വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു നല്ല അച്ഛനാകാൻ . . .

ഒരു നല്ല അച്ഛനാകാൻ . . .

ഒരു നല്ല അച്ഛനാകാൻ . . .

“പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ അസഹ്യപ്പെടുത്തരുത്‌; അങ്ങനെ ചെയ്‌താൽ അവരുടെ മനസ്സിടിഞ്ഞുപോകും.”—കൊലൊസ്സ്യർ 3:21, NW.

മക്കളെ അസഹ്യപ്പെടുത്താതിരിക്കാൻ ഒരു അച്ഛന്‌ എന്തു ചെയ്യാനാകും? അച്ഛനെന്ന തന്റെ സ്ഥാനത്തിന്റെ പ്രാധാന്യം അദ്ദേഹം തിരിച്ചറിയേണ്ടത്‌ അനിവാര്യമാണ്‌. “മക്കളുടെ വൈകാരികവും ബൗദ്ധികവുമായ വളർച്ചയെ നിർണായകമായി സ്വാധീനിക്കാൻ കഴിയുന്ന സങ്കീർണവും നിരുപമവുമായ ഒരു റോളാണ്‌ അച്ഛന്റേത്‌” എന്ന്‌ മാനസികാരോഗ്യം സംബന്ധിച്ച ഒരു പ്രസിദ്ധീകരണം പറയുന്നു.

ആകട്ടെ, എന്താണ്‌ ഒരു അച്ഛന്റെ ധർമം? പല കുടുംബങ്ങളിലും, ശിക്ഷ നടപ്പാക്കുന്ന ഒരാളുടെ റോളാണ്‌ അച്ഛന്‌. തെറ്റു ചെയ്യുന്ന കുട്ടിയോട്‌, ‘അച്ഛനിങ്ങു വരട്ടെ’ എന്ന്‌ അമ്മമാർ പറയുക സാധാരണമാണ്‌. പക്വതയുള്ളവരായി വളർന്നുവരാൻ, സമനിലയോടും ഒരളവുവരെ ദൃഢതയോടും കൂടെ മക്കൾക്കു ശിക്ഷണം നൽകേണ്ടതാണെന്നതു ശരിതന്നെ. എങ്കിലും, ഒരു നല്ല പിതാവായിരിക്കുന്നതിൽ കൂടുതൽ കാര്യങ്ങൾ ഉൾപ്പെട്ടിരിക്കുന്നു.

പക്ഷേ, കണ്ടുപഠിക്കാൻ നല്ലൊരു മാതൃക പല അച്ഛന്മാർക്കും ഉണ്ടായിരുന്നിട്ടില്ല എന്നതാണ്‌ സങ്കടകരമായ വസ്‌തുത. ചിലർ അച്ഛനില്ലാത്ത കുടുംബത്തിലാണ്‌ വളർന്നത്‌. ഇനി, പരുക്കൻ സ്വഭാവക്കാരായ അച്ഛന്മാരുടെ മക്കൾ തങ്ങളുടെ മക്കളോടും അതേവിധത്തിൽ പെരുമാറിയേക്കാം. അത്തരമൊരു മൂശയിൽനിന്നു പുറത്തുവന്ന്‌ അച്ഛന്റെ ഭാഗധേയം നന്നായി നിറവേറ്റാൻ ഒരാൾക്ക്‌ എങ്ങനെ കഴിയും?

നല്ലൊരു അച്ഛനാകാൻ സഹായിക്കുന്ന പ്രായോഗികവും ആശ്രയയോഗ്യവുമായ ബുദ്ധിയുപദേശത്തിന്റെ ഉറവാണ്‌ ബൈബിൾ. കുടുംബജീവിതം സംബന്ധിച്ച ഏറ്റവും മികച്ച മാർഗനിർദേശങ്ങൾ അതിലുണ്ട്‌. അവ കേവലം സിദ്ധാന്തങ്ങളല്ല; അവ ഒരിക്കലും നമുക്കു ദോഷംചെയ്യുകയുമില്ല. ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവയാം ദൈവത്തിന്റെ ജ്ഞാനമാണ്‌ അതിലെ ബുദ്ധിയുപദേശങ്ങളിൽ പ്രതിഫലിക്കുന്നത്‌; അവനാണ്‌ കുടുംബജീവിതത്തിന്റെ ഉപജ്ഞാതാവും. (എഫെസ്യർ 3:14, 15) നിങ്ങളൊരു അച്ഛനാണെങ്കിൽ, മക്കളെ വളർത്തുന്നതിനെപ്പറ്റി ബൈബിളിനു പറയാനുള്ളതു പരിചിന്തിക്കുന്നതു നന്നായിരിക്കും. *

നല്ലൊരു അച്ഛനായിരിക്കേണ്ടതു പ്രധാനമായിരിക്കുന്നത്‌ എന്തുകൊണ്ടാണ്‌? മക്കളുടെ ശാരീരികവും വൈകാരികവുമായ സുസ്ഥിതിക്കു മാത്രമല്ല, അവരുടെ ആത്മീയ ക്ഷേമത്തിനും അത്‌ അനിവാര്യമാണ്‌. അച്ഛനോടു വളരെ സ്‌നേഹവും അടുപ്പവുമുള്ള ഒരു കുട്ടിക്ക്‌ ദൈവവുമായി ഒരു ഉറ്റബന്ധം വളർത്തിയെടുക്കാൻ എളുപ്പമായിരുന്നേക്കാം. കാരണം, ബൈബിളനുസരിച്ച്‌ സ്രഷ്ടാവായ യഹോവ ഒരർഥത്തിൽ നമ്മുടെയെല്ലാം പിതാവാണ്‌. (യെശയ്യാവു 64:8) അച്ഛനിൽനിന്നു മക്കൾക്കു ലഭിക്കേണ്ട ആറുകാര്യങ്ങൾ നമുക്കിപ്പോൾ പരിചിന്തിക്കാം. അവയോരോന്നും നിവർത്തിക്കാൻ ബൈബിൾതത്ത്വങ്ങൾ ഒരച്ഛനെ സഹായിക്കുന്നതെങ്ങനെയെന്നും നോക്കാം.

1 അച്ഛന്റെ സ്‌നേഹം

അച്ഛന്മാർക്കുള്ള ഏറ്റവും നല്ല മാതൃകയാണ്‌ യഹോവ. തന്റെ ആദ്യജാതപുത്രനായ യേശുവിനെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം പ്രകടമാക്കിക്കൊണ്ട്‌ ബൈബിൾ ഇങ്ങനെ പറയുന്നു: “പിതാവു പുത്രനെ സ്‌നേഹിക്കുന്നു.” (യോഹന്നാൻ 3:35; കൊലൊസ്സ്യർ 1:15) താൻ പുത്രനെ സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുവെന്ന്‌ ഒന്നിലേറെ സന്ദർഭങ്ങളിൽ യഹോവ വെളിപ്പെടുത്തി. യേശു സ്‌നാനമേറ്റ സമയത്ത്‌, “നീ എന്റെ പ്രിയ പുത്രൻ; നിന്നിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്ന്‌ യഹോവ സ്വർഗത്തിൽനിന്നു പറയുകയുണ്ടായി. (ലൂക്കൊസ്‌ 3:22) പിതാവിനു തന്നോടുള്ള സ്‌നേഹം സംബന്ധിച്ച്‌ യേശുവിനു തെല്ലും സംശയമില്ലായിരുന്നു. ദൈവത്തിന്റെ ഈ മാതൃകയിൽനിന്ന്‌ ഒരച്ഛന്‌ എന്തു പഠിക്കാനാകും?

മക്കളോടു സ്‌നേഹമുണ്ടെന്ന്‌ അവരോടു പറയാൻ ഒട്ടും മടിക്കരുത്‌. അഞ്ചു മക്കളുടെ അച്ഛനായ കെൽവിൻ പറയുന്നു: “മക്കളോടുള്ള സ്‌നേഹം അവരെ അറിയിക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്‌, വാക്കിൽ മാത്രമല്ല പ്രവൃത്തിയിലും. ഓരോരുത്തരുടെയും കാര്യത്തിൽ ഞാൻ താത്‌പര്യമെടുക്കുന്നു. അവരെ കഴുകിക്കാനും കുളിപ്പിക്കാനും ഉടുപ്പിക്കാനുമെല്ലാം ഞാനും കൂടുമായിരുന്നു.” അച്ഛൻ തങ്ങളെ വിലമതിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നുണ്ടെന്നും മക്കൾ അറിയേണ്ടതുണ്ട്‌. അതുകൊണ്ട്‌ സർവനേരവും ഗുണദോഷിച്ചുകൊണ്ട്‌ അമിതമായി അവരെ വിമർശിക്കരുത്‌. മറിച്ച്‌, നിർലോപം അനുമോദിക്കുക. കൗമാരക്കാരായ രണ്ടു പെൺകുട്ടികളുടെ അച്ഛൻ ഡൊണീസെറ്റി പറയുന്നു: “മക്കളെ അഭിനന്ദിക്കാനുള്ള അവസരങ്ങൾക്കായി അച്ഛൻ നോക്കിയിരിക്കണം.” അച്ഛന്റെ പ്രീതിയും അംഗീകാരവുമുണ്ടെന്ന്‌ അറിയുമ്പോൾ മക്കൾക്ക്‌ ആത്മാഭിമാനം തോന്നും. ദൈവത്തോട്‌ കൂടുതൽ അടുക്കാനും അതവരെ സഹായിക്കും.

2 അനുകരിക്കാനൊരു മാതൃക

“പിതാവു ചെയ്‌തു കാണുന്നതു” മാത്രമേ യേശുവിനു ചെയ്യാൻ കഴിയൂ എന്ന്‌ യോഹന്നാൻ 5:19 പറയുന്നു. പിതാവ്‌ ‘ചെയ്‌തത്‌’ പുത്രൻ നിരീക്ഷിക്കുകയും അനുകരിക്കുകയും ചെയ്‌തുവെന്നാണ്‌ അതിനർഥം. പലപ്പോഴും കുട്ടികളും അങ്ങനെയാണ്‌. ഉദാഹരണത്തിന്‌, അച്ഛൻ അമ്മയോട്‌ ആദരവോടും പരിഗണനയോടും കൂടെ പെരുമാറുന്നതു കണ്ടുവളരുന്ന ഒരു മകൻ, സാധ്യതയനുസരിച്ച്‌ അതേവിധത്തിലായിരിക്കും സ്‌ത്രീകളോട്‌ ഇടപെടുക. അച്ഛന്റെ മാതൃക ആൺമക്കളുടെ മനോഭാവത്തെ മാത്രമല്ല ബാധിക്കുന്നത്‌; പുരുഷന്മാരെ സംബന്ധിച്ച പെൺമക്കളുടെ വീക്ഷണത്തെയും അതു സ്വാധീനിച്ചേക്കാം.

ക്ഷമചോദിക്കാൻ നിങ്ങളുടെ മക്കൾക്കു ബുദ്ധിമുട്ടുണ്ടോ? ഇക്കാര്യത്തിലും മാതൃക പ്രധാനമാണ്‌. തന്റെ രണ്ട്‌ ആൺമക്കളുംകൂടി വിലപിടിപ്പുള്ള ഒരു ക്യാമറ പൊട്ടിച്ചുകളഞ്ഞ സന്ദർഭം കെൽവിൻ ഓർക്കുന്നു. ദേഷ്യം അടക്കാനാവാതെ അദ്ദേഹം ഒരു മേശയിൽ ആഞ്ഞിടിച്ചു; അതു രണ്ടായി പിളർന്നുപോയി! പിന്നീടു ഖേദം തോന്നിയ അദ്ദേഹം ഭാര്യ ഉൾപ്പെടെ എല്ലാവരോടും ക്ഷമചോദിച്ചു. ആ ക്ഷമാപണം മക്കളെ സ്വാധീനിച്ചതായി അദ്ദേഹം പറയുന്നു; ക്ഷമചോദിക്കാൻ അവർക്കിപ്പോൾ ഒരു പ്രയാസവുമില്ല.

3 ഹൃദ്യമായ കുടുംബാന്തരീക്ഷം

“ധന്യനായ,” സന്തുഷ്ടനായ ഒരു ദൈവമാണ്‌ യഹോവ. (1 തിമൊഥെയൊസ്‌ 1:11) പിതാവിനോടൊപ്പമുള്ള ജീവിതം യേശുവിന്‌ അളവറ്റ സന്തോഷം പകർന്നതിൽ അതിശയമില്ല. യേശുവിനെക്കുറിച്ച്‌ സദൃശവാക്യങ്ങൾ 8:30-ൽ കാണുന്ന പിൻവരുന്ന വാക്കുകൾ അവർക്കിടയിലെ ബന്ധത്തിലേക്കു വെളിച്ചംവീശുന്നു: ‘ഞാൻ [പിതാവിന്റെ] അടുക്കൽ ശില്‌പി ആയിരുന്നു; ഇടവിടാതെ അവന്റെ മുമ്പിൽ വിനോദിച്ചുകൊണ്ടിരുന്നു [‘ആഹ്ലാദിച്ചുകൊണ്ടിരുന്നു,’ പി.ഒ.സി. ബൈബിൾ].’ എത്ര ഊഷ്‌മളമായ ബന്ധം!

നിങ്ങളുടെ മക്കൾക്കും ഹൃദ്യമായ ഒരു അന്തരീക്ഷം ആവശ്യമാണ്‌. മക്കളോടൊപ്പം കളികളിലേർപ്പെടുന്നത്‌ അത്തരമൊരു അന്തരീക്ഷത്തിനു കളമൊരുക്കും. അച്ഛനും മക്കളും തമ്മിലുള്ള ബന്ധത്തെ അത്‌ ഈടുറ്റതാക്കും. ഫെലിക്‌സിനും അതേ അഭിപ്രായമാണ്‌. കൗമാരപ്രായത്തിലുള്ള ഒരു കുട്ടിയുടെ അച്ഛനായ അദ്ദേഹം പറയുന്നു: “മകനോടൊപ്പം വിനോദങ്ങളിലേർപ്പെടാൻ സമയം നീക്കിവെച്ചതിനാൽ ഞങ്ങൾക്കിടയിലെ ബന്ധം ബലിഷ്‌ഠമായിത്തീർന്നിരിക്കുന്നു. ഞങ്ങൾ ഒരുമിച്ച്‌ കളികളിലേർപ്പെടുകയും സുഹൃത്തുക്കളുമായി സമയം ചെലവിടുകയും സ്ഥലങ്ങൾ കാണാൻപോകുകയുമൊക്കെ ചെയ്യാറുണ്ട്‌. ഇതെല്ലാം ഞങ്ങളുടെ കുടുംബബന്ധത്തെ ശക്തമാക്കിയിരിക്കുന്നു.”

4 ആത്മീയ മാർഗദർശനം

യേശുവിനെ പഠിപ്പിച്ചത്‌ അവന്റെ പിതാവാണ്‌. അതുകൊണ്ട്‌, “[പിതാവിനോടു] കേട്ടതു തന്നേ ഞാൻ ലോകത്തോടു സംസാരിക്കുന്നു” എന്ന്‌ അവനു പറയാനായി. (യോഹന്നാൻ 8:26) ദൈവത്തിന്റെ വീക്ഷണത്തിൽ, ധാർമികവും ആത്മീയവുമായ കാര്യങ്ങൾ മക്കളെ പഠിപ്പിക്കാനുള്ള ചുമതല അച്ഛനാണ്‌. ശരിയായ തത്ത്വങ്ങൾ മക്കളുടെ ഹൃദയത്തിൽ ഉൾനടുകയെന്നതാണ്‌ നിങ്ങളുടെ ഉത്തരവാദിത്വങ്ങളിലൊന്ന്‌. അത്തരം പരിശീലനം ശൈശവത്തിലേ തുടങ്ങണം. (2 തിമൊഥെയൊസ്‌ 3:14, 15) മകൻ കൊച്ചുകുട്ടിയായിരിക്കുമ്പോൾത്തന്നെ, എന്റെ ബൈബിൾ കഥാപുസ്‌തകം * പോലുള്ള പ്രസിദ്ധീകരണങ്ങളിലെ രസകരമായ കഥകൾ ഫെലിക്‌സ്‌ അവനെ വായിച്ചുകേൾപ്പിക്കുമായിരുന്നു. മകൻ വളർന്നുവരവെ, അവന്റെ പ്രായത്തിനു യോജിച്ച മറ്റു ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങളും അദ്ദേഹം ഉപയോഗിച്ചു.

ഡൊണീസെറ്റി പറയുന്നു: കുടുംബ ബൈബിളധ്യയനം രസകരമാക്കുകയെന്നത്‌ ഒരു വെല്ലുവിളിതന്നെയാണ്‌. മാതാപിതാക്കൾ, ആത്മീയ കാര്യങ്ങളോടു വിലമതിപ്പുണ്ടെന്നു പറഞ്ഞാൽമാത്രം പോരാ, പ്രവൃത്തിയാൽ അതു കാണിക്കുകയും ചെയ്യണം. കാരണം, വാക്കിലും പ്രവൃത്തിയിലുമുള്ള വ്യത്യാസം കുട്ടികൾക്ക്‌ എളുപ്പം മനസ്സിലാകും. മൂന്നുമക്കളുടെ അച്ഛനായ കാർലോസ്‌ പറയുന്നു: “കുടുംബകാര്യങ്ങൾ ചർച്ചചെയ്യാൻ എല്ലാ ആഴ്‌ചയും ഞങ്ങൾ ഒരുമിച്ചുകൂടും. എന്താണു ചർച്ചചെയ്യേണ്ടതെന്നു തീരുമാനിക്കാൻ കുടുംബത്തിൽ എല്ലാവർക്കും അവസരമുണ്ട്‌.” എല്ലായ്‌പോഴും ദൈവത്തെക്കുറിച്ചു മക്കളോടു സംസാരിക്കാൻ കെൽവിൻ ശ്രദ്ധിച്ചിരുന്നു. അതു നമ്മെ മോശെയുടെ വാക്കുകൾ അനുസ്‌മരിപ്പിക്കുന്നു: “ഇന്നു ഞാൻ നിന്നോടു കല്‌പിക്കുന്ന ഈ വചനങ്ങൾ നിന്റെ ഹൃദയത്തിൽ ഇരിക്കേണം. നീ അവയെ നിന്റെ മക്കൾക്കു ഉപദേശിച്ചുകൊടുക്കയും നീ വീട്ടിൽ ഇരിക്കുമ്പോഴും വഴി നടക്കുമ്പോഴും കിടക്കുമ്പോഴും എഴുന്നേല്‌ക്കുമ്പോഴും അവയെക്കുറിച്ചു സംസാരിക്കയും വേണം.”—ആവർത്തനപുസ്‌തകം 6:6, 7.

5 ശിക്ഷണം

പ്രയത്‌നശീലരും ഉത്തരവാദിത്വബോധമുള്ളവരുമായി വളർന്നുവരാൻ കുട്ടികൾക്കു ശിക്ഷണം ആവശ്യമാണ്‌. ഭീഷണിപ്പെടുത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നതുപോലുള്ള കടുത്ത നടപടികളാണ്‌ ശിക്ഷണത്തിൽ ഉൾപ്പെട്ടിരിക്കുന്നതെന്ന്‌ ചില മാതാപിതാക്കൾ കരുതുന്നു. എന്നാൽ ഇങ്ങനെ നിർദയമായ വിധത്തിൽ ശിക്ഷണം നൽകണമെന്നല്ല മറിച്ച്‌, യഹോവ ചെയ്യുന്നതുപോലെ സ്‌നേഹപൂർവം അതു നൽകണമെന്നാണ്‌ ബൈബിൾ അനുശാസിക്കുന്നത്‌. (എബ്രായർ 12:4-11) “പിതാക്കന്മാരേ, നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും പത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ” എന്ന്‌ അതു പറയുന്നു.—എഫെസ്യർ 6:4.

ഇടയ്‌ക്കൊക്കെ ശിക്ഷയും ആവശ്യമായിവരും. എന്നാൽ താൻ ശിക്ഷിക്കപ്പെടുന്നതിന്റെ കാരണം കുട്ടിക്കു മനസ്സിലാകണം. തന്നെ ആർക്കും വേണ്ടെന്ന്‌ അവനു തോന്നാൻ ശിക്ഷണം ഇടയാക്കരുത്‌. പരിക്കേൽക്കുംവിധം കുട്ടിയെ കഠിനമായി പ്രഹരിക്കുന്നത്‌ തിരുവെഴുത്തുവിരുദ്ധമാണ്‌. (സദൃശവാക്യങ്ങൾ 16:32) “പ്രധാനപ്പെട്ട കാര്യങ്ങൾ സംബന്ധിച്ച്‌ മക്കളെ തിരുത്തേണ്ടിവരുമ്പോൾ, അവരോടു സ്‌നേഹമുള്ളതുകൊണ്ടാണ്‌ ഞാനങ്ങനെ ചെയ്യുന്നതെന്നു വ്യക്തമാക്കിക്കൊടുക്കാൻ ഞാൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു” എന്ന്‌ കെൽവിൻ അഭിപ്രായപ്പെടുന്നു.

6 സംരക്ഷണം

മോശമായ സ്വാധീനങ്ങളിൽനിന്നും കുഴപ്പക്കാരായ കൂട്ടുകാരിൽനിന്നും മക്കൾക്കു സംരക്ഷണം ആവശ്യമാണ്‌. നിഷ്‌കളങ്കരായ കുട്ടികളെ മുതലെടുക്കാൻ തുനിഞ്ഞിറങ്ങിയ ‘ദുഷ്ടമനുഷ്യർ’ ഇന്നു ലോകത്തിലുണ്ടെന്ന കാര്യം നാം മറക്കരുത്‌. (2 തിമൊഥെയൊസ്‌ 3:1-5, 13) നിങ്ങൾക്കെങ്ങനെ നിങ്ങളുടെ മക്കളെ സംരക്ഷിക്കാം? “വിവേകമുള്ളവൻ അനർത്ഥം കണ്ടു ഒളിച്ചുകൊള്ളുന്നു; അല്‌പബുദ്ധികളോ നേരെ ചെന്നു ചേതപ്പെടുന്നു” എന്ന്‌ ബൈബിൾ നമ്മെ ഓർമിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 22:3) മക്കളെ അനർഥത്തിൽനിന്നു സംരക്ഷിക്കാൻ, അവരെ ചൂഴ്‌ന്നുനിൽക്കുന്ന അപകടങ്ങളെക്കുറിച്ച്‌ നിങ്ങൾക്കു നല്ല ധാരണയുണ്ടായിരിക്കണം. പ്രശ്‌നങ്ങൾക്കു വഴിവെച്ചേക്കാവുന്ന സാഹചര്യങ്ങൾ മുൻകൂട്ടിക്കാണുകയും ആവശ്യമായ കരുതലുകൾ സ്വീകരിക്കുകയും ചെയ്യുക. ഉദാഹരണത്തിന്‌, ഇന്റർനെറ്റ്‌ ഉപയോഗിക്കാൻ മക്കളെ അനുവദിക്കുന്നെങ്കിൽ, അതു സുരക്ഷിതമായി ഉപയോഗിക്കാൻ അവർക്കറിയാമെന്ന്‌ ഉറപ്പുവരുത്തുക. വീട്ടിൽ എല്ലാവർക്കും കാണാവുന്ന ഒരു സ്ഥലത്ത്‌ കമ്പ്യൂട്ടർ വെക്കുന്നെങ്കിൽ മക്കൾ അതിൽ എന്താണു ചെയ്യുന്നതെന്നു നിരീക്ഷിക്കാൻ നിങ്ങൾക്കാകും.

കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന ഒരു ലോകമാണിത്‌. അത്തരം അപകടങ്ങൾ ഒഴിവാക്കാൻ മക്കളെ പരിശീലിപ്പിക്കുകയും സജ്ജരാക്കുകയും ചെയ്യേണ്ട ഉത്തരവാദിത്വം അച്ഛനുണ്ട്‌. നിങ്ങൾ കൂടെയില്ലാത്ത സമയത്ത്‌ മക്കളെ ദുരുപയോഗം ചെയ്യാൻ ആരെങ്കിലും മുതിർന്നാൽ, എങ്ങനെ പ്രതികരിക്കണമെന്ന്‌ അവർക്കറിയാമോ? * ലൈംഗികാവയവങ്ങളോടുള്ള ബന്ധത്തിൽ ഉചിതവും അനുചിതവുമായ കാര്യങ്ങൾ എന്തൊക്കെയാണെന്ന്‌ മക്കൾ അറിയേണ്ടതുണ്ട്‌. കെൽവിൻ പറയുന്നതു ശ്രദ്ധിക്കുക: “ഈ ഉത്തരവാദിത്വം ഞാൻ മറ്റാരെയും ഏൽപ്പിച്ചില്ല, അധ്യാപകരെപ്പോലും. ലൈംഗികതയെയും ഇരപിടിയന്മാരുടെ അപകടത്തെയും കുറിച്ച്‌ മക്കളെ പഠിപ്പിക്കുകയെന്നത്‌ എന്റെ ചുമതലയായിട്ടാണ്‌ ഞാൻ കണ്ടത്‌.” അദ്ദേഹത്തിന്റെ എല്ലാ മക്കളും നല്ല രീതിയിൽ വളർന്നുവന്നു; ഇപ്പോൾ വിവാഹംകഴിച്ച്‌ അവർ സന്തോഷമായി ജീവിക്കുന്നു.

ദൈവത്തിന്റെ സഹായം തേടുക

ദൈവവുമായി ഒരു ഉറ്റബന്ധം വളർത്തിയെടുക്കാൻ മക്കളെ സഹായിക്കുകയെന്നതാണ്‌ ഏതൊരു അച്ഛനും തന്റെ മക്കൾക്കു നൽകാൻ കഴിയുന്ന ഏറ്റവും മികച്ച സമ്മാനം. ഇക്കാര്യത്തിൽ അച്ഛന്റെ മാതൃക അതിപ്രധാനമാണ്‌. ഡൊണീസെറ്റി പറയുന്നു: “ദൈവവുമായുള്ള ബന്ധം അച്ഛന്‌ എത്ര പ്രിയങ്കരമാണെന്ന്‌ കുട്ടിക്കു കാണാനാകണം—വിശേഷിച്ചും, വ്യക്തിപരമായ പ്രശ്‌നങ്ങളോ പ്രതിസന്ധികളോ നേരിടുമ്പോൾ. അപ്പോൾ, യഹോവയിലുള്ള അച്ഛന്റെ ആശ്രയം എത്ര ആഴമുള്ളതാണെന്ന്‌ മക്കൾക്കു ബോധ്യമാകും. ദൈവത്തിന്റെ നന്മകൾക്കായി ആവർത്തിച്ചു നന്ദി പറഞ്ഞുകൊണ്ട്‌ കുടുംബത്തോടൊപ്പം പ്രാർഥിക്കുന്ന ഒരച്ഛൻ, ദൈവത്തെ സ്‌നേഹിതനാക്കേണ്ടത്‌ എത്ര പ്രധാനമാണെന്ന്‌ മക്കളെ പഠിപ്പിക്കുകയാണ്‌.”

അതുകൊണ്ട്‌ ഒരു നല്ല അച്ഛനായിരിക്കുന്നതിന്റെ രഹസ്യമെന്താണ്‌? കുട്ടികളെ ഏറ്റവും നന്നായി വളർത്തിക്കൊണ്ടുവരേണ്ടത്‌ എങ്ങനെയെന്ന്‌ അറിയാവുന്ന യഹോവയാം ദൈവത്തിന്റെ ബുദ്ധിയുപദേശം തേടുക. ദൈവവചനത്തിലെ മാർഗനിർദേശത്തിനു ചേർച്ചയിൽ മക്കളെ പരിശീലിപ്പിക്കുന്നപക്ഷം, “അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല” എന്ന വാക്കുകളുടെ സത്യത അനുഭവിച്ചറിയാൻ നിങ്ങൾക്കാകും.—സദൃശവാക്യങ്ങൾ 22:6.

[അടിക്കുറിപ്പുകൾ]

^ ഖ. 6 ഈ ലേഖനത്തിലെ തിരുവെഴുത്തു ബുദ്ധിയുപദേശങ്ങൾ മുഖ്യമായും അച്ഛന്റെ ഭാഗധേയത്തെ കേന്ദ്രീകരിച്ചുള്ളതാണെങ്കിലും, പരാമർശിച്ചിരിക്കുന്ന പല തത്ത്വങ്ങളും അമ്മമാർക്കും ബാധകമാണ്‌.

^ ഖ. 18 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്‌.

^ ഖ. 25 ലൈംഗിക ചൂഷണങ്ങളിൽനിന്നു മക്കളെ എങ്ങനെ സംരക്ഷിക്കാമെന്ന്‌ അറിയാൻ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന ഉണരുക!യുടെ 2007 ഒക്‌ടോബർ ലക്കത്തിന്റെ 3-11 പേജുകൾ കാണുക.

[21-ാം പേജിലെ ചിത്രം]

അച്ഛൻ മക്കൾക്കു മാതൃകയായിരിക്കണം

[22-ാം പേജിലെ ചിത്രം]

അച്ഛൻ മക്കളുടെ ആത്മീയാവശ്യങ്ങൾക്കായി കരുതണം

[23-ാം പേജിലെ ചിത്രം]

മക്കൾക്ക്‌ സ്‌നേഹപൂർവം ശിക്ഷണം നൽകണം