. അവ വിശദമായി എഴുതിയാൽ എഴുതിയ ചുരുളുകൾ ലോകത്തിൽത്തന്നെയും ഒതുങ്ങുകയില്ലെന്നു ഞാൻ കരുതുന്നു.” (യോഹ. 21:25) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തുശിഷ്യന്മാർക്ക് പൂർണമനുഷ്യനായ യേശുവിനെക്കുറിച്ച് നമ്മെക്കാൾ അറിവ് ഉണ്ടായിരുന്നെങ്കിലും മർമപ്രധാനമായ എന്തെങ്കിലും നമുക്ക് നഷ്ടമായിട്ടില്ല. യേശുവിന്റെ കാൽച്ചുവടു പിന്തുടരാൻ ആവശ്യമായത്ര അറിവ് അവനെക്കുറിച്ച് നമുക്കു ലഭ്യമാണെന്ന് യഹോവ ഉറപ്പുവരുത്തിയിരിക്കുന്നു.—1 പത്രോ. 2:21.
ഇനിയും, ഒന്നാം നൂറ്റാണ്ടിലെ സഭകൾക്ക് അപ്പൊസ്തലന്മാർ എഴുതിയ കത്തുകളെക്കുറിച്ച് ചിന്തിക്കുക. പൗലോസിന്റെ കത്തുകളിൽ കുറഞ്ഞപക്ഷം ഒന്നെങ്കിലും ബൈബിളിൽ ഉൾപ്പെടുത്തിയിട്ടില്ല. (കൊലോ. 4:16) ആ കത്ത് ലഭ്യമല്ലാത്തതുകൊണ്ടുമാത്രം നമുക്കുള്ള ആത്മീയപോഷണത്തിന് എന്തെങ്കിലും കുറവു സംഭവിച്ചിട്ടുണ്ടോ? ഒരിക്കലുമില്ല. നമുക്ക് എന്താണ് ആവശ്യമെന്ന് യഹോവയ്ക്ക് അറിയാം; നമ്മെ ആത്മീയമായി ശക്തരാക്കി നിറുത്താൻ മതിയായതെല്ലാം അവൻ നമുക്ക് തന്നിട്ടുണ്ട്.—മത്താ. 6:8.
നമുക്ക് എന്താണ് ആവശ്യമെന്ന് യഹോവയ്ക്ക് അറിയാം; നമ്മെ ആത്മീയമായി ശക്തരാക്കി നിറുത്താൻ മതിയായതെല്ലാം അവൻ നൽകിയിരിക്കുന്നു
ഇന്ന്, യഹോവയുടെ ദാസരുടെ ചില കൂട്ടങ്ങൾക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ ആത്മീയഭക്ഷണം ലഭ്യമാണ്. ഏതാനും പ്രസിദ്ധീകരണങ്ങൾ മാത്രം ലഭ്യമായ ഒരു ഭാഷയാണോ നിങ്ങളുടേത്? അങ്ങനെയെങ്കിൽ, യഹോവ നിങ്ങളുടെ കാര്യത്തിലും കരുതലുള്ളവനാണെന്ന് ഉറപ്പുള്ളവരായിരിക്കുക. ലഭ്യമായിട്ടുള്ള വിവരങ്ങൾ നന്നായി പഠിക്കുക. സാധ്യമെങ്കിൽ നിങ്ങളുടെതന്നെ ഭാഷയിലുള്ള യോഗങ്ങളിൽ പങ്കെടുക്കുക. യഹോവ നിങ്ങളെ ആത്മീയമായി ബലിഷ്ഠരായി നിലനിറുത്തും എന്നതിന് യാതൊരു സംശയവും വേണ്ടാ.—സങ്കീ. 1:2; എബ്രാ. 10:24, 25.
4 jw.org-യിൽ പ്രസിദ്ധീകരിക്കുന്ന വിവരങ്ങൾ നിങ്ങളുടെ എത്തുപാടിലല്ലെങ്കിൽ നിങ്ങൾ ആത്മീയമായി ദുർബലരായിത്തീരുമോ?
നമ്മുടെ വെബ്സൈറ്റിൽ മാസികകളും മറ്റു ബൈബിൾപഠന സഹായികളും നാം പ്രസിദ്ധീകരിക്കുന്നുണ്ട്. ദമ്പതിമാർക്കും കുട്ടികളുള്ളവർക്കും യുവജനങ്ങൾക്കും സഹായകമായ വിവരങ്ങളും വെബ്സൈറ്റിൽ ലഭ്യമാണ്. കുടുംബാരാധനാവേളയിൽ ഈ വിവരങ്ങൾ പരിചിന്തിക്കുകവഴി കുടുംബങ്ങൾ പ്രയോജനം നേടുന്നു. ഇതിനു പുറമേ, ഗിലെയാദ് ബിരുദദാനച്ചടങ്ങ്, വാർഷികയോഗം എന്നിങ്ങനെയുള്ള പ്രത്യേക പരിപാടികളുടെ റിപ്പോർട്ട് വെബ്സൈറ്റിൽ നൽകാറുണ്ട്. യഹോവയുടെ ജനത്തെ ബാധിക്കുന്ന പ്രകൃതിദുരന്തങ്ങളെയും കോടതിവിധികളെയും മറ്റു സംഭവവികാസങ്ങളെയും സംബന്ധിച്ചുള്ള വാർത്തകൾ ആഗോളസഹോദരവർഗത്തെ അറിയിക്കാനും നമ്മുടെ വെബ്സൈറ്റ് സഹായിക്കുന്നു. (1 പത്രോ. 5:8, 9) നമ്മുടെ വേലയ്ക്ക് നിയന്ത്രണമോ നിരോധനമോ ഉള്ള ദേശങ്ങളിൽപ്പോലും സുവാർത്ത എത്തിക്കാൻ സഹായിച്ചുകൊണ്ട് പ്രസംഗപ്രവർത്തനത്തിൽ ശക്തമായ ഒരു ഉപകരണമായും അതു വർത്തിക്കുന്നു.
നമ്മുടെ വെബ്സൈറ്റ് നിങ്ങളുടെ എത്തുപാടിലാണെങ്കിലും അല്ലെങ്കിലും നിങ്ങൾക്ക് ആത്മീയമായി ബലിഷ്ഠരായി നിലനിൽക്കാനാകും. ‘വീട്ടുകാരിൽ’ ഓരോരുത്തരെയും ആത്മീയമായി പരിപോഷിപ്പിക്കാൻ ആവശ്യമായത്ര അച്ചടിച്ച വിവരങ്ങൾ ഉത്പാദിപ്പിക്കാൻ അടിമ കഠിനാധ്വാനം ചെയ്തിരിക്കുന്നു. അതുകൊണ്ട്, കേവലം jw.org വെബ്സൈറ്റ് ഉപയോഗിക്കാനായി മാത്രം ഓരോ ക്രിസ്ത്യാനിയും എന്തെങ്കിലും ഇലക്ട്രോണിക് ഉപകരണം വാങ്ങാൻ നിർബന്ധിതനാകേണ്ടതില്ല. ഇന്റർനെറ്റ് സൗകര്യമില്ലാത്ത സഹോദരങ്ങൾക്ക്, വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള ചില വിവരങ്ങളുടെ ഏതാനും പേജുകൾ പ്രിന്റെടുത്ത് കൊടുക്കാൻ ചിലർ വ്യക്തിപരമായ ക്രമീകരണങ്ങൾ ചെയ്തേക്കാം, എന്നാൽ അങ്ങനെ ചെയ്യാൻ സഭകൾക്ക് കടപ്പാട് തോന്നേണ്ടതില്ല.
നമ്മുടെ ആത്മീയാവശ്യങ്ങൾക്കുവേണ്ടി കരുതും എന്ന തന്റെ വാഗ്ദാനം യേശു ഇന്ന് നിറവേറ്റിക്കൊണ്ടിരിക്കുന്നു. നാം അതിൽ അവനോട് അത്യധികം നന്ദിയുള്ളവരാണ്. ഈ ദുഷ്കരനാളുകളുടെ പരിസമാപ്തി അതിശീഘ്രം അടുത്തുവരവെ, യഹോവ നമുക്ക് ‘തക്കസമയത്ത് ആത്മീയഭക്ഷണം’ നൽകുന്നതിൽ തുടരുമെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനാകും.