വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സ്‌നേഹമുള്ള ഇടയൻ

സ്‌നേഹമുള്ള ഇടയൻ

ദൈവത്തോട്‌ അടുത്തുചെല്ലുക

സ്‌നേഹമുള്ള ഇടയൻ

മത്തായി 18:12-14

‘ദൈവത്തിന്‌ എന്നെക്കുറിച്ച്‌ ചിന്തയുണ്ടോ?’ ആ ചോദ്യം എപ്പോഴെങ്കിലും നിങ്ങളുടെ മനസ്സിലൂടെ കടന്നുപോയിട്ടുണ്ടോ? ഉണ്ടെങ്കിൽ അങ്ങനെ ചിന്തിക്കുന്ന ആദ്യത്തെ വ്യക്തിയല്ല നിങ്ങൾ. പ്രശ്‌നങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചിട്ടുള്ളവരാണ്‌ നമ്മിൽ മിക്കവരും. അത്തരം സാഹചര്യങ്ങളിൽ, ‘ഈ മഹാപ്രപഞ്ചത്തിന്റെ സൃഷ്ടികർത്താവിന്‌ എന്റെ കാര്യത്തിൽ താത്‌പര്യമുണ്ടോ’ എന്നു നാം ചിന്തിച്ചുപോയേക്കാം. വ്യക്തികൾ എന്നനിലയിൽ ദൈവം നമ്മിൽ ഓരോരുത്തരിലും തത്‌പരനാണോ എന്ന്‌ നാം അറിയേണ്ടതുണ്ട്‌. ഭൂമിയിലായിരുന്നപ്പോൾ യേശു ഒരു ദൃഷ്ടാന്തത്തിലൂടെ അതിനുള്ള തൃപ്‌തികരമായ ഉത്തരം നൽകുകയുണ്ടായി. യഹോവയെ അടുത്തറിഞ്ഞ വ്യക്തിയാണല്ലോ യേശുക്രിസ്‌തു.

ഒരു ഇടയന്റെ ജീവിതം ദൃഷ്ടാന്തമായി ഉപയോഗിച്ചുകൊണ്ട്‌ യേശു പറഞ്ഞു: “ഒരു മനുഷ്യന്നു നൂറു ആടു ഉണ്ടു എന്നിരിക്കട്ടെ; അവയിൽ ഒന്നു തെറ്റി ഉഴന്നുപോയാൽ തൊണ്ണൂറ്റൊമ്പതിനെയും വിട്ടേച്ചു തെറ്റിപ്പോയതിനെ മലകളിൽ ചെന്നു തിരയുന്നില്ലയോ? അതിനെ കണ്ടെത്തിയാൽ തെറ്റിപ്പോകാത്ത തൊണ്ണൂറ്റൊമ്പതിലും അധികം അതിനെക്കുറിച്ചു സന്തോഷിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു. അങ്ങനെതന്നേ ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചുപോകുന്നതു സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു ഇഷ്ടമല്ല.” (മത്തായി 18:12-14) തന്റെ ഓരോ ആരാധനകനോടുമുള്ള യഹോവയുടെ ആർദ്രപ്രിയം യേശു എങ്ങനെയാണ്‌ ഇതിലൂടെ വരച്ചുകാട്ടുന്നതെന്നു നമുക്കു നോക്കാം.

ഓരോ ആടിനെയും പരിപാലിക്കേണ്ടത്‌ തന്റെ ഉത്തരവാദിത്വമാണെന്ന ബോധം ഇടയന്‌ ഉണ്ടായിരുന്നു. ഓരോ ആടിനും അയാൾ പേരിട്ടിരുന്നു. അതുകൊണ്ട്‌ ഒരു ആട്‌ വഴിതെറ്റിപ്പോയാൽ, അത്‌ ഏതാണെന്ന്‌ ഇടയന്‌ അറിയാമായിരുന്നു. (യോഹന്നാൻ 10:3) കാണാതെപോയതിനെ കണ്ടെത്തി തിരികെക്കൊണ്ടുവരുന്നതുവരെ വിശ്രമമില്ലായിരുന്നു അയാൾക്ക്‌. ഇടയൻ അതിനെ തേടിപ്പോകുമ്പോൾ ബാക്കി 99 എണ്ണം അപകടത്തിലാകുമായിരുന്നോ? ഒരിക്കലുമില്ല. പലപ്പോഴും ഒരുമിച്ചായിരുന്നു ഇടയന്മാർ. ആ സമയത്ത്‌ അവരുടെ ആടുകളും ഒരുമിച്ചു മേയുമായിരുന്നു. * നഷ്ടപ്പെട്ട ഒരാടിനെ അന്വേഷിച്ച്‌ ഇടയൻ പോകുമ്പോൾ കൂടെയുള്ള ഇടയന്മാരാണ്‌ മറ്റാടുകളെ നോക്കുക. വഴിതെറ്റിപ്പോയ ആടിന്‌ അപകടമൊന്നും പറ്റിയിട്ടില്ലെന്ന്‌ അറിയുമ്പോൾ ഇടയനുണ്ടാകുന്ന സന്തോഷം എന്തുമാത്രമാണെന്നോ! പേടിച്ചരണ്ട ആ ആടിനെ ഇടയൻ തോളിലേറ്റി കൂട്ടത്തിലേക്കു കൊണ്ടുവരുന്നു. ഇപ്പോൾ അത്‌ എത്ര സുരക്ഷിതമായ അന്തരീക്ഷത്തിലാണ്‌!—ലൂക്കൊസ്‌ 15:5, 6.

“ഈ ചെറിയവരിൽ ഒരുത്തൻ നശിച്ചു”പോകാൻ ദൈവം ആഗ്രഹിക്കുന്നില്ലെന്ന്‌ പ്രസ്‌തുത ദൃഷ്ടാന്തം വിശദീകരിച്ചുകൊണ്ട്‌ യേശു വ്യക്തമാക്കി. ‘[തന്നിൽ] വിശ്വസിക്കുന്ന ഈ ചെറിയവരിൽ ഒരുത്തന്നു ഇടർച്ച വരുത്തുന്നതിനെതിരെ’ യേശു ശിഷ്യന്മാർക്കു മുന്നറിയിപ്പു നൽകിയിട്ടുണ്ടായിരുന്നു. (മത്തായി 18:6) അങ്ങനെയെങ്കിൽ ഈ ദൃഷ്ടാന്തം യഹോവയെക്കുറിച്ച്‌ എന്താണ്‌ പഠിപ്പിക്കുന്നത്‌? ലോകത്തിന്റെ ദൃഷ്ടിയിൽ നിസ്സാരരെന്നു തോന്നുന്ന ‘ചെറിയവർ’ ഉൾപ്പെടെ ഓരോ ആടുകളുടെയും ക്ഷേമത്തിൽ തത്‌പരനായ ഒരു ഇടയനാണ്‌ യഹോവ. ഓരോ ആരാധകനും ദൈവത്തിനു വിലപ്പെട്ടവനാണ്‌ എന്നു സാരം.

എന്താ, ഇക്കാര്യം സംബന്ധിച്ച്‌ ഇനിയും ഉറപ്പ്‌ വേണമെന്നുണ്ടോ? എങ്കിൽ വലിയ ഇടയനായ യഹോവയെക്കുറിച്ചും അവനോട്‌ അടുത്തുചെല്ലാനാകുന്ന വിധത്തെക്കുറിച്ചും കൂടുതലറിയാൻ ശ്രമിച്ചുകൂടേ? അങ്ങനെ ചെയ്യുമ്പോൾ, ഈ ദൃഷ്ടാന്തം യേശുവിൽനിന്ന്‌ നേരിട്ടുകേട്ട അപ്പൊസ്‌തലനായ പത്രൊസിന്റെ അതേ ബോധ്യം നിങ്ങൾക്കും ഉണ്ടായിരിക്കും. പത്രൊസ്‌ പിൽക്കാലത്ത്‌ എഴുതി: “[ദൈവം] നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.”—1 പത്രൊസ്‌ 5:7.

[അടിക്കുറിപ്പ്‌]

^ ഖ. 6 ഒരു കൂട്ടത്തിൽനിന്ന്‌ സ്വന്തം ആടുകളെ വേർതിരിച്ചെടുക്കുന്നത്‌ ഇടയനെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രശ്‌നമായിരുന്നില്ല. കാരണം സ്വന്തം ഇടയന്റെ ശബ്ദം വേർതിരിച്ചറിയാൻ ആടുകൾക്കു കഴിയും.—യോഹന്നാൻ 10:4.