വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്താണ്‌ ദൈവരാജ്യം?

എന്താണ്‌ ദൈവരാജ്യം?

എന്താണ്‌ ദൈവരാജ്യം?

യേശുവിന്റെ പ്രസംഗത്തിന്റെ വിഷയമെന്തായിരുന്നു? യേശുവിന്റെതന്നെ വാക്കുകളിൽ പറഞ്ഞാൽ, ദൈവരാജ്യം. (ലൂക്കൊസ്‌ 4:43) ആ പ്രസംഗം ശ്രദ്ധിച്ചവർ ഈ വിഷയത്തെക്കുറിച്ചു ധാരാളം കേട്ടിട്ടുണ്ടായിരുന്നു എന്നുറപ്പ്‌. ദൈവരാജ്യത്തെക്കുറിച്ചുള്ള പരാമർശം അവരെ ആശയക്കുഴപ്പത്തിലാക്കിയോ? ദൈവരാജ്യമെന്നാൽ എന്താണെന്ന്‌ അവർ യേശുവിനോടു ചോദിച്ചോ? ഇല്ല. അത്തരം ചോദ്യങ്ങളെക്കുറിച്ച്‌ സുവിശേഷങ്ങളിൽ യാതൊരു സൂചനയുമില്ല. അങ്ങനെയെങ്കിൽ ദൈവരാജ്യമെന്നത്‌ അവർക്കു പരിചിതമായ ഒരു ആശയമായിരുന്നോ?

ജൂതന്മാർ വിശുദ്ധമെന്നു കരുതിപ്പോന്നിരുന്ന പുരാതന തിരുവെഴുത്തുകളിൽ, ദൈവരാജ്യം എന്താണെന്നും എന്തു ലക്ഷ്യം കൈവരിക്കുമെന്നും വ്യക്തവും സ്‌പഷ്ടവുമായ ഭാഷയിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌ എന്നതാണു വസ്‌തുത. ദൈവരാജ്യത്തെക്കുറിച്ചു മനസ്സിലാക്കാൻ ഇന്നു നമുക്കും സാധിക്കും, ജൂതന്മാരെക്കാളേറെ. എങ്ങനെയാണെന്നല്ലേ? ബൈബിളിലൂടെ. ദൈവരാജ്യത്തെക്കുറിച്ച്‌ ബൈബിൾ പഠിപ്പിക്കുന്ന ഏഴു വസ്‌തുതകളാണ്‌ നാം തുടർന്നു ശ്രദ്ധിക്കുന്നത്‌. ആദ്യത്തെ മൂന്നെണ്ണം യേശുവിന്റെ നാളിലും അതിനുമുമ്പുമുള്ള ജൂതന്മാർക്ക്‌ അറിവുള്ളതായിരുന്നു. അതേത്തുടർന്നുള്ള മൂന്നെണ്ണം ഒന്നാം നൂറ്റാണ്ടിൽ ക്രിസ്‌തുവോ അപ്പൊസ്‌തലന്മാരോ വെളിപ്പെടുത്തിയതാണ്‌. അവസാനത്തേതു വെളിപ്പെട്ടത്‌ നമ്മുടെ നാളിലും.

1. ദൈവരാജ്യം ഒരു യഥാർഥ ഭരണകൂടമാണ്‌; ശാശ്വതമായ ഒന്ന്‌. വിശ്വസ്‌തരായ മനുഷ്യർക്കായി ദൈവം ഒരു രക്ഷകനെ അയയ്‌ക്കുമെന്ന്‌ ബൈബിളിലെ ഒന്നാമത്തെ പ്രവചനം സൂചിപ്പിച്ചു. “സന്തതി” എന്നു വിളിക്കപ്പെട്ട ആ രക്ഷകൻ ആദാമിന്റെയും ഹവ്വായുടെയും സാത്താന്റെയും മത്സരത്തിന്റെ ഭയാനകമായ ഭവിഷ്യത്തുകൾ ഇല്ലായ്‌മചെയ്യും. (ഉല്‌പത്തി 3:15) ഏറെ വർഷങ്ങൾക്കുശേഷം വിശ്വസ്‌ത രാജാവായ ദാവീദിന്‌ ഈ “സന്തതി”യെ, അതായത്‌ മിശിഹയെ, സംബന്ധിച്ച ആവേശജനകമായ ചില വിശദാംശങ്ങൾ ലഭിച്ചു. അവൻ ഒരു രാജ്യത്തിന്റെ അധിപനാകുമായിരുന്നു. മറ്റെല്ലാ ഗവൺമെന്റുകളിൽനിന്നും വ്യത്യസ്‌തമായി ഈ ഗവൺമെന്റ്‌ എന്നും നിലനിൽക്കുമായിരുന്നു.—2 ശമൂവേൽ 7:12-14.

2. ദൈവരാജ്യം സകല മാനുഷഭരണങ്ങൾക്കും വിരാമമിടും. ഇക്കാലംവരെയുള്ള ലോകശക്തികളുടെ ഒരു പരമ്പര ദാനീയേൽ പ്രവാചകൻ ദർശനത്തിൽ കാണുകയുണ്ടായി. ആ ദർശനത്തിന്റെ ആവേശജനകമായ പാരമ്യം ശ്രദ്ധിക്കുക: “[അവസാനത്തെ] ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്‌പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനില്‌ക്കയും ചെയ്യും.” അതേ, ലോകത്തിലെ സകല ഭരണാധിപത്യങ്ങളും എന്നേക്കുമായി നശിപ്പിക്കപ്പെടും—ഒപ്പം യുദ്ധങ്ങളും അടിച്ചമർത്തലുകളും അഴിമതിയും. ദൈവരാജ്യം, താമസിയാതെ ഭൂമിയുടെ ഭരണം ഏറ്റെടുക്കുമെന്ന്‌ ദാനീയേൽ പ്രവചനം പറയുന്നു. (ദാനീയേൽ 2:44, 45) ദൈവരാജ്യം ഒരു യഥാർഥ ഭരണകൂടമാണ്‌; ഭൂമിയിൽ ആ ഒരു ഭരണകൂടം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. *

3. ദൈവരാജ്യം യുദ്ധങ്ങളും രോഗങ്ങളും ഭക്ഷ്യക്ഷാമവും എന്തിന്‌ മരണംപോലും ഇല്ലാതാക്കും. ദൈവരാജ്യം ഭൂമിയിൽ എന്തു മാറ്റങ്ങൾ വരുത്തുമെന്ന്‌ ബൈബിൾ പ്രവചനങ്ങൾ വ്യക്തമാക്കുന്നു. മാനുഷഭരണം ഒരിക്കലും ചെയ്‌തിട്ടില്ലാത്തതും ഇനിയൊരിക്കലും ചെയ്യുകയില്ലാത്തതുമായ കാര്യങ്ങൾ ആ ഭരണകൂടം നിവർത്തിക്കും. യുദ്ധായുധങ്ങൾ ഒഴിഞ്ഞ ഒരു കാലം സങ്കൽപ്പിച്ചുനോക്കൂ! ‘അവൻ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിർത്തൽചെയ്യും.’ (സങ്കീർത്തനം 46:9) ഡോക്ടർമാർ ഉണ്ടായിരിക്കുകയില്ല; ആശുപത്രികളോ രോഗങ്ങളോ ഇല്ല. “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല.” (യെശയ്യാവു 33:24) ഭക്ഷ്യക്ഷാമവും വികലപോഷണവും ദാരിദ്ര്യവും പട്ടിണിയുമെല്ലാം പഴങ്കഥയായിമാറും. “ദേശത്തു . . . ധാന്യസമൃദ്ധിയുണ്ടാകും.” (സങ്കീർത്തനം 72:16) ശവസംസ്‌കാരങ്ങളോ സെമിത്തേരികളോ മോർച്ചറികളോ മരണത്തിന്റെ ചുവടുപിടിച്ചെത്തുന്ന മറ്റു ക്ലേശങ്ങളോ ഉണ്ടായിരിക്കുകയില്ല. ഒടുവിൽ, മനുഷ്യന്റെ നിത്യശത്രുവായ മരണം നീങ്ങിപ്പോകും. ദൈവം “മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കർത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീർ തുടെക്കയും . . . ചെയ്യും.”—യെശയ്യാവു 25:8.

4. ദൈവരാജ്യത്തിന്റെ രാജാവിനെ തെരഞ്ഞെടുത്തിരിക്കുന്നത്‌ ദൈവമാണ്‌. മിശിഹ സ്വയം രാജാവായിത്തീർന്നതല്ല; അപൂർണമനുഷ്യരാൽ തെരഞ്ഞെടുക്കപ്പെട്ടതുമല്ല. യഹോവയാം ദൈവം നേരിട്ടു തെരഞ്ഞെടുത്തതാണ്‌ യേശുവിനെ. മിശിഹ, ക്രിസ്‌തു എന്നീ സ്ഥാനപ്പേരുകൾതന്നെ അതാണു സൂചിപ്പിക്കുന്നത്‌. രണ്ടിന്റെയും അർഥം “അഭിഷിക്തൻ” എന്നാണ്‌. അതുകൊണ്ട്‌ ഒരു പ്രത്യേക സ്ഥാനത്തിനായി യഹോവ അഭിഷേകം ചെയ്‌തതാണ്‌ അഥവാ നിയമിച്ചതാണ്‌ ഈ രാജാവിനെ. അവനെക്കുറിച്ചു ദൈവം പറയുന്നു: “ഇതാ, ഞാൻ താങ്ങുന്ന എന്റെ ദാസൻ; എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ വൃതൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെ മേൽ വെച്ചിരിക്കുന്നു; അവൻ ജാതികളോടു ന്യായം പ്രസ്‌താവിക്കും.” (യെശയ്യാവു 42:1; മത്തായി 12:17, 18) നമുക്ക്‌ എങ്ങനെയുള്ള ഭരണാധികാരിയെയാണ്‌ വേണ്ടതെന്ന്‌ സ്രഷ്ടാവിനെക്കാൾ നന്നായി അറിയാവുന്ന ആരാണുള്ളത്‌?

5. ദൈവരാജ്യത്തിന്റെ ഭരണാധികാരി മുഴു മാനവരാശിയുടെയും മുമ്പാകെ തന്റെ യോഗ്യത തെളിയിച്ചിരിക്കുന്നു. വാഗ്‌ദത്ത മിശിഹ നസറെത്തിലെ യേശുവാണെന്ന്‌ വ്യക്തമായി. ദൈവം തെരഞ്ഞെടുത്ത വംശാവലിയിലാണ്‌ അവൻ ജനിച്ചത്‌. (ഉല്‌പത്തി 22:18; 1 ദിനവൃത്താന്തം 17:11; മത്തായി 1:1) മിശിഹയെ സംബന്ധിച്ച്‌ നൂറ്റാണ്ടുകൾക്കുമുമ്പ്‌ രേഖപ്പെടുത്തിവെച്ചിരുന്ന നിരവധി പ്രവചനങ്ങൾ ഭൂമിയിലായിരിക്കെ യേശുവിൽ നിറവേറി. യേശു മിശിഹയാണെന്നതിന്‌ സ്വർഗത്തിൽനിന്നും ഉറപ്പുലഭിച്ചു. എങ്ങനെ? യേശു തന്റെ സ്വന്തം പുത്രനാണെന്ന്‌ ദൈവംതന്നെ സ്വർഗത്തിൽനിന്നു പ്രഖ്യാപിച്ചു; വാഗ്‌ദത്ത മിശിഹ യേശുവാണെന്ന്‌ ദൂതന്മാരും സാക്ഷ്യപ്പെടുത്തി. ദൈവത്തിന്റെ ശക്തിയാൽ യേശു അത്ഭുതങ്ങൾ ചെയ്‌തു, അതും മിക്കപ്പോഴും നൂറുകണക്കിനോ ആയിരക്കണക്കിനോ ആളുകളുടെ മുമ്പാകെ. * താൻ എങ്ങനെയുള്ള ഒരു ഭരണാധികാരിയായിരിക്കുമെന്നതിന്‌ യേശു പലതവണ തെളിവുനൽകി. മറ്റുള്ളവരെ സഹായിക്കാനുള്ള ശക്തി മാത്രമല്ല ആഗ്രഹവും ഉണ്ടായിരുന്നു യേശുവിന്‌. (മത്തായി 8:1-3) നിസ്സ്വാർഥനും കരുണാമയനും ധീരനും എളിമയുള്ളവനുമായിരുന്നു അവൻ. ഭൂമിയിലെ അവന്റെ ജീവിതത്തെക്കുറിച്ച്‌ നമുക്കു ബൈബിളിൽനിന്ന്‌ വായിച്ചു മനസ്സിലാക്കാവുന്നതാണ്‌.

6. ദൈവരാജ്യത്തിന്‌ യേശുവിനോടൊപ്പം 1,44,000 ഭരണാധികാരികളുണ്ട്‌. അപ്പൊസ്‌തലന്മാർ ഉൾപ്പെടെ മറ്റുള്ളവരും സ്വർഗത്തിൽ ഭരണം നടത്തുമെന്ന്‌ യേശു പറയുകയുണ്ടായി. യേശു ഇവരെ ‘ചെറിയ ആട്ടിൻകൂട്ടം’ എന്നാണു വിളിച്ചത്‌. (ലൂക്കൊസ്‌ 12:32) 1,44,000 പേർ അടങ്ങുന്നതാണ്‌ ഈ ചെറിയ കൂട്ടമെന്ന്‌ പിന്നീട്‌ യോഹന്നാൻ പറയുകയുണ്ടായി. സ്വർഗത്തിൽ ക്രിസ്‌തുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരുമായി വാഴുകയെന്ന മഹത്തായൊരു നിയോഗമാണ്‌ അവർക്കുള്ളത്‌.—വെളിപ്പാടു 5:9, 10; 14:1, 3.

7. ഇപ്പോൾ സ്വർഗത്തിൽ ഭരണം നടത്തിക്കൊണ്ടിരിക്കുന്ന ദൈവരാജ്യം പെട്ടെന്നുതന്നെ ഭൂമിയുടെ ഭരണം ഏറ്റെടുക്കും. നമ്മെ സംബന്ധിച്ചിടത്തോളം ഏറ്റവും മഹത്തായ സത്യങ്ങളിൽ ഒന്നാണിത്‌. യേശുവിന്‌ സ്വർഗത്തിൽ രാജ്യാധികാരം ലഭിച്ചു എന്നതിന്‌ ധാരാളം തെളിവുകൾ ബൈബിളിലുണ്ട്‌. ഇന്നിപ്പോൾ യേശു അവിടെ ഭരിച്ചുകൊണ്ടിരിക്കുകയാണ്‌. നമ്മുടെ ഈ നാളുകളിൽ, പെട്ടെന്നുതന്നെ ഭൂമിയിലേക്ക്‌ തന്റെ ഭരണം വ്യാപിപ്പിക്കുകയും നാം ഇതിനോടകം പരിചിന്തിച്ച ഉത്‌കൃഷ്ടമായ പ്രവചനങ്ങൾ സാക്ഷാത്‌കരിക്കുകയും ചെയ്യും. എന്നാൽ ദൈവരാജ്യം ഭരണം ആരംഭിച്ചുകഴിഞ്ഞു എന്നതിന്‌ എന്താണുറപ്പ്‌? എപ്പോഴായിരിക്കും അത്‌ ഭൂമിയുടെ ഭരണം ഏറ്റെടുക്കുക?

[അടിക്കുറിപ്പുകൾ]

^ ഖ. 5 അനേകരും മനസ്സിലാക്കിയിരിക്കുന്നതുപോലെ, ദൈവരാജ്യം ഹൃദയത്തിലെ ഒരവസ്ഥയല്ലെന്ന്‌ ഇതുപോലുള്ള പ്രവചനങ്ങൾ വ്യക്തമാക്കുന്നു. 13-ാം പേജിലെ “വായനക്കാർ ചോദിക്കുന്നു” എന്ന ലേഖനം കാണുക.

^ ഖ. 8 ഉദാഹരണത്തിന്‌, മത്തായി 3:17; ലൂക്കൊസ്‌ 2:10-14; യോഹന്നാൻ 6:5-14 എന്നിവ കാണുക.