വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

നിങ്ങൾക്ക്‌ അറിയാമോ?

ജ്യോതിഷക്കാർ യേശുവിനെ സന്ദർശിച്ചത്‌ എപ്പോഴാണ്‌?

“കിഴക്കുനിന്നു വിദ്വാൻമാർ [“ജ്യോതിഷക്കാർ,” NW]” യേശുവിനെ സന്ദർശിച്ച്‌ സമ്മാനങ്ങൾ കാഴ്‌ചവെച്ചതായി മത്തായിയുടെ സുവിശേഷം പറയുന്നു. (മത്തായി 2:1-12) ഇവർ എത്രപേർ ഉണ്ടായിരുന്നുവെന്നു ബൈബിൾ വ്യക്തമാക്കുന്നില്ല, മൂന്നുപേരായിരുന്നുവെന്ന പാരമ്പര്യവിശ്വാസത്തിനാകട്ടെ വ്യക്തമായ തെളിവുമില്ല, ഇവരുടെ പേരുകളും ബൈബിൾ പരാമർശിക്കുന്നില്ല.

ദ ന്യൂ ഇന്റർനാഷണൽ വേർഷൻ സ്റ്റഡി ബൈബിൾ മത്തായി 2:11-നെക്കുറിച്ച്‌ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “പൊതുവിശ്വാസത്തിനു വിരുദ്ധമായി, ഇടയന്മാർ ചെയ്‌തതുപോലെ, ജ്യോതിഷക്കാർ യേശു ജനിച്ച രാത്രിയിൽ കാലിത്തൊഴുത്തിൽ ചെന്ന്‌ ശിശുവിനെ കാണുക ആയിരുന്നില്ല. ചില മാസങ്ങൾക്കുശേഷമാണ്‌ അവർ ‘കുട്ടിയെ’ കാണുന്നത്‌, അതും അവന്റെ ‘വീട്ടിൽവെച്ച്‌.’” കുട്ടിയെ നശിപ്പിക്കുകയെന്ന ഉദ്ദേശ്യത്തിൽ ബേത്ത്‌ലേഹെമിലും അതിന്റെ എല്ലാ അതിരുകളിലും ഉള്ള രണ്ടോ അതിൽ താഴെയോ പ്രായമുള്ള ആൺകുട്ടികളെയെല്ലാം കൊല്ലാൻ ഹെരോദാവ്‌ ഉത്തരവിട്ടുവെന്ന വസ്‌തുത ഇതാണു തെളിയിക്കുന്നത്‌. ‘വിദ്വാന്മാരോടു [ജ്യോതിഷക്കാരോടു] ചോദിച്ചറിഞ്ഞ കാലത്തിന്റെ’ അടിസ്ഥാനത്തിലാണ്‌ ആ പ്രായത്തിലുള്ള കുട്ടികളെ കൊല്ലാൻ അവൻ തീരുമാനിച്ചത്‌.—മത്തായി 2:16.

യേശു ജനിച്ച രാത്രിയിൽ ജ്യോതിഷക്കാർ അവനെ സന്ദർശിച്ച്‌ സ്വർണവും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളും നൽകിയിരുന്നെങ്കിൽ, 40 ദിവസത്തിനുശേഷം യേശുവിനെ യെരൂശലേമിലെ ആലയത്തിൽ സമർപ്പിച്ച വേളയിൽ മറിയ രണ്ടു പ്രാവുകളെ മാത്രം സമർപ്പിക്കാനുള്ള സാധ്യത തീരെ കുറവായിരുന്നു. (ലൂക്കൊസ്‌ 2:22-24) ആട്ടിൻകുട്ടിയെ അർപ്പിക്കാൻ വകയില്ലാത്ത പാവങ്ങൾക്കുവേണ്ടി ന്യായപ്രമാണം അനുവദിച്ചിരുന്ന ഇളവായിരുന്നു അത്‌. (ലേവ്യപുസ്‌തകം 12:6-8) എന്നിരുന്നാലും, യേശുവിന്റെ കുടുംബം ഈജിപ്‌തിലായിരുന്നപ്പോൾ ചെലവുകൾ വഹിക്കാൻ തക്കസമയത്തു ലഭിച്ച ഈ സമ്മാനങ്ങൾ ഉപകരിച്ചിരുന്നിരിക്കാം.—മത്തായി 2:13-15.

ലാസറിന്റെ കല്ലറയ്‌ക്കൽ എത്താൻ യേശു നാലു ദിവസമെടുത്തത്‌ എന്തുകൊണ്ട്‌?

യേശു ആ വിധത്തിൽ കാര്യങ്ങൾ ക്രമീകരിച്ചു എന്നുവേണം കരുതാൻ. യോഹന്നാൻ 11-ാം അധ്യായത്തിലെ വിവരണം പരിശോധിക്കുന്നെങ്കിൽ എന്തുകൊണ്ടാണ്‌ അങ്ങനെ പറയുന്നതെന്നു മനസ്സിലാക്കാനാകും.

യേശുവിന്റെ സുഹൃത്തായ ബേഥാന്യയിലെ ലാസറിന്റെ രോഗം കലശലായപ്പോൾ അവന്റെ സഹോദരിമാർ യേശുവിനെ വിവരം അറിയിക്കാൻ ആളയച്ചു. (വാക്യങ്ങൾ 1-3) യേശുവിന്റെ അടുത്തെത്താൻ ബേഥാന്യയിൽനിന്നു രണ്ടു ദിവസത്തെ വഴിദൂരം ഉണ്ടായിരുന്നു. (യോഹന്നാൻ 10:40) യേശു വിവരം അറിയുന്ന സമയത്തോട്‌ അടുത്തായിരിക്കണം ലാസർ മരിക്കുന്നത്‌. യേശു എന്താണു ചെയ്‌തത്‌? അവൻ താമസിച്ചിരുന്ന സ്ഥലത്തുതന്നെ രണ്ടുദിവസംകൂടി ചെലവഴിച്ചു, എന്നിട്ട്‌ ബേഥാന്യയിലേക്കു തിരിച്ചു. (വാക്യങ്ങൾ 6, 7) അങ്ങനെ രണ്ടു ദിവസത്തെ കാത്തിരിപ്പിനും രണ്ടു ദിവസത്തെ യാത്രയ്‌ക്കുമൊടുവിൽ, ലാസർ മരിച്ച്‌ 4-ാം ദിവസം യേശു കല്ലറയ്‌ക്കൽ എത്തുന്നു.—വാക്യം 17.

ഇതിനുമുമ്പ്‌ യേശു രണ്ടുപേരെ ഉയിർപ്പിച്ചിരുന്നു. ഒരാളെ മരിച്ച ഉടനെയും അടുത്തയാളെ സാധ്യതയനുസരിച്ച്‌ മരണദിവസംതന്നെ കുറെകഴിഞ്ഞും. (ലൂക്കൊസ്‌ 7:11-17; 8:49-55) എന്നാൽ മരിച്ച്‌ നാലു ദിവസമായ, ശരീരം അഴുകിത്തുടങ്ങിയ ഒരാളെ ഉയിർപ്പിക്കാൻ യേശുവിനു കഴിയുമോ? (വാക്യം 39) “മരിച്ചു നാലു ദിവസം ആകുമ്പോഴേക്കും ശരീരം അഴുകിയിരിക്കും, മൂന്നു ദിവസം ശരീരത്തെ ചുറ്റിപ്പറ്റിനിൽക്കുന്നുവെന്നു കരുതുന്ന ആത്മാവ്‌ അതിനോടകം വിട്ടുപിരിഞ്ഞിട്ടുണ്ടാകും,” പിന്നെ പ്രത്യാശയ്‌ക്കു വകയില്ല എന്നൊരു വിശ്വാസം യഹൂദന്മാരുടെ ഇടയിലുണ്ടായിരുന്നുവെന്ന്‌ ഒരു ബൈബിൾ സംശോധക ഗ്രന്ഥം പറയുന്നു.

കല്ലറയ്‌ക്കൽ കൂടിയിരുന്നവരിൽ ആർക്കെങ്കിലും യേശുവിന്റെ കഴിവിൽ സംശയമുണ്ടായിരുന്നെങ്കിൽ മരണത്തെ കീഴടക്കാനുള്ള അവന്റെ ശക്തി അവർ നേരിട്ടുകാണാൻ പോകുകയായിരുന്നു. കല്ലറയ്‌ക്ക്‌ അടുത്തുനിന്ന്‌ അവൻ വിളിച്ചുപറഞ്ഞു, “ലാസരേ, പുറത്തുവരിക,” അപ്പോൾ “മരിച്ചവൻ പുറത്തുവന്നു.” (വാക്യങ്ങൾ 43, 44) പുനരുത്ഥാനമാണു മരിച്ചവർക്കുള്ള യഥാർഥ പ്രത്യാശ, അല്ലാതെ ദേഹിയോ ആത്മാവോ മരണത്തെ അതിജീവിക്കുന്നുവെന്ന അന്ധവിശ്വാസമല്ല.—യെഹെസ്‌കേൽ 18:4; യോഹന്നാൻ 11:25.