വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എവി​ടെ​യാ​യി​രു​ന്നാ​ലും യഹോ​വ​യു​ടെ ശബ്ദം ശ്രവി​ക്കുക

എവി​ടെ​യാ​യി​രു​ന്നാ​ലും യഹോ​വ​യു​ടെ ശബ്ദം ശ്രവി​ക്കുക

“വഴി ഇതാകു​ന്നു, ഇതിൽ നടന്നു​കൊൾവിൻ എന്നൊരു വാക്കു പിറകിൽനി​ന്നു കേൾക്കും.”—യെശ. 30:21.

1, 2. യഹോവ തന്‍റെ ദാസരു​മാ​യി ആശയവി​നി​മയം നടത്തു​ന്നത്‌ എങ്ങനെ?

ബൈബിൾച​രി​ത്ര​ത്തിൽ ഉടനീളം, യഹോ​വ​യിൽനി​ന്നുള്ള മാർഗ​നിർദേശം നാനാ​വി​ധ​ങ്ങ​ളിൽ ആളുകൾക്ക് ലഭിച്ചി​ട്ടുണ്ട്. ചിലർ ദൈവ​ദൂ​ത​ന്മാ​രി​ലൂ​ടെ​യാണ്‌ തിരു​ശബ്ദം ശ്രവി​ച്ചത്‌. മറ്റു ചിലർക്ക് സ്വപ്‌ന​ദർശ​ന​ങ്ങ​ളി​ലൂ​ടെ വരുങ്കാല സംഭവ​വി​കാ​സങ്ങൾ ദൈവം വെളി​പ്പെ​ടു​ത്തി. കൂടാതെ ചില പ്രത്യേക നിയോ​ഗ​ങ്ങ​ളും അവൻ അവർക്ക് നിയമി​ച്ചു​നൽകി. (സംഖ്യാ. 7:89; യെഹെ. 1:1; ദാനീ. 2:19) മറ്റു ചിലർക്കാ​കട്ടെ, യഹോ​വ​യു​ടെ സംഘട​ന​യു​ടെ ഭൗമഭാ​ഗത്തു സേവിച്ച മാനു​ഷ​പ്ര​തി​നി​ധി​ക​ളി​ലൂ​ടെ​യാണ്‌ നിർദേ​ശങ്ങൾ ലഭിച്ചത്‌. എന്നാൽ കേട്ടത്‌ ഏതു മുഖേന ആയിരു​ന്നാ​ലും അനുസ​രി​ക്കു​ന്ന​താ​യി​രു​ന്നു പ്രധാനം. അപ്പോ​ഴാണ്‌ യഹോ​വ​യു​ടെ ജനം അനു​ഗ്ര​ഹി​ക്ക​പ്പെ​ട്ടത്‌.

2 ഇന്ന്, ബൈബി​ളി​ലൂ​ടെ​യും പരിശു​ദ്ധാ​ത്മാ​വി​ലൂ​ടെ​യും സഭയി​ലൂ​ടെ​യും യഹോവ തന്‍റെ ജനത്തെ നയിക്കു​ന്നു. (പ്രവൃ. 9:31; 15:28; 2 തിമൊ. 3:16, 17) “വഴി ഇതാകു​ന്നു, ഇതിൽ നടന്നു​കൊൾവിൻ” എന്ന് ‘പിറകിൽനി​ന്നു കേൾക്കു​മ്പോ​ലെ’ നമുക്ക് ലഭിക്കുന്ന നിർദേ​ശങ്ങൾ അത്രകണ്ട് വ്യക്തമാണ്‌. (യെശ. 30:21) “വിശ്വസ്‌ത​നും വിവേ​കി​യു​മായ അടിമ”യെ ഉപയോ​ഗി​ച്ചു​കൊണ്ട് യേശു സഭയെ നയിക്കവെ, അവനും യഹോ​വ​യു​ടെ ശബ്ദം പ്രതി​ധ്വ​നി​പ്പി​ക്കു​ക​യാണ്‌. (മത്താ. 24:45) ഈ മാർഗ​നിർദേ​ശ​വും വഴിന​യി​ക്ക​ലും നാം ഒരിക്ക​ലും നിസ്സാ​ര​മ​ട്ടിൽ കാണരുത്‌. കാരണം നമ്മുടെ അനന്തജീ​വി​ത​ത്തിന്‌ ആധാരം അനുസ​ര​ണ​മാണ്‌.—എബ്രാ. 5:9.

3. യഹോ​വയെ കേട്ടനു​സ​രി​ക്കു​ന്ന​തിന്‌ എന്തെല്ലാം തടസ്സം​സൃ​ഷ്ടി​ച്ചേ​ക്കാം? (ലേഖനാ​രം​ഭ​ത്തി​ലെ ചിത്രം കാണുക.)

3 യഹോ​വ​യിൽനിന്ന് നമുക്ക് ലഭിക്കുന്ന ജീവര​ക്ഷാ​ക​ര​മായ ബുദ്ധി​യു​പ​ദേ​ശ​ത്തി​ന്‍റെ വീര്യം കെടു​ത്താൻ പിശാ​ചായ സാത്താൻ കച്ചകെ​ട്ടി​യി​റ​ങ്ങി​യി​രി​ക്കു​ക​യാണ്‌. അതുകൂ​ടാ​തെ, യഹോ​വ​യു​ടെ നിർദേ​ശങ്ങൾ അനുസ​രി​ക്കു​ന്ന​തിന്‌ നമ്മു​ടെ​തന്നെ ‘കപടഹൃ​ദയം’ വിഘ്‌നം നിന്നേ​ക്കാം. (യിരെ. 17:9) അതു​കൊണ്ട്, യഹോ​വ​യു​ടെ ശബ്ദം ശ്രവി​ക്കു​ന്ന​തി​നെ തികച്ചും ഒരു വെല്ലു​വി​ളി​യാ​ക്കി  മാറ്റുന്ന പ്രതി​ബ​ന്ധങ്ങൾ എങ്ങനെ തരണം​ചെ​യ്യാ​നാ​കു​മെന്ന് നമുക്ക് പരിചി​ന്തി​ക്കാം. നമ്മുടെ സാഹച​ര്യ​ങ്ങൾ എന്തുത​ന്നെ​യാ​യി​രു​ന്നാ​ലും യഹോ​വ​യു​മാ​യുള്ള നമ്മുടെ ആശയവി​നി​മയം അവനു​മാ​യുള്ള നമ്മുടെ ബന്ധത്തെ എങ്ങനെ കാത്തു​ര​ക്ഷി​ക്കു​മെ​ന്നും നമുക്ക് നോക്കാം.

സാത്താന്‍റെ ഗൂഢത​ന്ത്ര​ങ്ങളെ മറിക​ട​ക്കുക

4. ആളുക​ളു​ടെ ചിന്തയെ സ്വാധീ​നി​ക്കാൻ സാത്താൻ ശ്രമി​ക്കു​ന്നത്‌ എങ്ങനെ?

4 തെറ്റായ വിവര​ങ്ങ​ളും തെറ്റി​ദ്ധ​രി​പ്പി​ക്കുന്ന പ്രചാ​ര​ണ​ത​ന്ത്ര​ങ്ങ​ളും മുഖേന ആളുക​ളു​ടെ ചിന്താ​ധാ​ര​യു​ടെ ഗതിമാ​റ്റി​വി​ടാ​നാണ്‌ സാത്താന്‍റെ ശ്രമം. (1 യോഹന്നാൻ 5:19 വായിക്കുക.) പത്രമാ​സി​ക​കൾക്കു പുറമേ റേഡി​യോ-ടെലി​വി​ഷൻ-ഇന്‍റർനെറ്റ്‌ മാധ്യ​മങ്ങൾ പ്രക്ഷേ​പണം ചെയ്യുന്ന പ്രചാ​ര​ണ​കോ​ലാ​ഹ​ല​ത്തി​ന്‍റെ ആഗോ​ള​പ്ര​ള​യ​ത്തിൽ ലോക​ത്തി​ന്‍റെ സകല മുക്കും​മൂ​ല​യും ആണ്ടു​പോ​യി​രി​ക്കു​ക​യാണ്‌. രസജന​ക​മായ പല പരിപാ​ടി​ക​ളും അത്തരം മാധ്യ​മങ്ങൾ അവതരി​പ്പി​ച്ചേ​ക്കാ​മെ​ങ്കി​ലും യഹോ​വ​യു​ടെ നിലവാ​ര​ങ്ങൾക്ക് വിരു​ദ്ധ​മായ നടത്തയും മാനദ​ണ്ഡ​ങ്ങ​ളു​മാണ്‌ മിക്ക​പ്പോ​ഴും​തന്നെ അവ ഉന്നമി​പ്പി​ക്കു​ന്നത്‌. (യിരെ. 2:13) ദൃഷ്ടാ​ന്ത​ത്തിന്‌, വാർത്താ-വിനോദ വ്യവസാ​യങ്ങൾ സ്വവർഗ​വി​വാ​ഹ​ത്തെ​ക്കു​റിച്ച് സംസാ​രി​ക്കു​ന്നത്‌ അത്‌ സ്വീകാ​ര്യ​മായ ഒന്നാണ്‌ എന്നതു​പോ​ലെ​യാണ്‌. അങ്ങനെ, സ്വവർഗ​ര​തി​യെ​ക്കു​റി​ച്ചുള്ള ബൈബി​ളി​ന്‍റെ വീക്ഷണം അതിരു​ക​ട​ന്ന​തും യാഥാ​സ്ഥി​തി​ക​വു​മാ​ണെന്ന് ഇന്ന് അനേകം ആളുകൾ ചിന്തി​ച്ചു​തു​ട​ങ്ങി​യി​രി​ക്കു​ന്നു.—1 കൊരി. 6:9, 10.

5. സാത്താ​ന്യ​കു​പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ കുത്തൊ​ഴു​ക്കിൽ പെട്ടു​പോ​കാ​തി​രി​ക്കാൻ നമുക്ക് എങ്ങനെ സാധി​ക്കും?

5 സാത്താ​ന്യ​കു​പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ കുത്തൊ​ഴു​ക്കിൽ പെട്ടു​പോ​കാ​തി​രി​ക്കാൻ ദൈവ​നീ​തി​യെ സ്‌നേ​ഹി​ക്കു​ന്ന​വർക്ക് എങ്ങനെ സാധി​ക്കും? നന്മതി​ന്മകൾ വേർതി​രി​ച്ച​റി​യാൻ അവർക്ക് എങ്ങനെ കഴിയും? “(ദൈവ​ത്തി​ന്‍റെ) വചന​പ്ര​കാ​രം അതിനെ (നടപ്പിനെ) സൂക്ഷി​ക്കു​ന്ന​തി​നാൽ തന്നേ.” (സങ്കീ. 119:9) ആശ്രയ​യോ​ഗ്യ​മായ വിവര​ങ്ങ​ളും കുപ്ര​ചാ​ര​ണ​ങ്ങ​ളും തമ്മിൽ വേർതി​രി​ച്ച​റി​യാൻ മതിയായ മാർഗ​നിർദേശം ദൈവ​വ​ച​ന​ത്തിൽ അടങ്ങി​യി​ട്ടുണ്ട്. (സദൃ. 23:23) “മനുഷ്യൻ . . . യഹോ​വ​യു​ടെ വായിൽനി​ന്നു വരുന്ന സകല വചനം​കൊ​ണ്ടും ജീവി​ക്കേ​ണ്ട​താ​കു​ന്നു” എന്ന് തിരു​വെ​ഴു​ത്തു​കൾ ഉദ്ധരി​ച്ചു​കൊണ്ട് യേശു പറഞ്ഞു. (മത്താ. 4:4) ജീവി​ത​ത്തിൽ ബൈബിൾത​ത്ത്വ​ങ്ങൾ പ്രാവർത്തി​ക​മാ​ക്കേ​ണ്ടത്‌ എങ്ങനെ​യെന്ന് നാം പഠി​ക്കേ​ണ്ട​തുണ്ട്. യോ​സേ​ഫി​ന്‍റെ ദൃഷ്ടാന്തം നോക്കുക. പരസം​ഗ​ത്തി​നെ​തി​രെ​യുള്ള യഹോ​വ​യു​ടെ നിയമം മോശ രേഖ​പ്പെ​ടു​ത്തു​ന്ന​തി​നും ഏറെക്കാ​ലം​മുമ്പ്, യുവാ​വാ​യി​രുന്ന യോ​സേഫ്‌ അത്തരം നടത്ത ദൈവ​ത്തി​നെ​തി​രെ​യുള്ള പാപമാ​ണെന്ന് തിരി​ച്ച​റി​ഞ്ഞി​രു​ന്നു. പോത്തീ​ഫ​റി​ന്‍റെ ഭാര്യ അവനെ തെറ്റി​ലേക്ക് വശീക​രി​ക്കാൻ ശ്രമി​ച്ച​പ്പോൾ യഹോ​വ​യോട്‌ അനുസ​ര​ണ​ക്കേട്‌ കാണി​ക്കു​ന്നത്‌ അവന്‌ അചിന്ത​നീ​യ​മാ​യി​രു​ന്നു. (ഉല്‌പത്തി 39:7-9 വായിക്കുക.) കുറെ​ക്കാ​ല​ത്തേക്ക് അവൾ അവന്‍റെ മേൽ സമ്മർദം ചെലു​ത്തി​യെ​ങ്കി​ലും ദൈവ​ത്തി​ന്‍റെ ശബ്ദത്തെ മൂടി​ക്ക​ള​യാൻ അവൻ അവളുടെ വാക്കു​കളെ അനുവ​ദി​ച്ചില്ല. ശരിയും തെറ്റും വിവേ​ചി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ ശബ്ദത്തിനു കാതു​കൂർപ്പി​ക്കു​ന്ന​തും സാത്താ​ന്യ​കു​പ്ര​ചാ​ര​ണ​ങ്ങ​ളു​ടെ നിരന്തര ശബ്ദകോ​ലാ​ഹ​ല​ത്തി​നു നേരെ കാതു​പൊ​ത്തു​ന്ന​തും അനിവാ​ര്യ​മാണ്‌.

6, 7. സാത്താന്‍റെ വഞ്ചന നിറഞ്ഞ ഉപദേ​ശങ്ങൾ തിരസ്‌ക​രി​ക്കാൻ നാം എന്തു ചെയ്യണം?

6 പരസ്‌പ​ര​വി​രു​ദ്ധ​മായ സിദ്ധാ​ന്ത​ങ്ങ​ളും മതോ​പ​ദേ​ശ​ങ്ങ​ളും കൊണ്ട് കുഴഞ്ഞു​മ​റിഞ്ഞ ഈ ലോക​ത്തിൽ ഒരു സത്യമ​ത​മു​ണ്ടോ എന്ന് തിരയു​ന്നത്‌ വ്യർഥ​വും വൃഥാ​പ്ര​യത്‌ന​വും ആയിരി​ക്കു​മെന്ന് അനേകർ കരുതു​ന്നു. എന്നിരു​ന്നാ​ലും, ദിവ്യ​മാർഗ​നിർദേശം ആഴമായി വിലമ​തി​ക്കു​ന്ന​വർക്ക് അത്‌ വേണ്ടത്ര തെളി​മ​യോ​ടെ​തന്നെ യഹോവ ലഭ്യമാ​ക്കി​യി​രി​ക്കു​ന്നു. ആർക്കു ചെവി​കൊ​ടു​ക്കു​മെന്ന് ഓരോ​രു​ത്ത​രു​മാണ്‌ തീരു​മാ​നി​ക്കേ​ണ്ടത്‌. ഒരേസ​മയം രണ്ടു ശബ്ദങ്ങൾക്ക് ചെവി​കൊ​ടു​ക്കുക അസാധ്യ​മാ​യ​തു​കൊണ്ട് നാം യേശു​വി​ന്‍റെ ‘സ്വരം തിരി​ച്ച​റി​യു​ക​യും’ അവനെ ശ്രദ്ധി​ക്കു​ക​യും വേണം. തന്‍റെ ആടുക​ളു​ടെ മേൽ യഹോവ ആക്കി​വെ​ച്ചി​രി​ക്കു​ന്നത്‌ അവനെ​യാണ്‌.—യോഹന്നാൻ 10:3-5 വായിക്കുക.

7 “കേൾക്കുന്ന കാര്യ​ങ്ങൾക്കു ശ്രദ്ധ നൽകുക” എന്ന് യേശു പറഞ്ഞു. (മർക്കോ. 4:24) യഹോ​വ​യു​ടെ ബുദ്ധി​യു​പ​ദേശം ശരിയും വ്യക്തവും ആണ്‌,  പക്ഷേ അതു സ്വീക​രി​ക്കാൻപോന്ന വിധം ഹൃദയത്തെ ഒരുക്കി​ക്കൊണ്ട് നാം ചെവി​ചായ്‌ച്ച് കേൾക്കേ​ണ്ടത്‌ മർമ​പ്ര​ധാ​ന​മാണ്‌. ശ്രദ്ധയു​ള്ള​വ​ര​ല്ലെ​ങ്കിൽ ദൈവ​ത്തി​ന്‍റെ സ്‌നേ​ഹ​മ​സൃ​ണ​മായ ബുദ്ധി​യു​പ​ദേ​ശ​ത്തി​നു പകരം നാം സാത്താന്‍റെ വഞ്ചന നിറഞ്ഞ ഉപദേ​ശ​ങ്ങൾക്ക് ചെവി​കൊ​ടു​ത്തു​പോ​യേ​ക്കാം. ലോക​ത്തി​ലെ സംഗീതം, വീഡി​യോ​കൾ, ടിവി പരിപാ​ടി​കൾ, പുസ്‌ത​കങ്ങൾ, സഹകാ​രി​കൾ, അധ്യാ​പകർ, വിദഗ്‌ധ​രെന്ന് മേനി​ന​ടി​ക്കു​ന്നവർ ഒക്കെ നമ്മുടെ ജീവി​ത​ത്തി​ന്‍റെ ഗതി നിയ​ന്ത്രി​ക്കാൻ ശ്രമി​ച്ചേ​ക്കാം. പക്ഷേ, ഒരിക്ക​ലും നാം അത്‌ അനുവ​ദി​ച്ചു​കൊ​ടു​ക്ക​രുത്‌!—കൊലോ. 2:8.

8. (എ) നമ്മുടെ ഹൃദയം, നമ്മൾ സാത്താന്‍റെ കുത​ന്ത്ര​ങ്ങൾക്ക് വഴി​പ്പെ​ടാ​നുള്ള സാധ്യത വർധി​പ്പി​ക്കു​ന്നത്‌ എങ്ങനെ? (ബി) ആപൽസൂ​ച​നകൾ അവഗണി​ച്ചാൽ നമുക്ക് എന്ത് സംഭവി​ച്ചേ​ക്കാം?

8 നമു​ക്കെ​ല്ലാം പാപ​പ്ര​വ​ണ​ത​ക​ളു​ണ്ടെന്ന് സാത്താന്‌ അറിയാം, അവ തൃപ്‌തി​പ്പെ​ടു​ത്താൻ പ്രലോ​ഭി​പ്പി​ച്ചു​കൊണ്ട് നമ്മുടെ ദൗർബ​ല്യ​ങ്ങൾ മുത​ലെ​ടു​ക്കാൻ അവൻ വിരു​ത​നാണ്‌. അങ്ങനെ സാത്താൻ നമ്മെ ഉന്നമി​ടു​മ്പോൾ നിർമലത കാത്തു​സൂ​ക്ഷി​ക്കുക നമുക്ക് തികച്ചും ഒരു വെല്ലു​വി​ളി​യാ​യി​ത്തീ​രു​ന്നു. (യോഹ. 8:44-47) ഈ വെല്ലു​വി​ളി വിജയ​ക​ര​മാ​യി നേരി​ടാൻ നമുക്ക് എങ്ങനെ​യാണ്‌ സാധി​ക്കുക? നൈമി​ഷിക സുഖാ​നു​ഭൂ​തി​യിൽ ആമഗ്നനാ​യി​പ്പോ​യതു നിമിത്തം, തന്‍റെ കാര്യ​ത്തിൽ ഒരിക്ക​ലും സംഭവി​ക്കി​ല്ലെന്നു കരുതി​പ്പോന്ന ഒരു തെറ്റി​ലേക്ക് വഴുതി​വീണ ഒരാളു​ടെ കാര്യം ചിന്തി​ക്കുക. (റോമ. 7:15) അദ്ദേഹത്തെ ഈ പരിതാ​പ​ക​ര​മായ അവസ്ഥയിൽ കൊ​ണ്ടെ​ത്തി​ച്ചത്‌ എന്താണ്‌? സാധ്യ​ത​യ​നു​സ​രിച്ച്, അദ്ദേഹ​ത്തിന്‌ യഹോ​വ​യു​ടെ ശബ്ദത്തോ​ടുള്ള സംവേ​ദ​ക​ത്വം കുറെ​ക്കാ​ല​മാ​യി കുറഞ്ഞു​വ​രു​ക​യാ​യി​രു​ന്നി​രി​ക്കണം. ഒന്നുകിൽ, സ്വന്തം ഹൃദയ​ത്തി​നു സംഭവി​ച്ചു​കൊ​ണ്ടി​രുന്ന അപചയ​ത്തി​ന്‍റെ അപായ​സൂ​ച​നകൾ അദ്ദേഹം അറിയാ​തെ​പോ​യി, അല്ലെങ്കിൽ അറിഞ്ഞി​ട്ടും അത്‌ അവഗണി​ച്ചു. ഒരുപക്ഷേ, ക്രമമായ പ്രാർഥന മുടങ്ങി​പ്പോ​യി​രു​ന്നി​രി​ക്കാം, ശുശ്രൂ​ഷ​യിൽ മന്ദീഭാ​വം സംഭവി​ച്ചി​രി​ക്കാം, അതു​പോ​ലെ യോഗങ്ങൾ മുടക്കാ​നും തുടങ്ങി​യി​രു​ന്നി​രി​ക്കാം. അങ്ങനെ ഒടുവിൽ അദ്ദേഹം സ്വന്തം മോഹ​ങ്ങൾക്ക് വശംവ​ദ​നാ​വു​ക​യും തെറ്റാ​ണെന്ന് തനിക്ക​റി​യാ​മാ​യി​രുന്ന സംഗതി​യിൽ ചെന്നു​ചാ​ടു​ക​യും ചെയ്‌തു. ജാഗ്ര​ത​യോ​ടെ വിപൽസൂ​ച​നകൾ വിവേ​ചി​ക്കു​ക​യും തത്‌ക്ഷണം നടപടി കൈ​ക്കൊ​ള്ളു​ക​യും ചെയ്‌താൽ അത്തര​മൊ​രു ദുരന്തം നമുക്ക് ഒഴിവാ​ക്കാ​നാ​കും. അതു​പോ​ലെ, നാം യഹോ​വ​യു​ടെ ശബ്ദത്തിനു ചെവി കൊടു​ക്കു​ന്ന​വ​രാ​ണെ​ങ്കിൽ, വിശ്വാ​സ​ത്യാ​ഗ​പ​ര​മായ ആശയങ്ങൾ ശ്രവി​ക്കാൻ നാം നിന്നു​കൊ​ടു​ക്കു​ക​യു​മില്ല.—സദൃ. 11:9.

9. പാപ​പ്ര​വ​ണ​തകൾ മുൻകൂ​ട്ടി കണ്ടുപി​ടി​ക്കു​ന്നത്‌ പ്രധാ​ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

9 മുന്നമേ രോഗ​നിർണയം നടത്തു​ന്നത്‌ ഒരാളു​ടെ ജീവൻ രക്ഷി​ച്ചേ​ക്കാം. സമാന​മാ​യി, നമ്മെ പ്രലോ​ഭ​ന​ത്തി​ന്‍റെ കെണി​യി​ലേക്ക് നയി​ച്ചേ​ക്കാ​വുന്ന പ്രവണ​തകൾ അപ്പപ്പോൾ തിരി​ച്ച​റി​യു​ന്നെ​ങ്കിൽ ദുരന്തങ്ങൾ ഒഴിവാ​ക്കാൻ നമുക്കു സാധി​ക്കും. അത്തരം ഉൾച്ചായ്‌വു​കൾ കണ്ടെത്തു​മ്പോൾത്തന്നെ, ‘പിശാച്‌ തന്‍റെ ഇഷ്ടം നിറ​വേ​റ്റാ​നാ​യി നമ്മെ പിടി​ക്കു​ന്ന​തി​നു’ മുമ്പേ​തന്നെ, സത്വര​ന​ട​പടി സ്വീക​രി​ക്കു​ന്ന​താ​യി​രി​ക്കും ബുദ്ധി. (2 തിമൊ. 2:26) യഹോവ നമ്മിൽനി​ന്നു പ്രതീ​ക്ഷി​ക്കു​ന്ന​തി​നു വിപരീ​ത​മാ​യി സ്വന്തം ചിന്തക​ളും മോഹ​ങ്ങ​ളും വഴിമാ​റി സഞ്ചരി​ക്കു​ന്ന​താ​യി നമ്മുടെ ശ്രദ്ധയിൽപ്പെ​ട്ടാൽ നാം എന്തു​ചെ​യ്യണം? ഒട്ടും വെച്ചു​താ​മ​സി​പ്പി​ക്കാ​തെ താഴ്‌മ​യുള്ള മനസ്സോ​ടെ നാം അവനി​ലേക്ക് മടങ്ങി​വ​രി​ക​യും അവന്‍റെ ബുദ്ധി​യു​പ​ദേ​ശ​ത്തി​നാ​യി ചെവി​തു​റന്ന് പൂർണ​ഹൃ​ദ​യ​ത്തോ​ടെ അവനെ ശ്രദ്ധി​ക്കു​ക​യും വേണം. (യെശ. 44:22) നമ്മുടെ പക്ഷത്തെ ബുദ്ധി​ശൂ​ന്യ​മായ ഒരു തീരു​മാ​നം മായാത്ത ചില മുറി​പ്പാ​ടു​കൾ നമ്മിൽ അവശേ​ഷി​പ്പി​ച്ചേ​ക്കാം; ഈ വ്യവസ്ഥി​തി​യി​ലെ ശിഷ്ടകാ​ലം ആ വടുക്ക​ളു​മാ​യി നാം തള്ളിനീ​ക്കേ​ണ്ടി​യും​വ​ന്നേ​ക്കാം; ഈ യാഥാർഥ്യം നാം മനസ്സി​ലാ​ക്കി​യി​രി​ക്കേ​ണ്ടത്‌  മർമ​പ്ര​ധാ​ന​മാണ്‌. അതു​കൊണ്ട് അത്തരം ഗുരു​ത​ര​മായ പിഴവു​ക​ളു​ടെ പടുകു​ഴി​യിൽ വീണു​പോ​കാ​തി​രി​ക്കു​ന്നത്‌ എത്രയോ മെച്ചമാ​യി​രി​ക്കും. അതെ, വഴി പിഴയ്‌ക്കാ​തി​രി​ക്കാൻ സത്വരം പ്രവർത്തി​ക്കുക!

ഒരു നല്ല ആത്മീയ​ച​ര്യയ്‌ക്ക് സാത്താന്‍റെ കുത​ന്ത്ര​ങ്ങ​ളിൽനിന്ന് നമ്മെ സംരക്ഷി​ക്കാ​നാ​കു​ന്നത്‌ എങ്ങനെ? (4-9 ഖണ്ഡികകൾ കാണുക)

അഹങ്കാരവും അത്യാ​ഗ്ര​ഹ​വും മറിക​ട​ക്കുക

10, 11. (എ) അഹങ്കാരം എങ്ങനെ​യെ​ല്ലാം തലപൊ​ക്കി​യേ​ക്കാം? (ബി) കോരഹ്‌, ദാഥാൻ, അബീരാം എന്നിവ​രു​ടെ മത്സരഗ​തി​യിൽനിന്ന് നാം എന്തു പഠിക്കു​ന്നു?

10 സ്വന്തഹൃ​ദ​യ​ത്തിന്‌ നമ്മെ വഴി​തെ​റ്റി​ക്കാ​നാ​കു​മെന്ന് നാം തിരി​ച്ച​റി​യണം. പാപ​പ്ര​വ​ണ​തകൾ നമ്മുടെ മേൽ ചെലു​ത്തുന്ന സ്വാധീ​നം അതിശ​ക്ത​മാണ്‌! ഉദാഹ​ര​ണ​ത്തിന്‌, അഹങ്കാ​ര​ത്തെ​യും അത്യാ​ഗ്ര​ഹ​ത്തെ​യും കുറിച്ച് ചിന്തി​ക്കുക. യഹോ​വ​യു​ടെ ശബ്ദം ശ്രവി​ക്കു​ന്ന​തി​നു വിഘാ​തം​സൃ​ഷ്ടി​ക്കാ​നും വിനാ​ശ​ത്തി​ന്‍റെ പാതയി​ലേക്ക് നമ്മെ തള്ളിവി​ടാ​നും ഈ സ്വഭാ​വ​ദൂ​ഷ്യ​ങ്ങ​ളിൽ ഓരോ​ന്നും ഇടയാ​ക്കു​ന്നത്‌ എങ്ങനെ​യെന്ന് പരിചി​ന്തി​ക്കുക. അഹങ്കാ​രി​യായ ഒരു മനുഷ്യന്‌ തന്നെക്കു​റി​ച്ചു​തന്നെ ഊതി​പ്പെ​രു​പ്പിച്ച ഒരു വീക്ഷണ​മാ​യി​രി​ക്കും ഉള്ളത്‌. ആഗ്രഹി​ക്കു​ന്ന​തെ​ന്തും ചെയ്യാൻ തനിക്ക് അവകാ​ശ​മു​ണ്ടെ​ന്നും എന്തു ചെയ്യണ​മെന്ന് ആരും തന്നോട്‌ പറയേ​ണ്ട​തി​ല്ലെ​ന്നും അയാൾക്ക് തോന്നി​യേ​ക്കാം. അങ്ങനെ, സഹക്രിസ്‌ത്യാ​നി​ക​ളു​ടെ​യും മൂപ്പന്മാ​രു​ടെ​യും, എന്തിന്‌, ദൈവ​ത്തി​ന്‍റെ സംഘട​ന​യു​ടെ​പോ​ലും മാർഗ​നിർദേ​ശ​ത്തിന്‌ താൻ അതീത​നാ​ണെന്ന ഒരു മൗഢ്യ​ധാ​രണ അയാൾ വെച്ചു​പു​ലർത്തി​യേ​ക്കാം. അങ്ങനെ​യുള്ള ഒരു വ്യക്തിക്ക് യഹോ​വ​യു​ടെ ശബ്ദം വളരെ നേർത്ത​താ​യി​ത്തീ​രു​ന്നു.

11 ഇസ്രാ​യേൽ ജനത്തിന്‍റെ മരു​പ്ര​യാ​ണ​കാ​ലത്ത്‌ കോരഹ്‌, ദാഥാൻ, അബീരാം എന്നിവർ മോശ​യു​ടെ​യും അഹരോ​ന്‍റെ​യും അധികാ​ര​ത്തി​നെ​തി​രെ മത്സരിച്ചു. അഹങ്കാരം തലയ്‌ക്കു​പി​ടിച്ച ആ മത്സരികൾ യഹോ​വയെ ആരാധി​ക്കാൻ സ്വന്തം ക്രമീ​ക​ര​ണ​ങ്ങ​ളു​ണ്ടാ​ക്കു​ക​വരെ ചെയ്‌തു. എങ്ങനെ​യാണ്‌ യഹോവ പ്രതി​ക​രി​ച്ചത്‌? അവരെ ഒന്നൊ​ഴി​യാ​തെ അവൻ നശിപ്പി​ച്ചു​ക​ളഞ്ഞു. (സംഖ്യാ. 26:8-10) എത്ര കൺതു​റ​പ്പി​ക്കുന്ന ഒരു ചരി​ത്ര​പാ​ഠം! യഹോ​വയ്‌ക്കെ​തി​രെ​യുള്ള മത്സരം വിനാശം വിളി​ച്ചു​വ​രു​ത്തും. “നാശത്തി​ന്നു മുമ്പെ ഗർവ്വം!” അത്‌ നമുക്ക് ഒരിക്ക​ലും മറക്കാ​തി​രി​ക്കാം.—സദൃ. 16:18; യെശ. 13:11.

12, 13. (എ) അത്യാ​ഗ്രഹം ദുരന്ത​ത്തിന്‌ വഴിമ​രു​ന്നി​ടു​ന്നത്‌ എങ്ങനെ​യെ​ന്ന​തിന്‌ ഒരു ഉദാഹ​രണം പറയുക. (ബി) മുളയി​ലേ നുള്ളാ​ത്ത​പക്ഷം അത്യാ​ഗ്രഹം ആർത്തു​വ​ള​രു​ന്നത്‌ എങ്ങനെ?

12 ഇനി, അത്യാ​ഗ്ര​ഹ​ത്തി​ന്‍റെ കാര്യം എടുക്കുക. അത്യാ​ഗ്ര​ഹി​യായ ഒരു മനുഷ്യൻ മാന്യ​ത​യു​ടെ​യും മര്യാ​ദ​യു​ടെ​യും അതിർവ​ര​മ്പു​കൾ അതിലം​ഘി​ക്കാൻ പ്രവണത കാണി​ച്ചേ​ക്കാം. അരാം രാജാ​വി​ന്‍റെ സേനാ​പ​തി​യായ നയമാന്‍റെ കുഷ്‌ഠം സുഖ​പ്പെ​ട്ട​പ്പോൾ അവൻ എലീശാ പ്രവാ​ച​കന്‌ പ്രതി​ഫലം വാഗ്‌ദാ​നം ചെയ്‌തെ​ങ്കി​ലും അവൻ ആ ഉപഹാ​രങ്ങൾ സ്വീക​രി​ച്ചില്ല. പക്ഷേ, ആ സമ്മാന​ങ്ങ​ളിൽ എലീശ​യു​ടെ ബാല്യ​ക്കാ​രൻ ഗേഹസി​യു​ടെ കണ്ണുടക്കി. “യഹോ​വ​യാണ, ഞാൻ അവന്‍റെ പിന്നാലെ ഓടി​ച്ചെന്നു അവനോ​ടു (നയമാ​നോട്‌) അല്‌പ​മെ​ങ്കി​ലും വാങ്ങും” എന്ന് അവൻ സ്വയം പറഞ്ഞു. എലീശയെ ഒളിച്ച് നയമാന്‍റെ പുറകെ പാഞ്ഞ ഗേഹസി “ഒരു താലന്തു വെള്ളി​യും രണ്ടു കൂട്ടം വസ്‌ത്ര​വും” നേടി​യെ​ടു​ക്കാൻവേണ്ടി പച്ചക്കള്ളം തട്ടിവി​ട്ടു. തിരികെ എത്തി യഹോ​വ​യു​ടെ പ്രവാ​ച​ക​നോ​ടും കളവു​പ​റഞ്ഞ് തടിത​പ്പാൻ അവൻ ഒരു വിഫല​ശ്രമം നടത്തി. പക്ഷേ ആ കപടനാ​ട​ക​ത്തിന്‌ ഒടുവിൽ ഗേഹസി എന്തു നേടി? നയമാന്‍റെ കുഷ്‌ഠം ആ ദുർമോ​ഹി​യു​ടെ ദേഹത്ത്‌ പൊങ്ങി!—2 രാജാ. 5:20-27.

13 അത്യാ​ഗ്രഹം നാമ്പെ​ടു​ക്കു​ന്നത്‌ അല്‌പാല്‌പ​മാ​യി​ട്ടാ​യി​രി​ക്കാം, പക്ഷേ മുളയി​ലേ നുള്ളാ​ത്ത​പക്ഷം അത്‌ ആർത്തു​വ​ളർന്ന് ഒരുവനെ മൂടി​ക്ക​ള​ഞ്ഞേ​ക്കാം. ആഖാ​നെ​ക്കു​റി​ച്ചുള്ള ബൈബിൾരേഖ അത്യാർത്തി​യു​ടെ ശക്തി വരച്ചു​കാ​ട്ടു​ന്നു. ആഖാന്‍റെ അതി​മോ​ഹം പടർന്നു​ക​യ​റി​യത്‌ എത്ര പെട്ടെ​ന്നാ​ണെന്ന് നോക്കുക. അവൻ പറഞ്ഞു: ‘ഞാൻ കൊള്ള​യു​ടെ കൂട്ടത്തിൽ വിശേ​ഷ​മാ​യോ​രു ബാബി​ലോ​ന്യ മേലങ്കി​യും ഇരുനൂ​റു ശേക്കെൽ വെള്ളി​യും അമ്പതു ശേക്കെൽ തൂക്കമുള്ള ഒരു പൊൻക​ട്ടി​യും കണ്ടു, മോഹിച്ചു, എടുത്തു.’ തെറ്റായ മോഹങ്ങൾ പിഴു​തെ​റി​യു​ന്ന​തി​നു പകരം അത്യാ​ഗ്ര​ഹ​ത്തോ​ടെ അവൻ ആ വിശേ​ഷ​വസ്‌തു​ക്കൾ മോഷ്ടി​ക്കു​ക​യും അവ കൂടാ​ര​ത്തിൽ ഒളിപ്പി​ച്ചു വെക്കു​ക​യും ചെയ്‌തു. ഒടുവിൽ കള്ളി വെളി​ച്ചത്തു വന്നപ്പോൾ, അവന്‍റെ​മേൽ യഹോവ അനർഥം വരുത്തും എന്ന് യോശുവ ആഖാ​നോട്‌ പറഞ്ഞു. അന്നേ ദിവസം​തന്നെ ആഖാ​നെ​യും അവന്‍റെ കുടും​ബ​ത്തെ​യും കല്ലെറിഞ്ഞ് കൊന്നു​ക​ളഞ്ഞു. (യോശു. 7:11, 21, 24, 25) എപ്പോൾ എവി​ടെ​വെ​ച്ചും നമ്മെ പിടി​കൂ​ടാ​വുന്ന ഒരു കെണി​യാണ്‌ അത്യാ​ഗ്രഹം. അതു​കൊണ്ട് നമുക്ക് “സകലവിധ അത്യാ​ഗ്ര​ഹ​ത്തി​നു​മെ​തി​രെ ജാഗ്ര​ത​പാ​ലി”ക്കാം. (ലൂക്കോ. 12:15) വല്ലപ്പോ​ഴു​മെ​ങ്ങാൻ നമ്മുടെ ചിന്താ​മ​ണ്ഡ​ല​ത്തി​ലേക്ക് അനുചി​ത​മായ ഒരു ചിന്താ​ശ​കലം കടന്നു​കൂ​ടു​ക​യോ ഭാവന​കൾക്ക് അധാർമി​ക​ത​യു​ടെ നിറം കലരു​ക​യോ ചെയ്യു​ന്നെ​ങ്കിൽ, നാം മനസ്സിന്‌ കടിഞ്ഞാ​ണി​ടു​ക​യും പാപത്തിൽ വീഴു​വോ​ളം മോഹങ്ങൾ ചിറകു വിടർത്താ​തെ അവയെ വരുതി​യിൽ നിറു​ത്തു​ക​യും ചെയ്യേ​ണ്ടത്‌ ജീവത്‌പ്ര​ധാ​ന​മാണ്‌.—യാക്കോബ്‌ 1:14, 15 വായിക്കുക.

14. ഉള്ളിൽ അഹങ്കാ​ര​മോ അത്യാ​ഗ്ര​ഹ​മോ നാമ്പി​ടു​ന്ന​താ​യി നിരീ​ക്ഷി​ക്കു​ന്നെ​ങ്കിൽ നാം എന്തു​ചെ​യ്യണം?

14 അത്യാ​ഗ്ര​ഹ​വും അഹങ്കാ​ര​വും വിനാ​ശ​ത്തി​ലേക്ക് വഴിന​യി​ക്കും. തെറ്റായ ഗതിയു​ടെ പരിണ​ത​ഫ​ലങ്ങൾ മുന്നമേ ഭാവന​യിൽ കണ്ടു​നോ​ക്കു​ന്നത്‌ അത്തരം ഹൃദയ​ചായ്‌വു​കൾ യഹോ​വ​യു​ടെ ശബ്ദത്തെ  മുക്കി​ക്ക​ള​യു​ന്നത്‌ ഒഴിവാ​ക്കാൻ നമ്മെ സഹായി​ക്കും. (ആവ. 32:29) സത്യ​ദൈവം ബൈബിൾ മുഖാ​ന്തരം, ശരിയായ ഗതി ഏതാ​ണെന്നു ചൂണ്ടി​ക്കാ​ണി​ക്കുക മാത്രമല്ല, അതിൽ നടക്കു​ന്ന​തി​ന്‍റെ മെച്ചങ്ങ​ളും മേന്മക​ളും വിശദീ​ക​രി​ക്കു​ക​യും മറിച്ചുള്ള മാർഗ​ത്തി​ന്‍റെ ഭവിഷ്യ​ത്തു​ക​ളെ​ക്കു​റിച്ച് മുന്നറി​യി​പ്പു നൽകു​ക​യും ചെയ്യുന്നു. അഹങ്കാ​ര​ത്തി​ലോ അത്യാ​ഗ്ര​ഹ​ത്തി​ലോ ഊന്നിയ എന്തെങ്കി​ലും ചെയ്യാൻ നമ്മുടെ ഹൃദയം മനസ്സിനെ പ്രേരി​പ്പി​ക്കു​ന്നെ​ങ്കിൽ, അല്‌പ​മൊ​ന്നു നിന്ന് അതിന്‍റെ അനന്തര​ഫ​ല​ങ്ങ​ളെ​ക്കു​റിച്ച് ചിന്തി​ക്കു​ന്നത്‌ എത്ര ബുദ്ധി​യാ​യി​രി​ക്കും! നമുക്ക് സ്വയം ഇങ്ങനെ ചോദി​ക്കാം: തെറ്റായ ചെയ്‌തി എന്നെ എങ്ങനെ ബാധി​ക്കും? എന്‍റെ പ്രിയ​പ്പെ​ട്ട​വരെ എങ്ങനെ ബാധി​ക്കും? സർവോ​പരി, യഹോ​വ​യു​മാ​യുള്ള എന്‍റെ ബന്ധത്തെ എങ്ങനെ ബാധി​ക്കും?

യഹോവയുമായി ആശയവി​നി​മയം നിലനി​റു​ത്തുക

15. ആശയവി​നി​മ​യ​ത്തി​ന്‍റെ കാര്യ​ത്തിൽ യേശു​വെച്ച മാതൃ​ക​യിൽനിന്ന് നമുക്ക് എന്തു പഠിക്കാ​നാ​കും?

15 നമ്മുടെ നന്മയാണ്‌ യഹോവ എല്ലായ്‌പോ​ഴും ആഗ്രഹി​ക്കു​ന്നത്‌. (സങ്കീ. 1:1-3) തക്കസമ​യത്ത്‌ ആവശ്യാ​നു​സൃ​തം അവൻ നമുക്ക് മാർഗ​നിർദേശം നൽകുന്നു. (എബ്രായർ 4:16 വായിക്കുക.) പൂർണ​നാ​യി​രു​ന്നി​ട്ടു​പോ​ലും യഹോ​വ​യു​മാ​യുള്ള നിരന്ത​ര​മായ ആശയവി​നി​മ​യ​ത്തിൽ യേശു ആശ്രയി​ച്ചു; അവൻ പ്രാർഥ​നാ​നി​ര​ത​നാ​യി​രു​ന്നു. യഹോവ യേശു​വി​നെ അത്ഭുത​ക​ര​മായ വിധത്തിൽ പിന്തു​ണയ്‌ക്കു​ക​യും വഴിന​യി​ക്കു​ക​യും ചെയ്‌തു. അവനെ പരിച​രി​ക്കാൻ അവൻ ദൂതന്മാ​രെ അയച്ചു; പരിശു​ദ്ധാ​ത്മാ​വി​നെ പകർന്ന് അവനെ സഹായി​ച്ചു; 12 അപ്പൊസ്‌ത​ല​ന്മാ​രെ തിര​ഞ്ഞെ​ടു​ക്കു​ന്ന​തിൽ അവനെ നയിച്ചു. യഹോ​വ​യു​ടെ പിന്തു​ണ​യു​ടെ​യും അംഗീ​കാ​ര​ത്തി​ന്‍റെ​യും ശബ്ദം അവൻ സ്വർഗ​ത്തിൽനിന്ന് കേട്ടു. (മത്താ. 3:17; 17:5; മർക്കോ. 1:12, 13; ലൂക്കോ. 6:12, 13; യോഹ. 12:28) യേശു​വി​നെ​പ്പോ​ലെ നാമും ദൈവ​മു​മ്പാ​കെ നമ്മുടെ ഹൃദയം പ്രാർഥ​ന​യിൽ പകരണം. (സങ്കീ. 62:7, 8; എബ്രാ. 5:7) യഹോ​വ​യു​മാ​യി ആശയവി​നി​മയം നിലനി​റു​ത്താ​നും അവന്‌ മഹത്ത്വം കരേറ്റുന്ന വിജയ​ക​ര​മായ ഒരു ജീവിതം നയിക്കാ​നും നിരന്ത​ര​പ്രാർഥന മുഖാ​ന്തരം നമുക്കു സാധി​ക്കും.

16. യഹോ​വ​യു​ടെ ശബ്ദം കേൾക്കു​ന്ന​തി​നുള്ള പ്രാപ്‌തി ആർജി​ക്കാൻ യഹോവ നമ്മെ എങ്ങനെ സഹായി​ക്കും?

16 യഹോവ തന്‍റെ ജ്ഞാന​മൊ​ഴി​കൾ സകലർക്കും സുലഭ​മാ​യി ലഭ്യമാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും അവൻ ആരു​ടെ​യും കൈക്കു​പി​ടിച്ച് അത്‌ അനുസ​രി​പ്പി​ക്കു​ന്നില്ല. നാം അവന്‍റെ ആത്മാവി​നു​വേണ്ടി യാചി​ക്കേ​ണ്ട​തുണ്ട്. അങ്ങനെ​യെ​ങ്കിൽ അവൻ അത്‌ സമൃദ്ധ​മാ​യി നമുക്ക് നൽകും. (ലൂക്കോസ്‌ 11:10-13 വായിക്കുക.) അപ്പോ​ഴും, നാം “എങ്ങനെ കേൾക്കു​ന്നു എന്നതിനു ശ്രദ്ധ”നൽകേ​ണ്ടത്‌ അത്യന്താ​പേ​ക്ഷി​ത​മാണ്‌. (ലൂക്കോ. 8:18) ദൃഷ്ടാ​ന്ത​ത്തിന്‌, അധാർമി​ക​പ്ര​വണത തരണം​ചെ​യ്യാൻ സഹായി​ക്കേ​ണമേ എന്ന് യഹോ​വ​യോട്‌ അപേക്ഷി​ക്കു​ക​യും, അതേസ​മയം അശ്ലീലം വീക്ഷി​ക്കു​ന്ന​തി​ലും അധാർമി​ക​സി​നി​മകൾ കാണു​ന്ന​തി​ലും തുടരു​ക​യും ചെയ്യു​ന്നെ​ങ്കിൽ അത്‌ കാപട്യ​മാ​യി​രി​ക്ക​യി​ല്ലേ? യഹോ​വ​യു​ടെ ആത്മാവ്‌ വർഷി​ക്ക​പ്പെ​ടുന്ന സ്ഥലങ്ങളും സാഹച​ര്യ​ങ്ങ​ളും തിരി​ച്ച​റിഞ്ഞ് നാം അങ്ങോട്ട് മാറി​നിൽക്കേണ്ട ആവശ്യ​മുണ്ട്! സഭാ​യോ​ഗ​ങ്ങ​ളിൽ അവന്‍റെ ആത്മാവ്‌ വ്യാപ​രി​ക്കു​ന്നു​ണ്ടെന്ന് നമുക്ക് അറിയാം. ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ യഹോ​വ​യു​ടെ സ്വരം ശ്രവി​ക്കു​ക​വഴി അവന്‍റെ അനേകം ദാസന്മാർ ദുരന്തങ്ങൾ ഒഴിവാ​ക്കി​യി​ട്ടുണ്ട്. തത്‌ഫ​ല​മാ​യി, തങ്ങളുടെ ഹൃദയ​ത്തിൽ അങ്കുരി​ച്ചു​കൊ​ണ്ടി​രുന്ന അനുചി​ത​മോ​ഹങ്ങൾ പലരും തിരി​ച്ച​റി​യു​ക​യും തങ്ങളുടെ വഴികൾ നേരെ​യാ​ക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു.—സങ്കീ. 73:12-17; 143:10.

യഹോവയുടെ ശബ്ദത്തിന്‌ കാതു​കൂർപ്പി​ക്കുക

17. തന്നിൽത്തന്നെ ആശ്രയി​ക്കു​ന്നത്‌ അപകട​ക​ര​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്?

17 പുരാതന ഇസ്രാ​യേ​ലി​ലെ ദാവീദ്‌ രാജാ​വി​ന്‍റെ ദൃഷ്ടാന്തം പരിചി​ന്തി​ക്കുക. ബാലനാ​യി​രു​ന്ന​പ്പോൾ അവൻ ഫെലിസ്‌ത്യ​മ​ല്ല​നായ ഗോലി​യാ​ത്തി​നെ എറിഞ്ഞു​വീഴ്‌ത്തി. പിന്നീട്‌ അവൻ ഒരു ജനതയു​ടെ യോദ്ധാ​വും കാവലാ​ളും നയരൂ​പീ​ക​ര​ണ​വി​ദഗ്‌ധ​നും രാജാ​വും ഒക്കെ ആയിത്തീർന്നു. പക്ഷേ, അവൻ തന്നിൽത്തന്നെ ആശ്രയം​വെ​ച്ച​പ്പോൾ അവന്‍റെ ഹൃദയം അവനെ വഞ്ചിച്ചു; ബത്ത്‌-ശേബയു​മാ​യി അവൻ ഗുരു​ത​ര​മായ പാപത്തിൽ ഏർപ്പെട്ടു, അവളുടെ ഭർത്താ​വായ ഊരി​യാ​വി​നെ കൊല്ലി​ക്കു​ക​യും ചെയ്‌തു. എന്നാൽ, ശിക്ഷണം ലഭിച്ച​പ്പോൾ ദാവീദ്‌ താഴ്‌മ​യോ​ടെ തന്‍റെ തെറ്റ്‌ അംഗീ​ക​രി​ക്കു​ക​യും യഹോ​വ​യു​മാ​യുള്ള ബന്ധം പുനഃ​സ്ഥാ​പി​ക്കു​ക​യും ചെയ്‌തു.—സങ്കീ. 51:4, 6, 10, 11.

18. യഹോ​വ​യു​ടെ ശബ്ദം ശ്രദ്ധി​ക്കു​ന്ന​തിൽ തുടരാൻ നമ്മെ എന്ത് സഹായി​ക്കും?

18 നമുക്ക് 1 കൊരി​ന്ത്യർ 10:12-ൽ കാണുന്ന ഓർമി​പ്പി​ക്ക​ലിന്‌ ചെവി​കൊ​ടു​ത്തു​കൊണ്ട് അമിത ആത്മവി​ശ്വാ​സ​ത്തി​നെ​തി​രെ ജാഗ്രത പുലർത്താം. മനുഷ്യന്‌ സ്വന്തം ‘കാലടി​കൾ സ്വാധീ​ന​മല്ലാ’ത്തതു​കൊണ്ട് ആത്യന്തി​ക​മാ​യി നാം അനുസ​രി​ക്കു​ന്നത്‌ ഒന്നുകിൽ യഹോ​വ​യു​ടെ ശബ്ദമോ അല്ലെങ്കിൽ അവന്‍റെ എതിരാ​ളി​യു​ടെ ശബ്ദമോ ആയിരി​ക്കും. (യിരെ. 10:23) അതു​കൊണ്ട് നമുക്ക് പ്രാർഥ​ന​യിൽ ഉറ്റിരി​ക്കാം, പരിശു​ദ്ധാ​ത്മാ​വി​ന്‍റെ വഴിന​ട​ത്തി​പ്പിന്‌ കീഴ്‌പെ​ടാം, എപ്പോ​ഴും യഹോ​വ​യു​ടെ ശബ്ദത്തിന്‌ കാതു​കൂർപ്പി​ക്കാം.