വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പരിണാമവും ബൈബിളും കൈകോർത്തുപോകുമോ?

പരിണാമവും ബൈബിളും കൈകോർത്തുപോകുമോ?

പരിണാമവും ബൈബിളും കൈകോർത്തുപോകുമോ?

മനുഷ്യനെ സൃഷ്ടിക്കാൻ ദൈവം പരിണാമപ്രകിയ ഉപയോഗിച്ചോ? ജീവികൾ പരിണമിച്ചാണോ മനുഷ്യൻ ഉണ്ടായത്‌? ബാക്ടീരിയ പരിണമിച്ച്‌ മത്സ്യമാകുന്നതിനും അവ പിന്നീട്‌ ഉരഗങ്ങളും സസ്‌തനികളും ആകുന്നതിനും അങ്ങനെ അവസാനം ആൾക്കുരങ്ങുകളുടെ ഒരു വർഗം മനുഷ്യനായി മാറുന്നതിനും ദൈവം ഇടയാക്കിയോ? തങ്ങൾ പരിണാമത്തിലും ബൈബിളിലും വിശ്വസിക്കുന്നുവെന്ന്‌ ചില ശാസ്‌ത്രജ്ഞരും മതനേതാക്കളും അവകാശപ്പെടുന്നു. ഉല്‌പത്തി എന്ന ബൈബിൾപുസ്‌തകം ഒരു കഥയാണെന്നാണ്‌ അവരുടെ പക്ഷം. എന്താണു നിങ്ങളുടെ അഭിപ്രായം? മൃഗങ്ങളിൽനിന്നു മനുഷ്യൻ പരിണമിച്ചുണ്ടായി എന്ന സിദ്ധാന്തം ബൈബിളുമായി യോജിപ്പിലാണോ?

നാം ആരാണെന്നും എങ്ങനെ ജീവിക്കണമെന്നും ഈ യാത്ര എവിടേക്കെന്നുംമനസ്സിലാക്കാൻ നമ്മുടെ ഉത്ഭവത്തെക്കുറിച്ച്‌ അറിയേണ്ടതുണ്ട്‌. ദൈവം കഷ്ടപ്പാട്‌ അനുവദിക്കുന്നതിന്റെ കാരണവും മനുഷ്യന്റെ ഭാവി സംബന്ധിച്ച അവന്റെ ഉദ്ദേശ്യവും മനസ്സിലാക്കാനും ഈ അറിവു കൂടിയേതീരൂ. ദൈവമാണു നമ്മുടെ സ്രഷ്ടാവെന്നു നമുക്ക്‌ ഉറപ്പില്ലെങ്കിൽ എങ്ങനെയാണ്‌ അവനുമായി ഒരു അടുത്ത ബന്ധം ആസ്വദിക്കാനാകുക? അതുകൊണ്ട്‌ മനുഷ്യന്റെ ഉത്ഭവം, ഇപ്പോഴത്തെ അവസ്ഥ, അവന്റെ ഭാവി എന്നിവയെക്കുറിച്ച്‌ ബൈബിൾ പറയുന്നത്‌ എന്താണെന്നു നമുക്കു പരിശോധിക്കാം. പരിണാമവും ബൈബിളും കൈകോർത്തുപോകുമോ എന്ന്‌ അപ്പോൾ നമുക്കു മനസ്സിലാകും.

ഒരുവനിൽനിന്നു സകലരും

ഒരു കൂട്ടം മൃഗങ്ങൾ പരിണാമപ്രക്രിയയിലൂടെ ഒരു കൂട്ടം മനുഷ്യരായിത്തീർന്നു എന്നാണു പരിണാമവാദികൾ പൊതുവേ അവകാശപ്പെടുന്നത്‌. ഒരിക്കൽ ഒരു മനുഷ്യനേ ഉണ്ടായിരുന്നുള്ളുവെന്ന്‌ അവർ അംഗീകരിക്കുന്നില്ല. എന്നാൽ അതാണു ബൈബിൾ പഠിപ്പിക്കുന്നത്‌. ഏകമനുഷ്യനായ ആദാമിൽനിന്നാണു നാം ഉത്ഭവിച്ചതെന്ന്‌ അതു പറയുന്നു. ഒരു ചരിത്രപുരുഷനായാണ്‌ ആദാമിനെ ബൈബിൾ അവതരിപ്പിക്കുന്നത്‌. അവന്റെ ഭാര്യയുടെയും മക്കളിൽ ചിലരുടെയും പേരുകളും അതു വെളിപ്പെടുത്തുന്നു. അവൻ എന്തു ചെയ്‌തു, എന്തു പറഞ്ഞു, എപ്പോൾ ജീവിച്ചിരുന്നു, എപ്പോൾ മരിച്ചു എന്നിവയുടെ വിശദാംശവും ബൈബിൾ നൽകുന്നു. പഠിപ്പില്ലാത്തവർക്കുവേണ്ടി എഴുതിയ വെറുമൊരു കഥയായല്ല യേശു ആ വിവരണത്തെ കണ്ടത്‌. വിദ്യാസമ്പന്നരായ മതനേതാക്കളെ അഭിസംബോധന ചെയ്യവേ അവൻ പറഞ്ഞു: “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും . . . നിങ്ങൾ വായിച്ചിട്ടില്ലയോ?” (മത്തായി 19:3-5) യേശു തുടർന്ന്‌ ഉല്‌പത്തി 2:24-ലെ, ആദാമിനെയും ഹവ്വായെയും കുറിച്ചുള്ള വാക്കുകൾ ഉദ്ധരിച്ചു.

ബൈബിളെഴുത്തുകാരനും നല്ലൊരു ചരിത്രകാരനുമായ ലൂക്കൊസ്‌ യേശുവിനെപ്പോലെതന്നെയുള്ള ഒരു ചരിത്രപുരുഷനായാണ്‌ ആദാമിനെ അവതരിപ്പിക്കുന്നത്‌. യേശുവിന്റെ വംശാവലി ആദ്യമനുഷ്യനുമായി ലൂക്കൊസ്‌ ബന്ധിപ്പിക്കുന്നു. (ലൂക്കൊസ്‌ 3:23-38) പ്രശസ്‌തമായ ഗ്രീക്ക്‌ സ്‌കൂളുകളിൽ പഠിച്ച വിദ്യാസമ്പന്നരായ തത്ത്വചിന്തകരടങ്ങിയ ഒരു സദസ്സിനോടു സംസാരിക്കവേ അപ്പൊസ്‌തലനായ പൗലൊസ്‌ ഇങ്ങനെ പറഞ്ഞു: ‘ലോകവും അതിലുള്ളത്‌ ഒക്കെയും ഉണ്ടാക്കിയ ദൈവം ഭൂതലത്തിൽ എങ്ങും കുടിയിരിപ്പാൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി.’ (പ്രവൃത്തികൾ 17:24-26) നാം “ഒരുത്തനിൽനിന്ന്‌” അതായത്‌ ഒരു മനുഷ്യനിൽനിന്നാണ്‌ ഉളവായതെന്ന്‌ ബൈബിൾ വ്യക്തമായി പഠിപ്പിക്കുന്നു. എന്നാൽ മനുഷ്യചരിത്രത്തിന്റെ തുടക്കത്തെക്കുറിച്ചു ബൈബിൾ പറയുന്നതും പരിണാമവും തമ്മിൽ ഒത്തുപോകുമോ?

പൂർണതയിൽനിന്നുള്ള പതനം

യഹോവ ആദ്യമനുഷ്യനെ പൂർണനായാണു സൃഷ്ടിച്ചതെന്നു ബൈബിൾ പറയുന്നു. അപൂർണതയോടെ എന്തെങ്കിലും സൃഷ്ടിക്കുക അവനു തികച്ചും അസാധ്യമാണ്‌. സൃഷ്ടിപ്പിൻ വിവരണം പറയുന്നു: “ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, . . . താൻ ഉണ്ടാക്കിയതിനെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.” (ഉല്‌പത്തി 1:27, 31) പൂർണതയുള്ള മനുഷ്യൻ എന്നാൽ എന്താണർഥം?

ഒരു പൂർണമനുഷ്യന്‌ ഇച്ഛാസ്വാതന്ത്ര്യവും ദിവ്യഗുണങ്ങൾ അതേപടി പകർത്തുന്നതിനുള്ള പ്രാപ്‌തിയും ഉണ്ടായിരിക്കും. “ദൈവം മനുഷ്യനെ നേരുള്ളവനായി സൃഷ്ടിച്ചു; അവരോ അനേകം സൂത്രങ്ങളെ അന്വേഷിച്ചുവരുന്നു,” ബൈബിൾ പറയുന്നു. (സഭാപ്രസംഗി 7:29) ദൈവത്തോടു മത്സരിക്കാനായിരുന്നു ആദാമിന്റെ തീരുമാനം. ആ മത്സരത്തിന്റെ ഫലമായി അവനും അവന്റെ സന്തതികൾക്കും പൂർണത നഷ്ടമായി. നന്മ ചെയ്യാൻ ആഗ്രഹിക്കുന്നെങ്കിലും പലപ്പോഴും അതിനു കഴിയാതെപോകുന്നതിന്റെ കാരണം ഇതു വിശദീകരിക്കുന്നു. അപ്പൊസ്‌തലനായ പൗലൊസ്‌ എഴുതി: “ഞാൻ ഇച്ഛിക്കുന്നതിനെ അല്ല പകെക്കുന്നതിനെ അത്രേ ചെയ്യുന്നത്‌.”—റോമർ 7:15.

ബൈബിളനുസരിച്ച്‌ പൂർണനായ മനുഷ്യൻ തികഞ്ഞ ആരോഗ്യത്തോടെ നിത്യം ജീവിക്കും. ആദ്യമനുഷ്യൻ ദൈവത്തോട്‌ അനുസരണക്കേടു കാണിച്ചില്ലായിരുന്നെങ്കിൽ ഒരിക്കലും മരിക്കില്ലായിരുന്നെന്ന്‌ ആദാമിനോടുള്ള ദൈവത്തിന്റെ വാക്കുകളിൽനിന്നു വ്യക്തമാണ്‌. (ഉല്‌പത്തി 2:16, 17; 3:22, 23) രോഗം ബാധിക്കുന്നതിനോ മത്സരിക്കുന്നതിനോ ഉള്ള പ്രവണത മനുഷ്യനുണ്ടായിരുന്നെങ്കിൽ അവനെ സൃഷ്ടിച്ചപ്പോൾ “എത്രയും നല്ലത്‌” എന്ന്‌ യഹോവ പറയില്ലായിരുന്നു. അത്യത്ഭുതകരമായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന മനുഷ്യശരീരം വൈകല്യങ്ങൾക്കും രോഗങ്ങൾക്കും അടിപ്പെടുന്നത്‌ എന്തുകൊണ്ടെന്ന്‌ പൂർണതയിൽനിന്നുള്ള ഈ വീഴ്‌ച വിശദീകരിക്കുന്നു. അതുകൊണ്ട്‌ പരിണാമവും ബൈബിളും ചേർച്ചയിലല്ല. അടിക്കടി പുരോഗമിക്കുന്ന ഒരു ജീവിയായി പരിണാമം ആധുനിക മനുഷ്യനെ അവതരിപ്പിക്കുന്നു. എന്നാൽ പൂർണമനുഷ്യന്റെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന സന്താനങ്ങളായി ബൈബിൾ അവനെ ചിത്രീകരിക്കുന്നു.

മനുഷ്യനെ നിർമിക്കാൻ ദൈവം പരിണാമം ഉപയോഗിച്ചുവെന്ന ആശയം ദൈവത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചു ബൈബിൾ പറയുന്നതിനു കടകവിരുദ്ധമാണ്‌. പരിണാമത്തിന്റെ സഹായത്താലാണ്‌ ദൈവം മനുഷ്യനെ നിർമിച്ചതെങ്കിൽ രോഗത്തിന്റെയും ദുരിതത്തിന്റെയും പടുകുഴിയിലേക്കു മനുഷ്യനെ തള്ളിയിട്ടത്‌ അവനാണെന്നുവരും. എന്നാൽ ദൈവത്തെക്കുറിച്ചു ബൈബിൾ പറയുന്നു: “അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്‌തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ. അവർ അവനോടു വഷളത്വം കാണിച്ചു: അവർ അവന്റെ മക്കളല്ല, സ്വയകളങ്കമത്രേ.” (ആവർത്തനപുസ്‌തകം 32:4, 5) അതുകൊണ്ട്‌ ദൈവമല്ല മനുഷ്യവർഗത്തിന്റെ കഷ്ടപ്പാടുകൾക്കു കാരണം. ആദ്യ മനുഷ്യൻ ദൈവത്തിനെതിരെ മത്സരിച്ചുകൊണ്ട്‌ തനിക്കും തന്റെ സന്തതികൾക്കും പൂർണത നഷ്ടപ്പെടുത്തിയതിന്റെ ഫലമാണത്‌. ആദാമിനെ കുറിച്ചു പരിചിന്തിച്ച സ്ഥിതിക്ക്‌ നമുക്ക്‌ യേശുവിലേക്കു തിരിയാം. യേശുവിനെ കുറിച്ചു ബൈബിൾ പറയുന്നതുമായി പരിണാമം ഒത്തുവരുമോ?

ക്രിസ്‌ത്യാനിത്വത്തിലും പരിണാമത്തിലും ഒരുപോലെ വിശ്വസിക്കാനാകുമോ?

“ക്രിസ്‌തു നമ്മുടെ പാപങ്ങൾക്കു വേണ്ടി . . . മരിച്ചു.” ക്രിസ്‌ത്യാനിത്വത്തിന്റെ അടിസ്ഥാന ഉപദേശങ്ങളിൽ ഒന്നാണിതെന്ന വസ്‌തുത നിങ്ങൾക്കറിയാമായിരിക്കും. (1 കൊരിന്ത്യർ 15:3; 1 പത്രൊസ്‌ 3:18) മേൽപ്പറഞ്ഞ പ്രസ്‌താവനയുമായി പരിണാമം യോജിപ്പിലല്ല. എന്തുകൊണ്ട്‌? ഇതിന്‌ ഉത്തരം ലഭിക്കാൻ ബൈബിൾ നമ്മെ പാപികളെന്നു വിളിക്കുന്നതിന്റെ കാരണവും പാപം നമ്മിലുളവാക്കുന്ന ഫലവും നാം മനസ്സിലാക്കേണ്ടതുണ്ട്‌.

സ്‌നേഹവും നീതിയുംപോലുള്ള ദൈവത്തിന്റെ മഹത്ത്വമാർന്ന ഗുണങ്ങൾ പൂർണമായി പകർത്താൻ നമുക്കാകില്ല എന്ന അർഥത്തിലാണു നാം പാപികളായിരിക്കുന്നത്‌. അതുകൊണ്ടാണ്‌ “എല്ലാവരും പാപം ചെയ്‌തു ദൈവതേജസ്സു ഇല്ലാത്തവരായിത്തീർന്നു” എന്നു ബൈബിൾ പറയുന്നത്‌. (റോമർ 3:23) പാപമാണ്‌ മരണത്തിനു കാരണമെന്നു ബൈബിൾ പഠിപ്പിക്കുന്നു. “മരണത്തിന്റെ വിഷമുള്ളു പാപം,” 1 കൊരിന്ത്യർ 15:56 പറയുന്നു. രോഗത്തിനും മൂലകാരണം അവകാശപ്പെടുത്തിയ പാപമാണ്‌. നമ്മുടെ പാപപൂർണമായ അവസ്ഥയും രോഗവും തമ്മിൽ ബന്ധമുണ്ടെന്ന്‌ യേശു സൂചിപ്പിച്ചു. ഒരു പക്ഷവാതക്കാരനോട്‌ “നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു” എന്ന്‌ യേശു പറഞ്ഞപ്പോൾ അവൻ സുഖംപ്രാപിച്ചു.—മത്തായി 9:2-7.

യേശുവിന്റെ മരണം നമുക്ക്‌ എങ്ങനെയാണു പ്രയോജനംചെയ്യുന്നത്‌? ബൈബിൾ ആദാമിനെയും യേശുവിനെയും ഇങ്ങനെ വിപരീത താരതമ്യം ചെയ്യുന്നു: “ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്‌തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും.” (1 കൊരിന്ത്യർ 15:22) നാം ആദാമിൽനിന്ന്‌ അവകാശപ്പെടുത്തിയ പാപത്തിന്റെ വിലയായി യേശു തന്റെ ജീവൻ ബലിയർപ്പിച്ചു. അതുകൊണ്ട്‌ യേശുവിൽ വിശ്വാസമർപ്പിക്കുകയും അവനെ അനുസരിക്കുകയും ചെയ്യുന്ന സകലർക്കും ആദാം നഷ്ടപ്പെടുത്തിയ നിത്യജീവന്റെ പ്രത്യാശ ലഭ്യമാണ്‌.—യോഹന്നാൻ 3:16; റോമർ 6:23.

പരിണാമവും ക്രിസ്‌ത്യാനിത്വവും കൈകോർത്തുപോകില്ലെന്ന്‌ ഇപ്പോൾ വ്യക്തമായോ? ‘ആദാമിൽ എല്ലാവരും മരിക്കുന്നു’ എന്നു വിശ്വസിക്കുന്നില്ലെങ്കിൽ “ക്രിസ്‌തുവിൽ എല്ലാവരും ജീവിപ്പിക്കപ്പെടും” എന്നു നാം എങ്ങനെ പ്രത്യാശിക്കും?

പരിണാമം ആകർഷകമായിരിക്കുന്നതിന്റെ കാരണം

പരിണാമംപോലുള്ള ഉപദേശങ്ങൾ ജനപ്രിയമായത്‌ എങ്ങനെയെന്നു ബൈബിൾ വെളിപ്പെടുത്തുന്നു. അതിങ്ങനെ പറയുന്നു: “അവർ പത്ഥ്യോപദേശം പൊറുക്കാതെ കർണ്ണരസമാകുമാറു സ്വന്ത മോഹങ്ങൾക്കൊത്തവണ്ണം ഉപദേഷ്ടാക്കന്മാരെ പെരുക്കുകയും സത്യത്തിന്നു ചെവികൊടുക്കാതെ കെട്ടുകഥ കേൾപ്പാൻ തിരികയും ചെയ്യുന്ന കാലം വരും.” (2 തിമൊഥെയൊസ്‌ 4:3, 4) ശാസ്‌ത്രത്തിന്റെ ഭാഷയിലാണു പരിണാമത്തെ സാധാരണ വിശദീകരിക്കാറെങ്കിലും ഇത്‌ ഒരു മതോപദേശമാണ്‌ എന്നതാണു വസ്‌തുത. കാരണം ജീവിതത്തെയും ദൈവത്തെയും എങ്ങനെ വീക്ഷിക്കണമെന്ന്‌ ഇതു പഠിപ്പിക്കുന്നു. മനുഷ്യന്റെ സ്വാർഥവും സ്വതന്ത്രവുമായ പ്രവണതകൾക്കു വളംവെക്കുന്ന കുടിലമായ വിശ്വാസങ്ങളാണു പരിണാമത്തിന്റേത്‌. പരിണാമത്തിൽ വിശ്വസിക്കുന്ന പലരും ദൈവത്തിലും വിശ്വസിക്കുന്നെന്ന്‌ അവകാശപ്പെടുന്നു. എന്നിരുന്നാലും സൃഷ്ടിപ്പിൽ ഉൾപ്പെടാത്ത, മനുഷ്യ കാര്യാദികളിൽ ഇടപെടാത്ത, ആർക്കും കണക്കുബോധിപ്പിക്കേണ്ടതില്ലാത്ത ഒരു ദൈവത്തിൽ വിശ്വസിക്കാനാണ്‌ അവർക്കിഷ്ടം. ഇതിനെക്കാൾ കർണരസം പകരുന്ന മറ്റെന്തു വിശ്വാസപ്രമാണമാണ്‌ ആളുകൾക്കു വേണ്ടത്‌!

വസ്‌തുതകളല്ല പിന്നെയോ ‘സ്വന്ത മോഹങ്ങളാണ്‌’ പലപ്പോഴും പരിണാമവാദികൾക്കു പ്രചോദനമേകുന്നത്‌—യാഥാസ്ഥിതിക പരിണാമവാദികളായ ശാസ്‌ത്രജ്ഞരുടെ കയ്യടിനേടാനുള്ള ‘മോഹം.’ ജീവകോശങ്ങളിലെ സങ്കീർണ പ്രവർത്തനങ്ങളെക്കുറിച്ചു പഠിക്കാൻ ജീവിതം ഉഴിഞ്ഞുവെച്ച ജൈവരസതന്ത്രജ്ഞനായ മൈക്കൾ ബീഹീയുടെ അഭിപ്രായത്തിൽ കോശഘടനയുടെ പരിണാമം പഠിപ്പിക്കുന്നവരുടെ അവകാശവാദങ്ങളിൽ യാതൊരു കഴമ്പുമില്ല. സൂക്ഷ്‌മമായ തന്മാത്രാതലത്തിൽ പരിണാമം നടന്നിരിക്കുമോ? ബീഹീ പറയുന്നു: “തന്മാത്രാ പരിണാമം ശാസ്‌ത്രീയമായി ആധികാരികതയുള്ളതല്ല. സ്വാഭാവികവും സങ്കീർണവുമായ ഏതെങ്കിലും ജൈവരാസ ഘടനയുടെ തന്മാത്രാ പരിണാമം നടന്നത്‌ എങ്ങനെയെന്നോ എങ്ങനെയായിരിക്കാമെന്നോ, പേരുകേട്ട മാസികകൾ, പ്രത്യേക ബുള്ളറ്റിനുകൾ, പുസ്‌തകങ്ങൾ എന്നിവയുൾപ്പെടെ ശാസ്‌ത്രസാഹിത്യത്തിലെങ്ങും വിശദീകരിക്കുന്നില്ല. . . . ഡാർവിന്റെ തന്മാത്രാ പരിണാമ സിദ്ധാന്തം വെറുമൊരു പുകവെടിയാണ്‌.”

പരിണാമവാദികൾക്കു വിശദീകരണമില്ലെങ്കിൽ അവരെന്തിനാണ്‌ ഇത്തരം അഭിപ്രായങ്ങൾ കൊട്ടിഘോഷിക്കുന്നത്‌? ബീഹീ തുടരുന്നു: “പ്രമുഖരും ആദരണീയരുമായ ഒട്ടേറെ ശാസ്‌ത്രജ്ഞർ ഉൾപ്പെടെ പലരും പ്രകൃതിക്ക്‌ അതീതമായ എന്തെങ്കിലുമൊന്ന്‌ ഉണ്ടായിരിക്കാൻ ആഗ്രഹിക്കുന്നില്ല.

ബുദ്ധിജീവികളായി വിളങ്ങാനാണു പല പുരോഹിതന്മാരും പരിണാമ സിദ്ധാന്തത്തെ കൂട്ടുപിടിക്കുന്നത്‌. അപ്പൊസ്‌തലനായ പൗലൊസ്‌ റോമിലെ ക്രിസ്‌ത്യാനികൾക്ക്‌ എഴുതിയ ലേഖനത്തിൽ പറഞ്ഞവരെപ്പോലുള്ളവരാണ്‌ അവർ: “ദൈവത്തെക്കുറിച്ചു അറിയാകുന്നതു അവർക്കു വെളിവായിരിക്കുന്നു; . . . അവന്റെ നിത്യശക്തിയും ദിവ്യത്വവുമായി അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു; അവർക്കു പ്രതിവാദമില്ലാതിരിക്കേണ്ടതിന്നു തന്നേ. അവർ ദൈവത്തെ അറിഞ്ഞിട്ടും അവനെ ദൈവമെന്നു ഓർത്തു മഹത്വീകരിക്കയോ നന്ദികാണിക്കയോ ചെയ്യാതെ തങ്ങളുടെ നിരൂപണങ്ങളിൽ വ്യർത്ഥരായിത്തീർന്നു, അവരുടെ വിവേകമില്ലാത്ത ഹൃദയം ഇരുണ്ടുപോയി. ജ്ഞാനികൾ എന്നു പറഞ്ഞുകൊണ്ടു അവർ മൂഢരായിപ്പോയി.” (റോമർ 1:19-22) വ്യാജോപദേഷ്ടാക്കളുടെ വലയിൽ വീഴാതിരിക്കാൻ നിങ്ങൾക്ക്‌ എങ്ങനെ കഴിയും?

സ്രഷ്ടാവിലുള്ള വിശ്വാസം തെളിവിൽ അധിഷ്‌ഠിതം

തെളിവുകൾക്ക്‌ ബൈബിൾ എത്ര പ്രാധാന്യംകൽപ്പിക്കുന്നുവെന്ന്‌ വിശ്വാസത്തെക്കുറിച്ചുള്ള പിൻവരുന്ന നിർവചനത്തിൽ കാണാനാകും: “വിശ്വാസം എന്നതോ, ആശിക്കുന്നതിന്റെ ഉറപ്പും കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.” (എബ്രായർ 11:1) സ്രഷ്ടാവിന്റെ അസ്‌തിത്വത്തിനു തെളിവുനൽകുന്ന വസ്‌തുതകളായിരിക്കണം യഥാർഥ വിശ്വാസത്തിന്റെ അടിസ്ഥാനം. ആ തെളിവുകൾ എവിടെ കണ്ടെത്താമെന്നു ബൈബിൾ പറയുന്നു.

നിശ്വസ്‌ത ബൈബിളെഴുത്തുകാരനായ ദാവീദ്‌ എഴുതി: “ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാൽ ഞാൻ നിനക്കു സ്‌തോത്രം ചെയ്യുന്നു.” (സങ്കീർത്തനം 139:14) നമ്മുടെതന്നെയും മറ്റു ജീവജാലങ്ങളുടെയും വിസ്‌മയാവഹമായ രൂപകൽപ്പനയെക്കുറിച്ചു വിചിന്തനംചെയ്യുന്നത്‌ സ്രഷ്ടാവിന്റെ ജ്ഞാനത്തിൽ അത്ഭുതംകൂറാൻ ഇടയാക്കും. ജീവൻ നിലനിറുത്താനായി ഒത്തുപ്രവർത്തിക്കുന്ന ആയിരക്കണക്കിനു സംവിധാനങ്ങളിലെ ഓരോ ഘടകവും തികവാർന്ന രൂപകൽപ്പനയോടുകൂടിയതാണ്‌. പ്രപഞ്ചവും, ക്രമത്തിന്റെയും ഗണിതശാസ്‌ത്ര കൃത്യതയുടെയും തെളിവുനൽകുന്നു. ദാവീദ്‌ എഴുതി: “ആകാശം ദൈവത്തിന്റെ മഹത്വത്തെ വർണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.”—സങ്കീർത്തനം 19:1.

സ്രഷ്ടാവിന്റെ അസ്‌തിത്വം സംബന്ധിച്ച തെളിവുകളുടെ കലവറയാണു ബൈബിൾ. ഇതിലുള്ള 66 പുസ്‌തകങ്ങളുടെ പരസ്‌പര യോജിപ്പും ശ്രേഷ്‌ഠമായ സദാചാരമൂല്യങ്ങളും പ്രവചനങ്ങളുടെ പിഴവറ്റ നിവൃത്തിയും പരിശോധിക്കുന്നത്‌ ബൈബിളിന്റെ ഗ്രന്ഥകർത്താവ്‌ സ്രഷ്ടാവാണെന്നതിന്‌ അവിതർക്കിതമായ തെളിവുനൽകും. ബൈബിൾ പഠിപ്പിക്കലുകൾ പരിശോധിക്കുന്നത്‌ സ്രഷ്ടാവിന്റെ വചനമാണു ബൈബിളെന്നു നിങ്ങളെ ബോധ്യപ്പെടുത്തും. ഉദാഹരണത്തിന്‌ കഷ്ടപ്പാടിനുള്ള കാരണം, ദൈവരാജ്യം, മനുഷ്യവർഗത്തിന്റെ ഭാവി, സന്തുഷ്ടിക്കുള്ള മാർഗം എന്നിങ്ങനെയുള്ള ബൈബിൾ പഠിപ്പിക്കലുകൾ മനസ്സിലാക്കുമ്പോൾ ദിവ്യജ്ഞാനത്തിന്റെ പ്രകടമായ പ്രതിഫലനം നിങ്ങൾക്കു കാണാനാകും. പൗലൊസിന്റെ അതേ വികാരമായിരിക്കാം അപ്പോൾ നിങ്ങൾക്കും. അവൻ എഴുതി: “ഹാ, ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവു എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികൾ എത്ര അപ്രമേയവും അവന്റെ വഴികൾ എത്ര അഗോചരവും ആകുന്നു.”—റോമർ 11:33.

തെളിവുകൾ പരിശോധിച്ച്‌ നിങ്ങളുടെ വിശ്വാസം ഉറപ്പുള്ളതാക്കുക. അങ്ങനെയെങ്കിൽ നിങ്ങൾ ബൈബിൾ വായിക്കവേ സ്രഷ്ടാവിന്റെ വാക്കുകൾക്കാണു കാതോർക്കുന്നതെന്നു ബോധ്യമാകും. അവന്റെ വാക്കുകൾ ശ്രദ്ധിക്കുക: “ഞാൻ ഭൂമിയെ ഉണ്ടാക്കി അതിൽ മനുഷ്യനെയും സൃഷ്ടിച്ചു; എന്റെ കൈ തന്നേ ആകാശത്തെ വിരിച്ചു അതിലെ സകലസൈന്യത്തെയും ഞാൻ കല്‌പിച്ചാക്കിയിരിക്കുന്നു.” (യെശയ്യാവു 45:12) സകലത്തിന്റെയും സ്രഷ്ടാവ്‌ യഹോവയാണ്‌ എന്നതിനുള്ള തെളിവുകൾക്കായി നിങ്ങൾ നടത്തുന്ന ശ്രമങ്ങളെപ്രതി ഖേദിക്കേണ്ടിവരില്ല, നിശ്ചയം.

[14-ാം പേജിലെ ആകർഷക വാക്യം]

വിദ്യാസമ്പന്നരായ ഗ്രീക്കുകാരോട്‌ അപ്പൊസ്‌തലനായ പൗലൊസ്‌ പറഞ്ഞു: “ദൈവം . . . ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി”

[15-ാം പേജിലെ ആകർഷക വാക്യം]

അടിക്കടി പുരോഗമിക്കുന്ന ഒരു ജീവിയായി പരിണാമം ആധുനിക മനുഷ്യനെ അവതരിപ്പിക്കുന്നു. എന്നാൽ പൂർണമനുഷ്യന്റെ ക്ഷയിച്ചുകൊണ്ടിരിക്കുന്ന സന്താനങ്ങളായി ബൈബിൾ അവനെ ചിത്രീകരിക്കുന്നു

[16-ാം പേജിലെ ആകർഷക വാക്യം]

“തന്മാത്രാ പരിണാമം ശാസ്‌ത്രീയമായി ആധികാരികതയുള്ളതല്ല”

[17-ാം പേജിലെ ആകർഷക വാക്യം]

ജീവജാലങ്ങളുടെ വിസ്‌മയാവഹമായ രൂപകൽപ്പന നമ്മെ സൃഷ്ടിച്ചവന്റെ ജ്ഞാനത്തിൽ അത്ഭുതംകൂറാൻ ഇടയാക്കുന്നു