തിമൊഥെയൊസ്—സേവനസന്നദ്ധനായ ഒരു യുവാവ്
മക്കളെ പഠിപ്പിക്കാൻ
തിമൊഥെയൊസ്—സേവനസന്നദ്ധനായ ഒരു യുവാവ്
“റെഡിയാണോ?” ആരെങ്കിലും നിങ്ങളോട് അങ്ങനെ ചോദിച്ചിട്ടുണ്ടോ?— എന്തെങ്കിലുമൊരു കാര്യത്തിനായി നിങ്ങൾ ഒരുങ്ങിക്കഴിഞ്ഞോ എന്ന അർഥത്തിലായിരിക്കാം അതു ചോദിച്ചത്; ‘പാഠപുസ്‌തകങ്ങളെല്ലാം എടുത്തുവെച്ചിട്ടുണ്ടോ?’ ‘പാഠങ്ങളെല്ലാം നന്നായി വായിച്ചിട്ടുണ്ടോ?’ എന്നൊക്കെയുള്ള അർഥത്തിൽ. നമുക്കിപ്പോൾ തിമൊഥെയൊസ് എന്ന യുവാവിനെക്കുറിച്ചു ചിന്തിക്കാം. അവനും ഒരു പ്രത്യേക കാര്യത്തിനായി ഒരുങ്ങിയിരിക്കുകയായിരുന്നു.
പറയുന്ന കാര്യങ്ങൾ ചെയ്യാൻ സന്നദ്ധനായ ഒരു വ്യക്തികൂടെയായിരുന്നു തിമൊഥെയൊസ്. അത് നമുക്കെങ്ങനെ അറിയാം?— ദൈവത്തെ സേവിക്കാനുള്ള ക്ഷണം ലഭിച്ചപ്പോൾ, “അടിയൻ ഇതാ അടിയനെ അയക്കേണമേ” എന്നു പറഞ്ഞ മറ്റൊരു ദൈവദാസനെപ്പോലെയാണ് അവനും പ്രതികരിച്ചത്. (യെശയ്യാവു 6:8) ഇങ്ങനെയുള്ള മനസ്സുണ്ടായിരുന്നതുകൊണ്ട് തിമൊഥെയൊസിന്റെ ജീവിതം വളരെ വളരെ സന്തോഷമുള്ളതായിരുന്നു. ആ കഥ കേൾക്കാൻ ഇഷ്ടമാണോ?—
യെരുശലേമിൽനിന്നു നൂറുകണക്കിന് കിലോമീറ്റർ അകലെയുള്ള ലുസ്‌ത്രയിലാണ് തിമൊഥെയൊസ് ജനിച്ചത്. അവന്റെ അമ്മൂമ്മ ലോവീസും അമ്മ യൂനീക്കയും തിരുവെഴുത്തുകൾ നന്നായി പഠിക്കുന്നവരായിരുന്നു. തിമൊഥെയൊസ് കുഞ്ഞായിരുന്നപ്പോൾതന്നെ അവനെയും അവർ ദൈവവചനത്തിൽനിന്നുള്ള കാര്യങ്ങൾ പഠിപ്പിക്കാൻ തുടങ്ങി.—2 തിമൊഥെയൊസ് 1:5; 3:14, 15.
സാധ്യതയനുസരിച്ച് തിമൊഥെയൊസ് കൗമാത്തിലായിരിക്കുമ്പോഴാണ് പൗലൊസ് അപ്പൊസ്‌തലൻ ബർന്നബാസുമൊത്ത് ലുസ്‌ത്രയിൽ ചെല്ലുന്നത്. പൗലൊസിന്റെ ആദ്യത്തെ വലിയ സുവിശേഷയാത്രയായിരുന്നു അത്. ഈ സമയത്തായിരിക്കാം തിമൊഥെയൊസിന്റെ അമ്മയും അമ്മൂമ്മയും ക്രിസ്‌ത്യാനികളായത്. പൗലൊസിനും ബർന്നബാസിനും എന്തൊക്കെ ബുദ്ധിമുട്ടുകൾ ഉണ്ടായെന്ന് അറിയാമോ?— ക്രിസ്‌ത്യാനികളെ ഇഷ്ടമില്ലായിരുന്ന ആളുകൾ പൗലൊസിനെ കല്ലെറിഞ്ഞു. പിന്നെ അവർ അവനെ പട്ടണത്തിനു പുറത്തേക്കു വലിച്ചിഴച്ചുകൊണ്ടുപോയി. അവൻ മരിച്ചെന്നുതന്നെയായിരുന്നു അവർ വിചാരിച്ചത്.
പൗലൊസ് പഠിപ്പിച്ച കാര്യങ്ങൾ വിശ്വസിച്ചവർ അവന്റെ അടുക്കൽ ചെന്നപ്പോൾ അവൻ എഴുന്നേറ്റുനിന്നു. പിറ്റേന്ന് പൗലൊസും ബർന്നബാസും ലുസ്‌ത്ര വിട്ടുപോയെങ്കിലും താമസിയാതെ അവർ അവിടേക്കു മടങ്ങിച്ചെന്നു. ആ സമയത്ത് പൗലൊസ് ഒരു പ്രസംഗം നടത്തി. ‘അനേകം കഷ്ടങ്ങളിൽക്കൂടിവേണം നാം ദൈവരാജ്യത്തിൽ കടക്കാൻ’ എന്ന് അവൻ ശിഷ്യന്മാരോടു പറഞ്ഞു. (പ്രവൃത്തികൾ 14:8-22) അവൻ പറഞ്ഞതിന്റെ അർഥം എന്താണെന്ന് അറിയാമോ?— ദൈവത്തെ സേവിക്കുന്നവരെ മറ്റുള്ളവർ ഉപദ്രവിക്കും. ‘ദൈവഭക്തിയോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും ഉപദ്രവം ഉണ്ടാകും’ എന്ന് പിന്നീട് അവൻ തിമൊഥെയൊസിന് എഴുതി.—2 തിമൊഥെയൊസ് 3:12; യോഹന്നാൻ 15:20.
പൗലൊസും ബർന്നബാസും ലുസ്‌ത്രയിൽനിന്ന് അവരുടെ വീട്ടിലേക്കു മടങ്ങി. കുറച്ചു മാസങ്ങൾക്കുശേഷം പൗലൊസ് ശീലാസിനെയും കൂട്ടി വീണ്ടും യാത്രയായി, പൗലൊസ് മുമ്പ് സന്ദർശിച്ച സ്ഥലങ്ങളിലുള്ള പുതിയ ശിഷ്യന്മാരെ പ്രോത്സാഹിപ്പിക്കാൻ. അവർ ലുസ്‌ത്രയിലെത്തിയപ്പോൾ പൗലൊസിനെ വീണ്ടും കാണാനായതിൽ തിമൊഥെയൊസ് എത്ര സന്തോഷിച്ചിരിക്കണം! പൗലൊസിനും ശീലാസിനുമൊപ്പം യാത്ര ചെയ്യാനുള്ള ക്ഷണം ലഭിച്ചപ്പോൾ ആ സന്തോഷം പതിന്മടങ്ങായി. തിമൊഥെയൊസ് പോകാൻ റെഡിയായി. അതേ, പറയുന്ന കാര്യങ്ങൾ ചെയ്യാൻ അവൻ സന്നദ്ധനായിരുന്നു.—കിലോമീറ്ററുകളോളം കാൽനടയായി സഞ്ചരിച്ചശേഷം ആ മൂവർ സംഘം കപ്പൽകയറി. കരയ്‌ക്കെത്തിയ അവർ ഗ്രീസിലുള്ള തെസ്സലൊനീക്യയിലേക്കു നടന്നു. അവിടെയുള്ള പലരും ക്രിസ്‌ത്യാനികളായി. പക്ഷേ വേറെ കുറേപേർക്ക് അത് ഇഷ്ടമായില്ല. കുപിതരായ അവർ പൗലൊസിനെയും ശീലാസിനെയും തിമൊഥെയൊസിനെയും ആക്രമിക്കാൻ ആളുകളെ ചട്ടംകെട്ടി. ജീവൻ അപകടത്തിലായതിനാൽ അവർ മൂവരും ബരോവയിലേക്കു പോയി.— പ്രവൃത്തികൾ 17:1-10.
തെസ്സലൊനീക്യയിലുള്ള പുതിയ വിശ്വാസികളുടെ കാര്യത്തിൽ പൗലൊസിന് വലിയ വിഷമമുണ്ടായിരുന്നു. അവൻ തിമൊഥെയൊസിനെ അവിടേക്കയച്ചു. എന്തിനാണെന്നറിയാമോ?— “ആരും കുലുങ്ങിപ്പോകാതിരിക്കേണ്ടതിന്നു നിങ്ങളെ സ്ഥിരപ്പെടുത്തു”വാനാണ് അവനെ അയച്ചതെന്ന് തെസ്സലൊനീക്യയിലുള്ള ക്രിസ്‌ത്യാനികളോട് പൗലൊസ് പിന്നീട് വിവരിക്കുകയുണ്ടായി. അപകടം നിറഞ്ഞ ആ സ്ഥലത്തേക്ക് യുവാവായ തിമൊഥെയൊസിനെത്തന്നെ പൗലൊസ് അയച്ചത് എന്തുകൊണ്ടാണെന്ന് അറിയാമോ? ഒരു സംഗതി, ശത്രുക്കൾക്ക് തിമൊഥെയൊസിനെ അത്ര പരിചയമില്ലായിരുന്നു. തന്നെയല്ല, ആ ദൗത്യം നിറവേറ്റാൻ തിമൊഥെയൊസ് സന്നദ്ധനുമായിരുന്നു. അതിന് വലിയ ധൈര്യം ആവശ്യമായിരുന്നു! അവൻ അവിടെ പോയതിനു ഫലമുണ്ടായോ? പൗലൊസിന്റെ അടുക്കൽ തിരിച്ചെത്തിയ തിമൊഥെയൊസ് തെസ്സലൊനീക്യരുടെ വിശ്വസ്‌തതയെക്കുറിച്ച് അവനോടു പറഞ്ഞു. അതുകൊണ്ട്, “ഞങ്ങൾ നിങ്ങളെക്കുറിച്ചു ആശ്വാസം പ്രാപിച്ചു” എന്ന് പൗലൊസ് അവർക്ക് എഴുതി.—1 തെസ്സലൊനീക്യർ 3:2-7.
തുടർന്ന് പത്തു വർഷം പൗലൊസിനോടൊപ്പം തിമൊഥെയൊസ് സേവിച്ചു. പിന്നീട് പൗലൊസ് റോമിൽ തടവിലായപ്പോൾ അവനോടൊപ്പം താമസിക്കാനായി തിമൊഥെയൊസ് അവിടേക്കു ചെന്നു. തിമൊഥെയൊസ് അപ്പോൾ ജയിലിൽനിന്നു മോചിതനായതേ ഉണ്ടായിരുന്നുള്ളൂ. തടവിലായിരിക്കേ പൗലൊസ് ഫിലിപ്പിയിലുള്ളവർക്ക് ഒരു കത്തെഴുതി. ഇതെഴുതാൻ തിമൊഥെയൊസിനെ അവൻ ഒരു സെക്രട്ടറിയായി ഉപയോഗിച്ചിരിക്കാം. ‘തിമൊഥെയോസിനെ വേഗത്തിൽ അങ്ങോട്ട് അയയ്‌ക്കാം. ഇത്ര വിശ്വസ്‌തനും നിങ്ങളെ സഹായിക്കാൻ പറ്റുന്നവനുമായി വേറെ ഒരാളില്ല’ എന്ന് പൗലൊസ് ആ കത്തിൽ പറയുകയുണ്ടായി.—ഫിലിപ്പിയർ 2:19-22; എബ്രായർ 13:23.
അതു കേട്ടപ്പോൾ തിമൊഥെയൊസിന് എത്ര സന്തോഷം തോന്നിയിരിക്കണം! തിമൊഥെയൊസിന്റെ ഈ ഗുണങ്ങൾ നിമിത്തം പൗലൊസ് അവനെ വളരെയധികം സ്‌നേഹിച്ചു. നിങ്ങളും ഈ ഗുണങ്ങൾ കാണിക്കുമെന്ന് ആശിക്കുന്നു.
ചോദ്യങ്ങൾ:
❍ തിമൊഥെയൊസ് വളർന്നത് എവിടെയാണ്, ആദ്യം പൗലൊസ് അവിടെ സന്ദർശിച്ചപ്പോൾ എന്തുണ്ടായി?
❍ പൗലൊസിനും ശീലാസിനുമൊപ്പം യാത്ര ചെയ്യാൻ ക്ഷണം ലഭിച്ചപ്പോൾ തിമൊഥെയൊസ് എന്തു ചെയ്‌തു?
❍ തിമൊഥെയൊസ് ധൈര്യം കാണിച്ചത് എങ്ങനെ, പൗലൊസിന് അവനോട് വലിയ സ്‌നേഹം തോന്നിയത് എന്തുകൊണ്ട്?
[18-ാം പേജിലെ ചിത്രം]
എന്താണു സംഭവിച്ചത്?