വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാർക്ക്‌

ഞങ്ങളുടെ വായനക്കാർക്ക്‌

ഞങ്ങളുടെ വായനക്കാർക്ക്‌

ഈ ലക്കംമുതൽ വീക്ഷാഗോപുരത്തിന്റെ ഘടനയിൽ ചില മാറ്റങ്ങൾ വരുത്തിയിരിക്കുന്ന വിവരം നിങ്ങളെ അറിയിക്കുന്നതിൽ ഞങ്ങൾക്കു സന്തോഷമുണ്ട്‌. മാറ്റങ്ങൾ എന്തായിരിക്കുമെന്നു വിശദീകരിക്കുന്നതിനുമുമ്പ്‌, ഏതെല്ലാം കാര്യങ്ങൾ അതേപടി തുടരുമെന്നു പറയട്ടെ.

വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന അതിന്റെ പേരിനു യാതൊരു മാറ്റവുമില്ല. അതുകൊണ്ട്‌ വീക്ഷാഗോപുരം തുടർന്നും, സത്യദൈവമെന്ന നിലയിൽ യഹോവയെ മഹത്ത്വപ്പെടുത്തുകയും അവന്റെ രാജ്യത്തിന്റെ സുവാർത്തയാൽ വായനക്കാരെ ആശ്വസിപ്പിക്കുകയും ചെയ്യും. ആ രാജ്യം എന്താണെന്നും എപ്പോൾ വരുമെന്നും ഈ ലക്കത്തിന്റെ 5 മുതൽ 9 വരെയുള്ള പേജുകൾ വ്യക്തമാക്കുന്നു. കൂടാതെ കഴിഞ്ഞ പതിറ്റാണ്ടുകളിൽ ചെയ്‌തുവന്നതുപോലെ, യേശുക്രിസ്‌തുവിൽ വിശ്വസിക്കാൻ ഈ മാസിക വായനക്കാരെ പ്രചോദിപ്പിക്കുകയും തിരുവെഴുത്തുസത്യം ഉയർത്തിപ്പിടിക്കുകയും ബൈബിൾ പ്രവചനങ്ങളുടെ വെളിച്ചത്തിൽ ലോകസംഭവങ്ങളുടെ അർഥം വിശദീകരിക്കുകയും ചെയ്യും.

ഇനി, മാറ്റങ്ങൾ എന്തൊക്കെയാണ്‌? ഈ മാസികയുടെ മലയാളത്തിലുള്ള ത്രൈമാസ പതിപ്പിൽ പ്രത്യക്ഷപ്പെടുന്ന ഉദ്വേഗജനകമായ ചില പുതിയ സവിശേഷതകൾ ശ്രദ്ധിക്കാം. *

ചിന്തോദ്ദീപകമായ പല ലേഖനങ്ങളും ഈ പതിപ്പിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. “നിങ്ങൾക്ക്‌ അറിയാമോ?” എന്ന പംക്തി വ്യത്യസ്‌ത ബൈബിൾ വിവരണങ്ങളുടെ രസകരമായ പശ്ചാത്തലവിവരം പ്രദാനംചെയ്യും. വ്യത്യസ്‌ത ബൈബിൾഭാഗങ്ങളിൽനിന്ന്‌ യഹോവയെക്കുറിച്ച്‌ എന്തു പഠിക്കാനാകുമെന്ന്‌ “ദൈവത്തോട്‌ അടുത്തുചെല്ലുക” എന്ന പരമ്പര വ്യക്തമാക്കും. ബൈബിൾ സംബന്ധമായി പലരും ചോദിക്കുന്ന ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്‌ “വായനക്കാർ ചോദിക്കുന്നു” എന്ന പംക്തിയിലുള്ളത്‌. ഉദാഹരണത്തിന്‌, ‘ദൈവരാജ്യം മനുഷ്യന്റെ ഹൃദയത്തിലാണോ?’ എന്ന്‌ അനേകരും ചോദിക്കാറുണ്ട്‌. അതിനുള്ള ഉത്തരം ഈ ലക്കത്തിന്റെ 13-ാം പേജിൽ കാണാം.

കുടുംബങ്ങൾക്കായുള്ള പംക്തികളും ഉണ്ടായിരിക്കും. “കുടുംബസന്തുഷ്ടിയുടെ രഹസ്യം,” സാധാരണയുണ്ടാകുന്ന കുടുംബപ്രശ്‌നങ്ങൾ അവതരിപ്പിക്കുകയും അവ പരിഹരിക്കാൻ ബൈബിൾതത്ത്വങ്ങൾക്ക്‌ എങ്ങനെ കഴിയുമെന്നു കാണിച്ചുതരുകയും ചെയ്യുന്നു. “മക്കളെ പഠിപ്പിക്കാൻ” എന്ന ഭാഗം മാതാപിതാക്കൾ കുട്ടികളോടൊപ്പമിരുന്നു വായിക്കാനുള്ളതാണ്‌. “നമ്മുടെ യുവജനങ്ങൾക്ക്‌” എന്നത്‌ യുവജനങ്ങളെ ഉദ്ദേശിച്ചുള്ള ബൈബിൾപഠന പരമ്പരയാണ്‌.

ഇവ കൂടാതെ മറ്റുചില സവിശേഷതകളും പ്രതീക്ഷിക്കാം. “അവരുടെ വിശ്വാസം അനുകരിക്കുക” എന്ന ലേഖനം ബൈബിൾ കഥാപാത്രങ്ങളെ അനുകരിക്കാൻ നമ്മെ പ്രോത്സാഹിപ്പിക്കും. ഉദാഹരണത്തിന്‌, ഈ ലക്കത്തിന്റെ 18 മുതൽ 21 വരെയുള്ള പേജുകളിൽ ഏലിയാ പ്രവാചകനെക്കുറിച്ചുള്ള ഹൃദയസ്‌പർശിയായ ഒരു വിവരണം വായിക്കാനാകും, നമുക്ക്‌ എങ്ങനെ അവന്റെ വിശ്വാസം പകർത്താമെന്നും നാം പഠിക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മിഷനറിമാരും മറ്റുള്ളവരും അയയ്‌ക്കുന്ന കത്താണ്‌ “സ്‌നേഹപൂർവം . . . .” മറ്റൊരു സവിശേഷതയാണ്‌ “യേശുവിൽനിന്നു പഠിക്കുക” എന്ന പംക്തി. അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകളുടെ ലളിതമായ ഒരു ആവിഷ്‌കാരമാണിത്‌.

ബൈബിളിനെ ആദരിക്കുകയും അത്‌ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നുവെന്നു മനസ്സിലാക്കാൻ ആഗ്രഹിക്കുകയും ചെയ്യുന്ന സകലർക്കും വീക്ഷാഗോപുരം തുടർന്നും ആകർഷകമായിരിക്കുമെന്ന്‌ ഞങ്ങൾക്ക്‌ ഉറപ്പുണ്ട്‌. ഈ പത്രിക ബൈബിൾസത്യത്തിനായുള്ള നിങ്ങളുടെ അഭിവാഞ്‌ഛ തൃപ്‌തിപ്പെടുത്തുമെന്ന്‌ ഞങ്ങൾ പ്രത്യാശിക്കുന്നു.

പ്രസാധകർ

[അടിക്കുറിപ്പ്‌]

^ ഖ. 4 ഇനിമുതൽ വീക്ഷാഗോപുരം രണ്ടു വിഭിന്ന പതിപ്പുകളായി പുറത്തിറങ്ങും. ത്രൈമാസ പതിപ്പ്‌ ഏവർക്കും ലഭ്യമായിരിക്കും. 15-ാം തീയതിയിലെ പതിപ്പ്‌ യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങളിൽ ചർച്ചചെയ്യുന്ന അധ്യയന പതിപ്പായിരിക്കും. ഈ യോഗങ്ങളിലേക്ക്‌ ഏവർക്കും സ്വാഗതമുണ്ട്‌.