വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അനാഥരുടെ പിതാവ്‌

അനാഥരുടെ പിതാവ്‌

ദൈവത്തോട്‌ അടുത്തുചെല്ലുക

അനാഥരുടെ പിതാവ്‌

പുറപ്പാടു 22:22-24

‘ദൈവം തന്റെ വിശുദ്ധനിവാസത്തിൽ അനാഥന്മാർക്കു പിതാവാകുന്നു.’ (സങ്കീർത്തനം 68:5) യഹോവയെക്കുറിച്ച്‌ ഈ വാക്യം ഹൃദയസ്‌പർശിയായ ഒരു സത്യം പഠിപ്പിക്കുന്നു: നിരാലംബർക്കായി കരുതുന്നവനാണ്‌ അവൻ. അപ്പനെയോ അമ്മയെയോ നഷ്ടപ്പെട്ട കുട്ടികളെക്കുറിച്ച്‌ അവൻ ചിന്തയുള്ളവനാണെന്ന്‌ ഇസ്രായേല്യർക്ക്‌ അവൻ നൽകിയ ന്യായപ്രമാണം വെളിപ്പെടുത്തുന്നു. ‘അനാഥൻ’ * എന്ന പദം ബൈബിളിൽ ആദ്യമായി പരാമർശിച്ചുകാണുന്നത്‌ പുറപ്പാടു 22:22-24-ലാണ്‌. ആ ഭാഗം നമുക്കൊന്ന്‌ വിശകലനംചെയ്യാം.

‘അനാഥനെ നിങ്ങൾ ക്ലേശിപ്പിക്കരുത്‌’ എന്ന്‌ ദൈവം ഇസ്രായേല്യർക്ക്‌ മുന്നറിയിപ്പു നൽകിയിരുന്നു. (22-ാം വാക്യം) അത്‌ ഒരു അഭ്യർഥനയായിരുന്നില്ല, മറിച്ച്‌ ദൈവത്തിൽനിന്നുള്ള ഒരു കൽപ്പനയായിരുന്നു. പിതാവിന്റെ മരണത്തിലൂടെ ഒരു കുട്ടിക്ക്‌ നഷ്ടമാകുന്നത്‌ അവന്റെ രക്ഷിതാവിനെയാണ്‌. അതുകൊണ്ടുതന്നെ, പിതാവിനെ നഷ്ടപ്പെടുന്ന ഒരു കുട്ടി മറ്റുള്ളവരാൽ ചൂഷണംചെയ്യപ്പെടാവുന്ന ഒരു അവസ്ഥയിലായിത്തീരുന്നു. അങ്ങനെയുള്ള ഒരു കുട്ടിയെ ആരും ഒരുവിധത്തിലും ‘ക്ലേശിപ്പിക്കരുതായിരുന്നു.’ ചില ബൈബിൾ ഭാഷാന്തരങ്ങളിൽ “ക്ലേശിപ്പിക്കുക” എന്നതിനുപകരം “ദ്രോഹിക്കുക,” “മോശമായി പെരുമാറുക,” “ചൂഷണംചെയ്യുക” എന്നിങ്ങനെയുള്ള പ്രയോഗങ്ങളാണ്‌ കാണുന്നത്‌. പിതാവില്ലാത്ത കുട്ടികളെ വേദനിപ്പിക്കുന്നത്‌ ദൈവമുമ്പാകെ ഗുരുതരമായ തെറ്റായിരുന്നു. ആകട്ടെ, അത്‌ എത്ര ഗുരുതരമായിരുന്നു?

“അവരെ വല്ലപ്രകാരത്തിലും ക്ലേശിപ്പിക്കയും അവർ എന്നോടു നിലവിളിക്കയും ചെയ്‌താൽ ഞാൻ അവരുടെ നിലവിളി കേൾക്കും” എന്ന്‌ ന്യായപ്രമാണത്തിൽ തുടർന്നുപറഞ്ഞിരിക്കുന്നു. (23-ാം വാക്യം) മൂലപാഠത്തിൽ, 22-ാം വാക്യത്തിലെ “നിങ്ങൾ” എന്ന സർവനാമം ബഹുവചനരൂപത്തിലാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌; എന്നാൽ 23-ാം വാക്യത്തിൽ ഏകവചനരൂപത്തിലുള്ള സർവനാമം ഉപയോഗിച്ചിരിക്കുന്നു. ഇതു കാണിക്കുന്നത്‌, ഒരു ജനതയെന്നനിലയിൽ മാത്രമല്ല, വ്യക്തിപരമായും ഇസ്രായേല്യർ ഈ നിയമം പാലിക്കേണ്ടിയിരുന്നു എന്നാണ്‌. യഹോവ എല്ലാം കാണുന്നുണ്ടായിരുന്നു. അനാഥരുടെ കാര്യത്തിൽ അവൻ അതീവ തത്‌പരനായിരുന്നു; സഹായത്തിനുള്ള അവരുടെ നിലവിളിയോട്‌ അവൻ ഉടനടി പ്രതികരിക്കുമായിരുന്നു.—സങ്കീർത്തനം 10:14; സദൃശവാക്യങ്ങൾ 23:10, 11.

ആരെങ്കിലും ഒരു അനാഥനെ വേദനിപ്പിക്കുകയും അവൻ ദൈവത്തോടു നിലവിളിക്കുകയും ചെയ്‌താൽ എന്തു സംഭവിക്കുമായിരുന്നു? ‘എന്റെ കോപം ജ്വലിക്കും; ഞാൻ വാൾകൊണ്ടു നിങ്ങളെ കൊല്ലും,’ യഹോവ പറയുന്നു. (24-ാം വാക്യം) ‘എന്റെ കോപം ജ്വലിക്കും’ എന്ന പ്രയോഗം കടുത്ത ക്രോധത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ഈ നിയമം ലംഘിക്കുന്നവരെ ശിക്ഷിക്കാനുള്ള ഉത്തരവാദിത്വം ദൈവം മാനുഷ ന്യായാധിപന്മാരെ ഏൽപ്പിച്ചില്ല എന്നതു ശ്രദ്ധേയമാണ്‌. നിരാലംബനായ ഒരു കുട്ടിയെ ചൂഷണംചെയ്യുന്നവനെ ദൈവം നേരിട്ട്‌ ശിക്ഷിക്കുമായിരുന്നു.—ആവർത്തനപുസ്‌തകം 10:17, 18.

യഹോവയുടെ വീക്ഷണത്തിനു മാറ്റംവന്നിട്ടില്ല. (മലാഖി 3:6) അനാഥരായ കുട്ടികളോട്‌ അവന്‌ കനിവു തോന്നുന്നു. (യാക്കോബ്‌ 1:27) നിഷ്‌കളങ്കരായ കുട്ടികളെ കഷ്ടപ്പെടുത്തുന്നവർക്കുനേരെ ‘അനാഥർക്കു പിതാവായവന്റെ’ കോപം ജ്വലിക്കും. അവർക്ക്‌ “യഹോവയുടെ ഉഗ്രകോപ”ത്തിൽനിന്ന്‌ രക്ഷപ്പെടാനാവില്ല. (സെഫന്യാവു 2:1, 2) “ജീവനുള്ള ദൈവത്തിന്റെ കൈകളിൽ വീഴുന്നത്‌ എത്ര ഭയങ്കര”മാണെന്ന്‌ ആ ദുഷ്ടന്മാർ തിരിച്ചറിയും.—എബ്രായർ 10:31.

[അടിക്കുറിപ്പ്‌]

^ ഖ. 4 അനാഥൻ എന്നതിന്റെ ഹീബ്രൂ പദം പുല്ലിംഗത്തിലാണെങ്കിലും ഉൾപ്പെട്ടിരിക്കുന്ന തത്ത്വം പിതാവില്ലാത്ത പെൺകുട്ടികളുടെ കാര്യത്തിലും ബാധകമാണ്‌. അവരുടെ അവകാശങ്ങളെ സംരക്ഷിക്കുന്ന നിയമങ്ങൾ മോശൈക ന്യായപ്രമാണത്തിൽ ഉണ്ടായിരുന്നു.—സംഖ്യാപുസ്‌തകം 27:1-8.