വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നമ്മോട്‌ അടുത്തു​വ​രു​ന്നത്‌ എങ്ങനെ?

യഹോവ നമ്മോട്‌ അടുത്തു​വ​രു​ന്നത്‌ എങ്ങനെ?

“ദൈവ​ത്തോട്‌ അടുത്തു ചെല്ലു​വിൻ; എന്നാൽ അവൻ നിങ്ങ​ളോട്‌ അടുത്തു വരും.”—യാക്കോ. 4:8.

1. മനുഷ്യ​സ​ഹ​ജ​മായ എന്ത് ആഗ്രഹ​മാണ്‌ നമു​ക്കെ​ല്ലാം ഉള്ളത്‌, അത്‌ ആർക്ക് തൃപ്‌തി​പ്പെ​ടു​ത്താ​നാ​കും?

മറ്റുള്ള​വ​രു​മാ​യി അടുപ്പ​വും സ്‌നേ​ഹ​ബ​ന്ധ​വും ആസ്വദി​ക്കാ​നുള്ള അദമ്യ​മായ ഒരു ആഗ്രഹം മനുഷ്യ​സ​ഹ​ജ​മാണ്‌. പരസ്‌പരം നന്നായി മനസ്സി​ലാ​ക്കു​ക​യും ഉറ്റു സ്‌നേ​ഹി​ക്കു​ക​യും ചെയ്യു​ന്ന​വ​രെ​ക്കു​റിച്ച് ‘അവർ തമ്മിൽ നല്ല അടുപ്പ​ത്തി​ലാണ്‌’ എന്ന് നാം പറയാ​റുണ്ട്. നമ്മെ മനസ്സി​ലാ​ക്കു​ക​യും വിലമ​തി​ക്കു​ക​യും സ്‌നേ​ഹി​ക്കു​ക​യും ചെയ്യുന്ന കുടും​ബാം​ഗ​ങ്ങ​ളോ​ടും സുഹൃ​ത്തു​ക്ക​ളോ​ടും ഉള്ള നമ്മുടെ സ്‌നേ​ഹ​ബ​ന്ധങ്ങൾ സ്വാഭാ​വി​ക​മാ​യും നമ്മുടെ മേൽ ക്രിയാ​ത്മ​ക​മായ ഒരു പ്രഭാവം ചെലു​ത്തു​ന്നു. എന്നാൽ നാം വളർത്തി​യെ​ടു​ക്കേണ്ട ഏറ്റവും ഉറ്റബന്ധം നമ്മുടെ മഹാ​സ്ര​ഷ്ടാ​വി​നോ​ടാ​യി​രി​ക്കണം.—സഭാ. 12:1.

2. യഹോവ നമുക്ക് എന്തു വാഗ്‌ദാ​നം നൽകുന്നു, എന്നാൽ അനേകം ആളുകൾ അതു വിശ്വ​സി​ക്കാ​ത്തത്‌ എന്തു​കൊണ്ട്?

2 നാം യഹോ​വ​യോട്‌ ‘അടുത്തു ചെല്ലാൻ’ അവൻ തന്‍റെ വചനത്തി​ലൂ​ടെ നമ്മോട്‌ ആവശ്യ​പ്പെ​ടു​ന്നു, നാം അങ്ങനെ ചെയ്യു​ന്നെ​ങ്കിൽ നമ്മോട്‌ ‘അടുത്തു വരാം’ എന്ന് അവൻ വാഗ്‌ദാ​ന​വും ചെയ്യുന്നു. (യാക്കോ. 4:8) എത്ര ഹൃദ​യോഷ്‌മ​ള​മായ ഒരു ആശയമാണ്‌ അത്‌! പക്ഷേ, ദൈവം തങ്ങളോട്‌ അടുത്തു​വ​രാൻ ആഗ്രഹി​ക്കു​ന്നു എന്നൊക്കെ വിശ്വ​സി​ക്കു​ന്നത്‌ യാഥാർഥ്യ​ത്തി​നു നിരക്കാ​ത്ത​താ​ണെന്ന് അനേകർ കരുതു​ന്നു. മാത്ര​വു​മല്ല, ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാൻ തങ്ങൾ അയോ​ഗ്യ​രാ​ണെ​ന്നും അടുത്തു ചെല്ലാ​നാ​കാ​ത്ത​വി​ധം ദൈവം അകലെ​യാ​ണെ​ന്നും അവർക്ക് തോന്നു​ന്നു. എന്നാൽ യഹോ​വ​യു​മാ​യി ഒരു ഉറ്റസഖി​ത്വം ശരിക്കും സാധ്യ​മാ​ണോ?

3. യഹോ​വ​യെ​ക്കു​റിച്ച് എന്തു വസ്‌തുത നാം തിരി​ച്ച​റി​യണം?

3 യഹോ​വയെ കണ്ടെത്താൻ ആഗ്രഹി​ക്കു​ന്ന​വ​രിൽനി​ന്നും അവൻ “അകന്നി​രി​ക്കു​ന്നില്ല” എന്നതാണ്‌ വാസ്‌തവം. അവനെ അറിയുക തീർച്ച​യാ​യും സാധ്യ​മാണ്‌.  (പ്രവൃത്തികൾ 17:26, 27; സങ്കീർത്തനം 145:18 വായിക്കുക.) അപൂർണ​രായ മനുഷ്യർപോ​ലും താനു​മാ​യി ഒരു അടുത്ത​ബന്ധം ആസ്വദി​ക്കണം എന്നതാണ്‌ നമ്മുടെ ദൈവ​ത്തി​ന്‍റെ ഉദ്ദേശ്യം. തന്‍റെ ഉറ്റസു​ഹൃ​ത്തു​ക്ക​ളെന്ന നിലയിൽ അവരെ തന്‍റെ പ്രീതി​യി​ലേക്ക് കൈ​ക്കൊ​ള്ളാൻ അവൻ സന്നദ്ധനും ഒരുക്ക​മു​ള്ള​വ​നും ആണ്‌. (യെശ. 41:8; 55:6) സ്വന്തം അനുഭ​വ​ത്തിൽനിന്ന് സങ്കീർത്ത​ന​ക്കാ​രന്‌ യഹോ​വ​യെ​ക്കു​റിച്ച് ഇങ്ങനെ എഴുതാൻ കഴിഞ്ഞു: “പ്രാർത്ഥന കേൾക്കു​ന്ന​വ​നാ​യു​ള്ളോ​വേ, സകലജ​ഡ​വും നിന്‍റെ അടുക്കലേക്കു വരുന്നു. . . . നീ തിര​ഞ്ഞെ​ടു​ത്തു അടുപ്പിക്കുന്ന മനുഷ്യൻ ഭാഗ്യ​വാൻ.” (സങ്കീ. 65:2, 4) യെഹൂ​ദ​രാ​ജാ​വായ ആസാ​യെ​ക്കു​റി​ച്ചുള്ള ബൈബിൾവി​വ​രണം, ഒരു വ്യക്തി യഹോ​വ​യോട്‌ അടുത്തു​ചെ​ന്ന​തി​ന്‍റെ ഒരു ഉത്തമ ഉദാഹ​ര​ണ​മാണ്‌. യഹോവ അതി​നോട്‌ എങ്ങനെ പ്രതി​ക​രി​ച്ചു എന്നും അത്‌ വെളി​പ്പെ​ടു​ത്തു​ന്നു. *

ഒരു പുരാതന ദൃഷ്ടാ​ന്ത​ത്തിൽനിന്ന് പഠിക്കുക

4. യെഹൂ​ദ​ജ​ന​തയ്‌ക്ക് ആസാ രാജാവ്‌ എന്തു മാതൃക വെച്ചു?

4 ആസാ രാജാവ്‌ തന്‍റെ ദേശത്ത്‌ ആഴത്തിൽ വേരു​പി​ടി​ച്ചി​രുന്ന ആലയ​വേ​ശ്യാ​വൃ​ത്തി​യും വിഗ്ര​ഹാ​രാ​ധ​ന​യും പിഴു​തെ​റി​ഞ്ഞു​കൊണ്ട് സത്യാ​രാ​ധ​ന​യോട്‌ അസാമാ​ന്യ​തീക്ഷ്ണത പ്രകട​മാ​ക്കി. (1 രാജാ. 15:9-13) തികഞ്ഞ സംസാ​ര​സ്വാ​ത​ന്ത്ര്യ​ത്തോ​ടെ അവൻ തന്‍റെ ജനത്തോട്‌ “അവരുടെ പിതാ​ക്ക​ന്മാ​രു​ടെ ദൈവ​മായ യഹോ​വയെ അന്വേ​ഷി​പ്പാ​നും ന്യായ​പ്ര​മാ​ണ​വും കല്‌പ​ന​യും ആചരിച്ചു നടപ്പാ​നും” കല്‌പി​ച്ചു. തന്നിമി​ത്തം, ആസായു​ടെ ഭരണത്തി​ന്‍റെ ആദ്യ പത്തുവർഷം സമ്പൂർണ​സ​മാ​ധാ​നം നൽകി​ക്കൊണ്ട് യഹോവ ദേശത്തെ അനു​ഗ്ര​ഹി​ച്ചു. ആ സ്വസ്ഥതയ്‌ക്കു കാരണ​മാ​യി ആസാ ചൂണ്ടി​ക്കാ​ണി​ച്ചത്‌ എന്താണ്‌? “നാം നമ്മുടെ ദൈവ​മായ യഹോ​വയെ അന്വേ​ഷി​ച്ച​തു​കൊ​ണ്ടു ദേശം നമുക്കു സ്വാധീ​ന​മാ​യി​രി​ക്കു​ന്നു​വ​ല്ലോ; നാം അവനെ അന്വേ​ഷി​ക്ക​യും അവൻ ചുറ്റും നമുക്കു വിശ്രമം നല്‌ക​യും ചെയ്‌തി​രി​ക്കു​ന്നു” എന്ന് അവൻ തന്‍റെ ജനത്തോട്‌ പറഞ്ഞു. (2 ദിന. 14:1-7) അടുത്ത​താ​യി എന്തു സംഭവി​ച്ചു എന്ന് നോക്കാം.

5. ദൈവ​ത്തി​ലുള്ള ആസായു​ടെ ആശ്രയം മാറ്റു​രയ്‌ക്ക​പ്പെ​ട്ടത്‌ എങ്ങനെ, എന്തായി​രു​ന്നു അനന്തര​ഫലം?

5 ഒരു നിമിഷം ആസായു​ടെ സാഹച​ര്യ​ത്തിൽ നിന്ന് ചിന്തി​ക്കുക. 10,00,000 പടയാ​ളി​ക​ളും 300 യുദ്ധര​ഥ​ങ്ങ​ളു​മാ​യി കൂശ്യ​നായ (എത്യോ​പ്യ​നായ) സേരഹ്‌ യെഹൂ​ദയ്‌ക്കു​നേരെ പട നയിക്കു​ക​യാണ്‌. (2 ദിന. 14:8-10) നിങ്ങളു​ടെ രാജ്യത്തെ ലക്ഷ്യം​വെ​ച്ചുള്ള, ആ മഹാ​സൈ​ന്യ​ത്തി​ന്‍റെ വരവ്‌ കാണു​മ്പോൾ നിങ്ങൾ എങ്ങനെ പ്രതി​ക​രി​ക്കും? നിങ്ങളു​ടെ സൈനി​ക​രു​ടെ എണ്ണം 5,80,000 മാത്രം! നിങ്ങളു​ടെ സൈന്യ​ത്തി​ന്‍റെ ഇരട്ടി​യോ​ളം വരുന്ന ഒരു മഹാ​സൈ​ന്യ​ത്തി​ന്‍റെ കടന്നാ​ക്ര​മണം ദൈവം അനുവ​ദി​ക്കു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്ന് അറിയാ​തെ നിങ്ങൾ സ്‌തം​ഭിച്ച് നിന്നു​പോ​കു​മോ? ഈ അടിയ​ന്തി​ര​സാ​ഹ​ച​ര്യം ഉളവാ​ക്കിയ അങ്കലാ​പ്പിൽ സമചിത്തത കൈവിട്ട്, സ്വന്തം ജ്ഞാനത്തിൽ ആശ്രയിച്ച് കാര്യങ്ങൾ കൈകാ​ര്യം ചെയ്യാൻ നിങ്ങൾ മുതി​രു​മോ? ആസായ്‌ക്ക് യഹോ​വ​യോ​ടു​ണ്ടാ​യി​രുന്ന ഉറ്റബന്ധ​വും അവനി​ലുള്ള അടിയു​റച്ച ആശ്രയ​വും അവൻ പ്രതി​ക​രിച്ച വിധത്തിൽ പ്രതി​ഫ​ലി​ച്ചു. അവൻ മുട്ടി​പ്പാ​യി ഇങ്ങനെ വിളി​ച്ച​പേ​ക്ഷി​ച്ചു: “ഞങ്ങളുടെ ദൈവ​മായ യഹോവേ, ഞങ്ങളെ, സഹായി​ക്കേ​ണമേ; നിന്നിൽ ഞങ്ങൾ ആശ്രയി​ക്കു​ന്നു; നിന്‍റെ നാമത്തിൽ ഞങ്ങൾ ഈ പുരു​ഷാ​ര​ത്തി​ന്നു നേരെ പുറ​പ്പെ​ട്ടു​വ​ന്നി​രി​ക്കു​ന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മർത്യൻ നിന്‍റെ നേരെ പ്രബല​നാ​ക​രു​തേ.” ആസായു​ടെ മനമു​രു​കി​യുള്ള ആ അഭയയാ​ച​ന​യോട്‌ ദൈവം എങ്ങനെ​യാണ്‌ പ്രതി​ക​രി​ച്ചത്‌? “യഹോവ . . . കൂശ്യരെ തോല്‌ക്കു​മാ​റാ​ക്കി.” ആ രണഭൂ​മി​യിൽ ശത്രു​പ​ക്ഷത്ത്‌ ഒരൊറ്റ പടയാ​ളി​പോ​ലും അതിജീ​വി​ച്ചില്ല!—2 ദിന. 14:11-13.

6. ആസായു​ടെ എന്ത് മാതൃക നാം അനുക​രി​ക്കണം?

6 ദൈവ​ത്തി​ന്‍റെ വഴിന​യി​ക്ക​ലി​ലും സംരക്ഷ​ണ​ത്തി​ലും പരിപൂർണ​മാ​യി ആശ്രയം അർപ്പി​ക്കാൻ ആസായ്‌ക്ക് സാധ്യ​മാ​യത്‌ എന്തു​കൊ​ണ്ടാണ്‌? “ആസാ . . . യഹോ​വെക്കു പ്രസാ​ദ​മാ​യു​ള്ളതു ചെയ്‌തു” എന്നും “ആസയുടെ ഹൃദയം . . . യഹോ​വ​യി​ങ്കൽ ഏകാ​ഗ്ര​മാ​യി​രു​ന്നു” എന്നും ബൈബിൾ പറയുന്നു. (1 രാജാ. 15:11, 14) നമ്മളും ഏകാ​ഗ്ര​ഹൃ​ദ​യ​ത്തോ​ടെ, മുഴു​ഹൃ​ദ​യ​ത്തോ​ടെ വേണം യഹോ​വയെ സേവി​ക്കാൻ. അങ്ങനെ ചെയ്യു​ന്നത്‌ ഇപ്പോ​ഴും ഭാവി​യി​ലും ദൈവ​വു​മാ​യി ഒരു ഹൃദയ​ബന്ധം ആസ്വദി​ക്കാൻ അത്യന്താ​പേ​ക്ഷി​ത​മാണ്‌. യഹോവ നമ്മെ അവനി​ലേക്ക് അടുപ്പി​ക്കാൻ മുൻകൈ​യെ​ടുത്ത്‌ പ്രവർത്തി​ച്ചി​രി​ക്കു​ന്നു. അവനു​മാ​യി ഒരു അടുത്ത ബന്ധം രൂപ​പ്പെ​ടു​ത്താ​നും കാത്തു​സൂ​ക്ഷി​ക്കാ​നും അവൻ നമ്മെ സഹായി​ച്ചി​രി​ക്കു​ന്നു. അതിൽ നമുക്ക് എത്ര നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും! ദൈവം അങ്ങനെ ചെയ്‌തി​രി​ക്കുന്ന രണ്ടു മുഖാ​ന്ത​ര​ങ്ങ​ളെ​ക്കു​റിച്ച് നമുക്ക് പരിചി​ന്തി​ക്കാം.

മറുവില മുഖാ​ന്തരം യഹോവ നമ്മെ അവനി​ലേക്ക് അടുപ്പി​ച്ചി​രി​ക്കു​ന്നു

7. (എ) യഹോവ ചെയ്‌തി​രി​ക്കുന്ന എന്തെല്ലാ​മാണ്‌ നമ്മെ അവനി​ലേക്ക് അടുപ്പി​ക്കു​ന്നത്‌? (ബി) ദൈവം നമ്മെ അവനി​ലേക്ക് അടുപ്പി​ക്കുന്ന മുഖ്യ​മു​ഖാ​ന്തരം ഏതാണ്‌?

7 അതിമ​നോ​ഹ​ര​മായ നമ്മുടെ ഭൗമഭ​വ​നത്തെ സൃഷ്ടി​ച്ചൊ​രു​ക്കു​ക​വഴി മാനവ​കു​ടും​ബ​ത്തോ​ടുള്ള  തന്‍റെ സ്‌നേഹം യഹോവ പ്രകട​മാ​ക്കി. വിസ്‌മ​യാ​വ​ഹ​മായ ഭൗതി​ക​വി​ഭ​വങ്ങൾ മുഖാ​ന്തരം നമ്മുടെ ജീവൻ നിലനി​റു​ത്തി​ക്കൊണ്ട് അവൻ ഇപ്പോ​ഴും നമ്മോ​ടുള്ള സ്‌നേഹം പ്രദർശി​പ്പി​ക്കു​ക​യാണ്‌. (പ്രവൃ. 17:28; വെളി. 4:11) അതിലും പ്രധാ​ന​മാ​യി, നമ്മുടെ ആത്മീയാ​വ​ശ്യ​ങ്ങൾ യഹോവ നോക്കി​ന​ട​ത്തു​ന്നു. (ലൂക്കോ. 12:42) കൂടാതെ, നാം പ്രാർഥി​ക്കു​മ്പോൾ വ്യക്തി​പ​ര​മാ​യി താൻ അത്‌ ശ്രദ്ധ​വെച്ച് കേൾക്കു​ന്നു​വെന്ന് അവൻ നമുക്ക് ഉറപ്പു​നൽകു​ന്നു. (1 യോഹ. 5:14) എന്നിരു​ന്നാ​ലും, ദൈവം നമ്മെ അവനി​ലേക്ക് അടുപ്പി​ക്കു​ന്ന​തും നാം അവനി​ലേക്ക് അടുക്കു​ന്ന​തും ഏറ്റവും മുഖ്യ​മാ​യി ദൈവസ്‌നേ​ഹ​ത്തി​ന്‍റെ അത്യുത്‌കൃഷ്ട പ്രകട​ന​മായ മറുവില മുഖാ​ന്ത​ര​മാണ്‌. (1 യോഹന്നാൻ 4:9, 10, 19 വായിക്കുക.) നമ്മെ പാപത്തിൽനി​ന്നും മരണത്തിൽനി​ന്നും വിടു​വി​ക്കാൻ യഹോവ തന്‍റെ “ഏകജാ​ത​നായ പുത്ര”നെ ഭൂമി​യി​ലേക്ക് അയച്ചു.—യോഹ​ന്നാൻ 3:16.

8, 9. യഹോ​വ​യു​ടെ ഉദ്ദേശ്യ​ത്തിൽ എന്തു പങ്കാണ്‌ യേശു വഹിക്കു​ന്നത്‌?

8 ക്രിസ്‌തു​വി​നു മുമ്പ് ജീവി​ച്ചി​രു​ന്ന​വർക്കു​പോ​ലും മറുവി​ല​യിൽനിന്ന് പ്രയോ​ജനം നേടുക യഹോവ സാധ്യ​മാ​ക്കി. വരാനി​രുന്ന ഒരു രക്ഷക​നെ​ക്കു​റി​ച്ചുള്ള പ്രവചനം ഉച്ചരി​ച്ച​പ്പോൾത്തന്നെ മറുവില നൽകി​ക്ക​ഴി​ഞ്ഞ​തു​പോ​ലെ ദൈവം കണക്കാക്കി. കാരണം തന്‍റെ ഉദ്ദേശ്യ​ങ്ങ​ളൊ​ന്നും ഒരുകാ​ര​ണ​വ​ശാ​ലും പരാജ​യ​പ്പെ​ടി​ല്ലെന്ന് യഹോ​വയ്‌ക്ക് അറിയാ​മാ​യി​രു​ന്നു. (ഉല്‌പ. 3:15) “ക്രിസ്‌തു​യേശു നൽകിയ മറുവി​ല​യാ​ലുള്ള വീണ്ടെ​ടു​പ്പി”നെപ്രതി ദൈവ​ത്തോ​ടുള്ള തന്‍റെ ആഴമായ വിലമ​തിപ്പ് നൂറ്റാ​ണ്ടു​കൾക്കു ശേഷം അപ്പൊസ്‌ത​ല​നായ പൗലോസ്‌ പ്രകടി​പ്പി​ക്കു​ക​യു​ണ്ടാ​യി. ദൈവം “ക്ഷമയോ​ടെ കാത്തി​രുന്ന മുൻകാ​ല​ങ്ങ​ളിൽ (അവൻ) മനുഷ്യ​രു​ടെ പാപങ്ങൾ ക്ഷമി”ച്ചു എന്നും പൗലോസ്‌ പറഞ്ഞു. (റോമ. 3:21-26) നാം ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലു​ന്ന​തിൽ യേശു വഹിക്കുന്ന പങ്ക് എത്ര നിർണാ​യ​ക​മാണ്‌!

9 യേശു​വി​ലൂ​ടെ മാത്രമേ എളിയ​വ​രായ മനുഷ്യർക്ക് യഹോ​വയെ അറിയാ​നും അവനു​മാ​യി അടുപ്പ​വും ആഴമായ ബന്ധവും ആസ്വദി​ക്കാ​നും കഴിയൂ. തിരു​വെ​ഴു​ത്തു​കൾ എങ്ങനെ​യാണ്‌ ഈ സത്യം പ്രദീപ്‌ത​മാ​ക്കു​ന്നത്‌? പൗലോസ്‌ എഴുതി: “ക്രിസ്‌തു​വോ നാം പാപി​ക​ളാ​യി​രി​ക്കു​മ്പോൾത്തന്നെ നമുക്കു​വേണ്ടി മരിച്ചു. ഇതിലൂ​ടെ ദൈവം നമ്മോ​ടുള്ള തന്‍റെ സ്‌നേഹം കാണി​ച്ചു​ത​രു​ന്നു.” (റോമ. 5:6-8) നമ്മൾ ഏതെങ്കി​ലും വിധത്തിൽ യോഗ്യ​രാ​യ​തു​കൊ​ണ്ടല്ല, പകരം യഹോവ നമ്മെ അത്രമേൽ സ്‌നേ​ഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌ യേശു​വി​ന്‍റെ മറുവി​ല​യാ​ഗം അവൻ പ്രദാനം ചെയ്‌തത്‌. “എന്നെ അയച്ച പിതാവ്‌ ആകർഷിച്ചിട്ടല്ലാതെ ഒരു മനുഷ്യ​നും എന്‍റെ അടുക്കൽ വരാൻ കഴിയു​ക​യില്ല” എന്ന് യേശു പറഞ്ഞു. മറ്റൊരു അവസര​ത്തിൽ അവൻ ഇങ്ങനെ പ്രസ്‌താ​വി​ച്ചു: “എന്നിലൂ​ടെ​യ​ല്ലാ​തെ ആരും പിതാ​വി​ന്‍റെ അടുക്ക​ലേക്കു വരുന്നില്ല.” (യോഹ. 6:44; 14:6) യഹോവ യേശു​ക്രിസ്‌തു​വി​ലൂ​ടെ വ്യക്തി​കളെ തന്നി​ലേക്ക് അടുപ്പി​ക്കു​ന്ന​തും അനന്തജീ​വന്‍റെ പ്രത്യാ​ശ​യോ​ടെ തന്‍റെ സ്‌നേ​ഹ​ത്തിൽ നിലനിൽക്കാൻ അവരെ സഹായി​ക്കു​ന്ന​തും പരിശു​ദ്ധാ​ത്മാവ്‌ മുഖാ​ന്ത​ര​മാണ്‌. (യൂദാ 20, 21 വായിക്കുക.) ഇനിയും, യഹോവ നമ്മെ അവനി​ലേക്ക് അടുപ്പി​ക്കുന്ന മറ്റൊരു വിധം പരിചി​ന്തി​ക്കാം.

യഹോവ തന്‍റെ ലിഖി​ത​വ​ചനം മുഖാ​ന്തരം നമ്മെ അവനി​ലേക്ക് അടുപ്പി​ക്കു​ന്നു

10. ദൈവ​ത്തോട്‌ അടുത്തു​ചെ​ല്ലാൻ നമ്മെ സഹായി​ക്കുന്ന എന്തെല്ലാം ബൈബിൾ നമ്മെ പഠിപ്പി​ക്കു​ന്നു?

10 ഈ ലേഖന​ത്തിൽ ഇതുവരെ, നാം 14 ബൈബിൾപുസ്‌ത​ക​ങ്ങ​ളിൽനിന്ന് തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ക്കു​ക​യോ പരാമർശി​ക്കു​ക​യോ ചെയ്യു​ക​യു​ണ്ടാ​യി. ബൈബിൾ ഇല്ലായി​രു​ന്നെ​ങ്കിൽ, സ്രഷ്ടാ​വി​ലേക്ക് അടുത്തു​ചെ​ല്ലുക സാധ്യ​മാ​ണെന്ന് നാം അറിയു​മാ​യി​രു​ന്നോ? മറുവി​ല​യെ​ക്കു​റി​ച്ചും യേശു​വി​ലൂ​ടെ യഹോ​വ​യി​ലേക്ക് അടുത്തു​ചെ​ല്ലാ​നാ​കു​ന്ന​തി​നെ​ക്കുറി​ച്ചും നാം മനസ്സി​ലാ​ക്കു​മാ​യി​രു​ന്നോ? ബൈബി​ളി​ന്‍റെ രചനയ്‌ക്കാ​യി യഹോവ തന്‍റെ ആത്മാവ്‌ മുഖാ​ന്തരം ലേഖകരെ നിശ്ശ്വസ്‌ത​രാ​ക്കി. അവന്‍റെ ആകർഷ​ക​മായ വ്യക്തി​ത്വ​വും അതിമ​ഹ​ത്തായ ഉദ്ദേശ്യ​ങ്ങ​ളും ആ ഗ്രന്ഥം വെളി​പ്പെ​ടു​ത്തു​ന്നു. ഉദാഹ​ര​ണ​ത്തിന്‌, പുറപ്പാ​ടു 34:6, 7-ൽ യഹോവ മോശ​യോട്‌ തന്നെക്കു​റി​ച്ചു​തന്നെ ഇങ്ങനെ വർണിച്ചു: “ദൈവം, കരുണ​യും കൃപയു​മു​ള്ളവൻ; ദീർഘ​ക്ഷ​മ​യും മഹാദ​യ​യും വിശ്വസ്‌ത​ത​യു​മു​ള്ളവൻ. ആയിരം ആയിര​ത്തി​ന്നു ദയ പാലി​ക്കു​ന്നവൻ; അകൃത്യ​വും അതി​ക്ര​മ​വും പാപവും ക്ഷമിക്കു​ന്നവൻ.” അത്തരം ഒരു വ്യക്തി​യി​ലേക്ക് ആകർഷി​ക്ക​പ്പെ​ടാത്ത ആരെങ്കി​ലു​മു​ണ്ടോ? ദൈവ​വ​ച​ന​ത്തി​ന്‍റെ ഏടുക​ളിൽനിന്ന് നാം എത്രയ​ധി​കം ദൈവ​ത്തെ​ക്കു​റിച്ച് പഠിക്കു​ന്നു​വോ അത്രയ​ധി​കം അവൻ നമുക്ക് ഒരു യഥാർഥ​വ്യ​ക്തി​യാ​യി​ത്തീ​രു​മെ​ന്നും അത്രയ​ധി​കം അടുപ്പ​വും ആത്മബന്ധ​വും നമുക്ക് അവനോട്‌ അനുഭ​വ​പ്പെ​ടു​മെ​ന്നും യഹോ​വയ്‌ക്ക് അറിയാം.

11. ദൈവ​ത്തി​ന്‍റെ ഗുണങ്ങ​ളെ​യും വഴിക​ളെ​യും കുറിച്ച് നാം മനസ്സി​ലാ​ക്കാൻ ശ്രമി​ക്കേ​ണ്ടത്‌ എന്തു​കൊണ്ട്? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

11 ദൈവ​വു​മാ​യി നമുക്ക് എങ്ങനെ ഒരു അടുത്ത ബന്ധത്തി​ലേക്ക് വരാൻ കഴിയും എന്നു വിശദീ​ക​രി​ച്ചു​കൊണ്ട്, യഹോയോട്‌ അടുത്തു ചെല്ലുവിൻ എന്ന പുസ്‌ത​ക​ത്തി​ന്‍റെ ആമുഖം ഇങ്ങനെ പറയുന്നു: “ഏതു സൗഹൃ​ദ​ത്തി​ലും, അടുപ്പം അടിസ്ഥാ​ന​പ്പെ​ട്ടി​രി​ക്കു​ന്നത്‌ ഒരു വ്യക്തിയെ അടുത്ത​റി​യു​ന്ന​തി​ലും അയാളു​ടെ വ്യതി​രി​ക്ത​മായ ഗുണങ്ങളെ വിലമ​തി​ക്കു​ന്ന​തി​ലും ആണ്‌. അതു​കൊണ്ട് ബൈബി​ളിൽ  വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന, ദൈവ​ത്തി​ന്‍റെ ഗുണങ്ങ​ളെ​യും പ്രവർത്ത​ന​രീ​തി​ക​ളെ​യും കുറിച്ചു പഠി​ക്കേ​ണ്ടത്‌ അതി​പ്ര​ധാ​ന​മാണ്‌.” മനുഷ്യ​രായ നമുക്ക് മനസ്സി​ലാ​ക്കാൻപോന്ന വിധം യഹോവ തന്‍റെ വചനം എഴുതി​പ്പി​ച്ച​തിൽ നമുക്ക് അവനോട്‌ അളവറ്റ നന്ദിയു​ള്ള​വ​രാ​യി​രി​ക്കാൻ കഴിയും!

12. ബൈബിൾ എഴുതാൻ യഹോവ മനുഷ്യ​രെ ഉപയോ​ഗി​ച്ചത്‌ എന്തു​കൊണ്ട്?

12 യഹോ​വയ്‌ക്ക് വേണ​മെ​ങ്കിൽ ദൂതന്മാ​രെ​ക്കൊണ്ട് ബൈബിൾ എഴുതി​ക്കാ​മാ​യി​രു​ന്നു. അവരാ​കട്ടെ, നമ്മുടെ കാര്യാ​ദി​ക​ളിൽ അതീവ താത്‌പ​ര്യ​മു​ള്ള​വ​രാ​ണു​താ​നും. (1 പത്രോ. 1:12) മനുഷ്യ​വർഗ​ത്തി​നുള്ള ദൈവ​ത്തി​ന്‍റെ സന്ദേശം നിസ്സം​ശ​യ​മാ​യും ദൂതന്മാർക്ക് എഴുതാൻ കഴിയു​മാ​യി​രു​ന്നു. പക്ഷേ, ഒരു മനുഷ്യ​ന്‍റെ കണ്ണിലൂ​ടെ ഏതെങ്കി​ലും ഒരു ദൂതന്‌ കാര്യങ്ങൾ നോക്കി​ക്കാ​ണാൻ കഴിയു​മാ​യി​രു​ന്നോ? നമ്മുടെ ആവശ്യ​ങ്ങ​ളും ആശാഭി​ലാ​ഷ​ങ്ങ​ളും ആത്മസം​ഘർഷ​ങ്ങ​ളും ഉൾക്കൊ​ള്ളാ​നോ അവയു​മാ​യി താദാ​ത്മ്യം പ്രാപി​ക്കാ​നോ അവർക്കു സാധി​ക്കു​മാ​യി​രു​ന്നോ? ഒരിക്ക​ലു​മില്ല. ഇക്കാര്യ​ത്തി​ലെ അവരുടെ പരിമി​തി യഹോ​വയ്‌ക്ക് നന്നായി അറിയാ​മാ​യി​രു​ന്നു. എന്നാൽ, ബൈബിൾര​ച​നയ്‌ക്ക് മനുഷ്യ​ലേ​ഖ​കരെ ഉപയോ​ഗി​ക്കു​ക​വഴി, മനുഷ്യ​ന്‍റെ മനം​തൊ​ടാൻ യഹോ​വയ്‌ക്കാ​യി! ബൈബിൾര​ച​യി​താ​ക്ക​ളു​ടെ​യും ബൈബിൾക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും വികാ​ര​വി​ചാ​ര​ങ്ങ​ളും മനോ​ഗ​ത​ങ്ങ​ളും നമുക്ക് ഉൾക്കൊ​ള്ളാ​നാ​കും. അവരുടെ നിരാ​ശ​ക​ളും ഭയാശ​ങ്ക​ക​ളും അപൂർണ​ത​ക​ളും ആകുല​ത​ക​ളും സമാനു​ക​മ്പ​യോ​ടെ മനസ്സി​ലാ​ക്കാ​നും അവരുടെ സന്തോ​ഷ​ങ്ങ​ളും നേട്ടങ്ങ​ളും മറ്റും സ്വന്തം ഹൃദയ​ത്തിൽ അനുഭ​വി​ച്ച​റി​യാ​നും നമുക്കാ​കും. അതെ, പ്രവാ​ച​ക​നായ ഏലിയാ​വി​നെ​പ്പോ​ലെ, അപൂർണ​മ​നു​ഷ്യ​ന്‍റെ വികാ​ര​വി​ചാ​ര​ങ്ങ​ളി​ലൂ​ടെ സഞ്ചരിച്ച “നമ്മെ​പ്പോ​ലെ​ത​ന്നെ​യുള്ള” വ്യക്തി​ക​ളാ​യി​രു​ന്നു എല്ലാ ബൈബി​ളെ​ഴു​ത്തു​കാ​രും.—യാക്കോ. 5:17.

യഹോവ യോനാ​യോ​ടും പത്രോ​സി​നോ​ടും ഇടപെ​ട്ട​വി​ധം എന്നെ അവനി​ലേക്ക് അടുപ്പി​ക്കു​ന്നത്‌ എങ്ങനെ? (13, 15 ഖണ്ഡികകൾ കാണുക)

13. യോനാ​യു​ടെ പ്രാർഥന എങ്ങനെ​യാണ്‌ നിങ്ങളു​ടെ ഹൃദയ​ത്തോട്‌ സംസാ​രി​ക്കു​ന്നത്‌?

13 ഉദാഹ​ര​ണ​മാ​യി, തന്‍റെ ദിവ്യ​നി​യ​മനം വിട്ട് ഒളി​ച്ചോ​ടി​യ​പ്പോ​ഴുള്ള യോനാ​യു​ടെ മനോ​വ്യാ​പാ​രങ്ങൾ ഒരു ദൈവ​ദൂ​തന്‌ പൂർണ​മാ​യി ഉൾക്കൊണ്ട് സ്വന്തം വാക്കു​ക​ളിൽ പകരാ​നാ​കു​മാ​യി​രു​ന്നോ എന്ന് ചിന്തി​ക്കുക. ആഴിയു​ടെ അഗാധ​ത്തിൽനി​ന്നും യോനാ ദൈവ​ത്തോട്‌ നടത്തിയ പ്രാർഥന ഉൾപ്പെടെ സ്വന്തം ജീവി​ത​രേഖ എഴുതാൻ യഹോവ യോനാ​യെ​ത്തന്നെ ഉപയോ​ഗി​ച്ചത്‌ എത്ര അനു​യോ​ജ്യ​മാ​യി​രു​ന്നു! യോനാ ഇങ്ങനെ പറഞ്ഞു: “എന്‍റെ പ്രാണൻ എന്‍റെ ഉള്ളിൽ ക്ഷീണി​ച്ചു​പോ​യ​പ്പോൾ ഞാൻ യഹോ​വയെ ഓർത്തു.”—യോനാ 1:3, 10; 2:1-9.

14. യെശയ്യാവ്‌ തന്നെക്കു​റി​ച്ചു​തന്നെ എഴുതി​യത്‌ നമുക്ക് ഉൾക്കൊ​ള്ളാ​നാ​കു​ന്നത്‌ എന്തു​കൊണ്ട്?

 14 യെശയ്യാവ്‌ തന്നെക്കു​റി​ച്ചു​തന്നെ എഴുതാൻ യഹോവ ഇടയാ​ക്കിയ ഒരു സന്ദർഭം നോക്കുക. ദൈവ​മ​ഹ​ത്ത്വ​ത്തി​ന്‍റെ ഒരു ദർശനം കണ്ടശേഷം തന്‍റെതന്നെ പാപാ​വ​സ്ഥ​യെ​ക്കു​റിച്ച് ഇങ്ങനെ എഴുതാൻ പ്രവാ​ചകൻ പ്രചോ​ദി​ത​നാ​യി: “എനിക്കു അയ്യോ കഷ്ടം; ഞാൻ നശിച്ചു; ഞാൻ ശുദ്ധി​യി​ല്ലാത്ത അധരങ്ങൾ ഉള്ളോരു മനുഷ്യൻ; ശുദ്ധി​യി​ല്ലാത്ത അധരങ്ങൾ ഉള്ള ജനത്തിന്‍റെ നടുവിൽ വസിക്കു​ന്നു; എന്‍റെ കണ്ണു സൈന്യ​ങ്ങ​ളു​ടെ യഹോ​വ​യായ രാജാ​വി​നെ കണ്ടുവ​ല്ലോ.” (യെശ. 6:5) ഇത്രയ​ധി​കം ഭയാശ്ച​ര്യ​ത്തോ​ടെ ആ വാക്കുകൾ ഉച്ചരി​ക്കാൻ ഒരു ദൂതന്‍റെ മനസ്സു​ണ​രു​മാ​യി​രു​ന്നോ? എന്നാൽ യെശയ്യാവ്‌ എന്ന മനുഷ്യന്‌ അത്‌ സാധി​ക്കു​മാ​യി​രു​ന്നു; മനസ്സലി​വോ​ടെ അവന്‍റെ മാനസി​കാ​വസ്ഥ മനസ്സി​ലാ​ക്കാൻ നമുക്കും സാധി​ക്കും.

15, 16. (എ) സഹമനു​ഷ്യ​രു​ടെ വികാ​ര​ങ്ങ​ളോട്‌ സംവേ​ദ​ക​ത്വ​മു​ള്ള​വ​രാ​യി​രി​ക്കാൻ നമുക്ക് സാധി​ക്കു​ന്നത്‌ എന്തു​കൊണ്ട്? ഉദാഹ​ര​ണങ്ങൾ നൽകുക. (ബി) യഹോ​വ​യോട്‌ കൂടുതൽ അടുത്തു ചെല്ലാൻ നമ്മെ എന്തു സഹായി​ക്കും?

15 യാക്കോ​ബി​നെ​പ്പോ​ലെ, ദൈവ​ക​ടാ​ക്ഷ​ത്തിന്‌ താൻ “ഒട്ടും അർഹനല്ല” എന്ന് പറയാൻമാ​ത്രം ഒരു ദൂതന്‌ അയോ​ഗ്യത തോന്നു​മോ? പത്രോ​സി​നെ​പ്പോ​ലെ താൻ “പാപി​യായ മനുഷ്യൻ” എന്ന് ഏതെങ്കി​ലും ഒരു ദൂതൻ പരിത​പി​ക്കേണ്ട ആവശ്യ​മു​ണ്ടോ? (ഉല്‌പ. 32:10, പി.ഒ.സി; ലൂക്കോ. 5:8) യേശു​വി​ന്‍റെ ശിഷ്യ​ന്മാർ “ഭയന്നു​പോയ”തുപോ​ലെ ദൂതന്മാർ ഭയചകി​ത​രാ​കു​മോ? പൗലോ​സി​നും കൂട്ടാ​ളി​കൾക്കും വേണ്ടി​വ​ന്ന​തു​പോ​ലെ എതിർപ്പി​ന്മ​ധ്യേ സുവാർത്ത പ്രസം​ഗി​ക്കാൻ ദൂതന്മാർക്ക് “ധൈര്യ​പ്പെ”ടേണ്ട ആവശ്യം​വ​രു​മോ? (യോഹ. 6:19; 1 തെസ്സ. 2:2) അശേഷ​മില്ല. കാരണം നീതി​യുള്ള ദൈവ​ദൂ​ത​ന്മാ​രെ​ല്ലാം പരിപൂർണ​രും അമാനു​ഷ​പ്ര​ഭാ​വ​ശാ​ലി​ക​ളും ആണ്‌. നേരെ​മ​റിച്ച്, അപൂർണ​രായ മനുഷ്യ​രി​ലാണ്‌ അത്തരം വികാ​രങ്ങൾ ഉടലെ​ടു​ക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ സാമാ​ന്യ​മ​നു​ഷ്യ​രായ നമുക്ക് അത്‌ അനായാ​സം ഉൾക്കൊ​ള്ളാ​നാ​കു​ന്നു. തന്നിമി​ത്തം, ദൈവ​വ​ചനം വായി​ക്കു​മ്പോൾ നമുക്ക് “ആനന്ദി​ക്കു​ന്ന​വ​രോ​ടൊ​പ്പം ആനന്ദി​ക്കു​ക​യും കരയു​ന്ന​വ​രോ​ടൊ​പ്പം കരയു​ക​യും” ചെയ്യുക ശരിക്കും സാധ്യ​മാണ്‌.—റോമ. 12:15.

16 കഴിഞ്ഞ​കാ​ല​ങ്ങ​ളി​ലെ തന്‍റെ വിശ്വസ്‌ത​ദാ​സ​രു​മാ​യി യഹോവ ഇടപെട്ട വിധ​ത്തെ​ക്കു​റിച്ച് ബൈബിൾ പറയു​ന്നത്‌ ധ്യാനി​ക്കു​ന്നെ​ങ്കിൽ, ക്ഷമയോ​ടെ​യും സ്‌നേ​ഹ​ത്തോ​ടെ​യും അപൂർണ​മ​നു​ഷ്യ​രി​ലേക്ക് അടുത്തു​വ​രുന്ന നമ്മുടെ ദൈവ​ത്തെ​ക്കു​റിച്ച് അസംഖ്യം അത്ഭുത​കാ​ര്യ​ങ്ങൾ നാം പഠിക്കും. അങ്ങനെ നാം യഹോ​വയെ അടുത്ത​റി​യാ​നും അവനെ ആഴമായി സ്‌നേ​ഹി​ക്കാ​നും ഇടയാ​കും. തത്‌ഫ​ല​മാ​യി, നമുക്ക് ദൈവ​ത്തോട്‌ ഏറെ അടുത്തു​ചെ​ല്ലാൻ സാധി​ക്കും.—സങ്കീർത്തനം 25:14 വായിക്കുക.

ദൈവവുമായി ഉടയാത്ത ഒരു ബന്ധം വാർത്തെ​ടു​ക്കുക

17. (എ) അസര്യാവ്‌ ആസായ്‌ക്ക് എന്തു സാരോ​പ​ദേശം നൽകി? (ബി) അസര്യാ​വി​ന്‍റെ ബുദ്ധി​യു​പ​ദേശം ആസാ അവഗണി​ച്ചത്‌ എങ്ങനെ, എന്തായി​രു​ന്നു പരിണ​ത​ഫലം?

17 കൂശ്യ​പ്പ​ടയെ നിലം​പ​രി​ശാ​ക്കി വിജയ​ശ്രീ​ലാ​ളി​ത​നാ​യി മടങ്ങി​യെ​ത്തിയ ആസാ രാജാ​വി​നും ജനത്തി​നും ദൈവ​ത്തി​ന്‍റെ പ്രവാ​ച​ക​നായ അസര്യാവ്‌ പിൻവ​രുന്ന ജ്ഞാനോ​പ​ദേശം നൽകി: “നിങ്ങൾ യഹോ​വ​യോ​ടു​കൂ​ടെ ഇരിക്കു​ന്നേ​ട​ത്തോ​ളം അവൻ നിങ്ങ​ളോ​ടു​കൂ​ടെ ഇരിക്കും; അവനെ അന്വേ​ഷി​ക്കു​ന്നു എങ്കിൽ നിങ്ങൾ അവനെ കണ്ടെത്തും; ഉപേക്ഷി​ക്കു​ന്നു എങ്കിലോ അവൻ നിങ്ങ​ളെ​യും ഉപേക്ഷി​ക്കും.” (2 ദിന. 15:1, 2) പക്ഷേ, ആ ബുദ്ധി​യു​പ​ദേശം അനുസ​രി​ക്കു​ന്ന​തിൽ ആസാ പിൽക്കാ​ലത്ത്‌ പരാജ​യ​പ്പെട്ടു. ശത്രുത വെച്ചു​പു​ലർത്തിയ വടക്കേ രാജ്യ​മായ ഇസ്രാ​യേൽ ഭീഷണി​മു​ഴ​ക്കി​യ​പ്പോൾ ആസാ സഹായ​ത്തി​നാ​യി തിരി​ഞ്ഞത്‌ സിറി​യ​യി​ലേ​ക്കാ​യി​രു​ന്നു. യഹോ​വ​യിൽ ആശ്രയി​ച്ചു​കൊണ്ട് തുടർന്നും അവനെ വിളി​ച്ച​പേ​ക്ഷി​ക്കു​ന്ന​തി​നു പകരം പുറജാ​തി​ക​ളു​മാ​യുള്ള സഖ്യത​യാണ്‌ അവൻ തേടി​യത്‌. അതു​കൊ​ണ്ടു​തന്നെ യഹോവ അവനോട്‌ ഇങ്ങനെ പറഞ്ഞു: “ഇതിൽ നീ ഭോഷ​ത്വം പ്രവർത്തി​ച്ചി​രി​ക്കു​ന്നു; ഇനി നിനക്കു യുദ്ധങ്ങൾ ഉണ്ടാകും.” ആസായു​ടെ ഭരണത്തി​ന്‍റെ ശിഷ്ടകാ​ലം യുദ്ധപ​ങ്കി​ല​മാ​യി​രു​ന്നു. (2 ദിന. 16:1-9) എന്താണ്‌ ഇത്‌ നമുക്കു നൽകുന്ന ഗുണപാ​ഠം?

18, 19. (എ) നാം ദൈവ​ത്തിൽനിന്ന് അല്‌പ​മെ​ങ്കി​ലും അകന്നു​പോ​യി​ട്ടു​ണ്ടെ​ങ്കിൽ നാം എന്തു​ചെ​യ്യണം? (ബി) യഹോ​വ​യോട്‌ ഇനിയു​മേറെ അടുത്തു​ചെ​ല്ലാൻ നമുക്ക് എങ്ങനെ സാധി​ക്കും?

18 നാം ഒരിക്ക​ലും യഹോ​വ​യിൽനിന്ന് അകന്നു​മാ​റ​രുത്‌. അവനു​മാ​യുള്ള നമ്മുടെ ബന്ധത്തിൽ അല്‌പ​മെ​ങ്കി​ലും അകൽച്ച വന്നു​പോ​യി​ട്ടു​ണ്ടെ​ങ്കിൽ ഹോശേയ 12:6-ലെ വാക്കു​കൾക്ക് ചേർച്ച​യിൽ നാം അടിയ​ന്തി​ര​ന​ട​പടി സ്വീക​രി​ക്കണം: “അതു​കൊ​ണ്ടു നീ നിന്‍റെ ദൈവ​ത്തി​ന്‍റെ അടുക്ക​ലേക്കു മടങ്ങി​വ​രിക; ദയയും ന്യായ​വും പ്രമാ​ണി​ച്ചു, ഇടവി​ടാ​തെ നിന്‍റെ ദൈവ​ത്തി​ന്നാ​യി കാത്തു​കൊ​ണ്ടി​രിക്ക.” അതെ, മറുവി​ല​യെന്ന അനർഘ​ദാ​ന​ത്തെ​ക്കു​റിച്ച് ആഴമായ വിലമ​തി​പ്പോ​ടെ ധ്യാനി​ച്ചും ദൈവ​വ​ച​ന​മായ ബൈബിൾ ഉത്സാഹ​പൂർവം പഠിച്ചും കൊണ്ട് യഹോ​വ​യു​മാ​യുള്ള നമ്മുടെ ഹൃദയ​ബ​ന്ധ​ത്തി​ന്‍റെ ഇഴയടു​പ്പം നമുക്ക് ഇനിയും വർധി​പ്പി​ക്കാം.—ആവർത്തപുസ്‌തകം 13:4 വായിക്കുക.

19 “ദൈവ​ത്തോ​ടു അടുത്തിരിക്കുന്നതു എനിക്കു നല്ലത്‌” എന്നു സങ്കീർത്ത​ന​ക്കാ​രൻ എഴുതി. (സങ്കീ. 73:28) യഹോ​വ​യെ​ക്കു​റിച്ച് പുതി​യ​പു​തിയ കാര്യങ്ങൾ പഠിക്കു​ന്ന​തിൽ നമുക്ക് തുടരാം. അങ്ങനെ അവനെ സ്‌നേ​ഹി​ക്കാ​നുള്ള അനവധി​യായ കാരണ​ങ്ങ​ളോ​ടുള്ള നമ്മുടെ വിലമ​തിപ്പ് നമുക്ക് ഏറെ ആഴമു​ള്ള​താ​ക്കാം. ഇപ്പോ​ഴും സകലനി​ത്യ​ത​യി​ലും യഹോവ നമ്മോട്‌ അധിക​മ​ധി​കം അടുത്തു​വ​രു​മാ​റാ​കട്ടെ!

^ ഖ. 3 “നിങ്ങളു​ടെ പ്രവൃ​ത്തി​ക്കു പ്രതി​ഫലം ഉണ്ടാകും” എന്ന തലക്കെ​ട്ടിൽ 2012 ആഗസ്റ്റ് 15 വീക്ഷാഗോപു​ത്തിൽ വന്ന ആസാ​യെ​ക്കു​റി​ച്ചുള്ള ലേഖനം കാണുക.