വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഇതിന്റെ അവസാനം എന്താകും?’

‘ഇതിന്റെ അവസാനം എന്താകും?’

‘ഇതിന്റെ അവസാനം എന്താകും?’

ജീവിതയാത്രയിൽ നാം പല തീരുമാനങ്ങളും എടുക്കേണ്ടതായിവരുന്നു. ഏതെങ്കിലുമൊരു വഴിയിലൂടെ സഞ്ചരിച്ചുതുടങ്ങുന്നതിനുമുമ്പുതന്നെ അതിന്റെ അവസാനം എന്താകുമെന്ന്‌ അറിയാൻ ശ്രമിക്കുന്നതാണു ബുദ്ധി. തങ്ങൾ കൈക്കൊണ്ട തീരുമാനങ്ങളെപ്രതി ചിലർക്കു പിന്നീട്‌ വളരെ ദുഃഖിക്കേണ്ടതായിവന്നിട്ടുണ്ട്‌. ‘ഇതിന്റെ അവസാനം ഇങ്ങനെയാകുമെന്നറിഞ്ഞിരുന്നെങ്കിൽ ഒരിക്കലും ഞാനിതിന്‌ ഇറങ്ങിത്തിരിക്കുകയില്ലായിരുന്നു’ എന്ന്‌ നിങ്ങളും പറഞ്ഞിട്ടുണ്ടാകും.

ഓരോ പാതയും എങ്ങോട്ടുള്ളതാണെന്നറിയാൻ അനുഭവസമ്പന്നനായ ഒരു യാത്രികൻ ആഗ്രഹിക്കും. അദ്ദേഹം ഒരു ഭൂപടം നോക്കുകയോ പ്രദേശത്തെക്കുറിച്ചറിയാവുന്ന ആരോടെങ്കിലും ആരായുകയോ ചെയ്യും. മാർഗമധ്യേയുള്ള ചൂണ്ടുപലകകളും അദ്ദേഹം ശ്രദ്ധിക്കും. എന്നാൽ നാം സഞ്ചരിക്കേണ്ട ഏറ്റവും നല്ല ജീവിതപാത ഏതാണെന്ന്‌ എങ്ങനെ കണ്ടുപിടിക്കാം? പുരാതനകാലത്തെ ഇസ്രായേല്യരെ സംബന്ധിച്ച്‌ ദൈവം ഒരിക്കൽ മോശെയിലൂടെ ഇങ്ങനെ പറഞ്ഞു: “ഹാ, അവർ ജ്ഞാനികളായി ഇതു ഗ്രഹിച്ചു തങ്ങളുടെ ഭവിഷ്യം ചിന്തിച്ചെങ്കിൽ കൊള്ളായിരുന്നു.”—ആവർത്തനപുസ്‌തകം 32:29.

ഏറ്റവും നല്ല ഉപദേശം

നമുക്കു മുമ്പാകെയുള്ള ഓരോ പാതയുടെയും “ഭവിഷ്യം” അഥവാ അവസാനം എന്തായിരിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ടാ. കാരണം, ഏറ്റവും നല്ല വഴി ഏതാണെന്നു നമുക്കു പറഞ്ഞുതരാൻ പറ്റിയ ഒരു സ്ഥാനത്താണ്‌ ദൈവം. മനുഷ്യൻ സഞ്ചരിച്ചിരിക്കുന്ന നിരവധി പാതകൾ അവൻ കണ്ടിട്ടുണ്ട്‌, അതിന്റെയെല്ലാം അന്ത്യവും. “മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ തൂക്കിനോക്കുന്നു” എന്ന്‌ ബൈബിൾ പറയുന്നു.—സദൃശവാക്യങ്ങൾ 5:21.

തന്നെ സ്‌നേഹിക്കുന്നവരെ യഹോവ പരിപാലിക്കുന്നു. തന്റെ വചനമായ ബൈബിളിലൂടെ ഏറ്റവും നല്ല പാത അവൻ അവർക്കു കാണിച്ചുകൊടുക്കുന്നു. “ഞാൻ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാൻ നിന്റെമേൽ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും” എന്ന്‌ ദൈവം പറയുന്നു. അതുകൊണ്ട്‌ ഏതെങ്കിലുമൊരു പാതയിലേക്കു കാലെടുത്തുവെക്കുന്നതിനുമുമ്പ്‌, “ഞാൻ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ” എന്നു പ്രാർഥിച്ച പുരാതന ഇസ്രായേലിലെ രാജാവായിരുന്ന ദാവീദിനെപ്പോലെ യഹോവയുടെ ഉപദേശം തേടുന്നതു ബുദ്ധിയായിരിക്കും.—സങ്കീർത്തനം 32:8; 143:8.

വിശ്വസ്‌തനും അനുഭവസമ്പന്നനുമായ ഒരു യാത്രക്കാരൻ കാണിച്ചുതരുന്ന വഴിയിലൂടെ സഞ്ചരിക്കുമ്പോൾ നിങ്ങൾക്ക്‌ ആത്മവിശ്വാസവും സുരക്ഷിതത്വവും തോന്നും. വഴി എങ്ങോട്ടാണു പോകുന്നതെന്ന കാര്യത്തിൽ ഒരു ശങ്കയും ഉണ്ടാകില്ല. ദാവീദ്‌ യഹോവയുടെ മാർഗനിർദേശം ആരായുകയും അതു പിൻപറ്റുകയും ചെയ്‌തു. അതവന്‌ എന്തെന്നില്ലാത്ത മനശ്ശാന്തി നൽകി. ദാവീദ്‌ എഴുതിയ വിഖ്യാതമായ 23-ാം സങ്കീർത്തനം അതിങ്ങനെ വർണിക്കുന്നു: “യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല. പച്ചയായ പുല്‌പുറങ്ങളിൽ അവൻ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു. എന്റെ പ്രാണനെ അവൻ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു. കൂരിരുൾതാഴ്‌വരയിൽ കൂടി നടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല.”—സങ്കീർത്തനം 23:1-4.

അവരുടെ ഭാവി എന്തായിത്തീരും?

ജീവിതയാത്രയ്‌ക്കിടെ, തന്റെ “കാലുകൾ ഏകദേശം ഇടറി”പ്പോയി എന്ന്‌ ഒരു സങ്കീർത്തനക്കാരൻ പറയുകയുണ്ടായി. അത്‌ ആസാഫോ അദ്ദേഹത്തിന്റെ വംശപരമ്പരയിൽപ്പെട്ട ഒരാളോ ആയിരുന്നിരിക്കാം. എന്താണു സംഭവിച്ചത്‌? വഞ്ചകരുടെയും അക്രമികളുടെയും സമൃദ്ധിയും സമാധാനവും കണ്ടിട്ട്‌ അദ്ദേഹത്തിന്‌ അവരോട്‌ അസൂയ തോന്നി. “അവർ നിത്യം സ്വസ്ഥത അനുഭവി”ക്കുന്നതായി കാണപ്പെട്ടു. താൻ തിരഞ്ഞെടുത്ത നീതിപാതയിൽ തുടരുന്നത്‌ ബുദ്ധിയാണോ എന്നുപോലും ആ സങ്കീർത്തനക്കാരൻ സംശയിച്ചുപോയി എന്നതാണ്‌ ഏറെ പരിതാപകരം.—സങ്കീർത്തനം 73:2, 3, 6, 12, 13.

ഏതായാലും അദ്ദേഹം യഹോവയുടെ വിശുദ്ധ മന്ദിരത്തിൽ ചെന്ന്‌ ദുഷ്ടന്മാരുടെ അവസാനം എന്തായിത്തീരുമെന്ന്‌ പ്രാർഥനാപൂർവം ചിന്തിച്ചു. “അവരുടെ അന്തം എന്താകും എന്നു [ഞാൻ] ചിന്തിച്ചു,” അദ്ദേഹം പറഞ്ഞു. തനിക്ക്‌ അസൂയ തോന്നിയവരുടെ ഭാവിയെക്കുറിച്ച്‌ അദ്ദേഹം ധ്യാനിച്ചു. അവരുടെ ഭാവി എന്തായിരിക്കുമായിരുന്നു? അവർ “വഴുവഴുപ്പിൽ” നിൽക്കുന്നതായും “ക്ഷണത്തിൽ അവർ . . . മെരുൾചകളാൽ അശേഷം മുടിഞ്ഞു”പോകുമെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. എന്നാൽ സങ്കീർത്തനക്കാരൻ സഞ്ചരിച്ചിരുന്ന പാത സംബന്ധിച്ചോ? “പിന്നെത്തേതിൽ [യഹോവ] മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും,” അദ്ദേഹം പറഞ്ഞു.—സങ്കീർത്തനം 73:17-19, 24.

ചതിയും വഞ്ചനയും പ്രയോഗിച്ച്‌ സമ്പന്നരായിത്തീരുന്നവർ നേരിടാനിരിക്കുന്ന ഭവിഷ്യത്തുകളെക്കുറിച്ചു ചിന്തിച്ചപ്പോൾ, താൻ പൊയ്‌ക്കൊണ്ടിരിക്കുന്നത്‌ ശരിയായ പാതയിലാണെന്ന്‌ സങ്കീർത്തനക്കാരനു ബോധ്യമായി. “ദൈവത്തോടു അടുത്തിരിക്കുന്നതു . . . നല്ലത്‌” എന്നവൻ തിരിച്ചറിഞ്ഞു. അതേ, യഹോവയാം ദൈവത്തോട്‌ അടുത്തിരിക്കുന്നത്‌ എല്ലായ്‌പോഴും നിത്യാനുഗ്രഹങ്ങൾ കൈവരുത്തും.—സങ്കീർത്തനം 73:28.

“നടക്കുന്ന വഴികൾ ഉത്തമമെന്ന്‌ ഉറപ്പിക്കുക”

സമാനമായ സാഹചര്യങ്ങൾ നമുക്കുമുണ്ടായേക്കാം. ലാഭകരമായ ഒരു ബിസിനസ്സിൽ പങ്കാളിയാകാനോ ഉദ്യോഗക്കയറ്റത്തിനോ ഉള്ള അവസരം നിങ്ങൾക്കു ലഭിച്ചേക്കാം. ഏതൊരു പുതിയ സംരംഭത്തിനും അതിന്റേതായ അപകടങ്ങളുണ്ടെന്നത്‌ ഒരു വസ്‌തുതയാണ്‌. അതുകൊണ്ട്‌ നിങ്ങളുടെ തിരഞ്ഞെടുപ്പിന്റെ പരിണതഫലം എന്തായിരിക്കുമെന്ന്‌ ആദ്യംതന്നെ ചിന്തിക്കുന്നതിന്റെ പ്രയോജനം കാണാൻ കഴിയുന്നില്ലേ? പങ്കാളിയുടെയും നിങ്ങളുടെയും ജീവിതം സമ്മർദപൂരിതമാക്കുംവിധം വീട്ടിൽനിന്ന്‌ അകന്നിരിക്കേണ്ടതായിവരുമോ? ബിസിനസ്സ്‌ പങ്കാളികളുമായോ ഹോട്ടലുകളിലും മറ്റുമുള്ളവരുമായോ മോശമായ സഹവാസത്തിലേർപ്പെടാൻ സാധ്യതയുണ്ടോ? സഞ്ചരിക്കാനുദ്ദേശിക്കുന്ന പാത സുസൂക്ഷ്‌മം നിരീക്ഷിച്ചാൽ നല്ലൊരു തീരുമാനമെടുക്കാൻ നിങ്ങൾക്കാകും. “നീ നടക്കുന്ന വഴികൾ ഉത്തമമെന്ന്‌ ഉറപ്പിക്കുക” എന്ന ശലോമോന്റെ ബുദ്ധിയുപദേശത്തിനു ചെവികൊടുക്കുക.—സദൃശവാക്യങ്ങൾ 4:26, പി.ഒ.സി. ബൈബിൾ.

ആ ബുദ്ധിയുപദേശം നാമെല്ലാവരും ഗൗരവമായി കാണേണ്ടതാണ്‌, പ്രത്യേകിച്ച്‌ യുവജനങ്ങൾ. ഒരു യുവാവ്‌, ലൈംഗികമായി ഉത്തേജിപ്പിക്കുന്ന രംഗങ്ങളുള്ളതെന്ന്‌ തനിക്കറിയാവുന്ന ഒരു സിഡി വാടകയ്‌ക്കെടുത്തു കണ്ടു. അതിനുശേഷം അടുത്തുള്ള ഒരു വേശ്യയുടെ അടുക്കലേക്കാണ്‌ താൻ പോയതെന്ന്‌ പിന്നീടയാൾ ഏറ്റുപറഞ്ഞു. ദുഃഖഭാരവും കുറ്റബോധവും ലൈംഗികരോഗം പിടിപെടുമോയെന്ന ആശങ്കയും അയാളെ വരിഞ്ഞുമുറുക്കി. “അറുക്കുന്നേടത്തേക്കു കാള . . . പോകുന്നതുപോലെ . . . അവൻ അവളുടെ പിന്നാലെ ചെല്ലുന്നു” എന്ന്‌ ബൈബിളിൽ പറഞ്ഞിരിക്കുന്നതുപോലെയാണു സംഭവിച്ചത്‌. ഭവിഷ്യത്തുകളെക്കുറിച്ച്‌ അയാൾ ഒന്നാലോചിച്ചിരുന്നെങ്കിൽ!—സദൃശവാക്യങ്ങൾ 7:22, 23.

ചൂണ്ടുപലകകൾ ശ്രദ്ധിക്കുക

ചൂണ്ടുപലകകൾ ശ്രദ്ധിക്കാതിരിക്കുന്നത്‌ നല്ലതാണെന്ന്‌ ആരുംതന്നെ പറയില്ല. എന്നാൽ പരിതാപകരമെന്നു പറയട്ടെ, ജീവിതയാത്രയിൽ ലഭിക്കുന്ന മാർഗനിർദേശങ്ങൾ സ്വന്തം ഇഷ്ടങ്ങൾക്കു ചേർച്ചയിലല്ലാതെവരുമ്പോൾ പലരും അത്‌ അവഗണിച്ചുകളയുന്നു. യിരെമ്യാവിന്റെ കാലത്തെ ചില ഇസ്രായേല്യരുടെ കാര്യമെടുക്കുക. ഒരു നിർണായകഘട്ടത്തിലായിരുന്ന ആ ജനതയോട്‌, “നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കിചോദിച്ചു അതിൽ നടപ്പിൻ” എന്ന്‌ യഹോവ പറഞ്ഞു. എന്നാൽ “ഞങ്ങൾ അതിൽ നടക്കയില്ല” എന്ന്‌ അവർ ശാഠ്യംപിടിച്ചു. (യിരെമ്യാവു 6:16) ആ മത്സരഗതിയുടെ “ഭവിഷ്യം” എന്തായിരുന്നു? ബി.സി. 607-ൽ ബാബിലോന്യർ വന്ന്‌ യെരൂശലേം നിലംപരിചാക്കുകയും നിവാസികളെ ബാബിലോണിലേക്ക്‌ അടിമകളായി പിടിച്ചുകൊണ്ടുപോകുകയും ചെയ്‌തു.

ദൈവം സ്ഥാപിച്ചിട്ടുള്ള ചൂണ്ടുപലകകൾ അവഗണിക്കുന്നത്‌ ഒരിക്കലും നമ്മുടെ നന്മയിൽ കലാശിക്കില്ല. “പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്ക; സ്വന്ത വിവേകത്തിൽ ഊന്നരുതു. നിന്റെ എല്ലാവഴികളിലും അവനെ നിനെച്ചുകൊൾക; അവൻ നിന്റെ പാതകളെ നേരെയാക്കും” എന്ന്‌ തിരുവെഴുത്തുകൾ ഉദ്‌ബോധിപ്പിക്കുന്നു.—സദൃശവാക്യങ്ങൾ 3:5, 6.

“പ്രവേശനമില്ല” എന്നെഴുതിയ ബോർഡ്‌പോലെയാണ്‌ ദൈവത്തിന്റെ ചില മുന്നറിയിപ്പുകൾ. ഉദാഹരണത്തിന്‌, “ദുഷ്ടന്മാരുടെ പാതയിൽ നീ ചെല്ലരുതു; ദുർജ്ജനത്തിന്റെ വഴിയിൽ നടക്കയുമരുത്‌” എന്ന്‌ ബൈബിൾ പറയുന്നു. (സദൃശവാക്യങ്ങൾ 4:14) അത്തരം പാതകളിലൊന്നിനെ പരാമർശിച്ചുകൊണ്ട്‌ സദൃശവാക്യങ്ങൾ 5:3, 4 ഇങ്ങനെ പ്രസ്‌താവിക്കുന്നു: “പരസ്‌ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു. പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്‌ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നേ.” ഒരു വേശ്യയുമായോ മറ്റാരെങ്കിലുമായോ ഉള്ള അധാർമികബന്ധം ചിലർക്ക്‌ രസകരമായി തോന്നിയേക്കാം. എന്നാൽ സദാചാരരംഗത്തെ “പ്രവേശനമില്ലാ”ബോർഡുകൾ അവഗണിക്കുന്നത്‌ നിസ്സംശയമായും ദുരന്തത്തിനു വഴിവെക്കും.

അത്തരമൊരു പാതയിലേക്കു കാലെടുത്തുവെക്കുന്നതിനുമുമ്പ്‌ സ്വയം ഇങ്ങനെ ചോദിക്കുക: ‘ഇതെങ്ങോട്ടാണ്‌ പോകുന്നത്‌?’ അതിന്റെ അവസാനം എന്തായിരുന്നേക്കുമെന്ന്‌ ഒരു നിമിഷം ചിന്തിച്ചാൽ, ഗുരുതരമായ ഭവിഷ്യത്തുകളിലേക്കു നയിച്ചേക്കാവുന്ന പാതകൾ നമുക്ക്‌ ഒഴിവാക്കാനാകും. എയ്‌ഡ്‌സ്‌, മറ്റു ലൈംഗികരോഗങ്ങൾ, ആഗ്രഹിക്കാത്ത ഗർഭധാരണം, ഗർഭച്ഛിദ്രം, തകർന്ന ബന്ധങ്ങൾ, കുറ്റബോധം എന്നിവ അത്തരം ചൂണ്ടുപലകകൾ അവഗണിക്കുന്നവരുടെ പാതയിലെ ചതിക്കുഴികളാണ്‌. അപഥസഞ്ചാരത്തിന്റെ അവസാനം എന്താണെന്ന്‌ പൗലൊസ്‌ അപ്പൊസ്‌തലൻ വ്യക്തമാക്കുന്നു. അവർ “ദൈവരാജ്യം അവകാശമാക്കുകയില്ല.”—1 കൊരിന്ത്യർ 6:9, 10.

“വഴി ഇതാകുന്നു”

ചിലപ്പോഴൊക്കെ ഒരു പാത എവിടേക്കാണു പോകുന്നതെന്നറിയുക ബുദ്ധിമുട്ടായിരുന്നേക്കാം. അതുകൊണ്ട്‌ ദൈവം സ്‌നേഹപൂർവം നമ്മെ പരിപാലിക്കുകയും വഴിനടത്തുകയും ചെയ്യുന്നതിൽ നാമെത്ര നന്ദിയുള്ളവരായിരിക്കണം! “വഴി ഇതാകുന്നു, ഇതിൽ നടന്നുകൊൾവിൻ” എന്ന്‌ യഹോവ പറയുന്നു. (യെശയ്യാവു 30:21) യഹോവ കാണിച്ചുതരുന്ന പാത നമ്മെ എങ്ങോട്ടായിരിക്കും നയിക്കുക? ഇടുങ്ങിയതും ഞെരുക്കമുള്ളതുമാണെങ്കിലും ആ പാത നിത്യജീവനിലേക്കു നയിക്കുമെന്ന്‌ യേശു പറഞ്ഞു.—മത്തായി 7:14.

നിങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാതയെക്കുറിച്ച്‌ ഒരു നിമിഷം ചിന്തിക്കുക. അതു ശരിയായ പാതയാണോ? എങ്ങോട്ടാണതു പോകുന്നത്‌? വഴിനടത്തിപ്പിനായി യഹോവയോടു പ്രാർഥിക്കുക. ബൈബിളാകുന്ന ഭൂപടം പരിശോധിക്കുക. ദൈവികപാതയിൽ നടക്കുന്ന അനുഭവസ്ഥനായ ഒരു യാത്രികനിൽനിന്ന്‌ ഉപദേശം തേടാൻ നിങ്ങൾ ആഗ്രഹിച്ചേക്കാം. വഴിമാറി സഞ്ചരിക്കേണ്ടതുണ്ടെങ്കിൽ തത്‌ക്ഷണം അങ്ങനെ ചെയ്യുക.

ശരിയായ പാതയിലാണു താൻ സഞ്ചരിക്കുന്നതെന്ന്‌ ഉറപ്പുനൽകുന്ന ഒരു ബോർഡ്‌ കാണുന്നത്‌ ഒരു യാത്രക്കാരന്‌ ആത്മവിശ്വാസം പകരും. നിങ്ങൾ നടക്കുന്നത്‌ നീതിപാതയിലാണെന്ന്‌ ആത്മപരിശോധന വെളിവാക്കുന്നപക്ഷം ബോധ്യത്തോടെ മുന്നേറുക. വലിയ പ്രതിഫലങ്ങളാണ്‌ നിങ്ങളെ കാത്തിരിക്കുന്നത്‌.—2 പത്രൊസ്‌ 3:13.

ഓരോ പാതയും എവിടെയെങ്കിലും ചെന്നുചേരുമെന്നത്‌ ഒരു വസ്‌തുതയാണ്‌. നിങ്ങൾ തിരഞ്ഞെടുത്ത പാത അവസാനിക്കുമ്പോൾ നിങ്ങൾ ചെന്നെത്തുന്നത്‌ എവിടെയായിരിക്കും? ‘ഈ വഴിയിലൂടെ വരേണ്ടിയിരുന്നില്ല’ എന്നോർത്ത്‌ പിന്നീടു ദുഃഖിച്ചിട്ടു കാര്യമില്ല. അതുകൊണ്ട്‌ ജീവിതയാത്രയിൽ അടുത്ത ചുവടുവെക്കുന്നതിനുമുമ്പ്‌ ഒന്നു ചിന്തിക്കുക: ‘ഈ വഴിയിലൂടെ പോയാൽ ഞാനെവിടെയെത്തും?’

[30-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

“ഭവിഷ്യം” എന്തായിത്തീരും?

ജനരഞ്‌ജകമായ കാര്യങ്ങളിലേർപ്പെടാനുള്ള പ്രലോഭനങ്ങളും സമ്മർദങ്ങളും നേരിടാത്ത യുവജനങ്ങൾ ഇല്ലെന്നുതന്നെ പറയാം. അവർ നേരിട്ടേക്കാവുന്ന ചില സാഹചര്യങ്ങളാണ്‌ പിൻവരുന്നവ:

പുകവലിക്കാൻ ആരെങ്കിലും നിങ്ങളെ നിർബന്ധിക്കുന്നു.

ഉന്നതവിദ്യാഭ്യാസത്തിനു പോകാൻ സദുദ്ദേശ്യമുള്ള ഒരധ്യാപകൻ നിങ്ങളെ ഉപദേശിക്കുന്നു.

മദ്യവും മയക്കുമരുന്നും യഥേഷ്ടം ലഭ്യമായ ഒരു പാർട്ടിക്കു ക്ഷണംലഭിക്കുന്നു.

▪ “നിന്റെ പ്രൊഫൈൽ ഇന്റർനെറ്റിൽ കൊടുക്കരുതോ?” എന്ന്‌ ഒരാൾ ചോദിക്കുന്നു.

അക്രമമോ അസാന്മാർഗികതയോ ചിത്രീകരിക്കുന്ന സിനിമ കാണാൻ കൂട്ടുകാരൻ ക്ഷണിക്കുന്നു.

ഇങ്ങനെയുള്ള ഏതെങ്കിലുമൊരു സാഹചര്യം നേരിടുന്നപക്ഷം നിങ്ങൾ എന്തു ചെയ്യും? നിങ്ങൾ ഉടനടി സമ്മതംമൂളുമോ അതോ അതിന്റെ “ഭവിഷ്യം” എന്തായിരിക്കുമെന്ന്‌ ശ്രദ്ധാപൂർവം ചിന്തിക്കുമോ? “ഒരു മനുഷ്യന്നു തന്റ വസ്‌ത്രം വെന്തു പോകാതെ മടിയിൽ തീ കൊണ്ടുവരാമോ? ഒരുത്തന്നു കാൽ പൊള്ളാതെ തീക്കനലിന്മേൽ നടക്കാമോ?” എന്നു നിങ്ങളോടുതന്നെ ചോദിക്കുന്നതു ബുദ്ധിയായിരിക്കും.—സദൃശവാക്യങ്ങൾ 6:27, 28.