വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുത്തഴിഞ്ഞ ഈ ലോകത്തിൽ കുട്ടികളെ വളർത്തുമ്പോൾ

കുത്തഴിഞ്ഞ ഈ ലോകത്തിൽ കുട്ടികളെ വളർത്തുമ്പോൾ

കുത്തഴിഞ്ഞ ഈ ലോകത്തിൽ കുട്ടികളെ വളർത്തുമ്പോൾ

ഇഷ്ടപ്പെട്ട കളിപ്പാട്ടം ലഭിക്കാനോ പുറത്തുപോയി കളിക്കാനോ ഒക്കെ കുട്ടികൾ വാശിപിടിച്ചുകരയുന്നത്‌ നിങ്ങൾ കണ്ടിട്ടില്ലേ? മക്കൾക്കു ദോഷമൊന്നും ഭവിക്കരുതെന്നാണ്‌ ഏതൊരു അച്ഛന്റെയും അമ്മയുടെയും ആഗ്രഹമെങ്കിലും മിക്കപ്പോഴും ഒടുവിൽ അവർ മക്കളുടെ പിടിവാശിക്കു മുന്നിൽ മുട്ടുമടക്കുന്നു.

ഒട്ടുമിക്ക കാര്യങ്ങളിലും മക്കളുടെ ഇഷ്ടത്തിനു വഴങ്ങിക്കൊടുക്കുന്നതാണ്‌ നല്ല മാതാപിതാക്കളുടെ ലക്ഷണമെന്ന്‌ പലരും വിശ്വസിക്കുന്നു. ഐക്യനാടുകളിൽ നടത്തിയ ഒരു സർവേയുടെ കാര്യമെടുക്കാം. 12-നും 17-നും ഇടയ്‌ക്കു പ്രായമുള്ള 750 കുട്ടികളെ ഉൾക്കൊള്ളിച്ചുള്ളതായിരുന്നു ഈ സർവേ. “‘സാധ്യമല്ല’ എന്ന്‌ അച്ഛനമ്മമാർ പറയുമ്പോൾ എന്തു ചെയ്യും” എന്ന ചോദ്യത്തിന്‌, “വാശിപിടിക്കും” എന്നായിരുന്നു 60 ശതമാനത്തിന്റെയും മറുപടി. സാധാരണഗതിയിൽ ആ സൂത്രം ഫലിക്കാറുണ്ടെന്ന്‌ 55 ശതമാനം അഭിപ്രായപ്പെട്ടു. മക്കളുടെ ഇഷ്ടാനുസരണം പ്രവർത്തിക്കുന്നതാണ്‌ അവരോടുള്ള സ്‌നേഹമെന്ന്‌ ആ മാതാപിതാക്കൾ കരുതുന്നുണ്ടാവാം. എന്നാൽ അതു ശരിയാണോ?

“ദാസനെ ബാല്യംമുതൽ ലാളിച്ചുവളർത്തുന്നവനോടു അവൻ ഒടുക്കം ദുശ്ശാഠ്യം കാണിക്കും” എന്ന ഒരു പഴമൊഴിയുണ്ട്‌. (സദൃശവാക്യങ്ങൾ 29:21) മക്കൾ വേലക്കാരല്ലെന്നതു ശരിതന്നെ. എങ്കിലും മേൽപ്പറഞ്ഞ തത്ത്വം മക്കളെ വളർത്തുന്ന കാര്യത്തിലും ബാധകമാണെന്നതിനോടു നിങ്ങൾ യോജിക്കില്ലേ? ചോദിക്കുന്നതെന്തും നൽകി മക്കളെ ലാളിച്ചുവളർത്തുന്നത്‌ അവരെ വഷളാക്കുകയേ ഉള്ളൂ. താന്തോന്നികളും നന്ദികെട്ടവരുമായി അവർ വളർന്നുവരാൻ അത്‌ ഇടയാക്കും.

അതുകൊണ്ട്‌ “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക” എന്ന്‌ ബൈബിൾ മാതാപിതാക്കളെ ഉപദേശിക്കുന്നു. (സദൃശവാക്യങ്ങൾ 22:6) ജ്ഞാനികളായ മാതാപിതാക്കൾ ഈ നിർദേശം അനുസരിച്ചുകൊണ്ട്‌ കുടുംബത്തിൽ സുവ്യക്തവും ന്യായയുക്തവുമായ നിയമങ്ങൾ വെക്കുകയും ആ നിയമങ്ങളോടു പറ്റിനിൽക്കുകയും ചെയ്യും. മക്കളുടെ ഇഷ്ടത്തിനൊത്തു തുള്ളുന്നതാണ്‌ അവരോടുള്ള സ്‌നേഹമെന്ന്‌ അവർ ചിന്തിക്കുകയില്ല; മക്കൾ ശാഠ്യംപിടിക്കുകയോ ബഹളംവെക്കുകയോ ചെയ്യുന്നതിന്റെപേരിൽ അവരുടെ ഇഷ്ടം സാധിച്ചുകൊടുക്കുകയുമില്ല. പകരം അവർ, “നിങ്ങളുടെ . . . ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ” എന്ന യേശുവിന്റെ ജ്ഞാനമൊഴികൾക്കു ചേർച്ചയിൽ പ്രവർത്തിക്കും. (മത്തായി 5:37) കുട്ടികളെ പരിശീലിപ്പിക്കുന്നതിൽ എന്താണ്‌ ഉൾപ്പെട്ടിരിക്കുന്നത്‌? ഒരു നല്ല ഉദാഹരണം ശ്രദ്ധിക്കുക.

“വീരന്റെ കയ്യിലെ അസ്‌ത്രങ്ങൾ”

സങ്കീർത്തനം 127:4, 5 ഇപ്രകാരം പറയുന്നു: “വീരന്റെ കയ്യിലെ അസ്‌ത്രങ്ങൾ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കൾ. അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷൻ ഭാഗ്യവാൻ.” മക്കൾക്ക്‌ മാതാപിതാക്കളുടെ മാർഗദർശനം ആവശ്യമാണെന്ന്‌ ഈ ദൃഷ്ടാന്തം വ്യക്തമാക്കുന്നു. ഇവിടെ കുട്ടികളെ അസ്‌ത്രങ്ങളോടും പിതാവിനെ അല്ലെങ്കിൽ മാതാവിനെ ഒരു വീരയോദ്ധാവിനോടും ഉപമിച്ചിരിക്കുന്നതു ശ്രദ്ധിക്കുക. അസ്‌ത്രം യദൃച്ഛയാ ചെന്ന്‌ ലക്ഷ്യത്തിൽ തറയ്‌ക്കില്ലെന്ന്‌ ഒരു വില്ലാളിക്ക്‌ അറിയാവുന്നതുപോലെ മക്കൾ സ്വന്തനിലയിൽ നന്നായി വളർന്നുവരില്ലെന്ന്‌ സ്‌നേഹമുള്ള മാതാപിതാക്കൾ മനസ്സിലാക്കും. മക്കൾ ‘ലക്ഷ്യത്തിലെത്താൻ’ അതായത്‌ സന്തുഷ്ടരും ഉത്തരവാദിത്വബോധമുള്ളവരുമായ വ്യക്തികളായിത്തീരാൻ അവർ ആഗ്രഹിക്കുന്നു. മക്കൾ ശരിയായ തീരുമാനങ്ങൾ എടുത്തുകൊണ്ട്‌ ജ്ഞാനപൂർവം പ്രവർത്തിക്കാനും അനാവശ്യപ്രശ്‌നങ്ങൾ ഒഴിവാക്കാനും മൂല്യവത്തായ ലാക്കുകൾ എത്തിപ്പിടിക്കാനും അവർ പ്രതീക്ഷിക്കുന്നു. എന്നാൽ ഇങ്ങനെയെല്ലാം ആഗ്രഹിച്ചതുകൊണ്ടായില്ല.

അസ്‌ത്രം ലക്ഷ്യത്തിൽ തറയ്‌ക്കണമെങ്കിൽ എന്തു ചെയ്യണം? ഒന്നാമതായി, അത്‌ വളരെ ശ്രദ്ധയോടെവേണം ഉണ്ടാക്കാൻ. രണ്ടാമതായി, അസ്‌ത്രം കേടുവരാതെ സംരക്ഷിക്കണം. കൂടാതെ നന്നായി ഉന്നംപിടിച്ചുവേണം അതു ലക്ഷ്യത്തിലേക്കു തൊടുക്കാൻ. സമാനമായി, യുവത്വത്തിലേക്കുള്ള യാത്രയിൽ വിജയകരമായി മുന്നേറാൻ മക്കളെ മാതാപിതാക്കൾ ശ്രദ്ധയോടെ സജ്ജരാക്കണം. ആവശ്യമായ സംരക്ഷണം പ്രദാനംചെയ്യുകയും ലക്ഷ്യത്തിലേക്കു വഴിനയിക്കുകയും വേണം. ഈ മൂന്നു ഘടകങ്ങളും നമുക്കിപ്പോൾ ഓരോന്നായി പരിചിന്തിക്കാം.

അസ്‌ത്രം ശ്രദ്ധയോടെ നിർമിക്കുക

ബൈബിൾകാലങ്ങളിൽ വില്ലാളികൾ തങ്ങളുടെ അസ്‌ത്രങ്ങൾ ഉണ്ടാക്കിയിരുന്നത്‌ വളരെ ശ്രദ്ധയോടെയാണ്‌. കനം കുറഞ്ഞ തടിയിൽനിന്ന്‌ വളവൊന്നും കൂടാതെ ചെത്തിമിനുക്കിയെടുത്തശേഷം അഗ്രം കൂർപ്പിച്ചായിരുന്നു അവ നിർമിച്ചിരുന്നത്‌. അസ്‌ത്രത്തിന്റെ ഗതി നിയന്ത്രിക്കാൻ അതിന്റെ മറ്റേ അറ്റത്ത്‌ തൂവലുകളും പിടിപ്പിച്ചിരുന്നു.

തങ്ങളുടെ മക്കൾ വളവില്ലാത്ത ആ അസ്‌ത്രങ്ങളെപ്പോലെ, വക്രതയില്ലാത്തവരും നേർവഴിക്കു നടക്കുന്നവരുമായിരിക്കാൻ മാതാപിതാക്കൾ ആഗ്രഹിക്കുന്നു. അതുകൊണ്ട്‌ ജ്ഞാനികളായ അച്ഛനമ്മമാർ മക്കളുടെ ഗുരുതരമായ തെറ്റുകൾക്കുനേരെ കണ്ണടയ്‌ക്കുകയില്ല. പകരം അവ തിരുത്താൻ സ്‌നേഹപൂർവം അവർ കുട്ടികളെ സഹായിക്കും. “ബാലന്റെ ഹൃദയത്തോടു ഭോഷത്വം പറ്റിയിരിക്കു”ന്നതിനാൽ പലപ്പോഴും മാതാപിതാക്കൾക്ക്‌ അത്‌ ചെയ്യേണ്ടിവന്നേക്കാം. (സദൃശവാക്യങ്ങൾ 22:15) മക്കൾക്ക്‌ ശിക്ഷണം നൽകാൻ ബൈബിൾ മാതാപിതാക്കളെ ഉദ്‌ബോധിപ്പിക്കുന്നതും അതുകൊണ്ടാണ്‌. (എഫെസ്യർ 6:4) ഒരു കുട്ടിയുടെ മനസ്സും സ്വഭാവവും രൂപപ്പെടുത്തുന്നതിൽ ശിക്ഷണത്തിന്റെ പങ്ക്‌ നിസ്സാരമല്ല.

“വടി ഉപയോഗിക്കാത്തവൻ തന്റെ മകനെ പകെക്കുന്നു; അവനെ സ്‌നേഹിക്കുന്നവനോ ചെറുപ്പത്തിലേ അവനെ ശിക്ഷിക്കുന്നു” എന്ന്‌ സദൃശവാക്യങ്ങൾ 13:24 പറയുന്നത്‌ എത്ര സത്യം! ‘വടി ഉപയോഗിക്കുക’ എന്ന്‌ ഇവിടെ പറഞ്ഞിരിക്കുന്നത്‌ ഏതു തരത്തിലുള്ള തിരുത്തലിനെയും അർഥമാക്കുന്നു. കുട്ടിക്കാലത്തെ ചില തെറ്റുകൾ ആഴത്തിൽ വേരുറച്ചുപോയാൽ മുതിർന്നുകഴിയുമ്പോൾ അത്‌ വലിയ അപകടങ്ങൾക്കിടയാക്കും. സ്‌നേഹപൂർവകമായ ശിക്ഷണത്തിലൂടെ അവ മുളയിലേ നുള്ളിക്കളയാൻ മാതാപിതാക്കൾക്കാകും. അത്തരം ശിക്ഷണം നൽകാതിരിക്കുന്നവർ മക്കളെ സ്‌നേഹിക്കുകയല്ല, ദ്രോഹിക്കുകയാണു ചെയ്യുന്നത്‌.

നിയമങ്ങൾക്കു പിന്നിലെ കാരണങ്ങൾ മനസ്സിലാക്കാനും സ്‌നേഹമുള്ള അച്ഛനമ്മമാർ മക്കളെ സഹായിക്കും. അതേ, കേവലം ആജ്ഞകൾ നൽകുന്നതും ശിക്ഷകൾ നടപ്പാക്കുന്നതുമല്ല ശിക്ഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നത്‌. നൽകുന്ന നിർദേശങ്ങൾ ബുദ്ധിപൂർവം മനസ്സിലാക്കാൻ കുട്ടിയെ സഹായിക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം. “ന്യായപ്രമാണത്തെ പ്രമാണിക്കുന്നവൻ ബുദ്ധിയുള്ള മകൻ” എന്ന്‌ ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 28:7.

തൊടുത്തുവിടുന്ന ശരം നേരെ ലക്ഷ്യത്തിലേക്കു പായാൻ അതിന്റെ അറ്റത്തു പിടിപ്പിച്ചിട്ടുള്ള തൂവലുകൾ സഹായിക്കുന്നു. സമാനമായി കുടുംബക്രമീകരണത്തിന്റെ ഉപജ്ഞാതാവിൽനിന്നുള്ള ഉപദേശങ്ങൾ നിങ്ങളുടെ മക്കളോടൊപ്പമുണ്ടെങ്കിൽ പറക്കമുറ്റിയശേഷവും അതവർക്കു പ്രയോജനം ചെയ്യും. (എഫെസ്യർ 3:14, 15) അങ്ങനെയെങ്കിൽ ആ ഉപദേശങ്ങൾ നിങ്ങളുടെ മക്കളോടൊപ്പംതന്നെയുണ്ടെന്ന്‌ നിങ്ങൾക്ക്‌ എങ്ങനെ ഉറപ്പുവരുത്താം?

മോശെയുടെ നാളിൽ ഇസ്രായേല്യ മാതാപിതാക്കൾക്ക്‌ ദൈവം ഈ ബുദ്ധിയുപദേശം നൽകി: “ഇന്നു ഞാൻ നിന്നോടു കല്‌പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും . . . വേണം.” (ആവർത്തനപുസ്‌തകം 6:6, 7) അതുകൊണ്ട്‌ മാതാപിതാക്കൾ രണ്ടു കാര്യങ്ങൾ ചെയ്യാൻ ശ്രദ്ധിക്കേണ്ടതുണ്ട്‌. ആദ്യം അവർതന്നെ ദൈവവചനം വായിക്കുകയും പിൻപറ്റുകയും അങ്ങനെ ദൈവത്തിന്റെ നിയമങ്ങൾ സ്‌നേഹിക്കാൻ പഠിക്കുകയും വേണം. (സങ്കീർത്തനം 119:97) അപ്പോൾ മേൽപ്പറഞ്ഞ തിരുവെഴുത്തിൽ രണ്ടാമതു പറഞ്ഞിരിക്കുന്നപ്രകാരം ദൈവനിയമങ്ങൾ മക്കൾക്ക്‌ ഉപദേശിച്ചുകൊടുക്കാൻ അവർക്കാകും. ആ നിയമങ്ങൾ ഫലകരമായി, ആവർത്തിച്ചു പഠിപ്പിച്ചുകൊണ്ട്‌ അവയുടെ മൂല്യം തിരിച്ചറിയാൻ മക്കളെ സഹായിക്കുക എന്നാണ്‌ അതിനർഥം.

ബൈബിൾതത്ത്വങ്ങൾ പഠിപ്പിക്കുന്നതും ഗുരുതരമായ തെറ്റുകൾ തിരുത്താൻ സ്‌നേഹപൂർവം ശിക്ഷണം നൽകുന്നതുമൊന്നും ഒരിക്കലും പഴഞ്ചൻ സമ്പ്രദായങ്ങളല്ല. മക്കളാകുന്ന വിലപ്പെട്ട “അസ്‌ത്ര”ങ്ങളെ വഴിവിട്ടുപോകാതെ പക്വതയിലേക്കു മുന്നേറാൻ സജ്ജരാക്കുന്ന സുപ്രധാന മാർഗങ്ങളാണിവ.

അസ്‌ത്രം സംരക്ഷിക്കുക

സങ്കീർത്തനം 127:4, 5-ലെ ദൃഷ്ടാന്തത്തിലേക്കു മടങ്ങിവരാം. വില്ലാളി അസ്‌ത്രങ്ങൾകൊണ്ട്‌ തന്റെ ‘ആവനാഴി നിറയ്‌ക്കുന്നതായി’ അവിടെ പറഞ്ഞിരിക്കുന്നു. അസ്‌ത്രങ്ങൾ ഉണ്ടാക്കിയെടുത്തശേഷം അവ സംരക്ഷിക്കേണ്ടതുണ്ട്‌. അതുകൊണ്ട്‌ വില്ലാളി തന്റെ അസ്‌ത്രങ്ങൾ ആവനാഴിയിലാണ്‌ കൊണ്ടുനടക്കുന്നത്‌. അപ്പോൾ അവ ഒടിഞ്ഞുപോവുകയോ നശിച്ചുപോവുകയോ ഇല്ല. മിശിഹായെക്കുറിച്ചുള്ള പ്രവചനത്തിൽ പിതാവ്‌ അവനെ മിനുക്കിയ ഒരു അമ്പാക്കി തന്റെ “പൂണിയിൽ” അഥവാ ആവനാഴിയിൽ ‘മറച്ചുവെച്ചതായി’ ബൈബിൾ പറയുന്നുവെന്നതു ശ്രദ്ധേയമാണ്‌. (യെശയ്യാവു 49:2) മുൻകൂട്ടിപറയപ്പെട്ടപ്രകാരം മിശിഹായെന്നനിലയിൽ മരണംവരിക്കുന്ന സമയം വന്നെത്തുന്നതുവരെ, തന്റെ പ്രിയപുത്രനായ യേശുവിനെ അവന്റെ വത്സലപിതാവായ യഹോവയാം ദൈവം എല്ലാവിധ ദോഷങ്ങളിൽനിന്നും സംരക്ഷിച്ചു. അതിനുശേഷവും ദൈവം അവനെ സംരക്ഷിക്കുകയുണ്ടായി. നിത്യം ജീവിക്കേണ്ടതിന്‌ സ്വർഗത്തിലേക്ക്‌ സുരക്ഷിതമായി തിരികെക്കൊണ്ടുവന്ന്‌ മരണത്തിന്റെ ബന്ധനത്തിൽനിന്ന്‌ ദൈവം അവനെ മോചിപ്പിച്ചു.

സമാനമായി, വഴിപിഴച്ച ഈ ലോകത്തിലെ അപകടങ്ങളിൽനിന്ന്‌ മക്കളെ സംരക്ഷിക്കുന്ന കാര്യത്തിൽ സ്‌നേഹമുള്ള മാതാപിതാക്കൾ ശ്രദ്ധാലുക്കളാണ്‌. അതുകൊണ്ട്‌ മക്കളെ കുഴപ്പങ്ങളിൽ കൊണ്ടെത്തിച്ചേക്കാവുന്ന ചില കാര്യങ്ങൾ അവർ വിലക്കിയേക്കാം. ഉദാഹരണത്തിന്‌, ജ്ഞാനികളായ മാതാപിതാക്കൾ, “ദുഷിച്ച സംസർഗം സദ്‌ശീലങ്ങളെ കെടുത്തിക്കളയുന്നു” എന്ന തത്ത്വം മനസ്സിൽപ്പിടിക്കുന്നു. (1 കൊരിന്ത്യർ 15:33, NW) ബൈബിളിന്റെ ധാർമിക നിലവാരങ്ങൾ ആദരിക്കാത്തവരുമായുള്ള ചങ്ങാത്തത്തിൽനിന്ന്‌ മക്കളെ കാക്കുന്നത്‌ ഗുരുതരവും മരണകരവുമായ തെറ്റുകളിൽ ചെന്നുചാടുന്നതിൽനിന്ന്‌ അവരെ സംരക്ഷിച്ചേക്കും.

മാതാപിതാക്കൾ നൽകുന്ന സംരക്ഷണം മക്കൾ എല്ലായ്‌പോഴും വിലമതിച്ചെന്നു വരില്ല. പലതിനും അനുവാദം കൊടുക്കാത്തതിന്റെ പേരിൽ അവർ നിങ്ങളോടു കയർത്തെന്നുപോലും വരാം. കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിനെക്കുറിച്ച്‌ പല പുസ്‌തകങ്ങളും എഴുതിയിട്ടുള്ള ഒരു ഗ്രന്ഥകാരൻ പറയുന്നു: “മക്കൾ എല്ലായ്‌പോഴും വിലമതിപ്പു പ്രകടിപ്പിക്കുയോ നന്ദി പറയുകയോ ചെയ്യില്ലെങ്കിലും അച്ഛനും അമ്മയും തങ്ങളുടെ ജീവിതത്തിന്‌ ഭദ്രമായ ഒരു ചട്ടക്കൂട്‌ പ്രദാനംചെയ്യണമെന്നുതന്നെയാണ്‌ അവരുടെ ആഗ്രഹം. ഉത്തരവാദിത്വബോധമുള്ള മാതാപിതാക്കളായി നല്ല പെരുമാറ്റച്ചട്ടങ്ങൾ വെച്ചുകൊണ്ട്‌ നമുക്കതു ചെയ്യാനാകും.”

മക്കളുടെ സമാധാനമോ നിഷ്‌കളങ്കതയോ ദൈവമുമ്പാകെയുള്ള ശുദ്ധമായ നിലയോ കവർന്നുകളഞ്ഞേക്കാവുന്ന എന്തിൽനിന്നും അവരെ സംരക്ഷിക്കുന്നത്‌ അവരോടുള്ള സ്‌നേഹത്തിന്റെ വലിയ തെളിവാണ്‌. നിങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിന്റെ കാരണം കാലക്രമത്തിൽ അവർ തിരിച്ചറിയുകയും നിങ്ങൾ നൽകുന്ന സ്‌നേഹപുരസ്സരമായ സംരക്ഷണം വിലമതിക്കുകയും ചെയ്യും.

അസ്‌ത്രത്തിന്റെ ഗതി നിയന്ത്രിക്കുക

സങ്കീർത്തനം 127:4, 5 ഒരു പിതാവിനെ വീരനായ വില്ലാളിയോട്‌ ഉപമിക്കുന്നുവെന്നതു ശ്രദ്ധിക്കുക. ഇതിനർഥം പിതാവിനു മാത്രമേ മക്കളെ വളർത്തുന്നതിൽ ശ്രദ്ധിക്കേണ്ടതുള്ളു എന്നാണോ? ഒരിക്കലുമല്ല. ഈ ദൃഷ്ടാന്തത്തിലെ തത്ത്വം മാതാവിനും പിതാവിനും ഒരുപോലെ ബാധകമാണ്‌. മാതാപിതാക്കളിൽ ഒരാൾ മാത്രമുള്ള സാഹചര്യത്തിലും ഇതു സത്യമാണ്‌. (സദൃശവാക്യങ്ങൾ 1:8) ‘വീരൻ’ എന്ന പദം അസ്‌ത്രം തൊടുത്തുവിടുന്നതിന്‌ ഗണ്യമായ ശക്തി ആവശ്യമാണെന്നാണു സൂചിപ്പിക്കുന്നത്‌. ബൈബിൾകാലങ്ങളിൽ വില്ലുകൾ ചെമ്പുകൊണ്ട്‌ പൊതിയുന്ന രീതിയുണ്ടായിരുന്നു. വില്ലു കുലയ്‌ക്കാനായി അഥവാ വില്ലിന്മേൽ ചരടു കെട്ടാനായി ഒരു യോദ്ധാവ്‌ അത്‌ കാലുകൊണ്ട്‌ ചവിട്ടിപ്പിടിച്ച്‌ വളയ്‌ക്കുമായിരുന്നത്രേ! (യിരെമ്യാവു 50:14, 29) അസ്‌ത്രങ്ങൾ ലക്ഷ്യത്തിലേക്കു തൊടുത്തുവിടാൻ തക്കവണ്ണം ആ ചരട്‌ പിമ്പോട്ടു വലിക്കാൻ നല്ല കരുത്തും ശ്രമവും ആവശ്യമായിരുന്നെന്നതിനു സംശയമില്ല.

അതുപോലെ, കുട്ടികളെ വളർത്താൻ വലിയ ശ്രമം ആവശ്യമാണ്‌. ഒരു അസ്‌ത്രം താനേ ചെന്ന്‌ ലക്ഷ്യത്തിൽ തറയ്‌ക്കുന്നില്ലാത്തതുപോലെ അവർക്കും സ്വന്തനിലയിൽ നന്നായി വളർന്നുവരാനാവില്ല. ദുഃഖകരമെന്നു പറയട്ടെ, ആവശ്യമായ ശ്രമംചെയ്യാൻ പല മാതാപിതാക്കളും വിമുഖതയുള്ളവരായി കാണപ്പെടുന്നു. എളുപ്പത്തിൽ കാര്യങ്ങൾ നടക്കണമെന്നാണ്‌ അവരുടെ ചിന്ത. നന്മതിന്മകളെയും ധാർമികതയെയും ലൈംഗികതയെയും കുറിച്ച്‌ കുട്ടികൾ ടെലിവിഷനിൽനിന്നോ സ്‌കൂളിൽനിന്നോ സമപ്രായക്കാരിൽനിന്നോ പഠിച്ചുകൊള്ളുമെന്ന്‌ അവർ കരുതുന്നു. ഒന്നും അവർ മക്കൾക്ക്‌ നിഷേധിക്കുന്നില്ല. ‘പറ്റില്ല’ എന്നു പറയുന്നത്‌ ബുദ്ധിമുട്ടാണെന്നു തോന്നിയാൽ ഉടനെ അവർ മക്കളുടെ ഇഷ്ടത്തിനു വഴങ്ങിക്കൊടുക്കും. കുട്ടികളുടെ വികാരങ്ങളെ വ്രണപ്പെടുത്താൻ ഇഷ്ടപ്പെടുന്നില്ല എന്നായിരിക്കും മിക്കപ്പോഴും അവരുടെ ന്യായം. വാസ്‌തവത്തിൽ ഇത്തരം സമീപനമാണ്‌ കുട്ടികൾക്ക്‌ ദോഷം വരുത്തിവെക്കുന്നത്‌.

മക്കളെ വളർത്തുന്നത്‌ ഒരു നിസ്സാര സംഗതിയല്ല. ദൈവവചനത്തിലെ മാർഗനിർദേശത്തിനു ചേർച്ചയിലും പൂർണഹൃദയത്തോടെയും നിർവഹിക്കേണ്ടതായതിനാൽ ഈ ദൗത്യം തികച്ചും ശ്രമകരമായ ഒന്നാണ്‌. എന്നാൽ അത്‌ തക്ക മൂല്യമുള്ളതുമാണ്‌. പേരന്റ്‌സ്‌ മാസിക അഭിപ്രായപ്പെടുന്നു: “സ്‌നേഹവും ഉത്തരവാദിത്വബോധവുമുള്ളവരും ആവശ്യമായ പിന്തുണ നൽകി മക്കളെ ചിട്ടയോടെ വളർത്തുന്നവരുമായ മാതാപിതാക്കളുടെ മക്കൾ പഠനത്തിൽ മികച്ചുനിൽക്കുന്നവരും നല്ല വ്യക്തിത്വമുള്ളവരും ആത്മവിശ്വാസമുള്ളവരുമായിരിക്കും. അമിതസ്വാതന്ത്ര്യം അനുവദിക്കുന്നവരോ അങ്ങേയറ്റം കർക്കശരോ ആയവരുടെ മക്കളെക്കാൾ അവർ സന്തുഷ്ടരുമായിരിക്കും.”

എന്നാൽ ഇതിലും മഹത്തായ മറ്റൊരു പ്രതിഫലമുണ്ട്‌. “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക” എന്ന, സദൃശവാക്യങ്ങൾ 22:6-ന്റെ ആദ്യഭാഗം നാം മുമ്പ്‌ പരിചിന്തിച്ചുവല്ലോ. “അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല” എന്ന്‌ ആ വാക്യം തുടർന്ന്‌ പറയുന്നു. എന്നാൽ നിങ്ങളുടെ ശ്രമം നൂറു ശതമാനവും വിജയിക്കുമെന്ന്‌ അതിനർഥമുണ്ടോ? അവശ്യം അങ്ങനെയായിരിക്കണമെന്നില്ല. കാരണം നിങ്ങളുടെ കുട്ടിക്ക്‌ തന്റെ ഇച്ഛാശക്തി സ്വന്തന്ത്രമായി ഉപയോഗിക്കാനുള്ള പ്രാപ്‌തിയുണ്ട്‌. വളർന്നുകഴിയുമ്പോൾ അവൻ അത്‌ വിനിയോഗിക്കുകയും ചെയ്യും. എങ്കിലും ഈ വാക്യം മാതാപിതാക്കൾക്ക്‌ ആശ്വാസദായകമായ ഒരു ഉറപ്പുനൽകുന്നു. എന്താണത്‌?

നിങ്ങളുടെ കുട്ടിയെ ബൈബിൾ ബുദ്ധിയുപദേശത്തിനു ചേർച്ചയിൽ പരിശീലിപ്പിക്കുമ്പോൾ സന്തുഷ്ടരും സംതൃപ്‌തരും ഉത്തരവാദിത്വബോധമുള്ളവരുമായി വളർന്നുവരാനുള്ള ഏറ്റവും അനുകൂലമായ ഒരു സാഹചര്യം നിങ്ങൾ അവന്‌ ഒരുക്കിക്കൊടുക്കുകയാണ്‌. (സദൃശവാക്യങ്ങൾ 23:24) അതുകൊണ്ട്‌ വിലയേറിയ ഈ ‘അസ്‌ത്രങ്ങളെ,’ നിങ്ങളുടെ മക്കളെ, വേണ്ടവിധത്തിൽ ഒരുക്കുകയും നല്ലവണ്ണം സംരക്ഷിക്കുകയും വഴിനയിക്കുകയും ചെയ്യുക. അപ്പോൾ നിങ്ങൾക്ക്‌ ഒരിക്കലും ഖേദിക്കേണ്ടിവരില്ല.

[13-ാം പേജിലെ ചിത്രം]

മക്കളുടെ എല്ലാ ഇഷ്ടങ്ങൾക്കും വഴങ്ങിക്കൊടുക്കുന്നത്‌ അവരോടുള്ള സ്‌നേഹമാണോ?

[15-ാം പേജിലെ ചിത്രം]

സ്‌നേഹമുള്ള ഒരു പിതാവോ മാതാവോ കുടുംബത്തിലെ നിയമങ്ങൾക്കു പിന്നിലെ കാരണങ്ങൾ മക്കൾക്കു വിശദീകരിച്ചുകൊടുക്കും

[15-ാം പേജിലെ ചിത്രം]

നല്ല മാതാപിതാക്കൾ അധഃപതിച്ച ഈ ലോകത്തിലെ അപകടങ്ങളിൽനിന്നും മക്കളെ സംരക്ഷിക്കും

[16-ാം പേജിലെ ചിത്രം]

കുട്ടികളെ വളർത്തുന്നത്‌ ശ്രമകരമാണ്‌, എന്നാൽ അതിന്റെ പ്രതിഫലങ്ങൾ വലുതാണ്‌