“ഉന്നതങ്ങളിലുള്ളവയിൽത്തന്നെ മനസ്സുറപ്പിക്കുവിൻ”
“ഭൂമിയിലുള്ളവയിലല്ല, ഉന്നതങ്ങളിലുള്ളവയിൽത്തന്നെ മനസ്സുറപ്പിക്കുവിൻ.”—കൊലോ. 3:2.
1, 2. (എ) ഒന്നാം നൂറ്റാണ്ടിലെ കൊലോസ്യസഭയുടെ ഐക്യത്തിന് എന്തു ഭീഷണി നേരിട്ടു? (ബി) ഉറച്ചുനിൽക്കാൻ സഹായിക്കുന്ന എന്തു ബുദ്ധിയുപദേശമാണു കൊലോസ്യസഭയിലെ സഹോദരങ്ങൾക്കു പൗലോസ് നൽകിയത്?
ഒന്നാം നൂറ്റാണ്ടിലെ കൊലോസ്യസഭയുടെ ഐക്യം അപകടത്തിലായിരുന്നു! മോശൈകന്യായപ്രമാണത്തോട് തുടർന്നും പറ്റിനിൽക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ചിലർ സഭയ്ക്കുള്ളിൽ ഭിന്നിപ്പുണ്ടാക്കി. മറ്റുചിലരാകട്ടെ, സ്വയം സകല സുഖങ്ങളും നിഷേധിക്കുന്ന സർവസുഖപരിത്യാഗം എന്ന പുറജാതീയ തത്ത്വശാസ്ത്രം ഉന്നമിപ്പിച്ചു. ഈ വ്യാജോപദേശങ്ങൾക്കെതിരെ മുന്നറിയിപ്പു നൽകിക്കൊണ്ട് പൗലോസ് കൊലോസ്യക്രിസ്ത്യാനികൾക്ക് പ്രോത്സാഹജനകമായ ഒരു ലേഖനം എഴുതി. അവൻ ഇങ്ങനെ പറഞ്ഞു: “സൂക്ഷിക്കുവിൻ! തത്ത്വജ്ഞാനത്താലും വഞ്ചകവും കഴമ്പില്ലാത്തതുമായ ആശയഗതികളാലും ആരും നിങ്ങളെ വശീകരിച്ച് കുടുക്കിലാക്കരുത്. അവയ്ക്ക് ആധാരം മാനുഷികപാരമ്പര്യങ്ങളും ലോകത്തിന്റെ ആദിപാഠങ്ങളുമാണ്; ക്രിസ്തുവിന്റെ ഉപദേശങ്ങളല്ല.”—കൊലോ. 2:8.
2 ആ അഭിഷിക്തക്രിസ്ത്യാനികൾ ‘ലോകത്തിന്റെ ആദിപാഠങ്ങളിൽ’ മനസ്സുറപ്പിച്ചിരുന്നെങ്കിൽ, രക്ഷയ്ക്കുവേണ്ടിയുള്ള യഹോവയുടെ കരുതലുകൾ അവർ തള്ളിക്കളയുകയാണെന്ന് അത് അർഥമാക്കിയേനെ. (കൊലോ. 2:20-23) ദൈവവുമായുള്ള അവരുടെ അമൂല്യബന്ധം കാത്തുസൂക്ഷിക്കാൻ അവരെ സഹായിക്കുന്നതിന് പൗലോസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചു: “ഭൂമിയിലുള്ളവയിലല്ല, ഉന്നതങ്ങളിലുള്ളവയിൽത്തന്നെ മനസ്സുറപ്പിക്കുവിൻ.” (കൊലോ. 3:2) അതെ, ക്രിസ്തുവിന്റെ സഹോദരന്മാർ ‘സ്വർഗത്തിൽ അവർക്കായി കരുതിയിരുന്ന’ അക്ഷയമായ അവകാശത്തിന്റെ പ്രത്യാശയിൽ മനസ്സുറപ്പിക്കണമായിരുന്നു.—കൊലോ. 1:4, 5.
3. (എ) അഭിഷിക്തക്രിസ്ത്യാനികൾ ഏതു പ്രത്യാശയിൽ മനസ്സുറപ്പിക്കുന്നു? (ബി) ഈ ലേഖനത്തിൽ നാം ഏതു ചോദ്യങ്ങൾ പരിചിന്തിക്കും?
3 സമാനമായി ഇന്നും അഭിഷിക്തക്രിസ്ത്യാനികൾ ദൈവത്തിന്റെ സ്വർഗീയരാജ്യത്തിലും “ക്രിസ്തുവിനോടുകൂടെ കൂട്ടവകാശിക”ളായിരിക്കാനുള്ള പ്രത്യാശയിലും തങ്ങളുടെ മനസ്സുറപ്പിക്കുന്നു. (റോമ. 8:14-17) എന്നാൽ ഭൗമികപ്രത്യാശയുള്ളവരെ സംബന്ധിച്ചെന്ത്? പൗലോസിന്റെ വാക്കുകൾ അവർക്ക് ബാധകമാകുന്നത് എങ്ങനെയാണ്? “വേറെ ആടുക”ളിൽപ്പെട്ടവർക്ക് “ഉന്നതങ്ങളിലുള്ളവയിൽ” മനസ്സുറപ്പിക്കാൻ കഴിയുന്നത് എങ്ങനെ? (യോഹ. 10:16) പ്രതിസന്ധികൾ നേരിട്ടപ്പോഴും ഉന്നതങ്ങളിലുള്ളവയിൽ മനസ്സുറപ്പിച്ച പുരാതനകാലത്തെ വിശ്വസ്തമനുഷ്യരായ അബ്രാഹാം, മോശ തുടങ്ങിയവരുടെ ദൃഷ്ടാന്തങ്ങൾ പരിശോധിക്കുന്നതിൽനിന്ന് നമുക്കേവർക്കും എങ്ങനെ പ്രയോജനം നേടാനാകും?
ഉന്നതങ്ങളിലുള്ളവയിൽ മനസ്സുറപ്പിക്കുക എന്നതിന്റെ അർഥം
4. വേറെ ആടുകൾക്ക് ഉന്നതങ്ങളിലുള്ളവയിൽ മനസ്സുറപ്പിക്കാൻ കഴിയുന്നത് എങ്ങനെ?
4 ‘വേറെ ആടുകളിൽപ്പെട്ടവർക്ക്’ സ്വർഗീയപ്രത്യാശയില്ലെങ്കിലും അവർക്കും ഉന്നതങ്ങളിലുള്ളവയിൽ മനസ്സുറപ്പിക്കാൻ കഴിയും. എങ്ങനെ? യഹോവയെയും ദൈവരാജ്യ താത്പര്യങ്ങളെയും ജീവിതത്തിൽ ഒന്നാമത് വെച്ചുകൊണ്ട്. (ലൂക്കോ. 10:25-27) ഇക്കാര്യത്തിൽ നമുക്ക് ക്രിസ്തുവിന്റെ മാതൃക അനുകരിക്കാൻ കഴിയും. (1 പത്രോ. 2:21) ഒന്നാം നൂറ്റാണ്ടിലെ സഹോദരങ്ങളെപ്പോലെ, സാത്താന്റെ ഈ വ്യവസ്ഥിതിയിൽ നാമും വ്യാജ വാദമുഖങ്ങളും ലൗകിക തത്ത്വശാസ്ത്രങ്ങളും ഭൗതികത്വ ചിന്താഗതികളും ഒക്കെ നേരിടുന്നു. (2 കൊരിന്ത്യർ 10:5 വായിക്കുക.) യേശുവിനെ അനുകരിച്ചുകൊണ്ട് നമ്മുടെ ആത്മീയതയ്ക്കു നേരെയുള്ള അത്തരം ആക്രമണങ്ങളെ ചെറുക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കണം.
5. ഭൗതികകാര്യങ്ങൾ സംബന്ധിച്ച നമ്മുടെ വീക്ഷണം നമുക്ക് എങ്ങനെ പരിശോധിക്കാനാകും?
5 ഭൗതികകാര്യങ്ങളോടുള്ള ലോകത്തിന്റെ വീക്ഷണം നമ്മുടെ ജീവിതത്തിലേക്കു കടന്നുകയറിയിട്ടുണ്ടോ? നാം പ്രിയപ്പെടുന്നത് എന്താണെന്ന് നമ്മുടെ ചിന്തകളും പ്രവൃത്തികളും വെളിപ്പെടുത്തുന്നു. “നിന്റെ നിക്ഷേപം എവിടെയോ അവിടെയായിരിക്കും നിന്റെ ഹൃദയവും” എന്ന് യേശു പറഞ്ഞു. (മത്താ. 6:21) നമ്മുടെ ഹൃദയം എങ്ങോട്ടാണ് നമ്മെ നയിക്കുന്നതെന്ന് തിരിച്ചറിയാൻ ഇടയ്ക്കിടെ സ്വയം പരിശോധിക്കുന്നത് നല്ലതായിരിക്കും. നിങ്ങളോടുതന്നെ ചോദിക്കുക: ‘സാമ്പത്തികകാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ട് ഞാൻ എത്രമാത്രം സമയം ചെലവഴിക്കാറുണ്ട്? ബിസിനെസ് സാധ്യതകൾ, നിക്ഷേപങ്ങൾ എന്നിവയെക്കുറിച്ചുള്ള ഉത്കണ്ഠകൾ, കൂടുതൽ സുഖകരമായ ജീവിതത്തിനുവേണ്ടിയുള്ള പ്രയത്നം എന്നിവ എന്റെ സമയത്തിന്റെ നല്ല ഒരു പങ്കും കവർന്നെടുക്കുന്നുണ്ടോ? അതോ ആത്മീയകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ലളിതമായ കണ്ണ് നിലനിറുത്താനാണോ ഞാൻ ശ്രമിക്കുന്നത്?’ (മത്താ. 6:22) “ഭൂമിയിൽ നിക്ഷേപങ്ങൾ സ്വരൂപിക്കുന്ന”തിന് മുഖ്യശ്രദ്ധ കൊടുക്കുന്നവർ ഗുരുതരമായ ആത്മീയ അപകടത്തിലാണെന്ന് യേശു സൂചിപ്പിച്ചു.—മത്താ. 6:19, 20, 24.
6. ജഡികപ്രവണതകൾക്ക് എതിരെയുള്ള പോരാട്ടത്തിൽ നമുക്ക് എങ്ങനെ വിജയം വരിക്കാനാകും?
6 നമ്മുടെ ഇന്ദ്രിയങ്ങളെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങളിൽ ഏർപ്പെടാൻ നമ്മുടെ അപൂർണജഡം നമ്മെ പ്രേരിപ്പിക്കുന്നു. (റോമർ 7:21-25 വായിക്കുക.) നമ്മുടെ ജീവിതത്തിൽ പരിശുദ്ധാത്മാവിന്റെ പ്രവർത്തനമില്ലെങ്കിൽ “ഇരുട്ടിന്റെ പ്രവൃത്തിക”ളിൽ നാം ആണ്ടുപോയേക്കാം. ഇവയിൽ ‘വെറിക്കൂത്തുകൾ, മദ്യപാനം, അവിഹിതവേഴ്ചകൾ, ദുർവൃത്തി’ എന്നിവയൊക്കെ ഉൾപ്പെടാം. (റോമ. 13:12, 13) “ഭൂമിയിലുള്ളവ”യ്ക്കെതിരെ അതായത് ജഡത്തെ തൃപ്തിപ്പെടുത്തുന്ന കാര്യങ്ങൾക്കെതിരെ ഉള്ള പോരാട്ടം ജയിക്കാൻ നാം ഉന്നതങ്ങളിലുള്ളവയിൽ മനസ്സുറപ്പിച്ചേ മതിയാകൂ. ഇതിന് ശ്രമം ആവശ്യമാണ്. അതുകൊണ്ടാണ് “ഞാൻ എന്റെ ശരീരത്തെ ദണ്ഡിപ്പിച്ച് അടിമയാക്കുന്നു” എന്ന് പൗലോസ് അപ്പൊസ്തലൻ പറഞ്ഞത്. (1 കൊരി. 9:27) നിത്യജീവനുവേണ്ടിയുള്ള ഓട്ടക്കളത്തിൽ തുടരണമെങ്കിൽ നാം നമ്മോടുതന്നെ കർക്കശരായേ മതിയാകൂ. പുരാതനകാലത്തെ വിശ്വസ്തരായ രണ്ട് ദൈവദാസന്മാർ ‘ദൈവത്തെ പ്രസാദിപ്പിക്കാൻ’ എന്താണ് ചെയ്തതെന്ന് നമുക്ക് പരിചിന്തിക്കാം.—എബ്രാ. 11:6.
അബ്രാഹാം “യഹോവയിൽ വിശ്വസിച്ചു”
7, 8. (എ) അബ്രാഹാമും സാറായും എന്തെല്ലാം പ്രശ്നങ്ങൾ നേരിട്ടു? (ബി) എന്തിലാണ് അബ്രാഹാം മനസ്സുറപ്പിച്ചത്?
7 യഹോവ അബ്രാഹാമിനോട് കുടുംബത്തെയുംകൂട്ടി കനാൻ ദേശത്തേക്കു പോകാൻ ആവശ്യപ്പെട്ടപ്പോൾ അവൻ മനസ്സോടെ അനുസരിച്ചു. അവന്റെ വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും ഫലമായി യഹോവ അവനുമായി ഒരു ഉടമ്പടി ചെയ്തു. യഹോവ പറഞ്ഞു: ‘ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിക്കും.’ (ഉല്പ. 12:2) എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും അബ്രാഹാമിനും ഭാര്യ സാറായ്ക്കും കുട്ടികളുണ്ടായില്ല. തന്നോടു ചെയ്ത വാഗ്ദാനം യഹോവ മറന്നുപോയെന്നു അബ്രാഹാം വിചാരിച്ചിരിക്കുമോ? ഇനി അതുമാത്രമല്ല, കനാനിലെ അവരുടെ ജീവിതം അത്ര സുഖകരവുമായിരുന്നില്ല. മെസൊപ്പൊട്ടേമിയയിലെ സമ്പത്സമൃദ്ധമായ ഊർ ദേശത്തെ തങ്ങളുടെ വീടിനെയും ബന്ധുജനങ്ങളെയും ഒക്കെ ഉപേക്ഷിച്ചാണ് അബ്രാഹാമും കുടുംബവും പോന്നത്. കനാനിൽ എത്താൻ അവർ 1,600-ലധികം കിലോമീറ്റർ യാത്ര ചെയ്തു. അവർ അവിടെ കൂടാരങ്ങളിൽ പാർത്തു, ക്ഷാമത്താൽ വലഞ്ഞു, കവർച്ചപ്പടയെ നേരിട്ടു. (ഉല്പ. 12:5, 10; 13:18; 14:10-16) എങ്കിലും, ഊർ ദേശത്തെ സുഖസൗകര്യങ്ങളിലേക്ക് മടങ്ങിപ്പോകാൻ അവർ ആഗ്രഹിച്ചില്ല.—എബ്രായർ 11:8-12, 15 വായിക്കുക.
8 “ഭൂമിയിലുള്ളവ”യിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം അബ്രാഹാം “യഹോവയിൽ വിശ്വസിച്ചു.” (ഉല്പ. 15:6) അതെ, ദൈവത്തിന്റെ വാഗ്ദാനങ്ങളിൽ ശ്രദ്ധയർപ്പിച്ചുകൊണ്ട് അവൻ ഉന്നതങ്ങളിലുള്ളവയിൽ തന്റെ മനസ്സുറപ്പിച്ചു. അബ്രാഹാമിന്റെ വിശ്വാസം കണ്ട അത്യുന്നതദൈവം അവനു പ്രത്യക്ഷപ്പെട്ട് ഇങ്ങനെ പറഞ്ഞു: “നീ ആകാശത്തേക്കു നോക്കുക; നക്ഷത്രങ്ങളെ എണ്ണുവാൻ കഴിയുമെങ്കിൽ എണ്ണുക എന്നു കല്പിച്ചു. നിന്റെ സന്തതി ഇങ്ങനെ ആകും എന്നും അവനോടു കല്പിച്ചു.” (ഉല്പ. 15:5) അത് അവന്റെ വിശ്വാസത്തെ എത്രമാത്രം ബലപ്പെടുത്തിയിരിക്കണം! നക്ഷത്രനിബിഡമായ ആകാശത്തേക്കു നോക്കുന്ന ഓരോ പ്രാവശ്യവും തന്റെ സന്തതിയെ അനവധിയാക്കുമെന്ന യഹോവയുടെ വാഗ്ദാനം അവന് ഓർക്കാൻ കഴിയുമായിരുന്നു. ദൈവത്തിന്റെ തക്കസമയത്ത്, അവൻ വാഗ്ദാനം ചെയ്തതുപോലെതന്നെ അബ്രാഹാം അവകാശിയെ ജനിപ്പിച്ചു.—ഉല്പ. 21:1, 2.
9. അബ്രാഹാമിന്റെ മാതൃക പിൻപറ്റുന്നത് ദൈവസേവനത്തിൽ തിരക്കുള്ളവരായിരിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ?
9 അബ്രാഹാമിനെപ്പോലെ നാമും ദൈവത്തിൽനിന്നുള്ള വാഗ്ദാനങ്ങളുടെ നിവൃത്തിക്കായി കാത്തിരിക്കുകയാണ്. (2 പത്രോ. 3:13) നാം ഉന്നതങ്ങളിലുള്ളവയിൽ മനസ്സുറപ്പിച്ച് നിറുത്തുന്നില്ലെങ്കിൽ വാഗ്ദാനനിവൃത്തി താമസിക്കുന്നതായി നമുക്ക് തോന്നിയേക്കാം, അങ്ങനെ ആത്മീയപ്രവർത്തനങ്ങളിൽ മന്ദീഭവിച്ചുപോയേക്കാം. ഉദാഹരണത്തിന്, പയനിയർ ശുശ്രൂഷയിൽ ഏർപ്പെടുന്നതിനോ മറ്റേതെങ്കിലും വിധത്തിൽ കൂടുതലായി സേവിക്കുന്നതിനോ വേണ്ടി കഴിഞ്ഞകാലങ്ങളിൽ നിങ്ങൾ എന്തെങ്കിലും ത്യാഗങ്ങൾ ചെയ്തിട്ടുണ്ടോ? അങ്ങനെയെങ്കിൽ നിങ്ങൾ അഭിനന്ദനം അർഹിക്കുന്നു. എന്നാൽ ഇപ്പോഴത്തെ കാര്യം എന്താണ്? ഓർക്കുക, “യഥാർഥ അടിസ്ഥാനങ്ങളുള്ള നഗരത്തിനായി” അബ്രാഹാം ജീവിതത്തിൽ ഉടനീളം പ്രതീക്ഷയോടെ കാത്തിരുന്നുകൊണ്ട് തന്നാലാകുന്നതെല്ലാം ചെയ്തു. (എബ്രാ. 11:10) അവൻ “യഹോവയിൽ വിശ്വസിച്ചു; അത് അവനു നീതിയായി കണക്കിട്ടു.”—റോമ. 4:3.
മോശ “അദൃശ്യനായവനെ” കണ്ടു
10. മോശ ഏതു സാഹചര്യങ്ങളിലാണു വളർന്നുവന്നത്?
10 ഉന്നതങ്ങളിലുളളവയിൽ മനസ്സുറപ്പിച്ച മറ്റൊരു വ്യക്തിയായിരുന്നു മോശ. യുവാവായിരുന്നപ്പോൾ അവന് “ഈജിപ്റ്റുകാരുടെ സകല ജ്ഞാനത്തിലും ബോധനം ലഭിച്ചു.” അത് സാധാരണ വിദ്യാഭ്യാസമല്ലായിരുന്നു. കാരണം, ഈജിപ്ത് ആ കാലത്തെ പ്രബല ലോകശക്തിയായിരുന്നു. മോശയാകട്ടെ ഫറവോന്റെ രാജകുടുംബത്തിലെ അംഗവുമായിരുന്നു. ഈ ശ്രേഷ്ഠവിദ്യാഭ്യാസം ലഭിച്ചതിനാൽ “വാക്കിലും പ്രവൃത്തിയിലും അവൻ ശക്തനായിത്തീർന്നു.” (പ്രവൃ. 7:22) ഇത് അവന്റെ മുമ്പിൽ തുറക്കുമായിരുന്ന അനന്തസാധ്യതകളെപ്പറ്റി ഒന്നു ചിന്തിച്ചു നോക്കൂ! എങ്കിലും മോശ മനസ്സുറപ്പിച്ചിരുന്നത് അതിലും ഉന്നതമായ കാര്യങ്ങളിലായിരുന്നു—ദൈവത്തിന്റെ ഇഷ്ടം ചെയ്യുന്നതിൽ.
11, 12. ഏതു വിദ്യാഭ്യാസമാണ് മോശ വിലമതിച്ചത്, നമുക്ക് അത് എങ്ങനെ അറിയാം?
11 മോശയുടെ കുഞ്ഞുന്നാളിൽ അവന്റെ അമ്മയായ യോഖേബെദ് അവനെ സത്യദൈവത്തെക്കുറിച്ച് പഠിപ്പിച്ചു എന്നതിനു സംശയമില്ല. യഹോവയെക്കുറിച്ചുള്ള പരിജ്ഞാനം മറ്റേതൊരു നിക്ഷേപത്തെക്കാളും ശ്രേഷ്ഠമായ ധനമായിക്കണ്ട് മോശ അതിനെ അത്യന്തം ആദരിച്ചു. അതിനാൽ ഫറവോന്റെ കുടുംബാംഗമെന്ന നിലയിൽ തനിക്ക് നേടാൻ കഴിയുമായിരുന്ന അധികാരങ്ങളും അവസരങ്ങളും അവൻ തള്ളിക്കളഞ്ഞു. (എബ്രായർ 11:24-27 വായിക്കുക.) തീർച്ചയായും, അവന് ലഭിച്ച ആത്മീയവിദ്യാഭ്യാസവും യഹോവയിൽ അവനുണ്ടായിരുന്ന വിശ്വാസവും ഉന്നതങ്ങളിലുള്ളവയിൽ മനസ്സുറപ്പിക്കാൻ മോശയെ പ്രചോദിപ്പിച്ചു.
12 തന്റെ കാലത്ത് ലഭ്യമായിരുന്ന ഏറ്റവും മികച്ച ലൗകികവിദ്യാഭ്യാസം നേടിയെങ്കിലും, ഈജിപ്തിൽ ഔദ്യോഗികജീവിതം കെട്ടിപ്പടുക്കാനോ ഭൗതികസമ്പത്ത് വാരിക്കൂട്ടാനോ മോശ ശ്രമിച്ചോ? ഒരിക്കലുമില്ല. വാസ്തവത്തിൽ മോശയെക്കുറിച്ച് ബൈബിൾ പറയുന്നത് ഇങ്ങനെയാണ്: “വിശ്വാസത്താൽ മോശ താൻ വളർന്നപ്പോൾ ഫറവോന്റെ പുത്രിയുടെ മകൻ എന്നു വിളിക്കപ്പെടാൻ വിസമ്മതിച്ചു. പാപത്തിന്റെ ക്ഷണികസുഖത്തെക്കാൾ ദൈവജനത്തോടൊപ്പമുള്ള കഷ്ടാനുഭവം അവൻ തിരഞ്ഞെടുത്തു.” യഹോവയുടെ ഉദ്ദേശ്യത്തിനു ചേർച്ചയിൽ പ്രവർത്തിക്കാൻ മോശ തന്റെ ആത്മീയവിദ്യാഭ്യാസം പ്രയോജനപ്പെടുത്തിയെന്ന് വ്യക്തം.
13, 14. (എ) യഹോവ കൊടുക്കാനിരുന്ന നിയമനത്തിന് യോഗ്യത പ്രാപിക്കാൻ മോശയെ സഹായിച്ചത് എന്ത്? (ബി) മോശയെപ്പോലെ നാമും എന്തു ചെയ്യേണ്ടതുണ്ടായിരിക്കാം?
13 യഹോവയോടും അവന്റെ ജനത്തോടും മോശയ്ക്ക് ആഴമായ താത്പര്യമുണ്ടായിരുന്നു. 40 വയസ്സായപ്പോൾ, ദൈവജനത്തെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് വിടുവിക്കാൻ താൻ സജ്ജനാണെന്ന് മോശ കരുതി. (പ്രവൃ. 7:23-25) പക്ഷേ അവൻ ആ നിയമനത്തിന് സജ്ജനായിട്ടില്ലെന്ന് യഹോവയ്ക്ക് അറിയാമായിരുന്നു. താഴ്മ, ക്ഷമ, സൗമ്യത, ആത്മനിയന്ത്രണം എന്നിങ്ങനെയുള്ള ഗുണങ്ങൾ അവൻ നട്ടുവളർത്തേണ്ടതുണ്ടായിരുന്നു. (സദൃ. 15:33) അവൻ നേരിടുമായിരുന്ന പ്രതിബന്ധങ്ങളും പരിശോധനകളും സഹിച്ചുനിൽക്കാൻ ആവശ്യമായ പരിശീലനം മോശയ്ക്കു ലഭിക്കേണ്ടതുണ്ടായിരുന്നു. ഏതാനും പതിറ്റാണ്ടുകൾ ഒരു ഇടയനായി സേവിക്കുന്നതിലൂടെ ഈ ദൈവികഗുണങ്ങൾ നട്ടുവളർത്താൻ ആവശ്യമായ പരിശീലനം അവന് ലഭിക്കുമായിരുന്നു.
14 ഒരു ആട്ടിടയനായിരിക്കെ ലഭിച്ച പ്രായോഗികപരിശീലനത്തിൽനിന്ന് മോശ പ്രയോജനം നേടിയോ? തീർച്ചയായും. “മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായി”ത്തീർന്നു എന്ന് ബൈബിൾ പറയുന്നു. (സംഖ്യാ. 12:3) വ്യത്യസ്തതരം ആളുകളുമായും അവരുടെ ബുദ്ധിമുട്ടേറിയ പ്രശ്നങ്ങളുമായും ക്ഷമയോടെ ഇടപെടാൻ അവനെ സഹായിച്ച താഴ്മ എന്ന ഗുണം അവൻ നട്ടുവളർത്തി. (പുറ. 18:26) സമാനമായി, ‘മഹാകഷ്ടത്തെ’ അതിജീവിച്ച് ദൈവത്തിന്റെ നീതിയുള്ള പുതിയ ലോകത്തിലേക്കു കടക്കാൻ നാമും ആത്മീയഗുണങ്ങൾ നട്ടുവളർത്തേണ്ടതുണ്ടായിരിക്കാം. (വെളി. 7:14) പെട്ടെന്ന് അസ്വസ്ഥരാകുകയോ മുറിപ്പെടുകയോ ചെയ്യുമെന്നു നാം കരുതുന്നവരുമായി ഒത്തുപോകാൻ നമുക്ക് കഴിയുന്നുണ്ടോ? അപ്പൊസ്തലനായ പത്രോസ് സഹവിശ്വാസികൾക്കു നൽകിയ ഉദ്ബോധനം ബാധകമാക്കുന്നത് പ്രയോജനകരമാണ്: “എല്ലാവരെയും ബഹുമാനിപ്പിൻ; സഹോദരവർഗ്ഗത്തെ സ്നേഹിപ്പിൻ.”—1 പത്രോ. 2:17.
ഉന്നതങ്ങളിലുള്ളവയിൽ മനസ്സുറപ്പിച്ചു നിറുത്തുക
15, 16. (എ) ശരിയായ കാര്യങ്ങളിൽ മനസ്സുറപ്പിക്കേണ്ടത് മർമപ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) ക്രിസ്ത്യാനികളായ നാം നല്ല നടത്ത നിലനിറുത്തുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
15 നാം ജീവിക്കുന്നത് ‘ദുഷ്കരമായ സമയങ്ങളിലാണ്.’ (2 തിമൊ. 3:1) ആത്മീയമായി ജാഗ്രത പാലിക്കുന്നതിന് നാം ശരിയായ കാര്യങ്ങളിൽ മനസ്സുറപ്പിച്ചേ മതിയാകൂ. (1 തെസ്സ. 5:6-9) നമ്മുടെ ജീവിതത്തിന്റെ മൂന്നു മണ്ഡലങ്ങളിൽ അത് എങ്ങനെ ചെയ്യാൻ കഴിയുമെന്ന് പരിചിന്തിക്കാം.
16 നമ്മുടെ നടത്ത: നല്ല നടത്തയുടെ പ്രാധാന്യം പത്രോസ് തിരിച്ചറിഞ്ഞു. “നിങ്ങളുടെ സത്പ്രവൃത്തികൾ കണ്ടറിഞ്ഞിട്ട് പരിശോധനാനാളിൽ ദൈവത്തെ മഹത്ത്വപ്പെടുത്തേണ്ടതിന് (വിജാതീയരുടെ ഇടയിൽ) നിങ്ങളുടെ നടപ്പു നന്നായിരിക്കട്ടെ” എന്ന് അവൻ പറഞ്ഞു. (1 പത്രോ. 2:12) വീട്ടിലോ സ്കൂളിലോ കളിസ്ഥലത്തോ ജോലിസ്ഥലത്തോ ശുശ്രൂഷയിലോ എവിടെയായിരുന്നാലും നമ്മുടെ നല്ല നടത്തയിലൂടെ യഹോവയെ മഹത്ത്വപ്പെടുത്താൻ നാം കഠിനശ്രമം ചെയ്യുന്നു. അപൂർണ മനുഷ്യരെന്ന നിലയിൽ നാമെല്ലാം തെറ്റുചെയ്യുന്നുവെന്നത് ശരിയാണ്. (റോമ. 3:23) എന്നാൽ ‘വിശ്വാസത്തിന്റെ നല്ല പോർ പൊരുതുന്നതിൽ’ തുടർന്നുകൊണ്ട് അപൂർണജഡത്തിന് എതിരെയുള്ള പോരാട്ടത്തിൽ വിജയം വരിക്കാൻ നമുക്ക് കഴിയും.—1 തിമൊ. 6:12.
17. ക്രിസ്തുയേശുവിനുണ്ടായിരുന്ന അതേ മനോഭാവം നമുക്ക് എങ്ങനെ അനുകരിക്കാം? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
17 നമ്മുടെ മനോഭാവം: നല്ല നടത്ത നിലനിറുത്തുന്നതിന് ശരിയായ മനോഭാവം ആവശ്യമാണ്. അപ്പൊസ്തലനായ പൗലോസ് എഴുതി: “ക്രിസ്തുയേശുവിന് ഉണ്ടായിരുന്ന അതേ മനോഭാവംതന്നെ നിങ്ങളിലും ഉണ്ടായിരിക്കട്ടെ.” (ഫിലി. 2:5) ഏതുതരം മനോഭാവമാണ് ക്രിസ്തുവിന് ഉണ്ടായിരുന്നത്? അവൻ താഴ്മയുള്ളവനായിരുന്നു. അവന്റെ താഴ്മ ശുശ്രൂഷയിൽ ആത്മത്യാഗപരമായി പ്രവർത്തിക്കാൻ അവനെ പ്രേരിപ്പിച്ചു. ദൈവരാജ്യത്തെക്കുറിച്ചുള്ള സുവാർത്ത പ്രസംഗിക്കുക എന്നതായിരുന്നു അവന്റെ മനസ്സിലെ മുഖ്യചിന്ത. (മർക്കോ. 1:38; 13:10) ഏതു കാര്യത്തിലും അവൻ ദൈവവചനത്തെ അവസാനവാക്കായി വീക്ഷിച്ചു. (യോഹ. 7:16; 8:28) അവൻ തിരുവെഴുത്തുകൾ ശുഷ്കാന്തിയോടെ പഠിച്ചു. തന്നിമിത്തം അവന് അതിൽനിന്ന് ഉദ്ധരിക്കാനും അത് വിശദീകരിക്കാനും അതിനു വിരുദ്ധമായ വാദമുഖങ്ങളെ ചെറുക്കാനും കഴിഞ്ഞു. സമാനമായി നാമും താഴ്മയുള്ളവരും ശുശ്രൂഷയിലും വ്യക്തിപരമായ ബൈബിൾ പഠനത്തിലും തീക്ഷ്ണതയുള്ളവരും ആയിരിക്കണം. അങ്ങനെയാകുമ്പോൾ ക്രിസ്തുവിന്റെ ചിന്താഗതിയുമായി നമ്മുടെ ചിന്താഗതി ഏറെ ചേർച്ചയിലാകും.
18. നമുക്ക് എങ്ങനെ യഹോവയുടെ വേലയെ പിന്തുണയ്ക്കാം?
18 നമ്മുടെ പിന്തുണ: “യേശുവിന്റെ നാമത്തിങ്കൽ സ്വർഗത്തിലും ഭൂമിയിലും ഭൂമിക്കു കീഴിലുമുള്ള സകലരുടെയും മുഴങ്കാൽ ഒക്കെയും മട”ങ്ങണം എന്നതാണ് യേശുവിനെ സംബന്ധിച്ച യഹോവയുടെ ഉദ്ദേശ്യം. (ഫിലി. 2:9-11) ഈ ഉന്നതമായ സ്ഥാനത്തായിരിക്കുമ്പോഴും യേശു പിതാവിന്റെ ഇഷ്ടത്തിനു താഴ്മയോടെ കീഴ്പെടും. (1 കൊരി. 15:28) നമുക്ക് അത് എങ്ങനെ ചെയ്യാനാകും? “സകല ജനതകളിലുംപെട്ട ആളുകളെ ശിഷ്യരാ”ക്കാനുള്ള നമ്മുടെ നിയമിതവേലയെ മുഴുഹൃദയാ പിന്തുണയ്ക്കാം. (മത്താ. 28:19) അതുപോലെ, നമ്മുടെ അയൽക്കാരെയും സഹോദരങ്ങളെയും സഹായിച്ചുകൊണ്ട് ‘സകലർക്കും നന്മ ചെയ്യുന്നതിൽ’ തുടരാം.—ഗലാ. 6:10.
19. എന്തു ചെയ്യാൻ നാം ദൃഢനിശ്ചയമുള്ളവരായിരിക്കണം?
19 ഉന്നതങ്ങളിലുള്ളവയിൽ മനസ്സുറപ്പിക്കാൻ യഹോവ നമ്മെ ഓർമപ്പെടുത്തുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്! ശരിയായ കാര്യങ്ങളിൽ ദൃഷ്ടി കേന്ദ്രീകരിച്ചുകൊണ്ട് നമ്മുടെ “മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സഹിഷ്ണുതയോടെ ഓടിത്തീർക്കാം.” (എബ്രാ. 12:1) “യഹോവയ്ക്ക് എന്നപോലെ മുഴുദേഹിയോടെ” നമുക്കെല്ലാം പ്രവർത്തിക്കാം; നമ്മുടെ ആത്മാർഥശ്രമങ്ങൾക്കു സ്വർഗീയപിതാവ് നിശ്ചയമായും പ്രതിഫലം തരും.—കൊലോ. 3:23, 24.