അനന്തരവൻ പൗലോസിന്റെ ജീവൻ രക്ഷിക്കുന്നു
മക്കളെ പഠിപ്പിക്കാൻ
അനന്തരവൻ പൗലോസിന്റെ ജീവൻ രക്ഷിക്കുന്നു
പൗലോസ് അപ്പൊസ്‌തലന്റെ ബന്ധുക്കളിൽ ചിലർ യേശുവിൽ വിശ്വസിച്ചിരുന്നവരാണെന്ന കാര്യം നിങ്ങൾക്ക് അറിയാമോ? *— പൗലോസിന്റെ പെങ്ങളും പെങ്ങളുടെ മകനും ക്രിസ്‌ത്യാനികളായിരുന്നതായി കാണപ്പെടുന്നു. ആ അനന്തരവനാണ് ഒരവസരത്തിൽ പൗലോസിന്റെ ജീവൻ രക്ഷിച്ചത്! പൗലോസിന്റെ പെങ്ങളുടെയോ അനന്തരവന്റെയോ പേര് നമുക്ക് അറിയില്ല. എന്നാൽ അവൻ ചെയ്‌തത് എന്താണെന്ന് ബൈബിൾ പറയുന്നുണ്ട്. അത് എന്താണെന്ന് അറിയണ്ടേ?—
എ.ഡി. 56. പൗലോസ് മൂന്നാമത്തെ മിഷനറി യാത്ര കഴിഞ്ഞ് യെരുശലേമിൽ മടങ്ങിയെത്തിയ സമയം. അവിടെവെച്ച് അറസ്റ്റുചെയ്യപ്പെട്ട പൗലോസ് വിചാരണ കാത്ത് കഴിയുകയാണ്. എന്നാൽ അവൻ വിചാരണ ചെയ്യപ്പെടാൻ അവന്റെ ശത്രുക്കൾ ആഗ്രഹിക്കുന്നില്ല. അവനെ കൊല്ലണമെന്നാണ് അവരുടെ ഉദ്ദേശ്യം! പൗലോസിനെ വിചാരണയ്‌ക്കായി കൊണ്ടുപോകുംവഴി അവനെ കൊല്ലാനായി 40-ലധികം പേർ പതിയിരിക്കുന്നു.
എന്നാൽ പൗലോസിന്റെ അനന്തരവൻ എങ്ങനെയോ ഇതേക്കുറിച്ച് അറിഞ്ഞു. അവൻ എന്താണു ചെയ്‌തതെന്ന് അറിയാമോ?— അവൻ പൗലോസിന്റെ അടുത്തുചെന്ന് വിവരം അറിയിക്കുന്നു. പൗലോസ് അപ്പോൾത്തന്നെ ഒരു സൈനിക ഉദ്യോഗസ്ഥനെ വിളിച്ച് ഇപ്രകാരം പറയുന്നു: “ഈ യുവാവിനെ സഹസ്രാധിപന്റെ അടുത്തേക്കു കൊണ്ടുപോകുക. ഇവനു ചിലതു ബോധിപ്പിക്കാനുണ്ട്.” ഉദ്യോഗസ്ഥൻ അവനെ സഹസ്രാധിപനായ ക്ലൗദ്യൊസ് ലുസിയാസിന്റെ അടുത്തേക്ക് കൊണ്ടുചെന്ന്, ആ യുവാവിന് പ്രധാനപ്പെട്ട എന്തോ വിവരം ധരിപ്പിക്കാനുണ്ടെന്ന് അറിയിച്ചു. ക്ലൗദ്യൊസ് പൗലോസിന്റെ അനന്തരവനെ മാറ്റിനിറുത്തി കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു.
“ഇക്കാര്യം നീ എന്നെ അറിയിച്ചിട്ടുണ്ടെന്ന് ആരോടും പറയരുത്” എന്ന് ക്ലൗദ്യൊസ് അവന് മുന്നറിയിപ്പു നൽകി. അതിനുശേഷം ക്ലൗദ്യൊസ് രണ്ട് ശതാധിപന്മാരെ വിളിച്ച് കൈസര്യയിലേക്ക് പോകേണ്ടതിന് 200 കാലാൾപ്പടയെയും 70 കുതിരപ്പടയാളികളെയും 200 കുന്തക്കാരെയും തയ്യാറാക്കിനിറുത്താൻ ആവശ്യപ്പെട്ടു. രാത്രി ഒൻപതുമണിയോടെ ആ 470 പേർ പൗലോസിനെ കൈസര്യയിലുള്ള റോമൻ ഗവർണറായ ഫേലിക്‌സിന്റെ അടുക്കലേക്ക് കൊണ്ടുപോയി. അവർ അവനെ സുരക്ഷിതമായി അവിടെ എത്തിച്ചു. പൗലോസിനെ കൊല്ലാൻ യഹൂദന്മാർ പദ്ധതിയിട്ടിരിക്കുന്ന വിവരം അറിയിച്ചുകൊണ്ട് ക്ലൗദ്യൊസ് ഫേലിക്‌സിന് ഒരു കത്തും കൊടുത്തയച്ചു.
അങ്ങനെ പൗലോസിനെതിരെയുള്ള ആരോപണങ്ങൾ കൈസര്യയിലെ കോടതിമുമ്പാകെ ബോധിപ്പിക്കാൻ യഹൂദന്മാർ നിർബന്ധിതരായി. എന്നാൽ പൗലോസ് എന്തെങ്കിലും തെറ്റുചെയ്‌തതായി തെളിയിക്കാനുള്ള യാതൊരു തെളിവും അവരുടെ പക്കൽ ഇല്ലായിരുന്നു. എന്നിരുന്നാലും പൗലോസിന് രണ്ടു വർഷം അന്യായമായി തടവിൽ കഴിയേണ്ടിവന്നു. അതുകൊണ്ട് പ്രവൃത്തികൾ 23:16–24:27; 25:8-12.
റോമിൽവെച്ച് തന്നെ വിചാരണ ചെയ്യാൻ പൗലോസ് ആവശ്യപ്പെടുന്നു. അങ്ങനെ പൗലോസിനെ റോമിലേക്ക് അയയ്‌ക്കുന്നു.—പൗലോസിന്റെ അനന്തരവനിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?— ശരിയായ കാര്യങ്ങൾക്കുവേണ്ടി സംസാരിക്കാൻ ധൈര്യം ആവശ്യമാണ്. അങ്ങനെ ചെയ്‌താൽ നമുക്ക് പലരുടെയും ജീവൻ രക്ഷിക്കാൻ സാധിക്കും. യേശുവും അങ്ങനെ ചെയ്‌തിട്ടുണ്ട്. ശത്രുക്കൾ തന്നെ “കൊല്ലാൻ നോക്കിയി”രിക്കുകയാണെന്ന് അറിയാമായിരുന്നിട്ടും അവൻ ആളുകളോട് ദൈവരാജ്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു. നമ്മോടും അതുതന്നെ ചെയ്യാൻ യേശു ആവശ്യപ്പെട്ടിരിക്കുന്നു. നാം അങ്ങനെ ചെയ്യുമോ? പൗലോസിന്റെ അനന്തരവനെപ്പോലെ ധൈര്യമുള്ളവരാണെങ്കിൽ നാം അതു ചെയ്യും.—യോഹന്നാൻ 7:1; 15:13; മത്തായി 24:14; 28:18-20.
പൗലോസ് തന്റെ യുവസുഹൃത്തായ തിമൊഥെയൊസിനെ ഇപ്രകാരം പ്രോത്സാഹിപ്പിച്ചു: “നിന്നെക്കുറിച്ചും നിന്റെ പ്രബോധനത്തെക്കുറിച്ചും എപ്പോഴും ശ്രദ്ധാലുവായിരിക്കുക. ഈ കാര്യങ്ങളിൽ ഉറച്ചുനിൽക്കുക. അങ്ങനെചെയ്‌താൽ, നിന്നെത്തന്നെയും നിന്റെ വാക്കു കേൾക്കുന്നവരെയും നീ രക്ഷിക്കും.” (1 തിമൊഥെയൊസ് 4:16) പൗലോസിന്റെ അനന്തരവനും അത്തരം പ്രോത്സാഹനം ലഭിച്ചിട്ടുണ്ടാകണം. അതനുസരിച്ചായിരിക്കണം അവൻ പ്രവർത്തിച്ചത്. നിങ്ങൾ അങ്ങനെ ചെയ്യുമോ?
[അടിക്കുറിപ്പ്]
^ ഖ. 3 നിങ്ങൾ കുട്ടിക്കു വായിച്ചുകൊടുക്കുകയാണെങ്കിൽ ചോദ്യചിഹ്നത്തിനു ശേഷം നെടുവര വരുന്നിടത്തു നിറുത്താൻ ഓർമിക്കുക. എന്നിട്ട്, അഭിപ്രായം പറയാൻ കുട്ടിയെ പ്രോത്സാഹിപ്പിക്കുക.
ചോദ്യങ്ങൾ:
❍ ബൈബിളിൽ പൗലോസിന്റെ ഏതു ബന്ധുക്കളെക്കുറിച്ചു പറഞ്ഞിരിക്കുന്നു? അവരിൽനിന്നു നാം എന്തു പഠിച്ചു?
❍ പൗലോസിന്റെ ജീവൻ രക്ഷിക്കാനായി അവന്റെ അനന്തരവൻ എന്തു ചെയ്‌തു?
❍ യേശുവിനെ അനുസരിച്ചുകൊണ്ട് നമുക്ക് ആളുകളുടെ ജീവൻ എങ്ങനെ രക്ഷിക്കാം?