സഹായമനഃസ്ഥിതിയുള്ള ഒരു ബാലിക
മക്കളെ പഠിപ്പിക്കാൻ
സഹായമനഃസ്ഥിതിയുള്ള ഒരു ബാലിക
വലിയൊരു രോഗമുള്ള ആരെയെങ്കിലും നിങ്ങൾക്കറിയാമോ?— ആ വ്യക്തിയെ ഒന്നു സഹായിക്കാനായെങ്കിൽ എന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?— അദ്ദേഹം ഒരു അന്യദേശക്കാരനോ മറ്റൊരു മതത്തിൽപ്പെട്ട ആളോ ആണെന്നു കരുതുക.— അപ്പോഴും നിങ്ങൾ അദ്ദേഹത്തെ സഹായിക്കാൻ ആഗ്രഹിക്കുമോ?— ഏതാണ്ട് 3,000 വർഷംമുമ്പ് ഇസ്രായേൽദേശത്തു ജീവിച്ച ഒരു കൊച്ചുപെൺകുട്ടി ചെയ്‌തത് അതുതന്നെയാണ്. ഇങ്ങനെയായിരുന്നു സംഭവം:
ഇസ്രായേലും അടുത്തുള്ള സിറിയയും തമ്മിൽ എന്നും യുദ്ധമായിരുന്നു. (1 രാജാക്കന്മാർ 22:1) ഒരു ദിവസം സിറിയക്കാർ ഇസ്രായേലിൽവന്ന് ആ പെൺകുട്ടിയെ പിടിച്ചുകൊണ്ടുപോയി. സിറിയയിലെത്തിയ അവൾ സിറിയൻ സൈന്യാധിപനായ നയമാന്റെ വീട്ടിലെ വേലക്കാരിയായി. നയമാൻ ഒരു കുഷ്‌ഠരോഗിയായിരുന്നു. ശരീരഭാഗങ്ങൾ അഴുകിപ്പോകാൻ ഇടയാക്കുന്ന ഒരു രോഗമാണിത്.
നയമാന്റെ രോഗം ഭേദമാകാൻ ആ പെൺകുട്ടി അവന്റെ ഭാര്യയ്‌ക്ക് ഒരു വഴി പറഞ്ഞുകൊടുത്തു: “യജമാനൻ ശമര്യയിലെ ഏലീശാപ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്‌ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു.” ആ പ്രവാചകനു തന്നെ സുഖപ്പെടുത്താനാകുമെന്നു നയമാൻ വിശ്വസിക്കാൻ ഇടയാകുന്ന വിധത്തിലായിരുന്നു അവൾ സംസാരിച്ചത്. അങ്ങനെ സിറിയൻ രാജാവായ ബെൻ-ഹദദിന്റെ അനുമതിയോടെ നയമാൻ ഏലീശായെ കാണാൻ ഏതാനും സഹായികളോടൊപ്പം പുറപ്പെട്ടു. ഉദ്ദേശം 150 കിലോമീറ്റർ ദൂരംവരുന്ന ഒരു ദീർഘയാത്രയായിരുന്നു അത്.
ഇസ്രായേൽരാജാവായ യെഹോരാമിന്റെ അടുത്താണ് ആദ്യം അവർ ചെല്ലുന്നത്. നയമാനെ സഹായിക്കാൻ അഭ്യർഥിച്ചുകൊണ്ടുള്ള ബെൻ-ഹദദിന്റെ കത്ത് അവർ അവനെ കാണിക്കുന്നു. എന്നാൽ യെഹോരാമിന് യഹോവയിലോ ഏലീശാപ്രവാചകനിലോ വിശ്വാസമില്ലായിരുന്നു. ബെൻ-ഹദദ് തന്നോടു യുദ്ധംചെയ്യാനുള്ള പുറപ്പാടാണെന്നാണ് അവൻ കരുതിയത്. വിവരമറിഞ്ഞ ഏലീശാ യെഹോരാമിനോട്, “അവൻ എന്റെ അടുക്കൽ വരട്ടെ” എന്നു പറഞ്ഞു. നയമാന്റെ കുഷ്‌ഠരോഗം സുഖപ്പെടുത്താൻ ദൈവത്തിനു ശക്തിയുണ്ടെന്നു കാണിക്കാൻ അവൻ ആഗ്രഹിച്ചു.—2 രാജാക്കന്മാർ 5:1-8.
നയമാൻ കുതിരകളും രഥങ്ങളുമായി ഏലീശായുടെ വീട്ടുവാതിൽക്കലെത്തിയപ്പോൾ ഏലീശായുടെ ഒരു സഹായിയാണ് അവനെ വരവേറ്റത്. “നീ ചെന്നു യോർദ്ദാനിൽ ഏഴു പ്രാവശ്യം കുളിക്ക; അപ്പോൾ . . . നീ ശുദ്ധനാകും” എന്ന് അവൻ അറിയിച്ചു. നയമാനു ദേഷ്യമായി. ഏലീശാ ഇറങ്ങിവന്ന് രോഗമുള്ള ഭാഗത്തിനുമീതെ കൈ ചലിപ്പിച്ച് തന്നെ സുഖപ്പെടുത്തുമെന്നായിരുന്നു അവൻ വിചാരിച്ചത്. ദേഷ്യം സഹിക്കാനാകാതെ നയമാൻ മടങ്ങിപ്പോകാനൊരുങ്ങുന്നു.—2 രാജാക്കന്മാർ 5:9-12.
നിങ്ങൾ നയമാന്റെ കൂട്ടത്തിലുള്ളവരിൽ ഒരാളായിരുന്നെങ്കിൽ എന്തു ചെയ്യുമായിരുന്നു?— ഇപ്പോൾ അവർ അവനോട് എന്താണു പറയുന്നതെന്നു നോക്കൂ: ‘വലിയോരു കാര്യമാണ് പ്രവാചകൻ നിന്നോടു കൽപ്പിച്ചതെങ്കിൽ നീ ചെയ്യാതിരിക്കുമോ? ആ സ്ഥിതിക്ക് “കുളിച്ചു ശുദ്ധനാകുക” എന്ന ഈ ചെറിയ കൽപ്പന അനുസരിക്കരുതോ?’ നയമാൻ അതനുസരിക്കുന്നു. അവൻ ചെന്ന് “യോർദ്ദാനിൽ ഏഴു പ്രാവശ്യം മുങ്ങി; അവന്റെ ദേഹം ചെറിയ ബാലന്റെ ദേഹംപോലെ ആയി.”
ഏലീശായുടെ അടുക്കൽ മടങ്ങിയെത്തിയ നയമാൻ അവനോട്, “യിസ്രായേലിൽ അല്ലാതെ ഭൂമിയിൽ എങ്ങും ഒരു ദൈവം ഇല്ല എന്നു ഞാൻ ഇപ്പോൾ അറിയുന്നു” എന്നു പറഞ്ഞു. “അടിയൻ ഇനി യഹോവെക്കല്ലാതെ അന്യദൈവങ്ങൾക്കു ഹോമയാഗവും ഹനനയാഗവും കഴിക്കയില്ല” എന്ന് അവൻ ഏലീശായ്‌ക്കു വാക്കുകൊടുക്കുകയും ചെയ്‌തു.—2 രാജാക്കന്മാർ 5:13-17.
ആ കൊച്ചുപെൺകുട്ടി ചെയ്‌തതുപോലെ, യഹോവയെക്കുറിച്ചും അവനു ചെയ്യാനാകുന്ന കാര്യങ്ങളെക്കുറിച്ചും പഠിക്കുന്നതിന് ആരെയെങ്കിലും സഹായിക്കാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?— യേശു ഭൂമിയിലായിരുന്നപ്പോൾ അവനിൽ വിശ്വസിച്ച കുഷ്‌ഠരോഗിയായ ഒരാൾ അവനോട്, “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്കുവാൻ കഴിയും” എന്നു പറഞ്ഞു. യേശുവിന്റെ മറുപടി എന്തായിരുന്നെന്നു അറിയാമോ?— “എനിക്കു മനസ്സുണ്ട്” എന്നായിരുന്നു അവൻ പറഞ്ഞത്. യഹോവ നയമാനെ സുഖപ്പെടുത്തിയതുപോലെ അവനും ആ കുഷ്‌ഠരോഗിയെ സുഖപ്പെടുത്തി.—മത്തായി 8:2, 3.
യഹോവ സൃഷ്ടിക്കാൻപോകുന്ന പുതിയ ലോകത്തെക്കുറിച്ചു നിങ്ങൾക്കറിയാമോ?— അവിടെ എല്ലാവർക്കും നല്ല ആരോഗ്യത്തോടെ എന്നേക്കും ജീവിക്കാൻ കഴിയും. (2 പത്രൊസ് 3:13; വെളിപ്പാടു 21:3-5) അങ്ങനെയെങ്കിൽ മഹത്തായ ഈ കാര്യങ്ങളെക്കുറിച്ചു മറ്റുള്ളവരോടു പറയാൻ നിങ്ങൾ ആഗ്രഹിക്കില്ലേ?
ചോദ്യങ്ങൾ:
❍ ഒരു കൊച്ചുപെൺകുട്ടി സിറിയൻ സൈന്യാധിപനായ നയമാനെ സഹായിച്ചതെങ്ങനെ?
❍ ഏലീശായെ അനുസരിക്കാൻ നയമാൻ ആദ്യം വൈമനസ്യം കാട്ടിയത് എന്തുകൊണ്ട്, എന്നാൽ പിന്നീട് അവന്റെ മനോഭാവത്തിനു മാറ്റംവന്നത് എങ്ങനെ?
❍ ഇസ്രായേല്യ ബാലികയെ അനുകരിക്കാൻ നിങ്ങൾ എന്തു ചെയ്യണം?
❍ യേശു എന്തു ചെയ്യാൻ ഇഷ്ടപ്പെട്ടു, ദൈവത്തിന്റെ പുതിയ ലോകത്തിലെ ജീവിതം സുന്ദരമായിരിക്കുമെന്നു പറയാനാകുന്നത് എന്തുകൊണ്ട്?