വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവ​വ​ചനം ഉപയോ​ഗി​ക്കുക, അത്‌ ജീവനു​ള്ള​താണ്‌!

ദൈവ​വ​ചനം ഉപയോ​ഗി​ക്കുക, അത്‌ ജീവനു​ള്ള​താണ്‌!

“ദൈവ​ത്തി​ന്‍റെ വചനം ജീവനും ശക്തിയു​മു​ള്ളത്‌.”—എബ്രാ. 4:12.

1, 2. യഹോവ മോശയ്‌ക്ക് എന്ത് നിയമ​ന​മാണ്‌ കൊടു​ത്തത്‌, അതോ​ടൊ​പ്പം അവൻ എന്ത് ഉറപ്പും നൽകി?

ഭൂമി​യി​ലെ ഏറ്റവും ശക്തനായ ഭരണാ​ധി​കാ​രി​യു​ടെ സന്നിധി​യിൽ യഹോ​വ​യു​ടെ ജനത്തെ പ്രതി​നി​ധീ​ക​രിച്ച് നിങ്ങൾക്ക് സംസാ​രി​ക്കേ​ണ്ടി​വ​രു​ന്ന​താ​യി ഭാവന​യിൽ കാണുക. അത്‌ എങ്ങനെ​യുള്ള ഒരു അനുഭ​വ​മാ​യി​രി​ക്കും? ഉത്‌കണ്‌ഠ​യും ഭയവും അപര്യാപ്‌ത​ത​യും നിങ്ങളു​ടെ മേൽ പിടി​മു​റു​ക്കി​യേ​ക്കാം. എന്തു പറയണ​മെന്ന് നിങ്ങൾ എങ്ങനെ തയ്യാറാ​കും? സർവശ​ക്ത​നായ ദൈവ​ത്തി​ന്‍റെ പ്രതി​നി​ധി​യെന്ന നിലയിൽ വാക്കു​കൾക്ക് കനവും കരുത്തും പകരാൻ നിങ്ങൾക്ക് എങ്ങനെ കഴിയും?

2 ശരിക്കും അങ്ങനെ​യൊ​രു സാഹച​ര്യ​ത്തെ നേരിട്ട വ്യക്തി​യാണ്‌ മോശ. “ഭൂതല​ത്തിൽ ഉള്ള സകലമ​നു​ഷ്യ​രി​ലും അതി​സൌ​മ്യ​നാ​യി​രു​ന്നു” അവൻ. ഈജിപ്‌റ്റി​ലെ അടിച്ച​മർത്ത​ലിൽനി​ന്നും അടിമ​ത്ത​ത്തിൽനി​ന്നും ദൈവ​ജ​നത്തെ വിടു​വി​ക്കേ​ണ്ട​തിന്‌ ഫറവോ​ന്‍റെ അടുക്ക​ലേക്ക് താൻ അവനെ അയയ്‌ക്കാൻ പോകു​ക​യാ​ണെന്ന് യഹോവ മോശ​യോട്‌ പറഞ്ഞു. (സംഖ്യാ. 12:3) പിന്നീട്‌ അരങ്ങേ​റിയ സംഭവ​ങ്ങ​ളിൽ വ്യക്തമാ​യ​തു​പോ​ലെ, ധാർഷ്ട്യ​ത്തി​ന്‍റെ​യും ധിക്കാ​ര​ത്തി​ന്‍റെ​യും ആൾരൂ​പ​മാ​യി​രു​ന്നു ഫറവോൻ. (പുറ. 5:1, 2) എന്നിട്ടും, ദശലക്ഷങ്ങൾ വരുന്ന അടിമ​കളെ വിട്ടയയ്‌ക്കാൻ മോശ ചെന്ന് ഫറവോ​നോട്‌ കല്‌പി​ക്ക​ണ​മെ​ന്നാണ്‌ യഹോവ ഉദ്ദേശി​ച്ചത്‌! “ഫറവോ​ന്‍റെ അടുക്കൽപോ​കു​വാ​നും യിസ്രാ​യേൽമ​ക്കളെ മിസ്ര​യീ​മിൽനി​ന്നു പുറ​പ്പെ​ടു​വി​പ്പാ​നും ഞാൻ എന്തു മാത്ര​മു​ള്ളു” എന്ന് മോശ യഹോ​വ​യോട്‌ ചോദി​ച്ചു​പോ​യത്‌ എന്തു​കൊ​ണ്ടെന്ന് നമുക്ക് ഊഹി​ക്കാ​നാ​കും. താൻ അപ്രാപ്‌ത​നും അപര്യാപ്‌ത​നും ആണെന്ന് മോശയ്‌ക്ക് തോന്നി​യി​രി​ക്കണം. എന്നാൽ അവൻ തനിച്ചാ​യി​രി​ക്കി​ല്ലെന്ന് ദൈവം അവന്‌ ഉറപ്പു കൊടു​ത്തു. “ഞാൻ നിന്നോ​ടു​കൂ​ടെ ഇരിക്കും,” യഹോവ പറഞ്ഞു.—പുറ. 3:9-12.

3, 4. (എ) മോശയ്‌ക്ക് എന്തെല്ലാം ഭയാശ​ങ്ക​ക​ളു​ണ്ടാ​യി​രു​ന്നു? (ബി) മോശ അഭിമു​ഖീ​ക​രി​ച്ച​തി​നു സമാന​മായ വെല്ലു​വി​ളി​കൾ ഏതു സാഹച​ര്യ​ത്തിൽ നമുക്ക് നേരി​ടേ​ണ്ടി​വ​ന്നേ​ക്കാം?

3 എന്തെല്ലാ​മാ​യി​രു​ന്നു മോശ​യു​ടെ ഭയാശ​ങ്കകൾ? യഹോ​വ​യാം ദൈവ​ത്തി​ന്‍റെ  ഒരു പ്രതി​നി​ധി​യെ ഫറവോൻ ഒരിക്ക​ലും സ്വീക​രി​ക്കാ​നോ ശ്രദ്ധി​ക്കാ​നോ പോകു​ന്നി​ല്ലെന്ന് അവൻ കരുതി​യി​ട്ടു​ണ്ടാ​വണം. എന്തിന്‌, ഇസ്രാ​യേ​ല്യ​രെ മിസ്ര​യീ​മി​ന്‍റെ നുകത്തിൽനിന്ന് വിമോ​ച​ന​ത്തി​ലേക്ക് നയിക്കാൻ യഹോവ തന്നെ നിയോ​ഗി​ച്ചി​രി​ക്കു​ക​യാ​ണെന്ന് സ്വന്തജ​നം​പോ​ലും വിശ്വ​സി​ക്കാ​നുള്ള സാധ്യ​ത​യി​ല്ലെന്ന് മോശ ഭയന്നി​രി​ക്കാം. അതു​കൊണ്ട്, മോശ യഹോ​വ​യോട്‌ ഇങ്ങനെ പറഞ്ഞു: “അവർ എന്നെ വിശ്വ​സി​ക്കാ​തെ​യും എന്‍റെ വാക്കു കേൾക്കാ​തെ​യും: യഹോവ നിനക്കു പ്രത്യ​ക്ഷ​നാ​യി​ട്ടില്ല എന്നു പറയും.”—പുറ. 3:15-18; 4:1.

4 യഹോവ മോശയ്‌ക്കു കൊടുത്ത മറുപ​ടി​യും തുടർന്നു നടന്ന സംഭവ​ങ്ങ​ളും നമു​ക്കോ​രോ​രു​ത്തർക്കും ശക്തമായ ഒരു പാഠം പകർന്നു​നൽകു​ന്നു. നിങ്ങൾക്ക് ഒരിക്ക​ലും ഒരു ഉന്നതാ​ധി​കാ​രി​യു​ടെ മുമ്പാകെ നിൽക്കേ​ണ്ടി​വ​രി​ല്ലാ​യി​രി​ക്കാം. എന്നാൽ നിത്യേന കണ്ടുമു​ട്ടുന്ന സാധാ​ര​ണ​ക്കാ​രോ​ടു​പോ​ലും ദൈവ​ത്തെ​യും അവന്‍റെ രാജ്യ​ത്തെ​യും കുറിച്ച് സംസാ​രി​ക്കാൻ നിങ്ങൾക്ക് എപ്പോ​ഴെ​ങ്കി​ലും ബുദ്ധി​മുട്ട് തോന്നി​യി​ട്ടു​ണ്ടോ? ഉണ്ടെങ്കിൽ മോശ​യു​ടെ അനുഭ​വ​രേ​ഖ​യിൽനിന്ന് എന്തു പഠിക്കാ​നാ​കു​മെന്നു ചിന്തി​ക്കുക.

“നിന്‍റെ കയ്യിൽ ഇരിക്കു​ന്നതു എന്ത്?”

5. യഹോവ മോശ​യു​ടെ കയ്യിൽ എന്തു നൽകി, അത്‌ അവന്‍റെ ഭയാശ​ങ്കകൾ ലഘൂക​രി​ച്ചത്‌ എങ്ങനെ? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

5 ഫറവോ​നും ഇസ്രാ​യേൽജ​ന​വും തന്‍റെ വാക്കുകൾ ഗൗരവ​മാ​യി എടുക്കാൻ സാധ്യ​ത​യി​ല്ലെന്ന ഭയം മോശ പ്രകടി​പ്പി​ച്ച​പ്പോൾ വരാനി​രുന്ന സാഹച​ര്യ​ങ്ങളെ ധൈര്യ​പൂർവം നേരി​ടു​ന്ന​തി​നാ​യി ദൈവം അവനെ ഒരുക്കി. പുറപ്പാ​ടി​ലെ വിവരണം ഇങ്ങനെ പറയുന്നു: “യഹോവ അവനോ​ടു (മോശ​യോട്‌): നിന്‍റെ കയ്യിൽ ഇരിക്കു​ന്നതു എന്തു എന്നു ചോദി​ച്ചു. ഒരു വടി എന്നു അവൻ പറഞ്ഞു. അതു നിലത്തി​ടുക എന്നു കല്‌പി​ച്ചു. അവൻ നിലത്തി​ട്ടു; അതു ഒരു സർപ്പമായ്‌തീർന്നു; മോശെ അതിനെ കണ്ടു ഓടി​പ്പോ​യി. യഹോവ മോ​ശെ​യോ​ടു: നിന്‍റെ കൈ നീട്ടി അതിനെ വാലിന്നു പിടിക്ക എന്നു കല്‌പി​ച്ചു. അവൻ കൈ നീട്ടി അതിനെ പിടിച്ചു; അതു അവന്‍റെ കയ്യിൽ വടിയായ്‌തീർന്നു. ഇതു . . . യഹോവ നിനക്കു പ്രത്യ​ക്ഷ​നാ​യി എന്നു അവർ വിശ്വ​സി​ക്കേ​ണ്ട​തി​ന്നു ആകുന്നു” എന്ന് ദൈവം അവനോ​ടു പറഞ്ഞു. (പുറ. 4:2-5) അതെ, തന്‍റെ സന്ദേശം യഹോ​വ​യിൽനി​ന്നു​ള്ള​താ​ണെന്ന് മറ്റുള്ള​വ​രു​ടെ മുന്നിൽ മോശയ്‌ക്ക് തെളി​യി​ക്കാൻ ഉതകു​മാ​യി​രുന്ന ഒരു ഉപാധി ദൈവം മോശ​യു​ടെ കയ്യിൽ വെച്ചു. മറ്റുള്ള​വ​രു​ടെ കണ്ണിലെ കേവല​മൊ​രു മരക്കമ്പ് യഹോ​വ​യു​ടെ ശക്തിയാൽ ജീവനു​ള്ള​താ​യി! അത്തരം ഒരു അത്ഭുതം, മോശയെ അയച്ചത്‌ യഹോ​വ​ത​ന്നെ​യാ​ണെന്ന് അസന്ദിഗ്‌ധ​മാ​യി തെളി​യി​ച്ചു​കൊണ്ട് മോശ​യു​ടെ വാക്കു​കൾക്ക് വീര്യം പകരു​മാ​യി​രു​ന്നു! അതു​കൊണ്ട്, യഹോവ അവനോട്‌ പറഞ്ഞു: “അടയാ​ളങ്ങൾ പ്രവർത്തി​ക്കേ​ണ്ട​തി​ന്നു ഈ വടിയും നിന്‍റെ കയ്യിൽ എടുത്തു​കൊൾക.” (പുറ. 4:17) ദൈവാം​ഗീ​കാ​ര​ത്തി​ന്‍റെ ആ ദൃശ്യ​സാ​ക്ഷ്യ​വു​മാ​യി മോശയ്‌ക്ക് സധൈ​ര്യം യാത്ര​യാ​കാ​നും സ്വജന​ത്തി​ന്‍റെ​യും ഫറവോ​ന്‍റെ​യും മുമ്പാകെ ആത്മവി​ശ്വാ​സ​ത്തോ​ടെ സത്യ​ദൈ​വത്തെ പ്രതി​നി​ധീ​ക​രി​ക്കാ​നും കഴിയു​മാ​യി​രു​ന്നു.—പുറ. 4:29-31; 7:8-13.

6. (എ) പ്രസം​ഗ​വേ​ല​യി​ലാ​യി​രി​ക്കു​മ്പോൾ നമ്മുടെ കയ്യിൽ എന്തുണ്ടാ​യി​രി​ക്കണം, എന്തു​കൊണ്ട്? (ബി) “ദൈവ​ത്തി​ന്‍റെ വചനം ജീവനു”ള്ളതായി​രി​ക്കു​ന്നത്‌ എങ്ങനെ, അത്‌ “ശക്തി” ചെലു​ത്തു​ന്നത്‌ എങ്ങനെ?

6 ബൈബിൾസ​ന്ദേശം പങ്കു​വെ​ക്കാ​നാ​യി പോകു​മ്പോൾ അതേ ചോദ്യം നാം ഇന്നും കേട്ടേ​ക്കാം: ‘നിങ്ങളു​ടെ കയ്യിൽ ഇരിക്കു​ന്നത്‌ എന്താണ്‌?’ മിക്ക​പ്പോ​ഴും, വയലിൽ ഉപയോ​ഗി​ക്കാ​നാ​യി നമ്മുടെ കൈയി​ലു​ണ്ടാ​കു​ന്നത്‌ ബൈബി​ളാ​യി​രി​ക്കും. * ബൈബി​ളി​നെ സാധാരണ ഒരു പുസ്‌തകം മാത്ര​മാ​യി ചിലർ കണ്ടേക്കാ​മെ​ങ്കി​ലും യഹോവ തന്‍റെ നിശ്ശ്വസ്‌ത​വ​ച​ന​മായ ബൈബി​ളി​ലൂ​ടെ നമ്മോട്‌ സംസാ​രി​ക്കു​ന്നു. (2 പത്രോ. 1:21) ദൈവ​രാ​ജ്യ​ഭ​ര​ണ​ത്തിൻകീ​ഴിൽ നിറ​വേ​റാ​നി​രി​ക്കുന്ന അവന്‍റെ വാഗ്‌ദാ​നങ്ങൾ അതിൽ അടങ്ങി​യി​രി​ക്കു​ന്നു. അതു​കൊ​ണ്ടാണ്‌, “ദൈവ​ത്തി​ന്‍റെ വചനം ജീവനും ശക്തിയു​മു​ള്ളത്‌” എന്ന് പൗലോസ്‌ അപ്പൊസ്‌ത​ലന്‌ എഴുതാൻ കഴിഞ്ഞത്‌. (എബ്രായർ 4:12 വായിക്കുക.) തന്‍റെ വാഗ്‌ദാ​നങ്ങൾ നിവർത്തി​ക്കാ​നാ​യി യഹോവ സദാ കർമനി​ര​ത​നാ​യി​രി​ക്കു​ന്ന​തു​കൊണ്ട് അവന്‍റെ വാഗ്‌ദാ​ന​ങ്ങ​ളെ​ല്ലാം കുതി​ച്ചൊ​ഴു​കുന്ന നദി​പോ​ലെ നിവൃ​ത്തി​യി​ലേക്ക് മുന്നേ​റു​ന്ന​വ​യാണ്‌, കെട്ടി​ക്കി​ട​ക്കുന്ന വെള്ളം​പോ​ലെ നിശ്ചലമല്ല. (യെശ. 46:10; 55:11) യഹോ​വ​യു​ടെ വചന​ത്തെ​ക്കു​റിച്ച് ഒരു വ്യക്തി ഇത്‌ തിരി​ച്ച​റി​യു​മ്പോൾ ബൈബി​ളിൽനിന്ന് വായി​ക്കുന്ന കാര്യ​ങ്ങൾക്ക് ആ വ്യക്തി​യു​ടെ ജീവി​ത​ത്തിൽ ശക്തമായ പ്രഭാവം ചെലു​ത്താ​നാ​കും.

7. “സത്യവ​ച​നത്തെ ശരിയാം​വണ്ണം കൈകാ​ര്യം” ചെയ്യാൻ നമുക്ക് എങ്ങനെ കഴിയും?

7 അതെ, തന്‍റെ ജീവനുള്ള ലിഖി​ത​വ​ചനം യഹോവ നമ്മുടെ കയ്യിൽ വെച്ചി​രി​ക്കു​ന്നു. നമ്മുടെ സന്ദേശം വിശ്വ​സ​നീ​യ​വും ദൈവ​ത്തിൽനി​ന്നു​ള്ള​തും ആണെന്ന് അതു മുഖാ​ന്തരം നമുക്കു തെളി​യി​ക്കാൻ കഴിയും. എബ്രാ​യ​ലേ​ഖനം എഴുതി​യ​ശേഷം തന്‍റെ ആത്മീയ​ശി​ഷ്യ​നായ തിമൊ​ഥെ​യൊ​സി​നോട്‌ ‘സത്യവ​ച​നത്തെ ശരിയാം​വണ്ണം കൈകാ​ര്യം​ചെ​യ്യാൻ നിന്നാ​ലാ​വോ​ളം ശ്രമി​ക്കുക’ എന്ന് പൗലോസ്‌ പറഞ്ഞതിൽ അതിശ​യി​ക്കാ​നില്ല. (2 തിമൊ. 2:15) പൗലോ​സി​ന്‍റെ ബുദ്ധി​യു​പ​ദേശം ഇന്ന് നമുക്ക് എങ്ങനെ ബാധക​മാ​ക്കാൻ കഴിയും? ശ്രോ​താ​ക്ക​ളു​ടെ ഹൃദയത്തെ സ്‌പർശി​ക്കുന്ന തിര​ഞ്ഞെ​ടുത്ത തിരു​വെ​ഴു​ത്തു​കൾ വായി​ച്ചു​കേൾപ്പി​ക്കു​ക​വഴി നമുക്ക് അതിനു സാധി​ക്കും. നമ്മെ അതിന്‌ സഹായി​ക്കുക എന്ന ലക്ഷ്യത്തിൽ വിശേ​ഷാൽ  തയ്യാറാ​ക്കി​യി​ട്ടു​ള്ള​വ​യാണ്‌ 2013-ൽ പ്രകാ​ശനം ചെയ്‌ത ലഘു​ലേ​ഖകൾ.

തിരഞ്ഞെടുത്ത ഒരു വാക്യം വായി​ക്കുക

8. പുതിയ ലഘു​ലേ​ഖ​ക​ളെ​ക്കു​റിച്ച് ഒരു സേവന മേൽവി​ചാ​രകൻ എന്തു പറഞ്ഞു?

8 ഈ പുതിയ ലഘു​ലേ​ഖ​കൾക്കെ​ല്ലാം ഒരേ രൂപഘ​ട​ന​യാ​ണു​ള്ളത്‌. അതു​കൊ​ണ്ടു​തന്നെ, അതിൽ ഒരെണ്ണം ഉപയോ​ഗി​ക്കാൻ പഠിച്ചാൽ ബാക്കി​യെ​ല്ലാം ഉപയോ​ഗി​ക്കാൻ പഠിച്ചു എന്നു പറയാം. അവ ഉപയോ​ഗി​ക്കാൻ എളുപ്പ​മാ​ണോ? യു.എസ്‌.എ-യിലെ ഹവായി​യി​ലുള്ള ഒരു സേവന മേൽവി​ചാ​രകൻ ഇങ്ങനെ എഴുതി: “വീടു​തോ​റു​മുള്ള വേലയി​ലും പരസ്യ​സാ​ക്ഷീ​ക​ര​ണ​ത്തി​ലും ഈ പുതിയ ഉപകരണം ഇത്ര​ത്തോ​ളം ഉപകാ​ര​പ്ര​ദ​മാ​യി​രി​ക്കു​മെന്ന് ഞങ്ങൾ ഒട്ടും കരുതി​യില്ല.” ഈ ലഘു​ലേ​ഖകൾ എഴുതി​യി​രി​ക്കുന്ന വിധം എളുപ്പം മറുപടി പറയാൻ ആളുകളെ സഹായി​ക്കു​ന്നു. അതാകട്ടെ, മിക്ക​പ്പോ​ഴും​തന്നെ രസകര​മായ സംഭാ​ഷ​ണ​ങ്ങ​ളി​ലേക്ക് നയിക്കു​ക​യും ചെയ്യുന്നു. ലഘു​ലേ​ഖ​ക​ളു​ടെ പുറന്താ​ളി​ലുള്ള ചോദ്യ​ങ്ങ​ളും അവയ്‌ക്ക് കൊടു​ത്തി​രി​ക്കുന്ന തിര​ഞ്ഞെ​ടു​ക്കാ​വുന്ന ഉത്തരങ്ങ​ളും ആണ്‌ അതിന്‌ കാരണ​മെന്ന് അദ്ദേഹം കരുതു​ന്നു. ഉത്തരം തെറ്റി​പ്പോ​കു​മോ എന്ന് ഓർത്ത്‌ വീട്ടു​കാ​രന്‌ വിഷമം തോന്നേണ്ട കാര്യ​മില്ല.

9, 10. (എ) പുതിയ ലഘു​ലേ​ഖകൾ ബൈബിൾ ഉപയോ​ഗി​ക്കാൻ നമ്മെ പ്രചോ​ദി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (ബി) ഏറ്റവും ഫലപ്ര​ദ​മാ​യി നിങ്ങൾ കണ്ട ലഘു​ലേ​ഖകൾ ഏതൊ​ക്കെ​യാണ്‌, എന്തു​കൊണ്ട്?

9 ഓരോ ലഘു​ലേ​ഖ​യും തിര​ഞ്ഞെ​ടുത്ത ഒരു തിരു​വെ​ഴു​ത്തു വായി​ക്കാൻ നമ്മെ പ്രചോ​ദി​പ്പി​ക്കു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, ദുരിതങ്ങൾ അവസാനിക്കുമോ? എന്ന ലഘുലേഖ എടുക്കുക. വീട്ടു​കാ​രൻ “ഉവ്വ്,” “ഇല്ല,” “ഒരുപക്ഷേ” എന്നിവ​യിൽ ഏത്‌ ഉത്തരം തിര​ഞ്ഞെ​ടു​ത്താ​ലും ഉൾപ്പേ​ജി​ലേക്കു മറിച്ച് കൂടു​ത​ലൊ​ന്നും പറയാ​തെ​തന്നെ, “ബൈബിൾ പറയു​ന്നത്‌” എന്ന ഭാഗം കാണി​ക്കുക. തുടർന്ന് വെളി​പാട്‌ 21:3, 4 വായി​ക്കുക.

10 സമാന​മാ​യി, ബൈബിൾ ഏതുതരം പുസ്‌തമാണ്‌? എന്ന ലഘുലേഖ ഉപയോ​ഗി​ക്കു​മ്പോൾ പുറന്താ​ളിൽ കൊടു​ത്തി​രി​ക്കുന്ന മൂന്ന് അഭി​പ്രാ​യ​ങ്ങ​ളിൽ വീട്ടു​കാ​രൻ ഏതു തിര​ഞ്ഞെ​ടു​ത്താ​ലും ഉൾപ്പേ​ജി​ലേക്ക് മറിച്ച് ഇങ്ങനെ പറയുക: “ബൈബിൾ പറയു​ന്നത്‌ ഇതാണ്‌: ‘മുഴു​തി​രു​വെ​ഴു​ത്തും ദൈവ​നി​ശ്വസ്‌ത​മാണ്‌.’” അതിനു ശേഷം ഇങ്ങനെ പറയാം: “ആ വേദഭാ​ഗത്ത്‌ കുറച്ചു​കൂ​ടി കാര്യങ്ങൾ പറയു​ന്നുണ്ട്.” എന്നിട്ട്, ബൈബിൾ തുറന്ന് 2 തിമൊ​ഥെ​യൊസ്‌ 3:16, 17 മുഴുവൻ വായി​ക്കുക.

11, 12. (എ) ശുശ്രൂ​ഷ​യിൽനിന്ന് നിങ്ങൾക്ക് എന്തു സംതൃപ്‌തി ലഭിക്കു​ന്നു? (ബി) മടക്കസ​ന്ദർശ​ന​ങ്ങൾക്കാ​യി തയ്യാറാ​കാൻ ലഘു​ലേ​ഖകൾ സഹായി​ക്കു​ന്നത്‌ എങ്ങനെ?

11 ലഘു​ലേ​ഖ​യു​ടെ ബാക്കി​ഭാ​ഗം എത്ര​ത്തോ​ളം വായിച്ച് ചർച്ച ചെയ്യണ​മെന്ന് വീട്ടു​കാ​രന്‍റെ പ്രതി​ക​രണം അനുസ​രിച്ച് നിങ്ങൾക്ക് തീരു​മാ​നി​ക്കാ​നാ​കും. സാഹച​ര്യം എന്തായാ​ലും, ആളുക​ളു​ടെ പക്കൽ ലഘുലേഖ എത്തിക്കാൻ സാധിച്ചു എന്നതിനു പുറമേ, ഒന്നോ രണ്ടോ വാക്യ​മാ​ണെ​ങ്കിൽക്കൂ​ടി ദൈവ​ത്തി​ന്‍റെ വചനത്തിൽനിന്ന് ആദ്യസ​ന്ദർശ​ന​ത്തിൽത്തന്നെ കുറച്ചു ഭാഗം വായി​ക്കാൻ സാധിച്ചു എന്ന ചാരി​താർഥ്യ​വും നിങ്ങൾക്കു​ണ്ടാ​യി​രി​ക്കും. അടുത്ത സന്ദർശ​ന​ത്തിൽ നിങ്ങൾക്ക് ചർച്ച തുടരാൻ കഴിയും.

12 ഓരോ ലഘു​ലേ​ഖ​യു​ടെ​യും പുറകിൽ, “നിങ്ങൾക്ക് എന്തു തോന്നു​ന്നു?” എന്ന ശീർഷ​ക​ത്തി​നു താഴെ ഒരു ചോദ്യ​വും മടങ്ങി​ച്ചെ​ല്ലു​മ്പോൾ  ചർച്ച ചെയ്യാ​നുള്ള തിരു​വെ​ഴു​ത്തു​ക​ളും കൊടു​ത്തി​ട്ടുണ്ട്. ലോകത്തിന്‍റെ ഭാവി എന്തായിത്തീരും? എന്ന ലഘു​ലേ​ഖ​യി​ലെ മടക്കസ​ന്ദർശ​ന​ത്തി​നുള്ള ചോദ്യം, “ദൈവം ഈ ലോക​ത്തി​ലെ അവസ്ഥകൾക്കു മാറ്റം വരുത്തു​ന്നത്‌ എങ്ങനെ?” എന്നതാണ്‌. മത്തായി 6:9, 10; ദാനീ​യേൽ 2:44 എന്നീ വാക്യങ്ങൾ അവിടെ നൽകി​യി​രി​ക്കു​ന്നു. മരിച്ചവർ വീണ്ടും ജീവിക്കുമോ? എന്ന ലഘു​ലേ​ഖ​യി​ലെ ചോദ്യ​മാ​കട്ടെ, “നാം പ്രായ​മാ​കു​ക​യും മരിക്കു​ക​യും ചെയ്യു​ന്നത്‌ എന്തു​കൊണ്ട്?” എന്നാണ്‌. ഉല്‌പത്തി 3:17-19; റോമർ 5:12 എന്നിവ​യാണ്‌ പരാമർശി​ച്ചി​രി​ക്കുന്ന വാക്യങ്ങൾ.

13. ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ക്കാൻ ലഘു​ലേ​ഖകൾ ഉപയോ​ഗി​ക്കേ​ണ്ടത്‌ എങ്ങനെ​യെന്നു വിശദീ​ക​രി​ക്കുക.

13 ബൈബി​ള​ധ്യ​യ​നങ്ങൾ തുടങ്ങാ​നുള്ള ചവിട്ടു​പ​ടി​ക​ളാ​യി ലഘു​ലേ​ഖകൾ ഉപയോ​ഗി​ക്കുക. ലഘു​ലേ​ഖ​യു​ടെ പുറകിൽ ഒരു ക്യൂആർ (quick response) കോഡ്‌ * നൽകി​യി​ട്ടുണ്ട്. ആരെങ്കി​ലും ആ കോഡ്‌ സ്‌കാൻ ചെയ്യു​മ്പോൾ, അത്‌ നേരെ അവരെ നമ്മുടെ വെബ്‌സൈ​റ്റി​ലുള്ള, “ബൈബിൾ പഠി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്?” എന്ന വീഡി​യോ​യി​ലേക്ക് കൊണ്ടു​പോ​കു​ന്നു. ബൈബിൾ പഠിക്കാൻ അവരെ ക്ഷണിച്ചു​കൊ​ണ്ടു​ള്ള​താണ്‌ ആ വീഡി​യോ. കൂടാതെ, ഈ ലഘു​ലേ​ഖകൾ ദൈവത്തിൽനിന്നുള്ള സുവാർത്ത! എന്ന ലഘുപ​ത്രിക പരിച​യ​പ്പെ​ടു​ത്തു​ക​യും അതിലെ ഒരു നിർദിഷ്ട പാഠം ചൂണ്ടി​ക്കാ​ണി​ക്കു​ക​യും ചെയ്യു​ന്നുണ്ട്. ഉദാഹ​ര​ണ​ത്തിന്‌, ആരാണ്‌ ഈ ലോകത്തെ നിയന്ത്രിക്കുന്നത്‌? എന്ന ലഘുലേഖ പ്രസ്‌തുത ലഘുപ​ത്രി​ക​യു​ടെ 5-‍ാ‍ം അധ്യാ​യ​ത്തി​ലേക്ക് ശ്രദ്ധ ക്ഷണിക്കു​ന്നു; കുടുംന്തുഷ്ടിയുടെ താക്കോൽ എന്താണ്‌? എന്ന ലഘു​ലേ​ഖ​യാ​കട്ടെ 9-‍ാ‍ം അധ്യാ​യ​ത്തി​ലേ​ക്കും. ലഘു​ലേ​ഖകൾ ഉദ്ദിഷ്ട​വി​ധ​ത്തിൽ ഉപയോ​ഗി​ക്കു​ക​വഴി പ്രഥമ​സ​ന്ദർശ​ന​ത്തി​ലും മടക്കസ​ന്ദർശ​ന​ങ്ങ​ളി​ലും ബൈബിൾ ഉപയോ​ഗി​ക്കുന്ന നല്ല രീതി നാം പിൻപ​റ്റു​ക​യാ​യി​രി​ക്കും. അതാകട്ടെ, കൂടുതൽ അധ്യയ​നങ്ങൾ ആരംഭി​ക്കു​ന്ന​തി​ലേക്ക് നയിക്കു​ക​യും ചെയ്‌തേ​ക്കാം. ദൈവ​വ​ചനം ശുശ്രൂ​ഷ​യിൽ ഫലകര​മാ​യി ഉപയോ​ഗി​ക്കാൻ ഇനിയും കൂടു​ത​ലാ​യി മറ്റെ​ന്തെ​ങ്കി​ലും നിങ്ങൾക്ക് ചെയ്യാ​നാ​കു​മോ?

ആളുകളുടെ മനസ്സിനെ അലട്ടുന്ന ഒരു വിഷയം ചർച്ച ചെയ്യുക

14, 15. പൗലോ​സിന്‌ ശുശ്രൂ​ഷ​യോ​ടു​ണ്ടാ​യി​രുന്ന മനോ​ഭാ​വം നിങ്ങൾക്ക് എങ്ങനെ അനുക​രി​ക്കാം?

14 ശുശ്രൂ​ഷ​യിൽ “അധികം​പേരെ” നേടേ​ണ്ട​തിന്‌ കഴിയു​ന്നത്ര ആളുക​ളു​മാ​യി ഇണങ്ങി​ച്ചേ​രാൻ പൗലോ​സിന്‌ ആത്മാർഥ​മായ ആഗ്രഹ​മു​ണ്ടാ​യി​രു​ന്നു. (1 കൊരിന്ത്യർ 9:19-23 വായിക്കുക.) ‘യഹൂദ​ന്മാ​രെ​യും ന്യായ​പ്ര​മാ​ണ​ത്തിൻകീ​ഴി​ലു​ള്ളവ​രെ​യും ന്യായ​പ്ര​മാ​ണം ഇല്ലാത്ത​വ​രെ​യും ബലഹീ​ന​രെ​യും നേടാൻ’ പൗലോസ്‌ ആഗ്രഹി​ച്ചു എന്നത്‌ ശ്രദ്ധി​ക്കുക. അതെ, “ഏതുവി​ധേ​ന​യും ചിലരെ നേടേ​ണ്ട​തിന്‌ (അവൻ) എല്ലാവർക്കും” സാക്ഷ്യം നൽകാൻ യത്‌നി​ച്ചു. (പ്രവൃ. 20:21) നമ്മുടെ പ്രദേ​ശ​ത്തുള്ള “സകലതരം മനുഷ്യ​രു”മായും സത്യം പങ്കു​വെ​ക്കാ​നുള്ള ലക്ഷ്യത്തിൽ തയ്യാറാ​കു​മ്പോൾ നമുക്ക് എങ്ങനെ പൗലോ​സി​ന്‍റെ മനോ​ഭാ​വം അനുക​രി​ക്കാ​നാ​കും?—1 തിമൊ. 2:3, 4.

15 നമ്മുടെ രാജ്യ ശുശ്രൂ​യിൽ മാസ​ന്തോ​റും മാതൃ​കാ​വ​ത​ര​ണങ്ങൾ മാറി​മാ​റി വരാറുണ്ട്. അവ പരീക്ഷി​ച്ചു​നോ​ക്കുക. എന്നാൽ നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകളെ അലട്ടു​ന്നത്‌ വേറെ ചില പ്രശ്‌ന​ങ്ങ​ളാ​ണെ​ങ്കിൽ അവയ്‌ക്കു യോജി​ക്കുന്ന താത്‌പ​ര്യ​ജ​ന​ക​മായ മറ്റ്‌ അവതര​ണങ്ങൾ ഉണ്ടാക്കി ഉപയോ​ഗി​ക്കുക. നിങ്ങൾ ജീവി​ക്കുന്ന ചുറ്റു​പാ​ടി​നെ​യും അവിടെ താമസി​ക്കുന്ന ആളുക​ളെ​യും അവരെ ഏറ്റവും അധികം ബാധി​ക്കുന്ന പ്രശ്‌ന​ങ്ങ​ളെ​യും കുറിച്ച് ചിന്തി​ക്കുക. തുടർന്ന്, അവരെ സഹായി​ക്കുന്ന ഒരു തിരു​വെ​ഴുത്ത്‌ കണ്ടെത്തുക. താനും ഭാര്യ​യും ബൈബിൾ ഉപയോ​ഗി​ക്കു​ന്ന​തിൽ ശ്രദ്ധ ചെലു​ത്തു​ന്നത്‌ എങ്ങനെ​യാ​ണെന്ന് ഒരു സർക്കിട്ട് മേൽവി​ചാ​രകൻ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “വലിച്ചു​വാ​രി പറയാതെ കാര്യ​മാ​ത്ര​പ്ര​സ​ക്ത​മാ​യി സംസാ​രി​ക്കു​ന്നെ​ങ്കിൽ മിക്ക വീട്ടു​കാ​രും ഒരു വാക്യം വായി​ക്കാൻ നമ്മെ അനുവ​ദി​ക്കും. ബൈബിൾ കയ്യിൽ തുറന്നു​പി​ടി​ച്ചു​കൊ​ണ്ടു​തന്നെ വീട്ടു​കാ​രനെ അഭിവാ​ദനം ചെയ്‌ത്‌ പരിച​യ​പ്പെ​ട്ട​ശേഷം ഞങ്ങൾ തിരു​വെ​ഴുത്ത്‌ വായി​ക്കും.” ഇതി​നോ​ട​കം​തന്നെ പലരും വയലിൽ ഉപയോ​ഗിച്ച് ഫലപ്ര​ദ​മെന്നു തെളി​ഞ്ഞി​ട്ടുള്ള ചില വിഷയ​ങ്ങ​ളും ചോദ്യ​ങ്ങ​ളും തിരു​വെ​ഴു​ത്തു​ക​ളും നമുക്കു പരിചി​ന്തി​ക്കാം. നിങ്ങളു​ടെ പ്രദേ​ശത്ത്‌ അവ പരീക്ഷി​ച്ചു​നോ​ക്കാ​വു​ന്ന​താണ്‌.

ശുശ്രൂഷയിൽ ബൈബി​ളും ലഘു​ലേ​ഖ​ക​ളും നിങ്ങൾ ഫലകര​മാ​യി ഉപയോ​ഗി​ക്കു​ന്നു​ണ്ടോ? (8-13 ഖണ്ഡികകൾ കാണുക)

16. യെശയ്യാ​വു 14:7 ശുശ്രൂ​ഷ​യിൽ എങ്ങനെ ഉപയോ​ഗി​ക്കാ​മെന്നു വിശദീ​ക​രി​ക്കുക.

16 കൂടെ​ക്കൂ​ടെ സമാധാ​നം തകരാ​റുള്ള ഒരു പ്രദേ​ശ​ത്താണ്‌ നിങ്ങൾ താമസി​ക്കു​ന്ന​തെ​ങ്കിൽ, വീട്ടു​കാ​ര​നോട്‌ നിങ്ങൾക്ക് ഇങ്ങനെ ചോദി​ക്കാ​നാ​കും: “‘ലോക​മെ​ങ്ങും സമാധാ​നം കളിയാ​ടു​ന്നു; ആളുക​ളെ​ല്ലാം ആനന്ദി​ച്ചാർക്കു​ന്നു’ എന്നും​മ​റ്റു​മുള്ള തലക്കെ​ട്ടു​കൾ പത്രമാ​ധ്യ​മ​ങ്ങ​ളിൽ വരുന്ന​തി​നെ​ക്കു​റിച്ച് നിങ്ങൾക്ക് എന്നെങ്കി​ലും സങ്കല്‌പി​ക്കാ​നാ​കു​മോ? പക്ഷേ, യെശയ്യാ​വു 14:7-ൽ ബൈബിൾ പറയു​ന്നത്‌ അതാണ്‌. വാസ്‌ത​വ​ത്തിൽ, ഭാവി​യിൽ വരാൻപോ​കുന്ന സമാധാ​ന​കാ​ല​ത്തെ​ക്കു​റിച്ച് ഒട്ടനവധി ദൈവി​ക​വാഗ്‌ദാ​നങ്ങൾ ബൈബി​ളി​ലുണ്ട്.” തുടർന്ന്, ആ വാഗ്‌ദാ​ന​ങ്ങ​ളിൽ ഒരെണ്ണം ബൈബി​ളിൽനിന്ന് വായി​ക്കാ​മെന്ന് പറയുക.

17. മത്തായി 4:4 വായി​ക്കാൻ കഴിയും​വി​ധം ഒരു സംഭാ​ഷണം എങ്ങനെ ആരംഭി​ക്കാ​നാ​കും?

17 നിങ്ങളു​ടെ പ്രദേ​ശത്തെ പുരു​ഷ​ന്മാർക്ക് ഉപജീ​വ​ന​ത്തി​നാ​യി ഒരുപാട്‌ കഷ്ടപ്പെ​ടേ​ണ്ടി​വ​രു​ന്നു​ണ്ടോ? അത്തരം സാഹച​ര്യ​ത്തി​ലുള്ള ഒരാളെ കണ്ടുമു​ട്ടു​മ്പോൾ, ഇങ്ങനെ ചോദി​ച്ചു​കൊണ്ട് നിങ്ങൾക്ക് ഒരു സംഭാ​ഷണം ആരംഭി​ക്കാ​നാ​യേ​ക്കും:  “ഒരു ചെറിയ കുടും​ബ​ത്തിന്‌ സന്തോ​ഷ​ത്തോ​ടെ കഴിയാൻ കുടും​ബ​നാ​ഥന്‌ മാസം കുറഞ്ഞത്‌ എന്തു വരുമാ​നം വേണമാ​യി​രി​ക്കും, നിങ്ങൾക്കെന്തു തോന്നു​ന്നു?” വീട്ടു​കാ​രന്‍റെ മറുപടി കേട്ട​ശേഷം ഇങ്ങനെ പറയുക: “അനേകം കുടും​ബ​നാ​ഥ​ന്മാർ അതിലും കൂടുതൽ സമ്പാദി​ക്കു​ന്നുണ്ട്, എന്നിട്ടും അവരുടെ കുടും​ബ​ങ്ങൾക്ക് സംതൃപ്‌തി ആസ്വദി​ക്കാ​നാ​കു​ന്നില്ല. അപ്പോൾപ്പി​ന്നെ ശരിക്കും എന്താണ്‌ ആവശ്യ​മാ​യി​രി​ക്കു​ന്നത്‌?” തുടർന്ന്, മത്തായി 4:4 വായിച്ച് ബൈബി​ള​ധ്യ​യന ക്രമീ​ക​ര​ണ​ത്തെ​ക്കു​റിച്ച് പറയുക.

18. മറ്റുള്ള​വരെ ആശ്വസി​പ്പി​ക്കാൻ നിങ്ങൾക്ക് എങ്ങനെ യിരെ​മ്യാ​വു 29:11 ഉപയോ​ഗി​ക്കാ​നാ​കും?

18 അടുത്ത​കാ​ല​ത്തു​ണ്ടായ ഏതെങ്കി​ലും ഒരു ദുരന്ത​ത്തി​ന്‍റെ ഫലമായി യാതന അനുഭ​വി​ക്കു​ന്ന​വ​രാ​ണോ നിങ്ങളു​ടെ അയൽവാ​സി​കൾ? അങ്ങനെ​യെ​ങ്കിൽ ഇങ്ങനെ പറഞ്ഞു​കൊണ്ട് നിങ്ങൾക്ക് സംഭാ​ഷണം ആരംഭി​ക്കാ​നാ​കും: “അല്‌പം ആശ്വാസം പകരുന്ന ചില കാര്യങ്ങൾ പറയാ​നാണ്‌ ഞാൻ വന്നത്‌. (യിരെമ്യാവു 29:11 വായിക്കുക.) നമുക്കു​വേണ്ടി ദൈവം ആഗ്രഹി​ക്കുന്ന മൂന്നു കാര്യങ്ങൾ നിങ്ങൾ ശ്രദ്ധി​ച്ചോ? നമുക്ക് ‘നന്മ’ വരണ​മെ​ന്നും ‘പ്രത്യാശ’ ഉണ്ടായി​രി​ക്ക​ണ​മെ​ന്നും നാം ‘ശുഭക​ര​മായ ഒരു ഭാവി’ ആസ്വദി​ക്ക​ണ​മെ​ന്നും ആണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌. നമുക്ക് ഒരു നല്ല ജീവി​ത​മു​ണ്ടാ​യി​രി​ക്കാ​നാണ്‌ ദൈവം ആഗ്രഹി​ക്കു​ന്നത്‌ എന്ന് അറിയു​ന്ന​തു​തന്നെ സന്തോ​ഷ​ക​ര​മല്ലേ? പക്ഷേ, അത്‌ എങ്ങനെ സാധ്യ​മാ​കും?” തുടർന്ന്, സുവാർത്താ ലഘുപ​ത്രി​ക​യു​ടെ അനു​യോ​ജ്യ​മായ ഒരു പാഠത്തി​ലേക്ക് ശ്രദ്ധ ക്ഷണിക്കുക.

19. ക്രൈസ്‌ത​വ​രോട്‌ സംസാ​രി​ക്കു​മ്പോൾ വെളി​പാട്‌ 14:6, 7 എങ്ങനെ ഉപയോ​ഗി​ക്കാ​മെന്ന് വിശദീ​ക​രി​ക്കുക.

19 നിങ്ങളു​ടെ പ്രദേ​ശത്തെ ആളുകൾ മതഭക്ത​രാ​ണോ? ക്രൈസ്‌തവ പശ്ചാത്ത​ല​ത്തി​ലുള്ള ഒരാ​ളോട്‌ ഇങ്ങനെ ചോദി​ച്ചു​കൊണ്ട് നിങ്ങൾക്ക് സംഭാ​ഷണം ആരംഭി​ക്കാ​നാ​കും: “ഒരു മാലാഖ, അഥവാ ഒരു ദൈവ​ദൂ​തൻ, നിങ്ങ​ളോട്‌ സംസാ​രി​ക്കു​ക​യാ​ണെ​ങ്കിൽ നിങ്ങൾ അത്‌ താത്‌പ​ര്യ​പൂർവം ശ്രദ്ധി​ക്കി​ല്ലേ? (വെളിപാട്‌ 14:6, 7 വായിക്കുക.) ഈ തിരു​വെ​ഴു​ത്തിൽ കാണുന്ന ദൈവ​ദൂ​തൻ നമ്മോട്‌, ‘ദൈവത്തെ ഭയപ്പെ​ടു​വിൻ’ എന്നാണ്‌ പറയു​ന്നത്‌. അങ്ങനെ​യെ​ങ്കിൽ ഏതു ദൈവ​ത്തെ​ക്കു​റി​ച്ചാണ്‌ ഈ മാലാഖ പറയു​ന്നത്‌ എന്ന് തിരി​ച്ച​റി​യു​ന്നത്‌ പ്രധാ​ന​മല്ലേ? ആ ദൈവ​ത്തെ​ക്കു​റിച്ച് ‘ആകാശ​വും ഭൂമി​യും ഉണ്ടാക്കി​യവൻ’ എന്നൊരു സൂചന അവൻ നമുക്ക് തരുന്നുണ്ട്. അത്‌ ആരാണ്‌?” തുടർന്ന് സങ്കീർത്തനം 124:8 വായി​ക്കുക. അവിടെ ഇങ്ങനെ പറയുന്നു: “നമ്മുടെ സഹായം ആകാശ​ത്തെ​യും ഭൂമി​യെ​യും ഉണ്ടാക്കിയ യഹോ​വ​യു​ടെ നാമത്തിൽ ഇരിക്കു​ന്നു.” യഹോ​വ​യാം ദൈവ​ത്തെ​ക്കു​റിച്ച് കൂടുതൽ വിശദീ​ക​രി​ക്കാ​നാ​യി വീണ്ടും വരാ​മെന്നു പറഞ്ഞു​കൊണ്ട് മടക്കസ​ന്ദർശനം ക്രമീ​ക​രി​ക്കുക.

20. (എ) ദൈവ​ത്തി​ന്‍റെ പേര്‌ പഠിപ്പി​ക്കാൻ സദൃശ​വാ​ക്യ​ങ്ങൾ 30:4 നമുക്ക് എങ്ങനെ ഉപയോ​ഗി​ക്കാൻ കഴിയും? (ബി) നിങ്ങൾ ഉപയോ​ഗിച്ച് ഫലംകണ്ട ചില വാക്യങ്ങൾ പറയുക.

20 ചെറു​പ്പ​ക്കാ​രോട്‌ സംഭാ​ഷണം തുടങ്ങു​ന്ന​തിന്‌ ഒരുപക്ഷേ നിങ്ങൾക്ക് ഇങ്ങനെ പറയാം: “വളരെ പ്രധാ​ന​പ്പെട്ട ഒരു ചോദ്യം അടങ്ങിയ ഒരു ബൈബിൾവാ​ക്യം ഞാൻ വായി​ച്ചു​കേൾപ്പി​ക്കാം. (സദൃശവാക്യങ്ങൾ 30:4 വായിക്കുക.) ഈ വിവര​ണ​ത്തി​നു ചേരുന്ന ഒരു മനുഷ്യ​നു​മില്ല, അതു​കൊണ്ട് തീർച്ച​യാ​യും അത്‌ നമ്മുടെ സ്രഷ്ടാ​വി​നെ​ക്കു​റി​ച്ചു​ത​ന്നെ​യാണ്‌ പറയു​ന്നത്‌. * പക്ഷേ, അവന്‍റെ പേര്‌ നമുക്ക് എങ്ങനെ കണ്ടുപി​ടി​ക്കാ​നാ​കും? ബൈബി​ളിൽ അതുണ്ട്. ഞാൻ കാണി​ച്ചു​ത​രട്ടേ?”

ദൈവവചനം നിങ്ങളു​ടെ ശുശ്രൂ​ഷയെ ശക്തമാ​ക്കട്ടെ

21, 22. (എ) ചിന്തിച്ച് തിര​ഞ്ഞെ​ടുത്ത ഒരു തിരു​വെ​ഴു​ത്തിന്‌ ഒരാളു​ടെ ജീവി​ത​ത്തിൽ മാറ്റം വരുത്താ​നാ​കു​ന്നത്‌ എങ്ങനെ? (ബി) ശുശ്രൂഷ നിർവ​ഹി​ക്കവെ എന്താണ്‌ നിങ്ങളു​ടെ ദൃഢനി​ശ്ചയം?

21 വാക്യങ്ങൾ തിര​ഞ്ഞെ​ടുത്ത്‌ ഉപയോ​ഗി​ക്കു​മ്പോൾ നാം ഒട്ടും പ്രതീ​ക്ഷി​ക്കാത്ത വിധത്തിൽ അത്‌ ആളുക​ളു​ടെ ഹൃദയത്തെ സ്‌പർശി​ച്ചേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, ഓസ്‌ട്രേ​ലി​യ​യി​ലെ രണ്ടു സാക്ഷികൾ വീടു​തോ​റു​മുള്ള വേലയിൽ ഒരു യുവതി​യെ കണ്ടുമു​ട്ടി. അവരിൽ ഒരാൾ അവളോട്‌ ചോദി​ച്ചു: “ദൈവ​ത്തി​ന്‍റെ പേര്‌ എന്താ​ണെന്ന് അറിയാ​മോ?” എന്നിട്ട്, സങ്കീർത്തനം 83:18 വായി​ച്ചു​കേൾപ്പി​ച്ചു. “ഞാൻ തരിച്ചു​നി​ന്നു​പോ​യി!” ആ യുവതി പറയുന്നു. “അവർ പോയ ഉടനെ ഞാൻ 56 കിലോ​മീ​റ്റർ വണ്ടി​യോ​ടിച്ച് ഒരു പുസ്‌ത​ക​ശാ​ല​യിൽ ചെന്ന് മറ്റു ബൈബിൾ ഭാഷാ​ന്ത​രങ്ങൾ എടുത്തു​നോ​ക്കി. ഒരു നിഘണ്ടു​വി​ലും ഞാൻ ആ പേര്‌ പരി​ശോ​ധി​ച്ചു. ദൈവ​ത്തി​ന്‍റെ പേര്‌ യഹോവ എന്നാ​ണെന്ന് ബോധ്യം​വ​ന്ന​പ്പോൾ, അങ്ങനെ​യെ​ങ്കിൽ എനിക്ക് അറിയി​ല്ലാത്ത എന്തെല്ലാം ഇനിയും കണ്ടേക്കാം എന്ന് ഞാൻ അതിശ​യി​ച്ചു.” താമസി​യാ​തെ അവളും പ്രതി​ശ്രു​ത​വ​ര​നും ബൈബിൾ പഠിക്കാൻ തുടങ്ങി, പിന്നീട്‌ സ്‌നാ​ന​മേൽക്കു​ക​യും ചെയ്‌തു.

22 ദൈവ​വ​ചനം വായി​ക്കു​ക​യും യഹോ​വ​യു​ടെ ജീവനുള്ള വാഗ്‌ദാ​ന​ങ്ങ​ളിൽ വിശ്വാ​സം നട്ടുവ​ളർത്തു​ക​യും ചെയ്യു​ന്ന​വ​രു​ടെ ജീവി​ത​ത്തിൽ അത്‌ മാറ്റങ്ങൾ വരുത്തു​ന്നു. (1 തെസ്സലോനിക്യർ 2:13 വായിക്കുക.) മറ്റൊ​രാ​ളു​ടെ ഹൃദയ​ത്തിൽ എത്തി​ച്ചേ​രാ​നാ​യി നാം പറയാൻ ശ്രമി​ച്ചേ​ക്കാ​വുന്ന എന്തി​നെ​ക്കാ​ളും ശക്തമാണ്‌ ബൈബി​ളി​ലെ സന്ദേശം. അതു​കൊണ്ട്, സാധ്യ​മായ അവസര​ങ്ങ​ളി​ലെ​ല്ലാം നാം ദൈവ​ത്തി​ന്‍റെ വചനം ഉപയോ​ഗി​ക്കണം. അത്‌ ജീവനു​ള്ള​താണ്‌!

^ ഖ. 6 നിങ്ങളുടെ പ്രദേ​ശത്തെ സാഹച​ര്യ​ങ്ങൾ മനസ്സിൽപ്പി​ടി​ച്ചു​കൊണ്ട്, ഈ ലേഖന​ത്തി​ലെ നിർദേ​ശങ്ങൾ പ്രാവർത്തി​ക​മാ​ക്കു​മ്പോൾ വിവേ​ച​ന​യു​ള്ള​വ​രാ​യി​രി​ക്കുക.

^ ഖ. 13 ഡെൻസോ വേവ്‌ ഇൻകോർപറേറ്റഡ്‌ എന്ന കമ്പനിയുടെ അംഗീകൃത ട്രേഡ്‌മാർക്കാണ്‌ ക്യൂആർ കോഡ്‌.

^ ഖ. 20 1987 ജൂലൈ 15 ലക്കം വീക്ഷാഗോപുരം (ഇംഗ്ലീഷ്‌) 31-‍ാ‍ം പേജിലെ “വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ” കാണുക.