വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാണുന്നതേ വിശ്വസിക്കാവൂ എന്നാണോ?

കാണുന്നതേ വിശ്വസിക്കാവൂ എന്നാണോ?

കാണുന്നതേ വിശ്വസിക്കാവൂ എന്നാണോ?

“ക്രിസ്‌തുമതവും മറ്റു മതങ്ങളും പഠിപ്പിക്കുന്ന, ദൈവം, ഭാവിജീവിതം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സത്യം മനസ്സിലാക്കാനാവില്ലെന്ന്‌ —കുറഞ്ഞപക്ഷം ഇപ്പോഴെങ്കിലും അസാധ്യമാണെന്ന്‌—കരുതുന്നവരെയാണ്‌ അജ്ഞേയവാദികൾ എന്നു വിളിക്കുന്നത്‌.” —ബർട്രൻഡ്‌ റസ്സൽ, തത്ത്വചിന്തകൻ, 1953.

“അജ്ഞേയവാദി” എന്ന പദത്തിന്‌ രൂപംനൽകിയത്‌ തോമസ്‌ ഹക്‌സ്‌ലി എന്ന ജന്തുശാസ്‌ത്രജ്ഞനാണ്‌. 1825-ൽ ജനിച്ച അദ്ദേഹം, ചാൾസ്‌ ഡാർവിന്റെ സമകാലികനും പരിണാമ സിദ്ധാന്തത്തിന്റെ വക്താവുമായിരുന്നു. “ക്രിസ്‌ത്യാനികൾ അവകാശപ്പെടുന്നതുപോലെ, നമ്മെ സ്‌നേഹിക്കുകയും നമുക്കായി കരുതുകയും ചെയ്യുന്ന” ഒരു ദൈവമുണ്ടെന്നതിന്‌ യാതൊരു തെളിവും തനിക്ക്‌ കണ്ടെത്താനായിട്ടില്ലെന്ന്‌ 1863-ൽ ഹക്‌സ്‌ലി എഴുതുകയുണ്ടായി.

മറ്റുള്ളവരിൽ പ്രഭാവം ചെലുത്താൻ കഴിഞ്ഞ അത്തരം വ്യക്തികളുടെ അഭിപ്രായത്തോട്‌ ഇന്ന്‌ അനേകരും യോജിക്കുന്നു. കാണുന്നതു മാത്രമേ വിശ്വസിക്കുകയുള്ളു എന്നാണവരുടെ പക്ഷം. തെളിവില്ലാതെ ഒരു കാര്യത്തിൽ അല്ലെങ്കിൽ ഒരു വ്യക്തിയിൽ വിശ്വസിക്കുന്നത്‌ ശുദ്ധ അസംബന്ധമാണെന്ന്‌ അവർ പറഞ്ഞേക്കാം.

ദൈവത്തിൽ അന്ധമായി വിശ്വസിക്കണമെന്നാണോ ബൈബിൾ പറയുന്നത്‌? അല്ലേയല്ല. നേരെമറിച്ച്‌, തെളിവുകളുടെ പിൻബലമില്ലാതെ എന്തെങ്കിലും വിശ്വസിക്കുന്നത്‌ അബദ്ധമാണെന്ന്‌—എന്തിന്‌, വിഡ്‌ഢിത്തംപോലുമാണെന്ന്‌—അതു വ്യക്തമാക്കുന്നു. അതിങ്ങനെ പറയുന്നു: “അല്‌പബുദ്ധി ഏതു വാക്കും വിശ്വസിക്കുന്നു; സൂക്ഷ്‌മബുദ്ധിയോ തന്റെ നടപ്പു സൂക്ഷിച്ചുകൊള്ളുന്നു.”​—⁠സദൃശവാക്യങ്ങൾ 14:15.

അങ്ങനെയെങ്കിൽ, ദൈവവിശ്വാസത്തിന്റെ കാര്യമോ? ദൈവം ഉണ്ടെന്നതിന്‌ എന്തെങ്കിലും തെളിവുണ്ടോ? ഇനി, അതു തെളിയിക്കാൻ കഴിഞ്ഞാൽത്തന്നെ അവൻ നമ്മെ സ്‌നേഹിക്കുകയും നമുക്കായി കരുതുകയും ചെയ്യുന്നു എന്നതിന്‌ എന്താണു തെളിവ്‌?

ദൈവത്തിന്റെ ഗുണങ്ങൾ—സൃഷ്ടികളിൽ

അഥേനയിലെ (ഏഥൻസ്‌) ഒരു കൂട്ടം ബുദ്ധിജീവികളോടു സംസാരിക്കവേ, ‘ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയത്‌’ ദൈവമാണെന്ന്‌ ബൈബിൾ എഴുത്തുകാരനായ പൗലൊസ്‌ സമർഥിച്ചു. ദൈവം മാനവരാശിയിൽ തത്‌പരനാണെന്നും “അവൻ നമ്മിൽ ആർക്കും അകന്നിരിക്കുന്നവനല്ല” എന്നും സംശയാലുക്കളായ ആ ശ്രോതാക്കളോട്‌ പൗലൊസ്‌ പറയുകയുണ്ടായി.​—⁠പ്രവൃത്തികൾ 17:24–27.

ദൈവമുണ്ടെന്നും താൻ സൃഷ്ടിച്ച മനുഷ്യരിൽ അവൻ തത്‌പരനാണെന്നും പൗലൊസിനെ ബോധ്യപ്പെടുത്തിയത്‌ എന്താണ്‌? റോമിലെ സഹക്രിസ്‌ത്യാനികൾക്ക്‌ എഴുതിയപ്പോൾ പൗലൊസ്‌ ഒരു കാരണം വെളിപ്പെടുത്തി; ദൈവത്തെക്കുറിച്ച്‌ അവൻ പറഞ്ഞു: “അവന്റെ അദൃശ്യലക്ഷണങ്ങൾ ലോകസൃഷ്ടിമുതൽ അവന്റെ പ്രവൃത്തികളാൽ ബുദ്ധിക്കുതെളിവായി വെളിപ്പെട്ടുവരുന്നു.”​—⁠റോമർ 1:20.

ദൈവത്തിന്റെ സൃഷ്ടികളിൽ പ്രതിഫലിച്ചുകാണുന്ന അവന്റെ മൂന്നു ഗുണങ്ങളെക്കുറിച്ചു വിശകലനം ചെയ്യുകയാണ്‌ തുടർന്നുവരുന്ന പേജുകളിൽ. അവ പരിചിന്തിക്കവേ, ‘ദൈവത്തിന്റെ ഈ ഗുണങ്ങളെക്കുറിച്ചു മനസ്സിലാക്കുന്നത്‌ എന്നിൽ എന്തു പ്രഭാവം ചെലുത്തുന്നു?’ എന്ന്‌ സ്വയം ചോദിക്കുക.

[3-ാം പേജിലെ ആകർഷക വാക്യം]

ദൈവത്തിൽ അന്ധമായി വിശ്വസിക്കാൻ ബൈബിൾ പറയുന്നില്ല