സ്തുത്യർഹനായ സ്രഷ്ടാവ്
ദൈവത്തോട് അടുത്തുചെല്ലുക
സ്തുത്യർഹനായ സ്രഷ്ടാവ്
‘ജീ വിതത്തിന്റെ അർഥമെന്താണ്?’ എന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജീവൻ പരിണമിച്ചുണ്ടായതാണ് എന്ന് വിശ്വസിക്കുന്നവർ അതിനുള്ള ഉത്തരം കിട്ടാതെ ഉഴലുകയാണ്. ദൈവമായ യഹോവയാണ് ജീവന്റെ സ്രോതസ്സ് എന്ന സുസ്ഥാപിത സത്യം അംഗീകരിക്കുന്നവരുടെ കാര്യം പക്ഷേ, അങ്ങനെയല്ല. (സങ്കീർത്തനം 36:9) അവൻ നമ്മെ സൃഷ്ടിച്ചത് ഒരു ഉദ്ദേശ്യത്തോടെയാണെന്ന് അവർക്ക് അറിയാം. ആ ഉദ്ദേശ്യം എന്താണെന്ന് വെളിപ്പാടു 4:11-ൽ രേഖപ്പെടുത്തിയിരിക്കുന്നു. യോഹന്നാൻ അപ്പൊസ്തലൻ എഴുതിയ ആ വാക്കുകൾ നമുക്കു നോക്കാം.
ഒരു സ്വർഗീയ ഗായകസംഘം ദൈവത്തെ ഇങ്ങനെ വാഴ്ത്തിപ്പാടുന്നതായി യോഹന്നാൻ രേഖപ്പെടുത്തുന്നു: “കർത്താവേ, നീ സർവ്വവും സൃഷ്ടിച്ചവനും എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകയാൽ മഹത്വവും ബഹുമാനവും ശക്തിയും കൈക്കൊൾവാൻ യോഗ്യൻ.” ഇത്തരമൊരു ബഹുമതിക്ക് അർഹൻ യഹോവ മാത്രമാണ്. കാരണം, “സർവ്വവും സൃഷ്ടി”ച്ചത് അവനാണ്. ആ സ്ഥിതിക്ക്, ബുദ്ധിശക്തിയുള്ള അവന്റെ സൃഷ്ടികൾ എന്തു ചെയ്യേണ്ടതുണ്ട്?
മഹത്വവും ബഹുമാനവും ശക്തിയും “കൈക്കൊൾവാൻ” യഹോവ യോഗ്യനാണ് എന്ന് പറയപ്പെട്ടിരിക്കുന്നു. അതേ, പ്രപഞ്ചത്തിലെ ഏറ്റവും മഹത്വപൂർണനും ആദരണീയനും ശക്തനുമായ വ്യക്തി യഹോവയാണ് എന്നതിനു തർക്കമില്ല. എന്നാൽ മനുഷ്യകുലത്തിലെ ഭൂരിഭാഗവും യഹോവയെ സ്രഷ്ടാവായി അംഗീകരിക്കുന്നില്ല. അതേസമയം മറ്റു ചിലർ ദൈവത്തിന്റെ സൃഷ്ടികളിൽ അവന്റെ “അദൃശ്യലക്ഷണങ്ങൾ” അഥവാ അദൃശ്യഗുണങ്ങൾ സുവ്യക്തമായി കാണുന്നു. (റോമർ 1:20) നന്ദി നിറഞ്ഞ ഹൃദയത്തോടെ യഹോവയ്ക്ക് അവർ മഹത്വവും ബഹുമാനവും നൽകുന്നു. ഇക്കാണുന്നതെല്ലാം അത്ഭുതകരമായി സൃഷ്ടിച്ചത് യഹോവയാണെന്നും അതുകൊണ്ടുതന്നെ നമ്മുടെ ഭക്തിക്കും സ്തുതിക്കും അവൻ അർഹനാണെന്നും ഉള്ള സത്യം, കേൾക്കാൻ മനസ്സുള്ള ഏവരെയും തെളിവുസഹിതം ബോധ്യപ്പെടുത്താൻ അവർ ശ്രമിക്കുന്നു.—സങ്കീർത്തനം 19:1, 2; 139:14.
സർവശക്തനായ സ്രഷ്ടാവിന് ശക്തി പകർന്നുകൊടുക്കാൻ ഒരു സൃഷ്ടിക്കും കഴിയില്ല. (യെശയ്യാവു 40:25, 26) എങ്കിൽപ്പിന്നെ, യഹോവ തന്റെ ആരാധകരിൽനിന്ന് ശക്തി കൈക്കൊള്ളുന്നത് എങ്ങനെയാണ്? ദൈവത്തിന്റെ സ്വരൂപത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നതിനാൽ ശക്തി ഉൾപ്പെടെയുള്ള അവന്റെ ഗുണങ്ങൾ ഒരുപരിധിവരെ നമുക്കുണ്ട്. (ഉല്പത്തി 1:27) നമ്മുടെ സ്രഷ്ടാവ് ചെയ്തുതന്നിരിക്കുന്ന കാര്യങ്ങളെ നാം യഥാർഥത്തിൽ വിലമതിക്കുന്നുണ്ടെങ്കിൽ നമ്മുടെ ശക്തിയും ഊർജവും അവനെ മഹത്വപ്പെടുത്തുന്നതിനും ബഹുമാനിക്കുന്നതിനും നാം ഉപയോഗിക്കും. നമ്മുടെ എല്ലാ ശക്തിയും കൈക്കൊള്ളാൻ യഹോവ യോഗ്യനാണെന്നു മനസ്സിലാക്കുന്നതിനാൽ നമ്മുടെ ഊർജം മുഴുവനും സ്വന്തതാത്പര്യങ്ങൾക്കായി മാത്രം വിനിയോഗിക്കാതെ നാം അതു ദൈവസേവനത്തിൽ ചെലവഴിക്കും. —മർക്കൊസ് 12:30.
അപ്പോൾ നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണ്? വെളിപ്പാടു 4:11-ന്റെ അവസാനഭാഗം പറയുന്നതു ശ്രദ്ധിക്കുക: ‘കർത്താവേ, എല്ലാം നിന്റെ ഇഷ്ടം ഹേതുവാൽ ഉണ്ടായതും സൃഷ്ടിക്കപ്പെട്ടതും ആകുന്നു.’ നാം സ്വന്തം ഇഷ്ടത്താലല്ല ഉണ്ടായത്, മറിച്ച് ദൈവത്തിന്റെ ഇഷ്ടത്താലാണ്. അക്കാരണത്താൽ സ്വന്തതാത്പര്യങ്ങൾക്കുവേണ്ടി മാത്രം ജീവിക്കുകയാണെങ്കിൽ ആ ജീവിതം നിരർഥകമായിരിക്കും. മനശ്ശാന്തി, സന്തോഷം, സംതൃപ്തി, ചാരിതാർഥ്യം എന്നിവ കണ്ടെത്താൻ ദൈവേഷ്ടം എന്താണെന്നു നാം മനസ്സിലാക്കുകയും അതിൻപ്രകാരം ജീവിക്കുകയും ചെയ്യേണ്ടത് ആവശ്യമാണ്. എങ്കിൽമാത്രമേ നാം ജനിച്ചതിനും ജീവിക്കുന്നതിനുമൊക്കെ ഒരു ഉദ്ദേശ്യമുണ്ടായിരിക്കുകയുള്ളൂ. —സങ്കീർത്തനം 40:8.
[30-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
NASA, ESA, and A. Nota (STScI)