നിങ്ങൾ ‘അർഥം ഗ്രഹിക്കുന്നുണ്ടോ?’
“പിന്നെ അവൻ തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കേണ്ടതിന് അവരുടെ മനസ്സുകൾ തുറന്നു.”—ലൂക്കോ. 24:45.
1, 2. ഉയിർപ്പിക്കപ്പെട്ട ദിവസംതന്നെ യേശു ശിഷ്യന്മാരെ ബലപ്പെടുത്തിയത് എങ്ങനെ?
യേശു അന്ന് ഉയിർപ്പിക്കപ്പെട്ടിരുന്നു. ആ വിവരം അറിയാതെ രണ്ടു ശിഷ്യന്മാർ യെരുശലേമിൽനിന്ന് ഏകദേശം 11 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിലേക്ക് നടന്നുപോകുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ നിമിത്തം അവർ അതീവദുഃഖിതരാണ്. പെട്ടെന്ന്, യേശു പ്രത്യക്ഷപ്പെട്ട് അവരോടൊപ്പം നടക്കാൻ തുടങ്ങി. ആ ശിഷ്യന്മാരെ ആശ്വസിപ്പിക്കാൻ അവനു കഴിഞ്ഞു. എങ്ങനെ? “അവൻ മോശ തുടങ്ങി സകല പ്രവാചകന്മാരും തിരുവെഴുത്തുകളിൽ തന്നെക്കുറിച്ചു പറഞ്ഞിരുന്നതൊക്കയും അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.” (ലൂക്കോ. 24:13-15, 27) യേശു “തിരുവെഴുത്തുകൾ” വ്യക്തമായി ‘വിശദീകരിച്ചതു’ നിമിത്തം, അവരുടെ ഹൃദയം ജ്വലിക്കാൻ തുടങ്ങി.—ലൂക്കോ. 24:32.
2 അന്നു വൈകുന്നേരംതന്നെ ആ രണ്ടു ശിഷ്യന്മാർ യെരൂശലേമിലേക്കു മടങ്ങി. അപ്പൊസ്തലന്മാരെ കണ്ട് അവർ തങ്ങൾക്കുണ്ടായ അനുഭവം വിവരിച്ചു. അവർ സംസാരിച്ചിരിക്കെ യേശു അവരുടെ മധ്യേ പ്രത്യക്ഷനായി. അതു കണ്ട് അപ്പൊസ്തലന്മാർ ഭയപരവശരായി. അവരുടെ ഹൃദയത്തിൽ സംശയങ്ങൾ ഉയർന്നു. യേശു എങ്ങനെയാണ് അവരെ ബലപ്പെടുത്തിയത്? “അവൻ തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കേണ്ടതിന് അവരുടെ മനസ്സുകൾ തുറന്നു” എന്ന് നാം വായിക്കുന്നു.—ലൂക്കോ. 24:45.
3. ശുശ്രൂഷയിൽ നമുക്ക് എന്തെല്ലാം നിരുത്സാഹങ്ങൾ ഉണ്ടായേക്കാം, എന്നാൽ സന്തോഷം നിലനിറുത്താൻ നമ്മെ എന്തു സഹായിക്കും?
3 ആ ശിഷ്യന്മാരെപ്പോലെ ചില അവസരങ്ങളിൽ നമ്മുടെയും മനസ്സിടിഞ്ഞുപോയേക്കാം. കർത്താവിന്റെ വേലയിൽ തിരക്കോടെ ഏർപ്പെടുന്നുണ്ടെങ്കിലും നല്ല ഫലം നാം കാണുന്നില്ലാത്തതിനാൽ ഒരുപക്ഷേ നാം നിരുത്സാഹിതരായേക്കാം. (1 കൊരി. 15:58) ചിലപ്പോൾ നമ്മുടെ ബൈബിൾവിദ്യാർഥികൾ, വേണ്ട പുരോഗതി വരുത്തുന്നില്ലെന്ന് നമുക്കു തോന്നിയേക്കാം. അവരിൽ ചിലർ യഹോവയെ ഉപേക്ഷിച്ച് പോയെന്നുപോലും വരാം. എന്നാൽ, ശുശ്രൂഷയെ സമനിലയോടെ വീക്ഷിക്കാൻ നമുക്ക് എന്തു ചെയ്യാൻ കഴിയും? തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ ദൃഷ്ടാന്തങ്ങളുടെ അർഥം നന്നായി ഗ്രഹിക്കുന്നത് ഇക്കാര്യത്തിൽ നമ്മെ സഹായിക്കും. അത്തരത്തിലുള്ള മൂന്ന് ദൃഷ്ടാന്തങ്ങളും അവ നൽകുന്ന പാഠങ്ങളും നമുക്ക് പരിചിന്തിക്കാം.
ഉറങ്ങുന്ന വിതക്കാരന്റെ ദൃഷ്ടാന്തം
4. എന്താണ് ഉറങ്ങുന്ന വിതക്കാരനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിന്റെ അർഥം?
4 മർക്കോസ് 4:26-29 വായിക്കുക. എന്താണ് ഉറങ്ങുന്ന വിതക്കാരനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തത്തിന്റെ അർഥം? ദൃഷ്ടാന്തത്തിലെ മനുഷ്യൻ ദൈവരാജ്യ സുവിശേഷകരിൽ ഓരോരുത്തരെയും കുറിക്കുന്നു. ആത്മാർഥഹൃദയരോട് ഘോഷിക്കുന്ന രാജ്യസന്ദേശമാണ് വിത്ത്. വിതക്കാരൻ എല്ലാവരെയുംപോലെ “രാത്രിയിൽ ഉറങ്ങുന്നു; നേരം പുലരുമ്പോൾ ഉണരുന്നു.” അങ്ങനെ ദിവസങ്ങൾ ഒന്നൊന്നായി മുന്നോട്ടുനീങ്ങുന്നു. വിത മുതൽ കൊയ്ത്തുവരെയുള്ള ഒരു കാലയളവിലാണ് വളർച്ച നടക്കുന്നത്. ആ കാലയളവിൽ ‘വിത്ത് മുളച്ച് വളർന്നു’ വലുതാകുന്നു. ഈ വളർച്ച ക്രമേണ ഘട്ടംഘട്ടമായി “സ്വയം” നടക്കുന്നതാണ്. സമാനമായി ആത്മീയവളർച്ചയും ക്രമേണ ഘട്ടംഘട്ടമായാണ് നടക്കുന്നത്. ആത്മീയമായി പുരോഗതി പ്രാപിക്കുന്ന ഒരാൾ ഒരു ഘട്ടമെത്തുമ്പോൾ ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കും. അങ്ങനെ ആ വ്യക്തി ജീവിതം യഹോവയ്ക്ക് സമർപ്പിച്ച് സ്നാനമേൽക്കുമ്പോൾ അയാൾ ഫലം വിളയിക്കുകയായി.
5. എന്തിനാണ് യേശു ഉറങ്ങുന്ന വിതക്കാരന്റെ ദൃഷ്ടാന്തം ഉപയോഗിച്ചത്?
5 എന്തുകൊണ്ടാണ് യേശു ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്? “നിത്യജീവനുവേണ്ട ഹൃദയനില”യുള്ളവരുടെ ഉള്ളിൽ സത്യം വളരാൻ ഇടയാക്കുന്നത് യഹോവയാണെന്ന് തിരിച്ചറിയാൻ യേശു നമ്മെ സഹായിക്കുകയാണ്. (പ്രവൃ.13:48; 1 കൊരി. 3:7) നാം നടുകയും നനയ്ക്കുകയും ചെയ്യുന്നു എന്നത് ശരിയാണ്. എന്നാൽ വളർച്ചയെ നിയന്ത്രിക്കുന്നത് നമ്മളല്ല. അതായത് സമ്മർദം ചെലുത്തി വളർച്ചയുളവാക്കാനോ അത് വേഗത്തിലാക്കാനോ നമുക്കാവില്ല. ദൃഷ്ടാന്തത്തിലെ മനുഷ്യനെപ്പോലെ, വളർച്ച നടക്കുന്നത് എങ്ങനെയാണെന്ന് നമുക്ക് അറിയില്ലെന്നുള്ളതാണ് വാസ്തവം. നിത്യജീവിതത്തിലെ കാര്യാദികളുമായി നാം മുമ്പോട്ടു പോകുമ്പോൾ അത് മിക്കപ്പോഴും നമ്മുടെ കണ്ണിൽപ്പെടാതെ പോകുന്നു. എന്നിരുന്നാലും, കാലാന്തരത്തിൽ രാജ്യവിത്ത് ഫലം വിളയിച്ചേക്കാം. അങ്ങനെ പുതുശിഷ്യൻ നമ്മോടൊപ്പം കൊയ്ത്തുവേലയിൽ പങ്കെടുക്കാൻ തുടങ്ങുന്നു.—യോഹ. 4:36-38.
6. ആത്മീയ വളർച്ചയെക്കുറിച്ച് നാം എന്ത് തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം?
6 ഈ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എന്താണ് പഠിക്കാനുള്ളത്? ഒന്നാമതായി, ബൈബിൾ വിദ്യാർഥിയുടെ ഉള്ളിൽനടക്കുന്ന ആത്മീയവളർച്ചയിൽ നമുക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്ന് നാം അംഗീകരിക്കേണ്ടതുണ്ട്. സ്നാനപ്പെടാനായി നിർബന്ധിക്കാനോ സമ്മർദം ചെലുത്താനോ ചിലപ്പോൾ നമുക്ക് തോന്നിയേക്കാം. എന്നാൽ അങ്ങനെ ചെയ്യാതിരിക്കാൻ എളിമ നമ്മെ സഹായിക്കും. വിദ്യാർഥിയെ സഹായിക്കാനും പിന്തുണയ്ക്കാനും നമ്മാലാകുന്നതെല്ലാം നാം ചെയ്യും. പക്ഷേ സമർപ്പണം നടത്താനുള്ള തീരുമാനം ഒടുവിൽ എടുക്കേണ്ടത് വിദ്യാർഥിയാണെന്ന് താഴ്മയോടെ നാം അംഗീകരിക്കുന്നു. ദൈവത്തോടുള്ള സ്നേഹത്താൽ പ്രേരിതമായ ഹൃദയത്തിൽനിന്ന് മുളപൊട്ടേണ്ട ഒന്നാണ് സമർപ്പണം. അതിൽ കുറഞ്ഞതൊന്നും യഹോവയ്ക്ക് സ്വീകാര്യമായിരിക്കില്ല.—സങ്കീ. 51:12; 54:6; 110:3.
7, 8. (എ) ഉറങ്ങുന്ന വിതക്കാരനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം മറ്റെന്തെല്ലാം പാഠങ്ങൾ നമുക്കു തരുന്നു? ഒരു ഉദാഹരണം പറയുക. (ബി) ഇത് യഹോവയെയും യേശുവിനെയും കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?
7 രണ്ടാമതായി, നമ്മുടെ വേല ആദ്യമൊന്നും ഫലം കാണുന്നില്ലെങ്കിലും നിരുത്സാഹപ്പെടാതിരിക്കാൻ ഈ ദൃഷ്ടാന്തത്തിന്റെ അർഥം മനസ്സിലാക്കുന്നത് നമ്മെ സഹായിക്കും. നാം ക്ഷമയുള്ളവരായിരിക്കണം. (യാക്കോ. 5:7, 8) കഴിവിന്റെ പരമാവധി നാം വിദ്യാർഥിയെ സഹായിച്ചിട്ടും വിത്ത് ഫലം വിളയിക്കുന്നില്ലെങ്കിൽ അത് നമ്മുടെ പക്ഷത്തെ വീഴ്ചകൊണ്ടല്ല എന്ന് നാം തിരിച്ചറിയുന്നു. മാറ്റങ്ങൾ വരുത്താൻ തയ്യാറുള്ള, താഴ്മയുള്ള ഒരു ഹൃദയത്തിൽ മാത്രമേ സത്യത്തിന്റെ വിത്ത് വളരാൻ യഹോവ അനുവദിക്കുകയുള്ളൂ. (മത്താ. 13:23) അതുകൊണ്ട് ലഭിക്കുന്ന വിളവിന്റെ അടിസ്ഥാനത്തിൽ മാത്രം ശുശ്രൂഷയുടെ ഫലപ്രദത്വം നാം അളക്കരുത്. യഹോവ നമ്മുടെ ശുശ്രൂഷയുടെ വിജയം കണക്കാക്കുന്നത് നാം പഠിപ്പിക്കുന്നവരുടെ പ്രതികരണത്തെ അടിസ്ഥാനമാക്കിയല്ല. മറിച്ച്, ഫലം എന്തായിരുന്നാലും നമ്മുടെ വിശ്വസ്തമായ ശ്രമങ്ങളെ യഹോവ അമൂല്യമായി കരുതുന്നു.—ലൂക്കോസ് 10:17-20; 1 കൊരിന്ത്യർ 3:8 വായിക്കുക.
8 മൂന്നാമതായി, വിദ്യാർഥിയുടെ ഉള്ളിൽ സംഭവിക്കുന്ന മാറ്റങ്ങൾ നാം എല്ലായ്പോഴും തിരിച്ചറിഞ്ഞെന്നു വരില്ല. ഉദാഹരണത്തിന്, ഒരു മിഷനറി സഹോദരൻ അധ്യയനം എടുത്തിരുന്ന ദമ്പതികൾ പ്രസാധകരാകാൻ ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ അതിന് യോഗ്യത പ്രാപിക്കുന്നതിന് അവർ പുകവലി നിറുത്തേണ്ടതുണ്ടെന്ന് സഹോദരൻ അവരെ ഓർമപ്പെടുത്തി. എന്നാൽ മാസങ്ങൾക്കുമുമ്പേതന്നെ തങ്ങൾ പുകവലി ഉപേക്ഷിച്ചതാണെന്ന് അവർ പറഞ്ഞപ്പോൾ സഹോദരൻ അതിശയിച്ചുപോയി. എന്തുകൊണ്ടാണ് അവർ പുകവലി ഉപേക്ഷിച്ചത്? തങ്ങൾ പുകവലിക്കുന്നത് യഹോവ കാണുന്നുണ്ടെന്നും അവൻ കാപട്യം വെറുക്കുന്നെന്നും അതിനോടകംതന്നെ അവർ തിരിച്ചറിഞ്ഞിരുന്നു. ഒരു തീരുമാനം എടുക്കാൻ ഹൃദയം അവരെ പ്രചോദിപ്പിച്ചു. ‘പുകവലിക്കുന്നെങ്കിൽ മിഷനറിയുടെ മുമ്പിലും വലിക്കുക; അല്ലെങ്കിൽ വലി നിറുത്തുക!’ യഹോവയോട് ഉള്ളിൽ ഉടലെടുത്തുകൊണ്ടിരുന്ന സ്നേഹം ശരിയായ തീരുമാനം എടുക്കാൻ അവരെ സഹായിച്ചു. അതെ, അവർ ആത്മീയമായി വളർന്നിരുന്നു, മിഷനറി അതു തിരിച്ചറിഞ്ഞിരുന്നില്ല എന്നേയുള്ളൂ!
വലയുടെ ദൃഷ്ടാന്തം
9. എന്താണ് വലയെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിന്റെ അർഥം?
9 മത്തായി 13:47-50 വായിക്കുക. എന്താണ് യേശു പറഞ്ഞ വലയെക്കുറിച്ചുള്ള ദൃഷ്ടാന്തത്തിന്റെ അർഥം? മനുഷ്യമഹാസമുദ്രത്തിലെങ്ങും രാജ്യസന്ദേശം പ്രസംഗിക്കുന്നതിനെ കടലിൽ വലയിറക്കുന്നതിനോട് യേശു താരതമ്യപ്പെടുത്തി. വലിയ ഒരു കോരുവല “എല്ലാത്തരം മത്സ്യങ്ങളെയും” വൻതോതിൽ പിടിക്കുന്നതുപോലെ, നമ്മുടെ പ്രസംഗവേല തരാതരം നോക്കാതെ ദശലക്ഷക്കണക്കിന് ആളുകളെ ആകർഷിക്കുന്നു. (യെശ. 60:5) വർഷന്തോറും നമ്മുടെ കൺവെൻഷനുകൾക്കും സ്മാരകത്തിനും ഹാജരാകുന്ന വലിയകൂട്ടം ആളുകൾ ഇതിന്റെ തെളിവാണ്. ഇവരിൽ ചിലർ “കൊള്ളാവുന്ന” മത്സ്യങ്ങളെപ്പോലെയാണ്. അവരെ ക്രിസ്തീയസഭയിൽ ശേഖരിക്കുന്നു. അതേസമയം, മറ്റുള്ളവർ “കൊള്ളാത്ത” മത്സ്യങ്ങളെപ്പോലെയാണ്. അവരെ യഹോവ സ്വീകരിക്കുന്നില്ല.
10. എന്തിനാണ് യേശു വലയുടെ ദൃഷ്ടാന്തം ഉപയോഗിച്ചത്?
10 എന്തുകൊണ്ടാണ് യേശു ഈ ദൃഷ്ടാന്തം ഉപയോഗിച്ചത്? ഈ ആലങ്കാരിക മത്സ്യങ്ങളുടെ വേർതിരിക്കൽ മഹാകഷ്ടത്തിന്റെ സമയത്തു നടക്കാനിരിക്കുന്ന അന്തിമ ന്യായവിധിയെയല്ല സൂചിപ്പിക്കുന്നത്. മറിച്ച് ഈ ദുഷ്ടവ്യവസ്ഥിതിയുടെ അന്ത്യനാളുകളിൽ സംഭവിക്കുമായിരുന്ന ഒരു വേർതിരിക്കലിനെയാണ് ഇത് ചിത്രീകരിക്കുന്നത്. സത്യത്തിലേക്ക് ആകർഷിക്കപ്പെടുന്ന എല്ലാവരും യഹോവയ്ക്കുവേണ്ടി ഒരു നിലപാട് എടുക്കില്ലെന്ന് യേശു വ്യക്തമാക്കുകയായിരുന്നു. ചിലയാളുകൾ നമ്മുടെ യോഗങ്ങൾക്കു സംബന്ധിക്കാറുണ്ട്. മറ്റുചിലർ നമ്മോടൊപ്പം ബൈബിൾ പഠിക്കാൻ മനസ്സുള്ളവരാണ്, പക്ഷേ പടികൾ സ്വീകരിക്കാൻ ഒരുക്കമല്ല. (1 രാജാ. 18:21) വേറെ ചിലർ സഭയോടൊപ്പമുള്ള സഹവാസം നിറുത്തിയിരിക്കുന്നു. ചില യുവജനങ്ങളാകട്ടെ ക്രിസ്തീയ കുടുംബങ്ങളിലാണ് വളർന്നുവന്നിട്ടുള്ളതെങ്കിലും യഹോവയുടെ നിലവാരങ്ങളോട് ഇനിയും സ്നേഹം വളർത്തിയെടുത്തിട്ടില്ല. സാഹചര്യം എന്തുതന്നെയായിരുന്നാലും, ഓരോ വ്യക്തിയും സ്വന്തമായി ഒരു തീരുമാനം എടുക്കേണ്ട ആവശ്യമുണ്ട് എന്നതിന് യേശു ഊന്നൽനൽകുകയായിരുന്നു. അങ്ങനെ ചെയ്യുന്നവരെ “സകല ജാതികളുടെയും മനോഹരവസ്തു”ക്കളായി, അഭികാമ്യരായ ആളുകളായി, യഹോവയും യേശുവും വീക്ഷിക്കുന്നു.—ഹഗ്ഗാ. 2:7.
11, 12. (എ) വലയുടെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം? (ബി) ഇത് യഹോവയെയും യേശുവിനെയും കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?
11 വലയുടെ ദൃഷ്ടാന്തത്തിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം? ചിലപ്പോൾ നമ്മുടെ മക്കളിൽ ഒരാളോ ബൈബിൾവിദ്യാർഥികളിൽ ചിലരോ സത്യം സ്വീകരിക്കാതിരുന്നേക്കാം. അങ്ങനെ സംഭവിക്കുന്നെങ്കിൽ നിരാശയിലാണ്ട് നിരുത്സാഹപ്പെട്ടുപോകാതിരിക്കാൻ ഈ ദൃഷ്ടാന്തം നൽകുന്ന പാഠം നമ്മളെ സഹായിക്കും. നാം എത്ര ആത്മാർഥമായി ശ്രമിച്ചാലും ചിലർ സത്യം സ്വീകരിച്ചെന്നുവരില്ല. ബൈബിളധ്യയനത്തിന് സമ്മതിച്ചതുകൊണ്ടോ സാക്ഷിക്കുടുംബത്തിൽ വളർന്നതുകൊണ്ടോ ഒരാൾ യഹോവയുമായി ഒരു ഉറ്റബന്ധം സ്വതവേ വളർത്തിയെടുത്തുകൊള്ളും എന്ന് നാം പ്രതീക്ഷിക്കരുത്. യഹോവയുടെ ഭരണാധികാരത്തിന് കീഴ്പെടാൻ വിസമ്മതിക്കുന്നവർ എങ്ങനെയായാലും ഒടുവിൽ ദൈവജനത്തിനിടയിൽനിന്ന് വേർതിരിക്കപ്പെടും.
സത്യത്തിലേക്ക് ആകർഷിക്കപ്പെടുന്ന ചിലർ യഹോവയ്ക്കുവേണ്ടി നിലപാട് എടുക്കും (9-12 ഖണ്ഡികകൾ കാണുക)
12 ഇതിന്റെ അർഥം, സത്യം ഉപേക്ഷിച്ചുപോയവരെ പിന്നീട് ഒരിക്കലും സഭയിലേക്ക് തിരിച്ചുവരാൻ അനുവദിക്കില്ലെന്നാണോ? അതുപോലെ, ഒരാൾ യഹോവയ്ക്ക് ജീവിതം സമർപ്പിക്കാതിരിക്കുന്നെങ്കിൽ അയാളെ എന്നെന്നേക്കും “കൊള്ളാത്ത”വനായി എഴുതിത്തള്ളുമെന്നാണോ? ഒരിക്കലുമല്ല. മഹാകഷ്ടം പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പ്, ഇപ്പോഴും അത്തരക്കാരുടെ മുമ്പിൽ അവസരത്തിന്റെ വാതിൽ തുറന്നുതന്നെ കിടക്കുകയാണ്. “എന്റെ അടുക്കലേക്കു മടങ്ങിവരുവിൻ; ഞാൻ നിങ്ങളുടെ അടുക്കലേക്കും മടങ്ങിവരും” എന്നു പറഞ്ഞുകൊണ്ട് യഹോവ അവരെ തിരികെ വിളിക്കുകയാണ്. (മലാ. 3:7) യേശു പറഞ്ഞ മറ്റൊരു ദൃഷ്ടാന്തം ഈ വസ്തുത വരച്ചുകാണിക്കുന്നു. മുടിയനായ പുത്രന്റെ ഉപമയാണ് അത്.—ലൂക്കോസ് 15:11-32 വായിക്കുക.
മുടിയനായ പുത്രന്റെ ഉപമ
13. എന്താണ് യേശു പറഞ്ഞ മുടിയനായ പുത്രന്റെ ഉപമയുടെ അർഥം?
13 എന്താണ് യേശു പറഞ്ഞ മുടിയനായ പുത്രന്റെ ഉപമയുടെ അർഥം? ഈ ഉപമയിലെ അനുകമ്പയുള്ള പിതാവ് സ്നേഹനിധിയും നമ്മുടെ സ്വർഗീയപിതാവും ആയ യഹോവയെയാണ് ചിത്രീകരിക്കുന്നത്. കുടുംബസ്വത്തിന്റെ ഓഹരി വാങ്ങിക്കൊണ്ടുപോയി ധൂർത്തടിക്കുന്ന മകൻ, സഭ വിട്ടുപോയിരിക്കുന്ന വ്യക്തികളെ കുറിക്കുന്നു. അവർ സഭ ഉപേക്ഷിച്ചുപോകുന്നത്, യഹോവയിൽനിന്ന് അന്യപ്പെട്ട സാത്താന്യലോകമാകുന്ന “ദൂരദേശത്തേക്കു” യാത്രയാകുന്നതുപോലെയാണ്. (എഫെ. 4:18; കൊലോ. 1:21) എന്നിരുന്നാലും, അവരിൽ ചിലർ പിന്നീട് സുബോധം വീണ്ടെടുക്കുകയും സംഘടനയിലേക്ക് തിരികെ വരുകയും ചെയ്യുന്നു. ആ മടക്കയാത്ര ശ്രമകരമാണെങ്കിലും, മാനസാന്തരപ്പെടുന്ന താഴ്മയുള്ള ആ വ്യക്തികളോട് നമ്മുടെ സ്വർഗീയപിതാവ് ക്ഷമിക്കുകയും അവരെ സന്തോഷത്തോടെ സ്വീകരിക്കുകയും ചെയ്യുന്നു.—യെശ. 44:22; 1 പത്രോ. 2:25.
14. എന്തിനാണ് യേശു മുടിയനായ പുത്രന്റെ ഉപമ പറഞ്ഞത്?
14 എന്തുകൊണ്ടാണ് യേശു ഈ ഉപമ പറഞ്ഞത്? യഹോവയെ ഉപേക്ഷിച്ചുപോയവർ അവന്റെ അടുക്കലേക്ക് മടങ്ങിച്ചെല്ലാൻ അവൻ ആഗ്രഹിക്കുന്നെന്ന് വളരെ ഹൃദ്യമായ വിധത്തിൽ യേശു ദൃഷ്ടാന്തീകരിക്കുകയായിരുന്നു. ഉപമയിലെ അപ്പൻ തന്റെ മകൻ മടങ്ങിവരുമെന്നുള്ള പ്രതീക്ഷ ഒരിക്കലും കൈവിട്ടില്ല. മകൻ വരുന്നത് “ദൂരെവെച്ചുതന്നെ” കണ്ട അപ്പൻ ഉടനടി ഓടിച്ചെന്ന് അവനെ സ്വീകരിച്ചു. സത്യം വിട്ടുപോയവർക്ക് താമസംവിനാ യഹോവയുടെ അടുക്കലേക്ക് മടങ്ങിച്ചെല്ലാനുള്ള എത്ര ശക്തമായ പ്രോത്സാഹനം! അവർ ആത്മീയമായി പരിക്ഷീണരായിരിക്കാം. തിരിച്ചുള്ള വഴിയിൽ അല്പം ജാള്യതയും ബുദ്ധിമുട്ടും അവർക്ക് അനുഭവപ്പെട്ടേക്കാം. പക്ഷേ ആ ശ്രമം തക്കമൂല്യമുള്ളതുതന്നെയാണ്. സ്വർഗത്തിൽപ്പോലും അത് അത്യധികം സന്തോഷം ഉളവാക്കും.—ലൂക്കോ. 15:7.
15, 16. (എ) മുടിയനായ പുത്രനെക്കുറിച്ചുള്ള യേശുവിന്റെ ഉപമ എന്തു പാഠങ്ങൾ നല്കുന്നു? ഉദാഹരണങ്ങൾ പറയുക. (ബി) ഇത് യഹോവയെയും യേശുവിനെയും കുറിച്ച് നമ്മെ എന്തു പഠിപ്പിക്കുന്നു?
15 മുടിയനായ പുത്രന്റെ ഉപമയിൽനിന്ന് നമുക്ക് എങ്ങനെ പ്രയോജനം നേടാം? നാം യഹോവയുടെ മാതൃക അനുകരിക്കണം. മാനസാന്തരമുള്ള പാപികളെ തിരികെ സ്വീകരിക്കാൻ വിസമ്മതിച്ചുകൊണ്ട് നാം ഒരിക്കലും “അതിനീതിമാനായിരി”ക്കാൻ മുതിരരുത്. അത് ആത്മീയ‘നാശത്തിൽ’ മാത്രമേ കലാശിക്കൂ. (സഭാ. 7:16) മറ്റൊരു പാഠംകൂടി ഈ ഉപമ നൽകുന്നു. സഭ വിട്ടുപോകുന്ന വ്യക്തികളെ, ‘ഗുണംപിടിക്കാതെ’പോയ ആളുകളായിട്ടല്ല, പകരം “കാണാതെപോയ ആടു”കളായിട്ടുവേണം നാം വീക്ഷിക്കാൻ. (സങ്കീ. 119:176) സഭയിൽനിന്ന് അന്യപ്പെട്ടുപോയ വ്യക്തികളെ കണ്ടെത്തുന്നപക്ഷം അവർക്കു മടങ്ങിവരാനുള്ള പ്രായോഗിക സഹായം നാം സ്നേഹപുരസ്സരം നൽകുമോ? അവർക്കു വേണ്ട സഹായം നൽകാൻ കഴിയേണ്ടതിന് നമ്മൾ ഉടനടി മൂപ്പന്മാരെ വിവരം അറിയിക്കുമോ? മുടിയനായ പുത്രനെക്കുറിച്ചുള്ള യേശുവിന്റെ ഉപമ നൽകുന്ന പാഠം ബാധകമാക്കുന്നെങ്കിൽ നാം തീർച്ചയായും അങ്ങനെ ചെയ്യും.
16 ‘മുടിയനായ പുത്രനെ’പ്പോലെ പ്രവർത്തിച്ചിട്ടുള്ള, ആധുനിക നാളിലെ ചിലർ യഹോവയുടെ കരുണയെയും സഭ നൽകിയ സ്നേഹത്തെയും പിന്തുണയെയും വളരെ വിലമതിപ്പോടെ സ്മരിക്കുന്നു. 25 വർഷം പുറത്താക്കപ്പെട്ടിരുന്ന ഒരു സഹോദരൻ ഇങ്ങനെ പറയുന്നു: “സഭയിലേക്ക് പുനഃസ്ഥിതീകരിക്കപ്പെട്ടതുമുതൽ യഹോവയിൽനിന്നുള്ള ‘ഉന്മേഷകാലങ്ങൾ’ ഞാൻ ആസ്വദിക്കുന്നു. എന്റെ സന്തോഷം ഒന്നിനൊന്ന് വർധിച്ചുവന്നിരിക്കുന്നു. (പ്രവൃ. 3:19) അത്ര വലിയ സ്നേഹവും പിന്തുണയുമാണ് എല്ലാവരും എനിക്ക് നൽകുന്നത്! എന്റെ ആത്മീയ കുടുംബത്തെ എനിക്ക് തിരിച്ചുകിട്ടിയിരിക്കുന്നു.” അഞ്ചു വർഷക്കാലം യഹോവയിൽനിന്ന് അന്യപ്പെട്ടു കഴിഞ്ഞ ഒരു യുവസഹോദരി തന്റെ മടങ്ങിവരവിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “യേശു പറഞ്ഞ ആ സ്നേഹം എന്റെ സഹോദരങ്ങൾ എനിക്കു തന്നു. അതു വർണിക്കാൻ എനിക്കു വാക്കുകൾ പോരാ. യഹോവയുടെ സംഘടനയുടെ ഭാഗമായിരിക്കുന്നത് എത്ര വിലതീരാത്ത ഒരു പദവിയാണ്!”
17, 18. (എ) നാം പരിചിന്തിച്ച മൂന്നു ദൃഷ്ടാന്തങ്ങൾ എന്തെല്ലാം പ്രായോഗിക പാഠങ്ങൾ നമുക്ക് പകർന്നുനൽകുന്നു? (ബി) നമുക്ക് എന്തിനായി തീരുമാനിച്ചുറയ്ക്കാം?
17 ഈ മൂന്നു ദൃഷ്ടാന്തങ്ങൾ എന്തെല്ലാം പ്രായോഗിക പാഠങ്ങളാണ് നമുക്ക് നൽകിയത്? ഒന്നാമതായി, ബൈബിൾ വിദ്യാർഥിയുടെ ഉള്ളിൽനടക്കുന്ന ആത്മീയവളർച്ചയിൽ നമുക്ക് യാതൊരു നിയന്ത്രണവും ഇല്ലെന്ന് നാം അംഗീകരിക്കേണ്ടതുണ്ട്. അത് നിയന്ത്രിക്കുന്നത് യഹോവയാണ്. രണ്ടാമതായി, നമ്മോടൊപ്പം സഹവസിക്കുകയും ബൈബിൾ പഠിക്കുകയും ചെയ്യുന്ന എല്ലാവരും സത്യത്തിനുവേണ്ടി നിലപാടു സ്വീകരിക്കും എന്ന് പ്രതീക്ഷിക്കുന്നത് യാഥാർഥ്യത്തിനു നിരക്കുന്നതല്ല. മൂന്നാമതായി, ചിലർ യഹോവയ്ക്ക് പുറംതിരിഞ്ഞ് സത്യം വിട്ടുപോയേക്കാമെങ്കിലും അവർ തിരികെ വരുമെന്ന പ്രതീക്ഷ നാം ഒരിക്കലും കൈവിടരുത്. ഇനി, അവർ മടങ്ങിവരുന്നപക്ഷം യഹോവയെ അനുകരിച്ചുകൊണ്ട് ഇരുകൈയും നീട്ടി നമുക്ക് അവരെ തിരികെ സ്വാഗതംചെയ്യാം.
18 നമുക്ക് ഓരോരുത്തർക്കും പരിജ്ഞാനവും ബോധവും ജ്ഞാനവും തേടുന്നതിൽ തുടരാം. യേശുവിന്റെ ദൃഷ്ടാന്തങ്ങൾ വായിക്കുമ്പോൾ ഇങ്ങനെ ചോദിക്കുക: എന്താണ് അവയുടെ പൊരുൾ? എന്തിനാണ് ബൈബിളിൽ അത് രേഖപ്പെടുത്തിയിരിക്കുന്നത്? അവ നൽകുന്ന പാഠങ്ങൾ എങ്ങനെ ബാധകമാക്കാം? യഹോവയെയും യേശുവിനെയും കുറിച്ച് അവ നമ്മെ എന്തു പഠിപ്പിക്കുന്നു? അങ്ങനെ ചെയ്തുകൊണ്ട്, യേശുവിന്റെ വാക്കുകളുടെ അർഥം നാം യഥാർഥമായും ഗ്രഹിക്കുന്നുവെന്ന് നമുക്ക് തെളിയിക്കാം.