വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉപവാസം ദൈവത്തോട്‌ അടുക്കാനുള്ള മാർഗമോ?

ഉപവാസം ദൈവത്തോട്‌ അടുക്കാനുള്ള മാർഗമോ?

ഉപവാസം ദൈവത്തോട്‌ അടുക്കാനുള്ള മാർഗമോ?

‘ആത്മീയകാര്യങ്ങളെപ്പറ്റി ചിന്തിക്കാനുള്ള ഒരു അവസരമാണ്‌ ഉപവാസം. ജീവിതത്തിൽ പ്രധാനം ഭൗതിക വസ്‌തുക്കളല്ല എന്ന്‌ അതു നമ്മെ ഓർമിപ്പിക്കുന്നു.’ —ഒരു കത്തോലിക്കാ സ്‌ത്രീ.

‘ഉപവാസം ദൈവവുമായി ഒരു ആത്മീയ ബന്ധം സ്ഥാപിക്കാൻ സഹായിക്കുന്നു.’ —ഒരു ജൂത റബ്ബി.

‘എന്റെ മതവിശ്വാസമനുസരിച്ച്‌ ഉപവാസം ഒരു കർത്തവ്യമാണ്‌; ദൈവത്തോടുള്ള ഭക്തിയും നന്ദിയും പ്രകടിപ്പിക്കാനുള്ള ഒരു മാർഗം. ദൈവത്തെ സ്‌നേഹിക്കുന്നതുകൊണ്ടാണ്‌ ഞാൻ ഉപവസിക്കുന്നത്‌.’—ബാഹായി മതക്കാരൻ

ബുദ്ധമതക്കാർ, ഹൈന്ദവർ, മുസ്ലീങ്ങൾ, ജൈനമതക്കാർ, ജൂതന്മാർ എന്നിങ്ങനെ ലോകത്തിലെ നാനാജാതിമതസ്ഥർ ഉപവാസം അനുഷ്‌ഠിക്കാറുണ്ട്‌. ഒരു നിശ്ചിതസമയത്തേക്കു ഭക്ഷണം കഴിക്കാതിരിക്കുന്നത്‌ തങ്ങളെ ദൈവവുമായി അടുപ്പിക്കുമെന്നാണ്‌ പലരും വിശ്വസിക്കുന്നത്‌.

ആകട്ടെ, നിങ്ങൾ എന്തു വിചാരിക്കുന്നു? നിങ്ങൾ ഉപവസിക്കേണ്ടതുണ്ടോ? ഈ വിഷയത്തെക്കുറിച്ച്‌ ദൈവവചനമായ ബൈബിൾ എന്തു പറയുന്നു?

ഉപവാസം ബൈബിൾ കാലങ്ങളിൽ

ബൈബിൾ കാലങ്ങളിൽ വിവിധ കാരണങ്ങളെപ്രതി ആളുകൾ ഉപവസിച്ചിരുന്നു. അവ ദൈവം അംഗീകരിക്കുകയും ചെയ്‌തിരുന്നു. ചെയ്‌തുപോയ പാപത്തെക്കുറിച്ച്‌ ഖേദം പ്രകടിപ്പിക്കാനാണ്‌ ചിലർ ഉപവസിച്ചത്‌. (1 ശമൂവേൽ 7:4-6) മറ്റുചിലർ ദൈവപ്രീതി നേടാനും ദൈവത്തിന്റെ മാർഗനിർദേശം ആരായാനുമാണ്‌ അതു ചെയ്‌തത്‌. (ന്യായാധിപന്മാർ 20:26-28; ലൂക്കോസ്‌ 2:36, 37) ഇനിയും വേറെചിലരാകട്ടെ, ധ്യാനിക്കുമ്പോൾ ശൈഥില്യമുണ്ടാകാതിരിക്കാൻ ഉപവസിച്ചിരുന്നു.—മത്തായി 4:1, 2.

എന്നാൽ ദൈവാംഗീകാരമില്ലാതിരുന്ന ഉപവാസങ്ങളെക്കുറിച്ചും ബൈബിൾ പറയുന്നുണ്ട്‌. ആത്മമധ്യവർത്തിയുമായി ആലോചനകഴിക്കുന്നതിനുമുമ്പ്‌ ശൗൽ രാജാവ്‌ ഉപവസിച്ചതായി കാണാൻ കഴിയും. (ലേവ്യപുസ്‌തകം 20:6; 1 ശമൂവേൽ 28:20) ഈസേബെൽ എന്ന ദുഷ്ടരാജ്ഞി ഒരു ഉപവാസം ‘പ്രഖ്യാപിക്കാൻ’ കൽപ്പന നൽകിയതായി തിരുവെഴുത്തുകൾ പറയുന്നു. (1 രാജാക്കന്മാർ 21:7-12) അതുപോലെ, പൗലോസ്‌ അപ്പൊസ്‌തലനെ കൊല്ലാൻ പദ്ധതിയിട്ട മതഭ്രാന്തർ തങ്ങളുടെ ആലോചന നടപ്പാക്കുന്നതുവരെ തിന്നുകയോ കുടിക്കുകയോ ഇല്ലെന്ന്‌ ശപഥം ചെയ്‌തു. (പ്രവൃത്തികൾ 23:12-14) പതിവായി ഉപവസിച്ചിരുന്നവരായിരുന്നു പരീശന്മാർ. (മർക്കോസ്‌ 2:18) എന്നാൽ യേശു അവരെ കുറ്റംവിധിക്കുകയാണു ചെയ്‌തത്‌. തങ്ങളുടെ ഉപവാസത്താൽ അവർക്കു ദൈവപ്രീതി പിടിച്ചുപറ്റാനായില്ല. (മത്തായി 6:16; ലൂക്കോസ്‌ 18:12) അതുപോലെ, ചില ഇസ്രായേല്യരുടെ ഉപവാസത്തെയും ദൈവം അംഗീകരിച്ചില്ല. അവരുടെ ദുഷ്‌ചെയ്‌തികളും ഹീനമായ ലക്ഷ്യങ്ങളും ആയിരുന്നു കാരണം.—യിരെമ്യാവു 14:12.

ഉപവസിച്ചതുകൊണ്ടുമാത്രം ദൈവത്തെ പ്രസാദിപ്പിക്കാനാവില്ല എന്നാണ്‌ ഈ ദൃഷ്ടാന്തങ്ങൾ കാണിക്കുന്നത്‌. എന്നിരുന്നാലും വിശ്വസ്‌ത ദൈവദാസന്മാർ അനുഷ്‌ഠിച്ച ഉപവാസങ്ങൾ ദൈവം അംഗീകരിച്ചു. അങ്ങനെയെങ്കിൽ ക്രിസ്‌ത്യാനികൾ ഉപവസിക്കണോ?

ക്രിസ്‌ത്യാനികൾ ഉപവസിക്കണമെന്ന്‌ നിബന്ധനയുണ്ടോ?

യഹൂദന്മാർ വർഷത്തിലൊരിക്കൽ, പാപപരിഹാര ദിവസത്തിൽ “ആത്മതപനം” ചെയ്യണമെന്ന്‌ മോശൈക ന്യായപ്രമാണം അനുശാസിച്ചിരുന്നു. (ലേവ്യപുസ്‌തകം 16:29-31; സങ്കീർത്തനം 35:13) ഉപവാസവുമായി ബന്ധപ്പെട്ട്‌ യഹോവ തന്റെ ജനത്തിന്‌ നൽകിയ ഏക കൽപ്പന ഇതാണ്‌. * ന്യായപ്രമാണത്തിനു കീഴിലായിരുന്ന യഹൂദന്മാർ അത്‌ അനുസരിച്ചിരുന്നു. എന്നാൽ മോശൈക ന്യായപ്രമാണം അനുസരിക്കാൻ ക്രിസ്‌ത്യാനികളോട്‌ ദൈവം ആവശ്യപ്പെട്ടിട്ടില്ല.—റോമർ 10:4; കൊലോസ്യർ 2:14.

ന്യായപ്രമാണം അനുശാസിച്ചിരുന്നതുപോലെ യേശു ഉപവസിച്ചിരുന്നെങ്കിലും അവൻ അതിന്റെപേരിൽ ഒരു ഖ്യാതി നേടിയിരുന്നില്ല. ഉപവസിക്കാൻ തീരുമാനിക്കുന്നപക്ഷം അത്‌ എങ്ങനെ അനുഷ്‌ഠിക്കണമെന്ന്‌ അവൻ ശിഷ്യന്മാരോട്‌ പറഞ്ഞിരുന്നു. എന്നാൽ ഉപവസിക്കണമെന്ന ഒരു കൽപ്പന അവൻ ഒരിക്കലും അവർക്കു നൽകിയില്ല. (മത്തായി 6:16-18; 9:14) അങ്ങനെയെങ്കിൽ, തന്റെ മരണശേഷം ശിഷ്യന്മാർ ഉപവസിക്കുമെന്ന്‌ യേശു പറഞ്ഞത്‌ എന്തുകൊണ്ടാണ്‌? (മത്തായി 9:15) ഇത്‌ ഒരു കൽപ്പനയായിരുന്നില്ല. തന്റെ മരണം ഉളവാക്കുന്ന വേദനയാൽ അവർക്ക്‌ ആഹാരം കഴിക്കാനുള്ള ആഗ്രഹംപോലും ഇല്ലാതാകുമെന്ന്‌ പറയുകയായിരുന്നു യേശു.

നല്ല ആന്തരത്തോടെ ഒരാൾ ആഹാരം വർജിച്ചാൽ അത്‌ ദൈവത്തിനു സ്വീകാര്യമാണെന്ന്‌ ആദിമകാലത്തെ ക്രിസ്‌ത്യാനികൾ ഉൾപ്പെട്ട രണ്ടു വിവരണങ്ങൾ കാണിക്കുന്നു. (പ്രവൃത്തികൾ 13:2, 3; 14:23) * അതുകൊണ്ട്‌ ക്രിസ്‌ത്യാനികൾ ഉപവസിക്കണമെന്ന നിബന്ധനയില്ല. എന്നാൽ ഉപവസിക്കാൻ തീരുമാനിക്കുന്ന ഒരാൾ ചില അപകടങ്ങളെക്കുറിച്ച്‌ അറിഞ്ഞിരിക്കണം.

അപകടങ്ങൾ

ഉപവാസത്തോടു ബന്ധപ്പെട്ട്‌ സൂക്ഷിക്കേണ്ട ഒരു കെണി സ്വയംനീതീകരണമാണ്‌. ‘വിനയചേഷ്ടകൾ’ അഥവാ കപട വിനയം ഒഴിവാക്കാൻ ബൈബിൾ ആവശ്യപ്പെടുന്നു. (കൊലോസ്യർ 2:20-23) പതിവായി ഉപവസിക്കുന്നതിന്റെപേരിൽ താൻ മറ്റുള്ളവരെക്കാൾ ശ്രേഷ്‌ഠനാണെന്നു കരുതിയ പരീശനെക്കുറിച്ചുള്ള യേശുവിന്റെ ദൃഷ്ടാന്തം, ദൈവം അങ്ങനെയുള്ള മനോഭാവത്തെ വെറുക്കുന്നുവെന്നു വ്യക്തമാക്കുന്നു.—ലൂക്കോസ്‌ 18:9-14.

നിങ്ങൾ ഉപവസിക്കുന്നുവെന്ന കാര്യം പരസ്യപ്പെടുത്തുന്നതും മറ്റൊരാളുടെ പ്രേരണയ്‌ക്കു വഴങ്ങി ഉപവസിക്കുന്നതും, രണ്ടും ശരിയല്ല. ഉപവാസം അത്‌ അനുഷ്‌ഠിക്കുന്ന വ്യക്തിക്കും ദൈവത്തിനും ഇടയിലുള്ള സ്വകാര്യമായ ഒരു സംഗതിയാണെന്നും അതുകൊണ്ടുതന്നെ അതു മറ്റുള്ളവരോടു കൊട്ടിഘോഷിക്കരുതെന്നും യേശു ബുദ്ധിയുപദേശിക്കുകയുണ്ടായി.—മത്തായി 6:16-18.

ഉപവാസം തെറ്റുകൾക്കൊരു പരിഹാരമാണെന്ന്‌ ഒരിക്കലും കരുതരുത്‌. ദൈവനിയമങ്ങൾ അനുസരിക്കുന്നവരുടെ ഉപവാസം മാത്രമേ ദൈവത്തിനു സ്വീകാര്യമായിരിക്കുന്നുള്ളൂ. (യെശയ്യാവു 58:3-7) ഉപവാസത്തോടൊപ്പം, മനമുരുകിയുള്ള പശ്ചാത്താപംകൂടെ ഉണ്ടെങ്കിലേ ദൈവം ഒരു വ്യക്തിയുടെ പാപങ്ങൾ ക്ഷമിക്കുകയുള്ളൂ. (യോവേൽ 2:12, 13) ക്രിസ്‌തുവിന്റെ ബലിയുടെ അടിസ്ഥാനത്തിൽ, തന്റെ മഹാകൃപനിമിത്തമാണ്‌ യഹോവ നമ്മുടെ പാപങ്ങൾ ക്ഷമിക്കുന്നതെന്ന്‌ ബൈബിൾ ഊന്നിപ്പറയുന്നു. ഉപവാസംപോലുള്ള ബാഹ്യമായ പ്രവൃത്തികളിലൂടെ നേടിയെടുക്കാവുന്ന ഒന്നല്ല പാപമോചനം.—റോമർ 3:24, 27, 28; ഗലാത്യർ 2:16; എഫെസ്യർ 2:8, 9.

യെശയ്യാവു 58:3 ഉപവാസത്തോടു ബന്ധപ്പെട്ട മറ്റൊരു കെണിയിലേക്കു വിരൽചൂണ്ടുന്നു. തങ്ങളുടെ ഉപവാസത്തിനു പ്രതിഫലം നൽകാൻ ദൈവം ബാധ്യസ്ഥനാണെന്ന്‌ ഇസ്രായേല്യർ അവകാശപ്പെട്ടു. ഉപവസിക്കുകവഴി തങ്ങൾ ദൈവത്തോട്‌ എന്തോ ഔദാര്യം കാണിക്കുകയാണെന്ന്‌ അവർ കരുതി. അവർ ദൈവത്തോട്‌ ഇങ്ങനെ ചോദിച്ചു: “ഞങ്ങൾ നോമ്പു നോൽക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്തു? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്‌?” സമാനമായി, ദൈവത്തിൽനിന്ന്‌ ആനുകൂല്യങ്ങൾ പ്രതീക്ഷിച്ചുകൊണ്ടാണ്‌ പലരും ഇന്ന്‌ ഉപവസിക്കുന്നത്‌. തിരുവെഴുത്തുവിരുദ്ധവും അനാദരപൂർവകവുമായ അത്തരം മനോഭാവം നമുക്കൊരിക്കലും ഉണ്ടായിരിക്കരുത്‌!

ഉപവസിച്ചും സ്വയം ദണ്ഡിപ്പിച്ചുമൊക്കെ ദൈവത്തിൽനിന്ന്‌ ആനുകൂല്യങ്ങൾ നേടിയെടുക്കാമെന്ന്‌ പലരും വിശ്വസിക്കുന്നു. എന്നാൽ ‘ദേഹപീഡനം’ ‘ജഡാഭിലാഷങ്ങളെ അടക്കിനിറുത്തുന്നതിന്‌ ഉപകരിക്കുന്നില്ലാത്തതിനാൽ’ അതിന്‌ ദൈവദൃഷ്ടിയിൽ യാതൊരു വിലയുമില്ലെന്ന്‌ ദൈവവചനം വ്യക്തമാക്കുന്നു.—കൊലോസ്യർ 2:20-23.

ഒരു സന്തുലിത വീക്ഷണം

ഉപവാസം ഒരു നിബന്ധനയല്ല; എന്നാൽ അത്‌ അനുഷ്‌ഠിക്കുന്നതു തെറ്റല്ലതാനും. ചില സാഹചര്യങ്ങളിൽ അതു പ്രയോജനം ചെയ്‌തേക്കാം, മേൽപ്പറഞ്ഞ അപകടങ്ങൾ ഒഴിവാക്കുന്നപക്ഷം. എന്നാൽ ഉപവാസം ഒരിക്കലും ദൈവത്തിനു സ്വീകാര്യമായ ആരാധനയുടെ മുഖ്യഘടകമാകുന്നില്ല. “ധന്യനായ ദൈവ”മാണ്‌ യഹോവ; അതുകൊണ്ട്‌ തന്റെ ആരാധകർ സന്തുഷ്ടരായിരിക്കാൻ അവൻ പ്രതീക്ഷിക്കുന്നു. (1 തിമൊഥെയൊസ്‌ 1:11) ദൈവത്തിന്റെ വചനംതന്നെ ഇപ്രകാരം പറയുന്നു: “ജീവപര്യന്തം സന്തോഷിക്കുന്നതും സുഖം അനുഭവിക്കുന്നതും അല്ലാതെ ഒരു നന്മയും മനുഷ്യർക്കു ഇല്ല എന്നു ഞാൻ അറിയുന്നു. ഏതു മനുഷ്യനും തിന്നുകുടിച്ചു തന്റെ സകലപ്രയത്‌നംകൊണ്ടും സുഖം അനുഭവിക്കുന്നതും ദൈവത്തിന്റെ ദാനം ആകുന്നു.”—സഭാപ്രസംഗി 3:12, 13.

സന്തോഷമുള്ള ഒരു ഹൃദയത്തോടെയായിരിക്കണം നാം ദൈവത്തെ ആരാധിക്കേണ്ടത്‌. എന്നാൽ ഉപവാസത്തെ ബൈബിൾ ഒരിക്കലും സന്തോഷവുമായി ബന്ധപ്പെടുത്തുന്നില്ല എന്നതു ശ്രദ്ധേയമാണ്‌. ഇനി, ഭക്ഷണം കഴിക്കാതിരിക്കുന്നത്‌ നമ്മുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നപക്ഷം ഉപവാസം ഗുണത്തിനുപകരം ദോഷമാകും ചെയ്യുക. കാരണം, സത്യക്രിസ്‌ത്യാനികളെ ഭരമേൽപ്പിച്ചിരിക്കുന്ന ദൈവരാജ്യ സുവിശേഷം അറിയിക്കുകയെന്ന ദൗത്യം സന്തോഷത്തോടെ നിർവഹിക്കാൻ നമുക്കു സാധിക്കാതെ വന്നേക്കാം.

നാം ഉപവസിച്ചാലും ഇല്ലെങ്കിലും മറ്റുള്ളവരെ വിധിക്കാൻ നമുക്ക്‌ അവകാശമില്ല. സത്യക്രിസ്‌ത്യാനികൾക്കിടയിൽ ഇതു സംബന്ധിച്ച്‌ ഒരു തർക്കത്തിന്റെ ആവശ്യമില്ല. കാരണം “ദൈവരാജ്യം എന്നതോ എന്തു തിന്നുന്നു, എന്തു കുടിക്കുന്നു എന്നതല്ല; പിന്നെയോ നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവുമത്രേ” എന്നു ബൈബിൾ പറയുന്നു.—റോമർ 14:17.

[അടിക്കുറിപ്പുകൾ]

^ ഖ. 12 എസ്ഥേർ അനുഷ്‌ഠിച്ച ഉപവാസം ദൈവം അംഗീകരിച്ചതായി കാണപ്പെടുന്നെങ്കിലും അവളോട്‌ ഉപവസിക്കാൻ ദൈവം കൽപ്പിച്ചിരുന്നില്ല. എസ്ഥേറിന്റെ ഉപവാസത്തിന്റെ അനുസ്‌മരണാർഥമാണ്‌ യഹൂദന്മാർ പൂരീം ഉത്സവം കൊണ്ടാടുന്നത്‌.

^ ഖ. 14 ചില ബൈബിളുകളിൽ ഉപവാസത്തെക്കുറിച്ചുള്ള വിവരണങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്‌. എന്നാൽ പഴയ ഗ്രീക്ക്‌ കയ്യെഴുത്തുപ്രതികളിൽ അവ കാണുന്നില്ല.—മത്തായി 17:21; മർക്കോസ്‌ 9:29; പ്രവൃത്തികൾ 10:30; 1 കൊരിന്ത്യർ 7:5, കിങ്‌ ജയിംസ്‌ വേർഷൻ.

[26 ആകർഷക വാക്യം]

താഴ്‌മയുടെ പരിവേഷമണിഞ്ഞാണ്‌ പരീശന്മാർ ഉപവസിച്ചിരുന്നത്‌

[27 ആകർഷക വാക്യം]

“ദൈവരാജ്യം എന്നതോ എന്തു തിന്നുന്നു, എന്തു കുടിക്കുന്നു എന്നതല്ല; പിന്നെയോ നീതിയും സമാധാനവും പരിശുദ്ധാത്മാവിൽ സന്തോഷവുമത്രേ”

[27-ാം പേജിലെ ചതുരം]

നൊയമ്പ്‌ ആചരിക്കണോ?

യേശു 40 ദിവസം ഉപവസിച്ചതിന്റെ ഓർമയ്‌ക്കായിട്ടാണ്‌ ക്രൈസ്‌തവർ 40 ദിവസത്തെ നൊയമ്പ്‌ ആചരിക്കുന്നതെന്ന്‌ പറയപ്പെടുന്നു. എന്നാൽ യേശു ശിഷ്യന്മാർക്ക്‌ അങ്ങനെയൊരു കൽപ്പന നൽകിയില്ല; ശിഷ്യന്മാർ അങ്ങനെ ചെയ്‌തതിന്‌ യാതൊരു തെളിവുമില്ല. ഈസ്റ്ററിനുമുമ്പുള്ള 40 ദിവസത്തെ നൊയമ്പിനെക്കുറിച്ചുള്ള പരാമർശം ആദ്യമായി കാണുന്നത്‌, എ. ഡി. 330-ൽ എഴുതപ്പെട്ട അത്തനേഷ്യസിന്റെ ലേഖനത്തിലാണ്‌.

മാത്രമല്ല, യേശു ഉപവസിച്ചത്‌ മരണത്തിനുമുമ്പല്ല, സ്‌നാനമേറ്റതിനുശേഷമാണ്‌. അതുകൊണ്ട്‌ ഈസ്റ്ററിനുമുമ്പായി നൊയമ്പ്‌ ആചരിക്കുന്നത്‌ വിചിത്രമായി തോന്നിയേക്കാം. വാസ്‌തവത്തിൽ, പുരാതന കാലത്ത്‌ ബാബിലോണിയരും ഈജിപ്‌റ്റുകാരും ഗ്രീക്കുകാരും വർഷത്തിന്റെ ആദ്യഭാഗത്ത്‌ 40 ദിവസം ഉപവസിക്കാറുണ്ടായിരുന്നു. ക്രൈസ്‌തവരുടെ നൊയമ്പാചരണം ഇതിൽനിന്ന്‌ കടമെടുത്തതായി കാണപ്പെടുന്നു.