നീതിസ്‌നേഹിയായ ദൈവം
ദൈവത്തോട് അടുത്തുചെല്ലുക
നീതിസ്‌നേഹിയായ ദൈവം
നിങ്ങൾ എന്നെങ്കിലും അനീതിക്കോ ക്രൂരതയ്‌ക്കോ ഇരയായിട്ടുണ്ടോ? അതിനു കാരണക്കാരനായ വ്യക്തി ഒരു മനസ്‌താപവുമില്ലാതെ, രക്ഷപ്പെട്ടു നടക്കുകയാണെങ്കിലോ? കടുത്ത അനീതിപോലെ നമുക്കു സഹിക്കാൻ പറ്റാത്തതായ കാര്യങ്ങൾ അധികമില്ല, നിങ്ങളെ സ്‌നേഹിക്കുകയും നിങ്ങൾക്കുവേണ്ടി കരുതുകയും ചെയ്യേണ്ട ഒരാളിൽനിന്നാണെങ്കിൽ പ്രത്യേകിച്ചും. ‘ദൈവം ഇതെല്ലാം അനുവദിച്ചിരിക്കുന്നത് എന്തുകൊണ്ടാണ്?’ എന്നു നിങ്ങൾ ചിന്തിച്ചേക്കാം. * എന്നാൽ യഹോവയാം ദൈവം സകലതരം അനീതിയും വെറുക്കുന്നുവെന്നതാണ് വാസ്‌തവം. യാതൊരു മനസ്‌താപവുമില്ലാതെ പാപങ്ങൾ ചെയ്‌തുകൂട്ടുന്ന കഠിനഹൃദയരായ ആളുകളെ ദൈവം ശിക്ഷിക്കാതെ വിടുകയില്ലെന്ന് അവന്റെ വചനമായ ബൈബിൾ ഉറപ്പുനൽകുന്നു. നമുക്കിപ്പോൾ എബ്രായർ 10:26-31-ലെ പൗലൊസിന്റെ വാക്കുകൾ ഒന്നു പരിചിന്തിക്കാം.
‘സത്യത്തിന്റെ പരിജ്ഞാനം ലഭിച്ചശേഷം നാം മനഃപൂർവ്വം പാപംചെയ്‌താൽ [“പാപം ചെയ്‌തുകൊണ്ടിരുന്നാൽ,” NW] പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കുന്നില്ല’ എന്നു പൗലൊസ് എഴുതി. (26-ാം വാക്യം) മനഃപൂർവപാപികൾക്ക് ശിക്ഷാവിധിയിൽനിന്ന് രക്ഷപ്പെടാനാവില്ല. എന്തുകൊണ്ട്? ഒന്നാമതായി, അപൂർണരായ നാമെല്ലാം ചെയ്യുന്നതുപോലെ ഒരു ദുർബലനിമിഷത്തിൽ ചെയ്‌തുപോകുന്ന ഒറ്റപ്പെട്ട പാപമല്ല അവരുടേത്; പാപം ചെയ്യുന്നത് അവർക്കൊരു ശീലമാണ്. അവരുടേത് മനഃപൂർവപാപമാണ് എന്നതാണ് രണ്ടാമത്തെ കാരണം; പാപം അവരുടെ ഹൃദയത്തിൽ രൂഢമൂലമായിരിക്കുന്നു. മൂന്നാമതായി, അറിവില്ലായ്‌മനിമിത്തമല്ല അവർ പാപം ചെയ്യുന്നത്; ദൈവത്തിന്റെ ഇഷ്ടത്തെയും വഴികളെയും കുറിച്ചുള്ള “സത്യത്തിന്റെ പരിജ്ഞാനം” ലഭിച്ചവരാണവർ.
അനുതാപമില്ലാത്ത കടുത്തപാപികളെ ദൈവം എങ്ങനെ വീക്ഷിക്കുന്നു? ‘പാപങ്ങൾക്കുവേണ്ടി ഇനി ഒരു യാഗവും ശേഷിക്കുന്നില്ല’ എന്നു പൗലൊസ് പറയുന്നു. അപൂർണതനിമിത്തം നാം ചെയ്യുന്ന പാപങ്ങൾ മായ്‌ക്കാനായി ദൈവം ചെയ്‌തിരിക്കുന്ന കരുതലാണ് ക്രിസ്‌തുവിന്റെ യാഗം. (1 യോഹന്നാൻ 2:1, 2) എന്നാൽ അനുതാപമില്ലാതെ പാപം ചെയ്‌തുകൊണ്ടിരിക്കുന്നവർ അമൂല്യമായ ഈ ക്രമീകരണത്തെ തുച്ഛീകരിക്കുകയാണ്. ദൈവത്തിന്റെ ദൃഷ്ടിയിൽ അവർ, “ദൈവപുത്രനെ ചവിട്ടിക്കളകയും. . . [അവന്റെ] രക്തത്തെ മലിനം എന്നു നിരൂപിക്കയും [“നിസ്സാരമാക്കുകയും,” ഓശാന ബൈബിൾ]” ചെയ്‌തിരിക്കുന്നു. (26-ാം വാക്യം) അവരുടെ ജീവിതഗതിയാൽ അവർ യേശുവിനെ അവമതിക്കുകയാണ്. അവന്റെ രക്തത്തെ “വിലകുറഞ്ഞ ഒന്നായി” അവർ വീക്ഷിക്കുന്നു; ആ രക്തത്തിന് അപൂർണമനുഷ്യരുടെ രക്തത്തെക്കാൾ എന്തെങ്കിലും വിശേഷതയുള്ളതായി അവർ കരുതുന്നില്ല. (ടുഡേയ്‌സ് ഇംഗ്ലീഷ് വേർഷൻ) വിലമതിപ്പില്ലാത്ത ഇത്തരം വ്യക്തികൾക്ക് ക്രിസ്‌തുവിന്റെ യാഗത്തിന്റെ പ്രയോജനങ്ങൾ അനുഭവിക്കാനുള്ള യോഗ്യതയില്ല.
എന്താണ് ദുഷ്ടന്മാരെ കാത്തിരിക്കുന്നത്? നീതിസ്‌നേഹിയായ ദൈവം ഇപ്രകാരം പറയുന്നു: “പ്രതികാരം എനിക്കുള്ളതു, ഞാൻ പകരം വീട്ടും.” (30-ാം വാക്യം) മറ്റുള്ളവരെ ബലിയാടാക്കിക്കൊണ്ട് മനഃപൂർവം പാപം ചെയ്‌തുകൊണ്ടിരിക്കുന്നവർ ഒന്നോർക്കണം: ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങളെ തുച്ഛീകരിക്കുന്ന ആർക്കും ശിക്ഷ ലഭിക്കാതിരിക്കില്ല. പലപ്പോഴും അവരുടെ ദുഷ്ടത അവർക്കുതന്നെ വിനയാകുന്നു. (ഗലാത്യർ 6:7) ഇനി, ഇപ്പോൾ അവർക്കൊന്നും സംഭവിച്ചില്ലെങ്കിൽക്കൂടി ഭൂമിയിലെ സകല അനീതിക്കുമെതിരെ ദൈവം പെട്ടെന്നുതന്നെ നടപടിയെടുക്കുമ്പോൾ അവർ ദൈവമുമ്പാകെ നിൽക്കേണ്ടിവരും. (സദൃശവാക്യങ്ങൾ 2:21, 22) പൗലൊസിന്റെ മുന്നറിയിപ്പു ശ്രദ്ധിക്കുക: “ജീവനുള്ള ദൈവത്തിന്റെ കയ്യിൽ വീഴുന്നതു ഭയങ്കരം.”—31-ാം വാക്യം.
യഹോവയാം ദൈവം മനഃപൂർവപാപം വെച്ചുപൊറുപ്പിക്കില്ലെന്ന് അറിയുന്നത് ആശ്വാസപ്രദമല്ലേ? വിശേഷിച്ച് കൊടിയ അനീതിക്ക് ഇരയായവർക്ക് അതെത്ര കരുത്തു പകരും! പ്രതികാരം നമുക്ക് ദൈവത്തിനു വിട്ടുകൊടുക്കാം. സകല അനീതിയെയും വെറുക്കുന്ന നമ്മുടെ ദൈവംതന്നെ അതു ചെയ്യട്ടെ.
[അടിക്കുറിപ്പ്]
^ ഖ. 4 ദൈവം കഷ്ടപ്പാട് അനുവദിച്ചിരിക്കുന്നതിന്റെ കാരണങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ, യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകത്തിന്റെ 106-114 പേജുകൾ കാണുക.