നോഹയുടെ കാലത്തുണ്ടായത് ആഗോള പ്രളയമായിരുന്നോ?
വായനക്കാർ ചോദിക്കുന്നു
നോഹയുടെ കാലത്തുണ്ടായത് ആഗോള പ്രളയമായിരുന്നോ?
നോഹയുടെ കാലത്തെ പ്രളയം ഉണ്ടായിട്ട് 4,000-ത്തിലേറെ വർഷം പിന്നിട്ടിരിക്കുന്നു. അതേക്കുറിച്ചു നമ്മോടു പറയാൻ ദൃക്സാക്ഷികളാരുംതന്നെ ഇന്നു ജീവിച്ചിരിപ്പില്ല. എങ്കിലും അതിനെപ്പറ്റിയുള്ള ലിഖിതരേഖ ലഭ്യമാണ്. അക്കാലത്തെ ഏറ്റവും ഉയരമുള്ള പർവതങ്ങൾപോലും ആ പ്രളയത്തിൽ മുങ്ങിപ്പോയെന്ന് അതു പറയുന്നു.
ചരിത്രരേഖ പറയുന്നതിങ്ങനെ: “ഭൂമിയിൽ നാല്പതു ദിവസം ജലപ്രളയം ഉണ്ടായി, . . . വെള്ളം ഭൂമിയിൽ അത്യധികം പൊങ്ങി, ആകാശത്തിൻ കീഴെങ്ങുമുള്ള ഉയർന്ന പർവ്വതങ്ങളൊക്കെയും മൂടിപ്പോയി. പർവ്വതങ്ങൾ മൂടുവാൻ തക്കവണ്ണം വെള്ളം പതിനഞ്ചു മുഴം [ഏതാണ്ട് 22 അടി] അവെക്കു മീതെ പൊങ്ങി.”—ഉല്പത്തി 7:17-20.
ആഗോള പ്രളയത്തിന്റെ കഥ ഒരു ഐതിഹ്യമാണെന്ന് ചിലർ വിശ്വസിക്കുന്നു, കുറഞ്ഞപക്ഷം അതിൽ അതിശയോക്തിയുണ്ടെന്നെങ്കിലും. പക്ഷേ അതിൽ തരിമ്പും സത്യമില്ല! വാസ്തവത്തിൽ, ഭൂമിയുടെ നല്ലൊരുഭാഗം ഇപ്പോഴും വെള്ളത്തിനടിയിലാണ്. അതേ, ഭൂമിയുടെ ഏതാണ്ട് 71 ശതമാനവും സമുദ്രമാണ്. പ്രളയജലം ഇപ്പോഴും ഇവിടെത്തന്നെയുണ്ടെന്നു ചുരുക്കം. മാത്രമല്ല, ഹിമാനികളും ധ്രുവപ്രദേശങ്ങളിലെ ഹിമപ്പരപ്പുകളും ഉരുകുകയാണെങ്കിൽ സമുദ്രനിരപ്പ് ഉയർന്ന് ന്യൂയോർക്കും ടോക്കിയോയും പോലുള്ള നഗരങ്ങൾ വെള്ളത്തിനടിയിലാകും.
വടക്കുപടിഞ്ഞാറൻ ഐക്യനാടുകളുടെ ഭൂപ്രകൃതിയെപ്പറ്റി പഠിക്കുന്ന ശാസ്ത്രജ്ഞന്മാർ പറയുന്നത് പണ്ടുകാലത്ത് നൂറോളം പ്രളയങ്ങൾ ഈ പ്രദേശത്ത് ദുരന്തം വിതച്ചിട്ടുണ്ട് എന്നാണ്. അത്തരമൊരു പ്രളയം മണിക്കൂറിൽ 105 കിലോമീറ്റർ വേഗത്തിൽ 600 മീറ്റർ ഉയരത്തിൽ ഇരച്ചുകയറിയതായി പറയപ്പെടുന്നു. 2,000 ക്യുബിക് കിലോമീറ്റർ വ്യാപ്തമുണ്ടായിരുന്ന പ്രളയജലത്തിന് രണ്ടു ലക്ഷം കോടി ടൺ ഭാരമുണ്ടായിരുന്നു. ഇതും സമാനമായ മറ്റു കണ്ടെത്തലുകളും ഒരു ആഗോള പ്രളയത്തിന്റെ സാധ്യത തള്ളിക്കളയാനാവില്ലെന്ന് നിഗമനം ചെയ്യാൻ ശാസ്ത്രജ്ഞന്മാരെ പ്രേരിപ്പിച്ചിരിക്കുന്നു.
എന്നാൽ ബൈബിൾ ദൈവവചനമാണെന്നു വിശ്വസിക്കുന്നവർക്ക് ആഗോള പ്രളയം കേവലമൊരു സാധ്യതയല്ല, മറിച്ച് ഒരു വസ്തുതയാണ്. “നിന്റെ വചനം സത്യം ആകുന്നു” എന്ന് യേശു പ്രാർഥനയിൽ ദൈവത്തോടു പറഞ്ഞതായി നാം കാണുന്നു. (യോഹന്നാൻ 17:17) “സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനു”മാണ് ദൈവം ആഗ്രഹിക്കുന്നതെന്ന് പൗലൊസ് അപ്പൊസ്തലൻ എഴുതുകയുണ്ടായി. (1 തിമൊഥെയൊസ് 2:3, 4) ദൈവവചനത്തിൽ കെട്ടുകഥകൾ ഉണ്ടായിരുന്നെങ്കിൽ യേശുവിന്റെ അനുഗാമികളെ സത്യമായ ഉപദേശങ്ങൾ പഠിപ്പിക്കാൻ പൗലൊസിന് എങ്ങനെ കഴിയുമായിരുന്നു?
പ്രളയം ഉണ്ടായെന്നു മാത്രമല്ല അത് ആഗോളമായിരുന്നെന്നും യേശു വിശ്വസിച്ചിരുന്നു. തന്റെ സാന്നിധ്യത്തെയും ലോകാവസാനത്തെയും കുറിച്ചുള്ള പ്രവചനത്തിൽ അന്ന് ഉണ്ടാകാനിരിക്കുന്ന സംഭവങ്ങളെ നോഹയുടെ കാലത്തേതുമായി യേശു താരതമ്യം ചെയ്യുകയുണ്ടായി. (മത്തായി 24:37-39) നോഹയുടെ കാലത്തെ പ്രളയത്തെപ്പറ്റി പത്രൊസ് അപ്പൊസ്തലനും എഴുതിയിട്ടുണ്ട്: “അതിനാൽ അന്നുള്ള ലോകം ജലപ്രളയത്തിൽ മുങ്ങി നശിച്ചു.”—2 പത്രൊസ് 3:6.
നോഹ ഒരു സാങ്കൽപ്പിക കഥാപാത്രവും ആഗോള പ്രളയം ഒരു കെട്ടുകഥയും ആണെങ്കിൽ അന്ത്യകാലത്തു ജീവിക്കുന്നവർക്കായി യേശുവും പത്രൊസും നൽകിയ മുന്നറിയിപ്പുകൾക്ക് യാതൊരു അർഥവും ഇല്ലെന്നു വരില്ലേ? ഒരു മുന്നറിയിപ്പായി ഉതകുന്നതിനുപകരം അത്തരം ആശയങ്ങൾ ആളുകളെ ആശയക്കുഴപ്പത്തിലാക്കുകയും അവർ പ്രളയത്തെക്കാൾ ഭയാനകമായ മഹാകഷ്ടത്തെ അതിജീവിക്കാനുള്ള സാധ്യത ‘വെള്ളത്തിലാകുകയും’ ചെയ്യും.—2 പത്രൊസ് 3:1-7.
തന്റെ ജനത്തോടുള്ള ദയാവായ്പിനെക്കുറിച്ച് യഹോവതന്നെ ഇങ്ങനെ പറഞ്ഞു: “നോഹയുടെ വെള്ളങ്ങൾ ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാൻ സത്യം ചെയ്തതുപോലെ ഞാൻ നിന്നോടു കോപിക്കയോ നിന്നെ ഭർത്സിക്കയോ ഇല്ല എന്നു ഞാൻ സത്യം ചെയ്തിരിക്കുന്നു.” നോഹയുടെ കാലത്തെ പ്രളയം ഭൂമിയെ വിഴുങ്ങിക്കളഞ്ഞു എന്നത് ഒരു വസ്തുതയാണ്; അതുപോലെതന്നെ ഒരു വസ്തുതയാണ്, തന്നിൽ ആശ്രയിക്കുന്നവരോട് ദൈവം സ്നേഹദയ കാണിക്കുമെന്നുള്ളതും.—യെശയ്യാവു 54:9.