മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത്—നാസി ക്യാമ്പുകളിൽ ഞാൻ പിടിച്ചുനിന്നു
മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത്—നാസി ക്യാമ്പുകളിൽ ഞാൻ പിടിച്ചുനിന്നു
ഷോസെഫ് ഹീസിഗ പറഞ്ഞപ്രകാരം
“എന്താണു വായിക്കുന്നത്?” കൂടെയുണ്ടായിരുന്ന തടവുകാരനോടു ഞാൻ ചോദിച്ചു. “ബൈബിൾ,” അയാൾ പറഞ്ഞു. “ഒരാഴ്‌ച കിട്ടുന്ന ബ്രെഡ് മുഴുവനും എനിക്കു തരാമെങ്കിൽ ഈ ബൈബിൾ ഞാൻ താങ്കൾക്കു തരാം,” അയാൾ കൂട്ടിച്ചേർത്തു.
ഞാൻ ജനിച്ചത് 1914 മാർച്ച് ഒന്നിനാണ്, അന്ന് ജർമനിയുടെ ഭാഗമായിരുന്ന മോസെല്ലിൽ. 1918-ൽ ഒന്നാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ മോസെൽ ഫ്രാൻസിന് തിരികെ ലഭിച്ചു. 1940-ൽ ജർമനി വീണ്ടും മോസെൽ വെട്ടിപ്പിടിച്ചു. 1945-ൽ രണ്ടാം ലോകമഹായുദ്ധം അവസാനിച്ചപ്പോൾ പിന്നെയും അത് ഫ്രാൻസിന്റെ അധീനതയിലായി. ഇതു സംഭവിച്ചപ്പോഴൊക്കെ എന്റെ പൗരത്വവും മാറിക്കൊണ്ടിരുന്നു. അങ്ങനെ ഞാൻ ഫ്രഞ്ചും ജർമനും കൈകാര്യംചെയ്യാൻ പഠിച്ചു.
എന്റെ മാതാപിതാക്കൾ അടിയുറച്ച കത്തോലിക്കാവിശ്വാസികളായിരുന്നു. ദിവസവും രാത്രി ഉറങ്ങുന്നതിനുമുമ്പായി ഞങ്ങൾ മുട്ടുകുത്തി പ്രാർഥിക്കുമായിരുന്നു. ഞായറാഴ്‌ചകളിലും മറ്റ് അവധിദിവസങ്ങളിലും ഞങ്ങൾ പള്ളിയിൽ പോകും. മതഭക്തനായിരുന്ന ഞാൻ ഒരു കാത്തലിക് സ്റ്റഡി ഗ്രൂപ്പിലെ അംഗവുമായിരുന്നു.
ഒരു യഹോവയുടെ സാക്ഷിയാകുന്നു
1935-ൽ യഹോവയുടെ സാക്ഷികളായ രണ്ടുപേർ എന്റെ മാതാപിതാക്കളെ സന്ദർശിച്ചു. ഒന്നാം ലോകമഹായുദ്ധത്തിൽ മതം ഉൾപ്പെട്ടതിനെക്കുറിച്ചായിരുന്നു ചർച്ച. ആ സംഭാഷണത്തെത്തുടർന്ന് ബൈബിളിലുള്ള എന്റെ താത്‌പര്യം വർധിച്ചു. 1936-ൽ ഒരു പുരോഹിതനോട് ഞാൻ ഒരു ബൈബിൾ ആവശ്യപ്പെട്ടു. ബൈബിളിലുള്ള കാര്യങ്ങൾ മനസ്സിലാകണമെങ്കിൽ ഞാൻ ദൈവശാസ്‌ത്രം പഠിക്കണമെന്നായിരുന്നു ആ പുരോഹിതന്റെ മറുപടി. അതോടെ, ഒരു ബൈബിൾ സ്വന്തമാക്കി അതു വായിക്കാനുള്ള എന്റെ ആഗ്രഹം ഒന്നുകൂടെ ശക്തമായി.
1937 ജനുവരിയിൽ എന്റെ സഹപ്രവർത്തകനായ ആൽബിൻ റെലവിറ്റ്‌സ് എന്നോട് ബൈബിളിനെക്കുറിച്ചു സംസാരിക്കാൻതുടങ്ങി. അദ്ദേഹം ഒരു യഹോവയുടെ സാക്ഷിയായിരുന്നു. അദ്ദേഹത്തിന്റെ കൈയിൽ ബൈബിളുണ്ടോ എന്നു ഞാൻ ചോദിച്ചു. ആൽബിന്റെ കൈയിൽ ബൈബിളുണ്ടായിരുന്നു. ഒരു ജർമൻ ഭാഷാന്തരമായ എൽബർഫെൽഡറിൽനിന്ന് യഹോവ എന്ന ദൈവനാമം അദ്ദേഹം എനിക്കു കാണിച്ചുതന്നു. ഒടുവിൽ, ആ ബൈബിൾ അദ്ദേഹം എനിക്കു സമ്മാനിക്കുകയും ചെയ്‌തു. ഞാൻ അത് വളരെ താത്‌പര്യത്തോടെ വായിച്ചു; അടുത്തുള്ള റ്റ്യോൺവിൽ പട്ടണത്തിൽ യഹോവയുടെ സാക്ഷികളുടെ യോഗങ്ങളിൽ സംബന്ധിക്കാനും തുടങ്ങി.
1937 ഓഗസ്റ്റിൽ ഞാൻ ആൽബിനോടൊപ്പം പാരീസിൽ നടന്ന അന്താരാഷ്‌ട്ര സമ്മേളനത്തിൽ പങ്കെടുക്കാൻ പോയി. അവിടെവെച്ച് ഞാൻ ആദ്യമായി വീടുതോറുമുള്ള പ്രസംഗവേലയിൽ ഏർപ്പെട്ടു. വൈകാതെതന്നെ ഞാൻ സ്‌നാനമേറ്റു. 1939-ന്റെ ആരംഭത്തിൽ ഞാൻ ഒരു പയനിയർ (മുഴുസമയ ശുശ്രൂഷകൻ) ആയി. മെറ്റ്‌സ് നഗരത്തിലായിരുന്നു എന്നെ നിയമിച്ചത്. ജൂലൈയിൽ എനിക്ക് പാരീസിലുള്ള യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസിൽ സേവിക്കാൻ ക്ഷണം ലഭിച്ചു.
യുദ്ധകാലത്തെ കഷ്ടങ്ങൾ
ബ്രാഞ്ചിൽ എനിക്ക് അധികകാലം തുടരാനായില്ല. കാരണം 1939 ഓഗസ്റ്റിൽ ഫ്രഞ്ച് സൈന്യത്തിൽ ചേരാൻ എനിക്ക് ഉത്തരവു ലഭിച്ചു. എന്നാൽ യുദ്ധത്തിൽ പങ്കെടുക്കാൻ മനസ്സാക്ഷി എന്നെ അനുവദിക്കുമായിരുന്നില്ല. അങ്ങനെ ഞാൻ തടവിലായി. 1940 മേയ് മാസത്തിൽ ഞാൻ തടവിലായിരിക്കെ, ജർമനി ഫ്രാൻസിനെതിരെ ഒരു മിന്നലാക്രമണം നടത്തി. ജൂൺ മാസത്തോടെ അവർ ഫ്രാൻസിനെ പൂർണമായും കീഴ്‌പെടുത്തി. അങ്ങനെ
ഞാൻ വീണ്ടും ഒരു ജർമൻകാരനായി. ജൂലൈയിൽ തടവിൽനിന്നു മോചിതനായശേഷം ഞാൻ തിരിച്ച് മാതാപിതാക്കളുടെ അടുത്തേക്കു പോയി.നാസിഭരണമായിരുന്നതിനാൽ ഞങ്ങൾ രഹസ്യമായിട്ടാണ് ബൈബിൾ പഠിക്കാൻ കൂടിവന്നിരുന്നത്. മാരിസ് അനാസിയാക്ക് എന്ന ധീരയായ ഒരു ക്രിസ്‌ത്യാനിവഴിയാണ് ഞങ്ങൾക്ക് വീക്ഷാഗോപുരം മാസിക ലഭിച്ചിരുന്നത്. ഞങ്ങൾ കണ്ടുമുട്ടിയിരുന്നത് ഒരു യഹോവയുടെ സാക്ഷിയുടെ ബേക്കറിയിൽവെച്ചാണ്. ജർമനിയിലെ മറ്റു സാക്ഷികൾ നേരിട്ടിരുന്ന പ്രശ്‌നങ്ങൾ 1941 വരെ എന്നെ ബാധിച്ചില്ല.
അങ്ങനെയിരിക്കെ ഒരു ദിവസം ഗെസ്റ്റപ്പോ എന്റെ വീട്ടിലെത്തി. യഹോവയുടെ സാക്ഷികളെ ജർമനിയിൽ നിരോധിച്ചിരിക്കുകയാണെന്ന് അറിയിച്ചശേഷം ഒരു സാക്ഷിയായി തുടരാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടോ എന്ന് ആ ഉദ്യോഗസ്ഥൻ ചോദിച്ചു. “ഉവ്വ്” എന്നു ഞാൻ മറുപടിനൽകിയപ്പോൾ തന്നോടൊപ്പം ചെല്ലാൻ അയാൾ ആവശ്യപ്പെട്ടു. ഇതുകണ്ട് അമ്മ ബോധരഹിതയായി. അപ്പോൾ അമ്മയെ ശുശ്രൂഷിച്ചുകൊള്ളാൻ പറഞ്ഞിട്ട് അയാൾ പോയി.
ഞാൻ ജോലിചെയ്‌തിരുന്ന ഫാക്‌ടറിയിലെ മാനേജരെ “ഹെയ്‌ൽ ഹിറ്റ്‌ലർ” എന്നു പറഞ്ഞ് അഭിവാദനംചെയ്യാൻ ഞാൻ കൂട്ടാക്കിയില്ല. നാസി പാർട്ടിയിൽ ചേരാനും ഞാൻ വിസമ്മതിച്ചു. പിറ്റേന്നു ഞാൻ അറസ്റ്റിലായി. ചോദ്യംചെയ്യലിനിടെ മറ്റു സാക്ഷികളുടെ പേരുകൾ വെളിപ്പെടുത്താൻ ഞാൻ തയ്യാറായില്ല. ചോദ്യംചെയ്‌തിരുന്നയാൾ റിവോൾവറിന്റെ പാത്തികൊണ്ട് ശക്തമായി എന്റെ തലയ്‌ക്കടിച്ചു. ഞാൻ ബോധരഹിതനായി. 1942 സെപ്‌റ്റംബർ 11-ന് മെറ്റ്‌സിലെ സോൻഡെർഗരിക്‌റ്റ് (പ്രത്യേക കോടതി) എനിക്ക് മൂന്നുവർഷത്തെ തടവുശിക്ഷ വിധിച്ചു. “യഹോവയുടെ സാക്ഷികളുടെയും ബൈബിൾ വിദ്യാർഥികളുടെയും സമിതിക്കുവേണ്ടി പ്രചാരണംനടത്തുന്നു” എന്നതായിരുന്നു എനിക്കെതിരെയുള്ള ആരോപണം.
രണ്ടാഴ്‌ചയ്‌ക്കുശേഷം മെറ്റ്‌സിലെ ജയിലിൽനിന്ന് എന്നെ റ്റ്‌സ്‌ഫൈബ്രുവെക്കനിലെ തൊഴിൽപ്പാളയത്തിലേക്ക് അയച്ചു. ഒരു നീണ്ട യാത്രയായിരുന്നു അത്. അവിടെ ഞാൻ റെയിൽപ്പാളം നന്നാക്കുന്നവരോടൊപ്പമാണ് പണിയെടുത്തത്. റെയിലുകൾ മാറ്റിസ്ഥാപിക്കുക, ബോൾട്ടിട്ടുറപ്പിക്കുക, റെയിൽവേ ട്രാക്കിൽ മെറ്റൽ നിരത്തുക എന്നിവയൊക്കെയായിരുന്നു ജോലി. ഞങ്ങൾക്ക് ആകെ ലഭിച്ചിരുന്ന ആഹാരം ഇതായിരുന്നു: രാവിലെ ഒരു കപ്പ് കാപ്പി, 75 ഗ്രാം ബ്രെഡ്. ഉച്ചയ്‌ക്കും വൈകിട്ടും ഒരു കപ്പ് സൂപ്പ്. പിന്നീട് എന്നെ അടുത്തുള്ള ഒരു പട്ടണത്തിലെ ജയിലിലേക്കു മാറ്റി. അവിടെ ഒരു ചെരുപ്പുകുത്തിയുടെകൂടെയായിരുന്നു പണി. ഏതാനും മാസങ്ങൾ കഴിഞ്ഞപ്പോൾ എന്നെ റ്റ്‌സ്‌ഫൈബ്രുവെക്കനിലേക്കു തിരിച്ചയച്ചു. ഇപ്രാവശ്യം പാടങ്ങളിലാണ് ഞാൻ പണിയെടുത്തത്.
അപ്പംകൊണ്ടു മാത്രമല്ല ജീവിക്കുന്നത്
എന്നോടൊപ്പം തടവിലുണ്ടായിരുന്നത് നെതർലൻഡ്‌സിൽനിന്നുള്ള ഒരു ചെറുപ്പക്കാരനായിരുന്നു. അവന്റെ ഭാഷ കുറച്ചൊക്കെ വശമാക്കിക്കഴിഞ്ഞപ്പോൾ എന്റെ വിശ്വാസത്തെക്കുറിച്ച് അവനോടു പറയാൻ എനിക്കു കഴിഞ്ഞു. അവൻ ബൈബിൾ പഠിക്കുകയും ദൈവികനിലവാരങ്ങൾ അനുസരിച്ചു ജീവിച്ചുതുടങ്ങുകയും
ചെയ്‌തു. നദിയിൽക്കൊണ്ടുപോയി തന്നെ സ്‌നാനംകഴിപ്പിക്കാമോ എന്ന് അവൻ എന്നോടു ചോദിച്ചു. വെള്ളത്തിൽനിന്നു കയറിവന്നപ്പോൾ എന്നെ കെട്ടിപ്പിടിച്ചിട്ട് അവൻ പറഞ്ഞു: “ഷോസെഫ്, ഞാൻ ഇപ്പോൾ നിന്റെ സഹോദരനാണ്!” റെയിൽപ്പാളം നന്നാക്കുന്നവരോടൊപ്പം പണിയെടുക്കാൻ എന്നെ തിരിച്ചയച്ചപ്പോൾ ഞങ്ങൾക്ക് തമ്മിൽ പിരിയേണ്ടിവന്നു.ഇപ്രാവശ്യം എന്നോടൊപ്പം തടവിലുണ്ടായിരുന്നത് ഒരു ജർമൻകാരനായിരുന്നു. ഒരു ദിവസം സന്ധ്യയ്‌ക്ക് അയാൾ ഒരു പുസ്‌തകം വായിച്ചുകൊണ്ടിരിക്കുന്നതു ഞാൻ കാണാനിടയായി. അതൊരു ബൈബിളായിരുന്നു! അപ്പോഴാണ് ഒരാഴ്‌ച കിട്ടുന്ന ബ്രെഡ് മുഴുവനും കൊടുക്കുകയാണെങ്കിൽ പകരമായി ആ ബൈബിൾ തരാമെന്ന് അയാൾ പറഞ്ഞത്. ഞാൻ സമ്മതിച്ചു. ഒരാഴ്‌ച കിട്ടുന്ന ബ്രെഡ് വേണ്ടെന്നുവെക്കുന്നത് അങ്ങനെയൊരു സാഹചര്യത്തിൽ ആർക്കും ചിന്തിക്കാൻ കഴിയാത്ത കാര്യമാണ്. പക്ഷേ എനിക്ക് അതിൽ ഒരു ദുഃഖവും തോന്നിയില്ല. “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, യഹോവയുടെ വായിൽനിന്നു വരുന്ന സകല വചനംകൊണ്ടും ജീവിക്കേണ്ടതാകുന്നു” എന്ന യേശുവിന്റെ വാക്കുകളുടെ അർഥം ഞാൻ മനസ്സിലാക്കാൻ തുടങ്ങിയത് അപ്പോഴാണ്.—മത്തായി 4:4.
ബൈബിൾ കിട്ടിക്കഴിഞ്ഞപ്പോൾ അതു സൂക്ഷിക്കാനായിരുന്നു ബുദ്ധിമുട്ട്. മറ്റു തടവുകാർക്കു ബൈബിൾ കൈവശം വെക്കാമായിരുന്നെങ്കിലും സാക്ഷികൾക്ക് അതിനുള്ള അനുവാദം ഉണ്ടായിരുന്നില്ല. അതുകൊണ്ട് രാത്രിയിൽ പുതപ്പിനടിയിൽക്കിടന്ന് രഹസ്യമായാണ് ഞാൻ ബൈബിൾ വായിച്ചത്. പകൽസമയത്ത് ഞാനത് ഷർട്ടിനടിയിൽ ഒളിപ്പിച്ച് കൂടെക്കൊണ്ടുനടക്കുമായിരുന്നു. തിരച്ചിലുണ്ടാകുമെന്നതിനാൽ ഞാനത് ഒരിക്കലും സെല്ലിൽ വെച്ചിട്ടുപോകുമായിരുന്നില്ല.
ഒരു ദിവസം ജോലിക്കു റിപ്പോർട്ടുചെയ്യാൻ ഞങ്ങൾ എല്ലാവരും നിരന്നുനിൽക്കുമ്പോഴാണ് എനിക്ക് ഒരു കാര്യം ഓർമവന്നത്: ഞാൻ ബൈബിൾ എടുത്തിട്ടില്ല. അന്ന് വൈകുന്നേരം പണി കഴിഞ്ഞയുടനെ ഞാൻ സെല്ലിലേക്ക് ഓടി; പക്ഷേ ബൈബിൾ അവിടെ ഉണ്ടായിരുന്നില്ല. പ്രാർഥിച്ചശേഷം ഞാൻ ഗാർഡിന്റെ അടുത്തേക്കു ചെന്ന് എന്റെ ഒരു പുസ്‌തകം ആരോ എടുത്തുകൊണ്ടുപോയെന്നും അത് എനിക്കു തിരികെ വേണമെന്നും പറഞ്ഞു. വാസ്‌തവത്തിൽ ബൈബിൾ അവിടെത്തന്നെയുണ്ടായിരുന്നു. അയാളുടെ ശ്രദ്ധ മറ്റെന്തിലോ ആയിരുന്നു. ആ തക്കത്തിന് ഞാൻ എന്റെ ബൈബിൾ എടുത്തുകൊണ്ടുപോന്നു. എനിക്ക് യഹോവയോട് എന്തെന്നില്ലാത്ത നന്ദി തോന്നി.
ഒരിക്കൽ ഞങ്ങളെയെല്ലാം കുളിക്കാൻ അയച്ചു. ഞങ്ങളോടൊപ്പം ഗാർഡും ഉണ്ടായിരുന്നു. അഴിച്ചുമാറ്റിയ മുഷിഞ്ഞ വസ്‌ത്രത്തോടൊപ്പം ഞാൻ ബൈബിളും താഴേക്കിട്ടു. എന്നിട്ട് ആരും കാണാതെ ഞാൻ അത് കാലുകൊണ്ട് ഷവറിന്റെ വശത്തേക്കു നീക്കി. കുളിക്കുമ്പോൾ നനയാത്തവിധം ഞാൻ അത് ഒരു വശത്തേക്കു മാറ്റിവെച്ചു. കുളികഴിഞ്ഞ് ഞാൻ അത് ആരുടെയും ശ്രദ്ധയിൽ പെടാതെ കടത്തിക്കൊണ്ടുവന്നു.
തടവുകാലത്തെ സന്തോഷങ്ങളും ദുഃഖങ്ങളും
1943-ൽ ഒരു ദിവസം രാവിലെ തടവുപുള്ളികളെയെല്ലാം മുറ്റത്ത് നിരത്തിനിറുത്തിയിരിക്കുകയായിരുന്നു. നോക്കുമ്പോൾ അതാ നിൽക്കുന്നു ആൽബിൻ! അദ്ദേഹവും അറസ്റ്റുചെയ്യപ്പെട്ടിരുന്നു. കണ്ടതും അദ്ദേഹത്തിന് എന്നെ മനസ്സിലായി. സഹോദരസ്‌നേഹത്തിന്റെ അടയാളമെന്നവണ്ണം അദ്ദേഹം എന്നെ നോക്കി തന്റെ കൈ നെഞ്ചോടു ചേർത്തു. എന്നിട്ട് എനിക്ക് എഴുതാമെന്ന് ആംഗ്യം കാട്ടി. പിറ്റേന്ന് എന്റെ അടുക്കലൂടെ കടന്നുപോകുമ്പോൾ അദ്ദേഹം ഒരു കടലാസ്സുകഷണം താഴേക്കിട്ടു. ഗാർഡ് അതു കണ്ടു. ഞങ്ങൾക്ക് രണ്ടാഴ്‌ചത്തെ ഏകാന്തതടവും ലഭിച്ചു. അവിടെ ഞങ്ങളുടെ ഭക്ഷണം പൂത്ത ബ്രെഡും വെള്ളവുമായിരുന്നു. പുതപ്പൊന്നുമില്ലാതെ മരപ്പലകകളിന്മേലായിരുന്നു ഉറക്കം.
പിന്നീട് എന്നെ സീക്ക്‌ബുർക്കിലെ ജയിലിലേക്കു മാറ്റി. അവിടെ എനിക്ക് ആലയിലായിരുന്നു പണി. തളർത്തിക്കളയുന്ന ജോലി; ആഹാരമാണെങ്കിൽ പേരിനുമാത്രം. രാത്രി ഞാൻ കേക്കും പഴങ്ങളുമൊക്കെ സ്വപ്‌നം കണ്ടു; പക്ഷേ രാവിലെ തൊണ്ട വരണ്ട്, കത്തിക്കാളുന്ന വയറോടെയാണ് എഴുന്നേറ്റിരുന്നത്. ഞാൻ എല്ലുംതോലുമായി. എങ്കിലും കൈവശമുള്ള ആ കൊച്ചുബൈബിളിൽനിന്ന് ദിവസവും ഞാൻ ദൈവത്തിന്റെ വചനങ്ങൾ വായിച്ചു. എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് അതായിരുന്നു.
ഒടുവിൽ സ്വാതന്ത്ര്യം!
1945 ഏപ്രിൽ. ഒരു ദിവസം രാവിലെ വാതിലുകൾ മലർക്കെ തുറന്നിട്ടിട്ട് ഗാർഡുകളെല്ലാം ജയിലിൽനിന്ന് ഓടിപ്പോയി. അങ്ങനെ ഒടുവിൽ ഞാൻ സ്വതന്ത്രനായി! പക്ഷേ ആരോഗ്യം വീണ്ടെടുക്കാൻ കുറച്ചു ദിവസം എനിക്ക് ആശുപത്രിയിൽ കിടക്കേണ്ടിവന്നു. മേയ് അവസാനത്തോടെ ഞാൻ എന്റെ വീട്ടിലെത്തി. മാതാപിതാക്കൾ ഞാൻ മരിച്ചുവെന്ന് ഉറപ്പിച്ചുകഴിഞ്ഞിരുന്നു. എന്നെ കണ്ടതും അമ്മ സന്തോഷംകൊണ്ട് പൊട്ടിക്കരഞ്ഞു. എന്നാൽ അധികം കഴിയുന്നതിനുമുമ്പ് എന്റെ മാതാപിതാക്കൾ മരണമടഞ്ഞു.
റ്റ്യോൺവിൽ സഭയോടൊത്ത് ഞാൻ വീണ്ടും സഹവസിക്കാൻ തുടങ്ങി. എന്റെ ആത്മീയ കുടുംബത്തെ വീണ്ടും കണ്ടപ്പോൾ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല! പരിശോധനകൾക്കുമധ്യേ അവർ വിശ്വസ്‌തരായി നിലകൊണ്ടത് എങ്ങനെയെന്നു മനസ്സിലാക്കിയപ്പോൾ എന്റെ സന്തോഷം വർധിച്ചു. എന്റെ സുഹൃത്തായ ആൽബിൻ ജർമനിയിലെ റേഗെൻസ്‌ബർഗിൽവെച്ച് മരണമടഞ്ഞിരുന്നു. എന്റെ ഇളയച്ഛന്റെ മകനായ ഷാൻ ഹീസിഗ ഒരു യഹോവയുടെ സാക്ഷിയായി സ്‌നാനമേറ്റിരുന്നെന്നും മനസ്സാക്ഷിപരമായ കാരണത്താൽ സൈന്യത്തിൽ ചേരാൻ വിസമ്മതിച്ചതിന് വധിക്കപ്പെട്ടെന്നും ഞാൻ അറിഞ്ഞു. പാരീസിലെ ബ്രാഞ്ച് ഓഫീസിൽ എന്നോടൊപ്പം സേവിച്ചിരുന്ന ഷാൻ കെരയ്‌ക്ക് ജർമനിയിലെ ഒരു തൊഴിൽപ്പാളയത്തിൽ അഞ്ചുവർഷം കഴിയേണ്ടിവന്നു. *
ഒട്ടുംവൈകാതെതന്നെ ഞാൻ മെറ്റ്‌സ് പട്ടണത്തിൽ പ്രസംഗവേല ആരംഭിച്ചു. ആ സമയത്ത് ഞാൻ ഒരു കുടുംബവുമായി പരിചയത്തിലായി. ആ കുടുംബത്തിലെ ടീന മിൻസാനി എന്ന പെൺകുട്ടി 1946 നവംബർ 2-ന് സ്‌നാനമേറ്റു. ശുശ്രൂഷയിൽ വളരെ തീക്ഷ്‌ണതയോടെ ഏർപ്പെട്ടിരുന്ന ഒരു ക്രിസ്‌ത്യാനിയായിരുന്നു അവൾ. എനിക്ക് അവളെ വളരെ ഇഷ്ടമായി. 1947 ഡിസംബർ 13-ന് ഞങ്ങൾ വിവാഹിതരായി. 1967 സെപ്‌റ്റംബറിൽ ടീന പയനിയർവേല ഏറ്റെടുത്തു. മരണംവരെ അവൾ ആ മുഴുസമയ ശുശ്രൂഷ തുടർന്നു. 2003 ജൂണിൽ, 98-ാം വയസ്സിലാണ് അവൾ മരിച്ചത്. അവളുടെ വേർപാട് ഇന്നും എന്നെ വേദനിപ്പിക്കുന്നു.
ഇന്ന് ഈ 95-ാം വയസ്സിൽ എനിക്ക് ഒരു കാര്യം ഉറപ്പോടെ പറയാനാകും: പരിശോധനകൾ നേരിടാനും അവയെ അതിജീവിക്കാനും എന്നെ എപ്പോഴും സഹായിച്ചിട്ടുള്ളത് ദൈവവചനമാണ്. പലപ്പോഴും ഒഴിഞ്ഞ വയറോടെയാണ് ഞാൻ ഉറങ്ങിയിട്ടുള്ളത്. പക്ഷേ എപ്പോഴും മനസ്സും ഹൃദയവും ദൈവവചനംകൊണ്ടു നിറയ്‌ക്കാൻ എനിക്കു കഴിഞ്ഞിട്ടുണ്ട്. യഹോവ എനിക്ക് കരുത്തു നൽകിയിരിക്കുന്നു. അവന്റെ ‘വചനമാണ് എന്നെ ജീവിപ്പിച്ചത്.’—സങ്കീർത്തനം 119:50.
[അടിക്കുറിപ്പ്]]
^ ഖ. 27 ഷാൻ കെരയുടെ ജീവിതകഥ 1989 ഒക്‌ടോബർ 1 ലക്കം വീക്ഷാഗോപുരത്തിന്റെ (ഇംഗ്ലീഷ്) 22-26 പേജുകളിൽ കാണാം.
[23-ാം പേജിലെ ചിത്രം]
എന്റെ പ്രിയസുഹൃത്തായ ആൽബിൻ റെലവിറ്റ്‌സ്
[23-ാം പേജിലെ ചിത്രം]
മാരിസ് അനാസിയാക്ക്
[24-ാം പേജിലെ ചിത്രം]
ഒരാഴ്‌ചത്തെ റൊട്ടിക്കു പകരം ലഭിച്ച ബൈബിൾ
[25-ാം പേജിലെ ചിത്രം]
വിവാഹത്തിനുമുമ്പ് ടീനയോടൊപ്പം, 1946
[25-ാം പേജിലെ ചിത്രം]
ഷാൻ കെരയും ഭാര്യ ടിറ്റിക്കയും