‘കേട്ട് അർഥം ഗ്രഹിച്ചുകൊള്ളുക’
“നിങ്ങളെല്ലാവരും എന്റെ വാക്കു കേട്ട് അർഥം ഗ്രഹിച്ചുകൊള്ളുവിൻ.” —മർക്കോ. 7:14.
1, 2. യേശുവിന്റെ വാക്കുകൾ ശ്രദ്ധിച്ച അനേകർ അവയുടെ അർഥം ഗ്രഹിക്കാഞ്ഞത് എന്തുകൊണ്ട്?
ആരെങ്കിലും സംസാരിക്കുമ്പോൾ ആ വ്യക്തിയുടെ ശബ്ദം നാം കേൾക്കുന്നുണ്ടാകാം, ശബ്ദത്തിലെ ഭാവഭേദങ്ങൾപോലും തിരിച്ചറിയുകയും ചെയ്യുന്നുണ്ടാകാം. പക്ഷേ, പറഞ്ഞ വാക്കുകളുടെ അർഥം ഗ്രഹിക്കാനായില്ലെങ്കിൽ അതുകൊണ്ട് എന്തു പ്രയോജനം? (1 കൊരി. 14:9) ഇതുപോലെ, ആയിരങ്ങൾ യേശുവിന്റെ സംസാരം കേട്ടു. അവൻ പറഞ്ഞതാകട്ടെ ലളിതമായ ഭാഷയിലും. എന്നിട്ടും, അവന്റെ വാക്കുകളുടെ അർഥം അവരിൽ അനേകരും ഗ്രഹിച്ചില്ല. അതുകൊണ്ടാണ്, “നിങ്ങളെല്ലാവരും എന്റെ വാക്കു കേട്ട് അർഥം ഗ്രഹിച്ചുകൊള്ളുവിൻ” എന്ന് യേശു അവരോട് പറഞ്ഞത്.—മർക്കോ. 7:14.
2 എന്തുകൊണ്ടാണ് യേശു പറഞ്ഞ കാര്യങ്ങൾ പലരും ഗ്രഹിക്കാതിരുന്നത്? ചില മുൻവിധികളും തെറ്റായ ലക്ഷ്യങ്ങളും ആന്തരങ്ങളും ഒക്കെയാണ് അവരിൽ ചിലർക്കുണ്ടായിരുന്നത്. യേശു അത്തരക്കാരോട്, “നിങ്ങളുടെ പാരമ്പര്യം നിലനിറുത്തേണ്ടതിനു നിങ്ങൾ സമർഥമായി ദൈവകൽപ്പനയെ അവഗണിക്കുന്നു” എന്ന് പറഞ്ഞു. (മർക്കോ. 7:9) യേശുവിന്റെ വാക്കുകളുടെ അർഥം ഗ്രഹിക്കാൻ ആ ജനം ആത്മാർഥമായി ശ്രമിച്ചില്ല. തങ്ങളുടെ വഴികൾക്കും വീക്ഷണങ്ങൾക്കും മാറ്റം വരുത്താൻ അവരൊട്ട് ആഗ്രഹിച്ചതുമില്ല. ചെവികൾ തുറന്നാണിരുന്നതെങ്കിലും അടച്ചുപൂട്ടിയ വാതിൽ പോലെയായിരുന്നു അവരുടെ ഹൃദയം! (മത്തായി 13:13-15 വായിക്കുക.) അങ്ങനെയെങ്കിൽ യേശുവിന്റെ പഠിപ്പിക്കലുകളിൽനിന്ന് പ്രയോജനം നേടാൻ കഴിയുമാറ് നമ്മുടെ ഹൃദയം തുറന്നിരിക്കുന്നുവെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാൻ കഴിയും?
യേശു പഠിപ്പിച്ച കാര്യങ്ങളിൽനിന്ന് പ്രയോജനം നേടാനാകുന്ന വിധം
3. എന്തുകൊണ്ടാണ് ശിഷ്യന്മാർക്ക് യേശുവിന്റെ വാക്കുകൾ ഗ്രഹിക്കാനായത്?
3 യേശുവിന്റെ എളിയവരായ ശിഷ്യന്മാരുടെ മാതൃക നാം അനുകരിക്കേണ്ടതുണ്ട്. അവരെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ കണ്ണുകൾ കാണുന്നതുകൊണ്ടും ചെവികൾ കേൾക്കുന്നതുകൊണ്ടും അനുഗ്രഹിക്കപ്പെട്ടവ.” (മത്താ. 13:16) മറ്റനേകർക്കും മനസ്സിലാക്കാൻ കഴിയാഞ്ഞ കാര്യങ്ങൾ ശിഷ്യന്മാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് എന്തുകൊണ്ടായിരുന്നു? ഒന്നാമതായി, ചോദ്യങ്ങൾ ചോദിക്കാനും യേശുവിന്റെ വാക്കുകളുടെ യഥാർഥ അർഥം ഗ്രഹിക്കാനും അവർ മനസ്സൊരുക്കമുള്ളവരായിരുന്നു. (മത്താ. 13:36; മർക്കോ. 7:17) രണ്ടാമതായി, പുതുതായി പഠിച്ച കാര്യങ്ങൾ തങ്ങൾക്ക് അപ്പോൾത്തന്നെ അറിയാവുന്ന കാര്യങ്ങളോട് ചേർത്തുവെച്ച് തങ്ങളുടെ ഗ്രാഹ്യം മെച്ചപ്പെടുത്താൻ അവർ തയ്യാറായിരുന്നു. (മത്തായി 13:11, 12 വായിക്കുക.) മൂന്നാമതായി, കേട്ടതും ഗ്രഹിച്ചതുമായ കാര്യങ്ങൾ സ്വജീവിതത്തിൽ പ്രായോഗികമാക്കാനും മറ്റുള്ളവരെ സഹായിക്കാനായി ഉപയോഗിക്കാനും അവർ സന്നദ്ധരായിരുന്നു.—മത്താ. 13:51, 52.
4. യേശുവിന്റെ ദൃഷ്ടാന്തങ്ങൾ മനസ്സിലാക്കാൻ ഏതു മൂന്നു പടികൾ സഹായിക്കും?
4 യേശു പറഞ്ഞ ദൃഷ്ടാന്തങ്ങൾ ഗ്രഹിക്കുന്നതിന് നാം അവന്റെ വിശ്വസ്തരായ ശിഷ്യന്മാരുടെ മാതൃക അനുകരിക്കേണ്ടതുണ്ട്. മൂന്നു പടികളാണ് ഇതിലും ഉൾപ്പെട്ടിരിക്കുന്നത്. ഒന്നാമതായി, യേശു പറഞ്ഞ കാര്യങ്ങൾ പഠിക്കാനും ധ്യാനിക്കാനും നാം സമയം എടുക്കണം; ആവശ്യമായ ഗവേഷണം നടത്തുകയും ചോദ്യങ്ങൾ ചോദിക്കുകയും വേണം. ഇത് നമുക്ക് പരിജ്ഞാനം അഥവാ അറിവ് നേടിത്തരുന്നു. (സദൃ. 2:4, 5) രണ്ടാമതായി, ഈ പുതിയ അറിവ് നമുക്ക് ഇപ്പോൾത്തന്നെ അറിയാവുന്ന കാര്യങ്ങളോട് എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് കാണാൻ ശ്രമിക്കുക. കൂടാതെ, വ്യക്തിപരമായി അതിൽനിന്ന് എങ്ങനെ പ്രയോജനം നേടാമെന്നും മനസ്സിലാക്കാൻ ശ്രമിക്കണം. ഇത് നമുക്ക് ബോധം അഥവാ ഗ്രാഹ്യം നേടിത്തരുന്നു. (സദൃ. 2:2, 3) മൂന്നാമതായി, പഠിച്ച കാര്യങ്ങൾ നാം ഉപയോഗിക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും വേണം. അതിനെയാണ് ജ്ഞാനം എന്ന് പറയുന്നത്.—സദൃ. 2:6, 7.
5. പരിജ്ഞാനം, ബോധം, ജ്ഞാനം എന്നിവ തമ്മിലുള്ള വ്യത്യാസം ഒരു ദൃഷ്ടാന്തത്തിലൂടെ വ്യക്തമാക്കുക.
5 അങ്ങനെയെങ്കിൽ, പരിജ്ഞാനം, ബോധം, ജ്ഞാനം എന്നിവ തമ്മിൽ എന്താണ് വ്യത്യാസം? അതിനെ ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: നിങ്ങൾ വഴിയുടെ നടുക്കു നിൽക്കുന്നുവെന്ന് കരുതുക; ഒരു ബസ് നിങ്ങളുടെ നേരെ വരുന്നു. ആദ്യംതന്നെ, അത് ഒരു ബസ്സാണെന്ന് നിങ്ങൾ തിരിച്ചറിയുന്നു—അത് പരിജ്ഞാനം അഥവാ അറിവ്. അടുത്തതായി, മാറാതെ അവിടെത്തന്നെ നിന്നാൽ ബസ് നിങ്ങളെ ഇടിക്കും എന്ന് നിങ്ങൾ മനസ്സിലാക്കുന്നു—അത് ബോധം അഥവാ ഗ്രാഹ്യം! തന്നിമിത്തം അടുത്ത നിമിഷം നിങ്ങൾ വഴിയരികിലേക്ക് ചാടിമാറുന്നു—അത് ജ്ഞാനം! അതുകൊണ്ടുതന്നെയാണ് “ജ്ഞാനവും വകതിരിവും കാത്തുകൊൾക” എന്ന് ബൈബിൾ അടിവരയിട്ടു പറയുന്നത്. അതെ, ജ്ഞാനം നമ്മുടെ ജീവൻ രക്ഷിക്കും!—സദൃ. 3:21, 22; 1 തിമൊ. 4:16.
6. യേശുവിന്റെ ഏഴു ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കാൻ ഏത് നാലു ചോദ്യങ്ങൾ നാം ഉപയോഗിക്കും? ( ചതുരം കാണുക.)
6 യേശു ഉപയോഗിച്ച ഏഴു ദൃഷ്ടാന്തങ്ങളെക്കുറിച്ച് ഈ ലേഖനത്തിലും അടുത്തതിലും ആയി നാം പരിശോധിക്കും. ഓരോ ദൃഷ്ടാന്തവും പരിചിന്തിക്കവേ, പിൻവരുന്ന ചോദ്യങ്ങൾ നമുക്ക് ചോദിക്കാം: എന്താണ് ഈ ദൃഷ്ടാന്തത്തിന്റെ അർഥം? (ഇത് പരിജ്ഞാനം നേടാൻ നമ്മെ സഹായിക്കും.) എന്തുകൊണ്ടാണ് യേശു ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്? (ഇത് ബോധം അഥവാ ഗ്രാഹ്യം നേടാൻ സഹായിക്കും.) നമുക്കും മറ്റുള്ളവർക്കും പ്രയോജനം ചെയ്യുന്ന വിധത്തിൽ ഈ വിവരം എങ്ങനെ ഉപയോഗിക്കാനാകും? (ഇത് നമ്മെ ജ്ഞാനികളാക്കും.) ഇത് യഹോവയെയും യേശുവിനെയും കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?
കടുകുമണിയുടെ ദൃഷ്ടാന്തം
7. എന്താണ് കടുകുമണിയുടെ ദൃഷ്ടാന്തത്തിന്റെ അർഥം?
7 മത്തായി 13:31, 32 വായിക്കുക. എന്താണ് കടുകുമണിയെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിന്റെ അർഥം? രാജ്യസന്ദേശത്തെയും, അത് പ്രസംഗിച്ചതിലൂടെ ഉളവായ ഫലത്തെയും അഥവാ ക്രിസ്തീയസഭയെയും ആണ് കടുകുമണി പ്രതിനിധാനം ചെയ്യുന്നത്. കടുകുമണി “എല്ലാ വിത്തുകളിലുംവെച്ചു ചെറുതാ”യിരിക്കുന്നതുപോലെ ക്രിസ്തീയസഭയുടെ എ.ഡി. 33-ലെ തുടക്കവും ചെറിയതായിരുന്നു. എന്നാൽ, പതിറ്റാണ്ടുകൾക്കുള്ളിൽ സഭ അതിശീഘ്രം വളർന്നു. സകല പ്രതീക്ഷകളെയും കവച്ചുവെച്ചുകൊണ്ട് അത് വ്യാപിച്ചു. (കൊലോ. 1:23) “ആകാശത്തിലെ പക്ഷികൾ വന്ന് അതിന്റെ കൊമ്പുകളിൽ ചേക്കേറാൻ” തുടങ്ങി എന്ന് യേശു പറഞ്ഞതിനു ചേർച്ചയിലായിരുന്നു ഈ വളർച്ച. ആത്മീയാഹാരവും തണലും സുരക്ഷിതത്വവും തേടി ക്രിസ്തീയസഭയിലേക്കു ചേക്കേറുന്ന, ശരിയായ ഹൃദയനിലയുള്ള വ്യക്തികളെയാണ് ഈ പ്രതീകാത്മക പക്ഷികൾ ചിത്രീകരിക്കുന്നത്.—യെഹെസ്കേൽ 17:23 താരതമ്യം ചെയ്യുക.
8. എന്തിനാണ് യേശു കടുകുമണിയുടെ ദൃഷ്ടാന്തം ഉപയോഗിച്ചത്?
8 എന്തുകൊണ്ടാണ് യേശു ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്?വളർന്ന് വികസിക്കാനും സംരക്ഷണം നൽകാനും തടസ്സങ്ങളെ അതിജീവിച്ച് മുന്നേറാനും ദൈവരാജ്യ ക്രമീകരണത്തിന് അസാമാന്യ ശക്തിയുണ്ട്. ആ പ്രാപ്തി വ്യക്തമാക്കാനാണ് കടുകുമണിയുടെ വിസ്മയാവഹമായ വളർച്ചയെക്കുറിച്ചുള്ള ദൃഷ്ടാന്തം അവൻ ഉപയോഗിച്ചത്. 1914 മുതൽ ദൈവത്തിന്റെ സംഘടനയുടെ ദൃശ്യഭാഗം ആരെയും അതിശയിപ്പിക്കുന്ന വളർച്ചയാണ് കൈവരിച്ചിരിക്കുന്നത്! (യെശ. 60:22) ആ സംഘടനയുമായി സഹവസിക്കുന്നവർ അത്ഭുതാവഹമായ ആത്മീയ സംരക്ഷണം ആസ്വദിച്ചിരിക്കുന്നു. (സദൃ. 2:7; യെശ. 32:1, 2) പ്രസംഗവേലയും ദൈവരാജ്യത്തോടു ബന്ധപ്പെട്ട് ഭൂവ്യാപകമായി നടക്കുന്ന മറ്റു വികസനപ്രവർത്തനങ്ങളും സകല എതിർപ്പുകളെയും അതിജീവിച്ച് അനുസ്യൂതം മുന്നേറുകയാണ്. അതിനു തടയിടാൻ യാതൊരു ശക്തിക്കും സാധ്യമല്ലെന്ന് തെളിഞ്ഞിരിക്കുന്നു.—യെശ. 54:17.
9. (എ) കടുകുമണിയുടെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്താണ് പഠിക്കാനുള്ളത്? (ബി) ഇത് യഹോവയെയും യേശുവിനെയും കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?
9 കടുകുമണിയുടെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്താണ് പഠിക്കാനുള്ളത്? ഏതാനും സാക്ഷികൾ മാത്രമുള്ള ഒരു പ്രദേശത്തായിരിക്കാം നാം താമസിക്കുന്നത്. അല്ലെങ്കിൽ, നാം പ്രതീക്ഷിക്കുന്നത്ര വേഗത്തിൽ പ്രസംഗവേല ഫലം കാണുന്നില്ലായിരിക്കാം. എന്നാൽ, രാജ്യക്രമീകരണത്തിന് സകല തടസ്സങ്ങളെയും തരണം ചെയ്യാനാകുമെന്ന് ഓർക്കുന്നത് സഹിഷ്ണുതയോടെ തുടരാൻ നമുക്ക് ശക്തിപകരും. ഉദാഹരണത്തിന്, 1926-ൽ സ്കിന്നർ സഹോദരൻ ഇന്ത്യയിൽ എത്തിയപ്പോൾ വിരലിൽ എണ്ണാവുന്ന സാക്ഷികളേ ഇന്നാട്ടിൽ ഉണ്ടായിരുന്നുള്ളൂ. ആദ്യമൊന്നും ഒട്ടുംതന്നെ പുരോഗതി ഉണ്ടായില്ല. വേല “ഇഴഞ്ഞു നീങ്ങുന്നു” എന്നാണ് അദ്ദേഹം പറഞ്ഞത്. എങ്കിലും തളർന്നുപിന്തിരിയാതെ പ്രസംഗവേല തുടർന്ന അദ്ദേഹം രാജ്യസന്ദേശം വൻപ്രതിബന്ധങ്ങളെ മറികടന്ന് മുന്നേറുന്നതിന് സാക്ഷ്യം വഹിച്ചു. ഇന്ന് 37,000-ത്തിലധികം സജീവസാക്ഷികൾ ഇന്ത്യയിലുണ്ട്. കഴിഞ്ഞ സ്മാരകത്തിന് 1,08,000-ത്തിലധികം പേർ ഹാജരായി. ഇനി, രാജ്യക്രമീകരണം ശ്രദ്ധേയമാംവിധം വികാസം പ്രാപിച്ചതിന്റെ ഒരു ഉദാഹരണം നോക്കാം. സ്കിന്നർ സഹോദരൻ ഇന്ത്യയിൽ എത്തിയ അതേ വർഷംതന്നെയാണ് സാംബിയയിൽ പ്രസംഗവേലയ്ക്ക് തുടക്കം കുറിച്ചത്. ഇന്ന് 1,70,000-ത്തിലധികം രാജ്യപ്രസാധകർ അന്നാട്ടിൽ രാജ്യസന്ദേശം ഘോഷിക്കുന്നു. 2013-ലെ സ്മാരകഹാജരാകട്ടെ 7,63,915 ആയിരുന്നു. സാംബിയയിലെ, 18-ൽ ഒരാൾവീതം സ്മാരകത്തിന് ഹാജരായി എന്നാണ് അതിന്റെ അർഥം. എത്ര അവിശ്വസനീയമായ വളർച്ച!
പുളിമാവിന്റെ ദൃഷ്ടാന്തം
10. എന്താണ് പുളിമാവിനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിന്റെ അർഥം?
10 മത്തായി 13:33 വായിക്കുക. എന്താണ് പുളിമാവിനെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിന്റെ അർഥം? രാജ്യസന്ദേശത്തെയും അത് ഉളവാക്കുന്ന ഫലത്തെയും തന്നെയാണ് ഈ ദൃഷ്ടാന്തവും ചിത്രീകരിക്കുന്നത്. ‘മുഴുവൻ മാവ്’ സകലജനതകളെയും പ്രതിനിധാനം ചെയ്യുന്നു. മാവ് മുഴുവൻ പുളിച്ചുവരുന്നത് പ്രസംഗവേല മുഖാന്തരമുള്ള രാജ്യസന്ദേശത്തിന്റെ വ്യാപനത്തെ ചിത്രീകരിക്കുന്നു. കടുകുമണിയുടെ വളർച്ച വ്യക്തവും ദൃശ്യവും ആയിരുന്നെങ്കിൽ, മാവ് പുളിക്കുന്നത് തുടക്കത്തിൽ അത്ര ദൃശ്യമല്ല. കുറെ സമയത്തിനു ശേഷം മാത്രമായിരിക്കും അതിന്റെ ഫലം വ്യക്തമാകുന്നത്.
11. എന്തിനാണ് യേശു പുളിമാവിന്റെ ദൃഷ്ടാന്തം ഉപയോഗിച്ചത്?
11 എന്തുകൊണ്ടാണ് യേശു ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്? ആസകലം പടരാനും വ്യാപിക്കാനും മാറ്റങ്ങൾ വരുത്താനും രാജ്യസന്ദേശത്തിന് ശക്തിയുണ്ടെന്ന് ഈ ദൃഷ്ടാന്തത്തിലൂടെ യേശു വ്യക്തമാക്കുകയായിരുന്നു. രാജ്യസന്ദേശം “ഭൂമിയുടെ അറ്റംവരെയും” എത്തിച്ചേർന്നിരിക്കുന്നു. (പ്രവൃ. 1:8) എന്നുവരികിലും, രാജ്യസന്ദേശം വരുത്തുന്ന പരിവർത്തനം എല്ലായ്പോഴും തിരിച്ചറിയാനാകുംവിധം അത്ര പ്രകടമല്ല. അതിന്റെ ചില ഫലങ്ങളാകട്ടെ ആദ്യമാദ്യം കണ്ണിൽപ്പെട്ടെന്നുപോലും വരില്ല. എങ്കിലും മാറ്റം സംഭവിക്കുകതന്നെ ചെയ്യുന്നു. ആളുകളുടെ എണ്ണത്തിൽ മാത്രമല്ല, അരിച്ചിറങ്ങുന്ന ഈ സന്ദേശം സ്വീകരിക്കുന്നവരുടെ വ്യക്തിത്വത്തിലും അടിമുടി മാറ്റമുണ്ടാകുന്നു.—റോമ. 12:2; എഫെ. 4:22, 23.
12, 13. പുളിമാവിന്റെ ദൃഷ്ടാന്തത്തിൽ യേശു വർണിച്ചതിനു ചേർച്ചയിൽ രാജ്യപ്രസംഗവേല ഇന്ന് വിപുലവ്യാപകമായിത്തീർന്നിരിക്കുന്നത് എങ്ങനെ? ദൃഷ്ടാന്തങ്ങൾ നൽകുക.
12 ആദ്യകാല പ്രവർത്തനത്തിന് വർഷങ്ങൾക്കു ശേഷമായിരിക്കും പ്രസംഗവേലയുടെ ശക്തി മിക്കപ്പോഴും ദൃശ്യമാകുന്നത്. ഉദാഹരണത്തിന്, 1982-ൽ ബ്രസീൽ ബ്രാഞ്ചോഫീസിൽ സേവിച്ചിരുന്ന ഫ്രാൻസ്-മാർഗിറ്റ് ദമ്പതികൾ നാട്ടിൻപുറത്തെ ഒരു കൊച്ചുപട്ടണത്തിൽ സാക്ഷീകരിച്ചു. നിരവധി ബൈബിളധ്യയനങ്ങൾ അവർക്കന്ന് ആരംഭിക്കാനായി. അതിൽ ഒന്ന് ഒരു അമ്മയ്ക്കും നാലു കുട്ടികൾക്കുമായിരുന്നു. ആൺകുട്ടികളിൽ അന്ന് 12 വയസ്സുണ്ടായിരുന്ന മൂത്തയാൾ ഒരു നാണംകുണുങ്ങിയായിരുന്നു. അധ്യയനത്തിന് ചെല്ലുമ്പോൾ അവൻ മിക്കപ്പോഴും ഒളിച്ചുകളയുമായിരുന്നു. എന്നാൽ മറ്റൊരു നിയമനം കിട്ടിയതുകൊണ്ട് ആ ദമ്പതികൾക്ക് ആ അധ്യയനം തുടർന്നുകൊണ്ടുപോകാൻ കഴിഞ്ഞില്ല. പിന്നീട്, 25 വർഷങ്ങൾക്കു ശേഷം ഒരിക്കൽ അവർ ആ പട്ടണം സന്ദർശിച്ചു. എന്തായിരുന്നു അവിടെ അവരെ കാത്തിരുന്നത്? 69 പ്രസാധകരുള്ള ഒരു സഭ; അതിൽ 13 സാധാരണ പയനിയർമാർ; ഒരു പുത്തൻ രാജ്യഹാളും! ആ പഴയ നാണംകുണുങ്ങി പയ്യന്റെ കാര്യമോ? മൂപ്പന്മാരുടെ സംഘത്തിന്റെ ഏകോപകൻ മറ്റാരുമായിരുന്നില്ല! യേശുവിന്റെ ദൃഷ്ടാന്തത്തിലെ പുളിമാവുപോലെ, രാജ്യസന്ദേശം പടർന്ന് വ്യാപിക്കുകയും അവിടെയുള്ള അനേകരുടെയും ജീവിതത്തിൽ സമൂലമാറ്റങ്ങൾ വരുത്തുകയും ചെയ്തിരിക്കുന്നു. ആ ദമ്പതികളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു!
13 ആളുകളിൽ പരിവർത്തനം വരുത്താനുള്ള രാജ്യസന്ദേശത്തിന്റെ അദൃശ്യശക്തി, രാജ്യവേല നിയമംമൂലം നിരോധിച്ചിരിക്കുന്ന ദേശങ്ങളിൽ വിശേഷാൽ വ്യക്തമായിരിക്കുന്നു. അത്തരം ദേശങ്ങളിൽ രാജ്യസന്ദേശം എത്ര വ്യാപകമായി എത്തിച്ചേർന്നിട്ടുണ്ടെന്ന് അറിയുക അത്ര എളുപ്പമല്ല. പക്ഷേ, പലപ്പോഴും ഒടുവിൽ ലഭിക്കുന്ന ഫലം നമ്മെ അതിശയിപ്പിച്ചുകളയാറുണ്ട്. ഉദാഹരണത്തിന് ക്യൂബയുടെ കാര്യം എടുക്കുക. 1910-ലാണ് രാജ്യസന്ദേശം അവിടെ എത്തുന്നത്. 1913-ൽ റസ്സൽ സഹോദരൻ ക്യൂബ സന്ദർശിച്ചു. ആദ്യമൊക്കെ പുരോഗതി തീരെ മന്ദഗതിയിലായിരുന്നു. എന്നാൽ ഇന്നത്തെ കാര്യമോ? ഇന്ന് അവിടെ 96,000-ത്തിലധികം രാജ്യപ്രസാധകർ സുവാർത്ത ഘോഷിക്കുന്നുണ്ട്. 2013-ലെ സ്മാരകത്തിന് 2,29,726 പേർ ഹാജരായി. അതായത് ആ ദ്വീപരാഷ്ട്രത്തിലെ 48 പേരിൽ ഒരാൾവെച്ച് സ്മാരകത്തിനെത്തി. ഇനിയും, നിരോധനമില്ലാത്ത ദേശങ്ങളിൽപ്പോലും, സാക്ഷീകരണം നടക്കുന്നില്ലെന്നോ സാക്ഷീകരിക്കുക ബുദ്ധിമുട്ടാണെന്നോ പ്രാദേശിക സാക്ഷികൾ കരുതുന്ന നിരവധി സ്ഥലങ്ങളുണ്ട്. അവിടങ്ങളിലും രാജ്യസന്ദേശം അതിന്റെ വ്യാപനശക്തിനിമിത്തം എത്തിച്ചേർന്നിട്ടുണ്ടാകാം. *—സഭാ. 8:7; 11:5.
14, 15. (എ) പുളിമാവിന്റെ ദൃഷ്ടാന്തത്തിലൂടെ യേശു പഠിപ്പിച്ച കാര്യത്തിൽനിന്ന് വ്യക്തിപരമായി നമുക്ക് എങ്ങനെ പ്രയോജനം നേടാം? (ബി) ഇത് യഹോവയെയും യേശുവിനെയും കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?
14 പുളിമാവിന്റെ ദൃഷ്ടാന്തത്തിലൂടെ യേശു പഠിപ്പിച്ച കാര്യത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം? ഇതുവരെയും സുവാർത്ത കേട്ടിട്ടില്ലാത്ത ദശലക്ഷങ്ങളിലേക്ക് രാജ്യസന്ദേശം എങ്ങനെ എത്തിച്ചേരുമെന്ന് നാം പലപ്പോഴും ചിന്തിക്കാറുണ്ട്. എന്നാൽ, യേശുവിന്റെ ഈ ദൃഷ്ടാന്തത്തിന്റെ അർഥത്തെക്കുറിച്ച് ധ്യാനിക്കുമ്പോൾ അക്കാര്യത്തിൽ നാം അമിതമായി ആകുലപ്പെടേണ്ടതില്ല എന്ന് നമുക്ക് മനസ്സിലാകുന്നു. എല്ലാം യഹോവയുടെ പൂർണ നിയന്ത്രണത്തിൽത്തന്നെയാണ്. എന്നാൽ നാം എന്താണ് ചെയ്യേണ്ടത്? ദൈവവചനം ഇങ്ങനെ ഉത്തരം നൽകുന്നു: “രാവിലേ നിന്റെ വിത്തു വിതെക്ക; വൈകുന്നേരത്തു നിന്റെ കൈ ഇളെച്ചിരിക്കരുതു; ഇതോ, അതോ, ഏതു സഫലമാകും എന്നും രണ്ടും ഒരുപോലെ നന്നായിരിക്കുമോ എന്നും നീ അറിയുന്നില്ലല്ലോ.” (സഭാ. 11:6) അതോടൊപ്പം, പ്രസംഗവേലയുടെ വിജയത്തിനായി പ്രാർഥിക്കാൻ നാം ഒരിക്കലും മറന്നുപോകരുത്. വിശേഷിച്ചും നിരോധനമുള്ള ദേശങ്ങളിലെ രാജ്യവേലയുടെ അഭിവൃദ്ധിക്കായി.—എഫെ. 6:18-20.
15 അതുപോലെ, നമ്മുടെ വേലയ്ക്ക് ആദ്യമൊന്നും നല്ല ഫലം ലഭിക്കുന്നില്ലെങ്കിലും നാം നിരുത്സാഹിതരായിത്തീരാൻ പാടില്ല. “അല്പകാര്യങ്ങളുടെ ദിവസത്തെ” (‘ചെറിയ തുടക്കത്തിന്റെ നാളിനെ,’ NW) നാം ഒരിക്കലും “തുച്ഛീകരിക്ക”രുത്. (സെഖ. 4:10) നമ്മുടെ സകല പ്രതീക്ഷകളെയും കടത്തിവെട്ടി അവിശ്വസനീയമാംവിധം ആയിരുന്നേക്കാം ഒടുവിൽ കാര്യങ്ങൾ ഉരുത്തിരിയുന്നത്!—സങ്കീ. 40:5; സെഖ. 4:7.
സഞ്ചാരവ്യാപാരിയുടെയും മറഞ്ഞിരിക്കുന്ന നിധിയുടെയും ദൃഷ്ടാന്തങ്ങൾ
16. എന്താണ് സഞ്ചാരവ്യാപാരിയുടെയും മറഞ്ഞിരിക്കുന്ന നിധിയുടെയും ദൃഷ്ടാന്തങ്ങളുടെ അർഥം?
16 മത്തായി 13:44-46 വായിക്കുക. എന്താണ് സഞ്ചാരവ്യാപാരിയുടെയും മറഞ്ഞിരിക്കുന്ന നിധിയുടെയും ദൃഷ്ടാന്തങ്ങളുടെ അർഥം? യേശുവിന്റെ നാളിൽ ചില വ്യാപാരികൾ മേന്മയേറിയ മുത്തുകൾ തേടി ഇന്ത്യൻ മഹാസമുദ്രംവരെപ്പോലും സഞ്ചരിക്കുമായിരുന്നു. ഈ ദൃഷ്ടാന്തത്തിലെ സഞ്ചാരവ്യാപാരി, തങ്ങളുടെ ആത്മീയാവശ്യങ്ങൾ തൃപ്തിപ്പെടുത്താനായി ഏതറ്റംവരെയും അന്വേഷിച്ചുപോകാൻ തയ്യാറാകുന്ന ശരിയായ മനോഭാവമുള്ള ആളുകളെ പ്രതിനിധാനം ചെയ്യുന്നു. “വിലയേറിയ . . . മുത്ത്” ദൈവരാജ്യത്തെക്കുറിച്ചുള്ള അമൂല്യസത്യത്തെ കുറിക്കുന്നു. ആ മുത്തിന്റെ മൂല്യം തിരിച്ചറിഞ്ഞ വ്യാപാരി “ഉടൻതന്നെ” തനിക്കുള്ളതെല്ലാം വിറ്റ് അതു വാങ്ങാൻ തയ്യാറായി. വയലിൽ വേല ചെയ്തുകൊണ്ടിരുന്ന ഒരു മനുഷ്യൻ “മറഞ്ഞിരിക്കുന്ന” ഒരു നിധി കണ്ടെത്തിയതിനെക്കുറിച്ചും യേശു പറഞ്ഞു. വ്യാപാരിയിൽനിന്ന് വ്യത്യസ്തനായി ഈ മനുഷ്യൻ നിധിക്കുവേണ്ടി അന്വേഷിക്കുകയായിരുന്നില്ല. എന്നാൽ ആ വ്യാപാരിയെപ്പോലെ, നിധിക്കുവേണ്ടി “തനിക്കുള്ളതെല്ലാം” വിൽക്കാൻ അദ്ദേഹവും തയ്യാറായി.
17. എന്തുകൊണ്ടാണ് യേശു സഞ്ചാരവ്യാപാരിയുടെയും മറഞ്ഞിരിക്കുന്ന നിധിയുടെയും ഉപമകൾ പറഞ്ഞത്?
17 എന്തുകൊണ്ടാണ് യേശു ഈ ഉപമകൾ പറഞ്ഞത്? സത്യം പല വിധങ്ങളിലാണ് ആളുകൾ കണ്ടെത്തുന്നത് എന്ന് സൂചിപ്പിക്കുകയായിരുന്നു യേശു. ചില വ്യക്തികൾ അങ്ങേയറ്റം ശ്രമംചെയ്ത് അതിനായി അന്വേഷിച്ചുനടന്നിട്ടുണ്ട്. മറ്റുചിലരാകട്ടെ അതിനായി തിരഞ്ഞൊന്നും നടന്നിട്ടില്ല. എങ്കിലും അവരും സത്യം കണ്ടെത്തിയിട്ടുണ്ട്. ഒരുപക്ഷേ, സത്യം അവരുടെ അടുത്തേക്ക് ചെന്നെത്തുക ആയിരുന്നിരിക്കാം. എങ്ങനെയായിരുന്നാലും, ഈ രണ്ടു ദൃഷ്ടാന്തങ്ങളിലെയും വ്യക്തികൾ അവർ കണ്ടെത്തിയതിന്റെ മൂല്യം തിരിച്ചറിയുകയും അത് സ്വന്തമാക്കാനായി വലിയ ത്യാഗങ്ങൾക്ക് തയ്യാറാവുകയും ചെയ്തു.
18. (എ) ഈ രണ്ടു ദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാനാകും? (ബി) ഇവ യഹോവയെയും യേശുവിനെയും കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?
18 ഈ രണ്ടു ദൃഷ്ടാന്തങ്ങളിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം? (മത്തായി 6:19-21) സ്വയം ഇങ്ങനെ ചോദിക്കുക: ‘ദൃഷ്ടാന്തങ്ങളിലെ ആ രണ്ടുപേരുടെ അതേ മനോഭാവമാണോ എനിക്കുള്ളത്? സമാനമായ വിധത്തിൽ സത്യത്തെ ഞാൻ അമൂല്യമായി കരുതുന്നുണ്ടോ? അത് സ്വന്തമാക്കാനായി ത്യാഗങ്ങൾ ചെയ്യാൻ ഞാൻ ഒരുക്കമാണോ? അതോ അനുദിന ജീവിതത്തിലെ ആകുലതകളും മറ്റും സത്യത്തിൽനിന്ന് എന്റെ ശ്രദ്ധ വ്യതിചലിപ്പിക്കുന്നുണ്ടോ?’ (മത്താ. 6:22-24, 33; ലൂക്കോ. 5:27, 28; ഫിലി. 3:8) സത്യം കണ്ടെത്തിയതിലുള്ള നമ്മുടെ സന്തോഷം എത്ര വലുതാണോ അത്ര ശക്തമായിരിക്കും അത് ജീവിതത്തിൽ ഒന്നാമത് വെക്കാനുള്ള നമ്മുടെ ദൃഢനിശ്ചയവും.
19. അടുത്ത ലേഖനത്തിൽ നാം എന്തു പരിചിന്തിക്കും?
19 ഈ രാജ്യദൃഷ്ടാന്തങ്ങൾ നന്നായി ശ്രദ്ധിക്കുകയും അവയുടെ അർഥം ഗ്രഹിക്കുകയും ചെയ്തിരിക്കുന്നെന്ന് നമുക്ക് തെളിയിക്കാം. ഓർക്കുക, നാം അതു ചെയ്യുന്നത് അവയുടെ പൊരുൾ തിരിച്ചറിയുന്നതിനാൽ മാത്രമല്ല പിന്നെയോ അവയിൽനിന്ന് ലഭിച്ച പാഠങ്ങൾ പ്രാവർത്തികമാക്കിക്കൊണ്ടുമാണ്. അടുത്ത ലേഖനത്തിൽ, നാം ശേഷിച്ച മൂന്ന് ദൃഷ്ടാന്തങ്ങളും അവയിൽനിന്നുള്ള പാഠങ്ങളും പരിചിന്തിക്കും.
^ ഖ. 13 സമാനമായ അനുഭവങ്ങൾ പിൻവരുന്ന ദേശങ്ങളിലും ഉണ്ടായിട്ടുണ്ട്: അർജന്റീന (വാർഷികപുസ്തകം 2001, പേജ് 186); പൂർവജർമനി (വാർഷികപുസ്തകം 1999, പേജ് 83); പാപ്പുവ ന്യൂഗിനി (വാർഷികപുസ്തകം 2005, പേജ് 63); റോബിൻസൺ ക്രൂസോ ദ്വീപ് (2000 ജൂൺ 15 വീക്ഷാഗോപുരം പേജ് 9).