വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

 ചരിത്രസ്‌മൃതികൾ

“യുറീക്കാ നാടകം” അനേകരെ ബൈബിൾസ​ത്യം കണ്ടെത്താൻ സഹായി​ച്ചു

“യുറീക്കാ നാടകം” അനേകരെ ബൈബിൾസ​ത്യം കണ്ടെത്താൻ സഹായി​ച്ചു

“യുറീക്കാ!” എന്ന വാക്കിന്‍റെ അർഥം, “കിട്ടി​പ്പോയ്‌!” എന്നാണ്‌. യു.എസ്‌.എ.-യിലെ കാലി​ഫോർണി​യ​യിൽ 19-‍ാ‍ം ശതകത്തി​ലെ സ്വർണ​വേ​ട്ട​യു​ടെ കാലത്ത്‌ ഖനി​ത്തൊ​ഴി​ലാ​ളി​കൾ സ്വർണം കണ്ടെത്തു​മ്പോൾ “യുറീക്കാ” എന്ന് ഉച്ചത്തിൽ ഉദ്‌ഘോ​ഷി​ക്കു​മാ​യി​രു​ന്നു. എന്നാൽ ചാൾസ്‌ റ്റെയ്‌സ്‌ റസ്സലും അദ്ദേഹ​ത്തി​ന്‍റെ സഹകാ​രി​ക​ളായ ബൈബിൾവി​ദ്യാർഥി​ക​ളും സ്വർണ​ത്തെ​ക്കാൾ മൂല്യ​വ​ത്തായ ഒന്നു കണ്ടെത്തി​യി​രു​ന്നു: ബൈബിൾസ​ത്യം. മറ്റുള്ള​വ​രു​മാ​യി അതു പങ്കു​വെ​ക്കു​ന്ന​തിൽ അവർ അതീവ തത്‌പ​ര​രാ​യി​രു​ന്നു.

അന്തർദേ​ശീയ ബൈബിൾ വിദ്യാർഥി സംഘടന പുറത്തി​റ​ക്കിയ എട്ടു മണിക്കൂർ ദൈർഘ്യ​മുള്ള ഒരു ഐതി​ഹാ​സിക ചലച്ചി​ത്ര​കാ​വ്യ​മാ​യി​രു​ന്നു “സൃഷ്ടി​പ്പിൻ ഫോട്ടോ-നാടകം.” 1914-ലെ വേനൽക്കാ​ലം ആയപ്പോ​ഴേ​ക്കും, വൻനഗ​ര​ങ്ങ​ളിൽ ദശലക്ഷങ്ങൾ അതു കാണാ​നാ​യി ഒഴുകി​യെ​ത്തി​യി​രു​ന്നു. വിസ്‌മ​യ​ക​ര​മായ ചലച്ചി​ത്ര​ഖ​ണ്ഡ​ങ്ങ​ളും വർണോ​ജ്ജ്വ​ല​മായ സ്ലൈഡു​ക​ളും മനംക​വ​രുന്ന വിവര​ണ​വും വിശി​ഷ്ട​മായ സംഗീ​ത​വും സമുചി​തം സമന്വ​യി​പ്പിച്ച ബൈബി​ള​ധിഷ്‌ഠി​ത​മായ ആ ദൃശ്യ-ശ്രാവ്യ വിരുന്ന്, പ്രപഞ്ച​സൃ​ഷ്ടി​യിൽ തുടങ്ങി ക്രിസ്‌തു​വി​ന്‍റെ സഹസ്രാ​ബ്ദ​വാഴ്‌ച​യു​ടെ പ്രൗ​ഢോ​ജ്ജ്വല പാരമ്യം​വരെ മാനവ​ച​രി​ത്ര​ത്തി​ന്‍റെ നേർവീ​ഥി​ക​ളി​ലൂ​ടെ കാണി​കളെ കൂട്ടി​ക്കൊ​ണ്ടു​പോ​യി.—വെളി. 20:4. *

ചെറു​പ​ട്ട​ണ​ങ്ങ​ളി​ലും നാട്ടിൻപു​റ​ങ്ങ​ളി​ലും കഴിഞ്ഞി​രു​ന്ന​വരെ സംബന്ധി​ച്ചോ? സത്യദാ​ഹി​ക​ളായ ആർക്കും അതു നഷ്ടമാ​കാ​തി​രി​ക്കാൻ അന്തർദേ​ശീയ ബൈബിൾ വിദ്യാർഥി സംഘടന 1914 ആഗസ്റ്റിൽ “ഫോട്ടോ-നാടകത്തി”ന്‍റെ കൊണ്ടു​ന​ട​ക്കാൻ സൗകര്യ​പ്ര​ദ​മായ ഒരു ലഘുപ​തിപ്പ് പുറത്തി​റക്കി. ചലച്ചി​ത്ര​ഖ​ണ്ഡങ്ങൾ കൂടാ​തെ​യുള്ള ആ പതിപ്പ് “യുറീക്കാ നാടകം” എന്ന നാമ​ധേ​യ​ത്തി​ലാണ്‌ അറിയ​പ്പെ​ട്ടത്‌. നിരവധി ഭാഷക​ളിൽ മൂന്നു വകഭേ​ദ​ങ്ങ​ളി​ലാ​യി അത്‌ ലഭിച്ചി​രു​ന്നു: “യുറീക്കാ X” എന്നറി​യ​പ്പെ​ട്ട​തിൽ സംഗീ​ത​വും വിവര​ണ​ശ​ബ്ദ​രേ​ഖ​യും ആണ്‌ ഉൾപ്പെ​ടു​ത്തി​യി​രു​ന്നത്‌. ശബ്ദ-സംഗീത റെക്കോർഡി​ങ്ങു​ക​ളും മനോ​ജ്ഞ​മായ വർണ-സ്ലൈഡു​ക​ളും അടങ്ങി​യ​താ​യി​രു​ന്നു “യുറീക്കാ Y.” “യുറീക്കാ കുടുംബ നാടക”മാകട്ടെ വീടു​ക​ളി​ലി​രുന്ന് ശ്രദ്ധി​ക്കാ​നു​ള്ള​താ​യി​രു​ന്നു. തിര​ഞ്ഞെ​ടുത്ത വിവര​ണ​ങ്ങ​ളും സ്‌തു​തി​ഗീ​തി​ക​ളും അതിൽ ചേർത്തി​രു​ന്നു. ചെലവു​കു​റഞ്ഞ സ്വന​ഗ്രാ​ഹി​യ​ന്ത്ര​ങ്ങ​ളും പ്രദർശ​നോ​പാ​ധി​ക​ളും കൂടെ ലഭ്യമാ​യി​രു​ന്നു.

വർണ-സ്ലൈഡു​കൾ തിരശ്ശീ​ല​യിൽ വീഴ്‌ത്താൻ ഒരു പ്രൊ​ജക്‌ട​റാണ്‌ ഉപയോ​ഗി​ച്ചി​രു​ന്നത്‌

ഫിലിം പ്രൊ​ജക്‌ട​റോ വലിയ സ്‌ക്രീ​നോ കൂടാ​തെ​തന്നെ ഈ സൗജന്യ​പ​രി​പാ​ടി ഉൾനാടൻ ഗ്രാമ​ങ്ങ​ളി​ലേക്ക് എത്തിക്കാൻ ബൈബിൾ വിദ്യാർഥി​കൾക്ക് സാധി​ക്കു​മാ​യി​രു​ന്നു. അങ്ങനെ രാജ്യ​സ​ന്ദേശം പുതിയ പ്രദേ​ശ​ങ്ങ​ളി​ലേക്ക് കടന്നു​ചെന്നു. ശബ്ദരേഖ മാത്ര​മുള്ള “യുറീക്കാ X” സെറ്റ്‌, ദിനരാ​ത്ര​ഭേ​ദ​മി​ല്ലാ​തെ കേൾപ്പി​ക്കാ​നാ​കു​മാ​യി​രു​ന്നു. “യുറീക്കാ Y” സ്ലൈഡ്‌-പ്രൊ​ജക്‌ടർ വൈദ്യു​തി​യു​ടെ സഹായ​മി​ല്ലാ​തെ, കാർബൈഡ്‌ വിളക്കു​കൾ ഉപയോ​ഗിച്ച് പ്രവർത്തി​പ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നു. ഫിന്നിഷ്‌ വീക്ഷാഗോപു​ത്തി​ലെ ഒരു റിപ്പോർട്ട് ഇങ്ങനെ പറഞ്ഞു: “ഈ ചിത്രങ്ങൾ എല്ലായി​ട​ത്തും​തന്നെ ഞങ്ങൾക്ക് പ്രദർശി​പ്പി​ക്കാ​നാ​കും.” അത്‌ എത്ര ശരിയാ​യി​രു​ന്നു!

വലിയ തിയേ​റ്റ​റു​കൾ വാടകയ്‌ക്കെ​ടു​ക്കു​ന്ന​തി​നു പകരം വിദ്യാ​ല​യങ്ങൾ, കോട​തി​മ​ന്ദി​രങ്ങൾ, തീവണ്ടി​സ്റ്റേ​ഷ​നു​കൾ, വലിയ വീടു​ക​ളു​ടെ സ്വീക​ര​ണ​മു​റി​കൾ എന്നിങ്ങനെ സൗജന്യ​മാ​യി ലഭ്യമാ​യി​രുന്ന സ്ഥലങ്ങൾ കാര്യ​പ്രാപ്‌ത​രായ ബൈബിൾവി​ദ്യാർഥി​കൾ  മിക്ക​പ്പോ​ഴും കണ്ടെത്തു​മാ​യി​രു​ന്നു. പുരമു​റ്റ​ങ്ങ​ളി​ലും അവർ പലപ്പോ​ഴും പ്രദർശ​നങ്ങൾ നടത്തി. പത്തായ​പ്പു​ര​യു​ടെ പാർശ്വ​ഭാ​ഗത്ത്‌ വെള്ളത്തു​ണി വിരി​ച്ചു​കെ​ട്ടി​യാണ്‌ മിക്ക​പ്പോ​ഴും “സ്‌ക്രീൻ” തയ്യാറാ​ക്കി​യി​രു​ന്നത്‌. അതേക്കു​റിച്ച് ആന്തണി ഹാംബുക്ക് ഇങ്ങനെ എഴുതി: “ആളുകൾക്ക് ഇരുന്ന് പരിപാ​ടി ആസ്വദി​ക്കാൻപോന്ന വിധം പലകയും തടിക്ക​ഷ​ണ​ങ്ങ​ളും കൊണ്ട് പുരയി​ട​ത്തിൽ ചെറി​യൊ​രു സ്റ്റേഡി​യം​തന്നെ കർഷകർ തട്ടിക്കൂ​ട്ടു​മാ​യി​രു​ന്നു.” പ്രദർശ​ന​സാ​മ​ഗ്രി​ക​ളും യാത്രാ​സാ​മാ​ന​ങ്ങ​ളും, താമസ​ത്തി​നും പാചക​ത്തി​നും ആവശ്യ​മായ സാധന​ങ്ങ​ളും കൊണ്ട് ആന്തണി ഹാംബു​ക്കി​ന്‍റെ ആ “യുറീക്കാ” ടീം ഒരു “നാടക​വണ്ടി”യിലാണ്‌ നാടു​ചു​റ്റി​യി​രു​ന്നത്‌.

ചിലയി​ട​ങ്ങ​ളിൽ വിരലിൽ എണ്ണാവു​ന്നവർ മാത്ര​മാണ്‌ “യുറീക്കാ” പരിപാ​ടിക്ക് കൂടി​വ​ന്ന​തെ​ങ്കിൽ മറ്റിട​ങ്ങ​ളിൽ നൂറു​ക​ണ​ക്കിന്‌ ആളുക​ളാണ്‌ തടിച്ചു​കൂ​ടി​യത്‌. അമേരി​ക്ക​യിൽ 150 പേരുള്ള ഒരു പട്ടണത്തി​ലെ സ്‌കൂ​ളിൽ നടന്ന പ്രദർശ​ന​ത്തിൽ 400 പേർ പങ്കെടു​ത്തു. മറ്റൊ​രി​ടത്ത്‌ “യുറീക്കാ നാടകം” കാണാൻ ചിലർ 8 കിലോ​മീ​റ്റർ കാൽന​ട​യാ​യി യാത്ര​ചെയ്‌തെത്തി. സ്വീഡ​നി​ലെ ഷാർലോറ്റ്‌ ഓൾബർഗി​ന്‍റെ കൊച്ചു​വീ​ട്ടിൽ ശബ്ദലേ​ഖ​നങ്ങൾ കേൾക്കാ​നാ​യി അയൽവാ​സി​കൾ ഒത്തുകൂ​ടി. കേട്ട കാര്യങ്ങൾ അവരുടെ “ഹൃദയത്തെ സ്‌പർശി​ച്ചു.” ഓസ്‌ട്രേ​ലി​യ​യിൽ ദൂരസ്ഥ​മായ ഒരു ഖനി​പ്ര​ദേ​ശത്ത്‌ 1,500-ഓളം പേർ ഒരു പ്രദർശ​ന​ത്തിന്‌ തിങ്ങി​ക്കൂ​ടി. “വർണ-നാദ മനോ​ജ്ഞ​മായ ചിത്ര​ങ്ങ​ളും സ്വന​ഗ്രാ​ഹി-ശബ്ദലേ​ഖ​ന​ങ്ങ​ളും കണ്ട് അധ്യാ​പ​ക​രും വിദ്യാർഥി​ക​ളും അത്ഭുത​പ​ര​ത​ന്ത്ര​രാ​യി” എന്ന് ഹൈസ്‌കൂ​ളു​ക​ളി​ലും കോ​ളേ​ജു​ക​ളി​ലും നടന്ന പ്രദർശ​ന​ങ്ങ​ളെ​ക്കു​റിച്ച് വീക്ഷാഗോപുരം റിപ്പോർട്ടു ചെയ്‌തു. സിനി​മാ​കൊ​ട്ട​ക​ക​ളു​ളള സ്ഥലങ്ങളിൽപ്പോ​ലും “യുറീക്കാ നാടകം” വമ്പിച്ച ജനപ്രീ​തി നേടി.

സത്യത്തിന്‍റെ വിത്തുകൾ നട്ടുവ​ളർത്തു​ന്നു

ബൈബിൾവി​ദ്യാർഥി​ക​ളു​ടെ ക്ലാസ്സുകൾ പുതിയ ബൈബിൾപഠന ക്ലാസ്സുകൾ ആരംഭി​ക്കാ​നാ​യി വ്യത്യസ്‌ത സ്ഥലങ്ങളി​ലേക്ക് പ്രസം​ഗ​കരെ അയച്ച​പ്പോൾ, “യുറീക്കാ നാടക” പ്രദർശ​നങ്ങൾ വളരെ സഹായ​ക​മാ​യി​രു​ന്നു. “യുറീക്കാ നാടകം” എത്ര പേർ കണ്ടെന്ന് പറയുക ബുദ്ധി​മു​ട്ടാണ്‌. ഒട്ടുമിക്ക “നാടക”സെറ്റു​ക​ളും തുടർച്ച​യാ​യി ഉപയോ​ഗ​ത്തി​ലാ​യി​രു​ന്നു. എന്നിരു​ന്നാ​ലും 1915-ൽ, 86 നാടക​ടീ​മു​ക​ളിൽ 14 എണ്ണം മാത്രമേ ക്രമമാ​യി റിപ്പോർട്ട് നൽകി​യി​രു​ന്നു​ള്ളൂ. കണക്കുകൾ അപൂർണ്ണ​മാ​യി​രു​ന്നെ​ങ്കി​ലും പത്തുല​ക്ഷ​ത്തി​ലേ​റെ​പ്പേർ “നാടകം” കണ്ടതായി വാർഷി​ക​റി​പ്പോർട്ട് പ്രസ്‌താ​വി​ച്ചു. 30,000-ത്തോളം ആളുകൾ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ ആവശ്യ​പ്പെ​ടു​ക​യും ചെയ്‌തി​രു​ന്നു.

ചരി​ത്ര​ത്തി​ന്‍റെ വഴിത്താ​ര​യിൽ അവ്യക്ത​മായ കാൽപ്പാ​ടു​കൾ മാത്ര​മാണ്‌ “യുറീക്കാ നാടകം” അവശേ​ഷി​പ്പി​ച്ചി​ട്ടു​ള്ള​തെ​ങ്കി​ലും, ഓസ്‌ട്രേ​ലിയ മുതൽ അർജന്‍റീന വരെയും സൗത്ത്‌ ആഫ്രിക്ക മുതൽ ബ്രിട്ടീഷ്‌ ദ്വീപു​കൾ വരെയും ഇന്ത്യയി​ലും കരീബി​യ​നി​ലും ഒക്കെയാ​യി ദശലക്ഷ​ങ്ങ​ളാണ്‌ അതുല്യ​മായ ഈ അവതരണം ആസ്വദി​ച്ചത്‌. അവരിൽ അനേകർ, സ്വർണ​ത്തെ​ക്കാൾ മൂല്യ​വ​ത്തായ ബൈബിൾസ​ത്യം കണ്ടെത്തി. “യുറീക്കാ!” എന്ന് അവർക്ക് അക്ഷരാർഥ​ത്തിൽ ആർത്തു​ഘോ​ഷി​ക്കാ​നാ​കു​മാ​യി​രു​ന്നു!

^ ഖ. 4 2014 ഫെബ്രു​വരി 15 ലക്കം വീക്ഷാഗോപു​ത്തി​ന്‍റെ 30-32 പേജു​ക​ളിൽ “ചരി​ത്രസ്‌മൃ​തി​കൾ—നൂറിന്‍റെ നിറവിൽ ഒരു ഇതിഹാ​സ​കാ​വ്യം” എന്ന ലേഖനം കാണുക.