അവസാന ശത്രുവായിട്ട് മരണത്തെ നീക്കം ചെയ്യുന്നു
“അവസാന ശത്രുവായിട്ട് മരണവും നീക്കം ചെയ്യപ്പെടും.”—1 കൊരി. 15:26.
1, 2. ആദാമും ഹവ്വായും തുടക്കത്തിൽ എങ്ങനെയുള്ള അവസ്ഥകളാണ് ആസ്വദിച്ചിരുന്നത്, എന്നാൽ ഏതു ചോദ്യങ്ങൾ ഉദിക്കുന്നു?
ആദാമിനെയും ഹവ്വായെയും സൃഷ്ടിച്ച സമയത്ത് അവർക്ക് യാതൊരു ശത്രുക്കളും ഉണ്ടായിരുന്നില്ല. പറുദീസാഭൂമിയിൽ ജീവിക്കുന്ന പൂർണമനുഷ്യരായിരുന്നു അവർ. ഒരു മകനും മകളും എന്ന നിലയിൽ അവർ സ്രഷ്ടാവുമായി നല്ല ബന്ധം ആസ്വദിച്ചിരുന്നു. (ഉല്പ. 2:7-9; ലൂക്കോ. 3:38) ദൈവം അവർക്കു കൊടുത്ത നിയോഗം, അവരുടെ ജീവിതം എങ്ങനെയായിരിക്കുമെന്ന് സൂചിപ്പിക്കുന്നതായിരുന്നു. (ഉല്പത്തി 1:28 വായിക്കുക.) അതിൽ, ‘ഭൂമിയിൽ നിറഞ്ഞ് അതിനെ അടക്കുക’ എന്ന ഭാഗം കുറെക്കാലംകൊണ്ട് അവർക്കു നിറവേറ്റാൻ കഴിയുമായിരുന്നു. എന്നാൽ, ‘സകലഭൂചരജന്തുവിന്മേലും വാണ്’ അവയെ പരിപാലിക്കുക എന്നതും അവരുടെ നിയോഗത്തിന്റെ ഭാഗമായിരുന്നു. അതു നിറവേറ്റുന്നതിന് ആദാമും ഹവ്വായും എന്നേക്കും ജീവിക്കേണ്ടിയിരുന്നു. അവർക്ക് ഈ നിയോഗം നിത്യം നിർവഹിക്കാമായിരുന്നു.
2 എന്നാൽ ഇന്ന് അവസ്ഥകൾ വ്യത്യസ്തമായിരിക്കുന്നത് എന്തുകൊണ്ടാണ്? ഏറ്റവും വലിയ ശത്രുവായ മരണം ഉൾപ്പെടെ മനുഷ്യന്റെ സന്തോഷത്തെ ഹനിക്കുന്ന അനേകം ശത്രുക്കൾ എങ്ങനെ ഉണ്ടായി? ആ ശത്രുക്കളെ ദൈവം എങ്ങനെ നീക്കംചെയ്യും? ഈ ചോദ്യങ്ങൾക്കും ഇതിനോടു ബന്ധപ്പെട്ട മറ്റു ചോദ്യങ്ങൾക്കും ബൈബിളിൽ ഉത്തരം കണ്ടെത്താനാകും. അവയിൽ സുപ്രധാനമായ ചില ആശയങ്ങൾ നമുക്ക് പരിശോധിക്കാം.
സ്നേഹപൂർവമായ ഒരു മുന്നറിയിപ്പ്
3, 4. ആദാമിനും ഹവ്വായ്ക്കും ദൈവം എന്തു കല്പന കൊടുത്തു? (ബി) ആ കല്പന അനുസരിക്കുന്നത് എത്രത്തോളം പ്രധാനമായിരുന്നു?
3 എന്നേക്കും ജീവിക്കാനുള്ള പ്രത്യാശ ഉണ്ടായിരുന്നെങ്കിലും ആദാമും ഹവ്വായും അമർത്യരായിരുന്നില്ല. ജീവൻ നിലനിറുത്തുന്നതിന് അവർ ശ്വസിക്കുകയും വെള്ളം കുടിക്കുകയും ആഹാരം കഴിക്കുകയും ഉറങ്ങുകയും ഒക്കെ ചെയ്യണമായിരുന്നു. അതിലൊക്കെ പ്രധാനമായി, ജീവദാതാവുമായുള്ള ബന്ധത്തെ ആശ്രയിച്ചാണ് അവരുടെ ജീവൻ നിലനിന്നിരുന്നത്. (ആവ. 8:3) ജീവിതം തുടർന്നും ആസ്വദിക്കുന്നതിന് അവർ ദൈവത്തിന്റെ മാർഗനിർദേശം അംഗീകരിക്കേണ്ടത് ആവശ്യമായിരുന്നു. ഹവ്വായെ സൃഷ്ടിക്കുന്നതിനുമുമ്പുതന്നെ യഹോവ ഇക്കാര്യം ആദാമിനോടു വ്യക്തമാക്കിയിരുന്നു. എങ്ങനെ? “യഹോവയായ ദൈവം മനുഷ്യനോടു കല്പിച്ചതു എന്തെന്നാൽ: തോട്ടത്തിലെ സകലവൃക്ഷങ്ങളുടെയും ഫലം നിനക്കു ഇഷ്ടംപോലെ തിന്നാം. എന്നാൽ നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.”—ഉല്പ. 2:16, 17.
4 ‘നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷം,’ ശരിയും തെറ്റും സംബന്ധിച്ച് ആത്യന്തികമായി തീരുമാനിക്കാനുള്ള ദൈവത്തിന്റെ അവകാശത്തെ പ്രതിനിധീകരിച്ചു. ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടതിനാലും ഒരു മനസ്സാക്ഷി ഉണ്ടായിരുന്നതിനാലും ശരിയും തെറ്റും സംബന്ധിച്ച ഒരു തിരിച്ചറിവ് ആദാമിന് അപ്പോൾത്തന്നെ ഉണ്ടായിരുന്നു എന്നത് സത്യമാണ്. എന്നാൽ ആദാമിനും ഹവ്വായ്ക്കും എല്ലായ്പോഴും യഹോവയുടെ മാർഗനിർദേശം ആവശ്യമാണെന്ന് ആ വൃക്ഷം സൂചിപ്പിക്കുമായിരുന്നു. ആ വൃക്ഷത്തിൽനിന്ന് ഭക്ഷിക്കുന്നതിലൂടെ ശരിതെറ്റുകൾ നിർണയിക്കുന്ന കാര്യത്തിൽ യഹോവയ്ക്ക് കീഴ്പെടാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നു എന്നാണ് അവർ അർഥമാക്കുമായിരുന്നത്. ഇത്തരമൊരു ഗതി അവർക്കും അവർക്ക് ജനിക്കാനിരുന്ന സന്തതിപരമ്പരകൾക്കും ദാരുണമായ നഷ്ടം വരുത്തിവെക്കുമായിരുന്നു. കല്പന ലംഘിച്ചാൽ മരിക്കും എന്ന് പറഞ്ഞതിലൂടെ ആ ഗതിയുടെ ഗൗരവം ദൈവം വെളിപ്പെടുത്തി.
മാനവകുടുംബത്തിലേക്ക് മരണം കടന്നുവന്ന വിധം
5. ആദാമും ഹവ്വായും യഹോവയോട് അനുസരണക്കേട് കാണിക്കാൻ ഇടയായത് എങ്ങനെ?
5 ഹവ്വാ സൃഷ്ടിക്കപ്പെട്ടശേഷം ആദാം ദൈവത്തിന്റെ കല്പനയെക്കുറിച്ച് അവളോട് പറഞ്ഞു. അവൾക്ക് ആ കല്പന നന്നായി അറിയാമായിരുന്നു. അത് അവൾക്കു ഏറെക്കുറെ അക്ഷരംപ്രതി ആവർത്തിക്കാനും കഴിഞ്ഞു. (ഉല്പ. 3:1-3) ഒരു സർപ്പത്തിലൂടെ സംസാരിച്ച പിശാചായ സാത്താനോടാണ് അവൾ അതു പറഞ്ഞത്. സ്വാതന്ത്ര്യത്തിന്റെയും അധികാരത്തിന്റെയും അതിമോഹം വെച്ചുപുലർത്തിയ, ദൈവത്തിന്റെ ഒരു ആത്മപുത്രനായിരുന്നു അവൻ. (യാക്കോബ് 1:14, 15 താരതമ്യം ചെയ്യുക.) തന്റെ ദുഷ്ടലാക്കുകൾ നേടിയെടുക്കാൻ ദൈവം നുണയനാണെന്ന് അവൻ ആരോപിച്ചു. ദൈവത്തെക്കൂടാതെ സ്വതന്ത്രമായി പ്രവർത്തിച്ചാൽ അവർ മരിക്കില്ലെന്നും പകരം ദൈവത്തെപ്പോലെയാകുമെന്നും അവൻ ഹവ്വായ്ക്ക് ഉറപ്പുകൊടുത്തു. (ഉല്പ. 3:4, 5) ഹവ്വാ അവനെ വിശ്വസിച്ചു. പഴം പറിച്ചുതിന്നുകൊണ്ട് തന്റെ സ്വതന്ത്രഗതി അവൾ പ്രഖ്യാപിച്ചു. ആദാമിനെയും അവൾ അതിന് പ്രേരിപ്പിച്ചു. (ഉല്പ. 3:6, 17) സാത്താൻ പറഞ്ഞതു നുണയായിരുന്നു. (1 തിമൊഥെയൊസ് 2:14 വായിക്കുക.) എന്നിട്ടും ആദാം ‘ഭാര്യയുടെ വാക്കു അനുസരിച്ചു.’ സർപ്പം ഒരു സുഹൃത്തിനെപ്പോലെയാണ് ഇടപെട്ടതെങ്കിലും പിശാചായ സാത്താൻ വാസ്തവത്തിൽ ക്രൂരനായ ഒരു ശത്രുവായിരുന്നു. തന്റെ നുണയുടെ ഫലമായി അവർക്കുണ്ടാകുന്ന നാശത്തെക്കുറിച്ച് അവന് അറിയാമായിരുന്നു.
6, 7. കുറ്റക്കാരുടെ മേലുള്ള ന്യായവിധി യഹോവ കൈകാര്യം ചെയ്തത് എങ്ങനെ?
6 തങ്ങൾക്ക് ജീവനും മറ്റുള്ളതെല്ലാം നൽകിയ ദൈവത്തോട് സ്വാർഥതാത്പര്യങ്ങളെപ്രതി ആദാമും ഹവ്വായും മത്സരിച്ചു. സംഭവിച്ചതെല്ലാം യഹോവ അറിയുന്നുണ്ടായിരുന്നു. (1 ദിന. 28:9; സദൃശവാക്യങ്ങൾ 15:3 വായിക്കുക.) ഉൾപ്പെട്ട മൂന്നു പേർക്കും തന്നെക്കുറിച്ച് എന്തു തോന്നുന്നുവെന്ന് വ്യക്തമാക്കാനുള്ള അവസരം ദൈവം കൊടുത്തു. തീർച്ചയായും, തങ്ങളുടെ പിതാവായ യഹോവയെ അവർ ആഴത്തിൽ വേദനിപ്പിച്ചു. (ഉല്പത്തി 6:6 താരതമ്യം ചെയ്യുക.) അതിനു ശേഷം, അവരുടെ തെറ്റിന്റെ അനന്തരഫലങ്ങളെക്കുറിച്ച് താൻതന്നെ ഉച്ചരിച്ച വാക്കുകൾക്കു ചേർച്ചയിൽ ഒരു ന്യായാധിപനെന്ന നിലയിൽ യഹോവ പ്രവർത്തിച്ചു.
7 ദൈവം ആദാമിനോട് ഇങ്ങനെ പറഞ്ഞിരുന്നു: “നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിൻ ഫലം തിന്നരുതു; തിന്നുന്ന നാളിൽ നീ മരിക്കും.” ഈ ‘നാൾ’ 24 മണിക്കൂർ ദൈർഘ്യമുള്ള ഒരു ദിവസമാണെന്ന് ആദാം ചിന്തിച്ചിരിക്കാനാണ് സാധ്യത. ദൈവകല്പന ലംഘിച്ചശേഷം, അന്ന് സൂര്യാസ്തമയത്തിനു മുമ്പുതന്നെ ദൈവം നടപടി എടുക്കുമെന്ന് അവൻ പ്രതീക്ഷിച്ചിരിക്കാം. “വെയിലാറിയപ്പോൾ” യഹോവ അവരെ സമീപിച്ചു. (ഉല്പ. 3:8) ഒരു കോടതിയിലെന്നപോലെ, ആദാമിന്റെയും ഹവ്വായുടെയും പ്രതികരണങ്ങളിൽനിന്ന് അവൻ വസ്തുതകൾ സ്ഥിരീകരിച്ചു. (ഉല്പ. 3:9-13) അതിനു ശേഷം കുറ്റക്കാർക്കെതിരെ അവൻ ശിക്ഷ വിധിച്ചു. (ഉല്പ. 3:14-19) അവിടെവെച്ച് അപ്പോൾത്തന്നെ അവരെ കൊന്നുകളഞ്ഞിരുന്നെങ്കിൽ ആദാമിനെയും ഹവ്വായെയും അവരുടെ സന്തതികളെയും കുറിച്ചുള്ള അവന്റെ ഉദ്ദേശ്യം നിറവേറുകയില്ലായിരുന്നു. (യെശ. 55:11) വാസ്തവത്തിൽ, അവർക്കുള്ള മരണശിക്ഷ അപ്പോൾമുതൽ പ്രാബല്യത്തിൽ വരുകയും പാപത്തിന്റെ ഫലങ്ങൾ അവർ ഉടൻതന്നെ അനുഭവിച്ചുതുടങ്ങുകയും ചെയ്തു. എന്നിരുന്നാലും, ആദാമിനും ഹവ്വായ്ക്കും മക്കളുണ്ടാകാൻ ദൈവം അനുവദിച്ചു. അവൻ ചെയ്യാനിരിക്കുന്ന കരുതലുകളിൽനിന്ന് അവരുടെ മക്കൾക്ക് പ്രയോജനം നേടാൻ കഴിയുമായിരുന്നു. അങ്ങനെ, ആദാമും ഹവ്വായും അവർ തെറ്റുചെയ്ത ആ നാളിൽത്തന്നെ ദൈവത്തിന്റെ വീക്ഷണത്തിൽ മരിച്ചു. പിന്നീട് ആയിരം വർഷമാകുന്ന, ദൈവത്തിന്റെ ഒരു “ദിവസ”ത്തിനുള്ളിൽത്തന്നെ അവർ അക്ഷരീയമായി മരിച്ചു.—2 പത്രോ. 3:8.
8, 9. ആദാമിന്റെ സന്തതികളെ പാപം ബാധിച്ചത് എങ്ങനെ? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
8 ആദാമും ഹവ്വായും ചെയ്തത് അവരുടെ മക്കളെ ബാധിക്കുമായിരുന്നോ? തീർച്ചയായും. റോമർ 5:12 ഇങ്ങനെ വിശദീകരിക്കുന്നു: “ഏകമനുഷ്യനിലൂടെ പാപവും പാപത്തിലൂടെ മരണവും ലോകത്തിൽ കടന്നു. അങ്ങനെ, എല്ലാവരും പാപം ചെയ്തതിനാൽ മരണം സകലമനുഷ്യരിലേക്കും വ്യാപിച്ചു.” ആദ്യം മരിച്ചത് വിശ്വസ്തനായ ഹാബേലായിരുന്നു. (ഉല്പ. 4:8) ആദാമിന്റെ മറ്റു മക്കളും പ്രായംചെന്ന് മരിച്ചു. അവരെല്ലാം പാപവും മരണവും അവകാശപ്പെടുത്തിയോ? അപ്പൊസ്തലനായ പൗലോസ് ഉത്തരം തരുന്നു: ‘ഏകമനുഷ്യന്റെ അനുസരണക്കേടിലൂടെ അനേകർ പാപികളായിത്തീർന്നു.’ (റോമ. 5:19) ആദാമിൽനിന്ന് കൈമാറിക്കിട്ടിയ പാപവും മരണവും മനുഷ്യവർഗത്തിന്റെ നിഷ്ഠുരരായ ശത്രുക്കളായിത്തീർന്നു. അപൂർണരായ മനുഷ്യർക്ക് അവയിൽനിന്ന് രക്ഷപ്പെടാനാകുമായിരുന്നില്ല. പാപം കൈമാറപ്പെട്ടത് എങ്ങനെയെന്ന് നമുക്ക് കൃത്യമായി വിശദീകരിക്കാനാകില്ല. എന്നാൽ, ആദാമിന്റെ ഇന്നോളമുള്ള സന്തതികൾക്കെല്ലാം ഈ ദുഃഖകരമായ പൈതൃകം കൈമാറപ്പെട്ടിരിക്കുന്നു!
9 അവകാശപ്പെടുത്തിയ പാപത്തെയും മരണത്തെയും “സകലവംശങ്ങൾക്കും ഉള്ള മൂടുപടവും സകലജാതികളുടെയും മേൽ കിടക്കുന്ന മറവും” എന്ന് ബൈബിൾ വിശേഷിപ്പിച്ചിരിക്കുന്നത് തികച്ചും ശരിയാണ്. (യെശ. 25:7) കെട്ടുപിണഞ്ഞുകിടക്കുന്ന ഒരു വലപോലെ ആ ശിക്ഷാവിധി സകല മനുഷ്യരെയും കുടുക്കിലാക്കുന്നു. അതെ, “ആദാമിൽ എല്ലാവരും മരിക്കു”ന്നു. (1 കൊരി. 15:22) ഇപ്പോൾ സ്വാഭാവികമായും ഉയർന്നുവരുന്നതു പൗലോസ് ചോദിച്ച ചോദ്യംതന്നെയാണ്: “മരണത്തിന് അധീനമായ ഈ ശരീരത്തിൽനിന്ന് എന്നെ ആർ വിടുവിക്കും?” ആർക്കെങ്കിലും അതിന് സാധിക്കുമോ? *—റോമ. 7:24.
ആദാം നിമിത്തം വന്ന പാപത്തെയും മരണത്തെയും നീക്കംചെയ്യുന്നു
10. (എ) ആദാം നിമിത്തം വന്ന മരണം യഹോവ നീക്കം ചെയ്യുമെന്ന് സൂചിപ്പിക്കുന്ന ചില തിരുവെഴുത്തുകൾ ഏവ? (ബി) ഈ വാക്യങ്ങൾ യഹോവയെയും അവന്റെ പുത്രനെയും കുറിച്ച് എന്ത് വെളിപ്പെടുത്തുന്നു?
10 യഹോവയ്ക്ക് പൗലോസിനെ വിടുവിക്കാൻ കഴിയുമായിരുന്നു. “മൂടുപട”ത്തെക്കുറിച്ച് പരാമർശിച്ചശേഷം ഉടനെ യെശയ്യാവ് ഇങ്ങനെ എഴുതി: “അവൻ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും . . . ചെയ്യും.” (യെശ. 25:8) തന്റെ കുട്ടിയുടെ ദുഃഖത്തിന്റെ കാരണം നീക്കി കണ്ണീരൊപ്പുന്ന ഒരു പിതാവിനെപ്പോലെ ആദാം നിമിത്തം വന്ന മരണം നീക്കം ചെയ്യുന്നതിൽ യഹോവ സന്തോഷിക്കുന്നു. ഇക്കാര്യത്തിൽ യഹോവ ഒറ്റയ്ക്കല്ല പ്രവർത്തിക്കുന്നത്. 1 കൊരിന്ത്യർ 15:22-ൽ ഇങ്ങനെ വായിക്കുന്നു: “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.” അതുപോലെ, “എന്നെ ആർ വിടുവിക്കും?” എന്നു ചോദിച്ചശേഷം ഉടനെ പൗലോസ് ഇങ്ങനെ പറഞ്ഞു: “നമ്മുടെ കർത്താവായ യേശുക്രിസ്തു മുഖാന്തരം ദൈവത്തിനു സ്തോത്രം!” (റോമ. 7:25) മനുഷ്യവർഗത്തെ സൃഷ്ടിക്കാൻ യഹോവയെ പ്രേരിപ്പിച്ച സ്നേഹം ആദാമും ഹവ്വായും മത്സരിച്ചതോടെ തണുത്തുപോയില്ല. യഹോവ ആദ്യദമ്പതികളെ സൃഷ്ടിക്കുമ്പോൾ അവനോടൊപ്പമുണ്ടായിരുന്ന യേശുവിനും മനുഷ്യവർഗത്തോടുണ്ടായിരുന്ന പ്രത്യേകതാത്പര്യം നഷ്ടപ്പെട്ടില്ല. (സദൃ. 8:30, 31) എന്നാൽ ഈ വിടുതൽ എങ്ങനെ നിർവഹിക്കപ്പെടുമായിരുന്നു?
11. മനുഷ്യവർഗത്തെ വിടുവിക്കാൻ യഹോവ എന്തു ക്രമീകരണം ചെയ്തു?
11 ആദാം പാപം ചെയ്തപ്പോൾ യഹോവ നീതിയോടെ ശിക്ഷ വിധിച്ചു. തത്ഫലമായി മാനുഷിക അപൂർണതയും മരണവും ലോകത്തിലേക്ക് കടന്നു. (റോമ. 5:12, 16) ‘ഏക ലംഘനം സകലതരം മനുഷ്യരെയും ശിക്ഷാവിധിയിലേക്കു നയിച്ചു’ എന്ന് ബൈബിൾ പറയുന്നു. (റോമ. 5:18) തന്റെ സ്വന്തം നിലവാരങ്ങളിൽ വെള്ളം ചേർക്കാതെതന്നെ, ശിക്ഷാവിധി നീക്കാൻ യഹോവയ്ക്ക് എന്തു ചെയ്യാൻ കഴിയുമായിരുന്നു? യേശുവിന്റെ വാക്കുകളിൽ അതിനുള്ള ഉത്തരം കാണാനാകും: “മനുഷ്യപുത്രൻ . . . വന്നത് . . . അനേകർക്കുവേണ്ടി തന്റെ ജീവൻ മറുവിലയായി കൊടുക്കാനുമത്രേ.” (മത്താ. 20:28) ഭൂമിയിൽ പൂർണമനുഷ്യനായി ജനിച്ച താൻ ഒരു മറുവില പ്രദാനം ചെയ്യുമെന്ന് യഹോവയുടെ ആദ്യജാതനായ ആത്മപുത്രൻ വ്യക്തമാക്കി. എന്നാൽ ഈ മറുവിലയിലൂടെ എങ്ങനെ നീതി നടപ്പാക്കപ്പെടും?—1 തിമൊ. 2:5, 6
12. നീതി നടപ്പാക്കാൻ ഉതകിയ തത്തുല്യമറുവില എന്തായിരുന്നു?
12 പാപം ചെയ്യുന്നതിനു മുമ്പ് ഒരു പൂർണമനുഷ്യനെന്ന നിലയിൽ ആദാമിനുണ്ടായിരുന്നതിനു സമാനമായ പ്രതീക്ഷകളും അവകാശങ്ങളും പൂർണമനുഷ്യനായ യേശുവിനുമുണ്ടായിരുന്നു. ആദാമിന്റെ പൂർണതയുള്ള സന്തതികളെക്കൊണ്ട് ഭൂമി നിറയ്ക്കുക എന്നുള്ളതായിരുന്നു യഹോവയുടെ ഉദ്ദേശ്യം. തന്റെ പിതാവിനോടും ആദാമിന്റെ സന്തതികളോടും ആഴമായ സ്നേഹമുണ്ടായിരുന്നതിനാൽ യേശു തന്റെ ഭൗമികജീവൻ ത്യാഗമനസ്സോടെ ഒരു യാഗമായി അർപ്പിച്ചു. അതെ, ആദാം നഷ്ടപ്പെടുത്തിയതിനു തത്തുല്യമായ പൂർണമാനുഷജീവൻ യേശു പരിത്യജിച്ചു. അതിനു ശേഷം യഹോവ യേശുവിനെ ആത്മജീവനിലേക്ക് പുനഃസ്ഥിതീകരിച്ചു. (1 പത്രോ. 3:18) പൂർണമനുഷ്യനായ യേശുവിന്റെ യാഗം, മറുവില അഥവാ വീണ്ടെടുപ്പുവില ആയി യഹോവയ്ക്ക് ന്യായമായും കണക്കാക്കാൻ കഴിയുമായിരുന്നു. അങ്ങനെ യഹോവയ്ക്ക് ആദാമിന്റെ കുടുംബത്തെ വിലയ്ക്കുവാങ്ങുന്നതിനും ആദാം നഷ്ടപ്പെടുത്തിയ പ്രതീക്ഷകളും അവകാശങ്ങളും അവർക്ക് തിരികെ നൽകുന്നതിനും കഴിയുമായിരുന്നു. ഒരു അർഥത്തിൽ, യേശു ആദാമിന്റെ സ്ഥാനത്ത് വന്നു. പൗലോസ് അതു സംബന്ധിച്ച് ഇങ്ങനെ വിശദീകരിക്കുന്നു: ‘“ആദ്യമനുഷ്യനായ ആദാം ജീവനുള്ള ദേഹിയായിത്തീർന്നു” എന്ന് എഴുതിയിരിക്കുന്നുവല്ലോ. അവസാനത്തെ ആദാം ജീവൻ നൽകുന്ന ആത്മാവായി.’—1 കൊരി. 15:45.
13. “അവസാനത്തെ ആദാം” മരിച്ചുപോയവർക്കുവേണ്ടി എന്തുചെയ്യും?
13 “അവസാനത്തെ ആദാം” പൊതുവിൽ മനുഷ്യവർഗത്തിനുവേണ്ടി “ജീവൻ നൽകുന്ന ആത്മാവായി” പ്രവർത്തിക്കാനുള്ള സമയം ഒടുവിൽ വന്നെത്തും. ആദാമിന്റെ സന്തതികളിൽ നല്ലൊരു പങ്കും ജീവനിലേക്ക് തിരികെ വരും. എന്തുകൊണ്ട്? കാരണം അവർ ഇവിടെ ജീവിച്ചു മരിച്ചുപോയവരാണ്. പുനരുത്ഥാനത്തിലൂടെ ഭൗമികജീവനിലേക്ക് അവർ തിരികെ വരേണ്ടതുണ്ട്.—യോഹ. 5:28, 29.
14. ആദാം സന്തതികളിലേക്ക് കൈമാറിയ അപൂർണത ഇല്ലാതാക്കാൻ യഹോവ ചെയ്തിരിക്കുന്ന ക്രമീകരണം എന്താണ്?
14 പാരമ്പര്യമായി കിട്ടിയ അപൂർണത നിമിത്തമുള്ള കഷ്ടപ്പാടുകളിൽനിന്ന് മനുഷ്യവർഗം എങ്ങനെ സ്വതന്ത്രരാകും? “അവസാനത്തെ ആദാ”മും മനുഷ്യവർഗത്തിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ട സഹകാരികളും ചേർന്നുള്ള ഒരു രാജ്യഭരണം യഹോവ ക്രമീകരിച്ചിരിക്കുന്നു. (വെളിപാട് 5:9, 10 വായിക്കുക.) യേശുവിന്റെ കൂടെ സ്വർഗത്തിൽ ഭരിക്കുന്നവർ അപൂർണതയുടെ ഫലങ്ങൾ അനുഭവിച്ചവരായിരിക്കും. ആയിരം വർഷം നീളുന്ന അവരുടെ ഭരണം, തങ്ങൾക്കു സ്വയം കീഴ്പെടുത്താനാകാത്ത അപൂർണത മറികടക്കാൻ ഭൂമിയിലുള്ളവരെ സഹായിക്കും.—വെളി. 20:6.
15, 16. (എ) ‘അവസാന ശത്രുവായിട്ട് നീക്കം ചെയ്യപ്പെടുന്ന മരണം’ ഏതാണ്, അത് എപ്പോൾ നീക്കം ചെയ്യപ്പെടും? (ബി) 1 കൊരിന്ത്യർ 15:28 അനുസരിച്ച് യേശു ഭാവിയിൽ എന്തു ചെയ്യും?
15 ആയിരം വർഷ രാജ്യഭരണത്തിന്റെ അവസാനമാകുമ്പോഴേക്കും അനുസരണമുള്ള മനുഷ്യവർഗം, ആദാമിന്റെ അനുസരണക്കേടു നിമിത്തം രംഗപ്രവേശം ചെയ്ത സകല ശത്രുക്കളിൽനിന്നും മോചനം നേടിയിരിക്കും. ബൈബിൾ ഇങ്ങനെ പറയുന്നു: “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും. എന്നാൽ എല്ലാവരും അവരവരുടെ ക്രമമനുസരിച്ചത്രേ: ആദ്യഫലം ക്രിസ്തു; അനന്തരം ക്രിസ്തുവിനുള്ളവർ (അവന്റെ സഹഭരണാധികാരികൾ) അവന്റെ സാന്നിധ്യസമയത്ത്. പിന്നെ അവസാനത്തിങ്കൽ അവൻ എല്ലാ വാഴ്ചയും അധികാരവും ശക്തിയും നീക്കിക്കളഞ്ഞശേഷം രാജ്യം തന്റെ ദൈവവും പിതാവുമായവനെ ഏൽപ്പിക്കും. ദൈവം സകല ശത്രുക്കളെയും അവന്റെ കാൽക്കീഴാക്കുവോളം അവൻ രാജാവായി വാഴേണ്ടതാകുന്നുവല്ലോ. അവസാന ശത്രുവായിട്ട് മരണവും നീക്കം ചെയ്യപ്പെടും.” (1 കൊരി. 15:22-26) അതെ, ആദാമിൽനിന്ന് കൈമാറിക്കിട്ടിയ മരണം ഒടുവിൽ നീങ്ങിപ്പോകും. മുഴുമാനവകുടുംബത്തെയും വരിഞ്ഞുമുറുക്കിയിരിക്കുന്ന ‘മൂടുപടം’ എന്നേക്കുമായി നീക്കം ചെയ്യപ്പെട്ടിരിക്കും.—യെശ. 25:7, 8.
16 തന്റെ നിശ്ശ്വസ്തവാക്കുകൾ പൗലോസ് അപ്പൊസ്തലൻ ഇങ്ങനെ ഉപസംഹരിക്കുന്നു: “സകലവും അവനു കീഴ്പെട്ടുവന്നശേഷം, ദൈവം എല്ലാവർക്കും എല്ലാമാകേണ്ടതിന് പുത്രൻതന്നെയും സകലവും അവനു കീഴാക്കിക്കൊടുത്തവനു കീഴ്പെട്ടിരിക്കും.” (1 കൊരി. 15:28) യേശുവിന്റെ ഭരണത്തിന്റെ ഉദ്ദേശ്യം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടിരിക്കും. അപ്പോൾ അവൻ പൂർണമായ സംതൃപ്തിയോടെ തന്റെ അധികാരം യഹോവയ്ക്കു തിരികെക്കൊടുക്കുകയും പൂർണരാക്കപ്പെട്ട മനുഷ്യകുടുംബത്തെ അവനു കൈമാറുകയും ചെയ്യും.
17. സാത്താനെ അന്തിമമായി എന്തു ചെയ്യും?
17 മനുഷ്യവർഗം ഇന്നോളം അനുഭവിച്ചിരിക്കുന്ന സകല ദുരിതങ്ങൾക്കും തുടക്കമിട്ട സാത്താന് എന്തു സംഭവിക്കും? വെളിപാട് 20:7-15 ഉത്തരം തരുന്നു. എല്ലാ പൂർണമനുഷ്യർക്കുമായുള്ള ഒരു അന്തിമപരിശോധനയിൽ അവരെ വഴിതെറ്റിക്കാനുള്ള അവസാനശ്രമം നടത്താൻ സാത്താനെ അനുവദിക്കും. അതേത്തുടർന്ന് പിശാചും അവനു വഴിപ്പെടുന്നവരും “രണ്ടാം മരണ”ത്തിൽ എന്നെന്നേക്കുമായി നശിപ്പിക്കപ്പെടും. (വെളി. 21:8) നിത്യനാശത്തിലേക്ക് പോകുന്ന അവർ വീണ്ടും ഒരിക്കലും അസ്തിത്വത്തിലേക്ക് വരികയില്ല എന്ന അർഥത്തിൽ ഈ മരണത്തെ നീക്കം ചെയ്യില്ല. എന്നാൽ സ്രഷ്ടാവിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നവർക്ക് “രണ്ടാം മരണം” ഒരു ശത്രുവായിരിക്കുകയില്ല.
18. ആദാമിനു ദൈവം കൊടുത്ത നിയോഗം എങ്ങനെ നിറവേറും?
18 പൂർണരാക്കപ്പെട്ട മനുഷ്യവർഗം അതിനുശേഷം നിത്യം ജീവിക്കാൻ അംഗീകാരം നേടിയവരായി യഹോവയുടെ മുമ്പാകെ നിൽക്കും. അവർക്ക് ഒരിടത്തും ഒരു ശത്രുവും ഉണ്ടായിരിക്കുകയില്ല. ആദാമിനു കൊടുത്ത നിയോഗം അവനില്ലാതെതന്നെ നിറവേറ്റപ്പെടും. അവന്റെ സന്തതികളെക്കൊണ്ട് ഭൂമി നിറയും. വ്യത്യസ്തജീവജാലങ്ങളെ അടക്കിവാണ് മനുഷ്യൻ സന്തോഷിച്ചുല്ലസിക്കും. സ്നേഹപൂർവം യഹോവ അവസാന ശത്രുവായ മരണത്തെ നീക്കം ചെയ്യുന്ന വിധത്തോടുള്ള വിലമതിപ്പ് നമുക്ക് ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കാം!
^ ഖ. 9 വാർധക്യം പ്രാപിക്കുകയും മരിക്കുകയും ചെയ്യുന്നതിന്റെ കാരണം വിശദീകരിക്കാനുള്ള ശാസ്ത്രജ്ഞന്മാരുടെ ശ്രമത്തെക്കുറിച്ച് തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച (ഇംഗ്ലീഷ്) ഇങ്ങനെ അഭിപ്രായപ്പെടുന്നു: “ആദ്യമനുഷ്യദമ്പതികൾക്ക് മരണശിക്ഷ വിധിച്ചത് സ്രഷ്ടാവുതന്നെയാണെന്ന വസ്തുത (ശാസ്ത്രജ്ഞർ) തിരിച്ചറിയുന്നില്ല. മനുഷ്യർക്ക് പൂർണമായി മനസ്സിലാക്കാൻ കഴിയാത്ത വിധത്തിലാണ് അവൻ ആ വിധി നടപ്പിലാക്കിയത്.”—വാല്യം 2, പേജ് 247.