വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു”

“ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു”

ദൈവത്തോട്‌ അടുത്തുചെല്ലുക

“ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു”

പുറപ്പാടു 3:1-10

“യഹോവ പരിശുദ്ധൻ, പരിശുദ്ധൻ, പരിശുദ്ധൻ.” (യെശയ്യാവു 6:3) പൂർണമായ അർഥത്തിൽ പരിശുദ്ധനും നിർമലനുമാണ്‌ യഹോവയാംദൈവം എന്ന്‌ ഈ നിശ്വസ്‌ത വചനം സൂചിപ്പിക്കുന്നു. ‘ആ സ്ഥിതിക്ക്‌, അപൂർണരും പാപികളുമായ മനുഷ്യർക്ക്‌ അവനെ സമീപിക്കാൻ കഴിയുന്നതെങ്ങനെ?’ എന്നു നിങ്ങൾ ചോദിച്ചേക്കാം. ‘പരിശുദ്ധനായ ദൈവം പാപിയായ എന്നിൽ എന്തു താത്‌പര്യമെടുക്കാൻ?’ എന്നും നിങ്ങൾ ചിന്തിച്ചേക്കാം. പുറപ്പാടു 3:1-10 നമുക്കിപ്പോൾ പരിശോധിക്കാം. യഹോവ മോശെയോടു പറഞ്ഞ സാന്ത്വനദായകമായ വാക്കുകളാണ്‌ അവിടെ രേഖപ്പെടുത്തിയിരിക്കുന്നത്‌.

ഒരു ദിവസം ആടുകളെ മേയ്‌ക്കുന്നതിനിടയിൽ മോശെ അസാധാരണമായ ഒരു കാഴ്‌ച കാണാനിടയായി. ഒരു മുൾപ്പടർപ്പ്‌ കത്തിക്കൊണ്ടിരിക്കുന്നു; എന്നാൽ അത്‌ ചാമ്പലാകുന്നില്ല! (2-ാം വാക്യം) ആശ്ചര്യപ്പെട്ടുപോയ അവൻ കാര്യം എന്താണെന്നറിയാൻ അടുത്തേക്കു ചെന്നു. അപ്പോൾ ഒരു ദൂതൻ മുഖാന്തരം ആ അഗ്നിജ്വാലകൾക്കിടയിൽനിന്ന്‌ യഹോവ മോശെയോടു സംസാരിച്ചു: “ഇങ്ങോട്ടു അടുക്കരുതു; നീ നിൽക്കുന്ന സ്ഥലം വിശുദ്ധഭൂമിയാകയാൽ കാലിൽനിന്നു ചെരിപ്പു അഴിച്ചുകളക.” (5-ാം വാക്യം) ചിന്തിക്കുക: പരിശുദ്ധനായ ദൈവത്തിന്റെ സാന്നിധ്യം നിമിത്തം മോശെ നിന്നിരുന്ന നിലംപോലും വിശുദ്ധമായിത്തീർന്നു!

മോശെയോടു ദൈവം സംസാരിച്ചതിന്‌ ഒരു കാരണമുണ്ടായിരുന്നു. പരിശുദ്ധനായ ദൈവം മോശെയോട്‌ അരുളിച്ചെയ്‌തു: “മിസ്രയീമിലുള്ള എന്റെ ജനത്തിന്റെ കഷ്ടത ഞാൻ കണ്ടു; ഊഴിയവിചാരകന്മാർ നിമിത്തമുള്ള അവരുടെ നിലവിളിയും കേട്ടു; ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു.” (7-ാം വാക്യം) തന്റെ ജനത്തിന്റെ യാതനകൾ ദൈവം കാണുന്നുണ്ടായിരുന്നു; അവരുടെ നിലവിളി അവൻ കേൾക്കാതിരുന്നതുമില്ല. അവർ വേദനിച്ചപ്പോൾ അവനും വേദനിച്ചു. “ഞാൻ അവരുടെ സങ്കടങ്ങൾ അറിയുന്നു” എന്ന്‌ ദൈവം പറഞ്ഞതു ശ്രദ്ധിക്കുക. ബൈബിൾ വാക്യങ്ങൾ വ്യാഖ്യാനിക്കുന്ന ഒരു ഗ്രന്ഥം പറയുന്നത്‌, ‘ഞാൻ അറിയുന്നു’ എന്ന വാക്കുകൾ, “വ്യക്തിപരമായ അടുപ്പം, ആർദ്രത, അനുകമ്പ” എന്നിവയെയൊക്കെ സൂചിപ്പിക്കുന്നുവെന്നാണ്‌. മോശെയോടുള്ള യഹോവയുടെ വാക്കുകൾ, തന്റെ ജനത്തോട്‌ പരിഗണനയും താത്‌പര്യവുമുള്ള ഒരു ദൈവമാണ്‌ അവൻ എന്നു വ്യക്തമാക്കുന്നു.

ദൈവം സഹതാപത്തോടെ അവരെ നോക്കുകയോ അനുകമ്പയോടെ അവരുടെ നിലവിളി ശ്രദ്ധിക്കുകയോ മാത്രമല്ല ചെയ്‌തത്‌. അവരെ സഹായിക്കാനായി അവൻ മുന്നോട്ടു വന്നു. തന്റെ ജനത്തെ ഈജിപ്‌തിൽനിന്നു വിടുവിച്ച്‌, “പാലും തേനും ഒഴുകുന്ന ദേശത്തേക്കു” കൊണ്ടുവരാൻ ദൈവം തീരുമാനിച്ചു. (8-ാം വാക്യം) ആ ഉദ്ദേശ്യം നിവർത്തിക്കാനുള്ള ഒരു നടപടിയെന്നവണ്ണം മോശെയ്‌ക്ക്‌ യഹോവ ഒരു നിയോഗം നൽകി. ‘എന്റെ ജനത്തെ മിസ്രയീമിൽനിന്നു പുറപ്പെടുവിക്കുക’ എന്ന്‌ അവൻ മോശെയോടു കൽപ്പിച്ചു. (10-ാം വാക്യം) വിശ്വസ്‌തതയോടെ മോശെ ആ നിയോഗം നിറവേറ്റി; ബി.സി. 1513-ൽ അവൻ ഇസ്രായേല്യരെ ഈജിപ്‌തിൽനിന്നു നയിച്ചുകൊണ്ടുപോന്നു.

യഹോവയ്‌ക്കു മാറ്റം വന്നിട്ടില്ല. അവൻ ഇന്നും, തന്റെ ആരാധകർ അനുഭവിക്കുന്ന കഷ്ടതകൾ കാണുകയും അവരുടെ നിലവിളികൾ ശ്രദ്ധിക്കുകയും ചെയ്യുന്നു. അവരുടെ വേദനകൾ അവൻ അറിയുന്നു. എന്നാൽ തന്റെ ഭക്തരോട്‌ യഹോവയ്‌ക്ക്‌ അനുകമ്പ തോന്നുക മാത്രമല്ല ചെയ്യുന്നത്‌. സ്‌നേഹവാനായ ദൈവം അവരുടെ സഹായത്തിനെത്തുകയും ചെയ്യുന്നു. കാരണം, തന്റെ ദാസരോടു “കരുതലുള്ള” ദൈവമാണ്‌ അവൻ.”—1 പത്രോസ്‌ 5:7.

ദൈവത്തിന്റെ അനുകമ്പ നമുക്ക്‌ പ്രത്യാശയ്‌ക്കു വകനൽകുന്നു. അപൂർണരാണെങ്കിലും യഹോവയുടെ സഹായത്തോടെ അവന്റെ നീതിനിഷ്‌ഠമായ നിലവാരങ്ങൾക്കൊത്തു ജീവിച്ചുകൊണ്ട്‌ അവന്റെ ദൃഷ്ടിയിൽ വിശുദ്ധരായിരിക്കാൻ നമുക്കു കഴിയും. (1 പത്രോസ്‌ 1:15, 16) അങ്ങനെ അവന്റെ അംഗീകാരം നേടാൻ നമുക്കാകും. ഒരുകാലത്ത്‌ വിഷാദത്തിന്റെയും നിരുത്സാഹത്തിന്റെയും പിടിയിൽ കഴിഞ്ഞിരുന്ന ഒരു ക്രിസ്‌ത്യാനി, പുറപ്പാട്‌ 3-ാം അധ്യായത്തിലെ ഈ വിവരണത്തിൽനിന്ന്‌ ആശ്വാസം കണ്ടെത്തി. അവർ പറയുന്നു: “നിലത്തെ പൊടിയെപോലും വിശുദ്ധമാക്കാൻ യഹോവയ്‌ക്കു കഴിയുമെങ്കിൽ എന്നെപ്പോലുള്ള ഒരാൾക്കും പ്രത്യാശയ്‌ക്കു വകയുണ്ട്‌. ഈ അറിവ്‌ എനിക്ക്‌ വലിയ ആശ്വാസം നൽകിയിരിക്കുന്നു.”

പരിശുദ്ധ ദൈവമായ യഹോവയെക്കുറിച്ച്‌ കൂടുതലറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അവനുമായി ഒരു ഉറ്റബന്ധം സ്ഥാപിക്കാൻ നമുക്കു കഴിയും. കാരണം യഹോവ ‘നമ്മുടെ പ്രകൃതി അറിയുന്നു; നാം പൊടി എന്ന്‌ അവൻ ഓർക്കുന്നു.’—സങ്കീർത്തനം 103:14.