വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘അത്ഭുത രോഗശാന്തികൾക്കു’ പിന്നിൽ ദൈവത്തിന്റെ ശക്തിയോ?

‘അത്ഭുത രോഗശാന്തികൾക്കു’ പിന്നിൽ ദൈവത്തിന്റെ ശക്തിയോ?

‘അത്ഭുത രോഗശാന്തികൾക്കു’ പിന്നിൽ ദൈവത്തിന്റെ ശക്തിയോ?

വിശ്വാസികൾ പുണ്യകേന്ദ്രങ്ങളിൽ സന്ദർശനം നടത്തുന്ന കാഴ്‌ച പല നാടുകളിലും സാധാരണമാണ്‌. “സുഖപ്പെടുത്താനാകാത്ത” വ്യാധികളും ദീനങ്ങളുമുണ്ടായിരുന്ന അനേകർക്കും സൗഖ്യം ലഭിച്ചതായുള്ള റിപ്പോർട്ടുകളാണ്‌ പലരെയും അവിടേക്ക്‌ ആകർഷിക്കുന്നത്‌. മറ്റു ചില ദേശങ്ങളിൽ, മതശുശ്രൂഷകരും മറ്റും അമാനുഷശക്തിയാൽ ആളുകളെ സുഖപ്പെടുത്തുന്നതായി അവകാശപ്പെടുന്നു. വേറെ ചില സ്ഥലങ്ങളിൽ നടക്കുന്ന വികാരവിക്ഷുബ്ധമായ രോഗശാന്തിശുശ്രൂഷകളുടെ കാര്യവും വ്യത്യസ്‌തമല്ല; അത്തരം സന്ദർഭങ്ങളിൽ രോഗികൾ വീൽച്ചെയറിൽനിന്നു ചാടിയെഴുന്നേൽക്കുകയും ഊന്നുവടികൾ വലിച്ചെറിയുകയും ചെയ്‌തുകൊണ്ട്‌ തങ്ങൾ സുഖംപ്രാപിച്ചതായി അവകാശപ്പെടുന്നു.

ചതിയന്മാരും കപടഭക്തരും പുറജാതികളുമെന്നൊക്കെ അന്യോന്യം കുറ്റപ്പെടുത്തുന്ന നാനാമതങ്ങളിൽപ്പെട്ടവരാണ്‌ പലപ്പോഴും അത്തരം രോഗശാന്തികൾ നിർവഹിക്കുന്നത്‌. അതുകൊണ്ട്‌, ചോദ്യമിതാണ്‌: തമ്മിൽ പോരടിച്ചുകൊണ്ടിരിക്കുന്ന പലപല സംഘടനകളിലൂടെ ദൈവം ഇന്ന്‌ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നുണ്ടോ? “ദൈവം കലക്കത്തിന്റെ ദൈവമല്ല സമാധാനത്തിന്റെ ദൈവമത്രേ” എന്നാണ്‌ ബൈബിൾ പറയുന്നത്‌. (1 കൊരിന്ത്യർ 14:33) ആ സ്ഥിതിക്ക്‌, അത്തരം ‘അത്ഭുത രോഗശാന്തികൾ’ യഥാർഥത്തിൽ ദൈവത്തിൽനിന്നുള്ളതാണോ? യേശുവിന്റെ ശക്തിയാൽ സുഖപ്പെടുത്തുന്നുവെന്നാണ്‌ ചിലർ അവകാശപ്പെടുന്നത്‌. എന്നാൽ യേശു എങ്ങനെയാണ്‌ ആളുകളെ സൗഖ്യമാക്കിയതെന്ന്‌ നമുക്കു നോക്കാം.

യേശു സുഖപ്പെടുത്തിയ വിധം

ഇന്നത്തെ രോഗശാന്തിക്കാരുടേതിൽനിന്നു തികച്ചും വ്യത്യസ്‌തമായ വിധങ്ങളിലാണ്‌ യേശു ആളുകളെ സൗഖ്യമാക്കിയത്‌. ഉദാഹരണത്തിന്‌, രോഗശാന്തി തേടിയെത്തിയ സകലരെയും അവൻ സുഖപ്പെടുത്തി. ആൾക്കൂട്ടത്തിലുള്ള ഏതാനും പേരെമാത്രം സൗഖ്യമാക്കിയശേഷം മറ്റു രോഗികളെ അവൻ ‘വെറുംകൈയോടെ’ പറഞ്ഞയച്ചില്ല. കൂടാതെ, അവൻ രോഗികളെ തത്‌ക്ഷണം, പൂർണമായി സുഖപ്പെടുത്തി. “ശക്തി അവനിൽനിന്നു പുറപ്പെട്ടു എല്ലാവരെയും സൌഖ്യമാക്കുകകൊണ്ടു പുരുഷാരം ഒക്കെയും അവനെ തൊടുവാൻ ശ്രമിച്ചു” എന്ന്‌ ബൈബിൾ പറയുന്നു.—ലൂക്കൊസ്‌ 6:19.

സുഖപ്പെടുത്താൻ കഴിയാതെവരുമ്പോൾ, രോഗിക്കു വിശ്വാസമില്ലാത്തതാണ്‌ അതിനു കാരണമെന്നു പറയുന്ന ഇന്നത്തെ രോഗശാന്തിക്കാരെപ്പോലെയായിരുന്നില്ല യേശു. തന്നിൽ വിശ്വാസം അർപ്പിക്കുന്നതിനു മുമ്പുപോലും അവൻ ചിലരെ സൗഖ്യമാക്കി. ഉദാഹരണത്തിന്‌, ഒരിക്കൽ അന്ധനായ ഒരു മനുഷ്യനെ സമീപിച്ച്‌ അവൻ ആവശ്യപ്പെടാതെതന്നെ യേശു അവനെ സുഖപ്പെടുത്തി. തുടർന്ന്‌, “നീ ദൈവപുത്രനിൽ വിശ്വസിക്കുന്നുവോ” എന്ന്‌ യേശു ചോദിച്ചു. അതിന്‌, “യജമാനനേ, അവൻ ആർ ആകുന്നു? ഞാൻ അവനിൽ വിശ്വസിക്കാം” എന്നായിരുന്നു അവന്റെ മറുപടി. “നിന്നോടു സംസാരിക്കുന്നവൻ അവൻ തന്നേ,” യേശു പറഞ്ഞു.—യോഹന്നാൻ 9:1-7, 35-38.

‘രോഗശാന്തിക്ക്‌ വിശ്വാസം അനിവാര്യമല്ലായിരുന്നെങ്കിൽ, സൗഖ്യംപ്രാപിച്ചവരോട്‌ “നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു” എന്ന്‌ യേശു പലപ്പോഴും പറഞ്ഞതെന്തുകൊണ്ടാണ്‌’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. (ലൂക്കൊസ്‌ 8:48; 17:19; 18:42) യേശുവിലുള്ള വിശ്വാസംനിമിത്തം അവനെ തേടിയെത്തിയവർ സുഖംപ്രാപിച്ചപ്പോൾ, അങ്ങനെ ചെയ്യാതിരുന്നവർക്ക്‌ ആ അവസരം നഷ്ടമായി എന്നു ചൂണ്ടിക്കാട്ടുകയായിരുന്നു അവൻ. സ്വന്തം വിശ്വാസത്താലല്ല, ദൈവത്തിന്റെ ശക്തിയാലാണ്‌ ആളുകൾ സുഖപ്പെട്ടത്‌. “യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്‌തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവൻ നന്മചെയ്‌തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങൾ അറിയുന്നുവല്ലോ” എന്ന്‌ ബൈബിൾ പറയുന്നു.—പ്രവൃത്തികൾ 10:38.

ഇക്കാലത്തെ അത്ഭുത രോഗശാന്തികൾക്കു പിന്നിലെ മുഖ്യ ഘടകം മിക്കപ്പോഴും പണമാണ്‌. ഭീമമായ തോതിൽ പണം വാരിക്കൂട്ടുന്നവരാണ്‌ പല വിശ്വാസരോഗശാന്തിക്കാരും. അത്തരമൊരു വ്യക്തി ലോകവ്യാപകമായുള്ള തന്റെ ടിവി പ്രകടനങ്ങളിലൂടെ ഒറ്റവർഷംകൊണ്ട്‌ 400 കോടി 50 ലക്ഷം രൂപ സമ്പാദിച്ചതായി റിപ്പോർട്ട്‌ പറയുന്നു. രോഗശാന്തിക്കായി പുണ്യസ്ഥലങ്ങളിലേക്കു യാത്രതിരിക്കുന്ന വിശ്വാസികളെ ക്രൈസ്‌തവ സംഘടനകളും മുതലെടുക്കുന്നു. എന്നാൽ യേശുവാകട്ടെ, താൻ സുഖപ്പെടുത്തിയവരിൽനിന്ന്‌ ഒരിക്കലും പണം കൈപ്പറ്റിയില്ല. എന്നുമാത്രമല്ല, ചിലപ്പോഴൊക്കെ അവൻ അവർക്കു ഭക്ഷണം നൽകുകപോലും ചെയ്‌തു. (മത്തായി 15:30-38) സുവിശേഷവേലയ്‌ക്കായി ശിഷ്യന്മാരെ അയച്ചപ്പോൾ യേശു അവരോട്‌ ഇങ്ങനെ പറഞ്ഞു: “രോഗികളെ സൌഖ്യമാക്കുവിൻ; മരിച്ചവരെ ഉയിർപ്പിപ്പിൻ; കുഷ്‌ഠരോഗികളെ ശുദ്ധമാക്കുവിൻ; ഭൂതങ്ങളെ പുറത്താക്കുവിൻ; സൌജന്യമായി നിങ്ങൾക്കു ലഭിച്ചു സൌജന്യമായി കൊടുപ്പിൻ.” (മത്തായി 10:8) അപ്പോൾപ്പിന്നെ, ഇന്നാളുകളിലെ രോഗശാന്തിക്കാരുടെ നടപടികൾ യേശുവിന്റേതിൽനിന്ന്‌ ഇത്രമാത്രം വ്യത്യസ്‌തമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌?

“രോഗശാന്തി”ക്കുപിന്നിൽ യഥാർഥത്തിൽ ആരാണ്‌?

വൈദ്യശാസ്‌ത്രരംഗത്തുള്ള ചിലർ അത്ഭുത രോഗശാന്തിക്കാരുടെ അവകാശവാദങ്ങളെക്കുറിച്ച്‌ വർഷങ്ങളോളം പഠനം നടത്തിയിട്ടുണ്ട്‌. എന്താണ്‌ അവരുടെ നിഗമനം? “അത്ഭുത രോഗശാന്തികളിലൊന്നുപോലും സത്യമാണെന്നതിന്‌ വൈദ്യശാസ്‌ത്രപരമായ തെളിവില്ല” എന്ന്‌ ഇക്കാര്യത്തിൽ 20 വർഷത്തോളം ഗവേഷണം നടത്തിയ ഇംഗ്ലണ്ടിലെ ഒരു ഡോക്‌ടർ പറഞ്ഞതായി ലണ്ടനിലെ ഡെയ്‌ലി ടെലിഗ്രാഫ്‌ പ്രസ്‌താവിക്കുന്നു. എങ്കിലും, തിരുശേഷിപ്പുകളുടെയോ പുണ്യസ്ഥലങ്ങളുടെയോ അത്ഭുത രോഗശാന്തിക്കാരുടെയോ ശക്തിയാൽ തങ്ങൾക്കു സൗഖ്യംവന്നതായി അനേകരും ആത്മാർഥമായി വിശ്വസിക്കുന്നു. അവർ വഞ്ചിക്കപ്പെടുകയാണോ?

“കർത്താവേ, കർത്താവേ, നിന്റെ നാമത്തിൽ ഞങ്ങൾ . . . വളരെ വീര്യപ്രവൃത്തികൾ . . . ചെയ്‌തില്ലയോ” എന്ന്‌ കപടഭക്തരായ ആളുകൾ തന്നോടു ചോദിക്കുമെന്ന്‌ പ്രസിദ്ധമായ തന്റെ ഗിരിപ്രഭാഷണത്തിൽ യേശു പറയുകയുണ്ടായി. എന്നാൽ “ഞാൻ ഒരുനാളും നിങ്ങളെ അറിഞ്ഞിട്ടില്ല; അധർമ്മം പ്രവർത്തിക്കുന്നവരേ, എന്നെ വിട്ടു പോകുവിൻ” എന്നായിരിക്കും അവരോടുള്ള അവന്റെ മറുപടി. (മത്തായി 7:22, 23) തങ്ങൾക്കുണ്ടെന്ന്‌ അവർ അവകാശപ്പെടുന്ന ശക്തിയുടെ ഉറവിടം തുറന്നുകാട്ടിക്കൊണ്ട്‌ പൗലൊസ്‌ അപ്പൊസ്‌തലൻ പറയുന്നു: “അധർമ്മമൂർത്തിയുടെ പ്രത്യക്ഷത നശിച്ചുപോകുന്നവർക്കു സാത്താന്റെ വ്യാപാരശക്തിക്കു ഒത്തവണ്ണം വ്യാജമായ സകലശക്തിയോടും അടയാളങ്ങളോടും അത്ഭുതങ്ങളോടും അനീതിയുടെ സകലവഞ്ചനയോടുംകൂടെ ആയിരിക്കും.”—2 തെസ്സലൊനീക്യർ 2:9.

മാത്രമല്ല, തിരുശേഷിപ്പുകളോടും വിഗ്രഹങ്ങളോടും പ്രതിരൂപങ്ങളോടുമുള്ള ബന്ധത്തിൽ നടക്കുന്ന “രോഗശാന്തികൾക്കു” പിന്നിൽ ദൈവമല്ലെന്നുള്ളത്‌ ഉറപ്പാണ്‌. എന്തുകൊണ്ട്‌? “വിഗ്രഹാരാധന വിട്ടോടുവിൻ” എന്നും “വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊൾവിൻ” എന്നും ദൈവവചനം വ്യക്തമായി കൽപ്പിക്കുന്നു. (1 കൊരിന്ത്യർ 10:14; 1 യോഹന്നാൻ 5:21) സത്യാരാധനയിൽനിന്ന്‌ ആളുകളെ അകറ്റിക്കളയാനുള്ള പിശാചിന്റെ തന്ത്രങ്ങളിലൊന്നാണ്‌ അത്തരം “രോഗശാന്തികൾ.” “സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ” എന്ന്‌ ബൈബിൾ പറയുന്നു.—2 കൊരിന്ത്യർ 11:14.

യേശുവും അപ്പൊസ്‌തലന്മാരും ആളുകളെ സുഖപ്പെടുത്തിയതിന്റെ കാരണം

ക്രിസ്‌തീയ ഗ്രീക്ക്‌ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിട്ടുള്ള യഥാർഥ രോഗശാന്തികൾ, യേശുവിനെയും അപ്പൊസ്‌തലന്മാരെയും ദൈവത്തിന്റെ വക്താക്കളായി തിരിച്ചറിയിച്ചു. (യോഹന്നാൻ 3:2; എബ്രായർ 2:3, 4) കൂടാതെ, “യേശു ഗലീലയിൽ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളിൽ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്‌തു” എന്ന്‌ ബൈബിൾ പറയുന്നു; യേശു നിർവഹിച്ച അത്ഭുത രോഗശാന്തികൾ അവൻ അറിയിച്ച ആ സന്ദേശത്തിന്‌ കരുത്തുപകർന്നു. (മത്തായി 4:23) രോഗികളെ സുഖപ്പെടുത്തിയതു കൂടാതെ അവൻ ജനക്കൂട്ടങ്ങൾക്കു ഭക്ഷണം നൽകുകയും പ്രകൃതിശക്തികളെ നിയന്ത്രിക്കുകയും മരിച്ചവരെ ഉയിർപ്പിക്കുകയുംപോലും ചെയ്‌തുവെന്ന്‌ ഓർക്കുക. അനുസരണമുള്ള മനുഷ്യവർഗത്തിനായി തന്റെ രാജ്യത്തിൻകീഴിൽ അവൻ ചെയ്യാനിരിക്കുന്ന കാര്യങ്ങളുടെ മുൻനിഴലായിരുന്നു അത്തരം വീര്യപ്രവൃത്തികൾ. എത്ര സന്തോഷകരമായ പ്രത്യാശയാണ്‌ നമുക്കുള്ളത്‌!

യേശുവിന്റെയും അപ്പൊസ്‌തലന്മാരുടെയും അവരിൽനിന്ന്‌ അത്ഭുതവരങ്ങൾ കൈമാറിക്കിട്ടിയവരുടെയും മരണത്തോടെ അത്തരം വീര്യപ്രവൃത്തികൾക്ക്‌ അഥവാ ആത്മീയവരങ്ങൾക്ക്‌ തിരശ്ശീലവീണു. “പ്രവചനവരമോ, അതു നീങ്ങിപ്പോകും; ഭാഷാവരമോ, അതു നിന്നുപോകും; [അതീന്ദ്രിയ] ജ്ഞാനമോ, അതു നീങ്ങിപ്പോകും” എന്ന്‌ പൗലൊസ്‌ എഴുതി. (1 കൊരിന്ത്യർ 13:8) എന്തുകൊണ്ട്‌? യേശുവാണ്‌ മിശിഹായെന്നും ക്രിസ്‌തീയ സഭയ്‌ക്ക്‌ ദൈവത്തിന്റെ അംഗീകാരമുണ്ടെന്നും തിരിച്ചറിയിക്കുക എന്നതായിരുന്നു രോഗശാന്തികൾ ഉൾപ്പെടെയുള്ള അത്തരം വീര്യപ്രവൃത്തികളുടെ ഉദ്ദേശ്യം. ആ ഉദ്ദേശ്യം സാക്ഷാത്‌കരിക്കപ്പെട്ടതോടെ അവയുടെ ആവശ്യമില്ലാതായി; അവ ‘നീങ്ങിപ്പോയി.’

എന്നിരുന്നാലും, യേശുവിന്റെ അത്ഭുത രോഗശാന്തികളിൽനിന്ന്‌ സുപ്രധാനമായ ഒരു സന്ദേശം വായിച്ചെടുക്കാൻ നമുക്കു കഴിയും. ദൈവരാജ്യത്തെക്കുറിച്ച്‌ യേശു പഠിപ്പിച്ച കാര്യങ്ങൾക്കു ശ്രദ്ധകൊടുക്കുകയും അവയിൽ വിശ്വാസം അർപ്പിക്കുകയും ചെയ്‌താൽ, “എനിക്കു ദീനം എന്നു യാതൊരു നിവാസിയും പറകയില്ല” എന്ന നിശ്വസ്‌ത പ്രവചനത്തിന്റെ ആത്മീയവും അക്ഷരീയവുമായ നിവൃത്തി നേരിൽക്കാണാൻ നമുക്കു കഴിയും.—യെശയ്യാവു 33:24; 35:5, 6; വെളിപ്പാടു 21:4, 5.