സകല പ്രവൃത്തികളിലും നാം വിശുദ്ധരായിരിക്കണം
“സകല പ്രവൃത്തികളിലും വിശുദ്ധരായിരിക്കുവിൻ.”—1 പത്രോ. 1:15.
1, 2. (എ) ദൈവജനത്തിൽനിന്ന് എങ്ങനെയുള്ള നടത്തയാണ് പ്രതീക്ഷിക്കുന്നത്? (ബി) ഏതു ചോദ്യങ്ങൾക്കുള്ള ഉത്തരം ഈ ലേഖനം നൽകുന്നു?
ലേവ്യപുസ്തകം വിശുദ്ധിയുടെ പ്രാധാന്യം ഊന്നിപ്പറയുന്നു. അതു ചൂണ്ടിക്കാണിച്ചുകൊണ്ട്, ക്രിസ്ത്യാനികളെന്ന നിലയിൽ നമ്മുടെ നടത്ത വിശുദ്ധമായിരിക്കേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കാൻ അപ്പൊസ്തലനായ പത്രോസിനെ യഹോവ നിശ്ശ്വസ്തനാക്കി. (1 പത്രോസ് 1:14-16 വായിക്കുക.) അഭിഷിക്തക്രിസ്ത്യാനികളും ‘വേറെ ആടുകളും’ ഏതെങ്കിലും ചില കാര്യങ്ങളിൽ മാത്രമല്ല, സകല പ്രവൃത്തികളിലും വിശുദ്ധരായിരിക്കാൻ കഠിനശ്രമം ചെയ്യണമെന്ന് “വിശുദ്ധനായിരിക്കുന്ന” യഹോവ പ്രതീക്ഷിക്കുന്നു.—യോഹ. 10:16.
2 ലേവ്യപുസ്തകത്തിൽ അടങ്ങിയിരിക്കുന്ന ആത്മീയരത്നങ്ങളെക്കുറിച്ച് കൂടുതലായി പരിശോധിക്കുന്നതിൽനിന്നും നമുക്ക് വളരെയധികം പ്രയോജനങ്ങൾ നേടാനാകും. ആ പാഠങ്ങൾ ബാധകമാക്കുന്നത് നമ്മുടെ സകല പ്രവൃത്തികളിലും വിശുദ്ധരായിരിക്കാൻ നമ്മെ സഹായിക്കും. പിൻവരുന്നവപോലെയുള്ള ചില ചോദ്യങ്ങൾ നാം പരിചിന്തിക്കും: ദൈവികതത്ത്വങ്ങളിൽ വിട്ടുവീഴ്ച ചെയ്യുന്നതിനെ നാം എങ്ങനെയാണ് വീക്ഷിക്കേണ്ടത്? യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനെക്കുറിച്ച് ലേവ്യപുസ്തകം നമ്മെ എന്തു പഠിപ്പിക്കുന്നു? യാഗാർപ്പണങ്ങളിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാൻ കഴിയും?
വിട്ടുവീഴ്ച ചെയ്യാതിരിക്കാൻ ജാഗ്രതപാലിക്കുക!
3, 4. (എ) ബൈബിൾനിയമങ്ങളിലും തത്ത്വങ്ങളിലും ക്രിസ്ത്യാനികൾ വിട്ടുവീഴ്ച ചെയ്യാതിരിക്കേണ്ടത് എന്തുകൊണ്ട്? (ബി) നാം പ്രതികാരം ചെയ്യാനോ നീരസം വെച്ചുകൊണ്ടിരിക്കാനോ പാടില്ലാത്തത് എന്തുകൊണ്ട്?
3 യഹോവയെ പ്രസാദിപ്പിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ നാം അവന്റെ നിയമങ്ങളും തത്ത്വങ്ങളും മുറുകെപ്പിടിക്കണം. അക്കാര്യങ്ങളോട് വിട്ടുവീഴ്ചാമനോഭാവം വെച്ചുപുലർത്തുന്നെങ്കിൽ നാം നമ്മെത്തന്നെ അശുദ്ധരാക്കുകയായിരിക്കും. നാം മോശൈക ന്യായപ്രമാണത്തിൻകീഴിലല്ലെങ്കിലും, ദൈവദൃഷ്ടിയിൽ പ്രസാദകരമായതും അല്ലാത്തതും എന്താണ് എന്നതിനെക്കുറിച്ച് അതിലെ കല്പനകൾ നമുക്ക് ഉൾക്കാഴ്ച തരുന്നു. ഉദാഹരണത്തിന് ഇസ്രായേല്യരോട് ഇങ്ങനെ കല്പിച്ചിരുന്നു: “പ്രതികാരം ചെയ്യരുതു; നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം; ഞാൻ യഹോവ ആകുന്നു.”—ലേവ്യ. 19:17സി, 18.
4 നാം പ്രതികാരം ചെയ്യരുതെന്ന് യഹോവ പ്രതീക്ഷിക്കുന്നു. അതുപോലെ, നാം നീരസം വെച്ചുകൊണ്ടിരിക്കരുതെന്നാണ് അവൻ ആഗ്രഹിക്കുന്നത്. (റോമ. 12:19) നാം ദൈവികനിയമങ്ങളും തത്ത്വങ്ങളും അവഗണിച്ചാൽ പിശാച് അതിൽ സന്തോഷിക്കും, യഹോവയുടെ നാമത്തിന് അതു നിന്ദ വരുത്തുകയും ചെയ്തേക്കാം. മറ്റുള്ളവർ നമ്മെ മനപ്പൂർവം വേദനിപ്പിച്ചാൽപ്പോലും, നാം നീരസം സൂക്ഷിച്ചിരിക്കുന്ന ‘പാത്രമായി’ മാറരുത്. ശുശ്രൂഷയെന്ന നിക്ഷേപം സൂക്ഷിക്കുന്ന “മൺപാത്രങ്ങ”ളായിരിക്കാനുള്ള വിശേഷമായ പദവിയാണ് ദൈവം നമുക്ക് നൽകിയിരിക്കുന്നത്. (2 കൊരി. 4:1, 7) ആസിഡ് പോലെയുള്ള നീരസം സൂക്ഷിക്കാനുള്ളതല്ല ഈ മൺപാത്രങ്ങൾ!
5. അഹരോന്റെ കുടുംബം കടന്നുപോയ വേദനാകരമായ അനുഭവത്തിൽനിന്ന് നമുക്ക് എന്താണ് പഠിക്കാൻ കഴിയുന്നത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
5 അഹരോന്റെ കുടുംബം കടന്നുപോയ വേദനാകരമായ ഒരു അനുഭവമാണ് ലേവ്യപുസ്തകം 10:1-11-ൽ രേഖപ്പെടുത്തിയിരിക്കുന്നത്. സ്വർഗത്തിൽനിന്ന് തീ പുറപ്പെട്ട് അഹരോന്റെ പുത്രന്മാരായ നാദാബിനെയും അബീഹൂവിനെയും സമാഗമനകൂടാരത്തിൽവെച്ച് നശിപ്പിച്ചപ്പോൾ ആ കുടുംബാംഗങ്ങൾ തകർന്നുപോയിട്ടുണ്ടാകണം. മരിച്ച പ്രിയപ്പെട്ടവരെപ്രതി വിലപിക്കരുതെന്ന ദൈവകല്പന അഹരോന്റെയും അവന്റെ കുടുംബത്തിന്റെയും വിശ്വാസത്തിന്മേലുള്ള എത്ര കഠിനമായ പരിശോധനയായിരുന്നു! പുറത്താക്കപ്പെട്ട കുടുംബാംഗത്തോടോ മറ്റുള്ളവരോടോ സഹവസിക്കാതിരുന്നുകൊണ്ട് വിശുദ്ധരാണെന്ന് നിങ്ങൾ വ്യക്തിപരമായി തെളിയിക്കുന്നുണ്ടോ?—1 കൊരിന്ത്യർ 5:11 വായിക്കുക.
6, 7. (എ) പള്ളിയിലോ മറ്റ് എവിടെയെങ്കിലുമോ പ്രാദേശിക മതാചാരപ്രകാരം നടത്തുന്ന ഒരു വിവാഹച്ചടങ്ങിന് സംബന്ധിക്കണമോ എന്ന് തീരുമാനിക്കുമ്പോൾ നാം എന്തെല്ലാം കാര്യങ്ങൾ കണക്കിലെടുക്കണം? (അടിക്കുറിപ്പു കാണുക.) (ബി) അത്തരത്തിൽ നടക്കുന്ന വിവാഹത്തെക്കുറിച്ചുള്ള നമ്മുടെ നിലപാട് സാക്ഷിയല്ലാത്ത ബന്ധുവിനോട് എങ്ങനെ വിശദീകരിക്കാനാകും?
6 അഹരോനും കുടുംബവും നേരിട്ടത്ര കഠിനമായ പരിശോധനയെ ഒരുപക്ഷേ നമുക്ക് നേരിടേണ്ടിവരില്ലായിരിക്കാം. എന്നാൽ സാക്ഷിയല്ലാത്ത ഒരു ബന്ധുവിന്റെ, പള്ളിയിലോ മറ്റ് എവിടെയെങ്കിലുമോ പ്രാദേശിക മതാചാരപ്രകാരം നടക്കുന്ന വിവാഹച്ചടങ്ങിൽ ഹാജരാകാനും ഉൾപ്പെടാനും നമ്മെ ക്ഷണിക്കുന്നെങ്കിലോ? അതിനു ഹാജരാകുന്നതിൽനിന്ന് വിലക്കുന്ന വ്യക്തമായ തിരുവെഴുത്തു കല്പനകൾ ഒന്നുമില്ല. എന്നാൽ അക്കാര്യത്തിൽ ഒരു തീരുമാനം സ്വീകരിക്കുന്നതിന് സഹായകരമായ എന്തെങ്കിലും ബൈബിൾതത്ത്വങ്ങൾ ഉണ്ടോ? *
7 മേൽപ്പറഞ്ഞതുപോലുള്ള സാഹചര്യങ്ങളിൽ ദൈവമുമ്പാകെ വിശുദ്ധി കാത്തുസൂക്ഷിക്കാനുള്ള നമ്മുടെ ദൃഢനിശ്ചയം സാക്ഷികളല്ലാത്ത ബന്ധുക്കളെ അതിശയിപ്പിച്ചേക്കാം. (1 പത്രോ. 4:3, 4) അവരെ മുറിപ്പെടുത്താതിരിക്കാൻ നാം തീർച്ചയായും ശ്രമിക്കും. എന്നാൽ അവരോട് കാര്യങ്ങൾ ദയയോടെ തുറന്ന് സംസാരിക്കുന്നതാണ് മിക്കപ്പോഴും ഉചിതം. ചടങ്ങ് നടക്കുന്നതിന് വളരെ മുമ്പേതന്നെ അങ്ങനെ ചെയ്യുന്നത് നന്നായിരിക്കും. ക്ഷണിച്ചതിന് നമുക്ക് നന്ദിയും വിലമതിപ്പും പ്രകാശിപ്പിക്കാൻ കഴിയും. തുടർന്ന്, അവിടെ നടക്കുന്ന ആരാധനാപരമായ കാര്യങ്ങളിൽ നാം ഉൾപ്പെടുകയില്ലാത്തതിനാൽ നാം ചെല്ലുന്നത് അവരുടെ സന്തോഷത്തെ ബാധിക്കുകയും അവർക്കും വിരുന്നുകാർക്കും അസ്വസ്ഥതയുണ്ടാക്കുകയും ചെയ്തേക്കാമെന്ന് നമുക്ക് അവരോടു പറയാം. നമ്മുടെ വിശ്വാസത്തിലും ബോധ്യങ്ങളിലും വിട്ടുവീഴ്ച ചെയ്യാതിരിക്കാനുള്ള ഒരു വിധം ഇതാണ്.
യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കുക
8. ലേവ്യപുസ്തകം യഹോവയുടെ പരമാധികാരത്തെ എടുത്തുകാട്ടുന്നത് എങ്ങനെ?
8 ലേവ്യപുസ്തകം യഹോവയുടെ പരമാധികാരത്തെ എടുത്തുകാട്ടുന്നു. ലേവ്യപുസ്തകത്തിൽ കാണുന്ന നിയമങ്ങളുടെ ഉറവിടം യഹോവയാണെന്ന് 30-ലേറെ തവണ എടുത്തുപറഞ്ഞിരിക്കുന്നു. മോശ ഇത് അംഗീകരിക്കുകയും യഹോവ അവനോട് ചെയ്യാൻ കല്പിച്ചതെല്ലാം അക്ഷരംപ്രതി അനുസരിക്കുകയും ചെയ്തു. (ലേവ്യ. 8:4, 5) അതേവിധത്തിൽ, പരമാധികാരിയായ യഹോവ നമ്മോടു കല്പിക്കുന്നതെല്ലാം നമ്മളും എല്ലായ്പോഴും അങ്ങനെതന്നെ ചെയ്യണം. ഇക്കാര്യത്തിൽ യഹോവയുടെ സംഘടനയുടെ പിന്തുണ നമുക്കുണ്ട്. എന്നാൽ യേശു മരുഭൂമിയിൽ ഒറ്റയ്ക്കായിരിക്കെ പരീക്ഷിക്കപ്പെട്ടതുപോലെ, നമ്മളും ഒറ്റയ്ക്കായിരിക്കുമ്പോൾ വിശ്വാസത്തിന്റെ പരിശോധനയെ നേരിട്ടേക്കാം. (ലൂക്കോ. 4:1-13) ദൈവത്തിന്റെ പരമാധികാരത്തിലാണ് നാം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെങ്കിൽ, അവനിൽ നാം ആശ്രയിക്കുന്നെങ്കിൽ, നമ്മെക്കൊണ്ട് വിട്ടുവീഴ്ച ചെയ്യിക്കാനോ മാനുഷഭയമെന്ന കെണിയിൽ നമ്മെ വീഴിക്കാനോ ആർക്കും കഴിയില്ല.—സദൃ. 29:25.
9. സകല ജനതകളുടെയും ഇടയിൽ ദൈവജനം ദ്വേഷിക്കപ്പെടുന്നത് എന്തുകൊണ്ട്?
9 ക്രിസ്തുവിന്റെ അനുഗാമികളും യഹോവയുടെ സാക്ഷികളും ആയതിനാൽ ലോകമെങ്ങുമുള്ള ദേശങ്ങളിൽ നാം ഉപദ്രവിക്കപ്പെടുന്നു. നാം ഇതു പ്രതീക്ഷിക്കേണ്ടതാണ്. കാരണം, യേശു തന്റെ ശിഷ്യന്മാരോട് ഇങ്ങനെ പറഞ്ഞു: “അന്ന് ആളുകൾ നിങ്ങളെ ഉപദ്രവത്തിന് ഏൽപ്പിക്കുകയും കൊല്ലുകയും ചെയ്യും. എന്റെ നാമംനിമിത്തം സകല ജനതകളും നിങ്ങളെ ദ്വേഷിക്കും.” (മത്താ. 24:9) ഈ വിദ്വേഷത്തിന്മധ്യേയും നാം രാജ്യസുവിശേഷവേലയിൽ സഹിഷ്ണുതയോടെ തുടരുകയും യഹോവയുടെ മുമ്പാകെ വിശുദ്ധരെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. സത്യസന്ധരും ശുദ്ധജീവിതം നയിക്കുന്നവരും നിയമങ്ങൾ അനുസരിക്കുന്നവരും ആയ പൗരന്മാരായിരുന്നിട്ടും നമ്മെ ആളുകൾ ദ്വേഷിക്കുന്നത് എന്തുകൊണ്ടാണ്? (റോമ. 13:1-7) നാം യഹോവയെ നമ്മുടെ പരമാധികാരിയായി വീക്ഷിക്കുന്നതാണ് അതിന്റെ കാരണം! ‘അവനു മാത്രമേ’ നാം വിശുദ്ധസേവനം അർപ്പിക്കുകയുള്ളൂ. അവന്റെ നീതിയുള്ള നിയമങ്ങളിലും തത്ത്വങ്ങളിലും നാം ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല.—മത്താ. 4:10.
10. ഒരു സഹോദരൻ തന്റെ നിഷ്പക്ഷതയിൽ വിട്ടുവീഴ്ച വരുത്തിയ സാഹചര്യത്തിൽ എന്താണ് സംഭവിച്ചത്?
10 കൂടാതെ, നാം ഈ “ലോകത്തിന്റെ ഭാഗമല്ല.” അതുകൊണ്ടുതന്നെ ലോകത്തിലെ യുദ്ധങ്ങളിലും രാഷ്ട്രീയ കാര്യാദികളിലും നാം നിഷ്പക്ഷത പാലിക്കുന്നു. (യോഹന്നാൻ 15:18-21; യെശയ്യാവു 2:4 വായിക്കുക.) എന്നാൽ ദൈവത്തിന് സമർപ്പിച്ച ചിലർ അവരുടെ നിഷ്പക്ഷതയിൽ വിട്ടുവീഴ്ച ചെയ്തിട്ടുണ്ട്. ഇവരിൽ അനേകരും മാനസാന്തരപ്പെടുകയും കരുണാമയനായ സ്വർഗീയപിതാവുമായുള്ള ബന്ധം വീണ്ടെടുക്കുകയും ചെയ്തിരിക്കുന്നു. (സങ്കീ. 51:17) എന്നാൽ ചിലർ മാനസാന്തരപ്പെട്ടില്ല. ഉദാഹരണത്തിന്, രണ്ടാം ലോകമഹായുദ്ധകാലത്ത് അന്യായമായി തടവിലാക്കപ്പെട്ട, 45 വയസ്സിനു താഴെയുള്ള 160 സഹോദരന്മാരെ ഹംഗറിയിലെ എല്ലാ തടവറകളിൽനിന്നും ഒരു പട്ടണത്തിൽ ഒരുമിച്ചുകൂട്ടി. അവിടെവെച്ച് അവരോട് സൈനികസേവനം സ്വീകരിക്കാൻ ഉത്തരവിട്ടു. വിശ്വസ്തരായ സഹോദരന്മാർ അതു നിരസിച്ചുകൊണ്ട് ഉറച്ചുനിന്നു. എന്നാൽ അക്കൂട്ടത്തിലെ ഒമ്പതു പേർ സൈനികപ്രതിജ്ഞ എടുക്കുകയും യൂണിഫോം സ്വീകരിക്കുകയും ചെയ്തു. വിട്ടുവീഴ്ചയ്ക്കു തയ്യാറായവരിൽ ഒരാളെ രണ്ടു വർഷത്തിനു ശേഷം വിശ്വസ്തരായ സാക്ഷികളെ വെടിവെച്ച് കൊല്ലുന്നതിനുള്ള ഒരു കൂട്ടം സൈനികരോടൊപ്പം നിയമിച്ചു. ആ വിശ്വസ്തസാക്ഷികളോടൊപ്പം അയാളുടെ ജഡിക സഹോദരനും ഉണ്ടായിരുന്നു! എന്നാൽ എന്തുകൊണ്ടോ ആ വധനിർവഹണം നടന്നില്ല.
നിങ്ങൾക്കുള്ളതിൽ ഏറ്റവും മികച്ചത് യഹോവയ്ക്ക് നൽകുക
11, 12. പുരാതന ഇസ്രായേലിൽ യഹോവ യാഗങ്ങൾ സ്വീകരിച്ച വിധത്തിൽനിന്ന് ഇന്ന് ക്രിസ്ത്യാനികൾക്ക് എന്തു പഠിക്കാൻ കഴിയും?
11 മോശൈകന്യായപ്രമാണം അനുസരിച്ച് ഇസ്രായേല്യർ ഓരോ സാഹചര്യത്തിനും കൃത്യമായി നിശ്ചയിച്ചിരുന്ന യാഗങ്ങൾ അർപ്പിക്കണമായിരുന്നു. (ലേവ്യ. 9:1-4, 15-21) ആ യാഗങ്ങൾ ഊനമില്ലാത്തവ ആയിരിക്കണമായിരുന്നു. കാരണം, യേശുവിന്റെ പൂർണതയുള്ള ബലിയിലേക്കാണ് അത് വിരൽചൂണ്ടിയത്. കൂടാതെ, ഓരോ യാഗത്തിനും വഴിപാടിനും അതിന്റേതായ നടപടിക്രമം ഉണ്ടായിരുന്നു. ദൃഷ്ടാന്തത്തിന്, ഒരു കുഞ്ഞു പിറന്നാൽ അമ്മ എന്താണ് ചെയ്യേണ്ടിയിരുന്നതെന്നു നോക്കുക. ലേവ്യപുസ്തകം 12:6 ഇങ്ങനെ പ്രസ്താവിക്കുന്നു: “മകന്നു വേണ്ടിയോ മകൾക്കു വേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവൾ ഒരു വയസ്സുപ്രായമുള്ള ആട്ടിൻകുട്ടിയെ ഹോമയാഗത്തിന്നായിട്ടും ഒരു പ്രാവിൻകുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിന്നായിട്ടും സമാഗമനകൂടാരത്തിന്റെ വാതില്ക്കൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.” നിശ്ചിതമായ നിബന്ധനകളാണ് ദൈവം നൽകിയിരുന്നത്. എന്നാൽ അതേസമയം ദൈവത്തിന്റെ സ്നേഹത്തിൽ ഊന്നിയ ന്യായബോധവും നമുക്ക് ന്യായപ്രമാണത്തിൽ കാണാനാകും. ഒരു അമ്മയ്ക്ക് ആട്ടിൻകുട്ടിയെ അർപ്പിക്കാൻ പ്രാപ്തിയില്ലെങ്കിൽ രണ്ട് കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ യാഗം അർപ്പിക്കാനാകുമായിരുന്നു. (ലേവ്യ. 12:8) ദരിദ്രയായ ഈ ആരാധികയെയും ചെലവേറിയ ഒരു വഴിപാട് കൊണ്ടുവരുന്ന വ്യക്തിയെയും യഹോവ ഒരുപോലെ വിലമതിക്കുകയും സ്നേഹിക്കുകയും ചെയ്യുമായിരുന്നു. ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും?
12 ദൈവത്തിന് “അധരഫലം എന്ന സ്തോത്രയാഗം” അർപ്പിക്കാൻ അപ്പൊസ്തലനായ പൗലോസ് സഹവിശ്വാസികളെ പ്രോത്സാഹിപ്പിച്ചു. (എബ്രാ. 13:15) യഹോവയുടെ വിശുദ്ധനാമത്തെ പരസ്യമായി പ്രഖ്യാപിക്കാൻ നമ്മുടെ അധരങ്ങളെ നാം ഉപയോഗിക്കണം. ബധിരരായ സഹോദരങ്ങൾ ആംഗ്യഭാഷയിലൂടെ ദൈവത്തിന് അത്തരം സ്തുതി അർപ്പിക്കുന്നു. വീട്ടിൽത്തന്നെ കഴിയേണ്ടിവരുന്ന സഹോദരങ്ങൾ കത്തുകൾ എഴുതിയും ടെലിഫോൺ സാക്ഷീകരണം നടത്തിയും സന്ദർശകരോടും സഹായികളോടും സുവാർത്ത പറഞ്ഞും കൊണ്ട് ദൈവത്തെ സ്തുതിക്കുന്നു. പ്രസംഗവേലയിൽ ഏർപ്പെട്ടുകൊണ്ട് എത്രമാത്രം യഹോവയെ സ്തുതിക്കാനാകും എന്നത് നമ്മുടെ ഓരോരുത്തരുടെയും കഴിവിനെയും ആരോഗ്യത്തെയും ആശ്രയിച്ചിരിക്കുന്നു. എന്നാൽ അത് നമ്മുടെ ഏറ്റവും മികച്ചതായിരിക്കേണ്ടതുണ്ട്.—റോമ. 12:1; 2 തിമൊ. 2:15.
13. ശുശ്രൂഷയിലെ നമ്മുടെ പങ്ക് റിപ്പോർട്ടു ചെയ്യേണ്ടത് എന്തുകൊണ്ടാണ്?
13 നമ്മുടെ സ്തോത്രയാഗങ്ങൾ നാം ദൈവത്തെ സ്നേഹിക്കുന്നതുകൊണ്ട് സ്വമനസ്സാലെ അവന് അർപ്പിക്കുന്ന യാഗങ്ങളാണ്. (മത്താ. 22:37, 38) എന്നാൽ, ശുശ്രൂഷയിലെ നമ്മുടെ പ്രവർത്തനം റിപ്പോർട്ടു ചെയ്യാൻ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നു. ഈ ക്രമീകരണത്തോട് നമുക്കുണ്ടായിരിക്കേണ്ട മനോഭാവം എന്താണ്? നാം ഓരോ മാസവും നൽകുന്ന റിപ്പോർട്ട് നമ്മുടെ ദൈവികഭക്തിയുമായി ബന്ധപ്പെട്ടതാണ്. (2 പത്രോ. 1:7) പക്ഷേ, വലിയൊരു സംഖ്യ റിപ്പോർട്ടിൽ കാണിക്കാൻവേണ്ടിമാത്രം നാം വയൽശുശ്രൂഷയിൽ അനേകം മണിക്കൂർ ചെലവഴിക്കാനുള്ള സമ്മർദത്തിൻ കീഴിലാകേണ്ടതില്ല. നേഴ്സിങ് ഹോമിൽ കഴിയുന്നവരോ ആരോഗ്യപരിമിതികളുള്ളവരോ ആയ പ്രസാധകർക്ക് ഒരു മണിക്കൂർ തികച്ചു പ്രവർത്തിക്കാൻ കഴിഞ്ഞെന്നു വരില്ല. അങ്ങനെയുള്ളവർക്ക് 15 മിനിട്ടുപോലും റിപ്പോർട്ട് ചെയ്യാൻ ക്രമീകരണമുണ്ട്. ആ ഏതാനും മിനിട്ടുകൾ ആ വ്യക്തിയുടെ ഏറ്റവും മികച്ച വഴിപാടായി യഹോവ വിലമതിക്കുന്നു. അവൻ അതിനെ തന്നോടുള്ള സ്നേഹത്തിന്റെയും തന്റെ ഒരു സാക്ഷിയായി സേവിക്കാനുള്ള അമൂല്യപദവിയോടുള്ള വിലമതിപ്പിന്റെയും പ്രകടനമായി വീക്ഷിക്കുന്നു. ചെലവേറിയ യാഗങ്ങൾ നടത്താൻ സാഹചര്യമില്ലാതിരുന്ന ചില ഇസ്രായേല്യരെപ്പോലെ, ഇന്ന് പരിമിതികളുള്ള ദൈവദാസർക്കും ശുശ്രൂഷയിലെ തങ്ങളുടെ പങ്ക് റിപ്പോർട്ടു ചെയ്യാൻ കഴിയും. ദൈവം അവരെയും വിലയേറിയവരായി കാണുന്നു. നമ്മുടെ ഓരോരുത്തരുടെയും റിപ്പോർട്ടുകൾ ലോകവ്യാപക റിപ്പോർട്ടിന്റെ ഭാഗമാകുന്നു. ഇത് ഭാവി മുന്നിൽ കണ്ട് സുവിശേഷവേല നന്നായി ആസൂത്രണം ചെയ്യാൻ സംഘടനയെ സഹായിക്കുന്നു. അങ്ങനെ ചിന്തിക്കുമ്പോൾ, ശുശ്രൂഷയിലെ നമ്മുടെ പങ്ക് റിപ്പോർട്ടുചെയ്യാൻ ആവശ്യപ്പെടുന്നത് അനുചിതമാണെന്ന് തോന്നുന്നുണ്ടോ?
നമ്മുടെ പഠനശീലങ്ങളും സ്തോത്രയാഗങ്ങളും
14. നമ്മുടെ പഠനശീലങ്ങളെ പരിശോധിക്കേണ്ടത് എന്തുകൊണ്ടെന്ന് വിശദീകരിക്കുക.
14 ലേവ്യപുസ്തകത്തിലെ ആത്മീയനിക്ഷേപങ്ങളിൽ ചിലത് പരിചിന്തിച്ചു കഴിഞ്ഞതിന്റെ വെളിച്ചത്തിൽ നിങ്ങൾ ഇപ്പോൾ ഇങ്ങനെ ചിന്തിക്കുന്നുണ്ടാകും: ‘ഈ പുസ്തകം ദൈവനിശ്ശ്വസ്തമായ വചനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്തുകൊണ്ടെന്ന് കുറെക്കൂടെ മെച്ചമായി എനിക്ക് ഇപ്പോൾ മനസ്സിലാക്കാനാകുന്നുണ്ട്.’ (2 തിമൊ. 3:16) വിശുദ്ധി കാത്തുസൂക്ഷിക്കാൻ നിങ്ങൾ ഇപ്പോൾ ഏറെ ദൃഢചിത്തനാണ്. നമുക്കുള്ള ഏറ്റവും നല്ലത് യഹോവ ആവശ്യപ്പെടുന്നു, അതിന് അവൻ യോഗ്യനുമാണ്. കൂടാതെ, ഈ രണ്ടു ലേഖനങ്ങളിലൂടെ ലേവ്യപുസ്തകത്തിലെ ചില വിവരങ്ങൾ പഠിച്ചപ്പോൾ മുഴുബൈബിളും ആഴത്തിൽ ഗവേഷണം ചെയ്ത് പഠിക്കാനുള്ള ആഗ്രഹം നിങ്ങളിൽ വർധിച്ചിട്ടുണ്ടായിരിക്കാം. (സദൃശവാക്യങ്ങൾ 2:1-5 വായിക്കുക.) നിങ്ങളുടെ പഠനശീലം എങ്ങനെയുണ്ടെന്ന് പ്രാർഥനാപൂർവം പരിശോധിക്കുക. യഹോവയ്ക്കു സ്വീകാര്യമായ വിധത്തിൽ സ്തോത്രയാഗങ്ങൾ അർപ്പിക്കാൻ നിങ്ങൾ തീർച്ചയായും ആഗ്രഹിക്കുന്നുണ്ടാവും. ടെലിവിഷൻ പരിപാടികൾ, കായികവിനോദങ്ങൾ, സമയം പാഴാക്കിക്കളയുന്ന ശീലങ്ങളും പ്രവർത്തനങ്ങളും, മൊബൈൽ ഫോണിലും മറ്റുമുള്ള ഗെയിമുകൾ എന്നിവയൊക്കെ നിങ്ങളുടെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതായും ആത്മീയ പുരോഗതി തടസ്സപ്പെടുത്തുന്നതായും നിങ്ങൾക്ക് തോന്നുന്നുണ്ടോ? അങ്ങനെയെങ്കിൽ എബ്രായർക്ക് എഴുതിയ ലേഖനത്തിലെ അപ്പൊസ്തലനായ പൗലോസിന്റെ ചില പ്രസ്താവനകൾ ധ്യാനിക്കുന്നത് പ്രയോജനകരമായിരിക്കും.
15, 16. എബ്രായക്രിസ്ത്യാനികൾക്ക് എഴുതിയപ്പോൾ പൗലോസ് തുറന്ന ഭാഷ ഉപയോഗിച്ചത് എന്തുകൊണ്ടായിരുന്നു?
15 അപ്പൊസ്തലനായ പൗലോസ് എബ്രായക്രിസ്ത്യാനികൾക്ക് എഴുതവെ ചില കാര്യങ്ങൾ ഒട്ടും വളച്ചുകെട്ടില്ലാതെ അവരോടു തുറന്നുപറഞ്ഞു. (എബ്രായർ 5:7, 11-14 വായിക്കുക.) അവൻ തന്റെ വാക്കുകളിൽ വെള്ളം ചേർത്തില്ല! ‘കേൾക്കാൻ മാന്ദ്യമുള്ളവരാണ് നിങ്ങൾ’ എന്ന് അവൻ അവരോട് പറഞ്ഞു. എന്തുകൊണ്ടായിരിക്കും പൗലോസ് ഇത്ര തുറന്ന ഭാഷ ഉപയോഗിച്ചത്? കട്ടിയായ ആത്മീയാഹാരത്തിനു പകരം പാൽ കുടിച്ചുകൊണ്ട് തുടരാൻ ആഗ്രഹിച്ച ക്രിസ്ത്യാനികളോട് യഹോവയ്ക്കുണ്ടായിരുന്ന സ്നേഹവും പരിഗണനയുമാണ് അവൻ പ്രതിഫലിപ്പിച്ചത്. അടിസ്ഥാന ക്രിസ്തീയ ഉപദേശങ്ങൾ അറിയേണ്ടത് മർമപ്രധാനമാണ്. പക്ഷേ ക്രിസ്തീയപക്വതയിലേക്ക് ആത്മീയമായി വളരാൻ ‘കട്ടിയായ ആഹാരം’ കൂടിയേതീരൂ.
16 കാലം നോക്കിയാൽ, മറ്റുള്ളവരെ പഠിപ്പിക്കാനുള്ള പ്രാപ്തിയിലേക്ക് പുരോഗതി പ്രാപിക്കേണ്ടവരായിരുന്നു എബ്രായക്രിസ്ത്യാനികൾ. പക്ഷേ, മറ്റാരെങ്കിലും അവരെ പഠിപ്പിക്കേണ്ട അവസ്ഥയിലായിരുന്നു ഇപ്പോഴും അവർ. എന്തുകൊണ്ട്? കാരണം ‘കട്ടിയായ ആഹാരം’ അവർ അവഗണിച്ചിരുന്നു. നിങ്ങളോടു തന്നെ ഇങ്ങനെ ചോദിക്കുക: ‘കട്ടിയായ ആത്മീയ ആഹാരത്തോട് എനിക്ക് ഉചിതമായ മനോഭാവമുണ്ടോ? ഞാൻ അത് ഭക്ഷിക്കുന്നുണ്ടോ? അതോ പ്രാർഥനാപൂർവമുള്ള ആഴമായ ബൈബിൾപഠനത്തിൽനിന്ന് ഒഴിഞ്ഞുമാറുകയാണോ ഞാൻ? അങ്ങനെയാണെങ്കിൽ, ശരിയായ പഠനശീലത്തിന്റെ അഭാവമാണോ എന്റെ പ്രശ്നത്തിന് കാരണം?’ മറ്റുള്ളവരോട് പ്രസംഗിക്കാൻ മാത്രമല്ല, അവരെ പഠിപ്പിച്ച് ശിഷ്യരാക്കാനുള്ള നിയോഗവും നമുക്കുണ്ട്.—മത്താ. 28:19, 20.
17, 18. (എ) നാം കട്ടിയായ ആത്മീയാഹാരം ക്രമമായി ഭക്ഷിക്കേണ്ടത് എന്തുകൊണ്ട്? (ബി) ക്രിസ്തീയയോഗങ്ങൾക്ക് സംബന്ധിക്കുന്നതിനു മുമ്പ് മദ്യം ഉപയോഗിക്കുന്നതിനെക്കുറിച്ച് നമുക്ക് എന്തു വീക്ഷണമുണ്ടായിരിക്കാനാകും?
17 കുറ്റബോധം തോന്നിപ്പിച്ചോ നിർബന്ധിച്ചോ നമ്മെ ബൈബിൾ പഠിപ്പിക്കാൻ യഹോവ ആഗ്രഹിക്കുന്നില്ല. ബൈബിൾപഠനം നമ്മിൽ പലർക്കും അത്ര എളുപ്പമായിരുന്നേക്കില്ല. വർഷങ്ങളായി ദൈവത്തിന്റെ സമർപ്പിതസേവകരാണെങ്കിലും അടുത്തയിടെ ദൈവത്തെ സേവിക്കാൻ തുടങ്ങിയവരാണെങ്കിലും നാമെല്ലാം കട്ടിയായ ആത്മീയാഹാരം ക്രമമായി ഭക്ഷിക്കണം. വിശുദ്ധരായി തുടരാൻ അത് അത്യന്താപേക്ഷിതമാണ്.
18 വിശുദ്ധരായിരിക്കാൻ നാം തിരുവെഴുത്തുകൾ ശ്രദ്ധയോടെ പരിശോധിക്കുകയും ദൈവം നമ്മോട് ആവശ്യപ്പെടുന്നത് ചെയ്യുകയും വേണം. അഹരോന്റെ പുത്രന്മാരായ നാദാബും അബീഹൂവും ദൈവസന്നിധിയിൽ “അന്യാഗ്നി” കൊണ്ടുവന്നത് നിമിത്തം കൊല്ലപ്പെട്ട സന്ദർഭം പരിചിന്തിക്കുക. ഒരുപക്ഷേ മദ്യലഹരിയിലായിരുന്നിരിക്കാം അവർ അങ്ങനെ ചെയ്തത്. (ലേവ്യ. 10:1, 2) അപ്പോൾ ദൈവം അഹരോനോട് പറഞ്ഞത് എന്താണെന്ന് നോക്കുക. (ലേവ്യപുസ്തകം 10:8-11 വായിക്കുക.) ക്രിസ്തീയയോഗങ്ങൾക്ക് പോകുന്നതിനുമുമ്പായി മദ്യം ചേർത്തിട്ടുള്ള യാതൊന്നും കുടിക്കരുത് എന്നാണോ ആ വിവരണത്തിന്റെ അർഥം? പിൻവരുന്ന ആശയങ്ങളെക്കുറിച്ച് ചിന്തിക്കുക: നാം ന്യായപ്രമാണത്തിൻകീഴിലല്ല. (റോമ. 10:4) ചില ദേശങ്ങളിൽ നമ്മുടെ സഹവിശ്വാസികൾ യോഗങ്ങൾക്ക് സംബന്ധിക്കുന്നതിനുമുമ്പ് ഭക്ഷണവേളയിൽ മിതമായ അളവിൽ മദ്യം ഉപയോഗിക്കാറുണ്ട്. പെസഹാചരണവേളയിൽ നാല് പാനപാത്രം വീഞ്ഞ് ഉപയോഗിച്ചിരുന്നു. തന്റെ മരണത്തിന്റെ സ്മാരകം ഏർപ്പെടുത്തവെ, യേശു അപ്പൊസ്തലന്മാർക്ക് തന്റെ രക്തത്തെ പ്രതിനിധാനം ചെയ്യുന്ന വീഞ്ഞ് കുടിക്കാൻ നൽകുകയുണ്ടായി. (മത്താ. 26:27) അമിതമദ്യപാനത്തെയും മദ്യാസക്തിയെയും ബൈബിൾ കുറ്റംവിധിക്കുന്നു. (1 കൊരി. 6:10; 1 തിമൊ. 3:8) വിശുദ്ധസേവനത്തിന്റെ ഏതെങ്കിലും വശത്ത് ഏർപ്പെടുന്നതിനു മുമ്പ് മദ്യം അടങ്ങിയ പാനീയങ്ങൾ പാടേ ഒഴിവാക്കാൻ പല ക്രിസ്ത്യാനികളുടെയും മനസ്സാക്ഷി അവരെ പ്രേരിപ്പിച്ചേക്കാം. എന്നിരുന്നാലും, സാഹചര്യങ്ങൾ ഓരോ ദേശത്തും വ്യത്യസ്തമാണ്. അതുകൊണ്ട്, ദൈവത്തെ പ്രസാദിപ്പിക്കുന്ന തരത്തിൽ വിശുദ്ധിയോടെയുള്ള നടത്ത കാത്തുസൂക്ഷിക്കാൻ തക്കവണ്ണം ക്രിസ്ത്യാനികൾ ‘ശുദ്ധവും അശുദ്ധവും തമ്മിൽ വകതിരിച്ച്’ മനസ്സിലാക്കേണ്ടതുണ്ട് എന്നതാണ് പ്രധാനപ്പെട്ട സംഗതി.
19. (എ) കുടുംബാരാധനയിലും വ്യക്തിപരമായ പഠനത്തിലും നാം എന്ത് മനസ്സിൽപ്പിടിക്കണം? (ബി) വിശുദ്ധരെന്ന് തെളിയിക്കുന്നതിന് എന്തു ചെയ്യാൻ നിങ്ങൾ ദൃഢചിത്തരാണ്?
19 ദൈവവചനത്തിൽ കുഴിച്ചിറങ്ങി തിരയുന്നെങ്കിൽ പല ആത്മീയരത്നങ്ങളും കണ്ടെത്താൻ നമുക്ക് കഴിയും. ലഭ്യമായിട്ടുള്ള എല്ലാ ഗവേഷണോപാധികളും നിങ്ങളുടെ കുടുംബാരാധനയിലും വ്യക്തിപരമായ പഠനത്തിലും ഉപയോഗിക്കുക. യഹോവയെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള പരിജ്ഞാനം വർധിപ്പിക്കുക. അവനോട് അധികമധികം അടുത്തുചെല്ലുക. (യാക്കോ. 4:8) സങ്കീർത്തനക്കാരൻ പാടിയതുപോലെ ദൈവത്തോട് പ്രാർഥിക്കുക: “നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ.” (സങ്കീ. 119:18) ദൈവവചനത്തിലെ നിയമങ്ങളിലും തത്ത്വങ്ങളിലും നാം ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. “വിശുദ്ധനായിരിക്കുന്ന” യഹോവയുടെ പരമോന്നതനിയമത്തിനു മനസ്സോടെ കീഴ്പെടുക. “ദൈവത്തിന്റെ സുവിശേഷം ഘോഷിക്കുകയെന്ന വിശുദ്ധവേലയിൽ” തീക്ഷ്ണതയോടെ ഏർപ്പെടുക. (1 പത്രോ. 1:15; റോമ. 15:16) ദുഷ്ടത നിറഞ്ഞ ഈ അന്ത്യനാളുകളിൽ വിശുദ്ധരെന്ന് തെളിയിക്കുക. സകല പ്രവൃത്തികളിലും വിശുദ്ധരായിരുന്നുകൊണ്ട് പരിശുദ്ധദൈവമായ യഹോവയുടെ പരമാധികാരം നമുക്ക് ഉയർത്തിപ്പിടിക്കാം.
^ ഖ. 6 2002 മെയ് 15 വീക്ഷാഗോപുരത്തിലെ “വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ” കാണുക.