‘ഇലവാടാത്ത’ വൃക്ഷം
‘ഇലവാടാത്ത’ വൃക്ഷം
മാമരങ്ങൾ ഇടതൂർന്നുനിൽക്കുന്ന ഒരു വൃക്ഷത്തോപ്പ് നിങ്ങൾ കണ്ടിട്ടുണ്ടോ? എത്ര ഹൃദ്യമായ കാഴ്‌ചയാണത്! അങ്ങനെയൊരു പ്രദേശത്ത് വരൾച്ചയുണ്ടെന്ന് നിങ്ങൾ പറയുമോ? തീർച്ചയായുമില്ല. വൃക്ഷങ്ങൾ നല്ല ആരോഗ്യത്തോടും ഓജസ്സോടും കൂടെ നിൽക്കുന്നതുകൊണ്ട് അവിടെ നല്ല നീരോട്ടമുണ്ടെന്ന് നിങ്ങൾ ഉചിതമായും അനുമാനിക്കും.
ആത്മീയമായി നല്ല ആരോഗ്യമുള്ളവരെ, തഴച്ചുനിൽക്കുന്ന വൻമരങ്ങളോട് ബൈബിൾ ഉപമിക്കുന്നു. ഒന്നാം സങ്കീർത്തനത്തിന്റെ ആദ്യത്തെ മൂന്നുവാക്യങ്ങൾ അതിനൊരു ഉദാഹരണമാണ്:
“ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയിൽ നിൽക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തിൽ ഇരിക്കാതെയും യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകൽ ധ്യാനിക്കുന്നവൻ ഭാഗ്യവാൻ. അവൻ, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്‌ക്കുന്നതും ഇല വാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവൻ ചെയ്യുന്നതൊക്കെയും സാധിക്കും.”
സമാനമായി യിരെമ്യാവ് 17:7, 8-ൽ ഇങ്ങനെ പറയുന്നു: “യഹോവയിൽ ആശ്രയിക്കയും യഹോവ തന്നേ ആശ്രയമായിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ. അവൻ വെള്ളത്തിന്നരികെ നട്ടിരിക്കുന്നതും ആറ്റരികെ വേരൂന്നിയിരിക്കുന്നതുമായ വൃക്ഷംപോലെയാകും; ഉഷ്‌ണം തട്ടുമ്പോൾ അതു പേടിക്കയില്ല; അതിന്റെ ഇല പച്ചയായിരിക്കും; വരൾച്ചയുള്ള കാലത്തും വാട്ടം തട്ടാതെ ഫലം കായിച്ചുകൊണ്ടിരിക്കും.”
ശരിയായതു ചെയ്യുകയും ദൈവത്തിന്റെ ന്യായപ്രമാണത്തിൽ ആനന്ദിക്കുകയും അവനിൽ പൂർണമായി ആശ്രയിക്കുകയും ചെയ്യുന്ന ഒരു വ്യക്തിയുടെ അനുഗൃഹീതാവസ്ഥയെ ചിത്രീകരിക്കാനാണ് മേൽപ്പറഞ്ഞ തിരുവെഴുത്തുകളിൽ വൃക്ഷങ്ങളെ ദൃഷ്ടാന്തമായി ഉപയോഗിച്ചിരിക്കുന്നത്. ഇങ്ങനെയൊരു വ്യക്തി ഏതെല്ലാം വിധങ്ങളിലാണ് തഴച്ചുനിൽക്കുന്ന ഒരു വൻമരംപോലെയായിരിക്കുന്നത്? നമുക്ക് ഈ വാക്യങ്ങൾ ഒന്നടുത്തു പരിശോധിക്കാം.
‘ആറ്റരികത്തു നട്ടിരിക്കുന്ന വൃക്ഷം’
ഈ വാക്യങ്ങളിൽ പറഞ്ഞിരിക്കുന്ന വൃക്ഷങ്ങളെ “ആറ്റരികത്ത്” അഥവാ “വെള്ളത്തിന്നരികെ” ആണ് നട്ടിരിക്കുന്നത്. യെശയ്യാവു 44:3, 4-ലും സമാനമായ ഒരു വാങ്‌മയചിത്രം കാണാം. ബാബിലോണിലെ പ്രവാസത്തിനുശേഷം മടങ്ങിയെത്തിയ അനുതാപമുള്ള യഹൂദന്മാരെ താൻ എങ്ങനെ പരിപാലിക്കുമെന്ന് യെശയ്യാ പ്രവാചകനിലൂടെ യഹോവയാംദൈവം പറയുന്നു: “ദാഹിച്ചിരിക്കുന്നെടത്തു ഞാൻ വെള്ളവും വരണ്ട നിലത്തു നീരൊഴുക്കുകളും പകരും; . . . അവർ പുല്ലിന്റെ ഇടയിൽ നീർത്തോടുകൾക്കരികെയുള്ള അലരികൾപോലെ മുളെച്ചുവരും.” ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവരെ അലരിവൃക്ഷങ്ങൾപോലെ തഴയ്‌ക്കാൻ സഹായിക്കുന്നത് “നീരൊഴുക്കുകളും” “നീർത്തോടുക”ളുമാണെന്ന് ഇവിടെ പറഞ്ഞിരിക്കുന്നു.
പാടങ്ങളിലും തോട്ടങ്ങളിലും വൃക്ഷത്തോപ്പുകളിലുമൊക്കെ ജലസേചനത്തിനായി ഇന്നും നീർത്തോടുകൾ വെട്ടിയുണ്ടാക്കാറുണ്ട്. ചിലപ്പോൾ ഈ നീർത്തോടുകളുടെ ഒരു വശത്ത് പാടവും മറുവശത്ത് ഒരു വൃക്ഷനിരയും ഉണ്ടായിരിക്കും.
ഈ നീർത്തോടുകൾക്കരികെ വളരുന്ന വൃക്ഷങ്ങൾ എങ്ങനെയുള്ളവയായിരിക്കും? “തക്കകാലത്തു സങ്കീർത്തനം 1:3 പറയുന്നു. ബൈബിളിൽ പരാമർശിച്ചിരിക്കുന്ന നാടുകളിൽ അത്തിവൃക്ഷങ്ങളും മാതളവും ആപ്പിളും ഈന്തപ്പനയും ഒലിവുവൃക്ഷങ്ങളും കൃഷിചെയ്യുന്നുണ്ട്. പടർന്നുപന്തലിക്കുന്ന ശാഖകളോടുകൂടിയ അത്തിവൃക്ഷം 30 അടിവരെ ഉയരംവെക്കും. എന്നാൽ മറ്റ് ഫലവൃക്ഷങ്ങൾ അത്ര ഉയരം വെക്കാറില്ല; എങ്കിലും തഴച്ചുവളരുന്ന അവ തക്കകാലത്ത് ഫലം നൽകും.
ഫലം കായ്‌ക്കുന്ന” വൃക്ഷത്തെക്കുറിച്ച്പണ്ട് സിറിയയിലും പലസ്‌തീനിലും, നദികളുടെയും അരുവികളുടെയും ഓരങ്ങളിൽ കൂറ്റൻ അലരിവൃക്ഷങ്ങൾ വളർന്നുനിന്നിരുന്നു. ബൈബിൾ പലപ്പോഴും അലരിവൃക്ഷത്തെ ‘ആറുകളോട്’ ബന്ധപ്പെടുത്തി സംസാരിക്കുന്നു. (ലേവ്യപുസ്‌തകം 23:40) അലരിയുടെ അതേ കുടുംബത്തിൽപ്പെടുന്ന “അരളി”വൃക്ഷവും (പി.ഒ.സി. ബൈബിൾ) ജലസമൃദ്ധമായ സ്ഥലങ്ങളിലാണ് കാണപ്പെട്ടിരുന്നത്. (യെഹെസ്‌കേൽ 17:5) തഴച്ചുവളരുന്ന ഈ മരങ്ങളെ ദൃഷ്ടാന്തങ്ങളായി ഉപയോഗിച്ചുകൊണ്ട് സങ്കീർത്തനത്തിന്റെ എഴുത്തുകാരനും യിരെമ്യാവും ഒരേ കാര്യമാണ് പറയുന്നത്: ദൈവത്തിന്റെ ന്യായപ്രമാണം അനുസരിക്കുകയും അവനിൽ പൂർണമായി ആശ്രയിക്കുകയും ചെയ്യുന്നവർ ആത്മീയമായി ആരോഗ്യമുള്ളവരായിരിക്കും. അവർ “ചെയ്യുന്നതൊക്കെയും സാധിക്കും,” അതായത് അവർ ജീവിതത്തിന്റെ എല്ലാ രംഗങ്ങളിലും വിജയിക്കും. അതുതന്നെയല്ലേ നാമും ആഗ്രഹിക്കുന്നത്?
യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കുക
വിജയം കണ്ടെത്താൻ ഇന്ന് ആളുകൾ പല വഴികളും തേടുന്നു. പണവും പ്രതാപവും നേടാൻ അവർ നെട്ടോട്ടമോടുന്നു. എന്നാൽ ഒടുവിൽ അവർക്ക് നിരാശമാത്രം ബാക്കിയാവുന്നു. അങ്ങനെയെങ്കിൽ യഥാർഥ സംതൃപ്‌തിയും നിലനിൽക്കുന്ന സന്തോഷവും ലഭിക്കാൻ എന്താണു ചെയ്യേണ്ടത്? യേശുവിന്റെ ഗിരിപ്രഭാഷണത്തിൽ അതിനുള്ള ഉത്തരമുണ്ട്. “തങ്ങളുടെ ആത്മീയ ആവശ്യത്തെക്കുറിച്ചു ബോധമുള്ളവർ അനുഗൃഹീതർ; എന്തെന്നാൽ സ്വർഗരാജ്യം അവർക്കുള്ളത്” എന്ന് അവൻ പറഞ്ഞു. (മത്തായി 5:3) അതെ, ഭൗതികവസ്‌തുക്കളല്ല നമുക്ക് യഥാർഥ സന്തോഷം നൽകുന്നത്. നമ്മുടെ ആത്മീയ ആവശ്യം തിരിച്ചറിഞ്ഞ് അത് തൃപ്‌തിപ്പെടുത്തുമ്പോഴാണ് നാം യഥാർഥത്തിൽ സന്തുഷ്ടരാകുന്നത്. അപ്പോൾ തക്കകാലത്ത് ഫലംകായ്‌ക്കുന്ന വൃക്ഷങ്ങൾപോലെയായിരിക്കും നാം. ആത്മീയമായി നാം ഓജസ്സുള്ളവരായിരിക്കും. ആത്മീയമായി തഴച്ചുവളരാൻ കഴിയണമെങ്കിൽ നമ്മൾ എന്തുചെയ്യണം?
സങ്കീർത്തനക്കാരൻ പറയുന്നതുപോലെ ആദ്യപടിയായി നാം ചില സംഗതികൾ ഒഴിവാക്കേണ്ടതുണ്ട്. “ദുഷ്ടന്മാരുടെ ആലോചന”യെയും “പാപികളുടെ വഴി”യെയും “പരിഹാസികളുടെ ഇരിപ്പിട”ത്തെയും കുറിച്ച് അവൻ പരാമർശിക്കുന്നു. സന്തുഷ്ടരായിരിക്കണമെങ്കിൽ, ദൈവത്തിന്റെ നിയമങ്ങളെ പരിഹസിക്കുകയും പുച്ഛിച്ചുതള്ളുകയും ചെയ്യുന്നവരിൽനിന്ന് നാം അകന്നിരിക്കണം.
രണ്ടാമതായി, നാം യഹോവയുടെ ന്യായപ്രമാണത്തിൽ സന്തോഷിക്കേണ്ടതുണ്ട്. ഒരു പ്രവൃത്തി ചെയ്യാൻ നമുക്കു സന്തോഷമാണെങ്കിൽ അതിലേർപ്പെടാനുള്ള അവസരത്തിനായി നാം നോക്കിനോക്കിയിരിക്കും. അതുകൊണ്ട് ദൈവത്തിന്റെ ന്യായപ്രമാണത്തിൽ സന്തോഷിക്കുന്നെങ്കിൽ നാം ദൈവവചനത്തെ അങ്ങേയറ്റം വിലമതിക്കും; അതേക്കുറിച്ച് കൂടുതൽ പഠിക്കാനും മനസ്സിലാക്കാനും നാം ആഗ്രഹിക്കും.
മൂന്നാമതായി, നാം ദൈവവചനം ക്രമമായി വായിക്കുകയും അതേക്കുറിച്ച് “രാപ്പകൽ ധ്യാനിക്കു”കയും വേണം. ദൈവവചനത്തോട് സങ്കീർത്തനക്കാരന് ഉണ്ടായിരുന്ന അതേ മനോഭാവമാണ് നമുക്കും ഉണ്ടായിരിക്കേണ്ടത്. “നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു” എന്ന് അവൻ പറഞ്ഞു.—സങ്കീർത്തനം 119:97.
യഹോവയാംദൈവത്തെക്കുറിച്ച് നാം അറിവും പരിജ്ഞാനവും സമ്പാദിക്കുകയും അവനിലും അവന്റെ വാഗ്‌ദാനങ്ങളിലും സമ്പൂർണ വിശ്വാസം വളർത്തിയെടുക്കുകയും ചെയ്യുമ്പോൾ തീർച്ചയായും ആത്മീയമായി നാം ആരോഗ്യമുള്ളവരായിരിക്കും. അങ്ങനെയാകുമ്പോൾ, സങ്കീർത്തനക്കാരൻ പറഞ്ഞ ആ മനുഷ്യനെപ്പോലെ, നാം “ചെയ്യുന്നതൊക്കെയും സാധിക്കും.”