‘തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരന്മാരെ ബലപ്പെടുത്തുക’
യേശുവിനെ തള്ളിപ്പറഞ്ഞശേഷം പത്രോസ് അതിദുഃഖത്തോടെ കരഞ്ഞു. ആത്മീയസമനില വീണ്ടെടുക്കുക എന്നത് ആ അപ്പൊസ്തലനെ സംബന്ധിച്ചിടത്തോളം നന്നേ ശ്രമകരമായിരുന്നെങ്കിലും മറ്റുള്ളവരെ സഹായിക്കാനായി അവനെ ഉപയോഗിക്കാൻ യേശു ആഗ്രഹിച്ചു. അതുകൊണ്ട് കർത്താവ് അവനോട് ഇങ്ങനെ പറഞ്ഞിരുന്നു: “നീ തിരിഞ്ഞുവന്നശേഷം നിന്റെ സഹോദരന്മാരെ ബലപ്പെടുത്തണം.” (ലൂക്കോ. 22:32, 54-62) ഒടുവിൽ, പത്രോസ് ഒന്നാം നൂറ്റാണ്ടിലെ ക്രിസ്തീയസഭയുടെ നെടുന്തൂണുകളിൽ ഒരാളായിത്തീരുകതന്നെ ചെയ്തു! (ഗലാ. 2:9) സമാനമായി, മുമ്പ് മൂപ്പനായി സേവിച്ചിരുന്ന ഒരാൾക്ക് വീണ്ടും ആ ഉത്തരവാദിത്വം വഹിക്കുന്നതിനും സഹാരാധകരെ ആത്മീയമായി പരിപോഷിപ്പിക്കുന്നതിന്റെ സന്തോഷം ആസ്വദിക്കുന്നതിനും അവസരം ലഭിച്ചേക്കാം.
മേൽവിചാരകന്മാരായി സേവിച്ചിരുന്ന ചിലർക്ക് ആ പദവി നഷ്ടമായിട്ടുണ്ട്. പരാജയബോധത്തിന്റെ കയ്പുനീർ അവരെ ദുഃഖത്തിലാഴ്ത്തുകയും ചെയ്തിരിക്കാം. രണ്ട് ദശാബ്ദത്തിൽ അധികമായി തെക്കേ അമേരിക്കയിൽ മൂപ്പനായി സേവിച്ചിരുന്ന ഹൂലിയൊ * ഇങ്ങനെ പറഞ്ഞു: “പരിപാടികൾ തയ്യാറാകുക, സഹോദരങ്ങളെ പോയി കാണുക, ഇടയസന്ദർശനം നടത്തുക, അതൊക്കെയായിരുന്നു എനിക്ക് ജീവിതം. പെട്ടെന്നായിരുന്നു എല്ലാം പോയത്. അതോടെ ജീവിതത്തിൽ ഒരു ശൂന്യത വന്നുമൂടി. ആകെക്കൂടെ മനസ്സിടിഞ്ഞുപോയ കാലഘട്ടം.” ഇന്നു പക്ഷേ, ഹൂലിയൊ വീണ്ടും ഒരു മൂപ്പനായി സേവിക്കുന്നു!
“അതിൽ സന്തോഷിക്കുവിൻ”
ശിഷ്യനായ യാക്കോബ് എഴുതി: “എന്റെ സഹോദരന്മാരേ, വിവിധ പരീക്ഷകൾ നേരിടുമ്പോൾ, . . . അതിൽ സന്തോഷിക്കുവിൻ.” (യാക്കോ. 1:2, 3) പീഡനവും നമ്മുടെതന്നെ അപൂർണതയും നിമിത്തം ഉണ്ടാകുന്ന പരിശോധനകളെയാണ് യാക്കോബ് ഇവിടെ ഉദ്ദേശിച്ചത്. സ്വന്തമോഹങ്ങൾ, പക്ഷപാതം കാണിക്കൽ എന്നിവയെക്കുറിച്ചൊക്കെ അവൻ പരാമർശിച്ചു. (യാക്കോ. 1:14; 2:1; 4:1, 2, 11) യഹോവ നമുക്ക് ശിക്ഷണം തരുമ്പോൾ അത് വേദനാജനകമായിരുന്നേക്കാം. (എബ്രാ. 12:11) എന്നാൽ, അത്തരം പരിശോധനകൾ നമ്മുടെ സന്തോഷം കവർന്നുകളയേണ്ടതില്ല.
സഭയിലെ ഒരു ഉത്തരവാദിത്വസ്ഥാനത്തുനിന്ന് നമ്മെ നീക്കിയേക്കാമെങ്കിലും, നമ്മുടെ വിശ്വാസത്തിന്റെ ഗുണമേന്മ പരിശോധിക്കാനും യഹോവയോടുള്ള നമ്മുടെ സ്നേഹം പ്രകടിപ്പിക്കാനും അപ്പോഴും നമുക്ക് അവസരമുണ്ട്. നാം സേവിച്ചത് എന്തുകൊണ്ടാണെന്ന് നമുക്ക് ചിന്തിക്കാനാകും. ‘സ്വന്തം നേട്ടത്തിനുവേണ്ടി ആയിരുന്നോ അത്? അതോ ദൈവത്തോടുള്ള സ്നേഹമായിരുന്നോ പ്രേരകഘടകം? സഭ യഹോവയുടേതാണെന്നും അതുകൊണ്ടുതന്നെ ആട്ടിൻകൂട്ടത്തെ ആർദ്രമായി പരിപാലിക്കേണ്ടതുണ്ടെന്നും ഉള്ള ചിന്ത എന്നെ പ്രചോദിപ്പിച്ചിരുന്നോ?’ (പ്രവൃ. 20:28-30) മുമ്പ് മൂപ്പന്മാരായി സേവിച്ചിരുന്നവർ സന്തോഷമുള്ള ഹൃദയത്തോടെ വിശുദ്ധസേവനം അർപ്പിക്കുന്നതിൽ തുടരുമ്പോൾ, യഹോവയോടുള്ള തങ്ങളുടെ സ്നേഹം കറയറ്റതാണെന്ന് സാത്താൻ ഉൾപ്പെടെ സകലരുടെയും മുമ്പാകെ അവർ തെളിയിക്കുകയാണ്.
ഗുരുതരമായ പാപങ്ങൾ നിമിത്തം ദാവീദ് രാജാവിന് ശിക്ഷണം ലഭിച്ചപ്പോൾ അവൻ അതു സ്വീകരിച്ചു. തന്നിമിത്തം, ദൈവം അവനോട് ക്ഷമിച്ചു. “ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവൻ ഭാഗ്യവാൻ. യഹോവ അകൃത്യം കണക്കിടാതെയും ആത്മാവിൽ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ” എന്ന് ദാവീദ് പാടി. (സങ്കീ. 32:1, 2) ശിക്ഷണം ദാവീദിനെ സ്ഫുടംചെയ്തു. ദൈവജനത്തെ മേയ്ക്കാൻ ഏറെ മികച്ച ഒരു ഇടയനായി അത് അവനെ രൂപപ്പെടുത്തി എന്നതിനു സംശയമില്ല.
മൂപ്പന്മാരായി വീണ്ടും യോഗ്യതപ്രാപിച്ച് നിയമിതരാകുന്ന സഹോദരന്മാർ സാധാരണഗതിയിൽ മുമ്പത്തെക്കാൾ മികച്ച ഇടയന്മാരായിത്തീരുന്നു. “ഒരാൾ തെറ്റു ചെയ്യുമ്പോൾ എങ്ങനെ ഇടപെടണമെന്ന് ഇപ്പോൾ എനിക്ക് കുറെക്കൂടെ നന്നായി അറിയാം” എന്ന് ഒരു മൂപ്പൻ പറഞ്ഞു. മറ്റൊരു മൂപ്പൻ ഇങ്ങനെ പറഞ്ഞു: “സഹോദരങ്ങളെ സേവിക്കാനുള്ള എന്റെ പദവിയെ ഞാൻ ഇപ്പോൾ പഴയതിലേറെ വിലമതിക്കുന്നു.”
നിങ്ങൾക്ക് ഉത്തരവാദിത്വസ്ഥാനത്തേക്ക് മടങ്ങിവരാനാകുമോ?
യഹോവയെക്കുറിച്ച്, “അവൻ എല്ലായ്പോഴും ഭർത്സിക്കയില്ല” എന്ന് സങ്കീർത്തനക്കാരൻ എഴുതി. (സങ്കീ. 103:9) ഗുരുതരമായി തെറ്റു ചെയ്ത ഒരു മനുഷ്യനിൽ ദൈവം പിന്നീടൊരിക്കലും വിശ്വാസം അർപ്പിക്കില്ല എന്നു കരുതേണ്ടതില്ല. അനേകവർഷം ഒരു മൂപ്പനായി സേവിച്ചശേഷം പദവികൾ നഷ്ടപ്പെട്ട റിക്കാർഡോ പറയുന്നു: “എന്റെ പരാജയം ഓർത്ത് ഞാൻ കടുത്ത നിരാശയിൽ ആണ്ടുപോയി. ഒരു മേൽവിചാരകൻ എന്ന നിലയിൽ വീണ്ടും സഹോദരങ്ങളെ സേവിക്കുന്നതിൽനിന്ന് അപര്യാപ്തതാബോധം ദീർഘകാലത്തേക്ക് എന്നെ തടഞ്ഞു. ആശ്രയയോഗ്യനാണെന്ന് വീണ്ടും തെളിയിക്കാനാകും എന്ന ആത്മവിശ്വാസം എനിക്കില്ലായിരുന്നു. എന്നാൽ മറ്റുള്ളവരെ സഹായിക്കുന്നത് ഞാൻ ആസ്വദിക്കുന്നതിനാൽ ബൈബിളധ്യയനങ്ങൾ നടത്താനും രാജ്യഹാളിൽ സഹോദരങ്ങളെ പ്രോത്സാഹിപ്പിക്കാനും അവരോടൊപ്പം വയൽശുശ്രൂഷയിൽ പങ്കെടുക്കാനും എനിക്ക് സാധിച്ചു. അങ്ങനെ എന്റെ ആത്മവിശ്വാസം എനിക്ക് തിരിച്ചുപിടിക്കാനായി, ഇപ്പോൾ ഞാൻ വീണ്ടും ഒരു മൂപ്പനായി സേവിക്കുന്നു.”
നീരസം വെച്ചുകൊണ്ടിരിക്കുന്നത് വീണ്ടും മൂപ്പനായി സേവിക്കുന്നതിൽനിന്ന് ഒരു സഹോദരനെ തടഞ്ഞേക്കാം. യഹോവയുടെ ദാസനായ ദാവീദിനെപ്പോലെയായിരിക്കുന്നത് എത്ര നല്ലതാണ്! അസൂയാലുവായ ശൗൽ രാജാവിന്റെ മുമ്പിൽനിന്ന് അവന് ഓടിപ്പോകേണ്ടിവന്നു. അവസരങ്ങളുണ്ടായിരുന്നിട്ടും അവനോട് പ്രതികാരം ചെയ്യാൻ ദാവീദ് തുനിഞ്ഞില്ല. (1 ശമൂ. 24:4-7; 26:8-12) ശൗൽ യുദ്ധത്തിൽ മരിച്ചപ്പോൾ ദാവീദ് അവന്റെ മരണത്തിൽ വിലപിക്കുകയാണുണ്ടായത്. ശൗലിനെയും മകനായ യോനാഥാനെയും കുറിച്ച് “പ്രീതിയും വാത്സല്യവും” നിറഞ്ഞവർ എന്നാണ് അവൻ വിശേഷിപ്പിച്ചത്. (2 ശമൂ. 1:21-23) അതെ, ദാവീദ് നീരസം വെച്ചുകൊണ്ടിരുന്നില്ല.
തെറ്റിദ്ധാരണയ്ക്കോ അനീതിക്കോ ഇരയായി എന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ, നിങ്ങളുടെ ചിന്തയെ കീഴ്പെടുത്താൻ നീരസത്തെ അനുവദിക്കരുത്. ദൃഷ്ടാന്തത്തിന്, മൂന്നു പതിറ്റാണ്ടോളം ബ്രിട്ടനിൽ മൂപ്പനായി സേവിച്ചിരുന്ന വില്ല്യമിന് ഉത്തരവാദിത്വങ്ങൾ നഷ്ടപ്പെട്ടപ്പോൾ, അദ്ദേഹത്തിന് ചില മൂപ്പന്മാരോട് നീരസം തോന്നി. സമനില വീണ്ടെടുക്കാൻ വില്ല്യമിനെ സഹായിച്ചത് എന്താണ്? “ഇയ്യോബിന്റെ പുസ്തകം വായിച്ചത് എനിക്ക് പ്രോത്സാഹനമേകി,” അദ്ദേഹം പറയുന്നു. “മൂന്ന് സ്നേഹിതരോട് സമാധാനത്തിലാകാൻ യഹോവ ഇയ്യോബിനെ സഹായിച്ചെങ്കിൽ ക്രിസ്തീയ മൂപ്പന്മാരുമായി സമാധാനത്തിലാകാൻ യഹോവ എന്നെ എത്രയധികം സഹായിക്കും!”—ഇയ്യോ. 42:7-9.
ഇടയന്മാരായി വീണ്ടും സേവിക്കുന്നവരെ ദൈവം അനുഗ്രഹിക്കുന്നു
ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയ്ക്കുന്നതിൽനിന്ന് നിങ്ങൾ സ്വയം പിന്മാറുകയായിരുന്നെങ്കിൽ, അതിന്റെ കാരണം എന്തായിരുന്നെന്ന് ചിന്തിക്കുന്നത് നന്നായിരിക്കും. വ്യക്തിപരമായ പ്രശ്നങ്ങളിൽപ്പെട്ട് ഉഴലുകയായിരുന്നോ നിങ്ങൾ? മറ്റ് കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ മേൽക്കൈ നേടിയതാണോ? മറ്റുള്ളവരുടെ അപൂർണതകൾ നിങ്ങളെ നിരുത്സാഹപ്പെടുത്തിയതാണോ? കാരണം എന്തുതന്നെയായിരുന്നാലും, ഒരു മൂപ്പനായി സേവിച്ചിരുന്നപ്പോൾ മറ്റുള്ളവരെ പല വിധങ്ങളിലും സഹായിക്കാൻ സാധിക്കുമായിരുന്ന ഒരു സ്ഥാനത്തായിരുന്നു നിങ്ങൾ എന്നത് ഓർക്കുക. നിങ്ങളുടെ പ്രസംഗങ്ങൾ അവർക്ക് മനക്കരുത്തു പകർന്നു; നിങ്ങളുടെ മാതൃക അവരെ പ്രോത്സാഹിപ്പിച്ചു; നിങ്ങളുടെ ഇടയസന്ദർശനങ്ങൾ പ്രാതികൂല്യങ്ങളിൽ പിടിച്ചുനിൽക്കാൻ അവരെ സഹായിച്ചു. വിശ്വസ്തനായ ഒരു മൂപ്പനായി സേവിച്ചത് നിങ്ങളുടെ ഹൃദയത്തിൽ ചാരിതാർഥ്യം നിറച്ചു. അതിലുപരി, യഹോവയുടെ ഹൃദയത്തെ അത് എത്രമാത്രം സന്തോഷിപ്പിച്ചു!—സദൃ. 27:11.
അനേകം സഹോദരന്മാരുടെ കാര്യത്തിൽ, തങ്ങളുടെ സന്തോഷവും സഭയെ നയിക്കാനുള്ള ആഗ്രഹവും തിരികെക്കൊണ്ടുവരാൻ യഹോവ അവരെ സഹായിച്ചിരിക്കുന്നു. ഒരു മൂപ്പൻ എന്നുള്ള സേവനപദവിയിൽനിന്ന് നിങ്ങൾ നീക്കംചെയ്യപ്പെട്ടതായാലും സ്വയം പിന്മാറിയതായാലും വീണ്ടും ‘മേൽവിചാരകപദത്തിലേക്ക്’ ലക്ഷ്യംവെച്ച് പുരോഗമിക്കാൻ നിങ്ങൾക്കു സാധിക്കും. (1 തിമൊ. 3:1) “യഹോവയെ പൂർണമായി പ്രസാദിപ്പിക്കുമാറ് അവനു യോഗ്യമാംവിധം നടക്കാൻ” തക്കവണ്ണം കൊലോസ്യക്രിസ്ത്യാനികൾ ദൈവഹിതത്തിന്റെ സൂക്ഷ്മപരിജ്ഞാനംകൊണ്ട് നിറയേണമേ എന്ന് പൗലോസ് ‘ഇടവിടാതെ പ്രാർഥിച്ചു.’ (കൊലോ. 1:9, 10) ഒരു മൂപ്പനായി സേവിക്കാനുള്ള പദവി നിങ്ങൾക്ക് വീണ്ടും ലഭിക്കുന്നെങ്കിൽ ശക്തിക്കും സന്തോഷത്തിനും സഹിഷ്ണുതയ്ക്കും ആയി യഹോവയിലേക്ക് നോക്കുക. ദൈവജനത്തിന് ഈ അന്ത്യനാളുകളിൽ, ആർദ്രതയുള്ള അജപാലകരുടെ ആത്മീയപിന്തുണ ആവശ്യമുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട സഹോദരങ്ങളെ ബലപ്പെടുത്താൻ നിങ്ങൾക്കാകുമോ? അതിനുള്ള മനസ്സൊരുക്കം നിങ്ങൾക്കുണ്ടോ?
^ ഖ. 3 ചില പേരുകൾ മാറ്റിയിട്ടുണ്ട്.