ഭരണസംഘം, വിവിധ കമ്മിറ്റികളുടെ ചുമതലകൾ നിർവഹിക്കാൻ സഹായത്തിനായി പരിചയസമ്പന്നരായ, പക്വതയുള്ള ക്രിസ്തീയമൂപ്പന്മാരെ 1992 മുതൽ നിയമിച്ചുവരുന്നു.* ‘വേറെ ആടുകളിൽപ്പെട്ട’ ഈ സഹായികൾ ഭരണസംഘത്തിന് വിലയേറിയ പിന്തുണയാണ് നൽകുന്നത്. (യോഹ. 10:16) അവർ തങ്ങളെ നിയമിച്ചിരിക്കുന്ന കമ്മിറ്റികളുടെ ആഴ്ചതോറുമുള്ള യോഗത്തിൽ പങ്കെടുക്കുന്നു. അവർ യോഗത്തിന് ആവശ്യമായ പശ്ചാത്തലവിവരങ്ങൾ നൽകുകയും അഭിപ്രായങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്യുന്നു. ഈ സഹായികൾ കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കുകയും തങ്ങൾക്ക് ലഭിക്കുന്ന ഏതൊരു നിയമനവും നിറവേറ്റുകയും ചെയ്യുന്നു. എന്നാൽ അന്തിമതീരുമാനമെടുക്കുന്നത് ഭരണസംഘമായിരിക്കും. സഹായികളായ ഇവർ പ്രത്യേക-അന്താരാഷ്ട്ര കൺവെൻഷനുകളിൽ ഭരണസംഘാംഗങ്ങളോടൊപ്പം പോകാറുണ്ട്. കൂടാതെ, ലോകാസ്ഥാനപ്രതിനിധികളെന്ന നിലയിൽ ബ്രാഞ്ചോഫീസുകൾ സന്ദർശിക്കാനുള്ള നിയമനവും ഇവർക്ക് നൽകാറുണ്ട്.
ഈ ക്രമീകരണം നിലവിൽവന്ന അന്നുമുതൽ സഹായിയായി സേവിക്കുന്ന ഒരു സഹോദരൻ ഇങ്ങനെ പറയുന്നു: “എന്റെ നിയമിത ഉത്തരവാദിത്വങ്ങൾ ഞാൻ നിറവേറ്റുമ്പോൾ ഭരണസംഘത്തിന് ആത്മീയകാര്യങ്ങളിൽ പൂർണമായി ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയും.” സഹായിയെന്ന നിലയിൽ രണ്ടു പതിറ്റാണ്ടുകാലത്തെ സേവനത്തിലേക്ക് തിരിഞ്ഞുനോക്കിക്കൊണ്ട് മറ്റൊരു സഹോദരൻ ഇങ്ങനെ പറഞ്ഞു: “എനിക്ക് പ്രതീക്ഷിക്കാൻ കഴിയുന്നതിനെക്കാളും അപ്പുറമുള്ള ഒരു പദവിയായിരുന്നു അത്!”
ഭരണസംഘം ഈ സഹായികളിൽ വളരെയധികം വിശ്വാസം അർപ്പിക്കുന്നു. കഠിനാധ്വാനികളും വിശ്വസ്തരുമായ ഈ സഹോദരങ്ങൾ നിർവഹിക്കുന്ന നല്ല വേലയെ വിലമതിക്കുകയും ചെയ്യുന്നു. നമുക്ക് എല്ലാവർക്കും ‘ഇങ്ങനെയുള്ളവരെ ആദരിക്കാം.’—ഫിലി. 2:29.
^ ഖ. 2 ഭരണസംഘത്തിന്റെ ആറു കമ്മിറ്റികൾ വഹിക്കുന്ന ഉത്തരവാദിത്വങ്ങളെക്കുറിച്ചുള്ള ഒരു ഹ്രസ്വവിവരണത്തിനായി “ദൈവരാജ്യത്തെക്കുറിച്ച് സമഗ്രസാക്ഷ്യം” നൽകുക! എന്ന പുസ്തകത്തിന്റെ 14-ാം അധ്യായത്തിലെ “ഇന്ന് ഭരണസംഘം സംഘടിതമായിരിക്കുന്ന വിധം” എന്ന ചതുരം കാണുക.