ക്രിസ്തീയസഭയിൽ ‘നല്ല വേലയ്ക്കായി’ നിങ്ങൾ ‘യത്നിക്കുന്നുണ്ടോ?’
ഫെർണാൻഡോ * നല്ല ടെൻഷനിൽ ആണ്. അദ്ദേഹത്തോട് വ്യക്തിപരമായി എന്തോ സംസാരിക്കണമെന്ന് രണ്ടു മൂപ്പന്മാർ പറഞ്ഞിരിക്കുന്നു. അടുത്തിടയായി ഇതൊരു പതിവാണ്, ഓരോ തവണ സർക്കിട്ട് മേൽവിചാരകൻ വന്നുപോകുമ്പോഴും മൂപ്പന്മാർ വിളിക്കും. സഭയിൽ കൂടുതലായ സേവനപദവികൾക്ക് യോഗ്യത നേടാൻ താൻ ഇനിയും ചെയ്യേണ്ട കാര്യങ്ങൾ എന്താണെന്ന് പറഞ്ഞുതരും. കാലം കഴിയുന്തോറും, താൻ ഇനി എന്നെങ്കിലും ഒരു മൂപ്പനാകുമോ എന്നുപോലും ഫെർണാൻഡോയ്ക്ക് സംശയമായിരിക്കുന്നു. ഇപ്പോൾ ഇതാ വീണ്ടും ഒരു സന്ദർശനവാരം കൂടി കഴിഞ്ഞു. ഇത്തവണ മൂപ്പന്മാർ എന്താണാവോ പറയാൻ പോകുന്നത്?
മൂപ്പന്മാരിൽ ഒരാൾ സംസാരിച്ചുതുടങ്ങിയപ്പോൾ ഫെർണാൻഡോ നന്നായി ശ്രദ്ധിച്ചു. 1 തിമൊഥെയൊസ് 3:1 പരാമർശിച്ചുകൊണ്ട് മൂപ്പൻ കാര്യം നേരെ അങ്ങ് പറഞ്ഞു: “സഹോദരന് മൂപ്പനായിട്ടുള്ള നിയമനം വന്നിട്ടുണ്ട്!” ഒരു നിമിഷം സ്തബ്ധനായി ഇരുന്നുപോയ ഫെർണാൻഡോ വിശ്വസിക്കാനാവാതെ ചോദിച്ചു: “സഹോദരൻ എന്താ പറഞ്ഞത്?” മൂപ്പൻ തന്റെ വാക്കുകൾ ആവർത്തിച്ചു. ഫെർണാൻഡോയുടെ മുഖത്ത് ഒരു പുഞ്ചിരി വിടർന്നു. പിന്നീട് നിയമനത്തെക്കുറിച്ച് അറിയിപ്പു നടത്തിയപ്പോൾ ആ നിറപുഞ്ചിരി സഭയിൽ സകലരിലേക്കും പടർന്നു.
സഭയിൽ സേവനപദവികൾ കാംക്ഷിക്കുന്നത് തെറ്റായ ഒരു സംഗതിയാണോ? ഒരിക്കലുമല്ല. 1 തിമൊഥെയൊസ് 3:1 പറയുന്നപ്രകാരം, “മേൽവിചാരകപദത്തിലെത്താൻ യത്നിക്കുന്ന ഒരുവൻ നല്ല വേലയത്രേ ആഗ്രഹിക്കുന്നത്.” പല ക്രിസ്തീയപുരുഷന്മാരും ആ പ്രോത്സാഹനം മനസ്സാ സ്വീകരിക്കുകയും ആവശ്യമായ ആത്മീയപുരോഗതി വരുത്തിക്കൊണ്ട് സഭയിൽ സേവനപദവികൾക്കായി യോഗ്യത പ്രാപിക്കുകയും ചെയ്യുന്നു. തത്ഫലമായി, പ്രാപ്തരായ അനേകലക്ഷം മൂപ്പന്മാരെയും ശുശ്രൂഷാദാസന്മാരെയും നൽകിക്കൊണ്ട് ദൈവം തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു. എന്നാൽ സഭകൾ സാക്ഷ്യം വഹിക്കുന്ന വലിയ വർധന സേവനപദവികൾക്കായി ഇനിയും അനേകം സഹോദരങ്ങൾ ലക്ഷ്യംവെച്ച് പ്രവർത്തിക്കേണ്ടത് ആവശ്യമാക്കിത്തീർത്തിരിക്കുന്നു. ആ ലക്ഷ്യം കൈവരിക്കാനുള്ള ശരിയായ വഴി ഏതാണ്? മേൽവിചാരകനായിത്തീരാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തി അതിനെപ്രതി ഫെർണാൻഡോയെപ്പോലെ ടെൻഷൻ അടിക്കേണ്ട ആവശ്യമുണ്ടോ?
‘യത്നിക്കുക’ എന്നു പറയുന്നതിന്റെ അർഥം
ആത്മാർഥമായി ആഗ്രഹിക്കുക, എത്തിപ്പിടിക്കുക എന്നൊക്കെ അർഥവ്യാപ്തിയുള്ള ഒരു ഗ്രീക്ക് ക്രിയയാണ് ബൈബിളിൽ ‘യത്നിക്കുക’ എന്ന് തർജമ ചെയ്തിട്ടുള്ളത്. മരക്കൊമ്പിൽ തൂങ്ങുന്ന ആകർഷകമായ ഒരു തേൻപഴം ഒരു വ്യക്തി കഠിനശ്രമം ചെയ്ത് കൈയെത്തിച്ച് പറിച്ചെടുക്കുന്ന ഒരു ചിത്രം ഇത് നമ്മുടെ മനസ്സിലേക്കു കൊണ്ടുവരുന്നു. എന്നാൽ യത്നിക്കുക എന്നതിന് ‘മേൽവിചാരകപദവി’ വ്യഗ്രതയോടെ പിടിച്ചുപറ്റുക എന്നല്ല അർഥം! എന്തുകൊണ്ടല്ല? കാരണം, മൂപ്പന്മാരായി സേവിക്കാൻ ഹൃദയപരമാർഥതയോടെ ആഗ്രഹിക്കുന്നവരുടെ ലക്ഷ്യം “നല്ല വേല” ചെയ്യുക എന്നതാണ്, സ്ഥാനമാനങ്ങൾ കൈക്കലാക്കുക എന്നതല്ല.
ഈ നല്ല വേലയ്ക്കുവേണ്ടിയുള്ള യോഗ്യതാപട്ടിക 1 തിമൊഥെയൊസ് 3:2-7-ലും തീത്തൊസ് 1:5-9-ലും കാണാവുന്നതാണ്. ആ ഉയർന്ന നിലവാരങ്ങളെക്കുറിച്ച് ദീർഘകാലമായി ഒരു മൂപ്പനായി സേവിച്ചുവരുന്ന റെയ്മണ്ട് ഇങ്ങനെ വിശദീകരിക്കുന്നു: “എന്നെ സംബന്ധിച്ചിടത്തോളം, നാം എങ്ങനെയുള്ള വ്യക്തിയാണ് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട സംഗതി. പ്രസംഗവും പഠിപ്പിക്കലും പ്രധാനപ്പെട്ട കാര്യങ്ങൾതന്നെയാണ്. എങ്കിലും ആ പ്രാപ്തികൾ ഒരു വ്യക്തി അപവാദരഹിതനും മിതശീലനും സുബോധമുള്ളവനും അച്ചടക്കത്തോടെ ജീവിക്കുന്നവനും അതിഥിപ്രിയനും ന്യായബോധമുള്ളവനും ഒക്കെ ആയിരിക്കേണ്ടതിന്റെ പ്രാധാന്യം ഒട്ടും കുറച്ചുകളയുന്നില്ല.”
സേവനപദവികളിൽ എത്തിച്ചേരാൻ ആത്മാർഥമായി യത്നിക്കുന്ന ഒരു സഹോദരൻ എല്ലാത്തരത്തിലുമുള്ള കാപട്യവും അശുദ്ധിയും ഒഴിവാക്കിക്കൊണ്ട് അപവാദരഹിതനാണ് താനെന്ന് തെളിയിക്കുന്നു. അദ്ദേഹം മിതശീലനും സുബോധമുള്ളവനും അച്ചടക്കത്തോടെ ജീവിക്കുന്നവനും ന്യായബോധമുള്ളവനും ആണ്. തന്നിമിത്തം സഭയിൽ നേതൃത്വമെടുക്കാനും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തങ്ങളെ സഹായിക്കാനും അദ്ദേഹത്തിനു കഴിയുമെന്ന ബോധ്യത്തോടെ സഹാരാധകർ അദ്ദേഹത്തിൽ വിശ്വാസമർപ്പിക്കുന്നു. അതിഥിപ്രിയനായതിനാൽ സഭയിലെ യുവാക്കൾക്കും സത്യത്തിൽ പുതിയവർക്കും അദ്ദേഹം പ്രോത്സാഹനത്തിന്റെ ഒരു ഉറവാണ്. നന്മ പ്രിയപ്പെടുന്നവനായതുകൊണ്ട് അദ്ദേഹം രോഗികളെയും പ്രായമായവരെയും സഹായിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്നു. ഈ ഗുണങ്ങൾ അദ്ദേഹം വികസിപ്പിച്ചെടുക്കുന്നത് മറ്റുള്ളവരുടെ ക്ഷേമത്തെപ്രതിയാണ്, എങ്ങനെയും നിയമിതനാകുക എന്നുള്ള താത്പര്യത്തെപ്രതിയല്ല. *
നിങ്ങൾക്ക് ആവശ്യമായ ബുദ്ധിയുപദേശവും പ്രോത്സാഹനവും നൽകാൻ മൂപ്പന്മാരുടെ സംഘം സന്തോഷമുള്ളവരാണ്. പക്ഷേ, തിരുവെഴുത്തുയോഗ്യതകളിൽ എത്തിച്ചേരേണ്ട ഉത്തരവാദിത്വം മുഖ്യമായും സേവനപദവികൾക്കായി യത്നിക്കുന്ന സഹോദരനുതന്നെയാണ്. അനുഭവപരിചയമുള്ള ഒരു മേൽവിചാരകനായ ഹെൻറി പറയുന്നു: “സേവനപദവികൾക്കായി യത്നിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ, കഠിനാധ്വാനം ചെയ്തുകൊണ്ട് നിങ്ങളുടെ യോഗ്യത തെളിയിക്കുക.” സഭാപ്രസംഗി 9:10 പരാമർശിച്ചുകൊണ്ട് അദ്ദേഹം ഇപ്രകാരം വിശദീകരിക്കുന്നു: “‘നിങ്ങൾക്ക് ചെയ്യാൻ സാധിക്കുന്നതൊക്കെയും ശക്തിയോടെ ചെയ്ക.’ മൂപ്പന്മാർ നൽകുന്ന ഏതൊരു നിയമനവും ഏറ്റവും മികച്ച വിധത്തിൽ ചെയ്യുക. തറ വൃത്തിയാക്കുന്നത് ഉൾപ്പെടെ സഭയിൽ നിങ്ങൾക്ക് ലഭിക്കുന്ന ഏതൊരു ജോലിയും ആസ്വദിച്ച് ചെയ്യുക. കാലാന്തരത്തിൽ, നിങ്ങളുടെ പ്രവൃത്തികളും പരിശ്രമവും അംഗീകരിക്കപ്പെടാതെ പോകുകയില്ല.” എന്നെങ്കിലും ഒരു മൂപ്പനായി സേവിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ വിശുദ്ധസേവനത്തിന്റെ എല്ലാ വശത്തും നന്നായി അധ്വാനിക്കുകയും വിശ്വാസയോഗ്യനെന്നു തെളിയിക്കുകയും ചെയ്യുക. സ്ഥാനമോഹമല്ല, പിന്നെയോ താഴ്മയായിരിക്കണം നിങ്ങളുടെ ജീവിതത്തിന്റെ മുഖമുദ്ര.—മത്താ. 23:8-12.
തെറ്റായ ചിന്താഗതിയും നടപടികളും ഒഴിവാക്കുക
സഭയിൽ സേവനപദവികൾ വാഞ്ഛിക്കുന്ന ചിലർക്ക്, അതു സംബന്ധിച്ച് മൂപ്പന്മാർക്ക് ചില സൂചനകൾ നൽകാൻ പ്രലോഭനം തോന്നിയേക്കാം. മൂപ്പന്മാരുടെ സംഘത്തെ സ്വാധീനിക്കാൻ ചിലർ ശ്രമിച്ചേക്കാം. ഇനി മറ്റു ചിലരാകട്ടെ, മൂപ്പന്മാർ ബുദ്ധിയുപദേശം നൽകുമ്പോൾ നെറ്റിചുളിക്കുന്നു. അങ്ങനെയുള്ളവർ തങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുന്നത് നന്നായിരിക്കും: ‘സ്വന്തം താത്പര്യങ്ങൾ ഉന്നമിപ്പിക്കാനാണോ ഞാൻ ആഗ്രഹിക്കുന്നത്, അതോ യഹോവയുടെ ആടുകളെ താഴ്മയോടെ പരിപാലിക്കാനാണോ ഞാൻ ആഗ്രഹിക്കുന്നത്?’
മേൽവിചാരകനായിത്തീരാൻ യത്നിക്കുന്ന ഒരു സഹോദരൻ മറക്കാൻ പാടില്ലാത്ത മറ്റൊരു സുപ്രധാനയോഗ്യത കൂടിയുണ്ട്. മൂപ്പന്മാർ “അജഗണത്തിനു മാതൃകകളായി”രിക്കണം എന്നുള്ളതാണ് അത്. (1 പത്രോ. 5:1-3) സഭയ്ക്ക് മാതൃകവെക്കുന്ന ഒരു സഹോദരൻ വളഞ്ഞവഴിക്കുള്ള ചിന്താഗതികളും പ്രവർത്തനങ്ങളും ഒഴിവാക്കും. ഇപ്പോൾ നിയമിതനാണെങ്കിലും അല്ലെങ്കിലും സഹിഷ്ണുതയും ക്ഷമയും അദ്ദേഹം നട്ടുവളർത്തുന്നു. മൂപ്പനായി എന്നതുകൊണ്ട് ഒരു സഹോദരനിൽനിന്ന് മാനുഷികന്യൂനതകൾ അത്ഭുതകരമായി ഒഴിഞ്ഞുപോകുന്നില്ല. (സംഖ്യാ. 12:3; സങ്കീ. 106:32, 33) ഒരുപക്ഷേ, ഒരു സഹോദരന് ‘യാതൊരുതരത്തിലുമുള്ള കുറ്റബോധം’ തോന്നുന്നില്ലായിരിക്കാം. എങ്കിലും മറ്റുള്ളവർക്ക് അതേ മതിപ്പ് അദ്ദേഹത്തോട് തോന്നണമെന്നില്ല, അവർക്ക് അതിന് ന്യായമായ ചില കാരണങ്ങളുണ്ടായിരുന്നേക്കാം. (1 കൊരി. 4:4) അതുകൊണ്ട്, മൂപ്പന്മാർ ആത്മാർഥതയോടെ ബൈബിളധിഷ്ഠിത ബുദ്ധിയുപദേശം നൽകുമ്പോൾ അസ്വസ്ഥരാകാതെ ശ്രദ്ധവെച്ച് കേൾക്കുക. ലഭിച്ച നിർദേശങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ യത്നിക്കുക.
കാത്തിരിപ്പ് നീണ്ടുപോകുന്നെങ്കിലോ?
മൂപ്പന്മാരായി നിയമിതരാകുന്നതിന് മുമ്പ് അനേകം സഹോദരന്മാർ ‘നീണ്ടകാലം’ എന്ന് അവർക്ക് തോന്നിയേക്കാവുന്ന ഒരു കാലയളവ് കാത്തിരിക്കാറുണ്ട്. വർഷങ്ങളായി “മേൽവിചാരകപദത്തിലെത്താൻ യത്നിക്കുന്ന” ഒരു സഹോദരനാണോ നിങ്ങൾ? അതെക്കുറിച്ച് ഇടയ്ക്കൊക്കെ നിങ്ങൾക്ക് ആശങ്ക തോന്നാറുണ്ടോ? അങ്ങനെയെങ്കിൽ, ഈ നിശ്ശ്വസ്തവചനങ്ങൾ ശ്രദ്ധിക്കുക: “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ.”—സദൃ. 13:12.
അത്യധികം ആഗ്രഹിക്കുന്ന ഒരു ലക്ഷ്യം കയ്യെത്താദൂരത്താണെങ്കിൽ ഹൃദയം നിരാശയിലേക്ക് വഴുതിവീണേക്കാം. അബ്രാഹാമിന് അങ്ങനെ തോന്നി. യഹോവ അബ്രാഹാമിന് ഒരു പുത്രനെ വാഗ്ദാനം ചെയ്തു, പക്ഷേ വർഷങ്ങൾ കടന്നുപോയിട്ടും അബ്രാഹാമിനും സാറായ്ക്കും കുട്ടികൾ ജനിച്ചില്ല. (ഉല്പ. 12:1-3, 7) വാർധക്യമേറിവന്നപ്പോൾ അബ്രാഹാം യഹോവയോട് ഇങ്ങനെ നിലവിളിച്ചു: “കർത്താവായ യഹോവേ, നീ എനിക്കു എന്തു തരും? ഞാൻ മക്കളില്ലാത്തവനായി നടക്കുന്നുവല്ലോ . . . നീ എനിക്കു സന്തതിയെ തന്നിട്ടില്ല.” ഒരു മകനെ നൽകുമെന്നുള്ള തന്റെ വാഗ്ദാനം താൻ നിവർത്തിക്കുമെന്ന് യഹോവ അബ്രാഹാമിന് വീണ്ടും ഉറപ്പുകൊടുത്തു. എന്നിട്ടും യഹോവയുടെ വാക്കുകൾ സത്യമായി ഭവിക്കാൻ 14 വർഷമെങ്കിലും അബ്രാഹാമിന് പിന്നെയും കാത്തിരിക്കേണ്ടിവന്നു.—ഉല്പ. 15:2-4; 16:16; 21:5.
ആ നീണ്ട കാത്തിരിപ്പിൻവേളയിൽ അബ്രാഹാമിന് യഹോവയെ സേവിക്കുന്നതിലുള്ള സന്തോഷം നഷ്ടമായോ? ഇല്ല. അവൻ ഒരിക്കലും ദൈവത്തിന്റെ വാഗ്ദാനത്തെ സംശയിച്ചില്ല. ശുഭാപ്തിവിശ്വാസത്തോടെ പ്രതിഫലത്തിനായി അവൻ നോക്കിപ്പാർത്തിരുന്നു. അപ്പൊസ്തലനായ പൗലോസ് എഴുതി: “അബ്രാഹാം ക്ഷമയോടെ കാത്തിരുന്നശേഷമാണ് അവന് ഈ വാഗ്ദാനം ലഭിച്ചത്.” (എബ്രാ. 6:15) ഒടുവിൽ, സർവശക്തനായ ദൈവം ആ വിശ്വസ്തമനുഷ്യനെ അവന്റെ പ്രതീക്ഷകൾക്കെല്ലാമപ്പുറം അനുഗ്രഹിച്ചു. നിങ്ങൾക്ക് അബ്രാഹാമിൽനിന്ന് എന്തു പഠിക്കാനാകും?
ഒരു മൂപ്പനായി സേവിക്കാൻ വർഷങ്ങളായി നിങ്ങൾ ആഗ്രഹിച്ചിട്ടും ഇന്നോളം അതു സഫലമായിത്തീർന്നിട്ടില്ലെങ്കിൽ നിരാശയിലാണ്ടുപോകരുത്. യഹോവയിൽ തുടർന്നും നിങ്ങളുടെ ആശ്രയം വെക്കുക. ദൈവസേവനത്തിലെ സന്തോഷം നിങ്ങൾ ഒരുകാരണവശാലും നഷ്ടപ്പെടുത്തരുത്. അനേകം സഹോദരന്മാരെ ആത്മീയപുരോഗതിയിലേക്ക് വളരാൻ സഹായിച്ച വോറെൻ എന്ന സഹോദരൻ അതിന്റെ കാരണം ഇപ്രകാരം വിശദീകരിക്കുന്നു: “നിയമനങ്ങൾക്കായി ഒരു വ്യക്തി യോഗ്യത പ്രാപിക്കുന്നത് പടിപടിയായാണ്. പെരുമാറ്റത്തിലും ലഭിക്കുന്ന നിയമനങ്ങൾ കൈകാര്യം ചെയ്യുന്ന വിധത്തിലും ഒരു സഹോദരന്റെ കഴിവുകളും മനോഭാവവും അല്പാല്പമായി വെളിപ്പെട്ടുവരുന്നു. ‘ഈ പദവി’ അല്ലെങ്കിൽ ‘ആ നിയമനം’ ലഭിക്കുന്നെങ്കിൽ മാത്രമേ തങ്ങൾക്ക് ജീവിതത്തിൽ വിജയം നേടാനാകൂ എന്നാണ് ചിലർ കരുതുന്നത്. അത്തരം തെറ്റായ ചിന്താഗതി മനസ്സിനെ സദാ അലട്ടാൻ തുടങ്ങിയേക്കാം. എന്നാൽ യഹോവയെ നിങ്ങൾ വിശ്വസ്തമായി സേവിക്കുന്നെങ്കിൽ എവിടെയാണെങ്കിലും എന്തുചെയ്യുകയാണെങ്കിലും നിങ്ങളുടെ ജീവിതം ഒരു വിജയമാണ്.”
ഒരു സഹോദരന് മൂപ്പനായി നിയമനം ലഭിക്കാൻ പത്തു വർഷത്തിലേറെക്കാലം കാത്തിരിക്കേണ്ടിവന്നു. യെഹെസ്കേൽ 1-ാം അധ്യായത്തിലെ സുപരിചിതമായ വിവരണം പരാമർശിച്ചുകൊണ്ട് താൻ പഠിച്ച പാഠം അദ്ദേഹം വിവരിക്കുന്നു: “യഹോവ തന്റെ രഥസമാന സംഘടനയെ താൻ ഉദ്ദേശിക്കുന്ന വേഗത്തിലാണ് മുന്നോട്ട് നയിക്കുന്നത്. നാം നിശ്ചയിക്കുന്ന സമയമല്ല, യഹോവ നിശ്ചയിക്കുന്ന സമയമാണ് പ്രധാനം. ഒരു മൂപ്പനായി സേവിക്കാനുള്ള ആഗ്രഹത്തിന്റെ കാര്യത്തിൽ, ഞാൻ എന്ന വ്യക്തിക്കോ എന്റെ അഭിലാഷങ്ങൾക്കോ എന്റെ സ്വപ്നങ്ങൾക്കോ അല്ല പ്രാധാന്യം. ഞാൻ ആഗ്രഹിക്കുന്ന കാര്യമായിക്കൊള്ളണമെന്നില്ല എനിക്ക് യഥാർഥത്തിൽ ആവശ്യമുള്ളതായി യഹോവ കാണുന്നത്.”
ഭാവിയിൽ ഒരു ക്രിസ്തീയമേൽവിചാരകൻ ആയിത്തീർന്നുകൊണ്ട് ആ നല്ല വേലയിൽ പങ്കുചേരാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, സഭയുടെ സന്തോഷത്തിനായി പ്രവർത്തിച്ചുകൊണ്ട് ആ ലക്ഷ്യം എത്തിപ്പിടിക്കാൻ യത്നിക്കുക. സമയം ഇഴഞ്ഞുനീങ്ങുന്നതായി തോന്നുന്നെങ്കിൽ അക്ഷമയ്ക്കും ആകുലതയ്ക്കും എതിരെ പോരാടുക. മുമ്പ് പരാമർശിച്ച റെയ്മണ്ട് ഇപ്രകാരം പ്രസ്താവിക്കുന്നു: “സ്ഥാനമോഹം സംതൃപ്തിയുടെ ഒരു ശത്രുവാണ്. അതു കാംക്ഷിച്ച് കഴിയുന്നവർ യഹോവയെ സേവിക്കുന്നതിലൂടെ ലഭ്യമാകുന്ന സന്തോഷം കളഞ്ഞുകുളിക്കുകയാണ്.” ദൈവാത്മാവിന്റെ ഫലം കൂടുതൽ തികവോടെ വളർത്തിയെടുക്കുക, വിശേഷാൽ ദീർഘക്ഷമ. തിരുവെഴുത്തുകൾ നന്നായി പഠിച്ചുകൊണ്ട് നിങ്ങളുടെ ആത്മീയത മെച്ചപ്പെടുത്താൻ പരമാവധി പ്രയത്നിക്കുക. രാജ്യസന്ദേശം ഘോഷിച്ചും താത്പര്യക്കാരെ ബൈബിൾ പഠിപ്പിച്ചും കൊണ്ട് ശുശ്രൂഷയിലെ നിങ്ങളുടെ പങ്ക് വർധിപ്പിക്കുക. ആത്മീയപ്രവർത്തനങ്ങളിലും കുടുംബാരാധനയിലും നേതൃത്വം എടുത്തുകൊണ്ട് നിങ്ങളുടെ കുടുംബത്തെ മുന്നോട്ടു നയിക്കുക. സഹോദരീസഹോദരന്മാരോടൊപ്പം ആയിരിക്കുന്ന ഓരോ അവസരവും നന്നായി ആസ്വദിക്കുക. അങ്ങനെ ലക്ഷ്യത്തിലേക്ക് മുന്നേറവെ, ആ യാത്ര നിങ്ങൾ പൂർണമായും ആസ്വദിക്കും.
സഭയിൽ സേവനപദവികൾക്കുവേണ്ട യോഗ്യത പ്രാപിക്കാനായി ലക്ഷ്യംവെച്ച് പ്രവർത്തിക്കാനാകുന്നത് യഹോവ സ്നേഹപൂർവം നമുക്കു നൽകുന്ന ഒരു അവസരമാണ്. ഉത്തരവാദിത്വസ്ഥാനങ്ങളിൽ എത്തിച്ചേരാൻ യത്നിക്കുന്നവർ അസന്തുഷ്ടരും നിരാശരും ആയിത്തീരാൻ യഹോവയോ അവന്റെ സംഘടനയോ ആഗ്രഹിക്കുന്നില്ല. ശുദ്ധമായ ആന്തരത്തോടെ തന്നെ സേവിക്കുന്ന എല്ലാവരെയും യഹോവ പിന്തുണയ്ക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു. അതെ, യഹോവ നൽകുന്ന അനുഗ്രഹങ്ങളിലൊന്നും അവൻ “ദുഃഖം കലർത്തുന്നില്ല.”—സുഭാ. (സദൃ.) 10:22, പി.ഒ.സി.
സേവനപദവികൾ എത്തിപ്പിടിക്കാനായി കുറെ നാളുകളായി നിങ്ങൾ യത്നിക്കുകയാണെങ്കിലും, നല്ല ആത്മീയപുരോഗതി ഇനിയും നിങ്ങൾക്ക് വരുത്താനാകും. അങ്ങനെ ആവശ്യമായ ആത്മീയഗുണങ്ങൾ വളർത്തിയെടുക്കാനും സ്വന്തം കുടുംബത്തെ അവഗണിക്കാതെതന്നെ സഭയിൽ കഠിനാധ്വാനം ചെയ്യാനും യത്നിക്കുമ്പോൾ നിങ്ങൾ നിങ്ങൾക്കായിത്തന്നെ സേവനത്തിന്റെ ഒരു മികച്ച രേഖ ഉണ്ടാക്കുകയായിരിക്കും. യഹോവ അത് ഒരിക്കലും മറന്നുകളയുകയില്ല. ഏതു നിയമനങ്ങൾ ലഭിച്ചാലും, യഹോവയെ സേവിക്കുന്നത് എല്ലായ്പോഴും നിങ്ങൾക്ക് ആനന്ദദായകമായിരിക്കട്ടെ!
^ ഖ. 2 ഈ ലേഖനത്തിൽ പേരുകൾ മാറ്റിയിട്ടുണ്ട്.
^ ഖ. 8 ഈ ലേഖനത്തിൽ പ്രതിപാദിച്ചിരിക്കുന്ന തത്ത്വങ്ങൾ ശുശ്രൂഷാദാസന്മാരായിത്തീരാൻ ആഗ്രഹിക്കുന്ന സഹോദരങ്ങൾക്കും ബാധകമാണ്. അവർ എത്തിച്ചേരേണ്ട യോഗ്യതകൾ 1 തിമൊഥെയൊസ് 3:8-10, 12, 13 വാക്യങ്ങളിൽ കാണാവുന്നതാണ്.