വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

പുനരുത്ഥാനം പ്രാപി​ക്കു​ന്നവർ “വിവാഹം കഴിക്കു​ക​യോ വിവാ​ഹ​ത്തി​നു കൊടു​ക്ക​പ്പെ​ടു​ക​യോ ഇല്ല” എന്ന് യേശു സദൂക്യ​രോട്‌ പറഞ്ഞു. (ലൂക്കോ. 20:34-36) ഭൗമി​ക​പു​ന​രു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നോ അവൻ അതു പറഞ്ഞത്‌?

ഈ ചോദ്യം വളരെ പ്രധാ​ന​പ്പെട്ട ഒന്നാണ്‌, വിശേ​ഷി​ച്ചും പ്രിയ​പ്പെട്ട ഇണയെ മരണത്തിൽ നഷ്ടപ്പെ​ട്ട​വർക്ക്. പുതി​യ​ലോ​ക​ത്തിൽ തങ്ങളുടെ ഇണ പുനരു​ത്ഥാ​ന​ത്തിൽ വരു​മ്പോൾ വീണ്ടും ഒത്തു​ചേ​രാ​നും വിവാ​ഹ​ജീ​വി​തം നയിക്കാ​നും അവർ അങ്ങേയറ്റം വാഞ്‌ഛി​ക്കു​ന്നു​ണ്ടാ​കും. ഭാര്യ നഷ്ടപ്പെട്ട ഒരാൾ ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ വിവാ​ഹ​ബന്ധം എന്നെങ്കി​ലും അവസാ​നി​ക്ക​ണ​മെന്ന് ഞങ്ങൾ ആഗ്രഹി​ച്ചി​രു​ന്നില്ല. ഭാര്യാ​ഭർത്താ​ക്ക​ന്മാ​രെന്ന നിലയിൽ എക്കാല​വും സത്യാ​രാ​ധ​ന​യിൽ ഒറ്റക്കെ​ട്ടാ​യി തുടര​ണ​മെ​ന്നാ​യി​രു​ന്നു ഞങ്ങളുടെ ഹൃദയം​ഗ​മ​മായ ആഗ്രഹം. എന്നെ സംബന്ധി​ച്ചി​ട​ത്തോ​ളം ആ കാഴ്‌ച​പ്പാ​ടി​നും ആഗ്രഹ​ത്തി​നും ഇപ്പോ​ഴും മാറ്റം​വ​ന്നി​ട്ടില്ല.” പുനരു​ത്ഥാ​ന​ത്തിൽ വരുന്ന​വർക്ക് വിവാഹം കഴിക്കാ​നാ​കു​മെന്ന് പ്രത്യാ​ശി​ക്കാൻ ന്യായ​യു​ക്ത​മായ എന്തെങ്കി​ലും കാരണ​മു​ണ്ടോ? ലളിത​മാ​യി പറഞ്ഞാൽ, നമുക്കു തീർത്തു പറയാ​നാ​വില്ല എന്നതാണ്‌ ഉത്തരം.

പുനരു​ത്ഥാ​ന​ത്തെ​യും വിവാഹം കഴിക്കു​ന്ന​തി​നെ​യും കുറി​ച്ചുള്ള യേശു​വി​ന്‍റെ വാക്കുകൾ സാധ്യ​ത​യ​നു​സ​രിച്ച് ഭൗമി​ക​പു​ന​രു​ത്ഥാ​ന​ത്തെ​യാണ്‌ പരാമർശി​ക്കു​ന്ന​തെ​ന്നും പുതിയ ലോക​ത്തി​ലേക്ക് പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്നവർ തെളി​വ​നു​സ​രിച്ച് വിവാഹം കഴിക്കു​ക​യി​ല്ലെ​ന്നും ആണ്‌ വർഷങ്ങ​ളാ​യി നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ പറഞ്ഞി​ട്ടു​ള്ളത്‌. * (മത്താ. 22:29, 30; മർക്കോ. 12:24, 25; ലൂക്കോ. 20:34-36) നമുക്ക് തറപ്പി​ച്ചു​പ​റ​യാ​നാ​വി​ല്ലെ​ങ്കി​ലും യേശു​വി​ന്‍റെ പ്രസ്‌തുത വാക്കുകൾ സ്വർഗീ​പു​ന​രു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചാ​യി​രി​ക്കാൻ സാധ്യ​ത​യു​ണ്ടോ? ഏതായാ​ലും യേശു​വി​ന്‍റെ വാക്കുകൾ നമു​ക്കൊന്ന് അപഗ്ര​ഥി​ക്കാം.

പശ്ചാത്തലം പരിചി​ന്തി​ക്കുക. (ലൂക്കോസ്‌ 20:27-33 വായിക്കുക.) പുനരു​ത്ഥാ​ന​ത്തിൽ വിശ്വ​സി​ക്കാഞ്ഞ സദൂക്യർ പുനരു​ത്ഥാ​ന​ത്തെ​യും ദേവര​വി​വാ​ഹ​ത്തെ​യും കുറിച്ച് ഒരു ചോദ്യം രൂപ​പ്പെ​ടു​ത്തി​ക്കൊണ്ട് യേശു​വി​നെ കുടു​ക്കാൻ ശ്രമിച്ചു. * യേശു​വി​ന്‍റെ പ്രതി​ക​രണം ഇതായി​രു​ന്നു: “ഈ ലോക​ത്തി​ന്‍റെ മക്കൾ വിവാഹം കഴിക്കു​ക​യും വിവാ​ഹ​ത്തി​നു കൊടു​ക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. എന്നാൽ ആ ലോക​ത്തി​നും മരിച്ച​വ​രിൽനി​ന്നുള്ള പുനരു​ത്ഥാ​ന​ത്തി​നും യോഗ്യ​രാ​യി ഗണിക്ക​പ്പെ​ട്ടി​രി​ക്കു​ന്നവർ വിവാഹം കഴിക്കു​ക​യോ വിവാ​ഹ​ത്തി​നു കൊടു​ക്ക​പ്പെ​ടു​ക​യോ ഇല്ല. അവർക്കു മേലാൽ മരണവു​മില്ല. (“അവർക്കു ഇനി മരിപ്പാ​നും കഴിക​യില്ല,” സത്യവേപുസ്‌തകം.) അവർ ദൈവ​ദൂ​ത​ന്മാർക്കു തുല്യ​രും പുനരു​ത്ഥാ​നം പ്രാപി​ക്കു​ക​യാൽ ദൈവ​മ​ക്ക​ളും ആകുന്നു.”—ലൂക്കോസ്‌ 20:34-36.

സാധ്യ​ത​യ​നു​സ​രിച്ച് യേശു ഭൗമി​ക​പു​ന​രു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് പറയു​ക​യാ​യി​രു​ന്നു എന്ന് നമ്മുടെ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അഭി​പ്രാ​യ​പ്പെ​ട്ടത്‌ എന്തു​കൊ​ണ്ടാണ്‌? മുഖ്യ​മാ​യും രണ്ട് ന്യായ​ങ്ങ​ളാ​യി​രു​ന്നു അത്തര​മൊ​രു നിഗമ​ന​ത്തിന്‌ ആധാരം. ഭൗമി​ക​പു​ന​രു​ത്ഥാ​ന​മാ​യി​രു​ന്നി​രി​ക്കണം സദൂക്യ​രു​ടെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ എന്നും യേശു അതിനു ചേർച്ച​യി​ലാ​യി​രി​ക്കണം മറുപടി നൽകി​യി​രി​ക്കുക എന്നതു​മാണ്‌ ഒരു ന്യായം. രണ്ടാമ​ത്തേത്‌, ഭൂമി​യി​ലേക്കു പുനരു​ത്ഥാ​നം ചെയ്യാ​നു​ള്ള​വ​രു​ടെ നിരയി​ലുള്ള വിശ്വസ്‌ത ഗോ​ത്ര​പി​താ​ക്ക​ന്മാ​രായ അബ്രാ​ഹാം, യിസ്‌ഹാക്ക്, യാക്കോബ്‌ എന്നിവരെ പരാമർശി​ച്ചു​കൊ​ണ്ടാണ്‌ യേശു തന്‍റെ ഉത്തരം അവസാ​നി​പ്പി​ച്ചത്‌ എന്നുള്ള​താ​യി​രു​ന്നു.—ലൂക്കോ. 20:37, 38.

എന്നിരു​ന്നാ​ലും, യേശു​വി​ന്‍റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ സ്വർഗീ​യ​പു​ന​രു​ത്ഥാ​നം ആയിരു​ന്നി​രി​ക്കാ​നുള്ള സാധ്യത തള്ളിക്ക​ള​യാ​നാ​വില്ല. നമ്മൾ അങ്ങനെ​യൊ​രു നിഗമ​ന​ത്തി​ലെ​ത്താ​നുള്ള അടിസ്ഥാ​നം എന്താണ്‌? ആ തിരു​വെ​ഴു​ത്തി​ലെ പ്രധാ​ന​പ്പെട്ട രണ്ടു ഭാഗങ്ങൾ നമുക്കു പരി​ശോ​ധി​ക്കാം.

“മരിച്ചരിൽനിന്നുള്ള പുനരുത്ഥാത്തിനും യോഗ്യരായി ഗണിക്കപ്പെട്ടിരിക്കുന്നവർ” എന്ന ഭാഗം എടുക്കുക. വിശ്വസ്‌ത​രായ അഭിഷി​ക്തർ “ദൈവ​രാ​ജ്യ​ത്തി​നു യോഗ്യ​രാ​യി എണ്ണപ്പെ”ടുന്നു. (2 തെസ്സ. 1:5, 11) മറുവി​ല​യാ​ഗ​ത്തി​ന്‍റെ അടിസ്ഥാ​ന​ത്തിൽ ജീവനു യോഗ്യ​രായ നീതി​മാ​ന്മാ​രാ​യി അവർ പ്രഖ്യാ​പി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​തി​നാൽ അവർ മരിക്കു​ന്നത്‌ ശാപ​ഗ്രസ്‌ത​രായ പാപി​ക​ളാ​യി​ട്ടല്ല. (റോമ. 5:1, 18; 8:1) അവർ “അനുഗൃ​ഹീ​ത​രും വിശു​ദ്ധ​രും” എന്ന് വിളി​ക്ക​പ്പെ​ടു​ക​യും സ്വർഗ​ത്തി​ലേ​ക്കുള്ള പുനരു​ത്ഥാ​ന​ത്തി​നു യോഗ്യ​രാ​യി ഗണിക്ക​പ്പെ​ടു​ക​യും ചെയ്യുന്നു. (വെളി. 20:5, 6) എന്നാൽ ഇതിൽനി​ന്നു വ്യത്യസ്‌ത​മാ​യി, ഭൂമി​യി​ലേക്കു പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്ന​വ​രിൽ ‘നീതി​കെ​ട്ട​വ​രും’ ഉൾപ്പെ​ടും. (പ്രവൃ. 24:15) അവരെ​ക്കു​റിച്ച് പുനരു​ത്ഥാ​ന​ത്തി​നു  “യോഗ്യ​രാ​യി ഗണിക്ക​പ്പെ​ട്ടി​രി​ക്കു​ന്നവർ” എന്നു പറയാൻ കഴിയു​മോ?

അടുത്ത​താ​യി, “അവർക്കു ഇനി മരിപ്പാനും കഴികയില്ല” എന്ന പ്രസ്‌താ​വ​ന​യെ​ക്കു​റി​ച്ചു ചിന്തി​ക്കുക. “അവർ മേലാൽ മരിക്കില്ല” എന്നല്ല യേശു പറഞ്ഞത്‌. പകരം, അവർക്കു ഇനി മരിപ്പാ​നും കഴികയില്ല” എന്നാണ്‌ അവൻ പറഞ്ഞത്‌. ഇതര വിവർത്ത​നങ്ങൾ, “അവർക്ക് ഇനിയും മരിക്കാൻ സാധി​ക്കു​ക​യില്ല,” “അവർക്ക് ഇനി മരിപ്പാ​നും സാധ്യമല്ല” എന്നൊ​ക്കെ​യാണ്‌ ആ വാക്കുകൾ പരിഭാഷ ചെയ്യു​ന്നത്‌. വിശ്വസ്‌ത​രാ​യി ഭൗമി​ക​ജീ​വി​തം പൂർത്തി​യാ​ക്കുന്ന അഭിഷി​ക്തർ സ്വർഗ​ത്തി​ലേക്ക് ഉയിർപ്പി​ക്ക​പ്പെ​ടു​ന്നു. അവിടെ അവർക്ക് അമർത്യത അഥവാ ഒരിക്ക​ലും നശിപ്പി​ക്കാ​നാ​കാത്ത അനന്തജീ​വൻ ലഭിക്കു​ന്നു. (1 കൊരി. 15:53, 54) സ്വർഗീ​യ​പു​ന​രു​ത്ഥാ​നം ലഭിക്കു​ന്ന​വ​രു​ടെ മേൽ മരണത്തിന്‌ പിന്നീട്‌ യാതൊ​രു അധികാ​ര​വു​മില്ല. *

മേൽപ്പ​റ​ഞ്ഞ​വ​യു​ടെ വീക്ഷണ​ത്തിൽ നമുക്ക് എന്തു നിഗമ​ന​ത്തി​ലെ​ത്താ​നാ​യേ​ക്കും? വിവാ​ഹ​ത്തെ​യും പുനരു​ത്ഥാ​ന​ത്തെ​യും കുറി​ച്ചുള്ള യേശു​വി​ന്‍റെ വാക്കുകൾ സ്വർഗീ​യ​പു​ന​രു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് ആയിരി​ക്കാ​വു​ന്ന​താണ്‌. അത്‌ അങ്ങനെ​യാ​ണെ​ങ്കിൽ, സ്വർഗീ​യ​ജീ​വ​നി​ലേക്ക് പുനരു​ത്ഥാ​നം പ്രാപി​ക്കു​ന്ന​വ​രെ​ക്കു​റിച്ച് അവന്‍റെ വാക്കുകൾ നിരവധി കാര്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നു: അവർ വിവാഹം കഴിക്കു​ന്നില്ല, അവർക്ക് മരിക്കാൻ കഴിയില്ല, ചില വിധങ്ങ​ളിൽ അവർ ആത്മമണ്ഡ​ല​ത്തിൽ അധിവ​സി​ക്കുന്ന ആത്മജീ​വി​ക​ളായ ദൈവ​ദൂ​ത​ന്മാ​രെ​പ്പോ​ലെ​യാണ്‌. എന്നാൽ അത്തര​മൊ​രു നിഗമനം മറ്റുചില ചോദ്യ​ങ്ങൾ ഉയർത്തു​ന്നു.

ഒന്നാമ​താ​യി, ഭൗമി​ക​പു​ന​രു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് ചിന്തി​ച്ചി​രി​ക്കാൻ ഇടയുള്ള സദൂക്യർക്ക് ഉത്തരം കൊടു​ത്ത​പ്പോൾ എന്തു​കൊ​ണ്ടാ​യി​രി​ക്കും യേശു സ്വർഗീ​യ​പു​ന​രു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് പരാമർശി​ച്ചത്‌? തന്‍റെ എതിരാ​ളി​കൾ ചിന്തി​ച്ചി​രു​ന്ന​തിന്‌ അനുസ​രി​ച്ചല്ല യേശു എല്ലായ്‌പോ​ഴും മറുപടി കൊടു​ത്തത്‌. ഉദാഹ​ര​ണ​ത്തിന്‌, യേശു​വിൽനിന്ന് ഒരു അടയാളം ആവശ്യ​പ്പെട്ട യഹൂദ​ന്മാ​രോട്‌ അവൻ പറഞ്ഞു: “ഈ ആലയം ഇടിച്ചു​ക​ള​യു​വിൻ; മൂന്നു​ദി​വ​സ​ത്തി​നകം ഞാൻ അതു പണിയും.” അവർ അക്ഷരീയ ആലയ​ത്തെ​ക്കു​റി​ച്ചാണ്‌ ചിന്തി​ച്ചി​രു​ന്ന​തെന്ന് യേശു​വിന്‌ അറിയാ​മാ​യി​രു​ന്നി​രി​ക്കണം. എന്നാൽ, അവൻ “തന്‍റെ ശരീരം എന്ന ആലയ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു പറഞ്ഞത്‌.” (യോഹ. 2:18-21) പുനരു​ത്ഥാ​ന​ത്തി​ലോ ദൂതന്മാ​രി​ലോ വിശ്വ​സി​ക്കാഞ്ഞ ആത്മാർഥ​ത​യി​ല്ലാത്ത സദൂക്യർക്ക് ഉത്തരം കൊടു​ക്കേ​ണ്ട​തി​ല്ലെന്ന് ഒരുപക്ഷേ യേശു വിചാ​രി​ച്ചി​രി​ക്കാം. (സദൃ. 23:9; മത്താ. 7:6; പ്രവൃ. 23:8) പകരം, സ്വർഗീ​യ​പു​ന​രു​ത്ഥാ​നം ലഭിക്കാ​നു​ള്ള​വ​രു​ടെ പട്ടിക​യിൽ ഭാവി​യിൽ ഇടം​നേ​ടു​മാ​യി​രുന്ന തന്‍റെ ആത്മാർഥ​മ​നസ്‌ക​രായ ശിഷ്യ​ന്മാ​രു​ടെ പ്രയോ​ജ​ന​ത്തി​നാ​യി ആ പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചുള്ള സത്യങ്ങൾ വെളി​പ്പെ​ടു​ത്താൻ അവൻ ആഗ്രഹി​ച്ചി​രി​ക്കാം.

രണ്ടാമ​താ​യി, ഭൂമി​യി​ലേക്ക് പുനരു​ത്ഥാ​നം പ്രാപി​ക്കാ​നുള്ള അബ്രാ​ഹാം, യിസ്‌ഹാക്ക്, യാക്കോബ്‌ എന്നിവ​രെ​ക്കു​റി​ച്ചു പരാമർശി​ച്ചു​കൊണ്ട് യേശു തന്‍റെ ചർച്ച അവസാ​നി​പ്പി​ച്ചത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും? (മത്തായി 22:31, 32 വായിക്കുക.) ഗോ​ത്ര​പി​താ​ക്ക​ന്മാ​രെ​ക്കു​റി​ച്ചുള്ള തന്‍റെ പ്രസ്‌താ​വ​നയ്‌ക്ക് യേശു തുടക്ക​മി​ട്ടത്‌ “മരിച്ച​വ​രു​ടെ പുനരു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചോ” എന്നു പറഞ്ഞു​കൊ​ണ്ടാണ്‌ എന്നത്‌ ശ്രദ്ധി​ക്കുക. യേശു അതുവരെ പറഞ്ഞത്‌ സ്വർഗീ​യ​പു​ന​രു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചാ​ണെ​ങ്കിൽ, ആ വിഷയ​ത്തിൽനിന്ന് മാറി ഭൗമി​ക​പു​ന​രു​ത്ഥാ​നം എന്ന വിഷയ​ത്തെ​ക്കു​റി​ച്ചാണ്‌ ഇനി പറയാൻ പോകു​ന്ന​തെന്ന് സൂചി​പ്പി​ക്കാ​നാ​യി​രി​ക്കാം അവൻ ഈ വാക്കുകൾ ഉപയോ​ഗി​ച്ചത്‌. തുടർന്ന്, സദൂക്യർ അംഗീ​ക​രി​ക്കു​ന്ന​താ​യി അവകാ​ശ​പ്പെ​ട്ടി​രുന്ന മോശ​യു​ടെ ലിഖി​ത​ങ്ങളെ ആധാര​മാ​ക്കി​ക്കൊണ്ട് യേശു ഭൗമി​ക​പു​ന​രു​ത്ഥാ​ന​ത്തെ​ക്കു​റിച്ച് സംസാ​രി​ച്ചു. ഭൗമി​ക​പു​ന​രു​ത്ഥാ​നം എന്നത്‌ ദൈവ​ത്തി​ന്‍റെ മാറ്റമി​ല്ലാത്ത ഒരു ഉദ്ദേശ്യ​മാ​ണെ​ന്ന​തിന്‌ കൂടു​ത​ലായ തെളിവു നൽകാ​നാ​യി മുൾപ്പ​ടർപ്പി​ങ്കൽ യഹോവ മോശ​യോ​ടു പറഞ്ഞ വാക്കുകൾ അവൻ ഉപയോ​ഗി​ച്ചു.—പുറ. 3:1-6.

മൂന്നാ​മ​താ​യി, പുനരു​ത്ഥാ​ന​ത്തെ​യും വിവാഹം കഴിക്കു​ന്ന​തി​നെ​യും കുറി​ച്ചുള്ള യേശു​വി​ന്‍റെ വാക്കുകൾ സ്വർഗീ​യ​പു​ന​രു​ത്ഥാ​ന​ത്തെ​യാണ്‌ കുറി​ക്കു​ന്ന​തെ​ങ്കിൽ അതിനർഥം ഭൗമി​ക​പു​ന​രു​ത്ഥാ​ന​ത്തിൽ വരുന്ന​വർക്ക് വിവാഹം കഴിക്കാ​നാ​കും എന്നാണോ? ആ ചോദ്യ​ത്തിന്‌ ദൈവ​വ​ചനം നേരി​ട്ടുള്ള ഒരു ഉത്തരം തരുന്നില്ല. യേശു വാസ്‌ത​വ​ത്തിൽ സ്വർഗീ​യ​പു​ന​രു​ത്ഥാ​ന​ത്തെ​ക്കു​റി​ച്ചാണ്‌ അവിടെ സംസാ​രി​ച്ച​തെ​ങ്കിൽ, ഭൂമി​യി​ലേക്ക് പുനരു​ത്ഥാ​നം ചെയ്യു​ന്നവർ പുതിയ ലോക​ത്തിൽ വിവാഹം കഴിക്കു​മോ എന്ന ചോദ്യ​ത്തിന്‌ പ്രസ്‌തുത വാക്കു​കൾക്കി​ട​യിൽ ഉത്തരം തേടു​ന്ന​തു​കൊണ്ട് അർഥമില്ല.

അതേസ​മയം, മരണ​ത്തോ​ടെ വിവാ​ഹ​ബന്ധം അവസാ​നി​ക്കു​ന്നു എന്ന് ദൈവ​വ​ചനം വ്യക്തമാ​യി പ്രസ്‌താ​വി​ക്കുന്ന കാര്യം നമുക്ക് അറിയാം. അതു​കൊണ്ട്, ഇണയെ മരണത്തിൽ നഷ്ടപ്പെട്ട ഒരു പുരു​ഷ​നോ സ്‌ത്രീ​യോ ഇപ്പോൾ വീണ്ടും വിവാഹം കഴിക്കാൻ തീരു​മാ​നി​ക്കു​ന്നെ​ങ്കിൽ കുറ്റ​ബോ​ധം തോ​ന്നേ​ണ്ട​തില്ല. അത്തരത്തിൽ ഒരു ഇണയുടെ ഊഷ്‌മ​ള​സ​ഖി​ത്വം ആരെങ്കി​ലും ആഗ്രഹി​ക്കു​ന്നെ​ങ്കിൽ ആരും ആ വ്യക്തിയെ കുറ്റ​പ്പെ​ടു​ത്ത​രുത്‌. കാരണം, അതൊരു വ്യക്തി​പ​ര​മായ തീരു​മാ​ന​മാണ്‌.—റോമ. 7:2, 3; 1 കൊരി. 7:39.

പുതിയ ലോക​ത്തി​ലെ ജീവിതം സംബന്ധിച്ച് സ്വാഭാ​വി​ക​മാ​യും നമുക്ക് നിരവധി ചോദ്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നേ​ക്കാം. അവയു​ടെ​യെ​ല്ലാം ഉത്തരത്തി​നാ​യി ഊഹാ​പോ​ഹ​ങ്ങളെ കൂട്ടു​പി​ടി​ക്കു​ന്ന​തി​നു പകരം നമുക്ക് അവയെ​ല്ലാം കാത്തി​രു​ന്നു കാണാൻ തീരു​മാ​നി​ക്കാം. എന്നാൽ ഒരു കാര്യ​ത്തിൽ നമുക്ക് ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​കും: അനുസ​ര​ണ​മുള്ള സകലമ​നു​ഷ്യ​രും അന്ന് പരിപൂർണ​മാ​യും സന്തുഷ്ട​രാ​യി​രി​ക്കും. കാരണം, യഹോവ അവരുടെ എല്ലാ ആവശ്യ​ങ്ങ​ളും ആഗ്രഹാ​ഭി​ലാ​ഷ​ങ്ങ​ളും ഏറ്റവും മെച്ചമായ വിധത്തിൽത്തന്നെ തൃപ്‌തി​പ്പെ​ടു​ത്തും.—സങ്കീ. 145:16.

^ ഖ. 4 1987 ജൂൺ 1 ലക്കം വീക്ഷാഗോപു​ത്തി​ന്‍റെ (ഇംഗ്ലീഷ്‌) 30-31 പേജുകൾ കാണുക.

^ ഖ. 5 ബൈബിൾക്കാലങ്ങളിൽ ദേവര​വി​വാ​ഹം അഥവാ ഭർതൃ​സ​ഹോ​ദര വിവാഹം എന്ന ഒരു സമ്പ്രദാ​യം നിലവി​ലി​രു​ന്നു. അതു​പ്ര​കാ​രം ഒരു പുരുഷൻ ആൺമക്ക​ളി​ല്ലാ​തെ മരിച്ചാൽ ആ വിധവയെ അയാളു​ടെ സഹോ​ദരൻ വിവാഹം കഴിക്ക​ണ​മാ​യി​രു​ന്നു. അങ്ങനെ ജനിക്കുന്ന പുത്ര​നി​ലൂ​ടെ മരിച്ച​യാ​ളു​ടെ വംശാ​വലി നിലനി​റു​ത്തുക എന്നതാ​യി​രു​ന്നു അതിന്‍റെ ലക്ഷ്യം.—ഉല്‌പ. 38:8; ആവ. 25:5, 6.

^ ഖ. 9 ഭൗമികപുനരുത്ഥാനത്തിലൂടെ തിരികെ വരുന്ന​വർക്ക് നിത്യ​ജീ​വൻ നേടാ​നുള്ള പ്രത്യാ​ശ​യാ​ണു​ള്ളത്‌, അമർത്യ​തയല്ല. അമർത്യ​ത​യും നിത്യ​ജീ​വ​നും തമ്മിലുള്ള വ്യത്യാ​സം മനസ്സി​ലാ​ക്കാൻ 1984 ഏപ്രിൽ 1 വീക്ഷാഗോപു​ത്തി​ന്‍റെ (ഇംഗ്ലീഷ്‌) 30-31 പേജുകൾ കാണുക.