വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്ക്‌ ഹാർദമായ സ്വാഗതം

നിങ്ങൾക്ക്‌ ഹാർദമായ സ്വാഗതം

നിങ്ങൾക്ക്‌ ഹാർദമായ സ്വാഗതം

നി ങ്ങളുടെ പ്രദേശത്ത്‌ യഹോവയുടെ സാക്ഷികളുടെ രാജ്യഹാളുണ്ടോ? ഉണ്ടെങ്കിൽ അവിടെ എന്താണു നടക്കുന്നതെന്ന്‌ അറിയാൻ നിങ്ങൾക്ക്‌ ആകാംക്ഷ തോന്നിയിട്ടുണ്ടാകും. വാസ്‌തവത്തിൽ, വാരംതോറും നടക്കുന്ന അവരുടെ യോഗങ്ങളിൽ ആർക്കു വേണമെങ്കിലും സംബന്ധിക്കാം. സന്ദർശകരെ സ്വീകരിക്കാൻ യഹോവയുടെ സാക്ഷികൾക്കു സന്തോഷമേയുള്ളൂ.

നിങ്ങളുടെ മനസ്സിൽ ചില ചോദ്യങ്ങളുണ്ടായിരിക്കും: യഹോവയുടെ സാക്ഷികൾ ഒരുമിച്ചുകൂടുന്നത്‌ എന്തിനാണ്‌? ആ യോഗങ്ങളിൽ എന്താണു നടക്കുന്നത്‌? യഹോവയുടെ സാക്ഷികളല്ലാത്തവർ ആ യോഗങ്ങളിൽ പങ്കെടുത്തശേഷം എന്ത്‌ അഭിപ്രായമാണ്‌ പറഞ്ഞിട്ടുള്ളത്‌?

‘ജനത്തെ വിളിച്ചുകൂട്ടുക’

ദൈവത്തെക്കുറിച്ചു പഠിക്കാനും അവനെ ആരാധിക്കാനുമായി പണ്ടുമുതലേ ആളുകൾ കൂടിവന്നിട്ടുണ്ട്‌. ഏതാണ്ട്‌ 3,500 വർഷംമുമ്പ്‌ ഇസ്രായേൽ ജനത്തിന്‌ ദൈവത്തിൽനിന്ന്‌ ഇങ്ങനെയൊരു നിർദേശം ലഭിച്ചു: “പുരുഷന്മാരും സ്‌ത്രീകളും കുട്ടികളും നിന്റെ പട്ടണത്തിലുള്ള പരദേശിയും കേട്ടു പഠിച്ചു നിങ്ങളുടെ ദൈവമായ യഹോവയെ ഭയപ്പെട്ടു ഈ ന്യായപ്രമാണത്തിലെ വചനങ്ങൾ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു . . . ജനത്തെ വിളിച്ചുകൂട്ടേണം.” (ആവർത്തനപുസ്‌തകം 31:12, 13) അങ്ങനെ, ഇസ്രായേലിലെ കുട്ടികളും മുതിർന്നവരുമെല്ലാം യഹോവയാംദൈവത്തെ ആരാധിക്കാനും അനുസരിക്കാനും പഠിപ്പിക്കപ്പെട്ടു.

നൂറ്റാണ്ടുകൾക്കുശേഷം ക്രിസ്‌തീയ സഭ സ്ഥാപിതമായപ്പോഴും, യോഗങ്ങൾ സത്യാരാധനയുടെ ഒരു മുഖ്യസവിശേഷതയായിരുന്നു. അപ്പൊസ്‌തലനായ പൗലോസ്‌ എഴുതി: “സ്‌നേഹത്തിനും സത്‌പ്രവൃത്തികൾക്കും ഉത്സാഹിപ്പിക്കാൻ തക്കവിധം നമുക്കു പരസ്‌പരം കരുതൽ കാണിക്കാം. ചിലർ ശീലമാക്കിയിരിക്കുന്നതുപോലെ നാം സഭായോഗങ്ങൾ ഉപേക്ഷിക്കരുത്‌. പകരം ഒരുമിച്ചുകൂടിവന്നുകൊണ്ട്‌ നമുക്ക്‌ അന്യോന്യം പ്രോത്സാഹിപ്പിക്കാം.” (എബ്രായർ 10:24, 25) കുടുംബാംഗങ്ങൾ ഒരുമിച്ചു സമയം ചെലവഴിക്കുമ്പോഴാണ്‌ കുടുംബബന്ധം ശക്തിപ്പെടുന്നത്‌. അതുപോലെ, ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ക്രിസ്‌ത്യാനികൾ ആരാധനയ്‌ക്കായി ഒരുമിച്ചുകൂടിവരുമ്പോൾ അവർക്കിടയിലെ സ്‌നേഹബന്ധം കരുത്തുറ്റതാകുന്നു.

തിരുവെഴുത്തുകളിൽ കാണുന്ന ഈ കീഴ്‌വഴക്കം പിൻപറ്റിക്കൊണ്ട്‌ യഹോവയുടെ സാക്ഷികൾ വാരത്തിൽ രണ്ടുതവണ തങ്ങളുടെ രാജ്യഹാളുകളിൽ കൂടിവരുന്നു. ബൈബിൾതത്ത്വങ്ങൾ മനസ്സിലാക്കാനും അവയുടെ മൂല്യം തിരിച്ചറിഞ്ഞ്‌ അവ പ്രാവർത്തികമാക്കാനും ഈ യോഗങ്ങൾ അവരെ സഹായിക്കുന്നു. ലോകമെമ്പാടുമുള്ള രാജ്യഹാളുകളിൽ ഏതാണ്ട്‌ ഒരേ പരിപാടികൾതന്നെയാണ്‌ നടക്കുന്നത്‌. ഓരോ യോഗത്തിനും വ്യതിരിക്തമായ ഒരു ഉദ്ദേശ്യമുണ്ട്‌. പങ്കെടുക്കാനെത്തുന്നവർക്ക്‌ യോഗങ്ങൾക്കു മുമ്പും പിമ്പും ആത്മീയമായി പരിപുഷ്ടിപ്പെടുത്തുന്ന സംസാരത്തിലേർപ്പെടാൻ അവസരം ലഭിക്കുന്നു; അങ്ങനെ അവർ “പരസ്‌പരം പ്രോത്സാഹനം” കൈമാറുന്നു. (റോമർ 1:12) ഇനി, ഈ യോഗങ്ങളിൽ എന്താണു നടക്കുന്നതെന്നു നോക്കാം.

ബൈബിളിനെ ആധാരമാക്കിയുള്ള പ്രസംഗം

സാധാരണഗതിയിൽ ആളുകൾ ആദ്യമായി യഹോവയുടെ സാക്ഷികളുടെ രാജ്യഹാളിൽ എത്തുന്നത്‌ ഈ പ്രസംഗം കേൾക്കാനാണ്‌. പൊതുജനത്തിനുവേണ്ടി തയ്യാറാക്കിയിരിക്കുന്ന ഈ ബൈബിളധിഷ്‌ഠിത പ്രസംഗം പൊതുവെ വാരാന്തങ്ങളിലാണു നടത്തുന്നത്‌. യേശുക്രിസ്‌തു പലപ്പോഴും ജനങ്ങൾക്കു മുമ്പാകെ ഇങ്ങനെയുള്ള പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്‌. വിഖ്യാതമായ ഗിരിപ്രഭാഷണം ഇതിനൊരു ഉദാഹരണമാണ്‌. (മത്തായി 5:1; 7:28, 29) പൗലോസ്‌ അപ്പൊസ്‌തലൻ ഏഥൻസിൽ ജനസമക്ഷം പ്രസംഗിച്ചതായി ബൈബിളിൽ പറയുന്നുണ്ട്‌. (പ്രവൃത്തികൾ 17:22-34) ആ മാതൃക അനുകരിച്ചുകൊണ്ടാണ്‌ യഹോവയുടെ സാക്ഷികൾ ഇന്ന്‌ അവരുടെ രാജ്യഹാളുകളിൽ ബൈബിളധിഷ്‌ഠിത പ്രസംഗങ്ങൾ നടത്തുന്നത്‌. പൊതുജനത്തിന്‌—വിശേഷിച്ചും, ആദ്യമായി യോഗത്തിൽ സംബന്ധിക്കുന്നവർക്ക്‌—പ്രയോജനംചെയ്യുന്നവിധത്തിലാണ്‌ ഈ പ്രസംഗങ്ങൾ തയ്യാറാക്കുന്നത്‌.

യഹോവയ്‌ക്കു സ്‌തുതിഗീതങ്ങൾ പാടുക * എന്ന പുസ്‌തകത്തിൽനിന്നുള്ള ഒരു ഗീതം ആലപിച്ചുകൊണ്ടാണ്‌ യോഗം ആരംഭിക്കുന്നത്‌. പാട്ടിന്റെ സമയത്ത്‌, സാധിക്കുന്ന ഏവർക്കും എഴുന്നേറ്റുനിന്ന്‌ അതിൽ പങ്കുചേരാവുന്നതാണ്‌. ഹ്രസ്വമായ പ്രാർഥനയ്‌ക്കുശേഷം 30 മിനിട്ടു നീണ്ടുനിൽക്കുന്ന ഒരു നല്ല പ്രസംഗം ഉണ്ടായിരിക്കും. (“ പ്രായോഗികമൂല്യമുള്ള പ്രസംഗങ്ങൾ—പൊതുജനത്തിനുവേണ്ടി” എന്ന ചതുരം കാണുക.) ഇത്‌ ബൈബിളധിഷ്‌ഠിതമായ ഒരു പ്രസംഗമാണ്‌. പ്രസംഗത്തിനിടയിൽ വായിക്കുന്ന തിരുവെഴുത്തുകൾ എടുത്തുനോക്കാൻ കൂടെക്കൂടെ പ്രാസംഗികൻ സദസ്സ്യരെ പ്രോത്സാഹിപ്പിക്കും. അതുകൊണ്ട്‌, യോഗത്തിനുവരുമ്പോൾ നിങ്ങളുടെ ബൈബിളും കൂടെക്കൊണ്ടുവരാനാകും; അല്ലെങ്കിൽ യോഗം തുടങ്ങുന്നതിനുമുമ്പ്‌ യഹോവയുടെ സാക്ഷികളിൽ ഒരാളോട്‌ ഒരു ബൈബിൾ ചോദിക്കാവുന്നതാണ്‌.

വീക്ഷാഗോപുര അധ്യയനം

യഹോവയുടെ സാക്ഷികളുടെ മിക്ക സഭകളിലും പരസ്യപ്രസംഗത്തെത്തുടർന്ന്‌ വീക്ഷാഗോപുര അധ്യയനം ഉണ്ടായിരിക്കും. ഒരു ബൈബിൾവിഷയത്തെ ആസ്‌പദമാക്കിയുള്ള, ഒരുമണിക്കൂർ നീളുന്ന ചോദ്യോത്തര ചർച്ചയാണത്‌. പൗലോസിന്റെ നാളിലെ ബെരോവക്കാരുടെ മാതൃക പിൻപറ്റാൻ ഈ യോഗം സദസ്സ്യരെ പ്രചോദിപ്പിക്കുന്നു. ബെരോവക്കാർ “അത്യുത്സാഹത്തോടെ വചനം കൈക്കൊള്ളുകയും . . . ശ്രദ്ധയോടെ തിരുവെഴുത്തുകൾ പരിശോധിക്കുകയും” ചെയ്‌തിരുന്നു.—പ്രവൃത്തികൾ 17:11.

ഒരു ഗീതത്തോടെയാണ്‌ വീക്ഷാഗോപുര അധ്യയനവും ആരംഭിക്കുന്നത്‌. ചർച്ചചെയ്യപ്പെടുന്ന വിവരങ്ങളും അധ്യയനം നിർവഹിക്കുന്ന ആൾ ചോദിക്കുന്ന ചോദ്യങ്ങളും ഈ മാസികയുടെ അധ്യയന പതിപ്പിൽ കാണാനാകും. യഹോവയുടെ സാക്ഷികളിൽ ഒരാളോടു ചോദിച്ചാൽ അതിന്റെ ഒരു കോപ്പി ലഭിക്കുന്നതാണ്‌. “മാതാപിതാക്കളേ, കുട്ടികളെ സ്‌നേഹത്തോടെ പരിശീലിപ്പിക്കുക,” “ആർക്കും തിന്മെക്കു പകരം, തിന്മ ചെയ്യരുത്‌,” “സകല കഷ്ടപ്പാടുകൾക്കും ഉടൻ അവസാനം!” അടുത്തകാലത്ത്‌ ചർച്ചചെയ്യപ്പെട്ട ചില വിഷയങ്ങളാണിവ. ഈ യോഗം ഒരു ചോദ്യോത്തര ചർച്ചയായിട്ടാണ്‌ നടത്തുന്നതെങ്കിലും യോഗത്തിൽ സംബന്ധിക്കുന്നവരെ ചർച്ചയിൽ പങ്കെടുക്കാൻ ആരും നിർബന്ധിക്കുകയില്ല. ചർച്ചയിൽ പങ്കെടുക്കുന്നവർ സാധാരണഗതിയിൽ ലേഖനവും അതിൽ കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളും മുന്നമേ വായിക്കുകയും അതേക്കുറിച്ച്‌ ചിന്തിക്കുകയും ചെയ്‌തിട്ടുണ്ടായിരിക്കും. ഗീതത്തോടും പ്രാർഥനയോടുംകൂടെ യോഗം അവസാനിക്കും.—മത്തായി 26:30; എഫെസ്യർ 5:19.

സഭാ ബൈബിളധ്യയനം

ആഴ്‌ചയിൽ ഒരു വൈകുന്നേരം യഹോവയുടെ സാക്ഷികൾ മറ്റൊരു യോഗപരിപാടിക്കായി കൂടിവരാറുണ്ട്‌. ഒന്നേമുക്കാൽ മണിക്കൂർ നീണ്ടുനിൽക്കുന്ന, മൂന്നുഭാഗങ്ങളുള്ള ഒരു പരിപാടിയാണിത്‌. ആദ്യത്തെ 25 മിനിട്ട്‌ സഭാ ബൈബിളധ്യയനമാണ്‌. ബൈബിളിനെക്കുറിച്ച്‌ കൂടുതൽ അറിയാനും ചിന്താഗതിയിലും മനോഭാവത്തിലും മാറ്റംവരുത്താനും ക്രിസ്‌തുവിന്റെ ശിഷ്യന്മാരെന്നനിലയിൽ അഭിവൃദ്ധിപ്പെടാനും ഈ പരിപാടി സദസ്സ്യരെ സഹായിക്കുന്നു. (2 തിമൊഥെയൊസ്‌ 3:16, 17) വീക്ഷാഗോപുര അധ്യയനംപോലെ ഈ യോഗവും ബൈബിളിനെ അധികരിച്ചുള്ള ഒരു ചോദ്യോത്തര ചർച്ചയാണ്‌. യോഗത്തിൽ സംബന്ധിക്കുന്നവരെ ചർച്ചയിൽ പങ്കെടുക്കാൻ ആരും നിർബന്ധിക്കുകയില്ല. യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്ന ഒരു പുസ്‌തകമോ ലഘുപത്രികയോ ആണ്‌ സഭാ ബൈബിളധ്യയനത്തിന്‌ ഉപയോഗിക്കുന്നത്‌.

യോഗങ്ങളിൽ ബൈബിളധിഷ്‌ഠിത പ്രസിദ്ധീകരണങ്ങൾ ഉപയോഗിക്കുന്നത്‌ എന്തുകൊണ്ടാണ്‌? പണ്ട്‌ ദൈവവചനം വായിച്ചുകേൾപ്പിക്കുന്നതു കൂടാതെ, “വായിച്ചതു ഗ്രഹിപ്പാൻ തക്കവണ്ണം അർത്ഥം പറഞ്ഞുകൊടുക്കയും” വേണമായിരുന്നു. (നെഹെമ്യാവു 8:8) യെശയ്യാവ്‌, ദാനീയേൽ, വെളിപാട്‌ തുടങ്ങിയ പുസ്‌തകങ്ങളുടെ ഉള്ളടക്കം മനസ്സിലാക്കാൻ സഹായിക്കുന്നതിന്‌ അതിന്റെ അർഥം വിശദീകരിക്കുന്ന പ്രസിദ്ധീകരണങ്ങൾ സമീപ വർഷങ്ങളിൽ അധ്യയനത്തിന്‌ ഉപയോഗിച്ചിട്ടുണ്ട്‌. അധ്യയനത്തിൽ സംബന്ധിച്ചിട്ടുള്ളവർക്ക്‌ ഈ പുസ്‌തകങ്ങളെക്കുറിച്ച്‌ ഏറെ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചിരിക്കുന്നു.

ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ

സഭാ ബൈബിളധ്യയനത്തെത്തുടർന്ന്‌ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ എന്ന 30 മിനിട്ട്‌ നേരത്തെ ഒരു യോഗം ഉണ്ടായിരിക്കും. ചെറിയ ചെറിയ പരിപാടികളാണ്‌ ഈ യോഗത്തിലുള്ളത്‌. ‘പ്രബോധനപാടവം’ വളർത്തിയെടുക്കാൻ ക്രിസ്‌ത്യാനികളെ സഹായിക്കുക എന്നതാണ്‌ ഈ യോഗത്തിന്റെ ലക്ഷ്യം. (2 തിമൊഥെയൊസ്‌ 4:2) ദൈവത്തെയോ ബൈബിളിനെയോ കുറിച്ച്‌ നിങ്ങളുടെ കുട്ടിയോ സുഹൃത്തോ ചോദിച്ച ഒരു ചോദ്യത്തിന്‌ ഉത്തരം കൊടുക്കാൻ നിങ്ങൾക്കു ബുദ്ധിമുട്ടു തോന്നിയിട്ടുണ്ടോ? ഇത്തരം ബുദ്ധിമുട്ടുള്ള ചോദ്യങ്ങൾക്ക്‌ ബൈബിളിൽനിന്ന്‌ തൃപ്‌തികരമായ ഉത്തരം നൽകാനുള്ള പരിശീലനം ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിൽനിന്ന്‌ നിങ്ങൾക്കു ലഭിക്കും. അങ്ങനെ, “തളർന്നിരിക്കുന്നവനെ വാക്കുകൊണ്ടു താങ്ങുവാൻ അറിയേണ്ടതിന്നു യഹോവയായ കർത്താവു എനിക്കു ശിഷ്യന്മാരുടെ നാവു തന്നിരിക്കുന്നു” എന്ന്‌ പ്രവാചകനായ യെശയ്യാവിനെപ്പോലെ നിങ്ങൾക്കും പറയാനാകും.—യെശയ്യാവു 50:4.

ബൈബിളിന്റെ ഒരു ഭാഗത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസംഗത്തോടെയാണ്‌ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ ആരംഭിക്കുന്നത്‌. സദസ്സിലുള്ളവർ ഈ ഭാഗം മുൻകൂട്ടി വായിച്ചിട്ടുണ്ടാകും; കാരണം, വാരംതോറും വായിക്കേണ്ട ബൈബിൾഭാഗങ്ങളുടെ പട്ടിക സഭാംഗങ്ങൾക്ക്‌ നേരത്തേതന്നെ അച്ചടിച്ചുനൽകിയിരിക്കും. വായനാഭാഗത്തെ ചില ആശയങ്ങൾ അവലോകനം ചെയ്‌തശേഷം പ്രാസംഗികൻ സദസ്സിനെ അവർക്ക്‌ പ്രയോജനപ്രദമെന്ന്‌ തോന്നിയ ആശയങ്ങൾ പങ്കുവെക്കാൻ ക്ഷണിക്കുന്നു. ഈ ചർച്ചയ്‌ക്കുശേഷം, സ്‌കൂളിൽ പേരുചാർത്തിയിട്ടുള്ള വിദ്യാർഥികളിൽ മൂന്നുപേർ അവർക്കു നിയമിച്ചുകൊടുത്തിട്ടുള്ള പരിപാടികൾ നിർവഹിക്കുന്നതായിരിക്കും.

ബൈബിളിലെ ഒരു ഭാഗം വായിക്കാനോ ഒരു തിരുവെഴുത്തു വിഷയം മറ്റൊരാൾക്കു വിശദീകരിച്ചുകൊടുക്കുന്നത്‌ പ്രകടിപ്പിച്ചുകാണിക്കാനോ ഉള്ള നിയമനമായിരിക്കും വിദ്യാർഥികൾക്ക്‌ നൽകുക. ഓരോ പ്രസംഗത്തിനുശേഷവും അനുഭവപരിചയമുള്ള ഒരു കൗൺസലർ പ്രസംഗത്തിന്റെ പ്രശംസാർഹമായ വശം എടുത്തുപറയും. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ വിദ്യാഭ്യാസത്തിൽനിന്നു പ്രയോജനം നേടുക എന്ന പുസ്‌തകത്തെ ആധാരമാക്കിയായിരിക്കും അദ്ദേഹം അഭിപ്രായം പറയുന്നത്‌. മെച്ചപ്പെടാനുള്ള വശങ്ങൾ ഏതൊക്കെയാണെന്ന്‌ യോഗത്തിനുശേഷം അദ്ദേഹം വിദ്യാർഥിക്ക്‌ പറഞ്ഞുകൊടുത്തേക്കാം.

പങ്കെടുക്കുന്ന വിദ്യാർഥികൾക്കു മാത്രമല്ല, വായനാപ്രാപ്‌തിയും പ്രസംഗചാതുര്യവും പഠിപ്പിക്കാനുള്ള കഴിവും വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും ഈ യോഗപരിപാടികൾ പ്രയോജനംചെയ്യും. ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിനുശേഷം സേവനയോഗമാണ്‌. ബൈബിളിനെ ആധാരമാക്കിയുള്ള ഒരു ഗീതം ആലപിച്ചുകൊണ്ടാണ്‌ ഈ യോഗം ആരംഭിക്കുന്നത്‌.

സേവനയോഗം

സേവനയോഗമാണ്‌ അവസാനത്തെ പരിപാടി. പ്രസംഗങ്ങൾ, അവതരണങ്ങൾ, അഭിമുഖങ്ങൾ, സദസ്സ്യചർച്ച എന്നിവയാണ്‌ ഈ യോഗപരിപാടിയിലുള്ളത്‌. ബൈബിൾസത്യം ഫലപ്രദമായി പഠിപ്പിക്കാനുള്ള സഹായം സദസ്സ്യർക്ക്‌ ഇതിലൂടെ ലഭിക്കുന്നു. യേശു തന്റെ ശിഷ്യന്മാരെ പ്രസംഗവേലയ്‌ക്ക്‌ അയയ്‌ക്കുന്നതിനുമുമ്പ്‌ അവൻ അവരെ വിളിച്ചുകൂട്ടി വ്യക്തമായ നിർദേശങ്ങൾ നൽകുകയുണ്ടായി. (ലൂക്കോസ്‌ 10:1-16) ആ നിർദേശങ്ങൾ അനുസരിച്ച്‌ പ്രവർത്തിച്ച അവർക്ക്‌ ശുശ്രൂഷയിൽ നല്ല ഫലം ലഭിച്ചു. പിന്നീട്‌ ശിഷ്യന്മാർ തിരിച്ചെത്തി തങ്ങൾക്കുണ്ടായ അനുഭവങ്ങൾ യേശുവിനെ അറിയിച്ചു. (ലൂക്കോസ്‌ 10:17) പലപ്പോഴും ശിഷ്യന്മാർ തമ്മിലും അവരുടെ അനുഭവങ്ങൾ പങ്കുവെച്ചിരുന്നു.—പ്രവൃത്തികൾ 4:23; 15:4.

35 മിനിട്ട്‌ ദൈർഘ്യമുള്ള സേവനയോഗത്തിൽ എന്തൊക്കെ പരിപാടികളാണ്‌ ഉള്ളതെന്ന്‌ മാസംതോറും പ്രസിദ്ധീകരിക്കുന്ന നമ്മുടെ രാജ്യ ശുശ്രൂഷ എന്ന പത്രികയിൽ നൽകിയിട്ടുണ്ടാകും. അടുത്തകാലത്ത്‌ ഈ യോഗത്തിൽ ചർച്ചചെയ്‌ത ചില വിഷയങ്ങളാണ്‌, “കുടുംബം ഒത്തൊരുമിച്ച്‌ യഹോവയെ ആരാധിക്കുക,” “വീണ്ടും വീണ്ടും മടങ്ങിച്ചെല്ലുന്നതിന്റെ കാരണം,” “ശുശ്രൂഷയിൽ ക്രിസ്‌തുവിനെ അനുകരിക്കുക” തുടങ്ങിയവ. യോഗത്തിനൊടുവിൽ ഗീതവും പ്രാർഥനയുമുണ്ടായിരിക്കും.

സന്ദർശകരുടെ അഭിപ്രായങ്ങൾ

സഭയിൽ വരുന്നവരെ ഊഷ്‌മളമായി സ്വാഗതംചെയ്യാൻ യഹോവയുടെ സാക്ഷികൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്‌. ആൻഡ്രൂ എന്ന ഒരാളുടെ അനുഭവം കാണുക. യഹോവയുടെ സാക്ഷികളെക്കുറിച്ച്‌ മോശമായ പല അഭിപ്രായങ്ങളും അദ്ദേഹം കേട്ടിട്ടുണ്ടായിരുന്നു. പക്ഷേ ആദ്യമായി യോഗത്തിനു വന്നപ്പോൾ ലഭിച്ച ഊഷ്‌മളമായ വരവേൽപ്പ്‌ അദ്ദേഹത്തെ അതിശയിപ്പിച്ചു. ആൻഡ്രൂ പറയുന്നു: “അവിടെനിന്ന്‌ പോരാനേ തോന്നിയില്ല. അവിടെയുള്ളവരുടെ സൗഹാർദതയും അവർ എന്നോടു കാണിച്ച താത്‌പര്യവും എന്നെ വിസ്‌മയിപ്പിച്ചു.” കൗമാരക്കാരിയായ ആഷലിനും (കാനഡ) ഇതേ അഭിപ്രായമാണ്‌: “യോഗങ്ങൾ വളരെ രസകരമായിരുന്നു. പറയുന്ന കാര്യങ്ങൾ മനസ്സിലാക്കാൻ എനിക്ക്‌ ഒട്ടും ബുദ്ധിമുട്ടു തോന്നിയില്ല.”

ഷൂസെ (ബ്രസീൽ) ഒരു മുൻകോപിയായിട്ടാണ്‌ അറിയപ്പെട്ടിരുന്നത്‌. ഒരിക്കൽ സ്ഥലത്തെ രാജ്യഹാളിൽ നടക്കുന്ന ഒരു യോഗത്തിൽ സംബന്ധിക്കാൻ അദ്ദേഹത്തിനു ക്ഷണം ലഭിച്ചു. “എന്റെ സ്വഭാവം അറിയാമായിരുന്നിട്ടും ഹാളിലുള്ളവർ എന്നെ ഹാർദമായി സ്വാഗതംചെയ്‌തു,” അദ്ദേഹം പറയുന്നു. ആറ്റ്‌സൂഷി (ജപ്പാൻ) ഓർക്കുന്നു: “യഹോവയുടെ സാക്ഷികളുടെ യോഗങ്ങൾക്ക്‌ ആദ്യമായി പോയപ്പോൾ എനിക്ക്‌ അൽപ്പം അസ്വസ്ഥത തോന്നി. എങ്കിലും അവിടെയുള്ളവരും എന്നെപ്പോലെതന്നെയുള്ളവർ ആണെന്ന്‌ എനിക്കു മനസ്സിലായി. എന്റെ സങ്കോചം മാറ്റാൻ അവർ വളരെ ശ്രമിച്ചു.”

നിങ്ങൾക്കും സ്വാഗതം

മേൽപ്പറഞ്ഞ അഭിപ്രായങ്ങൾ വ്യക്തമാക്കുന്നതുപോലെ ഈ യോഗങ്ങളിൽ സംബന്ധിക്കുന്നത്‌ ഹൃദ്യമായ ഒരു അനുഭവമായിരിക്കും. ദൈവത്തെക്കുറിച്ച്‌ നിങ്ങൾക്കു പഠിക്കാനാകും. അവിടെനിന്നു ലഭിക്കുന്ന ബൈബിളധിഷ്‌ഠിത പ്രബോധനത്തിലൂടെ യഹോവയാംദൈവം “നന്മയായുള്ളത്‌” നിങ്ങളെ പഠിപ്പിക്കും.—യെശയ്യാവു 48:17, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.

യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ പണപ്പിരിവുകളില്ല. നിങ്ങളുടെ പ്രദേശത്തുള്ള രാജ്യഹാളിൽ നടക്കുന്ന യോഗത്തിൽ സംബന്ധിക്കാൻ നിങ്ങൾക്ക്‌ ആഗ്രഹമുണ്ടോ? നിങ്ങൾക്ക്‌ ഞങ്ങളുടെ ഹാർദമായ സ്വാഗതം.

[അടിക്കുറിപ്പ്‌]

^ ഖ. 10 ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന എല്ലാ പ്രസിദ്ധീകരണങ്ങളും യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുന്നതാണ്‌.

[19-ാം പേജിലെ ചതുരം]

 പ്രായോഗികമൂല്യമുള്ള പ്രസംഗങ്ങൾ—പൊതുജനത്തിനുവേണ്ടി

ഇത്തരത്തിലുള്ള 170-ലധികം പ്രസംഗങ്ങളുണ്ട്‌. തിരുവെഴുത്തുകളെ ആസ്‌പദമാക്കിയുള്ള ഈ പ്രസംഗങ്ങളിൽ ചിലതാണ്‌ താഴെ കൊടുത്തിരിക്കുന്നത്‌:

മനുഷ്യന്റെ ഉത്ഭവം—നിങ്ങൾ എന്തു വിശ്വസിക്കുന്നു എന്നത്‌ പ്രധാനമോ?

ലൈംഗികതയും വിവാഹവും സംബന്ധിച്ച ദൈവിക വീക്ഷണം

ഭൂമിയെ നശിപ്പിക്കുന്നത്‌ ദിവ്യശിക്ഷ കൈവരുത്തുന്നു

ജീവിത ഉത്‌കണ്‌ഠകളെ തരണംചെയ്യൽ

ഈ ജീവിതം മാത്രമാണോ ഉള്ളത്‌?

[19-ാം പേജിലെ ചിത്രം]

ബൈബിളിനെ ആധാരമാക്കിയുള്ള പ്രസംഗം

[19-ാം പേജിലെ ചിത്രം]

“വീക്ഷാഗോപുര” അധ്യയനം

[20-ാം പേജിലെ ചിത്രങ്ങൾ]

സഭാ ബൈബിളധ്യയനം

[20-ാം പേജിലെ ചിത്രം]

ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ

[21-ാം പേജിലെ ചിത്രം]

സേവനയോഗം