മരിച്ചവർക്ക് എന്തു പ്രത്യാശയാണുള്ളത്?
യേശുവിൽനിന്നു പഠിക്കുക
മരിച്ചവർക്ക് എന്തു പ്രത്യാശയാണുള്ളത്?
കുറഞ്ഞത് മൂന്നുപേരെയെങ്കിലും യേശു ഉയിർപ്പിച്ചതായി ബൈബിൾ പറയുന്നുണ്ട്; മരിച്ചവർക്ക് ഒരു പ്രത്യാശയുണ്ടെന്നാണ് അതു കാണിക്കുന്നത്. (ലൂക്കൊസ് 7:11-17; 8:49-56; യോഹന്നാൻ 11:1-45) ആ പ്രത്യാശയെക്കുറിച്ചു മനസ്സിലാക്കുന്നതിന് ആദ്യംതന്നെ നാം മരണത്തിന്റെ കാരണത്തെയും ഉത്ഭവത്തെയും കുറിച്ച് അറിയേണ്ടതുണ്ട്.
നാം രോഗികളാകുകയും മരിക്കുകയും ചെയ്യുന്നത് എന്തുകൊണ്ട്?
യേശു ആളുകളുടെ പാപങ്ങൾ മോചിച്ചുകൊടുത്തപ്പോൾ അവർ സൗഖ്യംപ്രാപിച്ചു. തളർവാതരോഗിയായിരുന്ന ഒരു മനുഷ്യനെ അവൻ സുഖപ്പെടുത്തിയതിനെക്കുറിച്ച് ബൈബിൾ പറയുന്നതു ശ്രദ്ധിക്കുക: “നിന്റെ പാപങ്ങൾ മോചിച്ചുതന്നിരിക്കുന്നു എന്നു പറയുന്നതോ, എഴുന്നേറ്റു നടക്ക എന്നു പറയുന്നതോ, ഏതാകുന്നു എളുപ്പം എന്നു [യേശു] ചോദിച്ചു. എങ്കിലും ഭൂമിയിൽ പാപങ്ങളെ മോചിപ്പാൻ മനുഷ്യപുത്രന്നു അധികാരം ഉണ്ടു എന്നു നിങ്ങൾ അറിയേണ്ടതിന്നു—അവൻ പക്ഷവാതക്കാരനോടു: എഴുന്നേറ്റു, കിടക്ക എടുത്തു വീട്ടിൽ പോക എന്നു പറഞ്ഞു.” (മത്തായി 9:2-6) അതെ, പാപമാണ് രോഗത്തിനും മരണത്തിനും കാരണം. ആദ്യമനുഷ്യനായ ആദാമിൽനിന്നാണ് നമുക്കതു കൈമാറിക്കിട്ടിയത്.—ലൂക്കൊസ് 3:38; റോമർ 5:12.
യേശു മരിച്ചത് എന്തുകൊണ്ട്?
യേശു ഒരിക്കലും പാപം ചെയ്‌തിട്ടില്ല. അതുകൊണ്ടുതന്നെ അവൻ മരിക്കേണ്ടിയിരുന്നില്ല. എന്നാൽ നമുക്കുവേണ്ടി മരിച്ചുകൊണ്ട് അവൻ നമ്മുടെ പാപങ്ങൾക്കുള്ള വിലയൊടുക്കുകയായിരുന്നു. തന്റെ രക്തം ‘അനേകർക്കുവേണ്ടി പാപമോചനത്തിന്നായി ചൊരിയപ്പെടുമെന്ന്’ അവൻ പറയുകയുണ്ടായി.—മത്തായി 26:28.
‘മനുഷ്യപുത്രൻ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകർക്കു വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നു’ എന്നും യേശു പറഞ്ഞു. (മത്തായി 20:28) താൻ കൊടുത്ത വിലയെ യേശു “മറുവില” എന്നാണു വിളിച്ചത്; കാരണം അത് അനേകരെ മരണത്തിൽനിന്നു വിടുവിക്കുന്നു. യേശു ഇങ്ങനെയും പറയുകയുണ്ടായി: “അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്.” (യോഹന്നാൻ 10:10) മരിച്ചവർക്കുള്ള പ്രത്യാശയെക്കുറിച്ച് പൂർണമായി മനസ്സിലാക്കാൻ ഇപ്പോൾ അവർ ഏത് അവസ്ഥയിലാണെന്നും നാം അറിയേണ്ടതുണ്ട്.
മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
മരിക്കുമ്പോൾ എന്താണു സംഭവിക്കുന്നതെന്ന്, തന്റെ സ്‌നേഹിതനായ ലാസർ മരിച്ചപ്പോൾ യേശു വ്യക്തമാക്കുകയുണ്ടായി. അവൻ ശിഷ്യന്മാരോടു പറഞ്ഞു: “നമ്മുടെ സ്‌നേഹിതനായ ലാസർ നിദ്രകൊള്ളുന്നു; എങ്കിലും ഞാൻ അവനെ ഉണർത്തുവാൻ [ബേഥാന്യയിലേക്കു] പോകുന്നു.” അവൻ ഉറക്കം എന്ന നിദ്രയെക്കുറിച്ചു പറഞ്ഞു എന്ന് അവർക്കു തോന്നിപ്പോയി. അപ്പോൾ യേശു സ്‌പഷ്ടമായി അവരോട്: “ലാസർ മരിച്ചുപോയി” എന്നു പറഞ്ഞു. മരിച്ചവർ ഉറങ്ങുകയാണെന്ന്, അവർ ഒന്നും അറിയുന്നില്ലെന്ന് യേശുവിന്റെ വാക്കുകൾ വ്യക്തമാക്കുന്നു.—യോഹന്നാൻ 11:1-14.
ലാസർ മരിച്ച് നാലുദിവസം കഴിഞ്ഞാണ് യേശു അവനെ ഉയിർപ്പിച്ചത്. എന്നാൽ മരണനിദ്രയിലായിരിക്കെ താൻ എന്തെങ്കിലും അറിയുകയോ അനുഭവിക്കുകയോ ചെയ്‌തെന്ന് ലാസർ പറഞ്ഞതായി ബൈബിൾ റിപ്പോർട്ടു ചെയ്യുന്നില്ല. ലാസറിന് ഒന്നിനെക്കുറിച്ചും ബോധമില്ലായിരുന്നു; അവൻ ഒന്നും അറിഞ്ഞതുമില്ല.—സഭാപ്രസംഗി 9:5, 10; യോഹന്നാൻ 11:17-44.
മരിച്ചവർക്ക് എന്തു പ്രത്യാശയാണുള്ളത്?
മരിച്ചവർ ജീവനിലേക്കു തിരികെവരും; എന്നേക്കും ജീവിക്കാനുള്ള അവസരം അവർക്കു മുമ്പാകെയുണ്ടായിരിക്കും. “കല്ലറകളിൽ ഉള്ളവർ എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേട്ടു, . . . പുനരുത്ഥാനം ചെയ്‌വാനുള്ള നാഴിക വരുന്നു” എന്ന് യേശു പറഞ്ഞു.—യോഹന്നാൻ 5:28, 29.
ദൈവത്തിനു മനുഷ്യനോടുള്ള സ്‌നേഹത്തിന്റെ പ്രതിഫലനമാണ് ഈ പ്രത്യാശ. “തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്‌കുവാൻ തക്കവണ്ണം ലോകത്തെ സ്‌നേഹിച്ചു” എന്ന് യേശു പറയുകയുണ്ടായി.—യോഹന്നാൻ 3:16; വെളിപ്പാടു 21:4, 5.
കൂടുതൽ വിവരങ്ങൾക്ക് ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? * എന്ന പുസ്‌തകത്തിന്റെ 6-ാം അധ്യായം കാണുക.
[അടിക്കുറിപ്പ്]
^ ഖ. 15 യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചത്.