ദൈവരാജ്യം നിങ്ങളുടെ ഹൃദയത്തിലാണോ?
വായനക്കാർ ചോദിക്കുന്നു
ദൈവരാജ്യം നിങ്ങളുടെ ഹൃദയത്തിലാണോ?
ആണെന്നാണ് പലരും വിശ്വസിക്കുന്നത്. ഉദാഹരണത്തിന്, ദ കാത്തലിക് എൻസൈക്ലോപീഡിയ തറപ്പിച്ചുപറയുന്നു: “ദൈവരാജ്യം എന്നതിനർഥം നമ്മുടെ ഹൃദയങ്ങളിലുള്ള ദൈവത്തിന്റെ ഭരണം എന്നാണ്.” ഈ ആശയമാണ് പുരോഹിതന്മാർ പൊതുവേ പഠിപ്പിക്കുന്നതും. ദൈവരാജ്യം ഹൃദയത്തിലാണെന്നു ബൈബിൾ യഥാർഥത്തിൽ പഠിപ്പിക്കുന്നുണ്ടോ?
ദൈവരാജ്യം ഹൃദയത്തിലാണെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് യേശുതന്നെയാണെന്നാണു ചിലർ വിചാരിക്കുന്നത്. “ഇതാ . . . ദൈവരാജ്യം നിങ്ങളുടെ ഇടയിൽ തന്നേ ഉണ്ടല്ലോ” എന്ന് യേശു പറഞ്ഞുവെന്നതു സത്യംതന്നെ. (ലൂക്കൊസ് 17:21) ചില ബൈബിളുകളിൽ അത് “ദൈവരാജ്യം നിങ്ങളുടെ ഉള്ളിൽ ആകുന്നു” എന്നാണ്. യേശുവിന്റെ വാക്കുകളുടെ കൃത്യമായ വിവർത്തനമാണോ അത്? ദൈവരാജ്യം മനുഷ്യഹൃദയങ്ങളിലാണെന്ന് യേശു അർഥമാക്കിയോ?
ആദ്യംതന്നെ, മനുഷ്യഹൃദയം എന്താണെന്നു നോക്കാം. ആന്തരിക വ്യക്തി, ഒരു വ്യക്തിയുടെ ചിന്തകളുടെയും മനോഭാവങ്ങളുടെയും വികാരങ്ങളുടെയും ഉത്ഭവസ്ഥാനം എന്നീ അർഥങ്ങളാണ് ബൈബിൾ പ്രതീകാത്മക ഹൃദയത്തിനു നൽകുന്നത്. ദൈവരാജ്യത്തെപ്പോലെ ശ്രേഷ്ഠമായൊരു സംഗതി മനുഷ്യന്റെ ഹൃദയത്തിൽ വസിക്കുന്നുവെന്ന ആശയം—ദൈവരാജ്യം ആളുകളിൽ മാറ്റം വരുത്തുകയും അവരെ നല്ലവരാക്കുകയും ചെയ്യുന്നു എന്നതായിരിക്കാം ഈ ആശയത്തിന് അടിസ്ഥാനമായിരിക്കുന്ന ഒരു സംഗതി—വളരെ നല്ലതാണെന്നു തോന്നിയേക്കാം. എന്നാൽ അതു യുക്തിക്കു നിരക്കുന്നതാണോ?
ബൈബിൾ പറയുന്നു: “ഹൃദയം എല്ലാറ്റിനെക്കാളും കപടവും വിഷമവുമുള്ളത്.” (യിരെമ്യാവു 17:9) “അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നുതന്നേ, . . . വ്യഭിചാരം, പരസംഗം, കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത . . . എന്നിവ പുറപ്പെടുന്നു” എന്ന് യേശുതന്നെ പ്രസ്താവിക്കുകയുണ്ടായി. (മർക്കൊസ് 7:20-22) ഇതു ചിന്തിക്കുക: നാമിന്നു കാണുന്ന ദുരിതങ്ങളുടെയും അക്രമങ്ങളുടെയും മരണങ്ങളുടെയും കാരണം മിക്കപ്പോഴും മനുഷ്യന്റെ പാപപൂർണമായ ഹൃദയാവസ്ഥയാണെന്നു പറയാനാവില്ലേ? ആ സ്ഥിതിക്ക്, പൂർണതയുള്ള ദൈവരാജ്യം അത്തരമൊരു ഉറവിൽനിന്ന് എങ്ങനെവരും? ദൈവരാജ്യം ഒരിക്കലും മനുഷ്യഹൃദയത്തിൽനിന്ന് ഉണ്ടാകില്ല; ഞെരിഞ്ഞിലുകളിൽ അത്തിപ്പഴം കായ്ക്കാത്തതുപോലെതന്നെ.—മത്തായി 7:16.
രണ്ടാമതായി, ലൂക്കൊസ് 17:21-ലെ പ്രസ്താവന നടത്തിയപ്പോൾ യേശു അഭിസംബോധന ചെയ്തത് ആരെയാണെന്നു ശ്രദ്ധിക്കുക. “ദൈവരാജ്യം എപ്പോൾ വരുന്നു എന്നു പരീശന്മാർ ചോദിച്ചതിന്നു . . . അവൻ ഉത്തരം പറഞ്ഞു” എന്ന് തൊട്ടുമുമ്പുള്ള വാക്യങ്ങളിൽ നാം വായിക്കുന്നു. (ലൂക്കൊസ് 17:20, 21) യേശുവിന്റെ ശത്രുക്കളായിരുന്നു പരീശന്മാർ. ആ കപടഭക്തിക്കാർ ദൈവരാജ്യത്തിൽ പ്രവേശിക്കുകയില്ലെന്ന് യേശു പ്രസ്താവിച്ചു. (മത്തായി 23:13) ദൈവരാജ്യത്തിൽ കടക്കുകയില്ലാത്ത പരീശന്മാരുടെ ഹൃദയത്തിൽ ദൈവരാജ്യം എങ്ങനെയുണ്ടാകും? അസാധ്യംതന്നെ! അങ്ങനെയെങ്കിൽ യേശു എന്താണ് ഉദ്ദേശിച്ചത്?
ചില ബൈബിളുകൾ സത്യവേദപുസ്തകത്തിലേതുപോലെ യേശുവിന്റെ വാക്കുകൾ ശരിയായിത്തന്നെ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ദൈവരാജ്യം പരീശന്മാർ ഉൾപ്പെടെയുള്ള ഒരു ജനസമൂഹത്തിനിടയിലായിരുന്നു എന്നത് എങ്ങനെ ശരിയാകും? ദൈവരാജ്യത്തിന്റെ രാജാവായി ദൈവം നിയമിച്ചിരിക്കുന്നത് യേശുവിനെയാണല്ലോ. ആ രാജാവ് അവരുടെ ഇടയിൽത്തന്നെ ഉണ്ടായിരുന്നു. അവൻ ദൈവരാജ്യത്തെക്കുറിച്ചു പഠിപ്പിച്ചു; ആ രാജ്യം ഭാവിയിൽ എന്തു കൈവരിക്കും എന്നതിന്റെ സൂചനയായി അത്ഭുതങ്ങൾ പ്രവർത്തിക്കുകപോലും ചെയ്തു. അങ്ങനെ നോക്കുമ്പോൾ, ദൈവരാജ്യം അവരുടെ ഇടയിൽത്തന്നെ ഉണ്ടായിരുന്നു.
ദൈവരാജ്യം മനുഷ്യഹൃദയങ്ങളിലാണ് എന്നതിന് തിരുവെഴുത്തുകളുടെ യാതൊരു പിന്തുണയുമില്ല. അത് ഒരു യഥാർഥ ഗവൺമെന്റാണ്, പ്രവാചകന്മാർ മുൻകൂട്ടിപ്പറഞ്ഞ ശ്രദ്ധേയമായ മാറ്റങ്ങൾ ഭൂമിയിൽ കൊണ്ടുവരുന്ന ഒരു ഗവൺമെന്റുതന്നെ.—യെശയ്യാവു 9:6, 7; ദാനീയേൽ 2:44.